നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 2

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 2

സൂര്യകാന്തി

പൊടുന്നനെയാണ്, കാടുപിടിച്ചു കിടക്കുന്ന, ചുറ്റുമതിലില്ലാത്ത ആ ചെറിയ കോവിൽ ഭദ്രയുടെ കണ്ണിൽ പെട്ടത്.. അടഞ്ഞു കിടന്ന വാതിലും ഒരു വശത്തായുള്ള പടുകൂറ്റൻ അരയാലും ഇടതുവശത്തുള്ള കരിങ്കൽ മണ്ഡപത്തിലെ കാലഭൈരവന്റെ ശിലയുമൊക്കെ അവൾ കണ്ടു.. കുറച്ചു മാറി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പടവുകൾക്കുള്ളിലെ കുളവും.. അടുത്ത നിമിഷം ഭദ്രയുടെ മനസ്സിൽ മറ്റൊരു കാഴ്ച്ച തെളിഞ്ഞു.. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം അവളറിഞ്ഞു.. കോവിലിനു ചുറ്റും ദീപങ്ങൾ തെളിഞ്ഞിരുന്നു..അടഞ്ഞു കിടന്ന വാതിലിനുള്ളിൽ നിന്നും മന്ത്രോചാരണങ്ങളും മണിയൊച്ചയും കേൾക്കാമായിരുന്നു..

കരിങ്കൽ മണ്ഡപത്തിലെ കാലഭൈരവശിലയിൽ കൂവളമാലയുണ്ടായിരുന്നു.. തെളിഞ്ഞു കത്തുന്ന ദീപപ്രഭയിൽ ആ കണ്ണുകളിലെ രൗദ്രഭാവം വ്യക്തമായിരുന്നു.. മണിയൊച്ചയോടെയാണ് കോവിൽ വാതിൽ തുറന്നത്.. ചുവന്ന പട്ടു ചാർത്തിയ മഹാകാളിയുടെ കൈയിൽ ചുറ്റി പിണഞ്ഞൊരു വെള്ളിനാഗമുണ്ടായിരുന്നു.. കോവിലിനു മുൻപിൽ കൈകൂപ്പി നിന്നിരുന്ന, നീണ്ട മുടി അറ്റം കെട്ടി തുളസിക്കതിർ ചൂടിയ അതിസുന്ദരിയായ പെൺകുട്ടിയുടെ മിഴികൾ വിടർന്നു..ചെമ്പകത്തിന്റെ ഗന്ധമായിരുന്നു അവൾക്ക്..അവൾ പുഞ്ചിരിയോടെ നിറദീപങ്ങൾക്ക് നടുവിലെ ദേവിയെ വണങ്ങി..

ഭദ്ര തല കുടഞ്ഞു.. ഒന്നുമില്ല.. ബൈക്ക് കാട് പിടിച്ചു കിടന്നിരുന്ന കോവിൽ കടന്നു പോയിരുന്നു.. എല്ലാം തോന്നലായിരുന്നു.. എന്ത്‌ കണ്ടാലും കഥകൾ മെനയുന്ന മനസ്സിന്റെ ജാലവിദ്യ.. പക്ഷെ ആ പെൺകുട്ടി.. പ്രഭ ചൊരിയുന്ന ദേവീശില.. കാളിയാർമഠത്തിലേക്ക് തിരിഞ്ഞപ്പോൾ വണ്ടിയൊന്ന് പാളി.. മുന്നോട്ടാഞ്ഞപ്പോൾ ഭദ്ര അറിയാതെ ആദിത്യന്റെ ചുമലിൽ പിടിച്ചു.. കാളിയാർമഠത്തിന്റെയും നീലിമലക്കാവിന്റെയും അതിരിൽ നിന്നിരുന്ന ഏഴിലം പാല വല്ലാതൊന്നാടിയുലഞ്ഞു.. ആദിത്യൻ ചുമലൊന്ന് വെട്ടിച്ചു.

താൻ പിടിച്ചത് ഒട്ടും ഇഷ്ടമായില്ലെന്ന് ഭദ്രയ്ക്ക് മനസ്സിലായി.. അവൾ കൈ വലിച്ചു.. വീഴാൻ പോവുന്നത് പോലെ തോന്നിയപ്പോൾ പിടിച്ചതാണ്.. ഇയാളെന്താ ഇങ്ങനെ..?ഇനി അമ്മ എങ്ങനെയാണോ എന്തോ.. കാളിയാർമഠത്തിന്റെ മുറ്റത്ത് ആദിത്യന്റെ ബൈക്ക് ചെന്നു നിന്നപ്പോൾ ഭദ്രയുടെ കണ്ണുകൾ വിടർന്നു.. പഴമയുടെ പ്രൗഡിയുമായി കാളിയാർമഠം അവൾക്ക് മുൻപിൽ തലയുയർത്തി നിന്നു.. നീളമുള്ള കോലായിലെ ചാരുപടികൾക്കിടയിൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക് അവൾ കണ്ടു. അതിന് മുൻപിൽ ചമ്രം പടിഞ്ഞിരുന്നു നാമം ജപിക്കുന്നയാളെയും..

വിശാലമായ മുറ്റത്തെ തുളസിത്തറയിലെ ദീപം പൊലിഞ്ഞിരുന്നില്ല.. ചുറ്റുമൊന്ന് കണ്ണയച്ചപ്പോൾ ഇടതു വശത്ത് മുറ്റത്തു നിന്നും താഴെത്തെ പറമ്പിലേക്ക് ഇറങ്ങുന്ന വീതിയേറിയ പടവുകൾ കണ്ടു.. കാടുമൂടി കിടന്നിരുന്നുവെങ്കിലും ചുറ്റുമതിലിലെ നാഗചിഹ്നങ്ങൾ കണ്ടപ്പോൾ തന്നെ നാഗത്താൻ കാവ് ഭദ്ര തിരിച്ചറിഞ്ഞിരുന്നു.. വണ്ടി ഒതുക്കി വെച്ച് ആദിത്യൻ അവളെ ശ്രെദ്ധിക്കാതെ പൂമുഖത്തെ പടിയിൽ വെച്ചിരുന്ന കിണ്ടിയിലെ വെള്ളം കാലിൽ ഒഴിച്ചു കോലായിലേക്ക് കയറിയിരുന്നു.. ഭദ്ര ബാഗുകളുമായി മുറ്റത്തു തന്നെ നിന്നു.. “കുട്ടി ആ കാലൊന്ന് കഴുകിയിട്ടു ഇങ്ങട് കയറിക്കോളൂ..”

ശ്രീദേവിയമ്മ ചിരിയോടെ പറഞ്ഞപ്പോൾ ഭദ്ര ബാഗ് താഴെ വെച്ച് ഷൂസ് അഴിച്ചു ഒതുക്കി വെച്ച് കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി.. വലത് കാൽ പൂമുഖപ്പടിയിൽ സ്പർശിച്ച നിമിഷം ശരീരത്തിലൂടെ വൈദ്യുതി കടന്നു പോയത് പോലെ ഭദ്രയ്ക്ക് തോന്നി.. കാൽ അനക്കാൻ കഴിയുന്നില്ല… കാവിൽ,കരിയിലകൾ മൂടി കിടന്നിരുന്ന കരിനാഗത്തറയിൽ നിന്നും ഇഴഞ്ഞെത്തിയ കുഞ്ഞു നാഗം പടവുകളിലൂടെ ഇഴഞ്ഞ് മുറ്റത്തെത്തിയിരുന്നു. പത്തി വിടർത്തി ശിരസ്സൊന്നിളക്കിയതും നാഗത്താൻ കാവിൽ നിന്നുമെത്തിയ ഇളംകാറ്റ് ഭദ്രയുടെ മുടിയിഴകളെ തലോടി കടന്നു പോയി..

തോന്നിയതാവും.. മനസ്സിൽ പറഞ്ഞു കൊണ്ടു ഭദ്ര പൂമുഖത്തേക്ക് കയറി. ഭദ്രയുടെ പാദം സ്പർശിച്ചയിടത്ത് തെളിഞ്ഞ ചുവന്ന ത്രിശൂല അടയാളം പതിയെ മാഞ്ഞു പോയി.. “മോളങ്ങു വളർന്നു വല്യ പെണ്ണായി.. കുഞ്ഞിലേ കണ്ടതാണ് ഞാൻ..” അവരുടെ മുടിയിഴകളിൽ വെള്ളിരേഖകൾ തെളിഞ്ഞിരുന്നു.. നെറ്റിയിലെ ഭസ്മക്കുറി പാതി മാഞ്ഞിരുന്നു..ഐശ്വര്യം നിറഞ്ഞ മുഖത്ത് തെളിഞ്ഞു കണ്ട പുഞ്ചിരി ഭദ്രയുടെ മനസ്സിലൊരു തണുപ്പ് വീഴ്ത്തി.. എന്തായാലും മോനെ പോലെയല്ല.. ആദിത്യൻ അകത്തേക്ക് പോയി കഴിഞ്ഞിരുന്നു.. “അമ്മയെ പോലെ തന്നെ സുന്ദരിയാണ് ട്ടൊ.. അച്ഛന്റെ അതേ ചിരിയും.. കണ്ണുകളും..”

അവളുടെ തലയിൽ തലോടി കൊണ്ട് അവർ പറഞ്ഞപ്പോൾ ഭദ്രയുടെ കണ്ണുകൾ തിളങ്ങി.. കവിളിൽ നുണക്കുഴികൾ തെളിഞ്ഞു.. “അച്ഛനും അമ്മയ്ക്കുമൊക്കെ സുഖമല്ലേ കുട്ടി.. കണ്ടിട്ടും കാലമേറെയായി..” “സുഖമാണ്…” ഭദ്രയുടെ സ്വരമൊന്നിടറിയത് ശ്രീദേവിയമ്മ അറിഞ്ഞില്ല.. ദേവിയമ്മ അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.വൃത്തിയാക്കിയിട്ടിരുന്ന വലിയൊരു മുറിയിലേക്കാണ് അവർ അവളെ കൊണ്ടു പോയത്.. “യാത്രയൊക്കെ കഴിഞ്ഞു വന്നതല്ലേയുള്ളു.. മോളൊന്ന് കുളിച്ചു വരുമ്പോഴേക്കും അമ്മ കഴിക്കാൻ എടുത്തു വെയ്ക്കാം..അകത്തെ കുളിമുറിയിൽ കുളിച്ചോളൂട്ടൊ.. ”

അവർ പുറത്തേക്കിറങ്ങിയതും ഭദ്ര ചുറ്റും നോക്കി.. കട്ടിലിൽ പുതിയ ഷീറ്റ് വിരിച്ചിട്ടുണ്ട്. ചുമരിനോട് ചേർത്തിട്ട മേശയിൽ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്.. അടഞ്ഞു കിടന്ന ജനവാതിലിന്റെ ഒരു പാളി അവൾ തുറന്നതും കാറ്റ് അകത്തേക്ക് അടിച്ചു കയറി.. ഒപ്പം ഏഴിലം പാല പൂത്ത സുഗന്ധവും.. ഇരുൾ മൂടിതുടങ്ങിയ നാഗത്താൻ കാവ് കാണാമായിരുന്നു. കുറച്ചേറെ കഴിഞ്ഞാണ് ഭദ്ര കുളി കഴിഞ്ഞിറങ്ങിയത്.. നനവുണങ്ങാത്ത മുടിയിഴകൾ കൈ കൊണ്ട് കോതിയൊതുക്കി അവൾ പുറത്തേക്കിറങ്ങി.. മുറിയുടെ ഇടതു വശത്തായി മുകളിലേക്കുള്ള നീണ്ട ഗോവണിപ്പടികൾ കണ്ടു..

നടുമുറ്റത്തിനരികെയുള്ള വരാന്തയിലൂടെ നടന്നപ്പോൾ അടച്ചിട്ട രണ്ടു മുറികൾ കണ്ടു.. അവൾ അകത്തളത്തിലേക്ക് കയറുമ്പോഴേക്കും ദേവിയമ്മ മുൻപിലെത്തിയൊരുന്നു.. “ന്തേ വൈകിയത്..?ഞാൻ തിരക്കി വരായിരുന്നു…” “അത്.. ഞാൻ..” “വാ കഴിക്കാം..” ശ്രീദേവി അവളെ ഊണുമേശയ്‌ക്കരികിലേക്ക് കൂട്ടികൊണ്ട് പോയി.. മൂടി വെച്ച പാത്രങ്ങൾ തുറക്കുമ്പോൾ അവർ പറഞ്ഞു.. “മോൾക്കിതൊക്കെ ഇഷ്ടാവോ..?”ആദിയ്ക്ക് രാത്രി ഇതൊക്കെയാണ് പതിവ്.. നാളെ ഞാൻ മോളുടെ ഇഷ്ടത്തിന് വെച്ചു തരാം ട്ടൊ..” കഞ്ഞിയും ചുട്ട പപ്പടവും പയറ് തോരനും.. കൂടെ എരിവുള്ള കാന്താരി ചമ്മന്തിയും.. കടുമാങ്ങാ അച്ചാറും ഭദ്രയുടെ കണ്ണിൽ പെട്ടു..

“എനിക്കങ്ങനെ ആഹാരക്കാര്യത്തിൽ പ്രത്യേകിച്ചു ഇഷ്ടങ്ങൾ ഒന്നുമില്ലമ്മേ, എല്ലാം കഴിക്കും..” കഞ്ഞി പ്ലേറ്റിലേക്ക് ഒഴിച്ചു കൊണ്ട് ഭദ്ര പറഞ്ഞു. “ആദിത്യൻ….?” പെട്ടെന്നോർത്തത് പോലെ ഭദ്ര കൂട്ടി ചേർത്തു.. “സാർ.. സാർ കഴിച്ചോ…?” “ഇല്ല്യ.. അവനിത് വരെ താഴേക്ക് വന്നിട്ടില്ല്യ ” ഭദ്ര ശ്രീദേവിയെ നോക്കി.. അവർ ചിരിയോടെ പറഞ്ഞു.. “അവന്റെ ലോകം ഇവിടുത്തെ മുകൾനിലയിലാണ്… ക്ലാസ്സ്‌ കഴിഞ്ഞു വന്നു നേരെയങ്ങു കയറി പോവും.. പിന്നെ കഴിക്കാനാണ് ഇറങ്ങി വരാ..” വല്ലാത്തൊരു ജന്മം.. അയാൾ പഠിപ്പിക്കുന്ന പിള്ളേരുടെ ഒരു ഗതികേട്.. മനസ്സിൽ പറയവേ,

ലിറ്ററേച്ചർ ആണ് പഠിപ്പിക്കുന്നതെന്നും ആള് ഭയങ്കര സ്മാർട്ട്‌ ആണെന്നുമൊക്കെ അച്ഛൻ പറഞ്ഞത് ഭദ്ര ഓർത്തു.. “ആദീ..” വാതിൽക്കൽ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആദിത്യനെ ദേവിയമ്മ വിളിക്കുന്നത് കേട്ടാണ് ഭദ്ര നോക്കിയത് .. “നീ കഴിക്കണില്ല്യേ..?” അമ്മയുടെ ചോദ്യം കേട്ട് പിന്നെയും ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് അയാൾ അവർക്കരികിലേക്കെത്തിയത്.. കഴിക്കാൻ വന്ന ആൾ തന്നെക്കണ്ടാണ് പിന്തിരിഞ്ഞു പോവാൻ തുടങ്ങിയതെന്ന് ഭദ്രയ്ക്ക് മനസ്സിലായി.. അവൾക്കെതിരെയുള്ള കസേരയിൽ ഇരുന്നെങ്കിലും ആദിത്യൻ അവളെ നോക്കിയതേയില്ല…

അയാൾ ഒന്നും പറയാതെ കഴിച്ചു കൊണ്ടിരുന്നു.. “മോളുടെ പഠിത്തത്തിന്റെ കാര്യത്തിനാണ് വരുന്നതെന്ന് അച്ഛൻ പറഞ്ഞിരുന്നു.. ആദിയോടാണ് കാര്യങ്ങളൊക്കെ പറഞ്ഞത്..” ആ നിമിഷം ആദിത്യൻ തലയൊന്നുയർത്തി അവളെ നോക്കി.. കണ്ണടയ്ക്കുള്ളിലെ മിഴികളിലെ ഭാവം ഭദ്രയ്ക്ക് മനസ്സിലായില്ല. അവളുടെ വരവിന്റെ ഉദ്ദേശം പൂർണ്ണമായും ദേവിയമ്മയ്ക്ക് മനസ്സിലായിട്ടില്ലെന്ന് ഭദ്ര അറിഞ്ഞു. കഴിച്ചു കഴിഞ്ഞു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആദിത്യൻ എഴുന്നേറ്റു പോയി. ദേവിയമ്മയോട് പിന്നെയും കുറേ നേരം സംസാരിച്ചിട്ടാണ് ഭദ്ര കിടന്നത്… അത്താഴം കഴിഞ്ഞു ഗോവണിപ്പടികൾ കയറി പോയ ആളെ പിന്നെ കണ്ടില്ല..

“ഞാൻ കൂട്ടു കിടക്കണോ കുട്ട്യേ..?” അവളുടെ മുറിയുടെ വാതിൽക്കൽ ശങ്കിച്ചു നിൽക്കുന്ന ദേവിയമ്മയെ നോക്കി ഭദ്ര ചിരിച്ചു. “എനിക്ക് പേടിയൊന്നുമില്ല.. ദേവിയമ്മ കിടന്നോളൂ..” “നേരം വെളുത്തിട്ടേ കുട്ടി പുറത്തിറങ്ങാവൂ.. നൂറ്റാണ്ടുകൾ പഴക്കമുള്ള കാവിൽ ഗന്ധർവന്മാരടക്കം പലരുമുണ്ട്.. ആ ജനൽപ്പാളി അടച്ചിട്ടേക്ക്.. തുറക്കരുത്….” അവളെക്കൊണ്ട് ജനൽപാളികൾ അടപ്പിച്ചിട്ടാണ് ദേവിയമ്മ പോയത്.. അച്ഛനെ വിളിച്ചു സംസാരിച്ചിട്ടാണ് ഭദ്ര ഉറങ്ങിയത്.. ആ ശബ്ദത്തിന് അവളുടെ മനസ്സിലെ ആകുലതകളെല്ലാം മായ്ച്ചു കളയാനുള്ള കെൽപ്പുണ്ടായിരുന്നു.. പാതിരാത്രി കഴിഞ്ഞതും അവൾ ഞെട്ടിയുണർന്നു..

ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി നിന്നു. പകയാളുന്ന നീലകണ്ണുകൾക്കൊപ്പം,പതിവില്ലാതെ അവളുടെ കഴുത്തിൽ മുറുകുന്ന രണ്ടു കൈകൾ കൂടെ സ്വപ്നമായി എത്തിയിരുന്നു.. “മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപ്പൂ പൂത്തപൊലെ തിളങ്ങുന്നുവോ അഴകോലും ഗന്ധർവന്മാർ ശ്രുതി മീട്ടും പാല കൊമ്പിൽ മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ മന്ത്രമായി തുളുമ്പുന്നുവോ കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിലെ ചില്ലോലം തുമ്പി കുറുമ്പോ മനസ്സു നിറയെ മഴയോ നിനവു പൊഴിയും അഴകോ..” നേർത്ത സംഗീതം ചെവിയിലെത്തിയതും ഭദ്ര പിടഞ്ഞുണർന്നു..

യാന്ത്രികമായാണ് വാതിൽ തുറന്നത്.. നോവ് നിറഞ്ഞ ആ പെൺ ശബ്ദം മുകൾ നിലയിൽ നിന്നാണ്.. പാലപ്പൂമണം അവിടെയാകെ നിറഞ്ഞിരുന്നു.ഭദ്രയുടെ കാലുകൾ ചലിച്ചു. രണ്ടാമത്തെ പടിയിൽ ചവിട്ടിയപ്പോഴാണ് അവൾക്ക് സ്വബോധം വന്നത്.. ധൃതിയിൽ തിരികെ അറയ്ക്കകത്ത് കയറി വാതിൽ ചാരുമ്പോൾ അവൾ വ്യക്തമായി കേട്ടു.. വീണയുടെ സ്വരവീചികൾക്കവസാനം ഹൃദയം നുറുങ്ങുന്ന ഒരു തേങ്ങൽ.. രാവിലെ ഭദ്ര ഉണരാൻ വൈകിയിരുന്നു.. അതിരാവിലെ കുളിക്കുന്ന പതിവൊന്നും ഇല്ലെങ്കിലും ദേവിയമ്മയെ മുഷിപ്പിക്കണ്ടെന്ന് കരുതി അവൾ കുളിക്കാൻ കയറി.

പെട്ടെന്നുള്ള ഒരു തോന്നലിലാണ് ബാഗിന്റെ അടിഭാഗത്തു മടക്കി വെച്ചിരുന്ന കറുത്ത കരയുള്ള മുണ്ടും നേര്യേതും കൈയിലെടുത്തത്.. അതണിഞ്ഞു മുടി കുളി പിന്നൽ കെട്ടിയിട്ടു കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ അമ്മയെ ഓർത്തു.. ഒരുപാട് കാലത്തിനു ശേഷം ഭദ്രയുടെ കണ്ണുകൾ മഷിയണിഞ്ഞു.. ഭദ്ര അറവാതിൽ തുറന്ന നിമിഷമായിരുന്നു ആദിത്യൻ മുകളിൽ നിന്നും ഇറങ്ങി വന്നത്. നേവി ബ്ലൂ കളറിലുള്ള കുർത്തയുടെ കൈകൾ മടക്കിവെച്ചു കൊണ്ടു ഗോവണിപ്പടികൾ ഇറങ്ങി ഭദ്രയുടെ മുറി കടന്നു പോവാൻ തുടങ്ങുമ്പോഴാണ് വാതിൽ തുറന്നത്.. അറിയാതെയാണ് മിഴികൾ കൊരുത്തത്.

ആദ്യമായാണ് ആ കണ്ണുകൾ കറുത്ത ഫ്രെയിമിൽ നിന്നും സ്വതന്ത്രമായി കണ്ടത്.. തീക്ഷ്ണതയേറിയ മിഴികളിലെ ചെമ്പൻ നിറമുള്ള കൃഷ്മണികളിൽ ഒരു മാത്ര മനസ്സ് കൈ വിട്ടു പോയത് പോലെ ഭദ്രയ്ക്ക് തോന്നി.. ഒരു നിമിഷമേ ആ മാജിക് മുമന്റ് ഉണ്ടായിരുന്നുള്ളൂ.. അടുത്ത നിമിഷം ആദിത്യൻ അവളിൽ നിന്നും മുഖം തിരിച്ചു നടന്നു.. പുറത്തേയ്ക്കുള്ള വാതിൽക്കൽ എത്തിയതും പതിയെ പിന്തിരിഞ്ഞു വീണ്ടും അവളുടെ അടുക്കലോളമെത്തി.. “ഈ വരവിന്റെ ഉദ്ദേശം പൂർണമായും അമ്മയ്ക്ക് അറിയില്ല.. അവരെ ഇനിയും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.. അതാരായാലും..”

അതൊരു താക്കീതിന്റെ സ്വരമായിരുന്നു.. അയാൾ പുറത്തേക്ക് പോയിട്ടും ഭദ്ര അങ്ങനെ തന്നെ നിന്നു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം ചെവിയിൽ എത്തിയതും ഭദ്ര ഓടി പുമുഖ വാതിലിൽ എത്തി. ദേവിയമ്മയോട് യാത്ര പറഞ്ഞു വണ്ടി തിരിക്കുന്നതിനിടയിലാണ് ആദിത്യന്റെ നോട്ടം അവളിലെത്തിയത്.. ഭദ്രയുടെ ഉള്ളിൽ ഉണരുന്ന വികാരങ്ങൾ എന്തെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.. ആദിത്യൻ അവളെ നോക്കാതെ വണ്ടിയെടുത്തു പോയെങ്കിലും ഭദ്ര അവിടെ തന്നെ നിന്നു.. അയാൾ ദൂരെ മറയുവോളം..

നാഗക്കാവിൽ തിരി വെച്ചു തിരികെ എത്തിയപ്പോഴാണ് രുദ്രയുടെ മുറിയിൽ നിന്നും മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം പത്മയുടെ ചെവികളിലെത്തിയത്.. വിറയലോടെയാണവൾ ഫോൺ കൈയിൽ എടുത്തത്.. സ്വയം നിയന്ത്രിക്കാൻ കഴിയാതെ, അക്‌സെപ്റ്റ് ബട്ടൺ പ്രെസ്സ് ചെയ്തു ഫോൺ ചെവിയിൽ ചേർക്കുമ്പോൾ പത്മയുടെ ഹൃദയം അതിവേഗം മിടിക്കുന്നുണ്ടായിരുന്നു.. “ഹലോ.. മോളൂ.. രുദ്രാ ?” പത്മയുടെ ചുണ്ടുകൾ വിറച്ചു.. മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു..ശബ്ദം പുറത്തു വന്നില്ല.. ഒരു നിമിഷം പോലും വേണ്ടി വന്നില്ല അപ്പുറത്തുള്ളയാൾക്ക് അവളെ തിരിച്ചറിയാൻ.. “പത്മ….?”

ഉയർന്നു വന്ന തേങ്ങൽ അവൾ അടക്കിപ്പിടിച്ചു.. പതിയെ മൂളി.. “ഉം..” ഒന്ന് രണ്ടു നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി.. “ഭദ്ര…?” പത്മ മെല്ലെ ചോദിച്ചു.. “അവിടെ എത്തി.. ഷീ ഈസ്‌ ആൾറൈറ്..” “രുദ്ര പറഞ്ഞിരുന്നു.. അവൾ കുളിക്കുകയാണ്.. ഞാൻ പറയാം അനന്തേ.. അച്ഛൻ വിളിച്ചിരുന്നുവെന്ന്…” അനന്തൻ ഒന്നും പറഞ്ഞില്ല.. വീണ്ടും അവർക്കിടയിൽ നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി..

കാൾ കട്ട്‌ ആയിട്ടും പത്മ ഫോൺ ചെവിയിൽ നിന്നും മാറ്റിയില്ല.. പത്മയുടെ പിറകിലെ ചുമരിൽ ഫ്രെയിം ചെയ്ത വലിയ ഫോട്ടോയിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു.. ഒരേപോലുള്ള രൂപഭാവങ്ങൾ.. പക്ഷേ അവരുടെ സ്വഭാവങ്ങൾ തമ്മിൽ രാവും പകലും തമ്മിലുള്ള അന്തരം ഉണ്ടായിരുന്നു.. ശ്രീഭദ്രയും ശ്രീരുദ്രയും..നാഗകാളി മഠത്തിൽ അനന്തപത്മനാഭന്റെയും പത്മാദേവിയുടെയും മക്കൾ..

(തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 1

Share this story