നാഗമാണിക്യം: ഭാഗം 21

നാഗമാണിക്യം: ഭാഗം 21

എഴുത്തുകാരി: സൂര്യകാന്തി

ആ മണ്ഡപത്തിനരികിലെ, ചെമ്പകമരത്തിനപ്പുറം, വള്ളി പടർപ്പുകൾക്കിടയിൽ , കമിഴ്ന്നു കിടക്കുകയായിരുന്നു അരുൺ… ഓടിയെത്തിയ അനന്തൻ ഉള്ളിലൊരാന്തലോടെ അവനരികെ മുട്ടുകുത്തിയിരുന്നു. അരുണിന്റെ കൈ പിടിച്ചു.. ഒരു ദീർഘ നിശ്വാസത്തോടെ അനന്തൻ അരുണിനെ നേരെ കിടത്തി. അപ്പോഴേക്കും പത്മയും അവനരികെ ഇരുന്നിരുന്നു. ദൂരെ നിന്നും വിനയും മാധവനുമൊക്കെ ഓടി വരുന്നത് കണ്ടപ്പോൾ അനന്തൻ വെള്ളത്തിനായി വിളിച്ചു പറഞ്ഞു. വിളിച്ചിട്ടും മുഖത്ത് തട്ടിയിട്ടുമൊന്നും അരുൺ കണ്ണുകൾ തുറന്നില്ല.

വിനയും ഗൗതമും വീണയും അഞ്ജലിയുമൊക്കെ എത്തിയിരുന്നു. അനന്തൻ ചുറ്റും നോക്കിയെങ്കിലും സംശയിക്കത്തക്കവിധത്തിൽ ഒന്നും കണ്ടില്ല.. വെള്ളം മുഖത്ത് തളിച്ചിട്ടും ഇത്തിരി കഴിഞ്ഞാണ് അരുൺ പതിയെ കണ്ണുകൾ തുറന്നത്. അനന്തനെ ഒന്ന് മിഴിച്ചു നോക്കിയിട്ട് അവൻ പിടഞ്ഞെണീൽക്കാൻ ശ്രമിച്ചു. “എന്താ നിനക്ക് പറ്റിയത്….? ” ” അത്… ഞാൻ… ” അനന്തന്റെ മടിയിൽ തല വെച്ചു കൊണ്ടു തന്നെ അരുൺ ചുറ്റും നോക്കി.. “എന്താടാ.. എന്താ നീ നോക്കുന്നത്? നീ എങ്ങനെ ഇവിടെ എത്തി? ” ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞാണ് അരുൺ മറുപടി പറഞ്ഞത്..

“ഞാൻ മുറ്റത്തു നിന്ന് ഫോട്ടോസ് എടുക്കുകയായിരുന്നു.. പിന്നെ താമരക്കുളത്തിന്റെ അരികിലെത്തി, പെട്ടെന്ന് ഈ വഴിയിലേക്ക് ആരോ നടന്നു മറഞ്ഞത് പോലെ തോന്നി. അതിലെ വന്ന ഞാൻ എത്തിയത് ഈ മണ്ഡപത്തിനരികെയാണ്.. ഇവിടെ ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല. മണ്ഡപത്തിലേക്ക് നോക്കിയപ്പോൾ, പെട്ടെന്ന് പുറകിൽ ആരോ ഉള്ളത് പോലെ തോന്നി. തിരിഞ്ഞു നോക്കാൻ തുടങ്ങിയതേയുള്ളൂ, പിന്നെ ഒന്നും ഓർമയില്ല… ” “എത്ര പറഞ്ഞാലും കേൾക്കരുത് , വന്നപ്പോഴേ ഞാൻ പറഞ്ഞതാ ആ ക്യാമറയും തൂക്കി ഇവിടൊന്നും അലഞ്ഞു തിരിയരുതെന്ന്….. ” അരുണിന്റെ മുഖത്തെ ദയനീയ ഭാവം കണ്ടതും പറയാൻ വന്നത് അനന്തൻ പൂർത്തിയാക്കിയില്ല.

വലത് കൈത്തലം അരുണിന്റെ നെറ്റിയിൽ അമർത്തി ഇടതു കൈ നെഞ്ചോട് ചേർത്ത് ഒരു നിമിഷം കണ്ണടച്ചിരുന്നു അവൻ. കണ്ണുകൾ തുറന്നപ്പോൾ അനന്തന്റെ മുഖഭാവം മാറിയിരുന്നു.. കണ്ണുകളിൽ നിറഞ്ഞത് രൗദ്രഭാവമായിരുന്നു… അനന്തന്റെ പ്രവൃത്തികളും ഭാവമാറ്റവുമെല്ലാം പത്മ ശ്രദ്ധിച്ചിരുന്നു.അവൾ ചുറ്റും നോക്കിയെങ്കിലും അസാധാരണമായി ഒന്നും കണ്ണിൽ പെട്ടില്ല.. മെല്ലെ എഴുന്നേറ്റ അരുണിനെ വിനയും ഗൗതമും ചേർത്ത് പിടിച്ചു. ഒന്നുമില്ലെന്ന് അവൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. അവനെ കെട്ടിപിടിച്ച അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് പത്മ കണ്ടു.. “ഡീ.. എനിക്കൊന്നുമില്ല.. ദേ നമ്മുടെ ഝാൻസിറാണിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…അയ്യേ.. കണ്ണ് തുടയ്ക്ക് പെണ്ണേ… ”

അരുൺ കളിയാക്കിയതും അഞ്ജലി അവന്റെ കൈയിൽ പിച്ചുന്നത് കണ്ടു.. “ഇങ്ങനെയാണേൽ ഞാനെങ്ങാനും വടിയായി പോയാൽ..? ശോ.. എന്തായാലും എന്നെ ഇവിടെ എത്തിച്ച ആളോട് ഇപ്പോൾ ഒരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്.. എല്ലാരുടെയും സ്നേഹം കണ്ടല്ലോ.. ” “ഡാ, കാട്ടുകോഴി, വായടച്ചു വെച്ചില്ലേൽ നിന്നെ ഞാൻ ആ താമരക്കുളത്തിൽ എടുത്തിടും, പറഞ്ഞേക്കാം ” അനന്തൻ പറഞ്ഞു. “ഓ കൂടുതൽ ഷോ ഓഫ്‌ ഒന്നും വേണ്ടാ തമ്പുരാനെ, കണ്ണുതുറന്നപ്പോൾ ഞാൻ കണ്ടതാ ഈ മുട്ടാളന്റെ മുഖത്തെ ഭാവം…മസിൽ മാൻ കരയുമോന്ന് ഞാനൊന്ന് പേടിച്ചു.. ” “ഡാ… ” അനന്തൻ നടക്കുന്നതിനിടയിൽ അരുണിനെ മെല്ലെ മുൻപോട്ട് തള്ളി… പത്മ കാണുകയായിരുന്നു…

അറിയുകയായിരുന്നു അവരുടെ സ്നേഹം… അഞ്ജലിയെ പറ്റിയുള്ള അവളുടെ അഭിപ്രായം മാറിയത് വളരെ പെട്ടന്നായിരുന്നു… താൻ കാരണം അവരുടെ സൗഹൃദം ഇല്ലാതാവില്ലെന്ന് പത്മ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു… ഏറ്റവും പുറകിൽ നടക്കവേ അവളൊന്ന് തിരിഞ്ഞു നോക്കി… ആ തേങ്ങൽ ശബ്ദം വീണ്ടും.. പത്മ ഞെട്ടലോടെ തിരിഞ്ഞു നിന്നു.. വീണ്ടും ആ കരച്ചിൽ.. അനന്തൻ തിരിഞ്ഞു നോക്കിയതും അവൾ ആ മണ്ഡപത്തിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.എന്താ എന്ന് അവൻ കണ്ണുകൾ കൊണ്ട് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമലിളക്കി കാണിച്ച് പത്മ അവർക്ക് പിന്നാലെ നടന്നു.. പിന്നെയും പിന്നെയും ആ കരച്ചിൽ പത്മയുടെ ചെവിയിലെത്തി..

നിറഞ്ഞ വേദനയോടെയുള്ള മനസ്സ് തകർന്ന ആ കരച്ചിൽ.. പത്മ തിരിഞ്ഞു നോക്കാതെ വേഗം അവർക്കൊപ്പം നടന്നു. അവർ നടന്നു മറഞ്ഞതും കുറച്ചകലെയുള്ള കാഞ്ഞിരമരത്തിന്റെ മറവിൽ നിന്ന ആൾ പുറത്തേക്കിറങ്ങി ധൃതിയിൽ നടന്നകന്നു… മണ്ഡപത്തിന്റെ അരികിലെ ചെമ്പകമരത്തിന്റെ മുകളിലെ കൊമ്പിൽ പിണഞ്ഞു കിടന്ന കരിനാഗത്തിന്റെ ശിരസ്സുയർന്നു. ഫണം വിടർത്തി സീൽക്കാരശബ്ദം പുറപ്പെടുവിച്ചു കൊണ്ടത് ചില്ലകളിൽ ചുറ്റി കിടന്നു.. നീലക്കണ്ണുകൾ തിളങ്ങി…. മുറ്റത്തെത്തിയപ്പോഴേയ്ക്കും അരുന്ധതി ഓടി വന്നു അരുണിനെ പിടിച്ചു.. “എന്താ ഇവന് പറ്റിയത്?… ” അനന്തനെ നോക്കി ചോദിച്ചിട്ട് അവർ വെപ്രാളത്തോടെ അരുണിനെ നോക്കി. “എന്താടാ പറ്റിയേ..? ”

“ഒന്നുമില്ല അമ്മേ, ഞാൻ കാവിന്റെ അടുത്ത് വെച്ച് ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോൾ ഒന്ന് തല കറങ്ങി വീണു, അതിനാണ് ഇവരിങ്ങനെ സീൻ ഉണ്ടാക്കുന്നെ ” “കാവിന്റെ അടുത്ത് വെച്ചോ..? എന്നിട്ട്..? ” “എന്നിട്ട് ഒന്നുമില്ല അമ്മേ, ബിപി ലോ ആയതോ മറ്റോ ആവും.. കണ്ടോ എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല ” അരുൺ ചിരിയോടെ പറഞ്ഞത് കേട്ട്, അരുന്ധതി അനന്തനെ നോക്കി. അവന്റെ മുഖത്ത് ചിരി ഇല്ലായിരുന്നു.. “ഡാ ഡോക്ടറെ ഒന്ന് കാണിക്കണ്ടെ? ” വിനയ് അനന്തനെ നോക്കിയാണ് ചോദിച്ചത്. “ഞാൻ അഭിഷേകിനെ ഒന്ന് വിളിക്കാം.. നമ്മുടെ തിരുമേനിയുടെ പേരക്കുട്ടി..അന്ന് വന്നില്ലേ അഞ്ജലിയെ നോക്കാൻ… ” അനന്തൻ പൂമുഖത്തേക്ക് കയറുമ്പോൾ മൈഥിലി പറഞ്ഞു.

“അതിനിപ്പോൾ എന്തിനാ വേറെ ഒരു ഡോക്ടർ, ഇവിടെ ഒരു ഡോക്ടർ ഇല്ലേ? ” ഒരു നിമിഷം ആലോചിച്ചിട്ടാണ് അനന്തൻ പറഞ്ഞത്.. “ഓ.. ശ്രീദ ആന്റി.. ഞാൻ മറന്നു..ആന്റി എവിടെ? ” “ഞാൻ ഇവിടെ ഉണ്ട് അനന്തൂ കുളിക്കുകയായിരുന്നു… അരുണിന് എന്തു പറ്റിയതാ…? ” പൂമുഖത്തേക്കെത്തിയ ശ്രീദ അരുണിനെ നോക്കി. “എന്താണെന്നറിയില്ല ആന്റി.. ബോധമില്ലാതെ കിടക്കുകയായിരുന്നു അവിടെ… ” “ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം… ” അവർ അകത്തേക്ക് നടന്നു.. അനന്തനും അരുണും മറ്റുള്ളവരും ഹാളിലെത്തി . സ്റ്റെതസ്കോപ്പുമായി വരുന്ന ശ്രീദയെ കണ്ടു പത്മ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടാണ് അനന്തൻ പറഞ്ഞത്. “ശ്രീദ ആന്റി ഡോക്ടറാണ്. ഫേമസ് കാർഡിയോളജിസ്റ്…

വൺ ഓഫ് ദി ബെസ്റ്റ്..” “മതിയെടോ.. താൻ ചുമ്മാ ആ കുട്ടിയെ പേടിപ്പിക്കല്ലേ…” അനന്തനോടായി പറഞ്ഞിട്ട് ശ്രീദ അരുണിനെ പരിശോധിച്ചു. “കുഴപ്പമൊന്നും കാണുന്നില്ല… ബി പി ഒക്കെ ഇപ്പോൾ നോർമലാണ്.. ചിലപ്പോൾ പാനിക്ക് അറ്റാക്ക് ആവും.. നമുക്ക് നോക്കാം.. ” “അറ്റാക്കോ..? ” അരുണിന്റെ മുഖം വിളറി.. “താൻ പേടിക്കാതെടോ.. ചില സമയത്ത് ഭയവും ഉത്കണ്ഠയുമൊക്കെ നിയന്ത്രണാതീതമാവുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. അത്രേയുള്ളൂ.. ” “ഹോ… ” അരുൺ ദീർഘ നിശ്വാസം വിട്ടു.. അനന്തനൊഴികെ എല്ലാവരും ഭക്ഷണം കഴിക്കാനായി പോയി.. ഇപ്പോൾ വരാമെന്ന് പറഞ്ഞു അവൻ നേരേ പോയത് ഭദ്രൻ തിരുമേനിയുടെ മുറിയിലേക്കാണ്.

തിരുമേനി കസേരയിൽ ചാരി കണ്ണടച്ച് കിടക്കുകയായിരുന്നു. കണ്ണുകൾ തുറക്കാതെ തന്നെയാണ് ചോദിച്ചത്.. “അവരെത്തി അല്ലേ..? ” “ഉം.. ” അനന്തൻ ഒന്ന് മൂളിയതേയുള്ളൂ.. “ന്താ ആ കുട്ടിയ്ക്ക് പറ്റിയത്…? ” “മായാ വലയത്തിലായിരുന്നു മണ്ഡപത്തിനരികെ… ” “അബദ്ധവശാൽ എത്തി ചേർന്നതാവും അവിടെ.. അവൻ കാണാൻ പാടില്ലാത്തതിനെന്തിനോ സാക്ഷ്യം വഹിക്കാൻ തുടങ്ങിയിട്ടുണ്ടാവും.. അതാണ് മായാ നിദ്രയിലാക്കിയത്.. ഭാഗ്യം ജീവഹാനി ഒന്നും സംഭവിച്ചില്ല്യല്ലോ… ” അനന്തന്റെ മുഖം കനത്തു തന്നെയിരുന്നു.. “പത്മയെയാണ് ഭൈരവൻ ആഗ്രഹിക്കുന്നത്.. സ്വന്തമാക്കാൻ.. അവളുടെ സാന്നിധ്യത്തിൽ നാഗരാജാവിനെ പ്രത്യക്ഷനാക്കി നാഗമാണിക്യം ദർശിക്കാൻ..

പിന്നെ അവന് മരണം ഉണ്ടാവില്ല്യ എന്ന് തന്നെ പറയാം.നാഗകാളി മഠം പിന്നെ അവന്റേതാണ്… സുഭദ്രയോടുണ്ടായിരുന്നത് പോലെ അടക്കാനാവാത്ത പ്രണയം അവന് പത്മയോടുമുണ്ട്.. പക്ഷേ അവൾ കന്യകയല്ല എങ്കിൽ അവന്റെ ആ ആഗ്രഹം നടക്കില്ല്യ .. പിന്നെ അവളോടൊപ്പം നാഗരാജാവിനെ ദർശിക്കാൻ അവളുടെ പതിയ്ക്ക് മാത്രമേ സാധിക്കൂ.. അങ്ങനെ സംഭവിച്ചാൽ ഭൈരവൻ പത്മയെ ഇല്ലാതാക്കും, വീണ്ടും ഒരു പുനർജ്ജന്മത്തിനായി കാത്തിരിക്കേണ്ടി വരും അവന്.. പക്ഷേ ഭദ്ര ആഗ്രഹിക്കുന്നത് എന്തിന്റെ പേരിലായാലും അവൾക്ക് നഷ്ടപെട്ട പ്രണയം നിങ്ങൾക്കും അനുഭവിക്കാൻ സാധിക്കരുതെന്നാണ്. അതിനു വേണ്ടി അവളെന്തും ചെയ്യും.. പഴയ സൗമ്യ ഭാവമില്ല്യ അവളിലിപ്പോൾ..

ആസുര ഭാവം പൂണ്ട നാഗകന്യയാണ് അവളിപ്പോൾ.. എന്നോട് പോലും എതിരിടാൻ മടിയില്ലെന്ന് മുൻപൊരിക്കൽ ഞാൻ അനുഭവിച്ചറിഞ്ഞതാണ്.. ” “പത്മയെ നോവിക്കാൻ ഞാൻ അനുവദിക്കില്ല ആരെയും… എനിക്കറിയാം എന്തു വേണമെന്ന്.. ആദിത്യനെ കണ്ടെത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ… പത്മയ്ക്ക് മുൻപിൽ തുറന്ന അറവാതിൽ എന്തേ എന്റെ മുൻപിൽ അടഞ്ഞു കിടക്കുന്നത്..പക്ഷേ എന്തു ചെയ്തിട്ടായാലും ഈ തവണ നാഗകാളി മഠത്തിനും അനന്തനും തന്നെയായിരിക്കും ജയം..” എനിക്ക് എന്റെ പെണ്ണിനെ ഇനി നഷ്ടപ്പെടുത്താൻ വയ്യ.. ഭദ്രൻ തിരുമേനിയ്ക്ക് മറുപടി കൊടുത്തിട്ട് മനസ്സിൽ ഈ വാക്കുകൾ കൂടെ ഉരുവിട്ട് അനന്തൻ തിരിഞ്ഞപ്പോഴാണ് പുറകിൽ നിന്നിരുന്ന പത്മയെ കണ്ടത്.. “താനെന്താ ഇവിടെ?..

ആരും കാണാതെ വന്നിവിടെ നിന്നതെന്തിനാ..? ” പതിവില്ലാതെ, തെല്ലു ഗൗരവത്തിൽ ഉള്ള ചോദ്യത്തിനു മുൻപിൽ പത്മ ഒന്ന് പരുങ്ങി.. “അത്…. കാണാഞ്ഞിട്ട്.. ഞാൻ കഴിക്കാൻ വിളിക്കാൻ വന്നതാ.. ” “പത്മ അകത്തേക്ക് കയറി വന്നത് ഞാൻ കണ്ടിരുന്നു അനന്താ. പിന്നെ നീ പറഞ്ഞ കാര്യങ്ങൾ എല്ലാം പത്മയും കൂടെ അറിയേണ്ടതാണ്. അതുമാത്രമല്ല വിഷ്ണുവിന്റെയും സുഭദ്രയുടെയും കഥ… ആദിത്യന്റെയും ഭദ്രയുടെയും പ്രണയം… ദേവന്റെയും ലക്ഷ്മിയുടെയും പ്രണയം.. എല്ലാം അവളും അറിയണം… ” അനന്തൻ തിരുമേനിയെ നോക്കി, എന്നിട്ട് പറഞ്ഞു. “പത്മയുടെ മുൻപിൽ തുറന്ന ആ അറ എന്തേ എന്റെ മുൻപിൽ അടഞ്ഞു കിടക്കുന്നത്?

അതിനുള്ളിൽ കയറിയിരുന്നെങ്കിൽ ആദിത്യനെ പറ്റി എന്തെങ്കിലും ഒരു സൂചന ലഭിച്ചേനെ.. എന്റെ മനസ്സിലെ ചില സംശയങ്ങൾക്കുള്ള ഉത്തരവും അവിടെ ഉണ്ടാവും… ” “ആദിത്യന്റെ ചിത്രം അവിടെയുണ്ടോ…? ” പത്മ പതിയെ ചോദിച്ചു. “ഉം… വിഷ്‌ണുവും ആദിത്യനും വരച്ച ചിത്രങ്ങളാണവ… എനിക്കും നിനക്കുമെന്ന പോലെ ആദിത്യനും പുനർജ്ജന്മം കിട്ടിയിട്ടുണ്ടെങ്കിൽ തീർച്ചയായും നമ്മളെ പോലെ ആ ചിത്രത്തിലെ ആദിത്യന്റെ മുഖവും ഇപ്പോൾ ഇവിടെ എവിടെയോ ഉണ്ടാകും…. ” “അപ്പോൾ ഭദ്രയും ആ ചിത്രങ്ങളിലില്ലേ…? ” “ഭദ്രയും ആ ചിത്രങ്ങളിലുണ്ട്. പക്ഷേ അവൾക്കിപ്പോൾ ആ മുഖം ആവണമെന്നില്ല”

“പിന്നെ…? ” “ഞാൻ പറയാം, പത്മ എല്ലാം പറയാം… ” തിരുമേനിയോട് പറഞ്ഞു, ആ റൂമിൽ നിന്നും പുറത്തു കടന്നതും അനന്തൻ അവളെ ചേർത്തു പിടിച്ചു. പത്മ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവനൊപ്പം നടന്നു.. “ഇനിയും തന്നെ നഷ്ടപ്പെടുത്താൻ വയ്യെടോ, ഇനി ഒരു ജന്മം കൂടെ കാത്തിരിക്കാനാവില്ല…” പത്മ ഒന്നും പറയാതെ അവന്റെ കൈയിൽ മുറുകെ പിടിച്ചു. “അരുണിന് എങ്ങനെയുണ്ട്…? അനന്തൻ ചോദിച്ചു. “കുഴപ്പമൊന്നുമില്ല്യ, ഭക്ഷണം ഒക്കെ കഴിയ്ക്കുന്നുണ്ട്…പക്ഷേ പുറത്തു കാണിക്കുന്നില്ലെങ്കിലും ആള് നന്നായി പേടിച്ചിട്ടുണ്ട് ” “ഉം.. ” “അഞ്ജലിയുടെ ചിറ്റ ഡോക്ടർ ആണല്ലേ..? ഞാൻ അറിഞ്ഞില്ല്യ .

അവർക്ക് എന്ത് നല്ല സ്വഭാവമാണല്ലേ… ” “ശ്രീദ ആന്റി പണ്ടേ അങ്ങിനെയാ. അഞ്ജുവിന്റെ അമ്മയുടെ വീട്ടുകാർ പണക്കാരാണ്. ബാലനങ്കിളിന് ആന്റിയെ വിവാഹം കഴിക്കുന്ന സമയത്ത് നല്ല ബിസിനസ്‌ ആയിരുന്നു. പിന്നെ എല്ലാം മാറി മറഞ്ഞു.. നല്ല രീതിയിൽ ജീവിച്ചിരുന്ന ആന്റിക്ക് അത് വലിയ ഷോക്ക് ആയി.അതിനുശേഷമാണ് അച്ഛൻ അങ്കിളിനെ കൂടെ കൂട്ടുന്നത്.. ” “ശ്രീദ ആന്റിയ്ക്ക് പഠിക്കുന്ന സമയത്തെങ്ങാനും ഒരു അഫയർ ഉണ്ടായിരുന്നു. അത് നടന്നില്ല. പുള്ളിക്കാരി കല്യാണവും കഴിച്ചില്ല.. കുറച്ചു വർഷങ്ങൾക്ക് മുൻപേ ആന്റിയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. കുറച്ചു കാലം കിടപ്പിലായിരുന്നു.

പിന്നീടാണ് ആന്റി രവി അങ്കിളിനെ കല്യാണം കഴിക്കുന്നത്.അങ്കിളിന്റെ സെക്കന്റ്‌ മാര്യേജ് ആണ്…മെയ്ഡ് ഫോർ ഈച്ച് അദർ.. ” അനന്തൻ പത്മയെ ഒന്ന് നോക്കിയിട്ട് പറഞ്ഞു. “അഞ്ജുവും പാവമാണ്.. മൈഥിലി ആന്റി പറഞ്ഞു പിരി കയറ്റുന്നതാണ്.. അവൾക്ക് എന്നോടുള്ളത് ഒരു ഭ്രമം മാത്രമാണ്.. പക്ഷെ അവളെ ഒരുപാട് സ്നേഹിക്കുന്ന മറ്റൊരാൾ ഉണ്ട്.. ” തെല്ലൊരു അത്ഭുതത്തോടെയാണ് പത്മ ചോദിച്ചത്. “അതാരാ..? ” അനന്തൻ കണ്ണിറുക്കി കാട്ടി. “അതൊരു സസ്പെൻസ് ആണ്.. ” “ഓ.. ” “താൻ അഞ്ജലിയോട് ദേഷ്യം മനസ്സിൽ വെക്കരുത്.. ” “ഹാ… ഞാനൊന്ന് ആലോചിക്കട്ടെ…

ന്റെ താലി പൊട്ടിയ്ക്കുമെന്ന് പറഞ്ഞവളാ.. ” “ഞാനിവിടെ ആറടി പൊക്കത്തിൽ നീണ്ടു നിവർന്നു നിന്നിട്ടും അവൾക്ക് എന്നെ ഒരു മൈൻഡ് ഇല്ല.. ആ താലിയോടാണ് പ്രേമം മുഴുവനും.. ” അനന്തൻ കലിപ്പോടെ പറഞ്ഞതും പത്മ ചിരിച്ചു.. “പറയാതെ പറയണ ചില കാര്യങ്ങളുണ്ട്, അത് മാത്രം മനസ്സിലാക്കാൻ ന്റെയീ മണ്ടൻ ബുദ്ധിരാക്ഷസന് പറ്റണില്ല്യല്ലോ ” “മണ്ടൻ ഞാനല്ല ആ മാധവനാ.. എന്റെ അമ്മായിഅച്ഛൻ ” ‘ഡോ ന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ, ഭർത്താവാണെന്നൊന്നും ഞാൻ നോക്കൂല ” പറഞ്ഞതും പത്മ കൈയ്യെത്തിച്ചു അനന്തന്റെ താടിയിൽ പിടിച്ചു വലിച്ചു. “ആ.. ” അനന്തൻ അവളുടെ മേലുള്ള പിടുത്തം വിട്ടതും അവൾ അവനിൽ നിന്നും അകന്നു മാറി രണ്ടു കൈയും എളിയിൽ കുത്തി അനന്തനെ നോക്കി പുരകമുയർത്തി. “പ്പോ എങ്ങനെയുണ്ട്?

ഇങ്ങനെയിരിക്കും ഈ പത്മയോട് കളിച്ചാൽ… ” “ഡീ… ” അനന്തൻ അവളെ പിടിക്കാനാഞ്ഞതും പത്മ സാരി തെല്ലുയർത്തി പിടിച്ചു അകത്തേക്കോടി. “ഓടിക്കോ, എവിടെ പോയാലും എന്റെ അടുത്തേക്ക് തന്നെയല്ലേ വരുന്നത്.. ” “ഓ അതപ്പോഴല്ലേ…. ” “ഇതും കൂടെ ചേർത്തു വെച്ചോ മോള്, പലിശ സഹിതം ചേട്ടൻ തിരിച്ചു തരും ട്ടാ.. ” “നമ്മക്ക് കാണാം… ” പത്മ പറഞ്ഞു കൊണ്ട് ഡൈനിങ്ങ് ടേബിളിനടുത്തേക്ക് നടക്കുമ്പോൾ അനന്തനെയൊന്ന് തിരിഞ്ഞു നോക്കി. താടിയുഴിഞ്ഞു കൊണ്ട് മീശയുടെ അറ്റം കടിച്ചു പിടിച്ചു വല്ലാത്ത ഒരു ഭാവത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ… ന്റെ ദേവി പണി പാളിയോ…? ചെക്കനെ വെറുതെ പ്രകോപിപ്പിച്ചു…

മനസ്സിൽ ഓർത്ത് കൊണ്ട് പത്മ വേഗം പുട്ടെടുത്ത് പ്ലേറ്റിലേക്ക് വെച്ച് കടലക്കറിയും ഒഴിച്ച് അനന്തനെ വിളിച്ചു. “അനന്തേട്ടാ, കഴിക്കാൻ വാ നിക്ക് വിശക്കണുണ്ട്. .. ” “എനിക്കും… ” അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അനന്തൻ പത്മയുടെ എതിരെയുള്ള കസേരയിൽ വന്നിരുന്നു… കഴിക്കുന്നതിനിടെ പത്മ മുഖമുയർത്തിയതേയില്ല.ഇത്തിരി കഴിഞ്ഞതും അനന്തൻ ചോദിച്ചു. “എന്താടീ ശൗര്യമൊക്കെ തീർന്നോ.. ഉം? ” പത്മ പതിയെ മുഖമുയർത്തി അവനെ ഒന്ന് നോക്കി കഴിയുന്നത്ര നിഷ്കളങ്കതയോടെ ചിരിച്ചു കാണിച്ചു. “ഉം.. ” അനന്തൻ തലയാട്ടി.. “എന്നെ വെല്ലു വിളിച്ചിട്ട് അഭിനയിക്കുന്നോടി. ഇനിയും വളരാൻ വിട്ടാൽ നീയങ്ങു പടർന്നു പന്തലിക്കും.. ഒരു പൊടിയ്ക്ക് ഒതുക്കിയെ പറ്റൂ..

സാരല്ല്യ ചേട്ടനും നിന്നെയൊന്നു മര്യാദ പഠിപ്പിക്കണംന്ന് ആഗ്രഹിച്ചിരിക്കുവായിരുന്നു.. ” പത്മ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടയ്ക്ക് തല ഉയർത്തിയപ്പോഴൊക്കെ അനന്തന്റെ കണ്ണുകളിൽ ഗൗരവമായിരുന്നു. അവൾ കഴിച്ചെഴുന്നേറ്റപ്പോൾ അനന്തൻ ചായ കുടിക്കുകയായിരുന്നു. “ഇങ്ങനെ നോക്കി പേടിപ്പിക്കാൻ ഇങ്ങേരെന്റെ കെട്ടിയോനല്ലേ, അല്ലാണ്ട് ന്നെ പഠിപ്പിക്കണ കണക്ക് മാഷൊന്നുമല്ലല്ലോ.. ഹും ” പ്ലേറ്റ് ഒരു കൈയിൽ പിടിച്ചു മുന്നിലേക്കിട്ട മെടഞ്ഞിട്ട മുടി എടുത്തു പിന്നിലേക്കിട്ട് പത്മ സ്റ്റൈലിൽ നടന്നു പോവുമ്പോൾ അനന്തൻ പകച്ചു നിൽപ്പായിരുന്നു. “ഇത് എന്തിന്റെ കുട്ടിയാണോ എന്തോ.. ” അടുക്കളവാതിൽ കടക്കുന്നതിനിടെ തല പുറത്തേക്കിട്ട് പത്മ ചിരിയോടെ പറഞ്ഞു.

“വായ അടച്ചു വെക്ക് അണ്ണാച്ചി, വല്ല ഈച്ചയും കയറും… ” ഒരു കണ്ണിറുക്കി പത്മ ഉള്ളിലേക്ക് നടന്നപ്പോൾ അറിയാതെ അനന്തൻ ചിരിച്ചു പോയി.. കഴിവതും അനന്തന്റെ മുൻപിൽ ചെന്ന് പെടാതെ നടക്കുകയായിരുന്നു പത്മ. ഉച്ചയ്ക്ക് പൂമുഖത്തെ ചാരുപടിയിൽ അരുന്ധതിയുടെ അടുത്തിരുന്നു സംസാരിക്കുമ്പോഴാണ് ഒരു കാർ വന്നു നിർത്തിയത്… ഡോക്ടർ അഭിഷേക്.. ഭദ്രൻ തിരുമേനിയുടെ കൊച്ചു മകൻ.. അനന്തൻ വന്നതും രണ്ടു പേരും കൂടെ ഭദ്രൻ തിരുമേനിയുടെ മുറിയിലേക്ക് പോയി… എല്ലാവരോടും സംസാരിച്ചിരുന്നു, വൈകുന്നേരം ചായയും കുടിച്ചിട്ടാണ് ഡോക്ടർ പോവാനിറങ്ങിയത്. യാത്ര പറയുന്നതിന് മുൻപേ എല്ലാവരെയും നോക്കി അഭിഷേക് പറഞ്ഞു.

“അടുത്ത മാസം എന്റെ വിവാഹമാണ്. ക്ഷണിക്കാൻ വേണ്ടി കൂടെയാണ് വന്നത്. ഡോക്ടർ തന്നെയാണ് വുഡ് ബീ.. ഗായത്രി ” പത്മയുടെ നോട്ടം അറിയാതെയാണ് അഞ്ജലിയിൽ എത്തിയത്. അവളുടെ മുഖത്തെ തെളിച്ചം മാഞ്ഞത് പത്മ ശ്രദ്ധിച്ചു.അഭിഷേകിനെ നോക്കാതെ നിലത്തേക്ക് നോട്ടമയച്ചു നിൽക്കുകയായിരുന്നു അഞ്ജലി… അഭിഷേക് യാത്ര പറഞ്ഞു ഇറങ്ങിയ ഉടനെ അഞ്ജലി ധൃതിയിൽ ഗോവണിപ്പടികൾ കയറി പോവുന്നതും പത്മ കണ്ടു. സന്ധ്യയ്ക്ക് കാവിലേക്ക് നടക്കുമ്പോൾ അനന്തൻ ഗൗരവത്തിലായിരുന്നു. പത്മ ഇടം കണ്ണിട്ട് നോക്കിയിട്ടും അനന്തൻ അവളെ നോക്കിയില്ല. “ഇന്ന് മഴ പെയ്യുമെന്നാ തോന്നണത്, മാനം ഇരുണ്ടിരിക്കണുണ്ട് .. ” അനന്തൻ ഒന്നും മിണ്ടിയില്ല.. പത്മ മുഖം കോട്ടി കാണിച്ചു, മുൻപിൽ കയറി നടന്നു.കുറുമ്പ് നിറഞ്ഞ മുഖം കണ്ടതും അനന്തൻ ചിരിച്ചു .

അത് സമർത്ഥമായി മറച്ചു കൊണ്ട് അവൻ പത്മയുടെ പുറകെ നടന്നു. തണുപ്പ് നിറഞ്ഞ നാഗക്കാവിനുള്ളിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു. നാഗശിലകളിൽ രാവിലെ ചാർത്തിയിരുന്ന മാലയിലെ പൂക്കൾ വാടിയിരുന്നു. മഞ്ഞൾ പൊടി നിറഞ്ഞ നാഗത്തറയിലാകവേ ചെമ്പകപ്പൂക്കൾ വീണു കിടന്നിരുന്നു. ചെമ്പകപ്പൂക്കളുടെ സുഗന്ധമായിരുന്നു അവിടമാകെ.. പത്മ തിരി തെളിയിച്ചു കഴിഞ്ഞു, അവർ പ്രാർത്ഥിച്ചു കണ്ണുകൾ തുറക്കുമ്പോഴാണ് നാഗത്തറയ്ക്കരികിലെ ഇലഞ്ഞി മരത്തിലെ പൂക്കൾ നാഗശിലയിലേക്ക് കൊഴിഞ്ഞു വീണു തുടങ്ങിയത്. പത്മയും അനന്തനും നോക്കി നിന്നു.. അനന്തൻ നാഗത്തറയ്ക്കരികിലേക്ക് നിന്നു വലം കൈ നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു നാഗരാജമന്ത്രം ജപിച്ചു..

പറയാതെ തന്നെ പത്മയും അതേറ്റു ചൊല്ലി.. “ഇതൊരു അടയാളമാണ്… ” അനന്തൻ പത്മയെ നോക്കി പറഞ്ഞു. അവൾ മുഖം കുനിച്ചു. അനന്തന് പിറകെ പത്മയും പുറത്തേക്ക് നടന്നു. കാവിലെ പടികളിൽ നിന്നവൾ തിരിഞ്ഞു നോക്കിയപ്പോഴും ശിലയിൽ പൂക്കൾ വീഴുന്നുണ്ടായിരുന്നു.. ഒരു മാത്ര നാഗരാജ പ്രതിഷ്ഠയിൽ അഞ്ചു തലയുള്ള സ്വർണ്ണ നാഗം ചുറ്റി കിടക്കുന്നത് പത്മ കണ്ടു. അടുത്ത നിമിഷം അത് മാഞ്ഞു. അനന്തനും അത് തന്നെ നോക്കുകയായിരുന്നു. താമരക്കുളം കഴിഞ്ഞു മുൻപോട്ടു നടന്നപ്പോഴാണ് അനന്തൻ പറഞ്ഞത്. ആ സ്വരത്തിൽ ഇത് വരെ ഇല്ലാത്ത ഗൗരവം നിറഞ്ഞിരുന്നു. നോട്ടം അവളിലായിരുന്നില്ല. “പത്മ.. ഇനിയും കാത്തിരിക്കാൻ… ” അനന്തൻ പൂർത്തിയാക്കുന്നതിനു മുൻപേ പത്മ തന്റെ കൈ അവന്റെ കൈയിൽ ചേർത്തു.

മറുകൈ അവളുടെ കഴുത്തിലെ താലിയിലായിരുന്നു.. “ഈ താലിയിലാണ് ഇപ്പോൾ ന്റെ ജീവൻ.. ഇത് ന്റെ കഴുത്തിൽ വീണ നിമിഷം മുതൽ ഇതു കെട്ടിയ ആൾ മാത്രമേ ന്റെ മനസ്സിലുള്ളൂ…സമ്മതമാണ്…. ” അനന്തൻ അവളെ നോക്കിയതും പത്മ മിഴികൾ താഴ്ത്തി… ഒന്നും മിണ്ടാതെ, പരസ്പരം നോക്കാതെ, കൈകൾ ചേർത്തു പിടിച്ചു കൊണ്ട് അവർ നടന്നു.. പ്രണയം വാക്കുകളിലൂടെ പുറത്തു വന്നില്ല… അത്താഴം കഴിഞ്ഞാണ് ഭദ്രൻ തിരുമേനി അവരെ വിളിപ്പിച്ചത്. ഒരുമിച്ചാണ് അവർ മുറിയിലെത്തിയത്.. പത്മയും അനന്തനും ഇരുന്ന ശേഷമാണ് തിരുമേനി പറഞ്ഞു തുടങ്ങിയത്.. “നാഗകാളി മഠത്തിൽ സംഭവിച്ച എനിക്ക് അറിവുള്ള കാര്യങ്ങൾ ഞാൻ പറയാം.. അനന്തന് അറിയാവുന്നതാണ്.

എങ്കിലും എല്ലാമൊന്ന് ആവർത്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്തെങ്കിലും സൂചനകൾ വന്നെത്തിയെങ്കിലോ..? ” പത്മയും അനന്തനും പരസ്പരം ഒന്ന് നോക്കി. തിരുമേനി പറഞ്ഞു തുടങ്ങി.. “നാഗകാളി മഠത്തിലെ രീതികൾ നിങ്ങൾക്ക് അറിയാവുന്നതാണ്.. ഇവിടുത്തെ നാഗക്കാവിലമ്മയെ വിവാഹം കഴിക്കുന്നവനായിരിക്കും നാഗകാളി മഠത്തിന്റെ അധിപൻ. അത് അവരുടെ മുറചെറുക്കൻ ആയിരിക്കണം. മഠത്തിന്റെ അധികാരം പുറത്തു പോവാതിരിക്കാൻ വേണ്ടി കൂടെയാണ് ഇങ്ങനെ ചെയ്തു വന്നത്….. അതിനിടയിലാണ് രേവതി തമ്പുരാട്ടി വാഴൂരില്ലത്തെ അഗ്നിശർമ്മനൊപ്പം ഇറങ്ങി പോവുന്നത്. തുടർന്ന് അഗ്നിശർമ്മൻ സർപ്പദംശനമേറ്റ് മരണപ്പെടുകയും രേവതി നാഗക്കാവിൽ ജീവൻ വെടിയുകയും ചെയ്തു.

അങ്ങനെ, ഇവിടുത്തെ ചോരയാണെങ്കിലും, നാഗകാളി മഠത്തിനോടും കാവിനോടും അടങ്ങാത്ത പകയുമായാണ് അവരുടെ മകൻ ഭൈരവൻ വളർന്നത്.. ഇവിടുത്തെ അംശമായത് കൊണ്ട് നാഗക്കാവിലമ്മയെ വേളി കഴിക്കാൻ താൻ യോഗ്യനാണെന്ന് ഭൈരവൻ അവകാശപ്പെട്ടെങ്കിലും ആരും അത് അംഗീകരിച്ചില്ല.. ഭൈരവന്റെ പക ഇരട്ടിച്ചു. നാഗപഞ്ചമി നാളിൽ രണ്ടു കാവിലമ്മമാർ അപ്രത്യക്ഷരായി.. തുടർന്നു വന്ന ജാതവേദനെ ഭൈരവന് ജയിക്കാനായില്ല. ജാതവേദനും ഭഗീരഥി തമ്പുരാട്ടിയ്ക്കും അഞ്ചു മക്കളായിരുന്നു. മൂത്തവൻ ദേവനാരായണൻ.. അതിന് താഴെ സുഭദ്ര.. പിന്നെ മൂന്ന് ആൺമക്കൾ…

ജാതവേദന്റെ സഹോദരി ശ്രീദേവിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് അവരെയും മകൻ വിഷ്ണു നാരായണനെയും അദ്ദേഹം ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു. സുഭദ്രയായിരുന്നു അത് വരെ അദ്ദേഹത്തിന്റെ വലം കൈ.. വിഷ്ണുവിന്റെ വരവ് സുഭദ്രയ്ക്ക് ഇഷ്ടമായില്ല.. കൊന്നു കളയാൻ വരെ മടിക്കാത്ത ശത്രുതയായിരുന്നു രണ്ടു പേരും.. ” അനന്തനും പത്മയും തിരുമേനിയുടെ വാക്കുകൾ കേട്ടിരിക്കുകയായിരുന്നു. അവരുടെ മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു കൊണ്ടേയിരുന്നു. സുഭദ്രയും വിഷ്ണുവും.. ആദിത്യനും ഭദ്രയും… ലക്ഷ്മിയും ദേവനും.. അവരുടെ കഥയാണ് ഇനി… പ്രണയത്തിന്റെ…ചതിയുടെ…പകയുടെ…

(തുടരും )

നാഗമാണിക്യം: ഭാഗം 20

Share this story