ഭാര്യ-2 : ഭാഗം 15

ഭാര്യ-2 : ഭാഗം 15

എഴുത്തുകാരി: ആഷ ബിനിൽ

നീലിമയെ കാണാൻ പോയ മകൻ ഫൗസിയെ കല്യാണം കഴിക്കണം എന്നു പറഞ്ഞത് കേട്ട് നടുങ്ങിയിരിക്കുകയാണ് രാജേഷിന്റെ വീട്ടുകാർ. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമച്ചെങ്കിലും രാജേഷിന്റെ അമ്മ ഒരുതരത്തിലും അടുക്കാൻ കൂട്ടാക്കിയില്ല. അച്ഛൻ മകന്റെ ഇഷ്ടം എന്താണെന്ന് വച്ചാൽ നടക്കട്ടെ എന്നാണ്. “എന്തൂട്ടാ അമ്മയുടെ പ്രശ്നം? അവൾ മുസ്ലിം അയതാണോ? അതോ അവൾക്കൊരു കുട്ടി ഉള്ളതോ?” “മോനെ നിനക്ക് ഇരുപതോ മുപ്പതോ വയസ് പ്രായം ആയിരുന്നെങ്കിൽ ഇതെല്ലാം എനിക്ക് പ്രശ്നം ആയേനെ. പക്ഷെ നീ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ആ കുട്ടിക്ക് വേണ്ടി കൊണ്ടുപോയി കളഞ്ഞു.

അതുകൊണ്ട് നമുക്ക് ഈ കാണുന്നതൊക്കെ ഉണ്ടായി. ഇപ്പോൾ നിനക്കൊരു ജീവിതം ഉണ്ടാകണം എന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ. പിന്നെ ഫൗസിയെ എനിക്കും അറിയാമല്ലോ. അവളുടെ കുഞ്ഞിന് ഒരു കുടുംബം കൊടുക്കാൻ കഴിഞ്ഞാൽ അതും സന്തോഷമാണ്.” “പിന്നെന്താ അമ്മേടെ പ്രശ്നം?” “മോനെ നിനക്കും കൂടി താല്പര്യം ആണെന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ നീലിമയുമായുള്ള വിവാഹം ഉറപ്പിച്ചത്. ഇനി അതിൽ നിന്ന് പിന്മാറാൻ കഴിയില്ല. ആ കുട്ടിയുടെ ഒരു വിവാഹം മുടങ്ങിയ വേദന ആ വീട്ടുകാർക്ക് ഇപ്പോഴുമുണ്ട്. ഇനിയും അത് നൽകാൻ പാടില്ല” “അമ്മേ നീലിമ ഞങ്ങളെ രണ്ടാളെയും കണ്ടു.

അവൾ തന്നെയാണ് ഞങ്ങൾ തമ്മിൽ ഒന്നിക്കണം എന്ന് ആദ്യം പറഞ്ഞതും അതിന് മുൻകൈ എടുത്ത് ഫൗസിയെ പറഞ്ഞു സമ്മതിപ്പിച്ചതും” അമ്മ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി. രാജേഷ് ഇന്നവർ തമ്മിൽ കണ്ടതും സംസാരിച്ചതും എല്ലാം പറഞ്ഞുകൊടുത്തു. “നീലിമ ഇത്ര നന്മയുള്ള കുട്ടി ആയിരുന്നല്ലേ…” രാജേഷിന്റെ അച്ഛൻ ചോദിച്ചു. അമ്മയുടെയും മനസിൽ അപ്പോൾ അതുതന്നെ ആയിരുന്നു. “നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. പക്ഷെ നമുക്ക് ഇന്നുതന്നെ ചെമ്പമംഗലത്ത് പോണം. കാര്യങ്ങൾ അവരോട് നേരിട്ട് പറയണം.” അച്ഛൻ പറഞ്ഞു.

ഫൗസിയെ തൽക്കാലം രാജേഷിന്റെ ഒരു ബന്ധുവീട്ടിൽ ആക്കാനും കാര്യങ്ങൾ എല്ലാം പറഞ്ഞവസാനിപ്പിച്ച ശേഷം നാളെത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാനും അവർ തീരുമാനിച്ചു. രാജേഷിന്റെ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞു സന്തോഷം തോന്നിയെങ്കിലും നീലുവിന്റെ വീട്ടിൽ നിന്ന് ഉണ്ടാകാൻ പോകുന്ന ഭൂകമ്പം അവനെയും ഫൗസിയേയും ഒരുപോലെ ഭയപ്പെടുത്തി. രാജേഷും കുടുംബവും പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു പൊട്ടിത്തെറി ആയിരുന്നു ചെമ്പമംഗലത്ത്. “നിങ്ങൾ എന്തൂട്ട് വർത്തമാനവാ സുരേഷേ ഈ പറയുന്നത്? നാടൊട്ടുക്കും കല്യാണം വിളിച്ചു നിശ്ചയത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കല്യാണം ഒഴിയുക എന്നു വച്ചാൽ?

മുൻപ് ഇതുപോലൊരു വേദന ഉണ്ടായതാ എന്റെ കുട്ടിക്ക്. അവളെ ഇനിയും വേദനിക്കാൻ ഞാൻ അനുവദിക്കില്ല.” ശിവൻ ശക്തമായി പറഞ്ഞു. “അച്ഛാ…” നീലുവിന്റെ വിളി കേട്ട് എല്ലാവരും അവളിലേക്ക് ശ്രദ്ധിച്ചു. “അച്ഛാ രാജേഷും ഫൗസിയും വിവാഹം കഴിക്കാൻ പറഞ്ഞത് ഞാനാണ്.” വീട്ടുകാർ എല്ലാവരും അതു കേട്ട് ഞെട്ടിത്തരിച്ചു പോയി. കോപം നുരഞ്ഞുപൊന്തി. “നീലു നീ.. നീ എന്തിനാ ഇത് ചെയ്തത്? ഇനിയും കുടുംബത്തിന്റെ മാനം കളയാൻ ആണോ നിന്റെ ഉദ്ദേശം?” ഗീത ഉറഞ്ഞുതുള്ളി. “എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കു. എന്നിട്ട് നിങ്ങൾ പറയുന്ന എന്തു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ഇന്ന് രാവിലെ കോഫി ഷോപ്പിൽ വച്ചു ഫൗസിയെ കണ്ടപ്പോൾ രാജേഷിന്റെ ഉള്ളിലെ നഷ്ടബോധം ഞാൻ വ്യക്തമായി കണ്ടതാണ്.

അവർ തമ്മിൽ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഫൗസിയയുടെ കുഞ്ഞിന് ഒരു നല്ല അച്ഛൻ ആകാനും അവളെ അവസാനം വരെ സ്നേഹത്തോടെ ചേർത്തുപിടിക്കാനും ഉള്ള മനസ് രാജേഷിൽ ഞാൻ കണ്ടു. അതെല്ലാം കണ്ടില്ല എന്നു നടിച്ചു വേണമെങ്കിൽ എനിക്ക് രാജേഷിന്റെ താലിക്ക് കഴുത്തു നീട്ടി കൊടുക്കാം. പക്ഷെ അതിലും ആയിരം ഇരട്ടി നന്മ അവർ ഒന്നിക്കുമ്പോൾ ആണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞാണ് അവർ തമ്മിൽ കാണുന്നത് എങ്കിൽ ഒന്ന് ആലോചിച്ചു നോക്കു.. അതിലും നല്ലതല്ലേ ഇത്..?” പതിയെ നീലുവിന്റെ ഭാഗമാണ് ശരി എന്ന് എല്ലാവർക്കും മനസിലായി.

നല്ല രീതിയിൽ ആ വിഷയം അവസാനിച്ചു. ക്ഷണിക്കപ്പെട്ടവരെ വിളിച്ചു വിവാഹം മാറ്റിവച്ചു എന്നു മാത്രം തൽക്കാലം അറിയിച്ചു. പിറ്റേന്ന് തന്നെ രാജേഷിന്റെ രജിസ്റ്റർ വിവാഹം ഫൗസിയുമായി നടന്നു. രാജേഷിന്റെ മാതാപിതാക്കളും സഹോദരിയും ഭർത്താവും നീലുവും മീനാക്ഷിയും മാത്രം ആയിരുന്നു ക്ഷണിക്കപ്പെട്ടവർ. അവളുടെ മകൾ ആൻസിയ ഉപ്പയെ കിട്ടിയ സന്തോഷത്തിൽ മതിമറന്ന് നടക്കുന്നത് കണ്ടതോടെ നീലുവിന്റെ മനസ് കുതിർന്നു. 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 “രാജേഷിന്റെ കാര്യം തീരുമാനമായ സ്ഥിതിക്ക് ഇനി നമുക്ക് അനീഷിന്റെ കാര്യം നോക്കാം അല്ലെ..?” അത്താഴം കഴിഞ്ഞു വെറുതെ അകത്തളത്തിൽ സംസാരിച്ചിരിക്കുമ്പോൾ മീനാക്ഷി നീലുവിനോട് ചോദിച്ചു.

അവൾ തനുവിനെ നോക്കി. “തനുവിനെ നോക്കി പേടിപ്പിക്കേണ്ട. നിൻറെ മാറ്റങ്ങൾ നീ പറഞ്ഞാലും ഇല്ലെങ്കിലും എനിക്ക് മനസിലാകും” അവൾ പറഞ്ഞു. “എനിക്കും” തനയ് കൂട്ടിച്ചേർത്തു. “എങ്കിൽ ഞങ്ങൾക്കും” തരുൺ കാവ്യയെയും കാശിയെയും ചൂണ്ടി പറഞ്ഞു. “അതിന് നിങ്ങൾ ഇവിടെങ്ങും ഇല്ലായിരുന്നല്ലോ?” തനയ് ചോദിച്ചു “ഇല്ലെങ്കിലും ഇവൾക്ക് മറ്റു ആണുങ്ങളോടൊന്നും ഇല്ലാത്ത അടുപ്പം അവനോട് തോന്നിയപ്പോഴേ കാര്യം മനസിലായെടാ” കാശി പറഞ്ഞു. എല്ലാവരും കൂടി നീലുവിനെ കളിയാക്കാൻ തുടങ്ങി. “നിങ്ങളൊക്കെ എന്താ ഒരുമാതിരി വിജയ് നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഉടനെ സൂര്യയുടെ കുറ്റം പറയുന്ന ഫാൻസിന്റെ പോലെ പെരുമാറുന്നത്..?

അവർക്കെങ്കിലും ആഗ്രഹിക്കുന്ന ജീവിതം കിട്ടട്ടെ എന്നു കരുതിയാണ് ഞാൻ ഇനിന്നൊക്കെ മുൻകൈ എടുത്തത്. അനീഷ് എന്ന അധ്യായം ഞാൻ അടച്ചതാണ്.” നീലു പറഞ്ഞു. തനയ് അവളെ ചേർത്തുപിടിച്ചു. “അപ്പോ നിനക്ക് വേണ്ടേ നീലു, ആഗ്രഹിച്ച ജീവിതം..?” ആ ചോദ്യത്തിന് മറുപടി പറയാൻ അവൾക്കായില്ല. “ഞാൻ… ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല ഏട്ടാ. ഇവിടെ എല്ലാവരെയും ഞാൻ വേദനിപ്പിച്ചിട്ടെ ഉള്ളൂ. ഇനിയും ആർക്കും വേദന ഉണ്ടാക്കുന്ന ഒരു തീരുമാനവും ഞാൻ എടുക്കില്ല.” “മോളെ നീ…” കാശി അവളെ പറഞ്ഞു തിരുത്താൻ ശ്രമിച്ചു. “വേണ്ട ഏട്ടാ. അവന് എന്നെക്കാൾ പ്രായം കുറവാണ്. സാമ്പത്തികമായി നമ്മളെക്കാൾ വളരെ പിന്നിലാണ്.

താരേച്ചിയുടെയും തനുവിന്റെയും വിവാഹം നടത്തുമ്പോഴത്തെ ഏറ്റവും വലിയ സന്തോഷം അവർ ഇവിടെ അടുത്തു തന്നെ ഉണ്ട് എന്നതായിരുന്നല്ലോ. ഇതിപ്പോ ഒരുപാട് ദൂരെയല്ലേ.. പോരാത്തതിന് വേറെ മതവും. എന്തിനാ ഇനിയും എന്റെ പാവം അച്ഛനെയും അമ്മയെയും വേദനിപ്പിക്കുന്നത്. ഞാനിവിടെ ഇതുപോലെ ജീവിച്ചോളാം..” നീലു എല്ലാവരെയും ഒന്ന് നോക്കി മുറിയിലേക്ക് കയറിപ്പോയി. 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 “നീലു… ഡീ.. നീലു” രാവിലെ തനയ്യുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് നീലു എഴുന്നേറ്റത്. “ഏട്ടനെന്താ ഇത്ര രാവിലെ?” “രവിലെയോ? നീ ക്ളോക് നോക്ക്” സമയം എട്ടുമണി ആകാറായിരുന്നു. അവൾ കണ്ണു തിരുമി എഴുന്നേൽക്കാൻ നോക്കി. കഴിയുന്നില്ല.

വിനുക്കുട്ടൻ അവളുടെ മേലെ ആണ് കിടക്കുന്നത്. കുഞ്ഞിനെ മാറ്റി എഴുന്നേറ്റ് നോക്കുമ്പോൾ അച്ഛനും വല്യച്ഛനും ഏട്ടന്മാരും ഏടത്തിമാരും തനുവും കാശിയും മുന്നിലുണ്ട്. താരേച്ചിയുടെ മാത്രം കുറവേയുള്ളൂ.. “എന്താ എല്ലാവരും കൂടെ? കാശിയേട്ടന് ഇപ്പോൾ ജോഗിംഗ് ഒന്നുമില്ലേ.?” നീലു ചോദിച്ചു. കോമഡി ആണ് ഉദ്ദേശിക്കുന്നത് എങ്കിലും കരഞ്ഞു വീർത്ത അവളുടെ കൺപോളകൾ എല്ലാവരും ശ്രദ്ധിച്ചിരുന്നു. “നീലു.. അനീഷിനെ നിനക്ക് ഇഷ്ടമാണോ?” ശിവപ്രസാദ് മുഖവുരയില്ലാതെ ചോദിച്ചു. നീലു മറുപടി പറയാൻ കഴിയാതെ തല താഴ്ത്തി. “പറയ്.. ഇഷ്ടമാണോ നിനക്ക്..?” “അത്.. അച്ഛാ… ഇഷ്ടമാണ് അച്ഛാ. പക്ഷെ നിങ്ങളെയൊക്കെ വേദനിപ്പിക്കുന്ന ഒരു തീരുമാനവും ഞാൻ എടുക്കില്ല.”

“അതിന് ഞങ്ങളെ വേദനിപ്പിക്കും എന്ന് നിന്നോടാര് പറഞ്ഞു?” നീലു കണ്ണു വിടർത്തി അയാളെ നോക്കി. “ഇന്നലെ ഇവരെല്ലാം വന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഉൾകൊള്ളാൻ അല്പം പ്രയാസം തോന്നി. ഞങ്ങളൊക്കെ പഴയ ആളുകൾ അല്ലെ.. അതിന്റെ കോംപ്ലക്‌സ്. പക്ഷെ കാര്യങ്ങൾ ആലോചിച്ചു കഴിഞ്ഞപ്പോൾ എല്ലാം ബോധ്യമായി. ഞങ്ങൾക്ക് ഇപ്പോൾ എല്ലാത്തിലും വലുത് നിന്റെ സന്തോഷമാണ്. നിനക്കവനെ ഇഷ്ടമാണ് എങ്കിൽ ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല. പക്ഷെ ഭാവിയിൽ നീ വേദനിക്കേണ്ടി വരരുത്.” “അച്ഛാ ഞാൻ….” അപ്പോഴേക്കും ഹരിപ്രസാദും സംസാരിച്ചു: “മോളെ നിനക്കിപ്പോൾ അവനെ മൂന്ന് മാസത്തെ പരിചയമേയുള്ളൂ. അവന്റെ നിഷ്കളങ്കമായ സ്വഭാവവും സ്നേഹവും ഒക്കെയാകും അവനിലേക്ക് നിന്നെ അടുപ്പിച്ചത്. പക്ഷെ അത് മാത്രമല്ല ജീവിതം.

അവർ വേറെ നാടാണ്, തികച്ചും വ്യത്യസ്തമായ സംസ്കാരം ആണ്, വീട്, വീട്ടിലെ സൗകര്യങ്ങൾ ഇതൊന്നും നീ പ്രതീക്ഷിക്കുന്നത് പോലെ ആകണം എന്നില്ല. അവന് പ്രായം കുറവായത് കൊണ്ടു തന്നെ നിങ്ങൾ തമ്മിൽ ഈഗോ ഉണ്ടാകാനുള്ള ചാൻസ് കൂടുതൽ ആണ്. അതെല്ലാം മനസിലാക്കി ഒരുമിച്ചു പോകാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം, ഞങ്ങൾ പിന്തുണക്കാം.. അല്ലെങ്കിൽ നീ ഇത് മറക്കണം” “ഞാൻ.. ഞാനെന്തു വേണം എന്നാ നിങ്ങളൊക്കെ പറയുന്നത്?” “നീ പോയി പല്ലും തേച്ചു കുളിച്ചിട്ടും വായോ” തനയ് പറഞ്ഞു. “എഹ്ഹ്..?” കളിയാക്കിയതാണ് എന്നു വിചാരിച്ചു നീലു അവനെ നോക്കി ചുണ്ടുകോട്ടി. “ഡീ.. കാര്യമായി പറഞ്ഞതാ. നമ്മൾ എല്ലാവരും ഇന്ന് രാവിലെ തന്നെ ഫാമിലി ആയി മൂന്നാർ പോകുന്നു.

രണ്ടുമൂന്ന് ദിവസം അവിടെ സ്പെൻഡ് ചെയ്യുന്നു. കൂടെ നീ പോയി നിന്റെ അനീഷിനെ കാണുന്നു. അവിടെ നിനക്കും അവനും അവന്റെ വീട്ടുകാർക്കും ഓക്കേ ആണെങ്കിൽ നമ്മളിത്‌ മുന്നോട്ട് കൊണ്ടുപോകുന്നു. ഇല്ലെങ്കിൽ അവിടെ വിട്ട് തിരികെ പോരുന്നു.” നീലു വീണ്ടും അമ്പരന്നുപോയി. “ഒറ്റ രാത്രി കൊണ്ട് ഇത്രയുമൊക്കെ പ്ലാനിങ് ആയോ..?” “അയ്യടി.. നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല.. ആ അനീഷ് ഇല്ലേ. അവനിട്ട് ഒരു പണി കൊടുക്കാൻ ആണ്. പിന്നെ നിശ്ചയം മുടങ്ങിയതിനെ ചൊല്ലി ഇവിടെയുള്ള സംസാരങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാമല്ലോ” തരുൺ പറഞ്ഞു.

യാത്ര ചെയ്യാൻ കഴിയാത്തത് കൊണ്ടു തനുവിന് കൂട്ടായി മാലതിയും കൃഷ്ണനും എത്തി. ഒന്നര മണിക്കൂറിനകം മൂന്ന് കാറുകൾ ഹൈറേഞ്ച് ലക്ഷ്യമാക്കി ചെമ്പമംഗലം തറവാടിന്റെ പടി കടന്നു യാത്ര തുടങ്ങി. “ദൂരം കുറച്ചു കൂടുതൽ അല്ലെ ഏട്ടാ..?” ഇടക്ക് ഗീത ചോദിച്ചു. “അഞ്ചു കിലോമീറ്റർ പോലും ദൂരം ഇല്ലാത്തിടത്തേക്ക് താരമോളെ വിവാഹം കഴിച്ചയച്ചതല്ലേ നമ്മൾ. ഇപ്പോൾ അവളെ കണ്ടിട്ട് കാലം എത്രയായി?” ശിവന്റെ ആ ചോദ്യത്തിൽ അവർ നിശ്ശബ്ദയായി.  (തുടരും)-

ഭാര്യ-2 : ഭാഗം 14

Share this story