നാഗമാണിക്യം: ഭാഗം 19

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

ചുണ്ടുകൾ അനന്തന്റെ പാദത്തിലെ മുറിവുകളിൽ സ്പർശിച്ചതോടെ പത്മയുടെ കണ്ണുകളൊന്ന് കുറുകി. പത്മ മുഖമുയർത്തിയതും ആ അടയാളങ്ങൾ കരിഞ്ഞിരുന്നു.. എഴുന്നേറ്റു നിന്ന് ചുറ്റുമൊന്നു നോക്കിയ പത്മ അനന്തനെ ശ്രദ്ധിക്കാതെ കുറ്റിച്ചെടികൾക്കിടയിലേക്കാണ് പോയത്. അതിനടുത്തുള്ള ഇലഞ്ഞി മരക്കൊമ്പിൽ ചുറ്റി കിടന്ന കരിനാഗം ശിരസ്സൊന്നുയർത്തി അവളെ നോക്കി… “ന്തിനാ..? അറിയില്ല്യേ ന്റെ പ്രാണനാണെന്ന്? ന്നിട്ടും ന്തിനാ ന്റെ നെഞ്ചു പൊള്ളിച്ചത്..? കളിയാണോ ഇത്? ”

കരിനാഗം അവൾക്കു മുൻപിൽ ശിരസ്സ് താഴ്ത്തി അനങ്ങാതെ നിന്നതേയുള്ളൂ. പത്മയുടെ നീല മിഴികൾ അതിനെ ചുഴിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ ദേഷ്യമായിരുന്നു. പത്മ പതിയെ അനന്തനരികെ എത്തി. അവൻ തെല്ലമ്പരപ്പോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പത്മ അവനരികെ എത്തി കാൽപ്പാദങ്ങളിൽ കുത്തി നിന്ന് അനന്തന്റെ മുഖം കൈകളിൽ കോരിയെടുത്തു. ആ നീല മിഴികൾ നിറഞ്ഞിരുന്നു. അനന്തൻ പതിയെ അവളെ ചേർത്തു പിടിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നിന്നു.

അനന്തൻ പുഞ്ചിരിയോടെ മരക്കൊമ്പിലെ കരിനാഗത്തെ നോക്കി. അത് പതിയെ താഴേക്കിറങ്ങി വള്ളിപ്പടർപ്പുകൾക്കിടയിലേക്ക് ഇഴഞ്ഞു നീങ്ങി. “പേടിച്ചു പോയോ..? ” പത്മ മെല്ലെയൊന്ന് മൂളി.. അവളുടെ മുടിയിൽ തലോടിക്കൊണ്ട് അനന്തൻ മൃദുവായി ചോദിച്ചു. “എന്തിന്? തനിക്കറിയില്ലേ തന്നെ പോലെ എനിക്കും വിഷമേൽക്കില്ലെന്ന്…? ” പത്മ മെല്ലെ മുഖമുയർത്തി. കണ്ണുകളിലെ നീല നിറം മാറിയിരുന്നു. കരിമഷി കലങ്ങിയിരുന്നു. പത്മ ഇത്തിരി ജാള്യതയോടെ അനന്തന്റെ നെഞ്ചിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.

അനന്തന്റെ തൂവെള്ള ഷർട്ടിൽ സിന്ദൂരവും കണ്മഷിയും പുരണ്ടിരുന്നു. അനന്തൻ അവളെ നോക്കി കുസൃതിയോടെ ഒന്ന് ചിരിച്ചു. പത്മ നാണത്തോടെ അവനിൽ നിന്നും അകന്നു മാറാൻ നോക്കിയതും അനന്തൻ അവളുടെ കൈയിൽ പിടിച്ചു. “ശരിക്കും പേടിച്ചോ..? ” “ഉം.. ന്റെ പ്രാണൻ പറഞ്ഞു പോവുന്ന പോലെ തോന്നി നിക്ക്.. അനന്തേട്ടന്റെ വേദന കണ്ടു നിൽക്കാൻ പറ്റിയില്ല്യ…. ” “അത്രയും സ്നേഹിക്കുന്നുണ്ടോ എന്നെ? ” “നിക്കറിയില്ല്യ… അപ്പോ അങ്ങനെയൊക്കെ തോന്നി ” “അപ്പോൾ ഈ സ്നേഹം പുറത്തു വരണേൽ എനിക്ക് വേദനിക്കണം ല്ലേ? ” പത്മ പൊടുന്നനെ അവന്റെ വായ പൊത്തി പിടിച്ചു.

പിന്നെ അവനെയൊന്ന് തുറിച്ചു നോക്കിയിട്ട് മുൻപോട്ട് നടന്നു കാവിലേക്ക് കയറി. അനന്തൻ ചിരിയോടെ പിന്നാലെ ചെന്നു. തിരി വെച്ച് തൊഴുതു തിരികെ നടക്കുമ്പോൾ പത്മ ചൂണ്ട് വിരൽ ചുണ്ടിൽ തട്ടി കൊണ്ട് ആലോചനയോടെ പറഞ്ഞു. “ന്നാലും ന്തിനാ അവൻ അങ്ങിനെ ചെയ്തേ?” “ആര്..? ” “ല്ലാ ആ കറുമ്പൻ അനന്തേട്ടനെ കൊത്തിയത് ന്തിനാന്നേ?.. ന്റെ അറിവിൽ അവനിന്ന് വരെ ആരെയും ഉപദ്രവിച്ചിട്ടില്ല്യ. ഒരിക്കെ ശ്രീക്കുട്ടൻ പറമ്പിൽ വീണു കിടന്നപ്പോൾ അവനാണ് ന്നെ അവിടെ എത്തിച്ചത്.. പിന്നെ ന്തിനാ..? ” “ഡീ പൊട്ടിക്കാളി, തനിക്കിനിയും അത് മനസ്സിലായില്ലേ..? ” പത്മ ചോദ്യഭാവത്തിൽ അവനെ നോക്കി.

“ഈ പെണ്ണിന്റെ മനസ്സിൽ ഒരിഞ്ചു സ്ഥലവും ബാക്കിയില്ലാതെ നിറഞ്ഞു നിൽക്കണത് ഈ അനന്തപത്മനാഭനാണെന്ന് മനസ്സിലാക്കി തന്നതാ അവൻ… ” പത്മ ആലോചനയോടെ അവനെ നോക്കി. “ചിലപ്പോൾ ശരിയാവും… അപ്പോ നിക്ക് എന്തൊക്കെയാ സംഭവിച്ചതെന്ന് ഓർമ്മയില്ല്യ . എന്തൊക്കെയോ ഓർമ്മയിൽ തെളിഞ്ഞ പോലെ.. ” അനന്തൻ അവളുടെ രണ്ടു ചുമലിലും കൈ വെച്ചു കൊണ്ട് ചോദിച്ചു. “എന്തൊക്കെയാ തനിക്ക് ഓർമ്മ വന്നേ…? ” “അറിയില്ല്യ അനന്തേട്ടാ.. ഏതൊക്കെയോ മുഖങ്ങൾ ഒരു പുകമറയിലെന്ന പോലെ… പക്ഷേ അനന്തേട്ടന് ആപത്ത് പിണഞ്ഞുവെന്ന ചിന്തയായിരുന്നു മനസ്സിൽ, മറ്റൊന്നും അവിടെ നിന്നില്ല്യ ..

ഓർക്കുന്നില്ല്യ ഞാൻ ഒന്നുമിപ്പോൾ.. ” “അപ്പോൾ ഈ മനസ്സിൽ നിറയെ ഞാനാണെന്ന് സമ്മതിച്ചേ…” പത്മ ചുവന്ന മുഖത്തോടെ അവനെ കടന്നു മെല്ലെ മുൻപോട്ട് നടന്നു. “തിര നുരയും ചുരുൾമുടിയിൽ സാഗരസൗന്ദര്യം… തിരി തെളിയും മണിമിഴിയിൽ സുരഭില സൂര്യകണം…. കവിളുകളോ കളഭമയം കാഞ്ചനരേണുമയം ലോലലോലമാണു നിന്റെയധരം തിര നുരയും ചുരുൾമുടിയിൽ സാഗരസൗന്ദര്യം” പിറകിൽ നിന്നും മൂളിപ്പാട്ട് കേട്ടിട്ടാണ് പത്മ മെല്ലെ തല ചെരിച്ചത്. അനന്തൻ കൈകൾ നെഞ്ചിൽ പിണച്ചു കൊണ്ടു അവിടെ തന്നെ നിൽക്കുകയായിരുന്നു.

ആ മനം മയക്കുന്ന ചിരി കണ്ടതും പത്മ പതിയെ അവനരികിലേക്ക് തന്നെ തിരിഞ്ഞു നടന്നു. അവനരികെ എത്തിയതും ഒരു നിമിഷം ആ കണ്ണുകളിലേക്ക് നോക്കി. പിന്നെ പതിയെ ആ നെഞ്ചിലേക്ക് മുഖം ചേർത്തു. അനന്തൻ ചിരി മായാതെ തന്നെ അവളെ രണ്ടു കൈകൾ കൊണ്ടും ചേർത്തു പിടിച്ചു. പത്മയുടെ കൈകളും അവനെ വലയം ചെയ്തു.അനന്തൻ പിന്നെയും ആ പാട്ട് മൂളിക്കൊണ്ടിരുന്നു. പത്മ സ്വയം മറന്നു നിന്നു. അനന്തനെ പുണർന്നു കണ്ണടച്ചു നിൽക്കവേ അവളുടെ മനസ്സിൽ അവ്യക്തമായ രൂപങ്ങൾ തെളിഞ്ഞു. മുത്തുമണികൾ കിലുങ്ങുന്ന പോലൊരു ചിരിയോടൊപ്പം താമര ക്കുളത്തിനപ്പുറത്തെ മണ്ഡപവും അതിനടുത്തുള്ള ചെമ്പകമരത്തിനരികെ ഒരു മുല്ലപ്പന്തലും തെളിഞ്ഞു.

കൊലുസിന്റെ താളത്തോടൊപ്പം നീണ്ടു ചുരുണ്ടിടതൂർന്ന മുടിയിഴകളും കണ്ടു… “അതേയ് ഇരുട്ട് വീണു.പോവണമെന്ന് എനിക്കുമില്ല. പക്ഷേ ഇനിയും ഇവിടെ ഇങ്ങനെ നിന്നാൽ മനയ്ക്കൽ നിന്നും ആരെങ്കിലും തിരഞ്ഞു വരും.. ” അനന്തന്റെ വാക്കുകൾ കേട്ടതും പത്മ അവനിൽ നിന്നകന്നു മാറി. പക്ഷേ അനന്തൻ അവൾക്കു നേരേ കൈ നീട്ടിയതും പത്മ അവളുടെ കൈ അതിൽ ചേർത്തു. കൈ കോർത്തു നടക്കുന്നതിനിടെ പല തവണ പത്മ അനന്തനെ പാളി നോക്കിക്കൊണ്ടിരുന്നു. ഒന്ന് രണ്ടു തവണ അവൻ എന്താണെന്ന് പുരികമുയർത്തിയെങ്കിലും അവൾ ഒന്നുമില്ലെന്ന് മുഖം കൊണ്ട് കാണിച്ചതേയുള്ളൂ.

മുറ്റത്ത്‌ എത്തിയപ്പോൾ അവൾ പിന്നെയും നോക്കിയപ്പോൾ അനന്തൻ ചോദിച്ചു. “എന്താടോ..? ” പത്മ ചിരിയോടെ മുഖം താഴ്ത്തിയതും അവൻ പറഞ്ഞു. “എന്തെങ്കിലും ഒന്ന് പറയ് പെണ്ണേ.. ” പത്മ കൈ വിടുവിച്ചു കൊണ്ട് മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് നടന്നു. മുല്ലപ്പൂക്കളുടെ സുഗന്ധം അവിടമാകെ നിറഞ്ഞിരുന്നു.. നേർത്ത വെളിച്ചത്തിൽ, മാവിൽ പടർന്നു കയറിയ വള്ളികളിൽ നിറയെ വിരിഞ്ഞു തുടങ്ങിയ മുല്ലമൊട്ടുകൾ കാണാമായിരുന്നു. “ഇത്രയും ഇഷ്ടമാണോ തനിക്ക് ഇത്…? ” “ഉം.. ഇതിങ്ങനെ വള്ളിയിൽ വിരിഞ്ഞു നിൽക്കുന്നത് കാണാൻ ന്തു ഭംഗിയാ.. അതാ നിക്കിഷ്ടം… രാത്രി മുഴുവനും ഈ മണമുണ്ടാകും മുറ്റം നിറയെ.. ”

പത്മയെ തന്നെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ. അവളോടുള്ള പ്രണയമായിരുന്നു ഓരോ അണുവിലും. ഒരാളെ ഇത്രയും സ്നേഹിക്കാനാവുമോ എന്ന് ഓർത്തു പോയി അവൻ…പെട്ടെന്ന് തോന്നിയ ഒരു കുസൃതിയിലാണ് ചോദിച്ചത്. “എന്നെക്കാളും ഇഷ്ടമാണോ…? ” അവളുടെ കൈയിലുള്ള മുല്ല മൊട്ട് മുഖത്തോട് ചേർക്കുകയായിരുന്ന പത്മ മെല്ലെ മുഖമുയർത്തി അവനെ നോക്കി.. അവളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു, കണ്ണുകളിൽ പ്രണയവും…. അനന്തൻ ചിരിച്ചു… തൊട്ടടുത്ത നിമിഷം അനന്തന്റെ നെഞ്ചിൽ കൈ വെച്ച് തള്ളി മാറ്റി കൊണ്ട് ഓടി പോവുന്നതിനിടെ പത്മ കുറുമ്പോടെ പറഞ്ഞു.

“ങ്ങനെ ചിരിക്കാതെ ചെറുക്കാ, ഈ ചിരിയാ ന്നെ കൊല്ലാതെ കൊല്ലണത്.. ” പൂമുഖത്തേക്ക് ഓടി കയറുന്നതിനിടയിലും അനന്തന്റെ പൊട്ടിച്ചിരി അവൾക്കു കേൾക്കാമായിരുന്നു… ചിരിയോടെ തന്നെ അനന്തൻ മുറ്റത്തു നിന്നും പൂമുഖത്തേയ്ക്ക് കയറി പോയി.മുകളിലെ ബാൽക്കണിയിൽ നിന്നിരുന്ന അഞ്ജലി ഫോണെടുത്തു ചെവിയോട് ചേർത്തു… അത്താഴം കഴിക്കുന്നതിനിടയിലും, അരുന്ധതിയും മറ്റുമായി സംസാരിക്കുന്നതിനിടയിലും, അവരുടെ കണ്ണുകൾ പരസ്പരം തേടുകയായിരുന്നു.

പത്മയുടെ മാറ്റം പ്രകടമായിരുന്നു. അവളെ നോക്കുന്ന ആർക്കും തിരിച്ചറിയാമായിരുന്നു ആ കണ്ണുകളിൽ നിറഞ്ഞു നിന്ന അനന്തനോടുള്ള പ്രണയം…. നടുമുറ്റത്ത് നിന്നും തൂണുകളിലേക്ക് പടർത്തിയ മുല്ലവള്ളികളിലും നിറയെ മൊട്ടുകൾ വിടരുന്നുണ്ടായിരുന്നു. അകത്തളങ്ങളിൽ നിറയെ ആ സുഗന്ധമായിരുന്നു. ഇടയ്ക്കെപ്പോഴോ ഫോണിൽ സംസാരിച്ചു കൊണ്ട് വന്ന അനന്തൻ അതിനരികെ നിൽക്കുന്ന പത്മയെ കണ്ടു. ചിരിയോടെ തലയൊന്നാട്ടിയിട്ട് സംസാരം തുടർന്നെങ്കിലും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ പത്മയിലെത്തി നിന്നു. എന്തോ ആലോചനയിലായിരുന്ന പത്മ അവനെ കണ്ടില്ല. പത്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് അരുന്ധതി എതിരെ വന്നത്.

പത്മ അവരെ നോക്കി ചിരിച്ചതും അരുന്ധതി അവളെ കെട്ടിപിടിച്ചു. പത്മ തെല്ലെത്ഭുതത്തോടെയാണ് മുഖമുയർത്തി നോക്കിയത്. “മോൾക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നു എന്നറിയാവുന്നത് കൊണ്ട് ചെറിയൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു. എത്രയായാലും ഞാനൊരു അമ്മയല്ലേ. പക്ഷേ ഇപ്പോ എനിക്ക് സന്തോഷമേയുള്ളൂ. അനന്തന്റെ തീരുമാനം ശരിയായിരുന്നു. ഈ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് അവനോടുള്ള സ്നേഹം. അമ്മയ്ക്ക് സന്തോഷമായി… ” പത്മ അവരോട് ചേർന്നു നിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു. തിരിഞ്ഞപ്പോഴാണ് പുറകിൽ നിന്ന സുധർമ്മ കണ്ണുകൾ തുടയ്ക്കുന്നത് കണ്ടത്.

പത്മ റൂമിൽ ചെന്നപ്പോൾ ബെഡിൽ ലാപ്ടോപ്പുമായി ഇരിക്കുന്ന അവനോടൊപ്പം ശ്രീക്കുട്ടനും ഉണ്ടായിരുന്നു. “ആഹാ ന്താ ഇവിടെ പരിപാടി? ” അനന്തൻ അവളെ നോക്കി. “ചുമ്മാ.. അളിയനെ ഇച്ചിരി ബിസിനസ്‌ പഠിപ്പിക്കുകയാണ്.. ” പത്മ ചിരിയോടെ ബാത്‌റൂമിലേക്ക് നടക്കുമ്പോഴാണ് സൈഡ് ടേബിളിൽ ഒരു കുഞ്ഞുരുളിയിൽ നിറയെ മുല്ല മൊട്ടുകൾ കണ്ടത്…. അവൾ അനന്തനെ നോക്കിയതും അവൻ ശ്രീക്കുട്ടൻ കാണാതെ ഒരു ചിരിയോടെ കണ്ണിറുക്കി കാട്ടി. പത്മ തിരികെ വന്നു അവർക്കരികെ ഇരുന്നു. “ഇതും അനന്തേട്ടന്റെ കമ്പനിയാണോ.. ” ശ്രീക്കുട്ടൻ ചോദിക്കുന്നത് കേട്ടു. “യെസ്… ഇതും നമ്മുടേതാണ്..

ഒരു ദിവസം ശ്രീക്കുട്ടനെ ഞാൻ അവിടെയൊക്കെ കൊണ്ടു പോവാം.. ” “ശരിക്കും…? ” “ഉറപ്പായും.. ” ശ്രീക്കുട്ടന്റെ കണ്ണുകളിൽ അനന്തനോടുള്ള ആരാധന പത്മ കണ്ടു, അവളൊന്ന് ചിരിച്ചു. “അല്ല, ഇവടെ ആർക്കും ഉറങ്ങണ്ടേ…? ശ്രീക്കുട്ടാ നീയിങ്ങു വന്നേ.. ” സുധ റൂമിലേക്ക് കയറുന്നതിനിടെ പറഞ്ഞു. “അമ്മ, അനന്തേട്ടൻ ന്നെ കമ്പനീലൊക്കെ കൊണ്ടു പോവാന്ന് പറഞ്ഞു. എന്തോരം ബിസിനസ്സുകളൊക്കെയാ അനന്തേട്ടന് ന്നറിയോ? ” അനന്തൻ ചിരിച്ചതും സുധ അവനരികെ എത്തി. “ഇവളെ മോനെ ഏൽപ്പിച്ചതിൽ പിന്നെയാ അമ്മയൊന്നു സമാധാനമായി ഉറങ്ങിയിട്ടുള്ളത്.

ഒരുപാട് കുറുമ്പുകളുണ്ട് അവൾക്ക്…ഒത്തിരി ലാളിച്ചതിന്റെയാ അവളുടെ അച്ഛൻ.. ” അനന്തൻ അവരുടെ കൈയിൽ പിടിച്ചു. “അമ്മ സമാധാനമായിട്ടിരുന്നോളൂ, ഞാൻ ജീവനോടെ ഇരിക്കുമ്പോൾ പത്മയ്ക്ക് ഒരാപത്തും വരില്ല. പിന്നെ എന്റടുത്തു കുറുമ്പ് കാട്ടിയാൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം ” “ഗുഡ് നൈറ്റ്‌ അനന്തേട്ടാ ” “ഗുഡ് നൈറ്റ്‌ കുഞ്ഞളിയാ ” അനന്തൻ ചിരിയോടെ പറഞ്ഞു. ശ്രീക്കുട്ടൻ അനന്തനെ നോക്കി ചിരിച്ചിട്ട് പത്മയെ നോക്കി കോക്രി കാട്ടി. പത്മ അവനെ പിടിക്കാൻ നോക്കിയെങ്കിലും അവൻ ഓടിക്കളഞ്ഞു. വാതിലടച്ചു തിരിയുമ്പോൾ പത്മ ചോദിച്ചു. “അല്ല ന്താ ഇതിന്റെ രഹസ്യം…? ”

“എന്ത് രഹസ്യം” ലാപ്പിൽ നിന്നും മുഖമുയർത്തി അനന്തൻ ചോദിച്ചു. “കാണുന്നവരൊക്കെ സാറിനോടങ്ങ് ഒട്ടിപിടിക്കുന്നു ” അനന്തൻ പൊട്ടിച്ചിരിച്ചു. “പെണ്ണിന് ഇച്ചിരി അസൂയയും ഉണ്ടല്ലേ.. ” “പിന്നേ… ” “അതിൽ ഒരു മാജിക്കും ഇല്ല പെണ്ണേ , ഇട്സ് മൈ പേഴ്സണാലിറ്റി,വ്യക്തിത്വംന്നും പറയും ” “ഓ… ” പത്മ കട്ടിലിൽ ഇരുന്നു. “എനിക്ക് ഇത്തിരി വർക്ക് ഉണ്ടെടോ.. ” പറഞ്ഞതും അനന്തൻ ഇടത്തെ കൈ അവളുടെ നേരേ നീട്ടി. പത്മ തെല്ലും മടിയില്ലാതെ അവന്റെ കരവലയത്തിലൊതുങ്ങി. അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. അനന്തൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു..

അവനെ ശല്യപ്പെടുത്താതെ ആ ഗന്ധമറിഞ്ഞു, ഹൃദയതാളം കേട്ടു കൊണ്ട് പത്മ ഉറങ്ങി പോയി. അനന്തൻ അവളെ പതിയെ കട്ടിലിലേക്ക് കിടത്തി. സ്വപ്നത്തിലെന്നോണം പത്മയുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു. ആ കവിളിലൊന്ന് ചുംബിച്ചിട്ട് അനന്തൻ എഴുന്നേറ്റ് വാഷ്‌റൂമിലേക്ക് നടന്നു. തിരികെ വന്നു ലൈറ്റ് ഓഫ്‌ ചെയ്തു പത്മയെ കൈകളിൽ ചേർത്തു പിടിച്ചു അവനും ഉറങ്ങി.. രാവിലെ പത്മ നിലവറയിലും കാവിലും പോയി തൊഴുതു വന്നിട്ടും അനന്തൻ എഴുന്നേറ്റിട്ടില്ലായിരുന്നു. പത്മ വിളിക്കാനായി ചെന്നപ്പോൾ അവൻ തലയിണയും കെട്ടിപ്പിടിച്ചു ഉറങ്ങുകയായിരുന്നു.

അവനെ ഉണർത്താതെ നുണക്കുഴി തെളിയുന്ന ആ കവിളിലൊന്ന് ചുംബിച്ചു പത്മ തിരിഞ്ഞതും കൈയിൽ പിടി വീണു. പത്മ എഴുന്നേറ്റ് മാറാൻ ശ്രമിച്ചതും പുഞ്ചിരിയോടെ അനന്തൻ കണ്ണുകൾ തുറന്നു. അവളുടെ മുഖം കണ്ടതും അവന്റെ ഭാവം മാറി. കണ്ണുകളിൽ ഗൗരവം നിറഞ്ഞു. “തന്നോട് ആരാ ഒറ്റയ്ക്ക് കാവിലും നിലവറയിലുമൊക്കെ പോവാൻ പറഞ്ഞത്? ” അവന്റെ ഭാവം കണ്ടു തർക്കിക്കാൻ നിൽക്കാതെ പത്മ മെല്ലെ പറഞ്ഞു. “സോറി, അനന്തേട്ടൻ ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല… അതാ ഞാൻ.. ” “പത്മ. ഐ ആം സീരിയസ്… എന്നോട് പറയാതെ താനിനി എങ്ങോട്ടും പോവരുത്..ഗോട്ട് ഇറ്റ്? ”

“ഉം.. ” പത്മ മൂളിയതേയുള്ളൂ. അനന്തൻ അവളെ നേരേ കിടത്തി, മുഖത്തേക്ക് നോക്കി, കണ്ണുകളിൽ ആ കള്ളച്ചിരി തിരിച്ചെത്തിയിരുന്നു. “ഇനി അതിങ്ങു തന്നേക്ക്.. ” “ന്ത്‌..? ” “നേരത്തെ തന്നില്ലേ, ഉറങ്ങുകയാണെന്ന് കരുതി ” പത്മ അവനെ തള്ളി മാറ്റി എഴുന്നേൽക്കാൻ ശ്രെമിച്ചു. “അയ്യടാ, പോയി പല്ല് തേയ്ക്കെട ചെറുക്കാ, നാറീട്ട് വയ്യ.. ” “ആഹാ.. എന്നാൽ പൊന്നു മോള് തന്നിട്ടേ പോവൂ.. ” കുതറി മാറാൻ ശ്രമിച്ചുവെങ്കിലും പത്മയുടെ കൈകൾ അവന്റെ കൈകൾക്കുള്ളിലായിരുന്നു. ഇത്തിരി കഴിഞ്ഞു പത്മ അവനെ തള്ളി മാറ്റി എഴുന്നേറ്റു വാതിൽക്കലേക്കോടി. “പെണ്ണേ, ആ സിന്ദൂരം തുടച്ചിട്ട് പോ.. ”

അനന്തന്റെ ചിരിയോടൊപ്പം ആ വാക്കുകളും പത്മയുടെ ചെവിയിലെത്തി. ഭക്ഷണം കഴിക്കുന്നതിനിടെ പലവട്ടം അനന്തൻ അവളെ നോക്കി ചുണ്ടുകളിൽ വിരലോടിച്ചു. “ഇവിടെ ചില പൂച്ചകളുടെ വിചാരം കൂളിംഗ് ഗ്ലാസ്സ് വെച്ച് പാല് കുടിച്ചാൽ ആരും കാണില്ലെന്നാ ” അരുണിന്റെ പറച്ചിൽ കേട്ടതും അനന്തൻ ചുമച്ചു. “എടാ.. കണ്ണടച്ചു പാല് കുടിച്ചാൽന്നല്ലേ… ” വിനയ് ചോദിച്ചതും അരുൺ അനന്തനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. “പൂച്ചകളും ന്യൂജൻ ആയളിയാ…” അടുത്ത നിമിഷം അരുൺ താഴേക്ക് നോക്കി അമ്മേ എന്നൊരു വിളിയായിരുന്നു. “എന്ത് പറ്റി..? ” അനന്തൻ ഒഴികെ എല്ലാവരും അവനെ നോക്കി.

“എന്റെ അനന്തൂ നീ ഇങ്ങനെ ഒക്കെ ആ കൊച്ചിനെ ചവിട്ടിയാൽ അതിന്റെ കാര്യം പോക്കാ ” അരുൺ അനന്തനെ നോക്കി പറഞ്ഞിട്ട് എല്ലാവരോടുമായി പറഞ്ഞു. “ഒന്നുമില്ലെന്നേ, അനന്തു പത്മയുടെ കാലാണെന്ന് കരുതി എന്റെ കാലിനിട്ട് ചവിട്ടി.. കാലമാടൻ, എന്റെ കാലൊടിഞ്ഞെന്നാ തോന്നുന്നേ…” “അലവലാതി അത് നിനക്കുള്ളത് തന്നെയായിരുന്നു, കുറേ നേരമായി നീ എന്റെ പോസ്റ്റിലേക്ക് ഗോളടിച്ചു രസിക്കുന്നു..” “എന്നാലും എന്റളിയാ… ” എല്ലാവരും പൊട്ടിച്ചിരിച്ചു, പത്മ അനന്തനെ നോക്കി കണ്ണുരുട്ടി. രണ്ടു മിനിറ്റ് കഴിഞ്ഞതും അഞ്ജലി കഴിച്ചു മതിയാക്കി എഴുന്നേറ്റു പോയി.

പത്മ ശാന്തമ്മയെ സഹായിച്ചു കഴിഞ്ഞ് അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. ഗോവണിയുടെ അടുത്തെത്തിയപ്പോൾ പുറകിൽ നിന്നൊരു അനക്കം പോലെ തോന്നി. തിരിഞ്ഞു നോക്കിയതും അനന്തൻ അവളെ ഗോവണി ചുവട്ടിലേക്ക് വലിച്ചു നിർത്തിയതും ഒരുമിച്ചായിരുന്നു. “എന്താടി, നേരത്തെ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് കണ്ടല്ലോ..? ” കുതറികൊണ്ട് പത്മ പറഞ്ഞു. “വിടെന്നെ, നാണമില്ലാത്തവൻ.. ” “അതേയ്, ഞാൻ എന്റെ ഭാര്യെയെയാ ഉമ്മ വെച്ചത്, അതിന് എനിക്ക് ഒരു നാണവുമില്ല..” പിടിവലിയ്ക്കിടയിൽ ഒടുവിൽ പത്മ തോൽവി സമ്മതിച്ചു. ഗോവണിപ്പടിയിൽ കാലൊച്ച കേട്ടപ്പോഴാണ് അനന്തൻ അവളിൽ നിന്നും അകന്നു മാറിയത്.

ഫോണിൽ സംസാരിച്ചു കൊണ്ട് അഞ്ജലി താഴേക്കിറങ്ങി പുറത്തേക്ക് നടക്കുന്നത് കണ്ടു. മുറ്റത്തു ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദവും കേട്ടു. പത്മയെ നോക്കി ഒന്ന് കണ്ണിറുക്കിയിട്ട് അനന്തനും പുറത്തേക്ക് നടന്നു. പൂമുഖത്തെത്തിയ പത്മ കണ്ടത് കാറിൽ നിന്നിറങ്ങുന്ന രണ്ടു സ്ത്രീകളെയാണ്. അവർ മാറി മാറി അഞ്ജലിയെ കെട്ടിപിടിക്കുന്നതും കണ്ടു. അരുന്ധതി അവരെ ചിരിയോടെ വരവേറ്റു. “ഇതെന്താ പെട്ടെന്ന്? ഒരു മുന്നറിയിപ്പും ഇല്ലാതെ? ” “അങ്ങനെയുള്ള വിശേഷങ്ങളാണല്ലോ ഇവിടെ നടക്കുന്നത്… അപ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോവാമെന്ന് കരുതി ” അവരുടെ കണ്ണുകൾ പത്മയുടെ മേലെത്തി, പതിയെ അവൾക്കരികിലേക്ക് നടന്നു കൊണ്ട് അവർ ചോദിച്ചു.

“ഇതാണോ അനന്തന്റെ ഭാര്യ….? ” ആ സ്വരത്തിൽ പുച്ഛം മാത്രമായിരുന്നു. അവർ അവജ്ഞയോടെ പത്മയെ അടിമുടിയൊന്നു നോക്കി. “ഇത് തന്നെയാണ് അനന്തപത്മനാഭന്റെ ഭാര്യ.. പത്മ.. പത്മദേവി ” പത്മയുടെ ശബ്ദം കനത്തിരുന്നു, അനന്തന്റെ കണ്ണുകൾ അവളിലായിരുന്നു. അരുന്ധതി വേഗം അവർക്കരികിലെത്തി. “മോളെ ഇത് അഞ്ജലിയുടെ അമ്മ, മൈഥിലി.. അത് അവളുടെ ചിറ്റ ശ്രീദ.. ” അപ്പോഴാണ് പത്മ അരുന്ധതിയുടെ പുറകിൽ നിൽക്കുന്നയാളെ ശ്രദ്ധിച്ചത്. അതിസുന്ദരിയായിരുന്നു അവർ. ഒരു ചിരിയോടെ അവർ പത്മയ്ക്കരികിലെത്തി. “ഇതാണല്ലേ അനന്തന്റെ പെണ്ണ്..

ചേച്ചിയ്ക്ക് അഞ്ജലിയെ കാണണമെന്ന് ഒരേ വാശി, ഒറ്റയ്ക്ക് ഇത്രയും ദൂരം വിടേണ്ട എന്ന് വിചാരിച്ചു ഞാനും കൂടെ വന്നു. കണ്ടിട്ട് പോവാമെന്ന് കരുതി ” “എന്തായാലും വന്ന സ്ഥിതിക്ക് ഉടനെ പോവാൻ പറ്റില്ല. അനന്തനോട് ഞാൻ പറഞ്ഞതല്ലേ നാഗപഞ്ചമി കഴിയുന്നത് വരെ ആരും ഇങ്ങോട്ട് വരരുതെന്ന്.. ” പൂമുഖത്തേക്ക് എത്തിയ ഭദ്രൻ തിരുമേനിയുടെ ശബ്ദം കെട്ടിട്ടാണ് എല്ലാവരും നോക്കിയത്. അനന്തൻ അദ്ദേഹത്തിനരികെ എത്തി. “ഇവർ പറയാതെ എത്തിയവരാണ്.ഞാൻ അറിഞ്ഞിരുന്നില്ല.

അഞ്ജുവിന്റെ അമ്മയും ചെറിയമ്മയുമാണ് ” “ഉം.. ഇനിയിപ്പോൾ നാഗപഞ്ചമി കഴിയാതെ ഇവർക്ക് ഇവിടുന്ന് പോവാൻ കഴിയില്ല ” ഭദ്രൻ തിരുമേനിയെ പുച്ഛത്തിൽ ഒന്ന് നോക്കിയിട്ട് മൈഥിലി ചോദിച്ചു. “ഇദ്ദേഹമാണോ അനന്തുവിന്റെ വിവാഹം ഇത്ര ധൃതി പിടിച്ചു നടത്തിയത്? ” അകത്തേക്ക് നടക്കുകയായിരുന്ന ഭദ്രൻ തിരുമേനി തിരിഞ്ഞു നിന്നു. അനന്തൻ പറഞ്ഞു. “വിവാഹം ധൃതിയിൽ നടത്തിയത് ഞാൻ പറഞ്ഞിട്ടാണ്. ഞാൻ പത്മയെ പ്രണയിച്ചിരുന്നു. എത്രയും വേഗം അവളെ സ്വന്തമാക്കാൻ വേണ്ടിയാണ് വിവാഹം വേഗം നടത്തിയത് ” മൈഥിലിയുടെ മുഖം ഇരുണ്ടു. അനന്തനെ ഒന്ന് നോക്കിയിട്ട് തിരുമേനി അകത്തേക്ക് നടന്നു. “അമ്മ ഇവരെ അകത്തേക്ക് കൂട്ടികൊണ്ടു പോകൂ.. ”

ഭദ്രൻ തിരുമേനിയുടെ പിറകെ പോവുന്നതിനിടയിൽ അനന്തൻ പറഞ്ഞു. അകത്തേക്ക് നടക്കുന്നതിനിടയിൽ പത്മയെ ഒന്ന് നോക്കിയിട്ടാണ് അഞ്ജലിയും അമ്മയും പോയത്. രണ്ടു കണ്ണുകളിലും വെറുപ്പായിരുന്നു. ആ നോട്ടത്തിന് മുൻപിൽ ഒട്ടും ചൂളാതെ പത്മ നിന്നു. അവരുടെ പുറകെ നടന്ന ശ്രീദ പത്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ കണ്ണുകളിൽ സൗമ്യതയായിരുന്നു.പത്മയും തിരികെ പുഞ്ചിരിച്ചു….

(തുടരും )

നാഗമാണിക്യം: ഭാഗം 18

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!