നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 4

Share with your friends

സൂര്യകാന്തി

പൂമുഖത്തെ തൂണിൽ മുഖം ചേർത്ത് നിൽക്കവേയാണ് ഭദ്രയുടെ മിഴികൾ നാഗത്താൻകാവിലേക്കെത്തിയത്.. കാടുപിടിച്ചു കിടക്കുന്ന കാവിലെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകൾ ഒന്നനങ്ങിയോ..? കാളിയാർമഠത്തിൽ ജനിച്ച്, നാഗത്താൻ കാവിലെ നാഗദൈവങ്ങളെ ഉപാസിച്ചിട്ടും, കാളിയാർമഠത്തോടും കാളീശ്വരത്തുകാരോടും അടങ്ങാത്ത പകയുമായി, ഗതി കിട്ടാത്ത ആത്മാവായി അലയുന്ന ദാരികയെന്ന അശ്വതി തമ്പുരാട്ടി… കല്ല്യാശ്ശേരി മനയ്ക്കലെ വാമദേവൻ തിരുമേനി ആവാഹിച്ച് നാഗത്താൻ കാവിലെ ഏഴിലം പാലയിൽ തറച്ചവൾ..

രാത്രിഞ്ചരന്മാരോടൊപ്പം നാഗക്കാവിന്റെ അതിർത്തിയ്ക്കുള്ളിൽ ഒതുങ്ങേണ്ടി വന്നവൾ.. ഭദ്രയ്ക്ക് നാഗകാളിമഠത്തെ പറ്റി പറഞ്ഞു കേട്ട കഥകൾ ഓർമ്മ വന്നു.. നാഗകാളിമഠത്തിൽ നിന്നും എല്ലാമുപേക്ഷിച്ചു വാഴൂരില്ലത്തെ അഗ്നിശർമ്മന്റെ കൂടെ ഇറങ്ങി പോയ രേവതി തമ്പുരാട്ടി.. ഒടുവിൽ നാഗകാളി മഠത്തിലെ കാവിനരികെ വെച്ച് അഗ്നിശർമ്മൻ വിഷം തീണ്ടി മരിച്ചപ്പോൾ നാഗക്കാവിൽ തല തല്ലി മരിച്ച രേവതി തമ്പുരാട്ടിയുടെ മകൻ തന്റെ അച്ഛനമ്മമാരുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടു.. ഭൈരവൻ.. സ്വന്തം ചോരയോട് പ്രതികാരം ചെയ്യുമ്പോൾ ഒരു വട്ടമെങ്കിലും അവർ ഓർത്തു കാണുമോ തങ്ങളുടെ വിശ്വാസങ്ങൾ സത്യമായിരുന്നോയെന്ന്..?

ഉണ്ടാവില്ല.. പക മനസ്സിനെ മാത്രമല്ല ചിന്താശേഷിയെക്കൂടിയാണ് വരിഞ്ഞു മുറുക്കുന്നത്… അറിയണം എല്ലാം.. നാഗകാളി മഠത്തിനെയും കാളിയാർമഠത്തിനെയും ബന്ധിപ്പിക്കുന്ന കണ്ണികളേതെന്ന്… ആ നീലക്കണ്ണുകൾ ആദ്യമായി സ്വപ്നങ്ങളിൽ എത്തിയത് കൗമാരം തുടങ്ങുന്നതിനും മുൻപേയാണ്… അതിന്റെ അവകാശിയെ തിരിച്ചറിഞ്ഞത് മുതലാണ് കാളിയാർമഠത്തെ പറ്റിയുള്ള അന്വേഷണങ്ങൾ തുടങ്ങിയത്.. അതിനിടയിൽ തന്റെ മനസ്സ് കൊടുത്തുപോയയാൾ ഇവിടുത്തെ അവകാശിയായിരുന്നുവെന്നത് തികച്ചും യാദൃശ്ചികമായിരുന്നു..

ഫോണിൽ തുടർച്ചയായി വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വരുന്ന ശബ്ദം കേട്ടാണ് ഭദ്ര സൈഡ് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കിയത്.. ആളുടെ പേര് കണ്ടതും ഭദ്രയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.. അമാലിക..അമലേന്റി.. “ഹായ് മോളൂ സുഖാണോ..?അനന്തു പറഞ്ഞിരുന്നു. മോള് തീസിസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന്.. അനന്തു നാട്ടിലേക്ക് വരണുണ്ടോ..? രണ്ടു ദിവസം മുൻപ് കണ്ടപ്പോഴും വിളിച്ചപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല.. ഇന്ന് ഓഫീസിലെ ഒരു സ്റ്റാഫ്‌ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.. രുദ്രയും അമ്മയുമൊക്കെ സുഖമായിരിക്കുന്നോ..?”

മെസ്സേജ് വായിച്ചു കഴിഞ്ഞതും ഭദ്ര ഒരു ദീർഘനിശ്വാസം വിട്ടു.. എനിക്കും കൂടുതൽ ഒന്നും അറിയില്ല ആന്റി എന്ന് പറഞ്ഞൊരു റിപ്ലൈ കൊടുത്തു.. ആന്റിയ്ക്ക് ഇപ്പോഴും നല്ല കുറ്റബോധമുണ്ട്.. താൻ കാരണമാണ് അനന്തനും പത്മയും വേർപിരിഞ്ഞു കഴിയുന്നതെന്ന വേവലാതിയാണ് ആന്റിയ്ക്ക്.. എത്ര പറഞ്ഞാലും ആന്റിയ്ക്ക് മനസ്സിലാവില്ല.. അമ്മയുടെ ഓവർ പോസ്സസ്സീവ്നെസ്സ് ആണ്‌ എല്ലാത്തിനും കാരണം.. പിടിവാശിയും.. പക്ഷേ അച്ഛൻ.. അച്ഛന്റെ മൗനം.. ഒരിക്കൽ പോലും പരസ്പരം കുറ്റപ്പെടുത്തി കണ്ടിട്ടില്ല.. ഒരക്ഷരം പോലും.. എന്നിട്ടും ഇവരെന്തിനാ ഇങ്ങനെ…

രുദ്രയും താനും മാറി മാറി ചോദിച്ചിട്ടും ഒന്നും പറഞ്ഞിട്ടില്ല രണ്ടാളും.. എന്നാലും അച്ഛൻ പെട്ടെന്നിങ്ങനെ മനയ്ക്കലേക്ക് തിരിച്ചു വരണമെങ്കിൽ.. ഭദ്രയുടെ ഉള്ളിലൂടെയൊരു മിന്നൽ പിണർ കടന്നു പോയി.. അപകടം.. അനന്തപത്മനാഭൻ ധൃതി പിടിച്ചു തിരികെ വരണമെങ്കിൽ കാരണം ഒന്നേയുള്ളു.. നാഗകാളീമഠത്തിന് എന്തോ അപകടം സംഭവിക്കാൻ പോവുന്നു… ആ ചിന്ത മനസ്സിൽ നാമ്പിട്ടതും ഭദ്ര ഫോണിൽ രുദ്രയുടെ നമ്പർ ഡയൽ ചെയ്തു.. എടുക്കുന്നില്ല.. വീണ്ടും ഡയൽ ചെയ്തു ലാസ്റ്റ് റിങ്ങിൽ ആണ് ആ ശബ്ദം കേട്ടത്.. “രുദ്ര ഇവിടെയില്ല്യാ…” അമ്മ…. “എവിടെ പോയി…?” “അവൾ താഴെ വീട്ടിൽ പോയി…”

“അവിടെ.. അവിടെ ആ എഴുത്തുകാരൻ മാത്രമല്ലേയുള്ളൂ..” ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്.. “അല്ല.. ശ്രീ വന്നിട്ടുണ്ട്..” “ശ്രീ മാമ്മനോ ..?” “ഉം…” “അമ്മ.. അമ്മയ്ക്ക്…” മടിച്ചു മടിച്ചാണ് വാക്കുകൾ പുറത്തേക്ക് വന്നത്..പൂർത്തിയാക്കേണ്ടി വന്നില്ല.. “നിക്കിവിടെ സുഖം..” ആ ശബ്ദം ഒന്നിടറിയോ..? “നിനക്ക് അവിടെ കൊഴപ്പമൊന്നുല്ല്യാലോ അമ്മൂ..” “ഇല്ലമ്മേ..” “ദേവിയമ്മയോട് ഞാൻ അന്വേഷിച്ചതായി പറയൂ.. ഞാൻ രുദ്ര വരുമ്പോൾ പറയാം…” പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.. ഒരിക്കൽ അവർക്കിടയിലെ പ്രശ്നത്തെപറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ വന്നപ്പോൾ വായിൽ തോന്നിയതെല്ലാം അമ്മയോട് വിളിച്ചു പറഞ്ഞു.. ഒന്നും തിരിച്ചു പറഞ്ഞില്ല.. ഒന്ന് വഴക്ക് പോലും പറഞ്ഞില്ല..

അമ്മ ഒന്ന് കൂടെ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി.. സംസാരം അത്യാവശ്യത്തിനു മാത്രമാക്കി.. പക്ഷെ അച്ഛൻ.. ആദ്യമായാണ് തന്നെ ഇത്രയും വഴക്ക് പറഞ്ഞത്.. ആ ഭാവം കണ്ടപ്പോൾ ഭയന്നു പോയി.. ഇനി ഒരിക്കലും അമ്മയോട് അങ്ങനെയൊന്നും സംസാരിക്കില്ലെന്ന് വാക്ക് കൊടുക്കേണ്ടി വന്നു അച്ഛന്.. ശ്രീ മാമ്മൻ കൂടെ എത്തിയിട്ടുണ്ടെങ്കിൽ എന്തോ കാര്യം ഉണ്ട്… അമ്മയുടെ ഒരേ ഒരനിയൻ…താഴെ വീട്ടിലെ മുത്തശ്ശനും മുത്തശ്ശിയും മരിച്ചതോടെ ആൾ ഫുൾ ടൈം യാത്രകളിലാണ്.. സിനിമയും യാത്രകളുമാണ് ശ്രീമാമ്മന്റെ ലോകം.. കല്യാണം പോലും കഴിച്ചിട്ടില്ല.. ശ്രീനാഥ് മാധവിന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയിരുന്നു “നാഗമാണിക്യം”അച്ഛന്റെയും അമ്മയുടെയും കഥ.. നാഗകാളി മഠത്തിന്റെ കഥ..

ആദ്യസിനിമ വമ്പൻ ഹിറ്റായതോടെ ആൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.. അതിനിടയ്ക്ക് അസ്ഥിയിൽ പിടിച്ചതാണ് ലോകം ചുറ്റൽ.. ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടന്ന താഴെ വീട്ടിലേക്ക് താമസത്തിന് വന്നതാണ് അയാൾ… ശ്രീമാമ്മന്റെ കൂട്ടുകാരൻ… സൂര്യനാരായണൻ… പ്രശസ്ത എഴുത്തുകാരൻ.. രുദ്രയുടെ ആരാധനാപാത്രം… കൗമാരപ്രായത്തിലെപ്പോഴോ അയാളുടെ കവിതകളും കഥകളുമൊക്കെ വായിച്ചു തുടങ്ങിയയാൾ വലുതായപ്പോൾ ആ ആരാധനയും വലുതായി…. അയാൾ അവിടെ താമസത്തിന് വരുന്ന കാര്യം ശ്രീമാമ്മൻ പറഞ്ഞപ്പോൾ ആദ്യം എതിർത്ത അമ്മ സമ്മതം മൂളാൻ ഒരേയൊരു കാരണം രുദ്രയാണ്.. പക്ഷെ അവളുടെ ആരാധനയൊന്നും അമ്മയ്ക്ക് അറിയില്ല..

ഭദ്രയുടെ ഉള്ളിന്റെയുള്ളിൽ ഒരു ഭയം വളർന്നു വരുന്നുണ്ടായിരുന്നു.. അറിഞ്ഞിടത്തോളം ഈ സൂര്യനാരായണൻ ആളത്ര വെടിപ്പല്ല… രുദ്രയാണേൽ തന്നെപോലെയൊന്നുമല്ല.. വല്യ മനക്കട്ടിയൊന്നുമില്ല.. ഒരു സങ്കല്പലോകത്തിൽ ജീവിക്കുന്നവളാണ്.. “മോള് കഴിക്കണില്ല്യേ.. അവര് കഴിച്ചു കഴിയാറായി…” പുറകിൽ നിന്നും ദേവിയമ്മയുടെ ശബ്ദം കേട്ടാണ് ഭദ്ര തിരിഞ്ഞു നോക്കിയത്.. “ഞാൻ വരാം അമ്മേ… ഫോണിൽ സംസാരിക്കുവായിരുന്നു..” ദേവിയമ്മയുടെ പിന്നാലെ പ്രാതൽ കഴിക്കാനായി നടക്കുമ്പോൾ അകത്തെ സംസാരവും പാറൂട്ടിയുടെ ചിരിയും ഭദ്രയുടെ കാതിലെത്തിയിരുന്നു..

ആദിത്യനും പാർവതിയും കഴിച്ചു കഴിയാറായിരുന്നു.. ഭദ്ര രണ്ടു പേരെയും ശ്രെദ്ധിക്കാതെ കസേര വലിച്ചിട്ടു ഇരുന്നു കഴിക്കാൻ തുടങ്ങി.. പാർവതിയോട് മറുപടി പറയുന്നതിനിടയിലും ആദിത്യന്റെ നോട്ടം ഇടയ്ക്കിടെ തന്നിലേക്ക് പാറിവീഴുന്നതറിഞ്ഞിട്ടും ഭദ്ര മുഖമുയർത്തി നോക്കിയില്ല.. ഭദ്രയുടെ നാസികത്തുമ്പിലെ വൈരക്കല്ലിൽ അറിയാതെ ആദിത്യന്റെ നോട്ടമെത്തി നിന്നു..അത് കഴിഞ്ഞു ഒഴിഞ്ഞ കഴുത്തും കാതും കടന്നു കൈകളിൽ എത്തി നിന്നു മിഴികൾ.. ഇടം കൈയിലെ മോതിരവിരലിൽ തിളങ്ങുന്ന നീലക്കല്ല് മോതിരം.. ആദിത്യൻ കുടിച്ചു കൊണ്ടിരുന്ന ചായ നെറുകയിൽ കയറി ചുമച്ചു കൊണ്ടിരുന്നു..

പാർവതി അയാളുടെ നെറുകയിൽ തട്ടുന്നതും വെള്ളം കുടിപ്പിക്കുന്നതുമൊക്കെ അറിഞ്ഞിട്ടും ഭദ്ര മുഖം ഉയർത്തിയതേയില്ല.. “ന്തു പറ്റി ആദി..?” ദേവിയമ്മ അടുക്കളയിൽ നിന്നും വന്നു ചോദിച്ചു.. “ഒന്നുമില്ലമ്മേ.. ചുമച്ചതാ ..” ആദിത്യൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.. ആ നിമിഷം ഭദ്ര മുഖമുയർത്തിയതും മിഴികൾ തമ്മിലുടക്കി.. അവളെ ഒന്ന് നോക്കി ആദിത്യൻ എഴുന്നേറ്റു പോയി.. ഒരു ഗൂഢസ്മിതത്തോടെ അയാൾ പോയ വഴിയേ നോക്കിയിരിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് നിന്ന് തന്നെ നോക്കുന്ന ഉണ്ടക്കണ്ണുകൾ കണ്ടത്.. “എന്താ..?” ഇത്തിരി കനത്തിലായിരുന്നു ഭദ്രയുടെ ചോദ്യം.. “ങുഹും..” “ന്നാൽ എഴുന്നേറ്റു പോടി ഉണ്ടക്കണ്ണി..” പാർവതിയുടെ വായ തുറന്നു പോയി..

ഭദ്ര ഉയർന്നു വന്ന ചിരിയടക്കി പിടിച്ചു പ്ലേറ്റിലേക്ക് തല താഴ്ത്തിയിരുന്നു.. അടുക്കളയ്ക്കപ്പുറമുള്ള വരാന്തയിൽ, പച്ചക്കറി നുറുക്കി കൊണ്ട്,പാർവതിയുടെ കലപിലാ സംസാരം കേട്ടിരിക്കുന്ന ദേവിയമ്മയെ കണ്ടിട്ടാണ് റൂമിലേക്ക് നടന്നത്.. വാതിൽക്കൽ എത്തിയപ്പോഴാണ് രണ്ടു കൈകൾ പിറകിൽ നിന്നും പിടിച്ചു വലിച്ചത്.. ഗോവണിച്ചുവട്ടിലേയ്ക്കാണ് ചേർത്ത് നിർത്തിയത്.. ഗൗരവമായിരുന്നു ആ മുഖത്ത്.. മിഴികളിലും.. തൊട്ടരികെ നിന്നപ്പോൾ ഭദ്രയിൽ ഓർമ്മകൾ ഉണർന്നു തുടങ്ങിയിരുന്നു.. അവളുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ടാണ് ചോദിച്ചത്..

“എന്താ തന്റെ ഉദ്ദേശ്യം..?” “എന്ത്‌…?” ഭദ്രാ നിഷ്കളങ്കമായ മുഖത്തോടെ ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി.. “ദേ ഭദ്രാ കളിക്കരുത്, ഈ വരവിന്റെ ഉദ്ദേശമാണ് ഞാൻ ചോദിച്ചത്..” “അത് അച്ഛൻ സാറിനോട് പറഞ്ഞതല്ലേ.. എന്റെ തീസിസ്..” “ഭദ്രാ ഇനഫ്..” ആദിത്യന്റെ കണ്ണുകളിൽ ദേഷ്യം നിറയുന്നത് ഭദ്രയ്ക്ക് കാണാമായിരുന്നു.. “എന്തിനാ താൻ ഇപ്പോഴും ഈ റിങ് ഇട്ടോണ്ട് നടക്കുന്നത്…” ഭദ്രയുടെ ഇടം കയ്യിലെ മോതിരം നോക്കിയാണ് ആദിത്യൻ ചോദിച്ചത്.. കൈ പുറകിലേക്ക് വെച്ചെങ്കിലും ഭദ്ര ഒന്നും മിണ്ടാതെ ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി.. അവളുടെ നോവ് അറിഞ്ഞതും ഒരു നിമിഷാർദ്ധം അയാളൊന്നു പതറി..

എങ്കിലും അടുത്ത നിമിഷം വർദ്ധിച്ച വീര്യത്തോടെ പറഞ്ഞൂ.. “ഞാൻ അണിയിച്ച ആ മോതിരം അതെനിക്ക് തിരികെ വേണം..” ഭദ്രയുടെ മുഖം കടുത്തു.. “അതിന് ഭദ്രയുടെ ശ്വാസം നിലയ്ക്കണം..” വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി അമർത്തിയ സ്വരത്തിൽ അവൾ പറഞ്ഞു.. “സ്നേഹവും മനസ്സും പിന്നാലെ നടന്നു പിടിച്ചു വാങ്ങിയത് ഞാനല്ല…” ആദിത്യൻ ഒന്നും പറയാനാവാതെ നിന്നു.ഭദ്രയുടെ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു.. “തല്ക്കാലം ആദിനാരായണൻ സേഫ് ആണ്.. ആദ്യം ഞാനിവിടുത്തെ പ്രേതങ്ങളെ പറ്റിയൊരു അന്വേഷണം നടത്തട്ടെ.. ” ആദിത്യന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തിയാണ് ഭദ്ര പൂർത്തിയാക്കിയത്.

“എന്നിട്ടു വേണം എന്റെ ഇരിപ്പിടത്തിൽ കയറി ഇരിപ്പുറപ്പിച്ചവളെ ഈ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കാൻ…” ഭദ്ര വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും ആദിത്യൻ അവളുടെ വായ പൊത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “മിണ്ടാതിരിയെടി..” ദേവിയമ്മയുടെയും പാർവതിയുടെയും ശബ്ദങ്ങൾ ഭദ്രയുടെ കാതിലുമെത്തി.. അവളുടെ മിഴികൾ ആദിത്യനിലായിരുന്നു.. തൊട്ടരികെ ആ ഹൃദയമിടിപ്പ് അറിഞ്ഞ നിമിഷം തന്നിൽ നിന്നും മറയ്ക്കാൻ ശ്രെമിക്കുന്ന ആ മനസ് ഭദ്രയ്ക്ക് കാണാമായിരുന്നു.. ദേവിയമ്മയും പാർവതിയും പൂമുഖത്തേക്കിറങ്ങിയിട്ടും അവരുടെ മിഴികൾ വേർപെട്ടിരുന്നില്ല.. “ഭദ്രാ പ്ലീസ്.. താൻ തിരികെ പോണം…എനിക്ക്.. എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്..”

ഭദ്ര പുഞ്ചിരിച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി ആദിത്യനിൽ നിന്നും അകന്നു മാറി പതിയെ റൂമിലേക്ക് നടന്നു.. അവൾ പോകുന്നത് നോക്കി നിന്ന ആദിത്യന്റെ കണ്ണുകളിൽ നോവായിരുന്നു.. അയാളുടെ മനസ്സിൽ വാടിയ പൂവ് പോലെ നാഗത്താൻ കാവിലെ കരിനാഗത്തറയിൽ കിടന്നിരുന്ന ജാനിമോളുടെ നെറ്റിയിൽ കണ്ട ത്രിശൂല ചിഹ്നം തെളിഞ്ഞു വന്നു.. “ഇല്ല ഭദ്രാ..നിന്നെ ഞാനിവിടെ നിർത്തില്ല.. സ്നേഹം മറന്നു പോയതല്ല.. ഓരോ നിമിഷവും കൂടി വരുന്നത് കൊണ്ടാണ്…” ആദിത്യൻ മനസ്സിൽ പറഞ്ഞു.. ########### ########### ######## പത്മയുടെ മിഴികൾ ആ ചിത്രത്തിലായിരുന്നു.. അനന്തന്റെ കൈകൾക്കുള്ളിലായിരുന്നു അവൾ..

നുണക്കുഴിച്ചിരി തെളിഞ്ഞ കവിളുകളിൽ നിന്നും അവളുടെ നോട്ടം കുസൃതി നിറഞ്ഞ തിളക്കമാർന്ന കണ്ണുകളിൽ എത്തി നിന്നു.. അതിൽ നിറയെ പ്രണയമായിരുന്നു.. മുഖം അവളുടെ ചുമലിൽ ചേർത്തു വെച്ച് ഇരുകൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചിരുന്നു.. വർഷങ്ങളായി അടച്ചിട്ടത് കൊണ്ടാവാം മുറിയിലാകെ പൊടിയായിരുന്നു.. ഇവിടെയായിരുന്നു അനന്തപത്മനാഭന്റെയും പത്മാ ദേവിയുടെയും സ്വർഗം… പക്ഷെ.. പത്മ ജനൽപാളികൾ പതിയെ തുറന്നു. ചെറിയ ശബ്ദത്തോടെ അവ തുറന്നതും കണ്ടത് താമരക്കുളമാണ്.. അല്പം കഴിഞ്ഞാണ് പിറകിൽ ആളനക്കം അറിഞ്ഞത്..

രുദ്ര… “അമ്മാ….” ആ വിളി കേട്ടതും പത്മയുടെ നെഞ്ച് പിടച്ചു.. അവൾ പറയാൻ തുടങ്ങുന്നത് അച്ഛനെ പറ്റിയാണ്… അനന്തേട്ടനെ പറ്റി.. മനസ്സ് പറഞ്ഞു.. “അച്ഛൻ.. അച്ഛൻ വരണുണ്ട്…” പത്മ ശബ്ദിക്കാനാവാതെ നിന്ന് പോയി.. അപ്പോഴും നാഗക്കാവിൽ പത്മ തെളിയിച്ച തിരി കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു.. പ്രതിഷ്ഠയ്ക്ക് പുറകിലെ മണിനാഗം അപ്രത്യക്ഷമായിരുന്നു… താഴെ വീട്ടിൽ മാധവന്റെയും സുധർമ്മയുടെയും അസ്ഥിത്തറയ്ക്കരികെ കത്തിച്ചു വെച്ചിരുന്ന ദീപത്തിനടുത്ത് അയാൾ നിന്നിരുന്നു.. സൂര്യനാരായണൻ..

അയാളുടെ മനസ്സിൽ നിറഞ്ഞത് അവളായിരുന്നു.. സ്വപ്‌നങ്ങൾ മയങ്ങുന്ന നീണ്ടു വിടർന്ന കണ്ണുകളും നീണ്ടിടതൂർന്ന ചുരുൾ മുടിയിൽ തുളസിക്കതിരും നെറ്റിയിൽ ചന്ദനവും ചാർത്തിയ നാഗകാളി മഠത്തിലെ തമ്പുരാട്ടി… രുദ്ര… “സൂര്യാ താൻ ഇവിടെ നിൽക്കുകയാണോ…?” കോലായിൽ നിന്നും ശ്രീനാഥ് വിളിച്ചത് കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്.. സൂര്യനാരായണന്റെ മുഖത്തൊരു ചിരി വിടർന്നു.. മനം മയക്കുന്ന പുഞ്ചിരി.. ############ ########### ####### രാത്രിയുടെ രണ്ടാം യാമം കഴിഞ്ഞതും കാളിയാർമഠത്തിലെ നാഗത്താൻ കാവിലെ ഏഴിലം പാലയിൽ നിന്നും ആ വലിയ നാഗം താഴെക്കിഴഞ്ഞിറങ്ങി…നിലാവെട്ടത്തിൽ കറുത്ത ഉടൽ തിളങ്ങുന്നുണ്ടായിരുന്നു….

മരത്തിന്റെ തെല്ലകലെ വീണു കിടന്നിരുന്ന വലിയ ആണിയും അതിൽ ചുറ്റിയ അഴുക്ക് അടിഞ്ഞു കൂടിയ ചുവന്ന പട്ട് തുണിയും ദേഹത്ത് തട്ടാതെ ഒഴിഞ്ഞ്, അത് ഇഴഞ്ഞു നീങ്ങിയത് കരിയിലകൾ മൂടിക്കിടക്കുന്ന കരിനാഗത്തറയിലേക്കാണ്… നാഗത്തറ നിറഞ്ഞു പത്തി വിരിച്ചാടുന്ന അതിന്റെ നീലക്കണ്ണുകൾ തിളങ്ങി.. ഫണത്തിലെ ത്രിശൂലചിഹ്നം വെള്ളി നിറത്തിൽ തിളങ്ങി… നാഗക്കാവിൽ നിന്നും ഉത്ഭവിച്ച നേർത്ത സ്വരവീചികൾ പതിയെ കാളിയാർമഠത്തിന്റെ മട്ടുപ്പാവിലെത്തി.. പാലപ്പൂവിന്റെ സുഗന്ധവും…

(തുടരും ) പുതിയ രണ്ടു മൂന്നു കഥാപാത്രങ്ങൾ കൂടെ എത്തിയിട്ടുണ്ട്.. ദാരികയെപ്പറ്റി മുൻപ് സൂചിപ്പിച്ചിട്ടുണ്ട്.. കാളിയാർ മഠ ത്തിലെ അശ്വതി തമ്പുരാട്ടി എങ്ങനെ ദാരികയായി എന്ന് വഴിയേ പറയാം.. പിന്നെ അമാലിക..😜പറയാം.. സൂര്യനാരായണൻ 😜പറയാം.. ഇത്രയും പേരെ ഉണ്ടാവൂ 🙏 അനന്തനും പത്മയും എത്തി ട്ടൊ.. അനന്തൻ ഓൺ ദി വേ… ഫ്ലൈറ്റിലാ 😜💕

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!