അർച്ചന-ആരാധന – ഭാഗം 7

അർച്ചന-ആരാധന – ഭാഗം 7

എഴുത്തുകാരി: വാസുകി വസു

അരവിന്ദ് നമ്പ്യാർ കാറിൽ നിന്ന് ഇറങ്ങുന്നു.കൂടെയൊരു സുന്ദരനായ ചെറുപ്പക്കാരൻ. ആരാധനക്ക് അയാളെ മനസ്സിലായില്ലെങ്കിലും അർച്ചനക്ക് ആളെ പെട്ടെന്ന് മനസ്സിലായി… “തന്റെ സ്വപ്നത്തിലെ രാജകുമാരൻ… ഇന്ന് ക്ഷേത്രത്തിൽ വെച്ചു കണ്ടുമുട്ടിയ ചെറുപ്പക്കാരൻ.. ഇയാളെ ഇത്രയും എളുപ്പത്തിൽ വീണ്ടും കാണാൻ കഴിയുമെന്ന് കരുതിയതല്ല..ഇതാ ഇപ്പോൾ തന്റെ വിരൽത്തുമ്പത്ത്..അർച്ചനയുടെ ഹൃദയം പ്രണയത്താൽ തുടികൊട്ടി… ” മോളേ ഇത് നമ്മുടെ കമ്പിനിയിൽ പുതിയതായി ചാർജ് എടുക്കുന്ന മാനേജർ രുദ്രദേവ്”

ചിരിയോടെ അകത്തേക്ക് കയറി വന്ന അരവിന്ദ് നമ്പ്യാർ അർച്ചനക്കും ആരാധനക്കും കൂടെയുള്ള ആളെ പരിചയപ്പെടുത്തി. “ഇരിക്കെടോ” അരവിന്ദ് നമ്പ്യാർ രുദ്രദേവിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു.തെല്ലൊന്ന് മടിച്ചെങ്കിലും അയാൾ ഇരുന്നു. “രുദ്രാ ഇത് എന്റെ മകൾ ആരാധന .എഞ്ചിനീയറിങ്ങ് പഠിക്കുന്നു.കോയമ്പത്തൂരാണ്” രുദ്രദേവിന്റെ നോട്ടം ചെന്നെത്തിയത് അർച്ചനയിൽ ആയിരുന്നു. പെട്ടെന്ന് അവന്റെ മിഴികളൊന്ന് വികസിച്ചു.മുഖത്തൊരു സന്തോഷം തെളിഞ്ഞു. “കൂടെയുള്ളത് അർച്ചന..മോളുടെ ഫ്രണ്ട് എന്നതിലുപരി എന്റെ രണ്ടാമത്തെ മകളാണെന്ന് പറയാൻ ഇഷ്ടപ്പെടുന്നു.അത്രക്കും രൂപസാദൃശ്യം ഉണ്ട്” അപ്പോഴാണ് രുദ്രൻ ആരാധനയെ ശ്രദ്ധിക്കുന്നതും രണ്ടു പേരെയും കൂടി താരതമ്യം ചെയ്യുന്നതും.

രാവിലെ കണ്ട പെൺകുട്ടി ഏതെന്ന കാര്യത്തിൽ അയാൾക്ക് സംശയം വന്നു.അതെങ്ങനെ വരാതിരിക്കും രണ്ടും ഒരുപോലത്തെ വേഷം.ഇട്ടിരിക്കുന്ന ഡ്രസിന്റെ നിറവും ഒന്ന് തന്നെ. എന്തിനേറെ ഹെയർ സ്റ്റൈലും ഒരുപോലെ. രുദ്രദേവിനാകെ കൺഫ്യൂഷൻ ആയെന്ന് ആരാധനക്ക് മനസ്സിലായി.അതിനാൽ അവൾ കുറച്ചു ഗൗരവത്തിൽ നിന്നു.അർച്ചനയുടെ മുഖത്ത് ചിരിയാണ്.പുഞ്ചിരിക്കുന്ന പെൺകുട്ടിയെയാണ് താൻ രാവിലെ കണ്ടതെന്ന് അയാൾക്ക് തോന്നി. “ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം” അങ്ങനെ പറഞ്ഞു ആരാധന കിച്ചണിലേക്ക് വലിഞ്ഞു.അർച്ചനക്ക് എസ്ക്കേപ്പാകാൻ പറ്റിയില്ല.അരവിന്ദ് നമ്പ്യാർ അടുത്തേക്ക് വിളിച്ചു. “മോളേ…അർച്ചനേ” “പറയ് പപ്പാ” രുദ്രദേവ് ഇരിന്നിട്ടും മടിക്കാതെ അവൾ അരവിന്ദ് നമ്പ്യാരുടെ അരികിലെത്തി.

“രണ്ടു പേരും കൂടി വാ.. ഇന്നത്തെ ദിവസം നിങ്ങൾക്കായി ഞാൻ മാറ്റി വെക്കുന്നു” അർച്ചനക്ക് അത് കേട്ടപ്പോൾ സന്തോഷമായി. ഒരുട്രിപ്പ് അവൾ ആഗ്രഹിച്ചു.യാത്ര നല്ലതാണ്. ഓരോ യാത്രയും മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാൻ കഴിയും. ട്രിവാൻഡ്രമെന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് അനന്തപുരിയിലെ പത്മനാഭസ്വാമിയാണ്.പിന്നെ ആറ്റുകാൽ ക്ഷേത്രവും പാളയം ജുമാമസ്ജിദ് അങ്ങനെ കുറെ പുണ്യസ്ഥലങ്ങൾ. കോവളം ബീച്ച്, ശംഖുമുഖം കടപ്പുറം എല്ലാത്തിനും ഉപരി നമ്മുടെ ലാലേട്ടന്റെ നാട്.പറഞ്ഞാലും എഴുതിയാലും തീരില്ല അനന്തപുരിയുടെ വിശേഷങ്ങൾ. “താങ്ക്സ് പപ്പാ” അവൾ നന്ദി പറഞ്ഞു എങ്കിലും രുദ്രന്റെ മുഖത്താണ് കണ്ണുകൾ.അവനും അവളെ തന്നെയാണ് ശ്രദ്ധിച്ചത്.

ആരാധനയിൽ നിന്ന് അർച്ചനയെ വേറിട്ട് നിർത്തുന്നത് മുഖത്തെ ശാലീനതയാണ്.നാടൻ വേഷത്തിൽ ആയാലും ആരാധനക്ക് മോഡേൺ ലുക്ക് ആണ്. കുറച്ചു കഴിഞ്ഞപ്പോൾ ആരാധന ചൂട് ചായയുമായെത്തി.അർച്ചനയാണ് പപ്പക്കും രുദ്രനും ചായ കൊടുത്തത്. ചായക്കപ്പ് നീട്ടുമ്പോൾ അർച്ചനയുടേയും രുദ്രദേവിന്റെയും മിഴികൾ തമ്മിലൊന്ന് കോർത്തു.അവന്റെ നോട്ടത്തിന് തന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുണ്ടെന്ന് അവൾക്ക് തോന്നി.അത്രയും കാന്തിക ശക്തി ഉണ്ടായിരുന്നു. പപ്പയിൽ നിന്ന് ലഭിച്ച സന്തോഷവാർത്ത ആരാധനയോട് അവൾ ഷെയർ ചെയ്തു. അതോടെ അവളും ഹാപ്പി.

“എങ്കിൽ ഞങ്ങൾ റെഡിയാകട്ടേ പപ്പാ” ആരാധന ഉത്സാഹത്തോടെ ചോദിച്ചു. “ഉച്ച കഴിഞ്ഞു പോകാം..കന്യാകുമാരിക്ക്.” “ശരി പപ്പാ” ആരാധന തലയാട്ടി സമ്മതിച്ചു.. എന്നിട്ട് ഇരുവരും മുറിയിലേക്ക് പോയി.. “താനും കൂടി കൂടിക്കോളൂ” അരവിന്ദന്റെ ചോദ്യം കേട്ട് രുദ്രൻ പുഞ്ചിരിച്ചു. “തനിക്ക് ഡ്രൈവിംഗ് അറിയാല്ലോ ഇല്ലേ” “ഷുവർ” “അപ്പോൾ നമുക്ക് മൂന്നു മണിക്ക് മുമ്പേ ഇറങ്ങാം” “ഓക്കേ” കൈ കൊടുത്തിട്ട് രുദ്രൻ പുറത്തേക്കിറങ്ങി.. 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻 ഇരമ്പിയെത്തി അലയടിച്ച് ഉയരുന്ന തിരമാലകളെ നോക്കി കടപ്പുറത്തെ പൂഴി മണലിൽ ഇരിക്കുകയാണ് അർച്ചന.കടൽക്കാറ്റേറ്റ് മുടിയിഴകൾ അനുസരണയില്ലാതെ പാറി നടക്കുന്നത് ഇടം കയ്യാൽ കോതിയൊതുക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. അസ്തമന സൂര്യൻ ചുവപ്പ് രാശികൾ പടർത്തി കടലിലേക്ക് മറയാനൊരുങ്ങുന്നു.

അതിന്റെ കുങ്കുമവർണ്ണമേറ്റ് അവളുടെ മുഖവും ചുവന്ന് തുടുത്തു. ഓരോ കടൽത്തിരമാലകളും വെറുതെ എണ്ണുവാനൊരു പാഴ്ശ്രമം അവൾ നടത്തി നോക്കി.തിരകളിലേക്കിറങ്ങി കടലുമായി കഥപറയാൻ ആഗ്രഹം ഉടലെടുത്തു. ആരാധനയും പപ്പയും കൂടി റൂം ബുക്ക് ചെയ്യാൻ പോയിരിക്കുവാണ്.പതിവില്ലാതെ നല്ല തിരക്കുണ്ട്.അതിനാൽ മിക്ക ലോഡ്ജും ഫുളളാണ്. തനിക്ക് അടുത്തിരിക്കുന്ന രുദ്രദേവിനെ അവനറിയാതെ ഇടം കണ്ണിട്ട് അർച്ചന നോക്കുന്നുണ്ട്.അവനിതൊന്നും ശ്രദ്ധിക്കാതെ കടലിലേക്ക് മറയാൻ വെമ്പൽ കൊള്ളുന്ന അസ്തമയ സൂര്യനെ ശ്രദ്ധിച്ച് ഇരിക്കുകയാണ്. അർച്ചനയുടെ ഹൃദയം ശക്തമായി ഇടിച്ചു തുടങ്ങി. സ്വയം തീർത്ത അന്ധമായ പ്രണയത്തിൽ സ്വയം ഉരുകി ഇല്ലാതാകാൻ ശ്രമിക്കുകയാണെന്ന് അവൾ അറിയുന്നില്ല.

സന്ധ്യയുടെ വരവ് ഓർമ്മിപ്പിച്ചു സൂര്യൻ കടലിലേക്ക് മറഞ്ഞു കൊണ്ടിരുന്നു. ഇലട്രിക് ലൈറ്റുകൾ തെളിഞ്ഞ് തുടങ്ങി. ഇതുവരെ ആയിട്ടും പപ്പയും ആരാധനയും മടങ്ങി വരാത്തതിൽ അവളാകെ അസ്വസ്ഥയായി. പെട്ടന്നാണ് തന്റെ ഇടം കയ്യിലെന്തോ അമർന്നത് പോലെ അർച്ചനക്ക് തോന്നിയത്.ഞെട്ടലോടെ തിരിഞ്ഞ് നോക്കുമ്പോൾ തന്റെ കൈകളെ രുദ്രദേവിന്റെ കരങ്ങൾ കവർന്നിരിക്കുന്നു.വിരലുകൾ തമ്മിൽ കോർക്കാനുളള ശ്രമമാണ്. അവൾ അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും രുദ്രന്റെ കണ്ണുകൾ സാഗരത്തിരമാലയിലാണ്.വിരലുകൾ വിടീക്കാനായൊരു ശ്രമം നടത്തിയെങ്കിലും അവൻ വിട്ടില്ല.

ബലമായി വിരലുകൾ കോർത്ത് പിടിച്ചു. അവന്റെ സ്പർശനം തന്നെ തരളിതയാക്കുന്നതു പോലെ തോന്നി. തീരെ പ്രതീക്ഷിക്കാത്തതാണ് പിന്നെ നടന്നത്.അർച്ചനയുടെ കൈകളുടെ പുറത്ത് രുദ്രൻ ചുംബിച്ചു. ശരീരമാകെയൊരു വിദ്യുത് പ്രവാഹം.ബ്ലഡ് പെട്ടെന്ന് കട്ടിയായത് പോലെ. “Love u daa “…. ചെവിയോട് ചേർന്നൊരു മൃദുമന്ത്രണം..അതോടെ അവളാകെ തളർന്നു പോയി.അവനെന്ത് ചെയ്താലും കീഴ്പ്പെട്ടു പോകും വിധത്തിലാണ് അവളിപ്പോൾ.പോരെങ്കിൽ മുജ്ജന്മത്തിൽ അവൻ തന്റെ ആരോ ആണെന്നാണ് മനസ്സ് വിശ്വസിക്കുന്നത്.. രുദ്രന്റെ ചുണ്ടുകൾ തന്റെ അധരത്തെ ലക്ഷ്യമാക്കി പാഞ്ഞ് വരുന്നത് മിന്നായം പോലെ അർച്ചന കണ്ടു.പിടഞ്ഞെഴുന്നേറ്റ് മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അതിനു മുമ്പേ അധരങ്ങൾ അവന്റെ ചുണ്ടുകൾ അവൻ സ്വന്തമാക്കി.

ശ്വാസം മുട്ടുന്നതു പോലെ തോന്നി അവൾക്ക്…രുദ്രന്റെ മുത്തത്തിനു ശക്തി കൂടുന്നത് അറിഞ്ഞു.അവനെ ശക്തമായി തളളിയകറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ” വിട് എന്നെ വിടാൻ” എങ്ങനെയൊക്കെയോ കുതറി മാറി അർച്ചന അലറി. “എന്തുവാടീ പകൽക്കിനാവ് കണ്ടു കിടന്ന് അലറുന്നത്” ആരാധനയുടെ ശബ്ദം കേട്ടാണ് അർച്ചനക്ക് പരിസരബോധം ഉണ്ടായത്. ഉച്ചയൂണും കഴിഞ്ഞു രണ്ടു പേരും കൂടി വെറുതെ കിടന്നതാണ്.അർച്ചനയൊന്ന് മയങ്ങിപ്പോയി.ആരാധന ഉറങ്ങിയിരുന്നില്ല.അവളുടെ അലർച്ച കേട്ട് ആരാധന ഞെട്ടിപ്പോയി. താൻ കണ്ടത് സ്വപ്നമായിരുന്നെന്ന് അർച്ചനക്ക് മനസ്സിലായി.അവൾക്ക് ജാള്യത അനുഭവപ്പെട്ടു.ആരാധനയുടെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ടി.

“എഴുന്നേറ്റു ഒരുങ്ങാൻ നോക്ക്..മൂന്നുമണിക്ക് മുമ്പ് ഇറങ്ങണം.” ഓർമ്മിപ്പിച്ചു കൊണ്ട് ആരാധന ബാത്ത് റൂമിലേക്ക് കയറി. അർച്ചനയുടെ ഉത്സാഹമെല്ലാം നഷ്ടപ്പെട്ടു.. കന്യാകുമാരിയിലേക്ക് പോകാൻ തോന്നിയില്ല.പകൽ സ്വപ്നം ആണെങ്കിലും അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സിലൊരു തോന്നൽ.അവൾക്ക് അമ്മയുടെ മുഖം ഓർമ്മ വന്നു.ആ സ്വരമൊന്ന് കേൾക്കാൻ ആഗ്രഹിച്ചു. ഫോൺ എടുത്തു അമ്മയെ വിളിച്ചു. സ്വിച്ച്ഡ് ഓഫ്..വീണ്ടും ശ്രമിച്ചെങ്കിലും പഴയതുപോലെ.. നിരാശയോടെ അവൾ ജിത്തിനെ വിളിച്ചു ..out of coverage എന്ന് മറുപടി…

“താൻ വരുന്നില്ലെന്ന് ആരാധനയോട് എങ്ങനെ പറയണമെന്ന് അറിയാതെ അവൾ കുഴങ്ങി.ഇന്നുവരെ മനസ്സിൽ എന്തെങ്കിലും ആശങ്ക തോന്നിയട്ടുണ്ടെങ്കിൽ ഇന്നുവരെ സത്യമായിട്ടേ ഭവിച്ചിട്ടുള്ളൂ… രുദ്രദേവിന്റെ മുഖം ഓർത്തതും വീണ്ടും ഉള്ള് കിടുങ്ങി…ഈ പ്രാവശ്യം അവനോട് തോന്നിയത് പ്രണയമായിരുന്നില്ല..ഭയമായിരുന്നു…എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല… ” നീ എഴുന്നേറ്റില്ലേ അർച്ചനേ” അങ്ങനെ ചോദിച്ചാണ് ബാത്ത് റൂമിൽ നിന്ന് ആരാധന ഇറങ്ങി വന്നത്….  സ്നേഹപൂർവ്വം ©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-6

Share this story