അഗസ്ത്യ : ഭാഗം 13

അഗസ്ത്യ : ഭാഗം 13

എഴുത്തുകാരി: ശ്രീക്കുട്ടി

” പുല്ല് ഏത് നേരത്താണോ എന്തോ ഇവനെക്കളഞ്ഞിട്ടീ നരകത്തിലോട്ടിറങ്ങിപ്പോകാൻ തോന്നിയത്. അന്ന് മര്യാദക്കങ്ങ് കെട്ടിയിരുന്നെങ്കിൽ ഇന്നെനിക്കിതൊന്നും കാണേണ്ടി വരില്ലായിരുന്നല്ലോ ന്റെ ദേവ്യേ…. ” അഗസ്ത്യയെ ചേർത്തുപിടിച്ച് നടന്നുപോകുന്ന ഋഷിയെ നോക്കി നിൽക്കുമ്പോൾ നഷ്ടബോധത്തോടെ മൈഥിലി ഓർത്തു. പെട്ടന്നായിരുന്നു അവളുടെ കണ്ണിലൂടെ പൊന്നീച്ച പറത്തിക്കൊണ്ട് പിടലിക്ക് തന്നെ ആരുടെയോ കൈ പതിഞ്ഞത്. ഒരു നിമിഷത്തേ അമ്പരപ്പിനൊടുവിൽ അവൾ തിരിഞ്ഞുനോക്കുമ്പോൾ മദ്യപിച്ച് ലക്ക് കെട്ട ആദർശവിടെ നിന്നിരുന്നു. ”

എന്താടീ പഴയ കാമുകനെ നോക്കി നിന്ന് വെള്ളമിറക്കുന്നത് ??? അനിയത്തിയവന്റെ കൂടെ നിൽക്കുന്നത് കാണുമ്പോൾ സഹിക്കുന്നില്ല അല്ലെടീ ??? ” അവളുടെ മുഖത്തിന് നേർക്കടുത്തൊരു വികൃതമായൊരു ചിരിയോടെ അവൻ ചോദിച്ചു. ” ദേ ആദർശേട്ടാ അനാവശ്യം പറയരുത്. അയാളെപ്പോഴാ എന്റെ കാമുകനായത് ??? അയാളോടങ്ങനെ വലതുമുണ്ടായിരുന്നെങ്കിൽ അന്നെനിക്ക് എല്ലാമുപേക്ഷിച്ച് നിങ്ങടെ കൂടെ വരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ??? ” അവന്റെ മുഖത്തേക്ക് നോക്കി ദയനീയ സ്വരത്തിൽ അവൾ ചോദിച്ചു. ” എടീ എടീ ഭാര്യേ….. എന്റടുത്ത് നിന്റെയീ അഭിയമിറക്കരുത്.

ഡീ പുല്ലേ നീ കേട്ടിട്ടില്ലേ കൂടെക്കിടക്കുന്നവർക്കേ രാപ്പനിയറിയത്തുള്ളൂന്ന്. അതുകൊണ്ട് നിന്റെയീ വേഷംകെട്ടെന്നോട് വേണ്ട. അന്ന് എന്നോട് പ്രേമം മൂത്ത് നിന്നോണ്ട് നിനക്കവനെ കണ്ണിൽ പിടിച്ചില്ല. പോരാഞ്ഞിട്ട് അവന്റെ പോക്കറ്റിന്റെ കനവും നീയന്ന് ശ്രദ്ധിച്ചില്ല. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അവൻ നിന്റനിയത്തിയെ കെട്ടിയപ്പോ മുതൽ നിനക്ക് സഹിക്കാൻ പറ്റാതായി. അവളിപ്പോ അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നതും നിനക്ക് സഹിക്കാൻ പറ്റുന്നില്ല അല്ലേടീ ??? ” ” നിങ്ങളിതെന്തൊക്കെയാ മനുഷ്യാ ഈ പറയുന്നത് അവരെങ്ങനെ ജീവിച്ചാൽ എനിക്കെന്താ ??? ”

അവനെതിർവശം തിരിഞ്ഞുനിന്നുകൊണ്ട് അവൾ പറഞ്ഞു. ” അയ്യോ പൊന്നുമൈഥിലി നീയിങ്ങനെ നല്ല പിള്ള ചമയല്ലേഡീ…. അല്ലെങ്കിലും ആര് നന്നാവുന്നതാഡീ നിനക്ക് കണ്ണിൽ പിടിക്കുക ??? നിനക്ക് കിട്ടാത്തതൊന്നും വേറാർക്കും കിട്ടാതിരിക്കാൻ എന്നും പ്രാക്കും നേർച്ചയുമായി നടക്കുന്ന നീ തന്നെയാണോഡീ ഈ മിടുക്കി കളിക്കുന്നത് ” അവളുടെ മുഖത്തേക്ക് നീട്ടിയൊന്ന് ഊതിയിട്ടൊരു പുച്ഛച്ചിരിയോടെ അവൻ പറഞ്ഞു. ” ഹോ എന്തൊരു നാറ്റം എന്റെ വിധി… ” വാറ്റുചാരായത്തിന്റെ അസ്വസ്തതയുളവാക്കുന്ന ദുർഗന്ധം മുഖത്തേക്കടിച്ചതും മുഖം തിരിച്ചുകൊണ്ടവൾ പിറുപിറുത്തു. ”

എന്താടീ നിന്ന് പുലമ്പുന്നത് ??? ” അവളുടെ കവിളിൽ കുത്തിപ്പിടിച്ച് തനിക്ക് നേരെ തിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ” ഒന്നുമില്ല വന്ന് വല്ലതും കഴിക്കാൻ പറഞ്ഞതാ ” ” മ്മ്മ്…. നീയെന്നെയങ്ങ് കഴിപ്പിച്ചുകിടത്തല്ലേഡീ ഭാര്യേ… ” ഒന്നമർത്തി മൂളിയിട്ടവളെ നോക്കി പറഞ്ഞിട്ടവൻ ആടിയാടി മുന്നോട്ട് നടന്നു. ” ഈശ്വരാ… ഇനിയവിടെ വന്നെന്നെ എങ്ങനൊക്കെ നാണംകെടുത്തുവോ എന്തോ ” അവന്റെയാ പോക്ക് നോക്കി നിന്ന് മാറിൽ കൈ ചേർത്തുവച്ച് ഒരു വിലാപം പോലവൾ പറഞ്ഞു. ” ഇനിയെന്തിനാഡീ മൂധേവീ അവിടെ നിന്ന് കറങ്ങുന്നത് നിന്റെയേതവനാഡീ വരാമെന്ന് പറഞ്ഞത് ??? ” ”

ദൈവത്തെയോർത്ത് ഇനിയുമെന്നേയിങ്ങനെ നാണംകെടുത്തല്ലേ ആദർശേട്ടാ … ” തിരിഞ്ഞുനിന്ന് ഉച്ചത്തിലവനത് ചോദിച്ചതും ഓടി വന്നവന്റെ വായ മൂടിക്കൊണ്ടവൾ പറഞ്ഞു. പിന്നീടെന്തുകൊണ്ടൊ അവനൊന്നും മിണ്ടാതെ അവളോടൊപ്പം നടന്നു. അവർ കല്യാണവീട്ടിലേക്കെത്തുമ്പോൾ മുറ്റത്തെ പന്തലിലിൽ നിരന്നിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു എല്ലാവരും. ” ആഹാ നിങ്ങളിതെവിടായിരുന്നു ഇത്രയും നേരം ??? ” പന്തലിലേക്ക് കേറിച്ചെന്ന അവരെ കണ്ടതും ഋഷിയുടെയും അഗസ്ത്യയുടെയും അരികിൽ നിന്നെന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന വരനായ ശ്രീഹരി ചോദിച്ചു.

” ഓ വല്യ വല്യ ആളുകൾക്കൊപ്പമിരുന്ന് കഴിക്കാനുള്ള വലിപ്പമൊന്നും അത്താഴപ്പട്ടിണിക്കാരായ ഞങ്ങൾക്കില്ലെടാ. അതുകൊണ്ട് വിഐപി കളൊക്കെ കഴിച്ചുകഴിയട്ടെന്ന് കരുതി മാറി നിന്നതാ ” അഗസ്ത്യയേയും ഋഷിയേയുമൊന്ന് പാളി നോക്കി പറഞ്ഞിട്ടവൾ വീട്ടിനകത്തേക്ക് കയറിപ്പോയി. ” എന്തോന്നഡീ സത്യാ നിന്റെ ചേച്ചിക്കിപ്പോഴുമൊരു മാറ്റവുമില്ലല്ലോ. പുള്ളിക്കാരിയുടെ ഭാവവും പടുതിയുമൊക്കെ കണ്ടാൽ തോന്നും ആ കൂടെപ്പോകുന്നതിനെ നമ്മളാരാണ്ട് പ്രത്യേകം പറഞ്ഞുചെയ്യിപ്പിച്ച് ചേച്ചിടെ തലേലോട്ട് വച്ചുകൊടുത്തതാണെന്ന്. ”

മൈഥിലിക്ക് പിന്നാലെ ആടിയാടി നടന്നുപോകുന്ന ആദർശിനെ നോക്കിയുള്ള ശ്രീഹരിയുടെ വർത്തമാനം കേട്ട് കഴിച്ചുകൊണ്ടിരുന്ന ഋഷിയറിയാതെ പൊട്ടിച്ചിരിച്ചുപോയി. പെട്ടന്ന് അഗസ്ത്യ അവനെയുയുഴപ്പിച്ചൊന്ന് നോക്കി. ” എന്റെ പൊന്നളിയാ ദൈവത്തേയോർത്ത് നീയിങ്ങനെ അ അസ്ഥാനത് കേറി കോമഡിയൊന്നുമടിക്കരുത്. എന്റെ തൊട്ടടുത്തൊരു കരാട്ടെക്കാരിയാ ഇരിക്കുന്നത് അടിയെവിടുന്ന് വരുമെന്ന് പറയാൻ പറ്റൂല. ” വീണ്ടും കൂർപ്പിച്ച് നോക്കിയിരിക്കുന്ന അവളുടെ നീണ്ട മൂക്കിലൊന്ന് തൊട്ടുകൊണ്ട് ഋഷി പറഞ്ഞത് കേട്ട് ശ്രീഹരിയും പതിയെ ചിരിച്ചു.

കല്യാണത്തലേന്നായത് കൊണ്ടുതന്നെ അന്നവിടെ ആർക്കുമുറക്കമുണ്ടായിരുന്നില്ല. എല്ലാവരും ഒരോരോ ജോലികളുമായി തിരക്കിലായിരുന്നു. പിന്നാമ്പുറത്ത് നിന്നും പാചകക്കാരുടെയും ഉമ്മറത്ത് നിന്ന് പന്തലുപണിക്കാരുടെയുമൊക്കെ ശബ്ദം കൊണ്ട് ആ രണ്ടുവീടുകളും നിലകൊണ്ടിരുന്ന കോമ്ബൗണ്ടാകെ ബഹളമയമായിരുന്നു. അഗസ്ത്യയും ഒരോരോ ജോലികളുമായി അമ്മയ്ക്കുമപ്പച്ചിക്കുമൊപ്പം ഓടി നടക്കുകയായിരുന്നു. അതിനിടയ്ക്കാണ് എന്തോ കാര്യത്തിന് പിന്നാമ്പുറത്തേക്കിറങ്ങിയ അവളുടെ ഇടുപ്പിലൂടെ ആരോ ബലമായി ചുറ്റിപ്പിടിച്ചിരുട്ടിന്റെ മറവിലേക്ക് മാറ്റിയത്. ”

എന്റ…..” ” കിടന്നലറല്ലേഡീ പെണ്ണേ ഇത് ഞാനാ നിന്റെ കെട്ടിയോൻ ” പെട്ടന്ന് ഭയന്നൊച്ച വയ്ക്കാൻ തുടങ്ങിയ അവളുടെ വായ പൊത്തിക്കൊണ്ടാണ് അമർന്ന സ്വരത്തിൽ ഋഷിയത് പറഞ്ഞത്. ” നിങ്ങക്കിതെന്തിന്റെ കേടാ ഋഷിയേട്ടാ പേടിച്ചിപ്പോ എന്റെ കാറ്റ് പോയേനെ ??? ” കപടദേഷ്യത്തിലവന്റെ മാറിൽ ചെറുതായി ഇടിച്ചുകൊണ്ട് അവൾ പറഞ്ഞു. ” നിന്ന് വാചകമടിക്കാതെ ഇങ്ങോട്ട് വാ പെണ്ണേ…. ” അവളുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ അവൻ പറഞ്ഞു. ” ഋഷിയേട്ടാ വിട് എന്നേയവിടെ തിരക്കും. ഇതെങ്ങോട്ടാ കൊണ്ടുപോണത് ??? ” ” ഓ പിന്നേ നീയില്ലെങ്കിൽ കല്യാണവീട് സ്തംഭിച്ചുപോകും. ഒന്നുവാടീ പെണ്ണേ…. ”

പറമ്പിന്റെ നടുവിലുള്ള അശോകത്തിന്റെ ചുവട്ടിലേക്കവളുമായി നടക്കുമ്പോൾ ചിരിയോടവൻ പറഞ്ഞു. ” അല്ല ഈ പാതിരാത്രി എന്നേം കൊണ്ടീ പറമ്പിലോട്ടോടിയതെന്തിനാ ??? ” അശോകത്തിന് താഴെയുള്ള പരന്നപാറയിലേക്കിരുന്ന അവനെ നോക്കി ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു. ” അതോ വാ പറയാം ” പറഞ്ഞതും അവനവളെപ്പിടിച്ച് തന്റെ മടിയിലേക്കിട്ട് വരിഞ്ഞുമുറുക്കിയിരുന്നു. ” എനിക്കെന്റെയീ പെണ്ണിനേ ദേ ഇങ്ങനെയൊന്ന് സ്നേഹിക്കാൻ തോന്നി ” കുനിഞ്ഞവളുടെ മൂക്കിലേക്ക് മൂക്കുരസിക്കൊണ്ട് അവനത് പറഞ്ഞതും അവൾ കുലുങ്ങിച്ചിരിച്ചു.

അതുകൂടി കണ്ടതും ഋഷിയൊരുന്മാദത്തോടവളുടെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി. ” ഋഷിയേട്ടാ വേണ്ട അപ്പിടി വിയർപ്പാ ” അവന്റെ മുഖം തട്ടിമാറ്റിക്കൊണ്ട് അവൾ ചിണുങ്ങി. ” നിന്റെ വിയർപ്പ് പോലുമെനിക്കൊരുന്മാദമാണ് പെണ്ണേ…..” വീണ്ടുമവളിലേക്കടുക്കുമ്പോൾ അവൻ പതിയെ പറഞ്ഞു. പിന്നീടവനെ തടയാൻ ശ്രമിക്കാതെ അവളുമവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി. നീണ്ടുമെലിഞ്ഞ അവളുടെ വിരലുകൾ അവന്റെ മുടിയിഴകളെ വകഞ്ഞുമാറ്റിയാ ശിരസ്സിലൂടൊഴുകിനീങ്ങിക്കോണ്ടിരുന്നു. ഈ സമയമെല്ലാം ആ വീടുമുഴുവൻ അവരെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു മൈഥിലി. ” നീയാരെയാടി ഈ തപ്പി നടക്കുന്നത് ??? ”

എല്ലായിടത്തും സൂഷ്മമായ് നിരീക്ഷിച്ചുകൊണ്ട് നടക്കുകയായിരുന്ന അവളുടെ മുന്നിലേക്ക് വന്നുകൊണ്ട് ഇന്ദിര ചോദിച്ചു. ” ആഹ് അതമ്മേ ഞാൻ ആദർശേട്ടനെ നോക്കുവായിരുന്നു ” അവരുടെ ചോദ്യം കേട്ട് ഒന്ന് പതറിയെങ്കിലും ഒരു വിളറിയ ചിരിയോടവൾ പറഞ്ഞു. ” നല്ല കാര്യം…. വന്നപ്പോ മുതലിങ്ങനെ വെറുതേയിതുവഴി നടക്കുന്നതല്ലാതെ എന്തെങ്കിലുമൊരു സഹായമുണ്ടോ നിന്നേക്കൊണ്ട് ??? നിനക്കാ അടുക്കളയിലോട്ടൊന്ന് വന്നൊരുകൈ സഹായിച്ചൂടേ ??? ” ആരെങ്കിലും കേൾക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ട് സ്വരം താഴ്ത്തിയവർ ചോദിച്ചു. ” ഓ അവിടെ എന്റാവശ്യമൊന്നുമില്ലല്ലോ എല്ലാത്തിനും മുന്നിൽ നില്ക്കാനവിടമ്മേടെ പുന്നാരമോളുണ്ടല്ലോ ”

പറഞ്ഞുകൊണ്ടവൾ ചവിട്ടിക്കുലുക്കി പുറത്തേക്ക് പോയി. ” അതേ…. നമുക്ക് പോകണ്ടേ ??? ” തന്റെ നെഞ്ചിലേക്ക് ചേർന്നിരിക്കുന്നവളുടെ കാതോരം ചെന്നുകൊണ്ട് ഋഷി പതിയെ ചോദിച്ചു. ” മ്മ്ഹും…. ” അവന്റെ കണ്ണുകളിലേക്ക് നോക്കി വേണ്ടാ എന്ന അർഥത്തിൽ അവൾ മൂളി. ” ആഹാ ഇപ്പൊ അങ്ങനെയായോ എണീറ്റ് വാ പെണ്ണേ കൂടുതൽ നേരമിങ്ങനിരുന്ന് മനുഷ്യന്റെ കൺട്രോള് കളയാതെ ” ഒരു കുറുകലോടെ വീണ്ടുമവന്റെ നെഞ്ചിലേക്ക് ചേർന്ന അവളുടെ വയറിൽ പതിയെ ഇക്കിളിയാക്കിക്കൊണ്ട് അവൻ പറഞ്ഞു. ” ഋഷിയേട്ടാ…. ” അവൾ ചിണുങ്ങി. ” എന്താടീ പെണ്ണേ ??? ”

” വെറുതേയിരുന്ന എന്നെ കുത്തിപ്പൊക്കിക്കൊണ്ട് വന്നിട്ടിപ്പോ പോകാന്നോ ??? നമുക്കിന്ന് മുഴുവനിവിടിങ്ങനിരിക്കാം ” അവന്റെ കണ്ണുകളിലേക്ക് നോക്കി പ്രണയപൂർവ്വം പറഞ്ഞ അവളുടെ മിഴികളപ്പോൾ നിലാവെളിച്ചത്തിൽ തിളങ്ങി. അപ്പോഴവരെ തഴുകിത്തലോടിയൊരിളംകാറ്റ് കടന്നുപോയി. ആ ഇളംകാറ്റിലവളുടെ മുടിയിഴകൾ പാറിപ്പറന്നു. ചെറിയൊരു കുളിരവരെ പൊതിഞ്ഞുതുടങ്ങിയപ്പോൾ ഋഷിയവളെ ഒന്നുകൂടി വരിഞ്ഞുമുറുക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേദിവസം വിവാഹമൊക്കെ കഴിഞ്ഞ് ഉച്ചയോടെയാണ് ഋഷിയുമഗസ്ത്യയും കാവുവിളയ്ക്ക് മടങ്ങിയത്. തിരികെപ്പോകും വഴിയെല്ലാം അഗസ്ത്യ വളരെയേറേ സന്തോഷത്തിലായിരുന്നു. ” ഋഷിയേട്ടനെന്റെ ചേച്ചിയെ ഇഷ്ടായിരുന്നൂല്ലേ ??? ”

മടക്കയാത്രയ്ക്കിടയിൽ പൊടുന്നനെയായിരുന്നു അവളുടെ ചോദ്യം. ” ഏഹ്… അതെന്താ പെട്ടന്നങ്ങനൊരു ചോദ്യം ??? ” ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെയായിരുന്നു അവന്റെ മറുചോദ്യം. ” അല്ല ചേച്ചിയോടുള്ള ഏട്ടന്റെ പെരുമാറ്റം കണ്ടിട്ട് ചോദിച്ചതാ. പലപ്പോഴത്തെയും പ്രവർത്തികൾ കണ്ടാൽ തോന്നും അവളെക്കാണിക്കാൻ വേണ്ടി മാത്രമാണ് ഓരോന്നും ചെയ്തുകൂട്ടുന്നതെന്ന്. ” അവനെയോട്ടക്കണ്ണിട്ട് നോക്കിക്കോണ്ടുള്ള അവളുടെ മറുപടി കേട്ടവൻ വണ്ടി റോഡരികിലേക്കൊതുക്കി നിർത്തി. പിന്നെ പരുങ്ങലോടിരിക്കുന്ന അവളെ നോക്കി പൊട്ടിച്ചിരിച്ചു. ” എടീ പൊട്ടിക്കാളീ…. അവളെക്കാണിക്കാൻ വേണ്ടി ഞാൻ പലതും ചെയ്തുവെന്നുള്ളത് ശരിയാ.

അത് പക്ഷേ നീ വിചാരിക്കുന്നത് പോലെ അവളെയെനിക്ക് കിട്ടാത്തതിന്റെ കൊതിക്കെറു തീർക്കാനൊന്നുമല്ല. ” ” പിന്നേ ??? ” ആകാംഷയോടുള്ള അവളുടെ ചോദ്യം കേട്ട് അവൻ വീണ്ടും പുഞ്ചിരിച്ചു. ” നമ്മളവിടെച്ചെന്നത് മുതൽ നിന്റെ നേർക്കവളോരോ ഒളിയമ്പ് തൊടുക്കുന്നത് കണ്ടപ്പോൾ അവളെയൊന്ന് വട്ടാക്കണമെന്നെ ഞാൻ വിചാരിച്ചുള്ളൂ. അല്ലാതെ നിന്റെ വിചാരം പോലൊന്നുമില്ല മനസ്സിലായോടീ ചുള്ളിക്കമ്പേ ??? ” ചിരിച്ചുകൊണ്ടവളുടെ തലയിലൊരു കിഴുക്ക് കൊടുത്തുകൊണ്ടവൻ പറഞ്ഞു. അപ്പോഴേക്കും ഒരു മണ്ടൻ ചിരിയോടെ അഗസ്ത്യയവന്റെ തോളിലേക്ക് ചാഞ്ഞുകഴിഞ്ഞിരുന്നു. അവർ കാവുവിളയിലെത്തുമ്പോൾ അവിടെ മഹേഷും ഋതികയുമെല്ലാം എത്തിയിരുന്നു. ”

തത്യാന്റീ…. ” പോർച്ചിൽ നിർത്തിയ കാറിൽ നിന്നുമിറങ്ങിയ അഗസ്‌ത്യയെക്കണ്ടോടി വന്നവളെ കെട്ടിപ്പിടിച്ചുകൊണ്ട് കിച്ചു കൊഞ്ചിച്ചിരിച്ചു. ” അയ്യോ ഇതാരാ സത്യാന്റീടെ കിച്ചൂസോ ??? ” ചോദിച്ചുകൊണ്ടവൾ കുഞ്ഞിനെ വാരിയെടുത്ത് അവളുടെ ഇരുകവിളിലും മാറി മാറി ഉമ്മ വച്ചു. ” ഡീ ഗുണ്ടുമുളകേ… ഇവൾ വന്നേപ്പിന്നെ നിനക്കെന്താഡീ എന്നെയൊരു മൈൻഡുമില്ലാത്തത്തത് ??? ” കാറിന്റെ മറുവശത്തേ ഡോറ് തുറന്നിറങ്ങി വന്നുകൊണ്ട് ഋഷി ചോദിച്ചു. ” പോദാ കിഷീ…. ” അവന്റെ നേർക്ക് നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ചുകൊണ്ട് കിച്ചു പറഞ്ഞു. അതുകേട്ട് അവിടെ നിന്നിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. ” ഇനി നീയിങ്ങ് വാടീ അതുവാങ്ങിത്താ ഇതുവാങ്ങിത്താന്നും പറഞ്ഞ്.

അപ്പൊ ഞാൻ കാണിച്ചുതരാം പല്ലില്ലാത്ത കിളവീ ” അവളുടെ കുഞ്ഞിക്കവിളിൽ പതിയെ കുത്തിക്കൊണ്ടാണവനത് പറഞ്ഞത്. കിച്ചുവപ്പോഴേക്കും കുലുങ്ങിച്ചിരിച്ചുകൊണ്ട് അഗസ്ത്യയുടെ നെഞ്ചോടൊട്ടിയിരുന്നു. ” ഡീ കിളവീ നിന്നോടാര് പറഞ്ഞവളെ കെട്ടിപ്പിടിക്കാൻ ??? ” കിച്ചുവിനെ വെറുതെയൊന്ന് ചൊടിപ്പിക്കാൻ വേണ്ടി അവൻ ചോദിച്ചു. ” ന്റെ തത്യാന്റിയാ തെരത്തേയില്ല…. ” ” നിന്റെയൊന്നുമല്ല എന്റെയാ വിടെഡീയവളേ….. ” പരസ്പരം തർക്കിച്ചുകൊണ്ട് ഇരുവശവും നിന്ന് കിച്ചുവും ഋഷിയും കൂടി അഗസ്ത്യയെ കെട്ടിപ്പിടിച്ചു. ആ രംഗം നോക്കി നിന്നിരുന്ന എല്ലാവരുടെയും ഹൃദയം സന്തോഷത്താൽ നിറഞ്ഞു. തുടരും…..

അഗസ്ത്യ : ഭാഗം 12

Share this story