മിഴിനിറയാതെ : ഭാഗം 26

മിഴിനിറയാതെ : ഭാഗം 26

എഴുത്തുകാരി: റിൻസി പ്രിൻസ്

അതുമതി സാറേ, പിന്നെ പോലീസ് അന്വേഷണം ആയിട്ടുണ്ട് എന്നാണ് അറിഞ്ഞത്, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ” എൻറെ പൊന്നുദത്തൻചേട്ടാ ഒരു പ്രശ്നവും ഉണ്ടാവില്ല, പോലീസ് അന്വേഷണത്തിന് കൊടുത്തത് ഞാനല്ലേ , അത് ഒതുക്കാനും എനിക്കറിയാം, അതുകൊണ്ട് അതോർത്ത് പേടിക്കേണ്ട, പിന്നെ എന്തു വന്നാലും ഇതിനുപിന്നിൽ ഞാനാണെന്ന് ഞാനും താനും അല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ല, അറിഞ്ഞാൽ………….. …. വിജയുടെ സ്വരം കാഠിന്യമേറിയത് ആയി “എൻറെ നാവിൽ നിന്നും അത് പുറത്ത് പോകില്ല സാർ ആയിട്ട് ആരോടും പറയാതിരുന്നാൽ മതി ” ഞാൻ ആരോട് പറയാനാ ?

ശരി ശരി ഞാൻ ഏതായാലും അല്പം തിരക്കിലാണ് അത് കഴിഞ്ഞിട്ട് തന്നെ വന്ന് കണ്ടോളാം, പിന്നെ ഇനി ഇങ്ങോട്ട് ഫോൺ വിളിക്കേണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം. വിജയ് താക്കീത് നൽകി പുറത്ത് പാർവതി അമ്മയും പ്രിയയും വിജയെ കാത്തുനിൽക്കുകയായിരുന്നു. അവൻ അവർക്ക് അരികിലേക്ക് നടന്നു , “എന്താ മോനെ പോകുവല്ലേ? പാർവതി അമ്മ ചോദിച്ചു. ” ഇറങ്ങാം….. അവൻ മറുപടി പറഞ്ഞു അവൻ കാറിൽ കയറി യാത്ര ആരംഭിച്ചു . അങ്ങോട്ടുള്ള യാത്രയിൽ എല്ലാം പാർവതി അമ്മയുടെ മനസ്സ് നിറയെ തൻറെ കുഞ്ഞനുജൻ ആയിരുന്നു.

അവന്റെ മുഖമായിരുന്നു, നിഷ്കളങ്കത വിട്ടുമാറാത്ത ആ മുഖം അവരുടെ മനസ്സിൽ തങ്ങി നിന്നു. അവർക്ക് പറ്റിയ ഒരു കയ്യബദ്ധം കൊണ്ടാണ് അവനെ കാണാതായത് എന്ന കുറ്റബോധം അവരുടെ മനസ്സിനെ ഉലച്ചു, അവൻ ഈ ഭൂമിയിൽ ജീവനോടെ ഇല്ല എന്നത് ഹൃദയനൊമ്പരമായി അവരുടെ മനസിൽ നിന്നു വിങ്ങി , ഒന്ന് ആർത്തുല്ലച്ച് കരയണമെന്ന് അവർക്ക് ഉണ്ടായിരുന്നു, പക്ഷേ നിശബ്ദമായി തന്റെ മനസിലടക്കിവച്ചു. അവരുടെ മനസ്സിലേക് പ്രതീക്ഷ അവളായിരുന്നു, ” സ്വാതി” ആദ്യകാഴ്ചയിൽ തന്നെ തൻറെ മകൻറെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചവൾ, സുന്ദരി ആയിരിക്കും എന്ന് അവർ മനസ്സിലുറപ്പിച്ചു,

യാത്രയ്ക്ക് ശേഷം അവർ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു, ” മോനെ എത്താറായോ? ” ഇനി കുറച്ചു കൂടി ഉള്ളൂ അമ്മേ…. അവൻ മറുപടി പറഞ്ഞു വൈകുന്നേരത്തോടെയാണ് അവർ സ്വർഗ്ഗപുരത്ത് എത്തിയത്, “അതാണ് വീട്, അവിടേക്ക് വണ്ടി പോകില്ല, വിജയ് പറഞ്ഞു പുറത്തേക്ക് ആകാംക്ഷയോടെ പ്രിയയും പാർവതി അമ്മയും നോക്കി , ചെറിയ കൽപടവുകളോട് കൂടിയ ഇടുങ്ങിയ ഒരു വഴി, അത് ചെന്ന് അവസാനിക്കുന്നത് പഴയ പ്രതാപം വിളിച്ചോതുന്ന തരത്തിൽ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു കുഞ്ഞുവീട്ടിൽ, ഓടിട്ട പഴയ ഒരു തറവാട് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം,

“ഇതാണ് സ്വാതിയുടെ വീട്, വിജയ് പറഞ്ഞു ” അല്ല സ്വാതിയുടെ അമ്മയുടെ വീട്, അവൻ തിരുത്തി അവർ അകത്തേക്ക് കയറി ചെന്നു, അവൻ പുറത്തെ ഡോർ ബെൽ അമർത്തി, അകത്ത് നിന്നും ഗീത ഇറങ്ങിവന്നു, ഗീത വിജയെ കണ്ടു ഭയപ്പെട്ടു ” പേടിക്കേണ്ട വഴക്കുണ്ടാക്കാൻ വന്നതല്ല, “അയാൾ ഇവിടെയില്ല, ഗീതയുടെ സ്വരം കടത്തിയിരുന്നു “ഞാൻ അയാളെ കാണാൻ വന്നതല്ല, സ്വാതിയെ കാണാൻ വേണ്ടി വന്നതാണ്, ഇത് ആദിയുടെ അമ്മയാണ്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്വാതിയുടെ അച്ഛൻ സഹോദരി, ഗീത അവിശ്വസ്തതയോടെ പാർവതി അമ്മയെ നോക്കി,

പ്രൗഢമായ ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കിയപ്പോൾ ഗീതയ്ക്ക് ഒന്നും പ്രത്യേകം ചോദിക്കേണ്ടതില്ലായിരുന്നു, കാരണം അവരുടെ മുഖം കാണുമ്പോൾ തന്നെ സ്വാതിയുടെ മുഖത്തേക്ക് നോക്കുന്നത് പോലെ തന്നെയാണ്, സ്വാതിക്ക് പ്രായമായാൽ അവരെ പോലെ ഇരിക്കും എന്ന് ഗീത തോന്നി, അത്രയ്ക്ക് സാമ്യമായിരുന്നു സ്വാതിയുടെ മുഖവുമായി പാർവതി അമ്മയ്ക്ക്, അതിൽ നിന്നും വിജയ് പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ഗീതക്ക് മനസ്സിലായി, “സ്വാതിയെ ഒന്നു വിളിച്ചാൽ ഞങ്ങൾക്ക് കാണാമായിരുന്നു, പ്രിയ ആകാംക്ഷയോടെ പറഞ്ഞു, ” ഞാൻ വിളിക്കാം, ഗീത യാന്ത്രികമായി മറുപടി പറഞ്ഞു.

അവർ അകത്തേക്ക് കയറിപ്പോയി,പ്രിയയുടെ മനസ്സിൽ ആകാംക്ഷ നിറഞ്ഞു താൻ ആദ്യമായി ആദിയുടെ പെണ്ണിനെ കാണാൻ പോവുകയാണ്,അവൻ ജീവനായി സ്നേഹിച്ച പെണ്ണിനെ, അവളുടെ മനസ്സിൽ പല ചിന്തകളും ഉയർന്നു, തനിക്ക് ഈ കൂടിക്കാഴ്ചയ്ക്ക് സാധിക്കുമോ?അവളെ കാണാൻ താൻ എന്തിനാണ് ആഗ്രഹിക്കുന്നത്? ഒരു ഭാഗത്തിൽ പറഞ്ഞാൽ തൻറെ സ്ഥാനം തട്ടിയെടുത്തവളല്ലേ അവൾ, അവൾ അവളുടെ മനസാക്ഷിയോട് ചോദിച്ചു, അല്ല ഒരിക്കലുമല്ല തന്നെ ഒരിക്കലും ആദി സ്നേഹിച്ചിരുന്നില്ല, താൻ ഇനി അവനെ ഒരിക്കലും ആ രീതിയിൽ കാണാൻ പാടില്ല, പ്രിയ മനസ്സിനെ താക്കീത് ചെയ്തു,

പഴയ പിഞ്ചിയ ഒരു കോട്ടൺ ചുരിദാർ അണിഞ്ഞ മെലിഞ്ഞ ഒരു പെൺകുട്ടി പുറത്തേക്ക് വന്നു, പാർവതി അമ്മ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി, അവരുടെ കൗമാരപ്രായത്തിലെ അതേ മുഖമായിരുന്നു അവൾക്ക്, “മോളെ…… ഒരു തേങ്ങലോടെ അവർ അവളെ കെട്ടിപ്പിടിച്ചു, എന്താണ് നടക്കുന്നത് എന്ന് സ്വാതിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, തുടർന്ന് വിജയ് പറഞ്ഞു. ” ആദിയുടെ അമ്മയാണ്, പിന്നെ സ്വാതി അറിയാത്ത സ്വാതിയോടെ പറയാത്ത ഒരു കാര്യമുണ്ട്, സ്വാതിയുടെ അച്ഛൻ ആദിയുടെ അമ്മാവനാണ്. അതായത് അമ്മയുടെ സഹോദരൻ, സ്വാതി അന്ന് ഓർഫനേജിലെ പേരും അഡ്രസ്സും പറഞ്ഞു കൊടുത്തതിന്റെ അന്ന് ഞങ്ങൾ അറിഞ്ഞതാണ് ഈ വിവരം, മനപൂർവ്വം പറയാതിരുന്നത് ആണ് ആദി,

സ്വാതിക്ക് ഒരു സർപ്രൈസ് തരാനായി, അപ്പോഴാണ് ആക്സിഡൻറ്, ” എല്ലാം അറിഞ്ഞപ്പോൾ അമ്മയ്ക്ക് സ്വാതിയെ കാണണമെന്ന് ഒരേ നിർബന്ധം, അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്, തൻറെ കാതുകളെ വിശ്വസിക്കാനാവാതെ സ്വാതി നിന്നു, പാർവതി അമ്മയെ അടിമുടി നോക്കി , “അമ്മ അറിഞ്ഞില്ല എൻറെ കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന്, കുട്ടി ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്രത്തോളം ഒന്നും എൻറെ കുട്ടിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു, സാരമില്ല ഇനി അമ്മ ഉണ്ടല്ലോ, മോള് അമ്മയുടെ കൂടെ വരണം, നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ആണ് ഞാൻ വന്നത്, അവർ ഒറ്റശ്വാസത്തിൽ പറഞ്ഞു,

പിന്നെ ഗീതയുടെ അടുത്തേക്ക് തിരിഞ്ഞ് പറഞ്ഞു ” ന്റെ കുട്ടിയെ ഞാൻ കൊണ്ടുപോകാണ്, എതിര് നിൽക്കരുത്, “ഇവളെ കൂടി പോയാൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോകും, കരഞ്ഞു കൊണ്ട് ഗീത പറഞ്ഞു, അവർ വല്ലാതെ മാറിയിരിക്കുന്നതായി വിജയിക്ക് തോന്നി , “എങ്കിലും സാരമില്ല, അവൾ പൊയ്ക്കോട്ടെ, രക്ഷപ്പെടട്ടെ അയാൾ തിരിച്ചു വന്നാൽ ഇനി ഒരിക്കലും സമാധാനമായി ഇവിടെ ജീവിക്കാൻ അവൾക്ക് കഴിയില്ല, വിജയ് നോക്കി അവർ പറഞ്ഞു “,ചതിയൻ ആയിരുന്നു അയാൾ, ഞാൻ അറിഞ്ഞിരുന്നില്ല, അയാൾ ചതിക്കുകയായിരുന്നു എന്നെ, അയാൾക്ക് തമിഴ്നാട്ടിൽ വേറെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നു,

സാർ വന്ന് കേസ് കൊടുത്തതിനു ശേഷം അയാളെ കാണാതായപ്പോൾ അവരും കുട്ടിയും ഇവിടെ അയാളെ തിരക്കി വന്നു, അങ്ങനെയാണ് ഞാൻ ഇതൊക്കെ അറിയുന്നത്, ഇനി അയാൾ വന്നോ ഞാൻ തന്നെ അയാളെ കൊല്ലും, അതുമാത്രമല്ല എൻറെ അമ്മയെ അയാൾ കൊന്നതാണെന്ന് സ്വാതി പറഞ്ഞു, അവളോട് അയാൾ പറഞ്ഞിരുന്നു അത്രേ, അതിൻറെ പേരിൽ ഞാൻ അയാളുടെ പേരിൽ കേസുകൊടുക്കും, അയാളെ ഞാൻ ജയിലിൽ കയറ്റും, വിജയ് ഒന്ന് ഭയന്നു,ദത്തനെ എങ്ങാനം പോലീസിനെ കയ്യിൽ കിട്ടിയാൽ തന്റെ പദ്ധതികൾ ആകെ കയ്യിൽ നിന്ന് പോകും, വിജയുടെ മനസ്സിൽ ഒരു ഭയം നിറഞ്ഞു,

അന്ന് സ്വാതി മുത്തശ്ശിയെ അയാൾ കൊന്ന വിവരം പറഞ്ഞപ്പോഴും അത് കേസിൽ ചേർക്കാതിരുന്നത് അയാളെ പോലീസ് പിടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്,തനിക്ക് ലക്ഷ്യത്തിൽ എത്തണമെങ്കിൽ അയാൾ ഇപ്പോൾ പുറത്തു വേണം ,വിജയ് മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി, “സ്വാതിയെ ഞാൻ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്, ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്, അതിനുള്ള ശിക്ഷ എല്ലാം ഈശ്വരന്മാർ എനിക്ക് തന്നു കഴിഞ്ഞു ,എൻറെ മോളിൽ കൂടെയും ഭർത്താവിന് കൂടിയേം ഗീത ആരോടെന്നില്ലാതെ പറഞ്ഞു ” ഇതുപോലൊരു ചതിയനെയാണ് ഞാൻ ഇത്ര വർഷം എൻറെ വീട്ടിൽ താമസിച്ചത് എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുകയാണ് ,

ഗീത വിജയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, കണക്കുകൂട്ടലുകൾ താൻ കരുതുന്നടത്ത് നിന്ന് മാറി പോകുന്നതായി വിജയിക്ക് തോന്നി, ” ഞാൻ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം, ഗീത അകത്തേക്ക് പോയി, പാർവ്വതിയമ്മ സ്വാതിയുടെ കയ്യിൽ പിടിച്ച് അവരുടെ അടുത്തിരുത്തി, “മോള് അമ്മയോട് ഒന്നും പറഞ്ഞില്ലല്ലോ, പാർവതി സ്വാതിയെ നോക്കി ചോദിച്ചു, ” ഞാനെന്തു പറയാനാ അമ്മേ, ഒക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു, ആരുമില്ല എന്ന് കരുതിയ എനിക്ക് ഇപ്പൊ എല്ലാരും ഉണ്ടെന്ന്……….. ഒരു കണ്ണുനീരോടെ അവൾ അവരുടെ കയ്യിൽ പിടിച്ചു, അപ്പോഴേക്കും ഒരു ട്രെയിനിൽ നിറയെ ചായയുമായി ഗീത വന്നു അവർ അത് എല്ലാവർക്കും പകർന്നു നൽകി ,

“എൻറെ കൂടെ വരില്ലേ മോൾ, പാർവതി അമ്മ സ്വാതി യോട് ആയി ചോദിച്ചു അവൾ അനുവാദത്തിനായി ഗീതയെ നോക്കി, ” പൊയ്ക്കോ, അതാണ് നല്ലത്, ഗീത അനുവാദം നൽകി, “എടുക്കാനുള്ള ഒക്കെ എന്താണെന്ന് വെച്ചാൽ വേഗം എടുത്തു പാക്ക് ചെയ്യ്, ഞാനും ഹെൽപ് ചെയ്യാം പ്രിയ പറഞ്ഞു, “ഞാൻ പ്രിയ ആദിയുടെ ഫ്രണ്ട് ആണ്, അവൾ സ്വയം പരിചയപ്പെടുത്തി, സ്വാതി ഹൃദ്യമായ ഒരു പുഞ്ചിരി നൽകി, നാട്ടിൻപുറത്തെ എല്ലാ നിഷ്കളങ്കതയും അടങ്ങിയ ഒരു പെൺകുട്ടിയാണ് അവൾ എന്ന് പ്രിയക്ക് തോന്നി, ഒരിക്കലും അവളെ സങ്കടപ്പെടാൻ പാടില്ല, “ചെല്ല് മോളെ, ചെന്ന് എടുക്കാനുള്ളത് ഒക്കെ എടുത്തു വയ്ക്ക്, ഗീത അവളോട് പറഞ്ഞു അവൾ തലകുലുക്കി അകത്തേക്ക് നടന്നു ഒപ്പം പ്രിയയും,

സ്വാതി മുറിയിൽ പോയി ഒരു ചെറിയ ബാഗിൽ സാധനങ്ങൾ എടുത്തു, ആദ്യം അച്ഛൻറെ അമ്മയുടെയും ഫോട്ടോയും പിന്നീട് മുത്തശ്ശിയുടെ ഒരു പഴയ മുണ്ടും നേരിയതും, “ഇതാണോ സ്വാതിയുടെ അച്ഛൻ? അവൾ ബാഗിലേക്ക് എടുത്തുവെച്ച ഫോട്ടോയിൽ നോക്കി പ്രിയ ചോദിച്ചു “അതെ അവർ സൗമ്യമായി മറുപടി നൽകി പ്രിയ ഫോട്ടോയിലേക്ക് നോക്കി, ആ ഫോട്ടോയിലെ വ്യക്തിക്ക് ആദിയുടെ അതേ മുഖമായിരുന്നു, അവൾക്ക് അത്ഭുതം തോന്നി, അതു കൊണ്ടായിരിക്കും സ്വാതിക്ക് പാർവതി അമ്മയുടെ മുഖച്ഛായ വന്നത് എന്ന് അവൾ ഓർത്തു, ആദി വാങ്ങികൊടുത്ത കുറച്ചു നല്ല ഡ്രസ്സുകൾ എടുത്തു സ്വാതി ബാഗിൽ വച്ചു,

അവൾക്ക് അധികം ഡ്രസ്സുകൾ ഒന്നും എടുത്തു വയ്ക്കാൻ ഇല്ല എന്ന് പ്രിയ ഓർത്തു, പ്രിയക്ക് അവളെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നി, ഈ പ്രായത്തിൽ തനിക്ക് രണ്ട് അലമാര നിറച്ചുള്ള ഡ്രസ്സുകൾ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്, ഇപ്പോഴും ഒരു ഡ്രസ്സ് ഇഷ്ടമായില്ലെങ്കിൽ ഉടനെ അത് കളയുക, ശേഷം പുതിയത് വാങ്ങാം, ഇഷ്ടമുള്ള ഡ്രസ്സും ആഭരണങ്ങളും ഇടാൻ കൊതിക്കുന്ന പ്രായമാണിത്, പക്ഷേ മൂന്നോ നാലോ ഡ്രസ്സുകൾ മാത്രമേ അവൾക്കുള്ളൂ, അവളെ കുറിച്ച് ഓർത്തപ്പോൾ പ്രിയക്ക് സഹതാപം തോന്നി, തീർച്ചയായും ആദി വിവാഹം കഴിക്കേണ്ടത് ഇവളെ തന്നെയാണ് പ്രിയ മനസ്സിലോർത്തു ,

“സ്വാതി റെഡി ആയിക്കോളൂ ഞാൻ പുറത്തു നിൽക്കാം അത് പറഞ്ഞ് പ്രിയ മുറിക്കു പുറത്തു പോയി, അവളുടെ ബാഗും എടുത്തിരുന്നു . ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാതെ അവൾ കുറച്ചുനേരം കണ്ണാടിയുടെ മുൻപിൽ നിന്നു, പക്ഷേ ആദിയെ കാണാനുള്ള ആഗ്രഹം അവളുടെ മനസ്സിനെ വല്ലാതെ കൊതിപ്പിച്ചിരുന്നു, അതിനാൽ പോകാനായി അവൾ തയ്യാറായി, പെട്ടെന്ന് തന്നെ, അപ്പുവിനോട് യാത്ര പറഞ്ഞു, നിറഞ്ഞ കണ്ണുകളോടെയാണ് ഗീത അവളെ യാത്രയാക്കിയത്, കുറച്ചു ദിവസങ്ങൾ കൊണ്ട് ഗീത അവളെ സ്നേഹിക്കുകയായിരുന്നു, ഇത്ര വർഷം അവൾക്ക് നൽകാത്ത സ്നേഹവും കരുതലും നൽകുകയായിരുന്നു,

തനിക്ക് നഷ്ടപ്പെട്ടുപോയ അമ്മയെ തിരിച്ചുകിട്ടിയത് പോലെയായിരുന്നു സ്വാതിക്കും, ജീവിതത്തിൽ ആദ്യമായി ആ വീട്ടിൽ നിന്നും പോകുന്നതിൽ അവളുടെ മനസ്സിൽ ഒരു സങ്കടം അനുഭവപ്പെട്ടു, ” ഞാൻ വരും, എന്താണെങ്കിലും ഞാൻ വരും വല്യമ്മേ, വിഷമിക്കേണ്ട, ഗീതയുടെ കയ്യിൽ പിടിച്ച് അത് പറഞ്ഞാണ് അവൾ യാത്രയായത്, കാറിൽ പാർവ്വതി അമ്മയൊടൊപ്പം പിൻസീറ്റിലായിരുന്നു ഇരുന്നത്, പോകുമ്പോൾ അവൾ പാർവതി അമ്മയോട് പറഞ്ഞു ” എനിക്കൊരു കൂട്ടുകാരിയുണ്ട് അവളോട് യാത്ര പറയണമെന്നുണ്ടായിരുന്നു, ” അതിനെന്താ മോളെ, നമുക്ക് യാത്ര പറയാം, കൂട്ടുകാരിയുടെ വീട് ഇവിടെ അടുത്ത് ആണോ, ആണെങ്കിൽ വിജയ് ഇപ്പോൾ തന്നെ അങ്ങോട്ട് കൊണ്ടുപോകും, മോള് വഴി പറ ,

“എനിക്ക് വേണിയുടെ വീട്ടിൽ ഒന്നു കയറിയാൽ കൊള്ളാമായിരുന്നു, അവൾ വിജയോട് പറഞ്ഞു വിജയ് വണ്ടി വേണിയുടെ വീട്ടിലേക്ക് വിട്ടു വീടിനു മുന്നിൽ കാർ നിർത്തി, “സ്വാതി പോയി പറഞ്ഞിട്ട് വരും ഞങ്ങൾ ഇവിടെ നിൽക്കാം, വിജയ് പറഞ്ഞു അവൾ വേണിയുടെ വീട്ടിനുള്ളിലേക്ക് കയറി പോയി, അപ്രതീക്ഷിതമായി സ്വാതിയെ കണ്ടു വേണി ഒന്ന് പകച്ചു, “എന്താടാ നീ എവിടെ പോവാ? അയാൾ വരികയോ മറ്റോ ചെയ്തോ? വേണി പേടിയോടെ ചോദിച്ചു, ” ഇല്ല ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാ, അമ്മേം അച്ഛനും എവിടെ? “രണ്ടുപേരും ഇവിടെ ഇല്ല, ടൗണിൽ വരെ പോയിരിക്കുകയാണ്,

കുറച്ചുനേരം കഴിയും വരാൻ, നീ കാര്യം പറ ,എനിക്ക് ടെൻഷൻ ആകുന്നു, സംഭവിച്ച കാര്യങ്ങൾ മുഴുവൻ അവൾ പറഞ്ഞു , “ഞാൻ പോവാ തിരുവനന്തപുരത്തേക്ക്, കാറിൽ എല്ലാവരുമുണ്ട്, യാത്ര പറയാൻ ആണ് വന്നത്, വേണിയുടെ മുഖത്ത് വിഷമം നിറഞ്ഞു, ” എന്നെ കളഞ്ഞിട്ട് നീ പോവാണോടി വേണി അവളോട് സങ്കടത്തോടെ ചോദിച്ചു, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ടായിരുന്നു, സ്വാതി വേണിയെ കെട്ടിപ്പിടിച്ചു, രണ്ടുപേരും കുറെ നേരം അങ്ങനെ നിന്നു, രണ്ടു പേരും കരയുകയായിരുന്നു, കുട്ടിക്കാലം മുതലേയുള്ള സൗഹൃദമാണ് രണ്ടുപേരും തമ്മിൽ, എന്നും സ്വാതിക്ക് ഒരു ആശ്വാസമായിരുന്നു വേണി, കണ്ണുകൾ തുടച്ചു കൊണ്ട് വേണി പറഞ്ഞു, ” സാരമില്ല നീ പൊയ്ക്കോ, അതാണ് നല്ലത് ,

ഒന്നുമല്ലെങ്കിലും ആദിഏട്ടൻറെ അടുത്തേക്ക് അല്ലേ നീ പോകുന്നത്, അവിടെ നീ സുരക്ഷിതരായിരിക്കും, മാത്രമല്ല നിൻറെ അച്ഛൻറെ സഹോദരി അല്ലേ ചേട്ടന്റെ അമ്മ, അതുകൊണ്ട് ഒരു കാരണവശാലും പേടിക്കേണ്ടി വരില്ല, അവിടെ സമാധാനമായി കഴിയാം, അച്ഛനുമമ്മയും വന്നു കഴിയുമ്പോൾ ഞാൻ പറയാം, നിനക്ക് അച്ഛൻറെ നമ്പർ അറിയാമല്ലോ, അവിടെ ചെന്നിട്ട് നീ വിളിച്ചു പറയണം,അഡ്രസ്സ് തരണം, ഞങ്ങൾ നിന്നെ കാണാൻ അവിടേക്ക് വരും, വേണി ഉറപ്പ് കൊടുത്തു കാറിൻറെ അടുത്ത് വരെ വേണി അവളെ അനുഗമിച്ചു, അവൾ കയറി മൂകമായി ഒരിക്കൽക്കൂടി വേദനയോടെ യാത്ര പറഞ്ഞു,

പാർവതി അമ്മയെ നോക്കി വേണി പുഞ്ചിരിച്ചു, വിജയ് ഒരിക്കൽ കൂടി വേണിയുടെ മുഖത്തേക്ക് നോക്കി, അവൻറെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ മുഖമായിരുന്നു അത്, വിജയ് ഒരു പുഞ്ചിരി നൽകി,വേണി തിരിച്ചും, കാർ ദൂരെ ആകുന്നതുവരെ സ്വാതി കാറിന് പുറത്തേക്ക് നോക്കി വേണിയെ കൈകാണിച്ചു കൊണ്ടേയിരുന്നു, കാർ അകന്ന് പോകുന്തോറും വേണിയുടെ മനസ്സിൽ ദുഃഖം കൂടുകയായിരുന്നു, ഒന്ന് പൊട്ടിക്കരയാൻ ആയി അകത്തേക്ക് ഓടിപ്പോയി, അവൾക്ക് വല്ലാത്ത ഒരു ഏകാന്തത തോന്നി , ഓർമ്മ വെച്ച കാലം മുതലുള്ള സൗഹൃദമാണ് സ്വാതിയുമായി,ഒരു കൂട്ടുകാരി ആയിരുന്നില്ല അവൾ തനിക്ക് സഹോദരിയായിരുന്നു, അവളുടെ സങ്കടങ്ങൾ പറയാനുള്ള ആശ്രയമായിരുന്നു താൻ,

എങ്കിലും സ്വാതി രക്ഷപ്പെട്ടു എന്ന് ആശ്വസിച്ചു, അങ്ങോട്ടുള്ള യാത്രയിൽ എല്ലാം സ്വാതി മൗനമായിരുന്നു, അവളുടെ മനസ്സിൽ കഴിഞ്ഞ കാലങ്ങൾ ആയിരുന്നു, ഒരു നിമിത്തം പോലെ ആദിയെ കണ്ടതും ഇപ്പോൾ നടന്നതും എല്ലാം അവളുടെ മനസ്സിലേക്ക് ഓടി വന്നു, ഇടക്ക് വഴിയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി നിർത്തിയപ്പോൾ പാർവതി അമ്മ നിർബന്ധിച്ച് അവളെ ഭക്ഷണം കഴിപ്പിച്ചു, ശ്രീ മംഗലത്ത് എത്തിയപ്പോഴേക്കും ഒരുപാട് രാത്രിയായിരുന്നു, പാർവ്വതി അമ്മയുടെ മടിയിലേക്ക് ചാഞ്ഞ് സ്വാതി ഉറക്കമായിരുന്നു,

“മോളെ എഴുന്നേൽക്ക് വീടെത്തി, പാർവതി അമ്മ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു, അവൾ പതിയെ തുറന്നു, ശ്രീമംഗലം തറവാട്ടിലേക്ക് നോക്കി, ആദി പറഞ്ഞ കഥകളിലൂടെ അവൾക്ക് പരിചിതമായ ശ്രീമംഗലം തറവാട് അവൾ നേരിട്ട് കാണുകയായിരുന്നു, ആഢിത്വത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി അത് തലയുയർത്തി നിന്നു , അവളുടെ മനസ്സ് തുടികൊട്ടി ആദിയെ കാണാനായി (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 25

Share this story