സുൽത്താൻ : ഭാഗം 30- അവസാനിച്ചു

സുൽത്താൻ : ഭാഗം 30- അവസാനിച്ചു

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“ശ്.. ശ്… പതുക്കെ.. “മടിയിൽ മയങ്ങിക്കിടക്കുന്ന ആദിയെ നോക്കി കൊണ്ടു ഫിദ റിഹുവിനോട് പറഞ്ഞു… “ഇപ്പൊ ഒന്ന് ഉറങ്ങിയതേയുള്ളെടാ… നെഞ്ചിലെ ഭാരമൊക്കെ ഇറക്കി വെച്ച്…”ഫിദയുടെ കണ്ണുകൾ നിറഞ്ഞു… അവൾ ആദിയുടെ തല മെല്ലെയെടുത്തു ഒരു തലയണയിലേക്ക് വെച്ചിട്ട് എഴുന്നേറ്റു റിഹുവുമായി വെളിയിലേക്കിറങ്ങി… “ഫിദൂത്ത… ഒരുപാട് താങ്ക്സ്.. ഒടുവിൽ എന്റിക്കായെ ഇത്ത മനസിലാക്കിയല്ലോ… ” “മ്മ്… സോറി റിഹു… നിന്നെയും ഞാൻ വേദനിപ്പിച്ചു അല്ലേ… ഡാഡിയോട് നീ വെച്ച ഡിമാന്റ് എന്തിനായിരുന്നു എന്നിപ്പോ എനിക്ക് മനസിലാകുന്നുണ്ട്…

നീ അറിഞ്ഞത് പോൽ ആദിയെ മറ്റാരും അറിഞ്ഞിട്ടില്ല റിഹു… നീ ആദിക്ക് കിട്ടിയ നിധിയാണ്… ആദിക്കല്ല… ഞങ്ങൾക്ക് .. ” “നിദ വിളിച്ചു പറഞ്ഞിരുന്നു.. ഇവിടെ ചില മാറ്റങ്ങൾ ഒക്കെ കാണുന്നു എന്ന്… ഞാനിപ്പോ വെളുപ്പിന് വന്നതേയുള്ളു… അപ്പോഴാണ് നിങ്ങളൊന്നിച്ചു വയനാട് പോയിട്ട് വന്നതൊക്കെ അവൾ പറഞ്ഞത്… മനസ് നിറഞ്ഞു പോയി ഫിദൂത്ത… ഇക്കായെ കാണാനാ ഞാൻ ഓടി വന്നത്.. ” ഫിദയും മനസ് നിറഞ്ഞു ചിരിച്ചു.. “പിന്നെ ഫിദൂത്ത… നിദയെ ഞാൻ ഇഷ്ടമുള്ളത് കൊണ്ടു തന്നെ കെട്ടിയതാ കേട്ടോ… പിന്നെ ഡാഡിയോട് അന്നങ്ങനെ പറഞ്ഞത്… എന്റെ ഇക്കാക്ക് ഇക്കായുടെ പ്രാണനെ കിട്ടാനാണ്… ” “എനിക്കെല്ലാം മനസിലായെടാ… ഇത്തിരി വൈകി പോയി എന്ന് മാത്രം…

നിങ്ങൾ രണ്ടാളും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു.. ഞാൻ ഭാഗ്യവതിയാ.. എനിക്ക് എന്റെ ആദിയെയും പിന്നെ അനിയനായി നിന്നെയും കിട്ടിയില്ലേ… “ഫിദ നിറമിഴികളോടെ അവന്റെ നെറുകിൽ തലോടി… നേരം പുലർന്നിരുന്നു… താഴെ ഉമ്മച്ചിയുടെ തട്ടും മുട്ടും ഒക്കെ കേട്ടു തുടങ്ങി… അവൾ റിഹുവിനോപ്പം താഴെക്കിറങ്ങി…. ഉമ്മച്ചിയോടൊപ്പം അടുക്കളയിൽ കൂടുമ്പോൾ മനസിന്‌ നല്ല സന്തോഷമായിരുന്നു… ഉറങ്ങിയില്ലായിരുന്നുവെങ്കിലും ആ ക്ഷീണം ഒന്നും തോന്നിയില്ല….. വായ് നിറച്ചു വർത്തമാനം പറയുന്ന ഫിദയെ ഉമ്മച്ചി കൗതുകത്തോടെ നോക്കി നിന്നു …വയനാട്ടിൽ പോയ വിശേഷങ്ങളാണ് ഒക്കെയും…. ഇടക്കെപ്പോഴോ അല്പം ജാള്യതയോടെ ഉമ്മച്ചി ചോദിച്ചു…

“ആദി മെഡിസിൻ എടുക്കുന്നുണ്ടോ മോളെ ” “എന്തിനാ ഉമ്മച്ചി.. “അവൾ പെട്ടെന്ന് മനസിലാവാതെ ചോദിച്ചു… “അല്ല… ഇളയവർക്ക് കുഞ്ഞായില്ലേ… നിങ്ങൾക്കിനിയും… “ഉമ്മച്ചി പകുതിക്ക് വെച്ച് നിർത്തി… അവളുടെ മനസ്സിൽ അന്നത്തെ ദിവസത്തിന്റെ ഓർമ കടന്നു വന്നു… ആദി അവന് തന്നെയാണ് കുഴപ്പം എന്ന് ഉമ്മച്ചിയോട് പറഞ്ഞ ദിവസം.. എന്തിനോ മനസ് വല്ലാതെ വേദനിച്ചു ഫിദക്ക്… “അതുമ്മച്ചി… ആദിക്ക് പ്രോബ്ലം ഒന്നുമില്ല… എന്റെ പീരിയഡ്സ് റെഗുലർ അല്ല.. അത്രേയുള്ളൂ… അതിനു ഞാൻ മെഡിസിൻ കഴിക്കുന്നുണ്ട് … അന്ന് ചിലപ്പോൾ ആദി അങ്ങനെ പറഞ്ഞത് ഉമ്മച്ചിക്ക് എന്നോട് ദേഷ്യം തോന്നേണ്ടാ എന്ന് കരുതിയാവും…” “ഉമ്മച്ചിക്ക് ഇടക്ക് എപ്പോഴോ ഒരു അകൽച്ച വന്നു എന്നത് നേരാ…

പക്ഷെ ഇനിയുണ്ടാവില്ല മോളെ… ആദി പാവമാ.. ആരും വേദനിക്കുന്നത് അവന് സഹിക്കില്ല.. അപ്പൊ നമ്മളും അവനെ വേദനിപ്പിക്കാൻ പാടില്ല… “ഉമ്മച്ചിയുടെ വാക്കുകൾ കേട്ട് ഫിദ അവരെ ചെന്ന് കെട്ടിപ്പിടിച്ചു നിന്നു.. ആദി രണ്ടു ദിവസം കൂടി ലീവ് ആയിരുന്നു.. ബ്രെക്ഫാസ്റ്റ് കഴിഞ്ഞു എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറി… വൃത്തിയാക്കി വെക്കാനുള്ള പാത്രങ്ങളുമായി ഫിദ അടുക്കളയിലേക്ക് പോയി.. വാഷ് ബേസനു അരികിൽ നിന്നും പാത്രം കഴുകി കൊണ്ടു നിൽക്കുമ്പോഴാണ് പുറകിൽ നിന്നും ഒരാൾ ചുറ്റിപ്പിടിച്ച്‌ മുഖം കഴുത്തിലേക്കു പൂഴ്ത്തിയത്… പരിചയമുള്ള ആ ഗന്ധത്തിൽ നിന്നു തന്നെ മനസിലായി തന്റെ പ്രിയപ്പെട്ടവൻ ആണെന്ന്…

തിരിഞ്ഞു നോക്കാതെ തന്നെ അവൾ ചോദിച്ചു… “ന്തെ… ഉമ്മച്ചീടെ മോൻകുട്ടന്.. വല്ലതും വേണോ ഇനി…? ” “ഉം.. വേണം… മുകളിലേക്ക് വാ… “ചെവിയോരമുള്ള അവന്റെ മന്ത്രണത്തിൽ അവന്റെ പെണ്ണിന്റെ നുണക്കുഴി കവിളുകളിൽ ചുവപ്പ് രാശി പടർന്നു…. ആദിയോടൊപ്പം മുകളിലേക്കു ചെല്ലുമ്പോൾ എന്തിനോ ഹൃദയം വെപ്രാളത്താൽ മൂടുന്നുണ്ടായിരുന്നു ഫിദക്ക്… ഇതുവരെ ഇല്ലാത്തൊരു വിറയൽ… അവളിലെ പേടിയും വെപ്രാളവും ആവോളം ആസ്വദിച്ചു നിന്നു ആദി… പിന്നീടെപ്പോഴോ തന്റെ പെണ്ണിനെ കരവലയത്തിൽ ഒതുക്കി തങ്ങളുടേതായ സ്വർഗം സൃഷ്ടിക്കാൻ വെമ്പൽ കൊണ്ടു അവൻ…

വർഷങ്ങൾക്കിപ്പുറം കനലായി ചങ്കിൽ കൊണ്ടുനടന്നിരുന്ന പ്രണയചൂട് നിറം മാറി മഴവില്ലിൻ നിറങ്ങൾ തീർത്തു അവളിൽ വസന്ത നൃത്തമാടി.. സുഖമുള്ള ഒരു വേദനയായി അവളിലേക്ക് അവൻ ആഴ്ന്നിറങ്ങിയപ്പോഴും പിന്നീട് തളർച്ചയോടെ അവളുടെ മാറിലേക്ക് തന്നെ ഒതുങ്ങിയപ്പോഴും കരുതലിൽ തീർത്തൊരു സ്നേഹവും പ്രണയവും ഭ്രാന്തും ആസ്വദിക്കുകയായിരുന്നു ഫിദു… ആ രണ്ടു പ്രണയങ്ങൾ എല്ലാ അർത്ഥത്തിലും ഒറ്റ പ്രണയമായി മാറി…. ………………….❣ ആദിയുടെ സീരിയസായുള്ള ചില ഫോൺ വിളികൾ രണ്ടു ദിവസമായി ഫിദു കാണുന്നുണ്ടായിരുന്നു…

എവിടൊക്കെയോ ഓടിപ്പിടിച്ചൊരു പോക്കും വരവും ഒക്കെ… എന്താന്നു ചോദിച്ചപ്പോൾ പിന്നെ പറയാം എന്ന് മറുപടി പറഞ്ഞത് കൊണ്ടു അവൾ പിന്നെയൊന്നും ചോദിച്ചില്ല… അന്ന്.. ആലപ്പുഴയിൽ ഫിദയുടെ വീട്ടിലേക്ക് ആദിയും ഫിദയും കൂടി ചെല്ലുമ്പോൾ അവരെ കാത്ത് ഗേറ്റിന് പുറത്ത് ഒരു സ്ത്രീയും മകനും ഉണ്ടായിരുന്നു… ആദി കാറിൽ നിന്നിറങ്ങി ചെന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു… മടിച്ചു മടിച്ചു വരുന്ന അവരെയും ഒരു പതിനാറു വയസോളം തോന്നിക്കുന്ന മകനെയും ഫിദ സൂക്ഷിച്ചു നോക്കി… ആ സ്ത്രീയെ എവിടെയോ കണ്ടു മറന്ന പോലെ… ആദിയോടോപ്പം സിറ്റ് ഔട്ടിലേക്ക് അവർ കയറിയപ്പോൾ ആദിയും ഫിദയും വന്നത് കണ്ടു ഡാഡിയും മമ്മിയും പുറത്തേക്കു വന്നു…

കൂടെയുള്ളവരെ കണ്ടു അന്തിച്ചു നിന്ന ഡാഡിയുടെ കൈ കവർന്നു ആദി പറഞ്ഞു… “കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല ഡാഡി.. ഈ കുട്ടി ഡാഡിയുടെ അനിയന്റെ രക്തമാണ്..ഇവിടെ ഈ സമ്പത്തിലും ഐശ്വര്യത്തിലും കഴിയേണ്ടവൻ… അവരെ ഇനിയും അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടാൻ അനുവദിക്കരുത്… ആരുമില്ല അവർക്ക്… നമ്മളല്ലാതെ…. ” ഡാഡി ആ കൊച്ചിന്റെ മുഖത്തേക്ക് നോക്കി… എവിടെയൊക്കെയോ തന്റെ അനിയൻ അൻസാരിയുടെ ഛായ..ഡാഡി കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചപ്പോൾ വിതുമ്മി നിന്ന അവനെയും അവന്റെ ഉമ്മിയെയും മമ്മി അകത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നത് ഫിദ കണ്ടു…

അവൾ കണ്ണിൽ പ്രണയം നിറച്ചു തന്റെ പ്രാണനെ നോക്കി… ഇതിനാരുന്നോ കഴിഞ്ഞ ഒരാഴ്ചയായി ഉറക്കമില്ലാതെ ഓടി നടന്നത്… അവളുടെ നോട്ടം മനസിലായതും അവൻ ചെറു പുഞ്ചിരിയോടെ അവളെ കണ്ണടച്ച് കാണിച്ചു… അവനെ വട്ടം ചുറ്റി പിടിച്ചു ഡാഡിയുടെ മുന്നിൽ വന്ന്‌ നിന്നു ഫിദ പറഞ്ഞു.. “ഡാഡി…. ഒരുപാട് നന്ദിയുണ്ട് കേട്ടോ… ഈ ആളെ എനിക്കായി കണ്ടെത്തി തന്നതിന്…എന്റെ ജീവനാണ് ഇവൻ.. ഇവനെ കിട്ടിയില്ലാരുന്നെങ്കിൽ എന്റെ ജീവിതം ഒരു പാഴ് മരുഭൂമി ആയി പോയേനെ… ” അവളുടെ സംസാരം കേട്ട് ഡാഡിയുടെ കണ്ണ് നിറഞ്ഞു… തല തിരിച്ച് ഡാഡി ഭാര്യയെ അഭിമാനത്തോടെ നോക്കി… താൻ പണ്ട് പറഞ്ഞില്ലായിരുന്നോ ഫിദയെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കും എന്ന് പറഞ്ഞത് ഓർമിപ്പിക്കും പോൽ…. …………………❤

മാസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു… വയനാട് ആദിയുടെ ബാച്ച് കാർ കോളേജിൽ ഒരു ഗെറ്റ് ടുഗതർ അറേൻജ് ചെയ്യാൻ പ്ലാനിടുകയാണ്… എല്ലാവരും തന്നെ പലയിടത്താണ്… കൂടുതൽ പേർക്കും വരാൻ പറ്റുന്ന ഒരു മാസം ക്ലാസിലെ എല്ലാവർക്കും കൂടി കൂടാം എന്നാണ് കരുതിയിരിക്കുന്നത് കഴിവതും രണ്ടു മൂന്ന് മാസത്തിനുള്ളിൽ കാര്യങ്ങൾ നടത്തണം എന്നാണ് എല്ലാവരുടെയും ആഗ്രഹം… അതിനായുള്ള ഓട്ടത്തിൽ ആണ് നിലവിൽ ആദിയും നീരുവും ഹർഷനും എല്ലാം… തേജുവും അവരുടെ ഒപ്പം കൂടീട്ടുണ്ട്…. ഹോസ്പിറ്റലിൽ പോകാൻ കുളിച്ചു തയാറായി വന്നപ്പോഴും ഫിദ കിടക്കുന്നത് കണ്ടു അവൻ അവളുടെ അരികിലേക്ക് ഇരുന്നു… “എന്താടാ വയ്യേ… ഒരു ക്ഷീണം പോലെ.. ”

“കുഴപ്പമൊന്നുമില്ല ആദി പോയിട്ട് വാ… ” “അതിപ്പോ എങ്ങനാ.. നീയിങ്ങനെ കിടക്കുമ്പോൾ… ഒരു സമാധാനം കിട്ടില്ല.. താഴോട്ടു വന്നേ.. ബി പി ഒന്ന് ചെക്ക് ചെയ്യട്ടെ… ” “ഒന്നും വേണ്ടാ… ഞാനും ഒരു ഡോക്ടറല്ലെ എനിക്കും അറിയാം കുറച്ചു കാര്യങ്ങളൊക്കെ…. “അവൾ അവനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു…. “ഉം… ആദി അവളുടെ മുടിയിലൂടെ ഒന്ന് വിരലോടിച്ചിട്ട് എഴുന്നേറ്റു… “എന്നാൽ താഴെ വന്ന്‌ ഉമ്മച്ചിടെ മുറിയിൽ കിടക്ക്… അപ്പൊ ഉമ്മച്ചിക്ക് ഒരു നോട്ടം കിട്ടും.. ” ഫിദ എഴുന്നേറ്റ് ആദിയോടൊപ്പം താഴെക്കിറങ്ങി… താഴത്തെ പടിയിൽ എത്തിയപ്പോൾ ഫിദ ആദിയുടെ കയ്യിൽ പിടിച്ചു നിർത്തി… ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കിയ അവന്റെ കൈ പിടിച്ചു വയറിന്മേൽ വെച്ചിട്ട് അത്രയേറെ പ്രണയത്തോടെ അവന്റെ തോളിലേക്ക് ചാഞ്ഞു…

വിസ്മയത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയ അവനെ കണ്ണടച്ച് കാട്ടി കാണിച്ചു അവൾ… “ഫിദു “….നേർത്തു പോയി ആദിയുടെ സ്വരം “കൊച്ചു സുൽത്താൻ വരാൻ പോണുന്ന് തോന്നുന്നു… ഞാൻ ഉമ്മച്ചിയുമായി ഒന്ന് ഹോസ്പിറ്റലിൽ പോകും കേട്ടോ…ഡേറ്റ് തെറ്റിയിട്ട് കുറച്ചായി… ” നിറകണ്ണോടെ അവളെ പുല്കുമ്പോൾ ഈ ലോകത്തെ ഏറ്റവും സന്തോഷവാൻ താണാണെന്ന് ആദിക്ക് തോന്നി… ……………………….., ❣ രണ്ടു മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞു… കോളേജ് ഗെറ്റ് ടുഗതറിന്റെ തിയ്യതിയായി … ഫിദയെ കൊണ്ടു പോകാൻ ആദിക്ക് മടിയായിരുന്നു… അവൾക്കിപ്പോൾ മൂന്ന് മാസം കഴിഞ്ഞ സമയമാണ്…

അവളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ അവസാനം അവൻ സമ്മതം മൂളി.. തലേ ദിവസമേ എത്തി തേജുവിന്റെ വീട്ടിൽ കൂടി ആദിയും ഫിദയും നീരജും പൂജയും അവരുടെ കുഞ്ഞും… തനു എത്തിയിട്ടുണ്ടായിരുന്നു… അവൾക്ക് ഒരു മോളുണ്ട്.. വൈകുന്നേരം ഫിദയുടെ ആഗ്രഹ പ്രകാരം ആദി അവളെ കോളേജിലേക്ക് കൊണ്ടുപോയി… ആ കോളേജിൽ ഉണ്ടായിരുന്നപ്പോൾ അവന് കൊടുക്കാൻ കഴിയാതിരുന്ന നിമിഷങ്ങൾ ഇപ്പോഴെങ്കിലും കുറച്ചു കൊടുക്കണം എന്ന് അവൾക്കു തോന്നി… അത് കൊണ്ടാണ് മറ്റാരും ഇല്ലാതെ അവൻ മാത്രമായി വരാൻ അവൾ ആഗ്രഹിച്ചത്… വൈകുന്നേരം ആയതു കൊണ്ടും വെക്കേഷൻ സമയം ആയതു കൊണ്ടും കോളേജ് വിജനമായിരുന്നു…

ആദിയുടെ കൈ കോർത്തു പിടിച്ചു അവൾ ആദ്യം കാണുന്ന പോലെ എല്ലായിടവും നോക്കി കണ്ടു… പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ആയിരുന്നു ആദി… അത് കൊണ്ടു തന്നെ തങ്ങളുടെ ക്‌ളാസിന്റെ താക്കോൽ ലഭിക്കാൻ പാടുപെടേണ്ടി വന്നില്ല…ഫിദയോടൊപ്പം അടച്ചിട്ട ആ ക്ലാസ് റൂം തുറന്നു ആദി അകത്തേക്ക് കയറി.. വല്ലാത്തൊരു അനുഭൂതി തന്നിൽ വന്ന്‌ നിറയുന്നതവൻ അറിഞ്ഞു… തന്റെ പ്രണയത്തെയും പ്രണയ നഷ്ടത്തെയും അറിഞ്ഞ ആ ചുവരുകളും അതിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണുന്ന വാകപ്പൂക്കളെയും അവൻ പ്രണയത്തോടെ തന്നെ നോക്കി…

തന്റെ പഴയ ഇരിപ്പിടത്തിൽ പോയിരുന്നിട്ട് ഫിദക്കായി അല്പം നീങ്ങിയിരുന്നു അവളെ നോക്കിയപ്പോഴേക്കും ആള് വന്ന്‌ അവന്റെ മടിയിലേക്കിരുന്നു കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചിരുന്നു…. അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു അവൾ എന്തൊക്കെയോ ഓർത്ത് കൊണ്ടിരുന്നു… ആദിയുടെ കൈകൾ അവളുടെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു…. പിറ്റേദിവസം…. എല്ലാവരും ഒത്തു ചേരുന്നതിനിടയിലാണ് നീരു ചൂണ്ടി കാണിച്ചയിടത്തേക്ക് ആദി നോക്കിയത്.. പാർക്കിങ് ഏരിയയിൽ കാർ പാർക് ചെയ്ത ശേഷം ഒറ്റക്ക് നടന്നു വരുന്ന ഫർദീനെ ആദി കണ്ടു… അറിയാതെ കണ്ണുകൾ ഫിദയെ തേടി…

തനുവിനും വൈശുവിനും ഒപ്പം എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ടു നിൽക്കുകയാണവൾ…. തങ്ങളുടെ അടുത്തേക്ക് വന്ന ഫർദീനു പഴയ ചിരിയും സന്തോഷവും ഒന്നുമില്ലെന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞു… ഒന്നും സംഭവിക്കാത്ത രീതിയിൽ ആദിയും നീരുവുമൊക്കെ അവനോട് പെരുമാറി… കുറച്ചു നേരം അവർക്കൊപ്പം നിന്നിട്ട് ഫർദീൻ അവന്റെ ഫ്രണ്ട്സിന്റെ കൂടെ കൂടി… ഭക്ഷണ സമയത്താണ് ഫർദീൻ ഫിദയെ കണ്ടത്… അവനിരുന്നതിന്റെ എതിർവശത്തായിരുന്നു അവളിരുന്നിരുന്നത്… ഫർദീൻ ഇമ വെട്ടാതെ നോക്കിയിരുന്നു പോയി അവളെ… വീണ്ടും സൗന്ദര്യം കൂടിയ പോലെ…

പണ്ടത്തേതിന്റെ നാലിരട്ടി സൗന്ദര്യം…ഇടക്ക് അവളുടെ അല്പം ഉന്തിയ വയറിലേക്കും അവന്റെ നോട്ടം ചെന്നു… എന്തോ ഒരു നഷ്ടബോധം മനസ്സിൽ വന്ന്‌ നിറയും പോലെ തോന്നി അവന് … അല്ലെങ്കിലും എല്ലാം നഷ്ടത്തിൽ തന്നെ ആയിപോയിരുന്നല്ലോ എന്നും കൂടി അവനോർത്തു… ഫിദയെ ഒന്നും ബാധിച്ചില്ല… അവൻ എതിർവശത്തിരുന്നിട്ട് കൂടി അറിയാതെ പോലും അവളുടെ ഒരു നോട്ടം അവനിലേക്ക് ചെന്നില്ല… മറിച്ചു മിഴികൾ തന്റെ പ്രിയപെട്ടവനെ തേടിയപ്പോൾ കുറച്ചു ദൂരെ മാറിയിരുന്നു തങ്ങളെ ഇരുവരെയും എരിച്ചിലോടെ മാറി മാറി നോക്കുന്നത് കണ്ടു…ആ കണ്ണുകളിൽ കണ്ട ഇഷ്ടക്കൂടുതൽ കൊണ്ടുള്ള വ്യസനം അവളുടെ ഉള്ള് നിറച്ചു… ഒപ്പം ഫിദയുടെ ചുണ്ടിൽ ഒരു കുസൃതി ചിരിയും മിന്നി….

നീരജിൽ നിന്നും ഫർദീന്റെ വിശേഷങ്ങൾ അറിയുകയായിരുന്നു അപ്പോൾ ആദി… ഒരു പണചാക്കിനെ നിക്കാഹ് ചെയ്തതും…കുട്ടികൾ ഇല്ലാതിരുന്നതും.. പിന്നീട് ബിസിനസ് ഫ്ലോപ്പ് ആയപ്പോൾ അവൾ വേറെ ഒരുത്തന്റെ ഒപ്പം പോയതും… ഇപ്പൊ ലണ്ടനിലെ ബിസിനസൊക്കെ വിറ്റു പെറുക്കി നാട്ടിലേക്ക് പോന്നതും ഒക്കെ… ഫിദയും അറിഞ്ഞു ആരോ കൂട്ടുകാർ പറഞ്ഞ് എല്ലാം… എന്തോ ഒരു സംതൃപ്തി മനസ്സിൽ നിറഞ്ഞത് അവളറിഞ്ഞു… പറ്റിക്കപ്പെട്ടതിന്റെയും വിഡ്ഢിയാക്കപ്പെട്ടതിന്റെയും പ്രതിഫലമായി കാലം തനിക്ക് തന്ന സംതൃപ്തി… പിറ്റേന്ന് വൈകിട്ട് വയനാടൻ ചുരം ഇറങ്ങുമ്പോൾ ആദി നിശബ്ദനായിരുന്നു…

“പാവം ഫർദീൻ അല്ലേ ആദി… “ഫിദ ഒളികണ്ണിട്ട് ആദിയെ നോക്കി കൊണ്ടു പറഞ്ഞു… “ന്തേ… “ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടു ആദി ചോദിച്ചു… “അവൻ ഒറ്റക്കായി പോയില്ലേ.. ആരുമില്ല പാവം… “ഫിദ വിഷമം നടിച്ചു ചിരി കടിച്ചമർത്തി പ്രിയപ്പെട്ടവനെ നോക്കി.. ആ മുഖം വലിഞ്ഞു മുറുകുന്നത് കണ്ട് അവൾക്കു ചിരി പൊട്ടി… അവളെ ഒന്ന് നോക്കിയിട്ട് പെട്ടെന്ന് കാർ നിർത്തി ആദി സ്‌റ്റിയറിങ്ങിലേക്ക് തല ചായ്ച്ചു.. “ഏയ്… ആദി… “ഫിദയുടെ നെഞ്ച് പൊള്ളിപ്പോയി… ആ തല പിടിച്ചു തന്റെ മാറിലേക്ക് പൂഴ്ത്തി അവൾ അവനെ തെരു തെരെ ചുംബിച്ചു .. “വെറുതെ പറഞ്ഞതല്ലെടാ…

നിന്നെ ഒന്ന് ചൊടിപ്പിക്കാൻ… നീ എന്റെയല്ലേ…” “എനിക്ക് കൊച്ചു സുൽത്താനെ തന്ന എന്റെ ഖൽബിലെ സുൽത്താൻ… “അവളുടെ മുഖത്തേക്ക് നോക്കിയ ആദിയുടെ അധരങ്ങൾ കുറുമ്പോടെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നു… വയനാടൻ മലനിരകൾ ആ പ്രണയം കണ്ടു നാണിച്ചു തല താഴ്ത്തി….പല പ്രണയങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു പ്രണയം അവർ ആദ്യം കാണുകയായിരുന്നു… ❤ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 സുൽത്താന്റെ പ്രണയകഥ ഇവിടെ തീരുന്നു..കൂടെ കൂടിയ കൂട്ടുകളോടെല്ലാം ഒരുപാട് ഇഷ്ടം… Lub U All❤❤ ഇനിയും അടുത്ത കഥക്ക് കൂട്ടായി കാണുമല്ലോ…. 😊 അവസാനിച്ചു dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 29

Share this story