എന്നും രാവണനായ് മാത്രം : ഭാഗം 10

Share with your friends

എഴുത്തുകാരി: ജീന ജാനകി

ഞാൻ വിറച്ചു വിറച്ചു പാതിവഴിയിൽ എത്തിയപ്പോൾ രാജി വരുന്നത് കണ്ടു…. “നിന്നെ ആരാടീ വെള്ളത്തിൽ എറിഞ്ഞത്…” “ഞാൻ വീണതാ കാലുതെറ്റി…..” “ങേ… എങ്ങനെ ?” “നിന്റെ കേട്ടായി ആ രാക്ഷസൻ കാരണം….” “ഏട്ടനെങ്ങനെ വന്നു….” ഞാൻ എല്ലാം അവളോട് പറഞ്ഞു… കേട്ടിട്ട് അവൾ വായും പൊളിച്ച് നിന്നു…. “ഈച്ച കേറും… വായടക്കെടീ…… കുളം ദു:ഖമാണുണ്ണീ…. ബാത്റൂമല്ലോ സുഖപ്രദം…” “നിന്റെ ഏത് കിളിയാടീ പറന്നത്……”

“മരംകൊത്തി…. നീ വരണുണ്ടോ ഇങ്ങോട്ട്…” “നീയെന്തിനാ ചേട്ടായിയെ പേടിക്കുന്നേ ?” “പേടിക്കാതെ പിന്നെ…. ദേഷ്യം വരുമ്പോൾ ലൂസ് മോഷൻ വരുന്ന പോലെയാ അങ്ങേരുടെ അലർച്ച… ഇങ്ങനാണേൽ പെട്ടെന്ന് തന്നെ എന്റെ ചെവിയടിച്ച് പോവും….” ഞാൻ ചവിട്ടി മെതിച്ച് പോയി… രാജി എന്റെ പുറകേ ഓടിവന്നു…. ഞാൻ കുളിച്ചിറങ്ങിയപ്പോൾ രാജി ബാത്ത്റൂമിലേക്ക് കയറി…. അവളെന്റെ ആകാശനീല ചുരിദാറായിരുന്നു എടുത്തുകൊണ്ട് വന്നത്…. ഞാൻ പുറത്ത് നിന്ന് തല തോർത്തി നിൽക്കുകയായിരുന്നു….

തോർത്തിയ ശേഷം തലമുടി പിന്നിലേക്ക് ഇട്ടതായിരുന്നു ഞാൻ… “ഛീ……..” തിരികെ നോക്കിയ എന്റെ ദേഹം മുഴുവൻ ചുറ്റുന്ന പോലെ തോന്നി….. വേറൊന്നും കൊണ്ടല്ല… ഞാൻ വിശാലമായി പിന്നിലേക്ക് ഇട്ട എന്റെ കാർകൂന്തൽ കടുവയുടെ മോന്തയിലാ വീണത്….. എന്റെ പല്ലിന്റെ എണ്ണം കുറയുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട്…. “സോറി….. സോറി….. സോറി……” ഞാൻ ചെവിയിൽ പിടിച്ചു പറഞ്ഞു…. “ആകെ എലിവാലു പോലേ മുടി ഉള്ളൂ…. അതും കൊണ്ട് മനുഷ്യന്റെ മോന്തയ്കിട്ട് അടിച്ചോളണം…..”

“ഞാൻ അറിയാതെ ചെയ്തതാ……” “അറിയാതെ ചെയ്യുന്നത് ഇങ്ങനെ…. അറിഞ്ഞോണ്ട് എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം……” “ഞാൻ തിരിഞ്ഞല്ലേ നിന്നത്…. തനിക്ക് കണ്ണില്ലാർന്നോ….. ?” “നിനക്ക് ഇത്തിരി കൂടുന്നുണ്ട്… നിന്റെ ഈ അഹങ്കാരം ഞാൻ തീർത്തു തരാം… ഇവിടെ വാടീ…….” കടുവ എന്റെ കയ്യും പിടിച്ചോണ്ട് പോയി….. ഞാൻ കുതറാൻ ശ്രമിച്ചു…. പക്ഷേ ഈ ഇരുമ്പ് മനുഷ്യന്റെ കൈ അനങ്ങുന്നതുപോലുമില്ല…. ഇയാളിതെന്തിനുള്ള പുറപ്പാടാ….. “ടോ….. രാക്ഷസാ….. വിടെടോ…..”

“ടീ വായടച്ചില്ലെങ്കിൽ കാലു മടക്കി ഞാൻ തൊഴിക്കും…. വായടക്കെടീ……” ഞാൻ വായും പൂട്ടി പുറകേ നടന്നു… അങ്ങേരുടെ റൂമിനുള്ളിലേക്ക് എന്നെ വലിച്ചിട്ട ശേഷം വാതിൽ ലോക്ക് ചെയ്തു…. അമ്മീ…. കടുവ എന്തിനുള്ള പുറപ്പാടാ…. ഇയാളെന്തിനാ ഇങ്ങോട്ട് വരുന്നേ….. ശ്ശൊ…. വെറുതെ പാണ്ടി കളിച്ച് നടന്ന സമയത്ത് വല്ല കരാട്ടയോ പഠിച്ചാൽ മതിയായിരുന്നു… ( അവിടെ നിൽക്ക് കടുവേ…. വലത്തോട്ട് പോ കടുവേ…. ഇടത്തോട്ട് പോ കടുവേ… ആഗേ… പീച്ചേ… നീച്ചേ…. ഊപർ…. ങേ…. അത് ആനയോടല്ലേ….. ശ്ശെടാ….. ഇങ്ങേരെ എങ്ങനെ ഞാൻ ബ്ലോക്കും… ദേ വരണു കാലൻ…. കാവടി തുള്ളി വരുവാണല്ലോ ?

എന്നെ ട്രാജഡി ആക്കല്ലേ എന്റെ കണ്ണാ….. ചിൽ കടുവ.. ചിൽ) കടുവ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് ഞാൻ പിന്നിലേക്ക് നീങ്ങി… അവസാനം ചുമരിൽ തട്ടി നിന്നു…. കടുവ തൊട്ടടുത്ത് വന്നു….. ഞാൻ മാറാൻ തുടങ്ങിയപ്പോൾ എനിക്കിരുവശവും കൈകുത്തി വച്ചു…. എന്റെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി… ചെന്നിയിലൂടെ വിയർപ്പൊഴുകി ഇറങ്ങി… അങ്ങേരെ കണ്ടതും മ്മക്ക് രോമാഞ്ചിഫിക്കേഷൻ തുടങ്ങി…. അല്ലേലും പുള്ളി ഇങ്ങെത്തും മുമ്പ് എണീറ്റ് നിന്ന് ഡാൻസ് ആടിക്കോളും ബ്ലഡി രോമംസ്….

കടുവയെക്കാണുമ്പോൾ ഐറ്റം ഡാൻസ് കളിക്കുന്ന ഇതിനെയൊക്കെയാണല്ലോ ഞാൻ ചോറ് കൊടുത്തു വളർത്തിയത്…. കടുവ എന്റെ നേരെ മുഖം കൊണ്ട് വന്നു… എന്റെ കൈകൾ ടോപ്പിൽ മുറുകി. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു… കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാഞ്ഞിട്ട് ഞാൻ പതിയെ കണ്ണ് തുറന്നു… നോക്കുമ്പോൾ എന്റെ മുന്നിൽ ദേ കയ്യും കെട്ടി നിൽക്കുന്നു…. ശ്ശൊ…. ഞാൻ ബെറുതേ പേടിച്ചു…. ഇങ്ങേര് ഉമ്മച്ചനായോ എന്ന് വരെ തോന്നിപ്പോയി… ഹോ….. പറന്ന് പോയ കിളികളൊക്കെ ഇളിച്ചോണ്ട് വന്ന് തലയിൽ കയറി…. “ടീ…………. സ്വപ്നജീവി…….”

“ങാഹ്…. ങേ…. എന്താ…. എന്താ പറഞ്ഞേ ?” “നീ ആരെ സ്വപ്നം കാണുവാടീ…..” “ഒരു കടുവയെ…..” അങ്ങേരെന്നെ സൂക്ഷിച്ചു നോക്കി…. “അയ്യോ…. നിങ്ങളെയല്ല…. ഞാൻ ശരിക്കും കടുവയെ പറഞ്ഞതാ…..” പിന്നെ പാഞ്ഞൊരു വരവായിരുന്നു…. എന്റെ അടുത്ത് വന്ന് ചുമരിൽ ആഞ്ഞിടിച്ചു…. “നീ ആരാന്നാടീ നിന്റെ വിചാരം… എന്ത് കണ്ടിട്ടാ നീ നെഗളിക്കുന്നേ….. പെണ്ണായിപ്പോയി… ഇല്ലായിരുന്നേൽ കാണായിരുന്നു……” എനിക്ക് നന്നായി ദേഷ്യം വന്നു… ഞാനും വിട്ടു കൊടുത്തില്ല… ”

ടോ…. താനെന്തിനാ എപ്പോഴും എന്റെ മെക്കിട്ട് കേറുന്നേ.. അറിയാതെ പറ്റിയതല്ലേ…. എന്നെ എന്തിനാ ഇങ്ങനെ വഴക്ക് പറയുന്നത്… നിങ്ങളെ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനൊക്കെ കാണിക്കുന്നത്…..” എന്റെ തൊണ്ടയിടറിയിരുന്നു…. ദേഷ്യവും സങ്കടവും കൂടിക്കലർന്ന് ഒരു അവിയല് പരുവത്തിലായിരുന്നു ഞാൻ… “നാവടക്കെടീ….. എനിക്ക് നിന്നെ കാണുന്നത് പോലും ഇഷ്ടമല്ല…. എന്റെ കൺമുന്നിൽ വരാതിരുന്നാൽ മതി……” പ്രതീക്ഷിച്ചതാണെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു….. എവിടെയാ ഒരു വേദന….

“ശരി….. ഇനി ജാനകി ഒരിക്കലും നിങ്ങടെ മുന്നിൽ വരില്ല…. ” ഞാൻ കണ്ണും തുടച്ച് അവിടെ നിന്നും പോയി… രാജിയേം വിളിച്ച് കൊണ്ട് വളരെ വേഗം വീട്ടിലേക്ക് പോയി… അവൾ പറയുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല…. കണ്ണുകൾ ആവശ്യമില്ലാതെ നിറഞ്ഞു കവിഞ്ഞു…. ************** രാത്രി ആഹാരം കഴിക്കാനും പോയില്ല…. തലവേദനയാണ് എന്ന് പറഞ്ഞു കിടന്നു…. കുറച്ചു നേരം കഴിഞ്ഞപ്പോൾ രാജി റൂമിലേക്ക് വന്നു….. “ചക്കി……” “മ്….” “ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുന്നു….. എന്താ നിനക്ക് പറ്റിയേ…..”

“ഏയ് ഒന്നൂല്ലെടാ…. തലവേദനയുണ്ട്…..” അവളെന്റെ മുഖത്ത് തലോടി…. “നീ കരഞ്ഞോ ?” “ഏയ്…. തോന്നുന്നതാ……” “നീ എന്റെ ചങ്കല്ലേടീ…. പറയെടാ…. എന്താ പറ്റിയേ……” പിന്നെ അവളെ കെട്ടിപ്പിടിച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു…. അവൾ എന്റെ പുറത്തു തടവിക്കൊണ്ടിരുന്നു…. അവസാനം എന്റെ കരച്ചിൽ ഒരു വിധം നിന്നെന്ന് തോന്നിയപ്പോൾ രാജി എന്റെ മുഖം കൈയിലെടുത്തു…. “എന്താടാ കാര്യം….” ഞാൻ എല്ലാം അവളോട് പറഞ്ഞു… “ഞാൻ എന്ത് ചെയ്തിട്ടാടാ എന്നോടിങ്ങനെയൊക്കെ…..”

“സാരല്യാടി പോട്ടെ…. ചേട്ടായിയോട് ഞാൻ സംസാരിക്കാം…” “ഏയ്… വേണ്ടെടാ… എനിക്ക് വേണ്ടി ആരും ഒന്നും പറയണ്ട…. എനിക്ക് ഇവിടെ പറ്റണില്ലെടാ…. എനിക്ക് എന്റെ അച്ഛയെ കാണണം….” “അയ്യേ…. ഇത്രേ ഉള്ളോ നീ…. നിന്റെ പഴയ തന്റേടം ഒക്കെ പോയോ ? ഇങ്ങനെ പേടിച്ചു ഓടാനാണോ നീ ഇങ്ങോട്ടേക്കു വണ്ടി കയറിയത്…? “ഏയ്…. പക്ഷേ ഇന്നത്തെ സംഭവം, അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…..” “ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ ?” “നീ ചോദിക്ക് ?” “നീ ചേട്ടായിയെ സ്നേഹിക്കുന്നുണ്ടോ ?”

“എനിക്കറിയില്ലെടാ… ഇല്ലെന്ന് ഞാൻ സ്വയം വിശ്വസിക്കുവാ… നിന്റെ ചേട്ടായിക്ക് എന്നോട് വെറുപ്പ് മാത്രമേ ഉള്ളൂ…. ഞാൻ ഇനി ആ മനുഷ്യന്റെ കൺമുന്നിൽ പോലും പോകില്ല…” അപ്പോഴേക്കും ഡോറും തുറന്ന് ജലജമ്മ വന്നു…. കയ്യിൽ എനിക്കുള്ള ആഹാരവും ഉണ്ടായിരുന്നു… വേണ്ടെന്ന് പറഞ്ഞിട്ടും ജലജമ്മ എനിക്ക് വാരിത്തന്നു…. സന്തോഷം കൊണ്ട് കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു…. ഞാൻ ഉറങ്ങും വരെ ജലജമ്മ എന്റെ കൂടെ കിടന്നു… രാജിയും കിടപ്പ് എന്റെ കൂടെയാക്കി…..

“ശ്ശെ….. ദേഷ്യം വന്നപ്പോൾ എന്തൊക്കെയാ ഞാൻ വിളിച്ചു പറഞ്ഞത്… അവൾക്ക് അഹങ്കാരം കൂടുതലാ… പക്ഷേ ഇന്ന് ഞാൻ പറഞ്ഞത് കുറച്ചു കൂടിപ്പോയി…. എനിക്കെന്താ അവളോടിത്ര ദേഷ്യം… അറിഞ്ഞോണ്ട് അവളെന്നെ ഉപദ്രവിച്ചിട്ടില്ല… പക്ഷേ അവളെന്റെ അടുത്ത് വരുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനാകുന്നു… അതിനെ മറികടക്കാനാണ് ദേഷ്യം കാണിക്കുന്നത്…. പക്ഷേ അവളിനി എന്റെ മുന്നിൽ വരില്ലെന്ന് പറഞ്ഞപ്പോൾ നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ…. നിറഞ്ഞ കണ്ണുകൾ മനസ്സിൽ നിന്നും പോകുന്നില്ല…. ”

രാത്രി പാപ്പനേയും കൊണ്ട് അവിടേക്ക് പോയി… ചിറ്റ വാതിൽ തുറന്നു അകത്തേക്ക് വിളിച്ചു… “കേറി വാ കണ്ണാ…..” “രാജി ഉറങ്ങിയോ ചിറ്റേ….” “ആഹ്…അവള് ചക്കീടെ അടുത്ത് കിടക്കുവാ… അവൾക്ക് ഒട്ടും വയ്യ….” ഉള്ളൊന്നു പിടഞ്ഞു…. എങ്കിലും പതർച്ച മറച്ച് വെച്ച് ചോദിച്ചു… “അവൾക്ക് എന്ത് പറ്റി ?” “തലവേദനയാണെന്ന് പറഞ്ഞു കുറേ കരഞ്ഞു… മൈഗ്രേൻ ഉള്ള കുഞ്ഞാ…. പാവം… ആഹാരം ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല… പിന്നെ ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു… എന്നേം കെട്ടിപ്പിടിച്ചാ ഉറങ്ങിയേ…. ഈ ബഹളമൊക്കേ ഉള്ളൂ… നെഞ്ചിൽ ഒരുപാട് സ്നേഹം ഉള്ള മോളാ…. ഇച്ചിരി കുറുമ്പ് കൂടുതലാ…. പക്ഷേ ചങ്ക് തുറന്നു സ്നേഹിക്കും….”

ചിറ്റ അകത്തേക്ക് പോയി…. പാപ്പൻ മദ്യസേവയ്ക് വിളിച്ചെങ്കിലും കഴിക്കാൻ തോന്നിയില്ല…. അവിടെ നിന്നും വേഗം ഇറങ്ങി…. പേരറിയാത്തൊരു വികാരം ഉള്ളിൽ രൂപം കൊള്ളുന്നത് ഞാനറിഞ്ഞു…. ************* രാവിലെ രാജി വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്… നേരം വൈകി… കുളിച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി… ബസ്സ്റ്റാൻഡിന്റെ എതിർവശത്ത് കടുവ നിൽക്കുന്നുണ്ടായിരുന്നു… റോഡ് ക്രോസ് ചെയ്തു ഞങ്ങളുടെ അടുത്തേക്ക് വന്നു.. മൂഡ് പോയി… മൂഡ് പോയി… ഹും… ഇയാളുടെ മുഖത്ത് പോലും ഞാൻ നോക്കില്ല….

കടുവ രാജിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ഞാൻ അതൊന്നും മൈന്റ് ചെയ്യാതെ ഫോണിൽ കുത്തിക്കോണ്ടിരുന്നു….. ഇടയ്ക്ക് കടുവ നോക്കുന്നത് പോലെ എനിക്ക് തോന്നി… തിരിച്ച് നോക്കിയാലോ…. നോ ചക്കി…. നോ…. ചിലപ്പോൾ അങ്ങേര് മുഖത്ത് നോക്കി അമറും… എന്തിനാ വെറുതെ രാവിലെ തന്നെ മൂഡ് കളയുന്നത്…. കടുവ തിരികെ നിന്ന സ്ഥലത്ത് പോയി… അങ്ങോട്ടും ഇങ്ങോട്ടും നടക്കും… ചിലപ്പോൾ ബുള്ളറ്റിന്റെ മേലേ ഇരിക്കും… വീണ്ടും ചാടി ഇറങ്ങും…. എന്ത് പ്രഹസനോണ് സജീ….

അല്ലാണ്ട് പിന്നെ മുട്ടയിടാൻ താറാവ് കൊക്കി നടക്കും പോലൊക്കെ കാട്ടിയാൽ പിന്നെന്താ പറയുക….. മുഖത്ത് നോക്കി പുച്ഛം വിതറണം എന്നൊക്കെ ഉണ്ടെങ്കിലും അങ്ങേരെന്റെ പല്ല് റോഡിൽ വിതറും എന്നുള്ളോണ്ട് ഞാൻ അടങ്ങി…. കൂൾ ചക്കി … കൂൾ…. അങ്ങേരെ ഒഴികെ അവിടെയുള്ള ബാക്കിയെല്ലാരെയും ഞാൻ നല്ല അന്തസ്സായി വായിനോക്കി….. പിന്നല്ല…. കളി എന്നോടോ ബാല….. ആഹാ….. കടുവ നിന്ന് ചവിട്ടി മെതിക്കണുണ്ട്.. ആഹ്…. പശു ചവിട്ടിത്തൊഴിക്കോ ഇതുപോലെ…. നമുക്കൊരു മനസ്സുഖം….

ബസ് വന്നതും ചാടിക്കയറി… കുറച്ചു തിരക്കുണ്ടായിരുന്നു… തള്ളിക്കയറിയ കൂട്ടത്തിൽ രാജി മുൻപെയും ഞാൻ പുറകിലും ആയിപ്പോയി…. ജ്ജാതി അവസ്ഥ… കടുവയുടെ കാര്യം ആലോചിച്ചു നിന്നപ്പോൾ വല്ലാത്തൊരു അസ്വസ്ഥത… നോക്കുമ്പോൾ നാൽപതിനടുത്ത് പ്രായമുള്ളൊരാൾ… ആളൊരു ഞരമ്പനാണെന്ന് മനസ്സിലായി.. പുള്ളി വല്ലാണ്ട് എന്റെ ദേഹത്തേക്ക് ചാരുന്നു…. ഞാൻ അയാളെ രൂക്ഷമായി നോക്കിയിട്ട് കുറച്ചു മുന്നിലേക്ക് നിന്നു… വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ എന്റെ സകല നിയന്ത്രണവും വിട്ടു…

എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന സിംഹി സട കുടഞ്ഞ് എണീറ്റു… ഗളരിപ്പയറ്റും ഗരാട്ടയും പഠിക്കാത്ത കാരണം അവന്റെ കരണം നോക്കി നല്ല നാടൻ തല്ല് കൊടുക്കാനായി കൈ പൊക്കിയതും ഒരു സൗണ്ട് കേട്ടു…. “ഠേ…..” നോക്കുമ്പോൾ ഞരമ്പ് രോഗി കരണവും പൊത്തിപ്പിടിച്ചു നിൽക്കണുണ്ട്…. ങേ…. ആരാ ഇവിടെ ഇപ്പോ പടക്കം പൊട്ടിച്ചത്…. “ഫ!……. *#@₹₹@@₹@&_$£€. മോനേ…..” ഈ അലർച്ച ഞാൻ എവിടെയോ….. അത് തന്നെ കടുവ…. നോക്കുമ്പോൾ അയാളുടെ കോളറിൽ പിടിച്ചു കൊണ്ട് കടുവ എടുത്തിട്ട് പെരുമാറുന്നു….

അടിയുടെ ഴഇടയിലൂടെ തെറിയഭിഷേകവും മുറപോലെ നടക്കണുണ്ട്…. എനിക്കാണേൽ കൊടുങ്ങല്ലൂർ ഭരണിക്കെത്തിയ പ്രതീതിയാർന്നു… ഇങ്ങനൊക്കെ തെറികളുണ്ടോ…. വെറൈറ്റി ആണല്ലോ മിക്കതും… കടുവയ്ക് മലയാളത്തിൽ ഇത്രേം പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന് എനിക്ക് അപ്പോഴാ മനസ്സിലായത്… അങ്ങേരുടെ തെറിപ്പാട്ട് കേട്ട് പകച്ച് പോയെന്റെ ബാല്യം…. എന്റെ കിളികൾ ചെവിയിൽ പഞ്ഞിയും വച്ച് ഉറക്കമായി….. കടുവ ഞരമ്പനെ ചവിട്ടി വെളിയിലിട്ടു…. എന്നിട്ട് കാറ്റ് പോലെ എന്റടുത്തേക്ക് പാഞ്ഞു വന്നു…

ഈശ്വരാ ഇങ്ങേരെന്നേം ബസ്സിലിട്ട് തല്ലാൻ പോകുവാണോ…. നാണം കെടുത്തല്ലേ ….. മേലോട്ട് നോക്കി ദൈവത്തിനേം വിളിച്ചു മുന്നോട്ട് നോക്കി നിന്നു…. കുറേ കഴിഞ്ഞിട്ടും അലർച്ച ഒന്നും കേട്ടില്ല… തിരിഞ്ഞു നോക്കേണ്ടി വന്നില്ല… തൊട്ട് പിറകിലായി ആ സാന്നിധ്യം ഞാൻ അറിഞ്ഞു…. കടുവയുടെ മാസ് എന്ട്രി കാരണം എന്റെ അടുത്ത് നിന്നും പുരുഷന്മാരെല്ലാം കുറച്ചു മാറി നിന്നു… അല്ലേലും ഈ മനുഷ്യൻ എവിടെ ചെന്നാലും ഹീറോയാ… പക്ഷേ എനിക്ക് മാത്രം കടുവ കാലനായി…..

പക്ഷേ ആ സാന്നിധ്യം, ഒരു കയ്യകലെ ആണെങ്കിലും വല്ലാത്തൊരു സുരക്ഷിതത്വം ഞാൻ അറിയുന്നുണ്ട്.. കടുവ സമ്മതിച്ചു തരില്ല… എന്നാലും ആരുമറിയാതെ എന്നെ ശ്രദ്ധിക്കുന്നില്ലേ….. അതോ എന്റെ തോന്നലോ…… ആലോചിച്ച് തലയിൽ കൂടി പുക വരും എന്ന് തോന്നിയോണ്ട് ഞാൻ പുറത്തേക്ക് നോക്കി നിൽക്കാൻ തുടങ്ങി…. ************** “രാവിലെ ബസ്റ്റോപ്പിൽ രാജിയോടൊപ്പം അവളെയും കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി…. അവരുടെ അടുത്തേക്ക് നടന്നു… രാജിയോട് സംസാരിച്ചിട്ടും കുരുപ്പ് എന്നെ കണ്ടഭാവം നടിക്കുന്നില്ല….

വാശിക്കാരി…. ഓഹ്….. ഫോണിൽ കമിഴ്ന്നു കിടക്കുവാ… അതിലിവളുടെ ആരേലും പെറ്റ് കിടക്കണുണ്ടോ…. പാവല്ലേ…. കണ്ടേക്കാം എന്ന് വിചാരിച്ചപ്പോൾ അവളുടെ ഒരു ജാഡ… മുഖ്യമന്ത്രിയ്ക് പോലും ഇത്ര ജാഡ കാണില്ല… ഇനിയും അവിടെ നിന്നാൽ അവളുടെ ഫോൺ എന്റെ കൈകൊണ്ട് തന്നെ ഓർമ്മയാകും…. വെറുതെ എന്തിനാ…. അതുകൊണ്ടാ തിരികെ ബുള്ളറ്റിന്റെ അടുത്ത് പോയത്… ഞാൻ ഇങ്ങെത്തിയതും തലയും പൊക്കി നാട്ടുകാരുടെ സെൻസസ് എടുക്കണുണ്ട്….

അടുത്ത് കിടക്കുന്ന കല്ലെടുത്ത് തല നോക്കി എറിയണം… അവളുടെ സ്വഭാവത്തിന് മരിച്ചുപോയവർ എണീറ്റ് നിന്ന് അടിക്കും…. ഭീകരിയാണവൾ…. കൊടും ഭീകരി….. നിനക്കുള്ള ഡോസ് ഞാൻ തരണുണ്ട്… അടയ്കാ കുരുവീടത്രേ ഉള്ളൂ.. പക്ഷേ കയ്യിലിരുപ്പ് ഒട്ടകപ്പക്ഷീടതാ…. മോന്ത തേയ്കാത്ത ചുമരിൽ പിടിച്ചു ഉരയ്കണം….. സത്യമാ….. ഇവളുടെ പ്രവൃത്തി കണ്ടാൽ എനിക്ക് കലി കയറും… പക്ഷേ വേറൊരാൾ അവളെ വേദനിപ്പിച്ചാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല….. എന്തൊക്കെയാണോ എന്തോ…. അല്ലേലും ആ ജന്മത്തിന്റെ കയ്യിലിരുപ്പ് കണ്ടാൽ പ്രേമം പോയിട്ട് വിശപ്പ് പോലും തോന്നില്ല…….

ബസിൽ അവൾ കാണാതെ ചാടിക്കയറി… ഒരുവിധം തിരക്കിനിടയിലൂടെ ചെല്ലുമ്പോളാ പെണ്ണിന്റെ മുഖത്ത് ഒരു അസ്വസ്ഥത… നോക്കുമ്പോൾ ഒരു ഞരമ്പൻ അവളെ ശല്യം ചെയ്യുന്നു… അവൾ അവനിട്ട് പൊട്ടിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു… പക്ഷേ അതിനും മുൻപേ എന്റെ കൈ തരിച്ചു…. പിന്നെന്തൊക്കെയോ ചെയ്തു.. എത്ര അടിച്ചിട്ടും കലി അടങ്ങുന്നുണ്ടായിരുന്നില്ല…. അതോണ്ടാ പിടിച്ചു പുറത്തേക്ക് ഇട്ടത്… കൈവാക്കിന് നിന്നാൽ ചിലപ്പോൾ അവനെ ഞാൻ തല്ലിക്കൊല്ലും അതായിരുന്നു അവസ്ഥ….

ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണൊന്ന് പേടിച്ചു… ഞാനായിട്ട് ഒന്നും മിണ്ടിയില്ല… ഇന്നലെ വല്യ ഡയലോഗടിച്ചിട്ട് അങ്ങോട്ട് മിണ്ടിയാൽ പിന്നെ ഇവളെന്റെ നെഞ്ചത്ത് പൊങ്കാല ഇടും… അതാ ഇനം….. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരീ….” ഇരുവരുടേയും ചുണ്ടുകളിൽ മന്ദഹാസപ്പൂക്കൾ മിന്നിമാഞ്ഞു……

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!