കനൽ : ഭാഗം 28

കനൽ : ഭാഗം 28

എഴുത്തുകാരി: Tintu Dhanoj

“കിരൺ തീരുമാനം പറയാൻ 10 മിനുട്ട് സമയം ഞാൻ തരും”.എന്നും പറഞ്ഞ് മഹേന്ദ്രൻ പുറത്തേക്ക് ഇറങ്ങി. .കൂടെ കണ്ണനും.. എന്ത് തീരുമാനം എടുക്കണം എന്നറിയാതെ നിറഞ്ഞ മിഴികളോടെ ഒരു നിമിഷം കിരൺ ഇരുന്നു..അപ്പോഴാണ് ആൽവിൻ അവിടേക്ക് വന്നത് ..ഇവിടെ വന്നതിന് ശേഷം ഉള്ള സൗഹൃദം ആണ് ആൽവിനുമായി..എങ്കിലും കിരണിന്റെ ജീവിതത്തിലെ അത്യാവശ്യം കാര്യങ്ങൾ എല്ലാം ആൽവിന് അറിയാം.. “കിരൺ ഞാൻ ഒരു അഭിപ്രായം പറയാം.. കേട്ടിട്ട് നീ ആലോചിക്കൂ”..

എന്താണെന്ന് അറിയാൻ കിരൺ ആൽവിനെ നോക്കി..അത് കണ്ട് ആൽവിൻ പറഞ്ഞ് തുടങ്ങി.. “എനിക്ക് തോന്നുന്നത് ഒരു മാസം നീ മാറി നിൽക്കുന്നത് തന്നെയാകും ഇപ്പൊൾ നല്ലതെന്നാണ്..നിന്റെ കരിയറിനും,ലക്ഷ്മിയും ആയുള്ള ബന്ധത്തിനും..” “ഇവിടെ നിന്ന് വാർഡിലേക്ക് പോയാൽ നിന്റെ കരിയർ അതിൽ ഇത്ര നാളും നേടിയത് എല്ലാം ഇല്ലാതാകും..മാത്രമല്ല ലക്ഷ്മിയെ കാണാൻ ഉള്ള സാഹചര്യവും കുറയും..” “പിന്നെ മഹേന്ദ്രൻ സാർ നിനക്ക് അറിയാലോ ആള് ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് മാറില്ല..ഒരുപക്ഷേ ലക്ഷ്മിക്ക് പരാതി ഇല്ലന്ന് പറഞാൽ പോലും സാറിന്റെ തീരുമാനം മാറില്ല..

തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ സാർ ആക്ഷൻ എടുക്കും..ഇതൊക്കെ നിനക്കും അറിവുള്ളതല്ലേ..?” “ഇനി നീ ആലോചിക്കൂ “അതും പറഞ്ഞു ആൽവിൻ പുറത്തേക്ക് നടന്ന് നീങ്ങി.. ആൽവിൻ പോയതും കിരൺ ഓർത്തു..ആൽവിൻ പറഞ്ഞതാണ് ശരി..അത് തന്നെ ചെയ്യാം എന്ന് തീരുമാനിച്ച് ഒരു പേപ്പർ എടുത്ത് കൊണ്ട് വന്നു. .ഒരു അപ്പൊളജി ലെറ്റർ എഴുതി. ഒപ്പം സാർ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ് എന്നും കൂട്ടി ചേർത്തു.. അത് എഴുതി മേശപ്പുറത്ത് വച്ചിട്ട് തന്റെ സാധനങ്ങൾ ഒക്കെ എടുത്ത് ബാഗിൽ വച്ചു..അത് കണ്ട് കൊണ്ടാണ് ആൽവിൻ കയറി വന്നത്…

ആൽവിൻ സങ്കടം സഹിക്കാതെ നിന്നു..തന്റെ പ്രൊഫഷൻ അത് തന്റെ ജീവവായു പോലെ ആണ് കിരണിന്.. അത്രയും പെർഫെക്റ്റ് ആണ് താനും കിരൺ തന്റെ പ്രൊഫഷനിൽ..ഭക്ഷണം പോലും കഴിക്കാതെ രോഗികളെ നോക്കി ഇരിക്കും ചിലപ്പോൾ..അത് കൊണ്ട് തന്നെ കുടുംബത്തിലെ കാര്യങ്ങൾക്ക് ഒന്നും കിരൺ ഉണ്ടാകില്ല എന്ന് അവൻറെ അമ്മയ്ക്ക് എപ്പഴും പരാതിയാണ്.. അപ്പോഴെല്ലാം അതെന്റെ ഉത്തരവാദിത്വം അല്ലേ? എന്ന് പറഞ്ഞു അമ്മയെ നോക്കി ചിരിച്ചു കാണിക്കും അവൻ..എന്നിട്ടും അവൻറെ ജീവിതത്തിൽ ഇങ്ങനെ എന്നോർത്തപ്പോൾ ആൽവിന് വിഷമം തോന്നി..

ബാഗ് അവിടെ വച്ച് പുറത്തേക്ക് പോയി കിരൺ.. മഹേന്ദ്രൻ അവിടെവിടെയും ഇല്ല എന്ന് കണ്ടു തിരികെ വന്ന് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങിയതും മഹേന്ദ്രൻ മുന്നിൽ.. കിരൺ തന്റെ കൈയിൽ ഇരുന്ന ലെറ്റർ നിർവികാരതയോടെ മഹേന്ദ്രന് നേരെ നീട്ടി..വളരെ വിഷമത്തോടെ അത് വാങ്ങി വേഗം തന്നെ അതിലെ അക്ഷരങ്ങളിലൂടെ മഹേന്ദ്രൻ കണ്ണോടിച്ചു.. “ഭാഗ്യം താൻ പേടിച്ച പോലെ റിസൈന് അല്ല..ലെറ്റർ കണ്ടപ്പോൾ ഒരു വേള താൻ അങ്ങനെ തെറ്റിദ്ധരിച്ചു .”എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് മഹേന്ദ്രൻ അത് ഒപ്പ് വയ്ക്കാനായി പോയി . കിരൺ ഇവിടെ തന്നെ തുടരും എന്നത് മഹേന്ദ്രന്റെ മനസ്സിൽ ആശ്വാസം നിറച്ചു..

കാരണം അവനെ വാർഡിലേക്ക് വിടാൻ തനിക്ക് ഇഷ്ടമില്ല.. സ്വന്തം ഫാമിലി പോലെ തന്നെയാണ് ഇൗ ഡിപ്പാർട്ട്മെന്റ്,ഇതിലെ സ്റ്റാഫ് എല്ലാം തനിക്ക്..എങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കണം,തിരുത്തണം..അത് തനിക്ക് നിർബന്ധം ആണ്..ഇന്നോളം അങ്ങനെ ആയിരുന്നു.. ഇനി അതിൽ നിന്ന് വ്യതിചലിക്കാൻ തനിക്കാവില്ല എന്ന് മഹേന്ദ്രൻ വേദനയോടെ ഓർത്തു ..അങ്ങനെ ചെയ്തു പോയാൽ ഇനിയാരെയും തിരുത്താൻ കഴിയാതെ വരും ..ഒരിക്കലും..അത് പാടില്ല.. പക്ഷേ കിരൺ നല്ല അർപ്പണ ബോധവും,കഴിവും ഉള്ള ഒരു ഡോക്ടർ ആണ്..തന്റെ സ്ഥാനത്ത് ,തനിക്ക് പകരക്കാരനായി താൻ കാണുന്നത് കിരണിനെ ആണ്..

എങ്കിലും ഇപ്പൊൾ ഇൗ തീരുമാനം എടുത്തേ മതിയാവൂ.എന്നോർത്ത് മഹേന്ദ്രൻ അതിൽ ഒപ്പ് വച്ച് കൊടുത്തു . “കിരൺ ഞാൻ H.R. ല്‌ പറഞ്ഞിട്ടുണ്ട്..അവിടുന്ന് ലെറ്റർ വാങ്ങിക്കോളൂ” .എന്ന് പറഞ്ഞിട്ട് മഹേന്ദ്രൻ പോയി .കിരൺ വാർഡിൽ ചെന്ന് പ്രിയയോട് റൂം വരെ പോയി വരാം എന്ന് പറഞ്ഞിട്ട് ഇറങ്ങി.. തിരികെ വന്ന് ആൽവിനോട് യാത്ര പറഞ്ഞു..”റൂം വരെ പോയി വരാം .കുറച്ച് സമയം തന്നെ ഇരിക്കണം .അത് വരെ പ്രിയയെ നീ നോക്കണേ..എന്തേലും ഉണ്ടേൽ വിളിക്ക്”..എന്ന് പറഞ്ഞ് കിരൺ ഇറങ്ങി.. ഇതേ സമയം അമ്മു അവിടെ സംഭവിച്ചത് എല്ലാം മാളുവിന്റെ അടുത്ത് പറഞ്ഞു .

കിരൺ കൈയിൽ ചുംബിച്ച കാര്യം ഒരിക്കലും കണ്ണൻ അറിയരുത് എന്നും പ്രത്യേകം പറഞ്ഞു.. കുറച്ച് ഒന്ന് നേരെയായപ്പോൾ ഇനി ഡ്യൂട്ടി ചെയ്യാൻ വയ്യ ..വീട്ടിലേക്ക് പോകുവാണെന്ന് അമ്മു മേരിയോട് പറഞ്ഞു..അത് തന്നെ ആണ് നല്ലതെന്ന് തോന്നിയത് കൊണ്ട് അവരും അതിനു സമ്മതിച്ചു.ഇൗ സമയം അവൾക്ക് കുറച്ച് റെസ്റ്റ് ആണ് വേണ്ടത് .അത് കൊണ്ട് തന്നെ മേരി അവരെ യാത്രയാക്കി . വീട്ടിലേക്ക് പോകും വഴി ആരും ഒന്നും മിണ്ടിയില്ല. അമ്മു കിരണിന്റെ വാക്കുകൾ തന്നെ ഓർക്കുകയായിരുന്നു…ഇൗ ജന്മം മുഴുവൻ കാത്തിരിക്കും .എന്താണ് അതിന്റെ അർത്ഥം.. അയാള് വേറെയൊരു വിവാഹം കഴിക്കില്ല എന്നാണോ?

ഇനി അതിന്റെ ശാപവും എന്റെ തലയിൽ..അങ്ങനെ ഓർത്തിരുന്ന്‌ വീടെത്തി.. അവിടെയെത്തി അമ്മയോട് തലവേദനയാണ്, അത് കൊണ്ട് നേരത്തെ പോന്നു എന്ന് പറഞ്ഞ് കുളിച്ച് കയറി കിടന്നു..കിരണിന്റെ പ്രവർത്തി അതിനെ കുറിച്ച് ഓർക്കും തോറും അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി..അവള് തന്റെ കൈയിലേക്ക് നോക്കി..എന്തോ ഒരു വെറുപ്പ് പോലെ തോന്നി..അങ്ങനെ എപ്പഴോ അമ്മു ഉറക്കത്തിലേക്ക് വഴുതി വീണു.. ഉറക്കത്തിന് ഇടയിൽ അവളൊരു സ്വപ്നം കണ്ടു..സന്തോഷത്തോടെ നടന്ന് പോകുന്ന താനും,കിചുവും,പക്ഷേ കുറച്ച് കഴിയുമ്പോൾ അവരുടെ ഇടയിലേക്ക് ആരോ കയറി വരുന്നു..

അയാളുടെ മുഖം വ്യക്തമല്ല.. അതോടെ ഞെട്ടി ഉണർന്ന് അവൾ ചുറ്റുപാടും നോക്കി..നേരം സന്ധ്യ ആകാൻ തുടങ്ങിയിരിക്കുന്നു…ഇത്ര സമയം താൻ ഉറങ്ങിയോ ?എന്നോർത്ത് മുഖം കഴുകി അവൾ അടുക്കളയിലേക്ക് നടന്നു . അമ്മ അവിടെ കാണും എന്ന് അവൾക്ക് അറിയാം..അവിടെത്തി നോക്കുമ്പോൾ അമ്മ എന്തൊക്കെയോ പണികൾ ആണ്..”അമ്മു എഴുന്നേറ്റ് വന്നോ?തലവേദന ആണെന്ന് പറഞ്ഞത് കൊണ്ടാണ് അമ്മ വിളിക്കാതെ ഇരുന്നത് “..അതും പറഞ്ഞു മാലതി മകളുടെ തലയിൽ തഴുകി. അപ്പോഴേക്കും പൊട്ടിക്കരഞ്ഞു കൊണ്ടു അമ്മു അമ്മയുടെ നെഞ്ചിലേക്ക് വീണു..

തന്റെ മകൾക്ക് എന്തൊക്കെയോ താങ്ങാൻ ആകാത്ത വിഷമം ഉണ്ടെന്ന് ആ അമ്മ മനം തിരിച്ചറിഞ്ഞിരുന്നു..എങ്കിലും അമ്മു പറഞ്ഞു അറിയാൻ വേണ്ടി അവര് കാത്തിരുന്നു.. അമ്മയുടെ നെഞ്ചിലെ ചൂടിൽ തന്റെ സങ്കടങ്ങൾ ഓടിയൊളിച്ചു എന്ന് അമ്മുവിന് തോന്നി..”അമ്മെ എനിക്ക് അമ്മയോട് കുറെ സംസാരിക്കണം..” എന്ന് പറഞ്ഞ് അമ്മു മാലതിയെ നോക്കി.. “അതിനെന്താ അമ്മ കേൾക്കാം എന്റെ അമ്മുക്കുട്ടിപറഞ്ഞോളൂ.”എന്ന് പറഞ്ഞ് കൊണ്ട് മാലതി മകളെ ചേർത്ത് പിടിച്ചു …അമ്മയുടെ വാക്കുകൾ കേട്ട് അമ്മു എല്ലാം അമ്മയോട് പറഞ്ഞു തുടങ്ങി..ട്രിവാൻഡ്രം പോയത് മുതൽ ഇന്ന് വരെയുള്ളത് ഓരോന്നായി ..

പക്ഷേ ഇന്ന് സംഭവിച്ചത് പറഞ്ഞു തുടങ്ങിയതും അമ്മു നിയന്ത്രണം വിട്ട് കരഞ്ഞു തുടങ്ങി. അമ്മു പറഞ്ഞു തീരും വരെ ഒന്നും പറയാതെ മാലതി മകളെ കേട്ടിരുന്നു.ഒരു വ്യക്തി അവരുടെ വിഷമം പറയുമ്പോൾ അവരെ കേൾക്കാൻ ആണ് ശ്രമിക്കേണ്ടത് .. ആ യാഥാർഥ്യം ആ അമ്മയ്ക്ക് അറിയാമായിരുന്നു.. മറ്റുള്ളവർ അവരുടെ വിഷമം പറയുമ്പഴെ നമ്മൾ ഉപദേശം തുടങ്ങും..പക്ഷേ അവർക്ക് ആവശ്യം അവരെ മനസ്സ് തുറന്നു കേൾക്കാൻ ഒരാളെയാണ്..അത് കൊണ്ട് തന്നെ ഒരു നല്ല ശ്രോതാവ് ആയിരിക്കാൻ മാലതി പ്രത്യേകം ശ്രദ്ധിച്ചു. എല്ലാം പറഞ്ഞ് തീർത്ത് അമ്മു മാലതിയുടെ മുഖത്തേക്ക് നോക്കിയതും മാലതി ചോദിച്ചു.

“ഇനി അമ്മ പറയാം..അമ്മുക്കുട്ടി കേൾക്കുമോ?” മറുപടിയായി അമ്മു ഒന്ന് മൂളി.. “അമ്മു ,മോള് ചെയ്തത് എല്ലാം ശരിയാണ് .ട്രിവാൻഡ്രം പോയതും,സത്യങ്ങൾ എല്ലാം കണ്ടെത്തിയതും..പിന്നെ കണ്ണൻ,അച്ഛൻ,അമ്മ അവരെയെല്ലാം ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു..അതൊക്കെ നല്ലത് തന്നെ. “പക്ഷേ അപ്പോഴും മോള് ഓർക്കാതെ പോയൊരു കാര്യം ഉണ്ട്..കിരൺ..മോള് എപ്പോഴെങ്കിലും അവൻറെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ച് നോക്കിയോ?അവൻ ഇഷ്ടപ്പെട്ട പെൺകുട്ടിയാണ് നീ.ആ നിന്റെ ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങൾക്ക് മുഴുവൻ കാരണം ആയത് സ്വന്തം അനിയത്തി ആയി കണ്ടു സ്നേഹിക്കുന്ന പെണ്ണ്.

അവൻറെ മാനസിക അവസ്ഥ അതൊന്ന് ഊഹിച്ച് നോക്കിക്കേ..” “എത്രയധികം കുറ്റബോധം കാണും കിരണിന്റെ മനസ്സിൽ..അത് പറഞ്ഞ് തീർക്കാൻ അവൻ കണ്ടെത്തിയ വഴി ശരിയാണ് എന്ന് അമ്മ ഒരിക്കലും പറയില്ല..പിന്നെ പെണ്ണിൻറെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊട്ടാൽ പ്രതികരിക്കണം..ശക്തമായി തന്നെ..അതിൽ അമ്മയ്ക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല..” “അതിൽ മോള് ചെയ്തത് തന്നെയാണ് ശരിയും..പക്ഷേ അതിന് ശേഷം അവൻ പറഞ്ഞത് അതിനെ കുറിച്ച് എന്റെ മോള് നന്നായി ചിന്തിച്ച് നോക്ക്..ഇൗ ജന്മം മുഴുവൻ കാത്തിരിക്കും എന്ന് ..അങ്ങനെ പറയണം എങ്കിൽ അവന്റെ മനസ്സിൽ എന്താകും എന്ന് ..”

“പിന്നെ എന്റെ മോള് ജീവിതത്തിൽ ഒരിക്കലും ഒറ്റയ്ക്കായ്‌ പോകരുത് എന്ന് തന്നെയാണ് അമ്മയുടെ ആഗ്രഹം..പക്ഷേ ഒരിക്കലും അമ്മ മോളെ ഒന്നിനും നിർബന്ധിക്കില്ല.മോള് തന്നെ ആലോചിച്ച് ഒരു തീരുമാനം എടുക്കണം..”അത്രയും പറഞ്ഞ് മകളെ ഒന്ന് തലോടി മാലതി മുറ്റത്തേക്ക് ഇറങ്ങി.. ശേഷം മാലതി ഒന്ന് കൂടെ തിരിഞ്ഞ് അമ്മുവിന് നോക്കി.പിന്നീട് പറഞ്ഞു..”മേല് കഴുകി വാ,എന്നിട്ട് വിളക്ക് വയ്ക്കണം .” അമ്മയുടെ വാക്കുകൾ കേട്ട് ഒരു തീരുമാനം എടുക്കാൻ ആവാതെ അമ്മു പകച്ചു നിന്നു..ഒരുവേള കിച്ചുവിനേ ഓർക്കുമ്പോൾ മിഴികൾ നിറഞ്ഞു വന്നു..

അപ്പോഴും അമ്മുവിന്റെ മനസ്സിൽ തന്റെ ലക്ഷ്യങ്ങൾ നേടാൻ ഉണ്ടെന്ന് ഉള്ള ചിന്ത ഉയർന്നു വന്നു..അതിനെക്കുറിച്ച് ഓർത്തപ്പോൾ എല്ലാ ആകുലതകളും ഓടി മറയുന്നു എന്ന് തോന്നി.. വേഗം പോയി കുളിച്ച് വന്ന് വിളക്ക് വച്ചു.കുറച്ച് സമയം തന്റെ വിഷമങ്ങളെ അച്ഛന്റെ മുൻപിൽ ഇറക്കി വെച്ചു..ഒപ്പം തന്റെ ലക്ഷ്യങ്ങൾ അതിലേക്കുള്ള വഴികൾ എല്ലാം അച്ഛനോട് പങ്ക് വച്ചു..അമ്മയെ കൊണ്ട് ഇതെല്ലാം സമ്മതിപ്പിക്കാൻ അച്ഛന്റെ അനുവാദം ചോദിച്ചു.. അപ്പോഴേക്കും എവിടെ നിന്നോ വന്ന ഒരു കാറ്റ് അമ്മുവിനെ തലോടി പോയി…അപ്പൊൾ തന്റെ തീരുമാനങ്ങളിൽ അച്ഛൻ സന്തോഷിക്കുന്നു എന്ന് അമ്മു വിശ്വസിച്ചു..

തുടരും…

കനൽ : ഭാഗം 27

Share this story