നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 15

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 15

സൂര്യകാന്തി

സ്വയമറിയാതെ വരികൾക്കിടയിൽ കുടുങ്ങി കിടക്കുമ്പോൾ സമയം കടന്നു പോവുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നില്ല.. അവളുടെ മിഴികൾ അക്ഷരങ്ങളിലായിരുന്നു.. “മരണസമയത്ത് ത്രീവ്രമായ മോഹങ്ങളും അഭിലാഷങ്ങളും ഉള്ളവരുടെയും മറ്റുള്ളവരുടെ ചതിയ്ക്ക് ഇരയായി അപമൃത്യു വരിക്കപ്പെടുന്നവരുടെയും ആത്മാക്കൾക്ക് പലപ്പോഴും മോക്ഷപ്രാപ്തി അപ്രാപ്ര്യമായിരിക്കും.. മരിച്ചു കഴിഞ്ഞാലും ആ ആത്മാക്കൾ ഇവിടം വിട്ടു പോവാൻ കൂട്ടാക്കാറില്ല…” പുസ്തകത്തിലെ വാക്കുകളിലൂടെ കണ്ണോടിക്കുകയായിരുന്നു ഭദ്ര.. “അപൂർവ്വം ചിലർക്ക് ദൈവീകമായ അനുഗ്രഹവും ലക്ഷ്യപൂർത്തീകരണത്തിന് കൂട്ടായി ഉണ്ടാകും…”

മട്ടുപ്പാവിൽ നിന്നും ഇഴഞ്ഞെത്തിയ കറുത്ത നാഗം ഭദ്രയുടെ തൊട്ടു പുറകിൽ എത്തിയിരുന്നു.. അതിന്റെ കണ്ണുകൾ തിളങ്ങി… “ഡീ…” വാതിൽക്കൽ നിന്നുമുള്ള അലർച്ച കേട്ട് ഭദ്ര ഞെട്ടിതിരിഞ്ഞു നോക്കി.. കയ്യിൽ നിന്നും പുസ്തകം താഴെ വീണു..വാതിൽക്കൽ സംഹാരരുദ്രനെ പ്പോലെ നിൽക്കുന്ന ആദിത്യനെ കണ്ടതും ഭദ്രയുടെ ഉള്ളം കിടുങ്ങി.. എന്തെങ്കിലും പറയുന്നതിന് മുൻപേ മുഖമടച്ചൊരു അടിയായിരുന്നു.. ഭദ്രയ്ക്ക് തല കറങ്ങി.. “ആരോട് ചോദിച്ചിട്ടാടി നീ ഇവിടെ കയറി വന്നത്.. പറഞ്ഞതല്ലേ ഞാൻ ഇങ്ങോട്ട് വരരുതെന്ന്..” “ആദിയേട്ടാ ഞാൻ…”

കവിൾ പൊത്തിപ്പിടിച്ചു കൊണ്ട് ഭദ്ര എന്തോ പറയാൻ തുടങ്ങിയതും ആദിത്യൻ കൈയെടുത്തു വിലക്കി.. “എനിക്കറിയാം താൻ എന്താണ് പറയാൻ പോവുന്നത്.. സത്യമാണ് ഒരിക്കൽ തന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ ഒരിക്കലും തന്റെ സ്വഭാവവുമായി ചേർന്നു പോവാൻ പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോൾ തന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി.. എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണേ ആയിരുന്നില്ല താൻ ..” ആദിത്യൻ കിതപ്പടക്കി കൊണ്ട് പറഞ്ഞൂ.. “ഭദ്രാ താൻ സ്വയം വിഡ്ഢിയാവുകയാണ്.. എന്റെ മനസ്സിൽ തന്നോട് ഒരു തരി പോലും സ്നേഹം ബാക്കിയില്ല.. ഞാൻ വേറൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണ്..

അവൾ…” അവളുടെ നിറഞ്ഞു വരുന്ന കണ്ണുകളിൽ നിന്നും പിടച്ചിലോടെ നോട്ടം മാറ്റിക്കൊണ്ട് ആദിത്യൻ തുടർന്നു… “അവൾ മറ്റാരുമല്ല പാർവതിയാണ്.. പാറൂട്ടി..” ആദിത്യൻ അവൾക്ക് നേരെ കൈകൾ കൂപ്പി പിടിച്ചു.. “ഒരിക്കൽ സ്നേഹിച്ചു പോയി എന്ന കാരണത്താൽ ദയവ് ചെയ്തു ഉപദ്രവിക്കരുത്… ഞങ്ങളുടെ ജീവിതം നശിപ്പിക്കരുത്..” ഒന്ന് രണ്ടു നിമിഷം അവനെ തന്നെ നോക്കി നിന്ന് ഭദ്ര വെട്ടിത്തിരിഞ്ഞു പുറത്തേക്ക് നടന്നു.. ഗോവണിപ്പടികൾ ഇറങ്ങുന്ന ശബ്ദം കേട്ടപ്പോൾ ആദിത്യന്റെ ഹൃദയത്തിൽ ചോര പൊടിഞ്ഞിരുന്നു.. തിരുമേനി പറഞ്ഞതെല്ലാം കേട്ട് വേപഥുവോടെ ഓടി വന്നപ്പോൾ മുറിക്കുള്ളിൽ അവളില്ല..

ശ്വാസം നിലച്ചുപോയേക്കുമോയെന്ന് ഭയപ്പെട്ടു കൊണ്ടാണ് ഗോവണിപ്പടികൾ കയറിയത്.. റൂമിൽ അവളെ കണ്ടപ്പോൾ… സന്തോഷവും ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ച് വന്നപ്പോൾ കൈ വിട്ടു പോയി.. എന്തൊരു വിധിയാണിത്.. ഇത്രത്തോളം സ്നേഹിച്ചിട്ടും ഒരു തരി പോലും പുറത്ത് കാണിക്കാനോ അവളുടെ സ്നേഹത്തെ അംഗീകരിക്കാനോ കഴിയുന്നില്ല.. കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഭദ്രയുടെ പ്രതികരണം എന്താവുമെന്ന് ആലോചിക്കേണ്ടതില്ല.. കൂടെയുണ്ടാവും അവസാനശ്വാസം വരെ.. പക്ഷെ അവൾക്ക് ഒരു പോറൽ പോലും പറ്റുന്നത് സഹിക്കാനാവില്ല.. ഇനിയും പ്രിയ്യപ്പെട്ടവരെ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടു കൊടുക്കാനാവില്ല..

കീഴടക്കാൻ ആവില്ലെന്ന് ഉറപ്പുള്ള ശക്തിയോടാണ് എതിരിടുന്നത്… സഹിക്കവയ്യാതെ ആദിത്യൻ മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിച്ചു… കണ്ണിൽ നിന്നൊരു തുള്ളി ഇറ്റു വീണു… മരിച്ചുപോയാൽ മതിയായിരുന്നു.. അച്ഛനോടും ചന്ദ്രുവിനോടും ജാനി മോളോടും ഒപ്പം… പക്ഷെ അമ്മ… വാതിൽക്കൽ നിന്നും ആദിത്യന്റെ കാലൊച്ച അറിഞ്ഞ നിമിഷം ഭദ്രയുടെ പിറകിൽ നിന്നും മിന്നൽ പോലെ മാറി മേശയുടെ താഴെ ഉള്ളിലായി ചുരുണ്ടു കൂടി കിടക്കുകയായിരുന്നു ആ കറുത്ത നാഗം..ചുവന്ന കണ്ണുകളിൽ അപ്പോൾ ഉറഞ്ഞു കൂടിയത് കൊടും പകയായിരുന്നു… വൈകുന്നേരം ചായ കുടിക്കുന്നതിനിടെ ആദിത്യന്റെ കണ്ണുകൾ ഭദ്രയെ തിരഞ്ഞെങ്കിലും കണ്ടില്ല..

മുറിയുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു… രാത്രി അത്താഴത്തിനും കാണാതിരുന്നപ്പോൾ വീർപ്പുമുട്ടൽ സഹിക്കവയ്യാതെയാണ് ആദിത്യൻ അമ്മയോട് ചോദിച്ചത്.. “ഭദ്ര കഴിച്ചോ അമ്മേ..?” “ഇല്ലെടാ.. മോൾക്കെന്തോ വയ്യാന്നു പറഞ്ഞു.. കുറച്ച് കഞ്ഞിയെങ്കിലും കുടിക്കാൻ പറഞ്ഞിട്ട് കേട്ടില്ല്യാ.. തലവേദനിക്കുന്നൂന്ന്.. ഞാൻ കുറച്ച് ബാമൊക്കെ തടവിക്കൊടുത്തു.. പാവം കുട്ടി..” കഴിക്കാൻ തുടങ്ങിയ ആദിത്യൻ പ്ലേറ്റ് നീക്കി വെച്ചു എഴുന്നേറ്റു.. “നീയെന്താ കഴിക്കണില്ല്യേ ആദി..?” “എനിക്ക് വേണ്ട അമ്മേ.. വിശപ്പില്ല..” തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു കൊണ്ട് ആദിത്യൻ പറഞ്ഞു.. “ഇത് നല്ല കൂത്ത്.. പിന്നാർക്ക് വേണ്ടിയാ ഇക്കണ്ടതൊക്കെ വെച്ചുണ്ടാക്കുന്നത്..

ഈ കുട്ട്യോളുടെ ഒരു കാര്യം..” ദേവിയമ്മ പിറുപിറുത്തു.. ചാരിയിട്ട വാതിലിൽ തട്ടിയിട്ടും അനക്കമൊന്നും ഇല്ലാഞ്ഞപ്പോൾ ആദിത്യൻ വാതിൽ തള്ളി തുറന്നു അകത്തു കയറി.. കട്ടിലിൽ കമിഴ്ന്നു കിടന്ന ഭദ്ര അനങ്ങിയില്ല.. “ഭദ്രാ..?” അനക്കമൊന്നുമില്ല.. ആദിത്യൻ പതിയെ കട്ടിലിൽ അവൾക്കരികെ ഇരുന്നു.. “ഭദ്രാ ഐ ആം സോറി.. പെട്ടെന്ന് തന്നെ ഇവിടെ കാണാഞ്ഞപ്പോൾ ഞാൻ ആകെ ടെൻഷനായിപ്പോയി.. ചെയ്തത് ന്യായീകരിക്കുന്നില്ല.. തന്നെ തല്ലിയത് തെറ്റ് തന്നെയാണ്.. തന്റെ ദേഷ്യം തീരുമെങ്കിൽ തനിക്ക് വേണേൽ എന്നെ തിരിച്ചു തല്ലാം..” ഭദ്ര അനങ്ങിയില്ല.. “തനിക്കറിയില്ല ഇവിടെ പതിയിരിക്കുന്ന അപകടങ്ങൾ..”

അപ്പോഴും അവളൊന്നും മിണ്ടിയില്ല.. ആദിത്യന് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.. “ഭദ്രാ ഒരിക്കൽ തന്നോട് ഞാൻ പറഞ്ഞതാണ് ഇവിടെ താമസിക്കുമ്പോൾ താൻ ഞങ്ങളുടെ റെസ്പോൺസിബിലിറ്റിയാണ്.. വാശി പിടിച്ചു പട്ടിണി കിടക്കുന്ന പരിപാടിയൊന്നും ഇവിടെ പറ്റില്ല..” എന്നിട്ടും അനക്കമില്ല.. “ഡീ പുല്ലേ കൊറേ നേരമായി ഞാനിവിടെ നിന്നു പ്രസംഗിക്കുന്നു.. എന്നിട്ട് അവൾക്ക് കേട്ട ഭാവമില്ല..” ചാടിയെഴുന്നേറ്റു കൊണ്ട് ആദിത്യൻ പറഞ്ഞു.. “അലറേണ്ട..” പൊടുന്നനെ കനത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഭദ്ര എഴുന്നേറ്റിരുന്നു.. “ഞാൻ പോവാണ്.. അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇനി ഞാനിവിടെ നിന്നിട്ട് നിങ്ങളുടെ സങ്കൽപ്പങ്ങൾ തകരണ്ടാ..

ആരെ വേണേലും കൂടെ കൂട്ടിക്കോ..ജീവിതകാലം മുഴുവനും എന്റെ മനസ്സിൽ നിങ്ങൾക്കൊരു ചതിയന്റെ മുഖമായിരിക്കും…” ആദിത്യന് വാക്കുകൾ കിട്ടിയില്ല.. ഭദ്രയുടെ കവിളിൽ പതിഞ്ഞു കിടന്നിരുന്ന നേർത്ത വിരൽപ്പാടുകളിലേക്ക് ആദിത്യന്റെ കണ്ണുകളെത്തി.. “നോവിച്ചാൽ തിരിച്ചു കൊടുക്കുന്നതാണ് ഭദ്രയുടെ ശീലം…” കവിളിൽ കൈ വെച്ച് കൊണ്ട് ഭദ്ര ആദിത്യനെ തുറിച്ചു നോക്കി.. “പക്ഷെ ഇത് ഞാൻ മറക്കുന്നു.. ഇവിടെ എല്ലാം അവസാനിച്ചു..” ആദിത്യൻ അവളെ നോക്കി നിന്നതേയുള്ളൂ.. “നൗ പ്ലീസ്‌.. എനിക്കൊന്ന് കിടക്കണം വല്ലാത്ത തലവേദന..” വാതിലിനു നേരെ കൈ കാണിച്ചതും യാന്ത്രികമായി ആദിത്യന്റെ കാലുകൾ ചലിച്ചു… ഭദ്രാ എന്നിലുമധികം ഞാൻ നിന്നെ സ്നേഹിച്ചു പോയി…

രാവിലെ ഭദ്ര പ്രാതൽ കഴിക്കുമ്പോഴാണ് ആദിത്യൻ കഴിക്കാനായി വന്നത്.. അവൾ മുഖമുയർത്തുകയോ അവനെ നോക്കുകയോ ചെയ്തില്ല.. കഴിക്കുന്നതിനിടെ പലതവണ ആദിത്യൻ അവളെ പാളി നോക്കിയെങ്കിലും ഭദ്ര അവനെ ശ്രെദ്ധിച്ചതേയില്ല.. പൊടുന്നനെയാണ് പാർവതി വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്.. ആദിത്യന്റെ നോട്ടം അറിയാതെ ഭദ്രയിലെത്തി.. അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല.. പാർവതി പതിവ് പോലെ ആദിത്യന്റെ അടുത്തിരുന്നു കൊഞ്ചുകയും പ്ലേറ്റിൽ നിന്നും എടുത്തു കഴിക്കുകയുമൊക്കെ ചെയ്‌തെങ്കിലും അറിയാതെ പോലും ഭദ്രയുടെ നോട്ടം അവരിലേക്ക് എത്തിയില്ല.. “ഹാ ആരിത് പാറൂട്ടിയോ.. ഇതാ ഇപ്പോൾ കൂടെ കണ്ടില്ലെന്ന് വിചാരിച്ചതേയുള്ളൂ..”

“അതാണ് മനപ്പൊരുത്തം.. ദേവിയമ്മ വിചാരിച്ച ഉടനെ ഞാനിങ്ങ് എത്തീല്ല്യെ..?” ഭദ്രയൊഴികെ എല്ലാരും ചിരിച്ചു.. ആദിത്യന്റെ മിഴികൾ അവളിലായിരുന്നു.. “അല്ല ആദീ നീയറിഞ്ഞോ.. ഭദ്ര പോവാണെന്ന്..” ദേവിയമ്മ പറഞ്ഞതും ആദിത്യൻ ഒന്ന് ഞെട്ടി.. പക്ഷെ അത് പുറത്ത് കാണിക്കാതെ ചോദിച്ചു.. “അതെയോ ഭദ്രാ..” “അതെ..” അവനെ രൂക്ഷമായി നോക്കികൊണ്ട് അവൾ കനത്ത ശബ്ദത്തിൽ പറഞ്ഞു.. “ചേച്ചിയ്ക്ക് ഇവിടൊന്നും ഇഷ്ടായിക്കാണില്ല്യാന്നെ.. പട്ടണത്തിൽ ഒക്കെയല്ലേ പഠിച്ചതും വളർന്നതും..” പാറൂട്ടിയുടെ ശബ്ദത്തിൽ സന്തോഷം നിറഞ്ഞിരുന്നു..

ഭദ്ര അവളെ രൂക്ഷമായി ഒന്ന് നോക്കിയതും പാർവതി പരുങ്ങി… “ആഹാ പാറൂട്ടി എന്നെ പറ്റി നല്ലോണം അന്വേഷിച്ചറിഞ്ഞുവെന്ന് തോന്നുന്നു..” ഭദ്രയുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞിരുന്നു.. “അത്.. ഞാൻ…” ചമ്മൽ മറയ്ക്കാനായി പാർവതി വെളുക്കെ ചിരിച്ചു.. ദേവിയമ്മ അടുക്കളയിലേക്ക് പോയതും ഭദ്ര കഴിച്ചെഴുന്നേറ്റ് പാത്രവുമെടുത്ത് അടുക്കളയിലേക്ക് നടന്നു.. പ്ലേറ്റ് കഴുകി വെച്ച് അവൾ തിരികെ വന്നപ്പോഴും ആദിത്യനും പാറൂട്ടിയും കഴിക്കുന്നതിനിടയിൽ സംസാരിക്കുന്നുണ്ടായിരുന്നു.. ഭദ്ര പോയ വഴിയേ നോക്കിയിരുന്ന ആദിത്യൻ പാർവതി ചോദിച്ചത് കേട്ടില്ല.. “ഈ ആദിയേട്ടൻ എന്താ ഒന്നും പറയാത്തത്..?”

“ഇങ്ങനെ കലപില പറയാതെ കഴിച്ചെഴുന്നേറ്റ് പോ പാറൂട്ടി..” ആദിത്യന്റെ സ്വരത്തിൽ ഈർഷ്യയായിരുന്നു.. പാർവതിയുടെ മുഖം മങ്ങിയെങ്കിലും അത് ശ്രെദ്ധിക്കാതെ ആദിത്യൻ എഴുന്നേറ്റു കൈ കഴുകി.. അവളുടെ മിഴികൾ കൂർത്തു.. ആദിത്യൻ മുകളിലേക്ക് പോവുമ്പോഴും ഭദ്രയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു.. ഒരു പുസ്തകവും കൈയിൽ പിടിച്ചു ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്.. അനന്തപത്മനാഭൻ.. “ഹലോ..” “ഹലോ ആദി അനന്തനാണ്…” “മനസ്സിലായി…”

“താനും ഭദ്രയും ഇന്നലെ എന്തേലും പ്രശ്നമുണ്ടായോ..?” “അത്.. ഞാൻ.. എന്താ സാർ കാര്യം..? “ഭദ്ര എന്നെ വിളിച്ചിരുന്നു.. അവിടെ നിന്ന് തിരികെ വരികയാണെന്ന് പറഞ്ഞു..പക്ഷെ അത് മാത്രമല്ല..” “എന്താ സാർ..” ആദിത്യന്റെ ഉള്ളിൽ ടെൻഷൻ നിറഞ്ഞു.. “മുൻപ് അവൾക്കൊരു പ്രൊപ്പോസൽ വന്നിരുന്നു.. പയ്യൻ ലണ്ടനിലാണ്.. എന്റെയൊരു സുഹൃത്തിന്റെ മകനാണ്.. പ്രയാഗ്..ഭദ്രയും അവനും നല്ല ഫ്രണ്ട്സും ആയിരുന്നു.. പിന്നീട് അവർ ഭദ്രയെ പ്രയാഗിന് വേണ്ടി ആലോചിച്ചെങ്കിലും ഭദ്രയ്ക്ക് ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.. അങ്ങനെ ആലോചന മുൻപോട്ട് പോയില്ലെങ്കിലും ഭദ്രയെ അവന് ഒരുപാട് ഇഷ്ടമായിരുന്നു..

അതുകൊണ്ട് തന്നെ ആ ഫ്രണ്ട്ഷിപ്പ് പോലും അവൾ വേണ്ടെന്നു വെച്ചു..ഇപ്പോഴും ആ അലൈൻസിൽ അവർക്ക് താല്പര്യം ഉണ്ട്..” അനന്തൻ ഒന്ന് നിർത്തി.. “ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ഇന്നലെ ഭദ്ര വിളിച്ചു ആ ബന്ധത്തിന് യെസ് പറഞ്ഞോളാൻ പറഞ്ഞു.. സത്യത്തിൽ എനിക്കതൊരു ഷോക്കായിരുന്നു..ഭദ്രയുടെ സ്വഭാവം എനിക്ക് നന്നായറിയാം..” ആദിത്യൻ കുറച്ച് നേരത്തേക്ക് ഒന്നും പറഞ്ഞില്ല.. “സാർ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..” ഭട്ടതിരിപ്പാട് പറഞ്ഞതുൾപ്പടെ ആദിത്യൻ പറഞ്ഞതെല്ലാം അനന്തൻ ക്ഷമയോടെ കേട്ടു..പിന്നെ പറഞ്ഞൂ.. “ഞാൻ അങ്ങോട്ട്‌ വരാം…

കാളിയാർ മഠത്തിലേക്ക്..” സംസാരിച്ചു കഴിഞ്ഞു ഫോണുമായി ആദിത്യൻ ബാൽക്കണിയിലേക്ക് നടന്നു.. ഭദ്ര മറ്റൊരാളുടേതാവുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല… എന്ത് ധൈര്യത്തിൽ കൂടെ നിർത്തും.. അവൾക്ക് വേണ്ടി ജീവൻ ത്യജിക്കാൻ പോലും തയ്യാറാണ്.. പക്ഷെ.. എന്ത് ചെയ്യണമെന്നറിയാതെ അയാൾ ഉഴലുകയായിരുന്നു.. ########### ########### ####### അനന്തൻ നടുമുറ്റത്തെ പടിയിലിരുന്നു ഫോൺ ചെയ്യുമ്പോൾ പത്മ ഹാളിലെ സോഫയിൽ ടി വി യിലേക്ക് നോക്കിയിരിക്കുകയായിരുന്നു.. കുറേ സമയമായി സംസാരിക്കുന്നു.. ആരാവും..?

മനസ്സ് വെറുതെ വേവലാതി പൂണ്ടപ്പോൾ പത്മ വെറുതെയൊന്ന് പാളി നോക്കി.. അതേ നിമിഷം അനന്തൻ അവളെ നോക്കിയതും പത്മ ധൃതിയിൽ നോട്ടം മാറ്റി.. കുറച്ചു സമയം കഴിഞ്ഞു അനന്തൻ സോഫയിൽ അവൾക്കരികെ വന്നിരുന്നു.. “പത്മാ നാളെ നമുക്കൊന്ന് കാളിയാർ മഠം വരെ പോവണം..” “അനന്തേട്ടാ എന്ത് പറ്റി..? ഭദ്രയ്ക്ക് പ്രശ്നമൊന്നുമില്ല്യാലോ?” “ഒന്നുമില്ലെടോ.. ഷി ഈസ്‌ സേഫ്…” പത്മ ഒരു ദീർഘ നിശ്വാസം വിട്ടു.. അനന്തൻ പുഞ്ചിരിച്ചു.. പത്മ വേഗം അയാളിൽ നിന്നും നോട്ടം മാറ്റി… “പത്മാ ഞാൻ വേറൊരു കാര്യമാണ് ആലോചിക്കുന്നത്..” അനന്തൻ തെല്ലു മുൻപോട്ടിരുന്നു പത്മയെ നോക്കി..

അവളുടെ മുഖത്ത് ചോദ്യഭാവമായിരുന്നു.. “നമുക്ക് മക്കളുടെ വിവാഹത്തെ പറ്റി ആലോചിച്ചാലോ..?” പത്മയുടെ മുഖത്ത് അതിശയമായിരുന്നു.. “അനന്തേട്ടാ.. അതിനവർ…” പത്മ പൂർത്തിയാക്കുന്നതിനു മുൻപേ അനന്തൻ ചിരിയോടെ പറഞ്ഞു.. “അവർ വളർന്നു.. വിവാഹപ്രായമായി.. പരസ്പരം മത്സരിച്ചു സ്നേഹിക്കുന്നതിനിടെ കാലം കടന്നു പോയത് നമ്മൾ അറിഞ്ഞില്ലന്നേയുള്ളൂ…” അനന്തൻ അവളെ തന്നെ നോക്കിയതും പത്മ ഒരു പിടച്ചിലോടെ മിഴികൾ താഴ്ത്തി.. “ഒടുവിൽ പിരിഞ്ഞ വേദനയിലും…” അനന്തന്റെ സ്വരം നേർത്തിരുന്നു.. “പറ്റുന്നില്ലെടോ താനില്ലാതെ..” പത്മ ഒന്നും പറഞ്ഞില്ല..

“മനുഷ്യരല്ലേ തെറ്റുകൾ പറ്റില്ലേ.. അത്രമേൽ പരസ്പരം സ്നേഹിക്കുന്നവരല്ലേ നമ്മൾ…” തെല്ലു കഴിഞ്ഞാണവൾ പറഞ്ഞത്.. “അനന്തേട്ടൻ പറയേണ്ടിയിരുന്നത് മറ്റൊരാളുടെ നാവിൽ നിന്നും അറിയേണ്ടി വന്നപ്പോൾ ഭാര്യയെന്ന നിലയിൽ തോറ്റു പോയത് പോലെ തോന്നി എനിക്ക്..അനന്തേട്ടന് അത് മനസ്സിലായെന്ന് വരില്ല..” “മനസ്സിലായത് കൊണ്ടു മാത്രമല്ലെ പത്മാ ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന തന്റെ തീരുമാനം ഞാൻ അംഗീകരിച്ചത്.. പ്രാണൻ പറിച്ചെടുക്കുന്ന വേദന സഹിച്ചത്..” അനന്തന്റെ സ്വരം മൃദുവായിരുന്നു.. “തനിക്ക് കൂടുതൽ വേദന നൽകേണ്ടല്ലോ എന്ന് കരുതി മാത്രം മറച്ചു വെച്ച കാര്യം ഇത്രമാത്രം നമ്മളെ വേദനിപ്പിക്കുമെന്ന് കരുതിയതേയില്ലെടോ..”

അനന്തൻ അവളുടെ കൈയിൽ പിടിച്ചു.. പത്മ കൈ വലിച്ചില്ല.. മെല്ലെ അയാൾ ആ കൈയിൽ അധരങ്ങൾ ചേർത്തപ്പോൾ അവളൊന്ന് പിടഞ്ഞു.. അടുത്ത നിമിഷം അനന്തൻ ആ നിറഞ്ഞ മിഴികളിൽ മാറി മാറി ചുംബിച്ചു.. പത്മയ്ക്ക് എതിർക്കാനാവുമായിരുന്നില്ല.. ഹാളിലേക്ക് വന്ന രുദ്ര നിന്നയിടത്തു നിന്നും ചലിച്ചില്ല.. പത്മയാണ് അവളെ ആദ്യം കണ്ടത്.. ധൃതിയിൽ അനന്തനെ തള്ളിമാറ്റി പത്മ എഴുന്നേറ്റു.. “ഞാൻ.. ഞാൻ.. ചായയെടുക്കാം..” വെപ്രാളത്തോടെ അവൾ അടുക്കളയിലേക്ക് നടന്നു.. ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ അനന്തൻ കണ്ണിറുക്കി കാണിച്ചു..

അവിടവിടെയായുള്ള വെള്ളി രോമങ്ങൾക്കിടയിൽ മനോഹരമായ ആ നുണക്കുഴികൾ തെളിഞ്ഞിരുന്നു..പത്മയുടെ മുഖം ചുവന്നിരുന്നു.. “ഈ ചിരി കൊണ്ടല്ലേ അച്ഛൻ അമ്മയെ മയക്കിയെടുത്തത്…?” അനന്തനരികെ വന്നിരുന്ന രുദ്ര ചിരിയോടെ ചോദിച്ചപ്പോൾ അനന്തൻ പൊട്ടിച്ചിരിച്ചു.. “നീയെന്തിനാടി കട്ടുറുമ്പേ ഇങ്ങോട്ട് കയറി വന്നേ..” രുദ്ര ചിരിച്ചു.. പതിയെ ചോദിച്ചു.. “മഞ്ഞുരുകിത്തുടങ്ങിയോ..?” “എവിടന്ന്.. അത് കാരിരുമ്പല്ലേ..” രുദ്ര ചിരിച്ചു കൊണ്ട് അടുക്കള ഭാഗത്തേക്ക്‌ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. “ദേ.. അമ്മേ അച്ഛൻ പറയാ അമ്മ കാരി..” അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അനന്തൻ രുദ്രയുടെ വാ പൊത്തി.. “ന്റെ പൊന്നുമോളെ ചതിക്കരുത്.. ആ ഭദ്രകാളി കേട്ടാൽ എന്റെ ശവക്കുഴി തോണ്ടും..

പേര് പത്മാന്ന് ആണെന്നേയുള്ളൂ..ഇതിനെ മുറിച്ചു വെച്ചതാണ് നിന്റെ ഭദ്ര.. അതേ സ്വഭാവം..” “അച്ഛാ വേണ്ടാട്ടോ അമ്മ പാവാ.. ന്റെ ഭദ്രയും..” “ഉം ഉം..” അനന്തൻ ചിരിയോടെ മൂളിക്കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. കുറച്ചു കഴിഞ്ഞാണ് പറഞ്ഞത്… “ഇനി അച്ഛൻ സീരിയസ് ആയി ഒരു കാര്യം പറയാൻ പോവാണ്..” “എന്താ അച്ഛാ…” “അത് നിങ്ങളുടെ വിവാഹം.. സമയമായീന്നൊരു തോന്നൽ അച്ഛന്…” രുദ്രയുടെ ദേഹം തളർന്നു.. മനസ്സിൽ ആദ്യം തെളിഞ്ഞത് നിശാഗന്ധിപ്പൂവായിരുന്നു.. പിന്നെ അവളെ അത്രമേൽ മോഹിപ്പിച്ച ആ ഗന്ധർവനും.. സൂര്യനാരായണൻ.. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 14

Share this story