മൈഥിലി : ഭാഗം 1

മൈഥിലി : ഭാഗം 1

എഴുത്തുകാരി: ആഷ ബിനിൽ

ഇരുട്ടിൽ കൂടി എത്ര ദൂരം ഓടിയെന്നോ, ഇവിടെ എത്തിയെന്നോ അറിയില്ല. തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവർ പുറകെയുണ്ടെന്നു ഏറെക്കുറെ ഉറപ്പാണ്. പക്ഷെ ഇനിയും ഓടനുള്ള ആരോഗ്യമില്ല. ഇവിടെ എവിടെയെങ്കിലും തളർന്നു വീണാൽ അതോടെ കഴിഞ്ഞു എല്ലാം… അവർ പുറകെയുണ്ടെന്നു ഉറപ്പായപ്പോൾ മറ്റു വഴിയില്ലാതെ അവൾ ആദ്യം കണ്ട വീടിന്റെ മറവിലേക്കോടി. തന്റെ കമ്പനിയിലെ മെയിൽ സ്റ്റാഫ്‌ താമസിക്കാറുള്ള വീടാണ് അതെന്ന് അവൾക്കു ഓർമ വന്നു. പുറകു വശത്തെ വർക് ഏരിയയുടെ വാതിൽ തുറന്നു കിടക്കുകയാണ്. അകത്തേക്ക് നോക്കാനുള്ള ത്രാണി ഉണ്ടായില്ല.

മെല്ലെ അകത്തു കയറി അടുക്കളയിലെത്തിയതും വീണു പോയി. ടച്ചിങ്‌സ് എടുക്കാൻ വന്ന അലക്സ് ആണ് ആദ്യം കണ്ടത്. കുടിച്ച ബിയറിന്റെ കെട്ടാണോ, അതോ കിളി പോയതാണോ എന്നു മനസിലാകുന്നില്ല. ഒരു പെണ്ണ്, അതും ഞങ്ങളുടെ അടുക്കളയിൽ. ഒന്നുകൂടി നോക്കിയപ്പോൾ അത് കൂടെ ജോലി ചെയ്യുന്ന മൈഥിലി ആണെന്ന് മനസിലായി. പോയതിലും സ്പീഡിൽ തിരിച്ചു വന്ന അവന്റെ മുഖ ഭാവം കണ്ടു ബാലുവും ഹരിയും റോബിനും അന്തം വിട്ടു പരസ്പരം നോക്കി. “എന്താടാ? വല്ല പ്രേതത്തെയും കണ്ടോ?” “അത്, മൈഥിലി, അവിടെ അടുക്കളയിൽ..!” മൈഥിലിയുടെ പേരു കേട്ടതും സോഫയിൽ കിടന്ന ദേവൻ പെട്ടന്ന് ഞെട്ടി എണീറ്റു ചോദിച്ചു:

“നമ്മുടെ കമ്പനിയിലെ മൈഥിലിയോ? അതും ഈ പാതിരാത്രി നമ്മുടെ അടുക്കളയിൽ? നീ ഒരു ബിയർ അടിച്ചപ്പോഴേക്കും ഇങ്ങനെയോ? പോടാ പോയി തൂങ്ങു.. ബാക്കി ഉള്ളവർക്ക് പണി ഉണ്ടാക്കാതെ” ” അല്ല സർ, ഞാൻ സത്യമായും കണ്ടതാ, സംശയം ഉണ്ടെങ്കിൽ നിങ്ങൾ വന്നു നോക്കു” സഹി കെട്ടു അവസാനം നാലു പേരും എഴുന്നേറ്റു അലക്സിന്റെ പുറകെ പോയി. റോബിനും ഹരിക്കും ചെറിയ പേടി തോന്നിയെങ്കിലും ബാലുവിന്റെയും ദേവന്റെയും ധൈര്യത്തിൽ അവരും മുന്നോട്ടു തന്നെ. ഒരു നിമിഷം എല്ലാവരും സ്തബ്ധനായി നിന്നു പോയി. അതേ, അവൻ പറഞ്ഞത് സത്യമാണ്,

അടുക്കളയിൽ നിന്നു പുറത്തെ വർക് ഏരിയയിലേക്കു ഇറങ്ങുന്ന വാതിലിനരികിൽ, ഭിത്തിയിൽ ചാരി, അവൾ, മൈഥിലി..! വിയർത്തു കുളിച്ചാണ് കിടപ്പ്. കണ്ടിട്ടു ബോധം പോയപോലെ ഉണ്ട്. അവളെ ആ അവസ്ഥയിൽ കണ്ടതും ദേവന്റെ മനസു പിടഞ്ഞു. അവൻ പെട്ടന്ന് കുറച്ചു വെള്ളമെടുത് അവളുടെ മുഖത്തേക്ക് തളിച്ചു. മെല്ലെ കണ്ണു തുറന്നു വരുന്ന അവളുടെ ചുണ്ടിനു മേലെയുള്ള മറുകിൽ നോക്കി നിന്നുപോയി. ഷൊർട്സിട്ട കുറെ കാലുകളാണ് അവൾ ആദ്യം കണ്ടത്. ഞെട്ടി നോക്കിയപ്പോൾ, തന്റെ മുഖത്തിനു തൊട്ടടുത്ത്, തുറിച്ചു നോക്കി ദേവൻ സർ.. ഒരു നിലവിളിയോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ക്ഷീണം കൊണ്ടു വീണ്ടും വീണുപോയി.

ഒടുവിൽ വളരെ കഷ്ടപ്പെട്ടു പിടഞ്ഞെണീക്കുമ്പോഴും, തന്റെ തൊട്ടടുത്ത്, മുഖത്തിന്റെ വളരെ അടുത്ത്, ഉറ്റുനോക്കുന്ന അവനെ കണ്ട അവളുടെ ഭയം ഇരട്ടിച്ചു. ഭീതിയോടെ പുറകോട്ടു മാറിയ അവൾ ഭിത്തിയിൽ തട്ടിയാണ് നിന്നത്. അവനും അവളുടെ തൊട്ടുമുന്നിലായി വന്നു നിന്നു. അവളുടെ നിശ്വാസം അവന്റെ നെഞ്ചിൽ വന്നിടിച്ചു. പെണ്ണിന്റെ ഹൃദയം ഇടിക്കുന്നത് ഉച്ചത്തിലായെന്നു അവനു മനസിലായി. കരഞ്ഞു വീർത്തതിന്റെയോ ഉറക്കം ഇല്ലാത്തത്തിന്റെയോ ക്ഷീണം വിളിച്ചോതുന്ന കണ്പോളകൾ, പേടിച്ചരണ്ട മാൻപെടയെപ്പോലെ കാപ്പിപൊടി കണ്ണുകൾ, നീണ്ട മൂക്ക്,

ചുവന്ന ചുണ്ടിനു മീതെ ആ കറുത്ത മറുകും. വിയർപ്പൊഴുകി വീഴുന്ന ആ കഴുത്തിലേക്കു അവന്റെ കണ്ണുകൾ വീണതും അവളൊരു പിടച്ചിലായിരുന്നു. ” എന്നെ ഒന്നും ചെയ്യരുത്.. പ്ലീസ്.. നിവൃത്തിയില്ലാതെ വന്നു കയറിയതാണ്. ഉപദ്രവിക്കരുത്.. പ്ലീസ്” ചിലമ്പിച്ച ശബ്ദത്തിൽ അവളുടെ യാചന കേട്ടു ചിരിയാണ് വന്നത്.. അവൻ തിരിഞ്ഞു തന്റെ കൂട്ടുകാരെ നോക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നിൽക്കുകയാണ് നാലു പേരും. അവൻ ഒരു ചിരിയോടെ അവളെ കയ്യിൽ പിടിച്ചു കൊണ്ടുപോയി ഹാളിലെ സോഫയിലിരുത്തി. ജഗ്ഗിലെ വെള്ളമെടുത്ത് ഗ്ലാസിലേക്കു പകർന്നു അവൾക്കു നേരെ നീട്ടി.

ഒരു നിമിഷം പകച്ചു പോയെങ്കിലും അവളതു വാങ്ങി. “പേടിക്കണ്ട, ഇവിടെ ഉറക്ക ഗുളികയൊന്നും ഞങ്ങൾ സ്റ്റോക്ക് ചെയ്യാറില്ല. പിന്നെ ഈ അവസ്ഥയിൽ നിന്നെ റേപ്പ് ചെയ്യാനാണെങ്കിൽ അതിന്റെയൊന്നും ആവശ്യം ഞങ്ങൾക്കില്ല. അതോണ്ട് ധൈര്യവായിട്ടു കുടിച്ചോ..” കുടിക്കണോ വേണ്ടയോ എന്നു ശങ്കിച്ചു നിൽക്കുന്ന അവളോടവൻ പറഞ്ഞു. ഒറ്റ വലിക്ക് വെള്ളം കുടിച്ചു കഴിഞ്ഞു വീണ്ടും വേണം എന്ന മട്ടിൽ അവൾ ഗ്ലാസ് നീട്ടി. അവൻ ജഗ്ഗ് ഉയർത്തിയതും അതു പിടിച്ചു വാങ്ങി മുഴുവൻ വെള്ളവും കുടിച്ചു തീർത്തു. എന്നിട്ടും ദാഹം അടങ്ങാത്ത പോലെ.

അവളുടെ അപ്പോഴത്തെ നിൽപ് കണ്ടു അവനു സഹതാപം തോന്നി. “കുട്ടിക്ക് വിശക്കുന്നുണ്ടോ..?” ഹരി അലിവോടെ ചോദിച്ചു. ഉണ്ട് എന്ന അർത്ഥത്തിൽ അവൾ തലയാട്ടി. അവൻ അടുക്കളയിൽ പോയി ഉണ്ടായിരുന്ന ചോറും മോര് കറിയും അച്ചാറും ഒരു പ്ലേറ്റിൽ അവൾക്കു നൽകി. “ഞങ്ങളിവിടെ അങ്ങനെ കറിയൊന്നും വയ്ക്കറില്ല, സോ…” പറയുന്നതിന് മുന്നേ അവൾ ആർത്തിയോടെ കഴിച്ചു തുടങ്ങിയിരുന്നു. ദേവനും അലക്‌സും ഹരിയും റോബിനും ബാലുവും ഒരു നിമിഷം അതു നോക്കിയിരുന്നു. സഹതപമല്ലാതെ മറ്റൊന്നും അവർക്കപ്പോൾ തോന്നിയില്ല. അവൾക്കു വേണ്ടുന്ന പോലെ ചോറും കറിയും ഇട്ടു കൊടുക്കാനും കുടിക്കാൻ വെള്ളമെടുത്തു കൊടുക്കാനും അവർ ശ്രദ്ധിച്ചു.

കഴിച്ചു കഴിഞ്ഞു, ചുറ്റിലും ഒന്നു നോക്കിയ ശേഷം അവൾ മെല്ലെ എഴുന്നേറ്റു അടുക്കളയിലേക്കു പോയി. അവളുടെ നടത്തം നോക്കി നിൽക്കെ, നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിലെന്ന പോലെ ദേവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അടുക്കളയിൽ, പാത്രം കഴുകിക്കൊണ്ടിരുന്ന അവൾക്കുള്ളിൽ അപ്പോൾ സമാധാനം മാത്രമായിരുന്നു. സ്വസ്ഥമായി ആഹാരം കഴിച്ചതിന്റെ സമാധാനം. ക്ഷീണം മാറി തുടങ്ങിയിരുന്നു. ഒപ്പം താൻ എവിടെയാണ് നില്കുന്നതെന്ന ബോധം അവൾക്കുണ്ടാവുകയും ഭയം വർധിക്കുകയും ചെയ്തു. ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടും അധികം സൗഹൃദം ഒന്നും ആരോടും അവൾ ഉണ്ടാക്കിയിരുന്നില്ല. ബി ടെക് പഠിക്കുന്ന കാലം മുതലുള്ള കൂട്ടുകരിയാണ് മേഘ. അവളുടെ മിക്കി.

അവളോട് മാത്രമാണ് അടുപ്പമുള്ളത്. പിന്നെ ദേവൻ സാർ നല്ല സൗഹൃദപരമായി പെരുമാറാറുണ്ട്. ബാക്കി ഉള്ളവരുമായി ഒരു ഹായ് ബൈ റിലേഷനു അപ്പുറത്ത് ഉണ്ടായിരുന്നില്ല. ഇത്രയും പുരുഷന്മാർ താമസിക്കുന്ന വീട്ടിൽ, താനൊരു പെണ്ണ് ഒറ്റക്ക്. ആ ചിന്തപോലും അവളിൽ ഉൾക്കിടിലമുണ്ടാക്കി. മെല്ലെ ഹാളിലേക്ക് ചെന്നപ്പോൾ എല്ലാവരും അവളെ കാത്തിരിക്കുകയായിരുന്നു. അവൾ മൊത്തതിലൊന്നു നോക്കി. അടുക്കും ചിട്ടയുമില്ലാത ഒരു വീട്. മൂന്നു ബെഡ്‌റൂം ഉണ്ടെന്നു തോന്നുന്നു. സാധനങ്ങൾ അവിടിവിടെയായി വലിച്ചു വരി ഇട്ടിരിക്കുന്നു. ടീപ്പോയിൽ ഇരിക്കുന്ന ബീർ കുപ്പികളും മദ്യവും സോഡയും മിസ്ച്ചറും അവളിലൊരു ഞെട്ടലുണ്ടാക്കി.

മദ്യപിച്ചാൽ പുരുഷന്മാർക്ക് കണ്ണു കാണില്ലന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ലെന്നും മമ്മ പറയാറുള്ളത് അവൾ ഓർത്തു. കുറച്ചു മുന്നേ താനത് അനുഭവിച്ചതും ആണല്ലോ. വറചട്ടിയിൽനിന്നു എരിതീയിലേക്കണോ ഭഗവാനെ നീ എന്നെ എത്തിച്ചത്… നിറഞ്ഞ കണ്ണുകളോടെ അവൾ അവരെ നോക്കി. അവളുടെ കണ്ണുകൾ ദേവന്റെ കണ്ണിലുടക്കി. “എവിടെയാ പോകേണ്ടതെന്നു വച്ചാൽ പറയു. കൊണ്ടുവിടാം..!” അവൻ സ്വതസിദ്ധമായ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു. “എനിക്ക്… എനിക്കൊന്നു ഉറങ്ങണം..” അവളുടെ ഉത്തരം കേട്ടു എല്ലാവരും ഞെട്ടി.

എന്തിനാണ് ഇപ്പോൾ താനങ്ങനെ പറഞ്ഞതെന്നോ, എന്തു വിശ്വാസത്തിലാണെന്നോ അവൾക്കുപോലും അപ്പോൾ മനസിലായില്ല. ഈ അവസ്ഥയിൽ അവളെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നു തോന്നിയ ദേവൻ ഹരിയെ കണ്ണുകൊണ്ട് കാണിച്ചു, തന്റെ ബെഡ്‌റൂം അവൾക് കൊടുക്കാൻ. ഹരി മുറിയിലേക്ക് കയറി അവിടിവിടെയായി കിടന്ന വസ്ത്രങ്ങൾ ഒതുക്കി, ബെഡ് കുടഞ്ഞു വിരിച്ചു, പുതിയ പുതപ്പും എടുത്ത് കട്ടിലിന്റെ ഒരു വശത്തു വച്ചു. നിമിഷങ്ങൾക്കുള്ളിൽ ബെഡ് റെഡിയാക്കി പുറത്തുവന്നു.

ദേവൻ അവളോട്‌ പോയി കിടന്നോളാൻ ആംഗ്യം കാണിച്ചു. ഒരു നിമിഷം മടിച്ചു നിന്നെങ്കിലും, അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി വാതിലടച്ചു കുറ്റിയിട്ടു. ആദ്യം കണ്ണിലുടക്കിയ ഒരു ഷൊർട്‌സും ബനിയനും എടുത്ത് ബാത്റൂമിലേക്കു കയറി. കുളി കഴിഞ്ഞു അതേടുത്തിട്ടു. ധരിച്ച വസ്ത്രങ്ങൾ കഴുകി ഫാനിന്റെ താഴെ വിരിച്ചിട്ട ശേഷം തളർചയോടെ കട്ടിലിലേക്ക് ചാഞ്ഞു. വിധി നാളെ തനിക്കായി കരുതി വച്ചിരിക്കുന്നതറിയാതെ അവൾ ശാന്തമായുറങ്ങി. തുടരും…

Share this story