എന്നും രാവണനായ് മാത്രം : ഭാഗം 20

Share with your friends

എഴുത്തുകാരി: ജീന ജാനകി

ഞാൻ നേരേ പോയത് അടുക്കളയിലേക്കായിരുന്നു…. മീനൂട്ടി മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കുന്നുണ്ട്…. രാജി സ്ലാബിലിരുന്ന് എന്തൊക്കെയോ വെട്ടി വിഴുങ്ങണുണ്ട്…. ഞാനും അമ്മയുടെ കൂടെ പാചകം ചെയ്യാൻ കൂടി….. ഞാൻ പാചകത്തിൽ എന്ത് കാട്ടാനാണ് എന്നൊക്കെ നിങ്ങൾ ചിന്തിക്കുകയായിരിക്കും…. തിന്നാൻ മാത്രല്ല… അത്യാവശ്യം കുക്കിംഗും എനിക്കറിയാം… വീട്ടിൽ കുനിഞ്ഞൊരു കുപ്പ എടുക്കില്ലെങ്കിലും വേറേ വീട്ടിൽ അങ്ങനെ പാടില്ലല്ലോ… പ്രത്യേകിച്ച് കണ്ണേട്ടന്റെ വീട്ടിൽ… ഞാനൊരു മടിച്ചി ആണെന്ന് തോന്നണ്ട എന്ന് കരുതി… രാജി എന്നെ അന്തംവിട്ട് നോക്കണുണ്ട്….

സത്യാണെന്നറിയാൻ സ്വയം പിച്ചി നോക്കിയിട്ട് കയ്യും തടവി ഇരിക്കുവാ….. ഇതൊക്കെ എന്ത്…. ഞാൻ വയലറ്റ് കളർ വഴുതനങ്ങ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുത്തു…. അതിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഗരംമസാലയും ഉപ്പും ലേശം തൈരും കൂടി ചേർത്ത് ഇളക്കി വച്ചു…. പത്ത് മിനുട്ട് അതിനെ മസാല പിടിക്കാൻ അടച്ച് വച്ച ശേഷം ഫ്രൈയിംഗ് പാനിൽ ഇട്ട് പൊരിച്ചെടുത്തു….. അങ്ങനെ നല്ല മൊരിഞ്ഞ വഴുതനങ്ങ ഫ്രൈ റെഡി…. ഞാൻ തകർത്തു പാചകം ചെയ്യുന്നതിനിടയിൽ സച്ചുവേട്ടനും അങ്ങോട്ട് വന്നു രാജിടെ അടുത്തിരുന്നു… എന്നെ കണ്ട് ഏട്ടന്റെ കിളിയും പോയ ചേലുണ്ട്…..

ചക്കിയെ അടുക്കളയിൽ കണ്ടപ്പോൾ രാജിയും ആദ്യം പ്രതീക്ഷിച്ചത് എന്തേലും വിഴുങ്ങാൻ വരികയാകും എന്നാണ്…. എന്നാൽ അവൾ വന്നിട്ട് ഭയങ്കര പാചകം…. കൈയിൽ നുള്ളിയൊക്കെ നോക്കി… സത്യം തന്നെയാ….. അവളുണ്ടാക്കിയ ഫ്രൈയും അടിപൊളി… മൊത്തത്തിൽ കിളി പാറിയിരുന്നപ്പോഴാ സച്ചുവും രാജിയുടെ അടുത്തേക്ക് വന്നത്…. “ടീ രാജി…. ഇവിടെ ഇപ്പോ എന്താ നടക്കുന്നേ…” “അവൾ ഭാവി അമ്മായിയമ്മയെ സോപ്പിടുവാ……” “അമ്മ പാവല്ലേ…. സോപ്പിടേണ്ട മുതൽ പുറത്ത് ഫോണും തോണ്ടി ഇരുപ്പുണ്ട്…. നേരത്തെ ഇവൾ ചേട്ടായിടെ നെഞ്ചിടിച്ച് കലക്കിയിട്ട് പേടിച്ചു അവിടെ നിൽക്കുന്നത് കണ്ടല്ലോ….

അങ്ങേര മോന്ത കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇവളെ കൊല്ലുമെന്ന്… എന്നിട്ടിതിന്റെ അംഗങ്ങൾക്ക് ഭംഗം ഒന്നൂല്ലല്ലോ….” “അവളീ കാണുന്നത് പോലൊന്നും അല്ല ഏട്ടാ… അവൾ നല്ല അടിപൊളി പുലിക്കുട്ടിയാ…. ഇപ്പോ ഒരുപാട് ഒതുങ്ങി എന്നേയുള്ളൂ….” “നീ എന്ത് തേങ്ങയാടീ ഈ പറയുന്നേ….” “അവളിങ്ങനെയൊന്നും അല്ലായിരുന്നു ഏട്ടാ… ഉണങ്ങാത്ത ഒരുപാട് മുറിവുകളേറ്റവളാ…. എന്നിട്ടും ചിരിച്ചും കളിച്ചും നിൽക്കുന്നുണ്ടെങ്കിൽ ആ മുറിവുകൾക്ക് മരുന്നായി കണ്ണേട്ടന്റെ പ്രെസൻസ് ഉള്ളതുകൊണ്ടാണ്….”

അവർ രണ്ടു പേരും പുറത്തെ മാവിന്റെ ചുവട്ടിലേക്ക് പോയി…. “രാജീ…. നീ പറ…. എനിക്കറിയണം… ” “അവളെ ഞാൻ അറിഞ്ഞത് തിരുവനന്തപുരത്ത് പഠിക്കാൻ പോയ സമയത്തായിരുന്നു… മനസ്സിടറിപ്പോയ ഒരു അവസ്ഥയിൽ അവളുടെ വാക്കുകളിലൂടെ ഞാൻ അറിയുകയായിരുന്നു യഥാർത്ഥ ജാനകിയെ…..” രാജി ജാനകിയുടെ കഴിഞ്ഞകാലങ്ങളിലേക്ക് പോയി….. ************* വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും പതിയെ കരകയറിയെങ്കിലും അവൾ എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിന്നു… അധികം ആരോടും മിണ്ടാതെയുമൊക്കെ അവൾ അവളുടേതായ ഒരു ലോകത്തിലേക്ക് ഒതുങ്ങിക്കൂടി….

അങ്ങനെയിരിക്കെ ചക്കി ആറാം ക്ലാസ്സിലായ സമയം അവളുടെ ക്ലാസിലേക്ക് പവിത്ര എന്നൊരു കുട്ടി പുതിയതായി വന്നു… ചുരുണ്ടമുടിയും ഉണ്ടക്കണ്ണുകളുമുള്ള ഒരു കൊച്ചു സുന്ദരി… ഒരു കിലുക്കാംപെട്ടി… എല്ലാവരോടും അവൾ കൂട്ടായി…. പക്ഷേ ചക്കി മാത്രം അവളോട് അകലം പാലിച്ചിരുന്നു…. പവിത്ര അങ്ങോട്ട് മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ ഒന്നോ രണ്ടോ വാക്കുകളിൽ സംസാരമൊതുക്കി…. അങ്ങനെയിരിക്കെ ഒരു ദിവസം യാദൃശ്ചികമായി പവിത്ര ക്ലാസ് റൂമിൽ കുഴഞ്ഞുവീണു… ചക്കിയും വേറേ രണ്ട് കുട്ടികളും മാത്രമേ ആ സമയം ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ…

ചക്കി അവളെ മടിയിൽ കിടത്തി തട്ടി വിളിച്ചു… അവളുടെ കണ്ണുകളൊക്കെ നിറഞ്ഞുകവിഞ്ഞിരുന്നു…. പെട്ടെന്ന് തന്നെ ടീച്ചേഴ്സ് ക്ലാസ്സിലേക്ക് വന്നു… മുഖത്ത് വെള്ളം തളിച്ചപ്പോൾ പവിത്ര കണ്ണു തുറന്നു… അവൾ ചക്കിയുടെ മടിയിൽ നിന്നും പതിയെ എണീറ്റു… ചക്കി പോലും പ്രതീക്ഷിക്കാതെ പവിത്ര അവളെ ചുറ്റിപ്പിടിച്ചു….. അവരുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു… ചക്കിയെ പൂർവ്വാധികം ഊർജ്ജസ്വലതയോടെ അവൾ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു… പവിത്ര അവൾക്ക് പവിയായി… എല്ലാവർക്കും ജാനകി ജാനു ആയപ്പോൾ പവിക്ക് മാത്രം അവൾ ജാനി ആയി….

ഏഴാം ക്ലാസിലേക്ക് കടക്കവേ മൂന്നുപേർ കൂടി അവർക്കിടയിലേക്ക് വന്നു… ഗൗരിപ്രിയ എന്ന ഗൗരി , നിവേദിത എന്ന നിവി , അഞ്ചിത എന്ന അഞ്ചി… ബാക്ക് ബെഞ്ചിലായിരുന്നു അവരുടെ സ്ഥാനം… സകല തരികിടയും കൈയിലുണ്ടായിരുന്നത് കൊണ്ട് ഹെഡ്മിസ്ട്രസ്സിന്റെ സ്ഥിരം നോട്ടപ്പുള്ളികളായിരുന്നു അഞ്ചുപേരും….. പക്ഷേ അക്കാഡമിക് പെർഫോമൻസ് കാരണം എല്ലാവർക്കും സസ്പെൻഷന് പകരം വാണിംഗിൽ ഒതുങ്ങി… ജാനകി പാട്ടിന് പുറമേ ചിത്രരചന , എഴുത്ത് , ഡാൻസിലൊക്കെ മികവ് പുലർത്തിയിരുന്നു… ബാക്ക് ബെഞ്ചിൽ ആകെ ഉറങ്ങാതെ ക്ലാസ്സിൽ ശ്രദ്ധിച്ച് നോട്ടെഴുതുന്നത് പവി ആയിരുന്നു…

ബാക്കി നാലും താടിക്ക് കൈയ്യും കൊടുത്തിരുന്ന് ഉറങ്ങാറാണ് പതിവ്…. ടീച്ചർ പഠിപ്പിച്ചത് പവി അവർക്ക് പറഞ്ഞുകൊടുക്കും… പക്ഷേ ജാനി ആ വഴി പോകാറില്ല… പുള്ളിക്കാരി തനിയെ ടെസ്റ്റ് നോക്കിയാണ് പഠിക്കാറ്… എന്തേലും സംശയമുണ്ടെങ്കിൽ മാത്രം പവിയോട് ചോദിക്കും… ക്ലാസ്സിൽ ക്വസ്റ്റ്യൻ ചോദിച്ചാൽ ഒരാൾക്ക് അറിയില്ലെങ്കിൽ ബാക്കി നാല് പേരും ഉത്തരം അറിയാമെങ്കിലും പറയാതെ ഒരുമിച്ച് അടി മേടിക്കാറാണ് പതിവ്…. പക്ഷേ പരീക്ഷക്ക് ടോപ് മാർക്കേർസിൽ അഞ്ചെണ്ണവും ഉണ്ടാകും…. പത്തിൽ എല്ലാവരും ഡിക്സ്റ്റിംഗ്ഷനോടെ പാസ്സായി… ഒരേ ട്യൂഷൻ സെന്റർ തന്നെ തിരഞ്ഞെടുത്തു…

ജാനിയും നിവിയും ബയോളജി സയൻസും പവിയും ഗൗരിയും അഞ്ചിയും കംപ്യൂട്ടർ സയൻസും തിരഞ്ഞെടുത്തു… അതുകൊണ്ട് തന്നെ പലരും പല സ്കൂളുകളിലായിരുന്നു… ട്യൂഷന് മാത്രം വരവും പോക്കും ഒരിമിച്ച് ഉണ്ടാകും….. രണ്ട് വർഷം അടിച്ചുപൊളിച്ചു കടന്നുപോയി… എല്ലാവരും നല്ല മാർക്കോട് കൂടി പാസായി … സാഹിത്യത്തോടുള്ള കമ്പം കാരണം ജാനി ഹിന്ദി ലിറ്ററേച്ചർ തിരഞ്ഞെടുത്തു…. അഞ്ച് പേരും അഞ്ചിടത്താണെങ്കിലും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു… ജാനി പവിയുടെ വീട്ടിൽ ഇടയ്ക്കിടെ പോകുമായിരുന്നത് കൊണ്ടുതന്നെ പവിയുടെ അമ്മയ്ക്കും അച്ഛനും അവളും മകൾ തന്നെയായിരുന്നു…

ജാനിയ്ക് ബി.എ ചെയ്യാൻ കിട്ടിയത് ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളേജ് ആയിരുന്നു… സമരവും അടിയും മുഖമുദ്രയായ കേരളത്തിലെ നമ്പർ വൺ കോളേജ്…. ഏക്കറുകളോളം പരന്ന് കിടക്കുന്ന ക്യാംപസ്…. വാകപ്പൂക്കളും ഞാവൽമരങ്ങളും നിറഞ്ഞ് നിൽക്കുന്ന പറുദീസ… അവിടെ ആദ്യത്തെ സെമസ്റ്റർ കഴിയുന്ന സമയത്താണ് ജാനിയുടെ തന്നെ ഡിപ്പാർട്ട്മെന്റിലെ സീനിയറും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ ജീവ അവളോട് ഇഷ്ടം പറയുന്നത്… ആദ്യമൊന്നും അവൾ സമ്മതിച്ചില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി അവളും ഇഷ്ടം പറഞ്ഞു…

ആ പറഞ്ഞ വാക്കുകൾ ഊട്ടിയുറപ്പിക്കാൻ അവളും തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… പിന്നീട് അത് എപ്പോഴോ ഇഷ്ടമായി മാറി…. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ച് അവളും മാറി… സൂപ്പർസീനിയേർസിന്റെ ക്ലാസ്സുകളിലടക്കം ഒറ്റയ്ക്ക് നിന്ന് പ്രസംഗിച്ചും കോളേജിലെ മുഴുവൻ പെൺപടകളുടെ സാരഥ്യം ചുമലിലേറ്റിയും അവൾ തന്റെ കാര്യപ്രാപ്തി തെളിയിച്ചു… പക്ഷേ ജീവയുടെ നിർദ്ദേശപ്രകാരം അവളതിൽ നിന്നെല്ലാം പിന്തിരിഞ്ഞു… ആൽബത്തിൽ പാടാനുള്ള അവളുടെ അവസരവും അവന് വേണ്ടി അവൾ നിരസിച്ചു…. ഫ്രണ്ട്സിനോടൊപ്പം തന്നെ അവർ പ്രണയകാലവും ആഘോഷിച്ചു…

ആദ്യകാലങ്ങളിൽ അവൾക് വേണ്ടി സമയം കണ്ടെത്തിയിരുന്നവൻ പിന്നീട് തിരക്കുകളിൽ മുഴുകി…. കാണുന്നതും വർത്തനവും കുറഞ്ഞു…. അതിനിടയിൽ ജാനി അവളുടെ ഇഷ്ടം വീട്ടിൽ തുറന്നു പറഞ്ഞു… ആദ്യം കുറച്ചു അടിയും ബഹളവും ഉണ്ടായെങ്കിലും അവളുടെ ഉറച്ച തീരുമാനത്തിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു… കോളേജിൽ നിന്നും പാസ്സൗട്ടായി നല്ല മാർക്കോടെ… അങ്ങനെയിരിക്കെ പിസിഒടി ക്രിട്ടിക്കൽ കണ്ടീഷനിൽ അവൾക് ഒരു ഓപ്പറേഷൻ വേണ്ടി വന്നു…. ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയപ്പോഴും ബോധം വന്നപ്പോൾ ആദ്യം ഫോണിലേക്കാണവൾ നോക്കിയത്…

ഒരൊറ്റ കോൾ പോലും ഉണ്ടായിരുന്നില്ല… അതൊക്കെ ജാനിക്ക് സഹിക്കുന്നതിലും അധികമായിരുന്നു… അവൻ അവന്റേതായ ലോകത്ത് അടിച്ചു പൊളിച്ചു നടന്നു… ജാനി തന്റെ വിഷമങ്ങൾ ഉള്ളിലൊതുക്കി എല്ലാവർക്ക് മുന്നിലും ചിരിച്ചു നടന്നു… ഒരു ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും എന്ന് വിശ്വസിച്ചവൻ , ജീവിതത്തിൽ ഏറ്റവും കൂടുതൽ തളർന്നു പോയ സമയത്ത് ചേർത്ത് പിടിച്ചു ധൈര്യം തരേണ്ടവൻ ഒറ്റപ്പെടുത്തിയത് ഒരു മുറിവായി അവളിൽ അവശേഷിച്ചു… ഓരോ രാവുകളിലും തലയണ കണ്ണുനീരിൽ കുതിർന്നു… ഓരോ സംഭവങ്ങളിലൂടെയും അവൾ തിരിച്ചറിയുകയായിരുന്നു പ്രണയവും ഇൻഫാക്റ്റുവേഷനും തമ്മിലെ വ്യത്യാസം…

പ്രണയം അഡ്ജെസ്റ്റ്മെന്റായി…. മണിക്കൂറുകളുടെ സംസാരം മിനുട്ടുകളിലേക്ക് വഴിമാറുന്നത് നിസ്സംഗതയോടെയാണ് അവൾ നോക്കിക്കണ്ടത്…. പവിയുടെ വിവാഹം കഴിഞ്ഞെങ്കിലും കോണ്ടാക്ട് ഉണ്ടായിരുന്നു… പക്ഷേ തന്റെ ഈ അവസ്ഥ പവിയെ സങ്കടത്തിലാഴ്ത്തും എന്നവൾ പേടിച്ചു… ജാനി തനിക്ക് ചുറ്റും ഒരു മതിൽ സൃഷ്ടിച്ചു… അവളുടെ സങ്കടവും ഒറ്റപ്പെടലും നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി…. അവളാ ഏകാന്തതയെ പ്രണയിച്ചു…. കുറച്ചു നാളായി പവിയുടെ വിവരം ഒന്നൂല്ല…. ഫോൺ ചീത്തയായത് കാരണം പുതിയതൊന്ന് മേടിച്ചു… നമ്പർ പഴയ ഫോണിൽ സേവ് ചെയ്തിരുന്നതുകൊണ്ട് തന്നെ പവിയുടെ നമ്പറും നഷ്ടപ്പെട്ടിരുന്നു…

ഇടയ്ക്കെപ്പോഴോ ബസ്സിൽ അത്യാവശ്യകാര്യത്തിനായി പോകവേ പവിയെ അപ്രതീക്ഷിതമായി കണ്ടു…. അവൾ വല്ലാതെ മാറിപ്പോയിരുന്നു… കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു… ബസിൽ നിന്നും ഇറങ്ങി വരാൻ അവൾ ആംഗ്യം കാണിച്ചെങ്കിലും അത്യാവശ്യമുള്ളത് കൊണ്ട് ജാനിക്ക് അതിന് സാധിച്ചില്ല.. സൺഡേ വീട്ടിൽ വരാം എന്നവൾ പറഞ്ഞൊപ്പിച്ചു… അതിന് മറുപടിയായി പവി വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു… തിരികെ വന്ന് ഞാറാഴ്ച പവിയെ കാണണം എന്ന് മനസിൽ ഉറപ്പിച്ചു… അവളുടെ നോട്ടത്തിൽ എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്ന പോലെ… പിറ്റേന്ന് തൊട്ട് വീട്ടിൽ എല്ലാവരും വലിയ ടെൻഷനിലായിരുന്നു…

ജാനിയുടെ കയ്യിൽ ഫോണൊന്നും കൊടുക്കുന്നില്ല… അത് കിട്ടിയിട്ടും കാര്യമില്ല… വിളിക്കാൻ ആരുമില്ലല്ലോ… പത്രം പോലും കയ്യിൽ കിട്ടാത്ത അവസ്ഥ… രണ്ട് ദിവസത്തിന് ശേഷം ജാനി ബുക്കൊക്കെ അടുക്കി വയ്ക്കുന്നതിനിടയിൽ അവിചാരിതമായി പത്രങ്ങളെല്ലാം താഴെ വീണു… ആ സമയം ഹാളിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…. രണ്ട് ദിവസമായി പത്രം കൈയിൽ കിട്ടിയിട്ട്… അതുകൊണ്ട് തന്നെ പഴയപത്രങ്ങളൊക്കെ ഓടിച്ചൊന്ന് നോക്കി… അതിലെ ഒരു വാർത്തയിൽ അവളുടെ കണ്ണുകൾ ഉടക്കി… ‘ഇരുപത്തൊന്നുകാരി സ്ത്രീധനപീഠനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു’ താഴെ പവിയുടെ ചിത്രം…

ജാനിയുടെ കണ്ണുനീരിൽ പത്രം കുതിർന്നു… ഹാളിലേക്ക് വന്ന ഷീന കണ്ടത് നിലത്ത് സകലതും നഷ്ടപ്പെട്ടിരിക്കുന്ന ജാനിയെയാണ്…. അവൾ ആ പത്രം നെഞ്ചോടടുക്കി പിടിച്ചിരുന്നു… കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട്.. ഷീന അവളുടെ അടുത്തേക്ക് ഓടിച്ചെന്നു… പക്ഷേ അടുത്തെത്തും മുൻപ് അവൾ കൈയുയർത്തി അമ്മയെ തടഞ്ഞു…. പതിയെ ആ പത്രവും കൊണ്ട് ജാനി അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു… ഇരുട്ടിനോടുള്ള പേടിയ്ക് മേൽ അവളുടെ വേദന വിജയം കൈവരിച്ചിരുന്നു…. വർഷങ്ങളോളം തന്റെ നിഴലായി നടന്നവളുടെ വിയോഗം അവളെ ഉലച്ചുകളഞ്ഞു…..

ഉറക്കമില്ലാതെ, ആഹാരം കഴിക്കാതെ മുറിക്കുള്ളിൽ തന്നെ അവളൊതുങ്ങി…. വല്ലപ്പോഴും ഷീന കൊടുക്കുന്ന രണ്ട് സ്പൂൺ കഞ്ഞിയായിരുന്നു അവളുടെ ജീവൻ നിലനിർത്തിയത്… ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അസ്ഥിപഞ്ചരം പോലെ കണ്ണുകൾ കുഴിഞ്ഞ് ചുണ്ടൊക്കെ വരണ്ട് പൊട്ടി മുടിയൊക്കെ പാറിപ്പറക്കുന്ന ഒരു കോലമായി ജാനി….. ഐശ്വര്യം നിറഞ്ഞ മുഖം നിർജീവമായതുപോലെ…. പൊട്ടിക്കരയാതെയുള്ള അവളുടെ ആ മൗനം എല്ലാവരെയും ഭയപ്പെടുത്തി…. ദിവസങ്ങൾ കൊഴിഞ്ഞു വീണു… അങ്ങനെയിരിക്കെ ഒരു രാത്രി ജാനിയുടെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു…

അവളുടെ നെറ്റിയിൽ ഒരു തണുത്ത കൈത്തലം പതിയും പോലെ തോന്നി… കണ്ണുകൾ വലിച്ചു തുറന്നപ്പോൾ പവി ബെഡിൽ ഇരിക്കുകയായിരുന്നു… “പവീ……” ജാനി എണീറ്റിരുന്ന് അവളെ കെട്ടിപ്പിടിച്ചു… “ഒരു കുഞ്ഞുമുറുവ് പോലും സഹിക്കാത്ത നീ ഇത് ചെയ്തെന്ന് ഞാനെങ്ങനെയാടാ വിശ്വസിക്കേണ്ടത്…. എന്തിനാടാ എന്നെ വിട്ടു നീ പോയത്…. എവിടെ പോയാലും എന്നെ കൂടെ കൂട്ടാറില്ലേ നീ…. ഇപ്രാവശ്യം നീയെന്തിനാടാ തനിയെ പോയത്…” അത് പറയുമ്പോഴേക്കും അവൾ വിതുമ്പിപ്പോയിരുന്നു… “ജാനീ…. നീയെന്താടാ ഞാൻ വിളിച്ചപ്പോൾ എന്റെ അരികിലേക്ക് വരാത്തത്…

അന്ന് നീ വന്നിരുന്നെങ്കിൽ ഞാനിന്നും നിന്റെ കൂടെ ഉണ്ടാവില്ലാർന്നോ…. ഞാൻ തനിച്ചായിപ്പോയെടാ…. ആരോടും ഒന്നും പറയാനാകാതെ ഒറ്റപ്പെട്ടുപോയി…. പെട്ടെന്ന് പവിയുടെ ശരീരത്തിൽ അടിയേറ്റ് തിണർത്ത പാടുകൾ പ്രത്യക്ഷമായി…. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…. മഞ്ഞ് പോലെ പവി മാഞ്ഞു പോയി…. ജാനി ഞെട്ടി ഉണർന്നു… അവൾ വിയർത്തു കുളിച്ചിരുന്നു… ചുറ്റും നോക്കി… മുറി നിറയെ ഇരുട്ട്…. അവളുടെ ചുറ്റും പവിയുടെ കളിചിരികൾ മുഴങ്ങി… പെട്ടെന്ന് ചിരികൾ നിലച്ചു… അവ നിസ്സഹായയായ പവിയുടെ തേങ്ങലുകളായി പ്രതിധ്വനിച്ചു… തേങ്ങലുകൾ പൊട്ടിക്കരച്ചിലായി മുറിക്കുള്ളിൽ മുഴങ്ങി….

ജാനിക്ക് തന്റെ തല പെരുക്കും പോലെ തോന്നി… അവൾ അലറിവിളിച്ച് വാതിലും തുറന്നു പുറത്തേക്കോടി…. ആ ഒറ്റപ്പെടലിനോടും ഇരുട്ടിനോടുമുള്ള പേടി പതിന്മടങ്ങായി ജാനിയിലേക്ക് തിരികെ വന്നു… ഓടിവന്ന ദിനേശനും ഷീനയും കണ്ടത് ചുറ്റുമുള്ളതെല്ലാം ഒരു ഭ്രാന്തിയെപ്പോലെ വലിച്ചെറിയുന്ന ജാനിയെയാണ്…. ഷീന അവളെ തടയാൻ ചെന്നെങ്കിലും ദിനേശൻ സമ്മതിച്ചില്ല…. അവളുടെ ഉള്ളിലെ എല്ലാ വിഷമങ്ങളും പൊട്ടിത്തെറിച്ച് തീരട്ടെയെന്ന് അദ്ദേഹം പറഞ്ഞു…. അവസാനം ദേഹം കുഴഞ്ഞ് വീണ ജാനിയെ ദിനേശൻ താങ്ങിയെടുത്തു.. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ താഴെ വീണു ചിതറി….

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 19

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!