നാഗചൈതന്യം: ഭാഗം 8

നാഗചൈതന്യം:  ഭാഗം 8

എഴുത്തുകാരി: ശിവ എസ് നായർ

“ഞാൻ സ്നേഹിക്കുന്ന പുരുഷനാണ് ദേവേട്ടൻ. എന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുന്നുണ്ടെങ്കിൽ അത് ഈ നിൽക്കുന്ന ദേവേട്ടനായിരിക്കും… ” കൗശിക്കിനുള്ള മറുപടി പറഞ്ഞത് രേവതിയായിരുന്നു. അത് കേട്ടു കൊണ്ട് വന്ന മാലിനി രേവതിക്ക് നേരെ പാഞ്ഞടുത്തു. “ഇവൻ ആരാന്ന് നിനക്കറിയാമോ…?? ” “അറിയാം… മേലാറ്റൂർ കോവിലകത്തെ രോഹിണിയുടെ മകൻ… ” “ഇവന്റെ അച്ഛൻ ഈ നിൽക്കുന്ന നിന്റെ അച്ഛൻ തന്നെയാ. ആ ഇവനെയാണോ നീ സ്നേഹിച്ചത്… രോഹിണിക്ക് നിന്റെ അച്ഛനിൽ ജനിച്ച മകനാണ് ഇവൻ… ” മാലിനി പൊട്ടിത്തെറിച്ചു.

മാലിനിയുടെ ചോദ്യം കേട്ട് തലയ്ക്കടിയേറ്റത് പോലെ രേവതി നിന്നു. മുരളികൃഷ്ണന്റെ മുഖത്തു വിജയഭാവമായിരുന്നു. “എന്ത് അസംബന്ധമാണ് മാലിനി നീയീ പറയുന്നത്… ” ഗണേശൻ ഞെട്ടലോടെ ഭാര്യയോട് ചോദിച്ചു. “അളിയനെന്താ വിചാരിച്ചത് ആരുമൊന്നും അറിയില്ലെന്നോ…. എന്റെ പെങ്ങളെ വഞ്ചിച്ചു കൊണ്ട് നിങ്ങൾ രോഹിണിയുമായി രഹസ്യ ബന്ധം പുലർത്തിയിരുന്നത് ആരുമറിയില്ലെന്ന് കരുതിയോ. രോഹിണിയും അവളുടെ മകനും ഭാവിയിൽ മാലിനിക്ക് ഒരു ഭീഷണിയാവാതിരിക്കാൻ വേണ്ടി തന്നെയാ പണ്ടേയ്ക്ക് പണ്ടേ അവളെ ഞാൻ കൊന്നു കളഞ്ഞത്….

പക്ഷേ അവളുടെ മകൻ ദേ ഈ നിൽക്കുന്ന മഹാദേവൻ മാത്രം എന്റെ കയ്യിൽ നിന്ന് എങ്ങനെയോ രക്ഷപെട്ടു പോയി… അല്ലായിരുന്നെങ്കിൽ തള്ളയ്ക്ക് ഒപ്പം മകനെയും ഞാൻ പറഞ്ഞു വിട്ടേനെ… ” മുരളിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് സർവ്വരും. മാലിനിയുടെ വാക്കുകൾ രേവതിയെ അപ്പാടെ തളർത്തിയിരുന്നു. ആദ്യം കാണുന്നത് പോലെ അവൾ അവന്റെ മുഖത്തേക്കുറ്റു നോക്കി. മഹാദേവന്റെ മുഖത്തു പക്ഷേ ഭാവവ്യത്യാസമൊന്നുമില്ലായിരുന്നു. “കൊടിയ പാപമാണ് മുരളീ നീ ചെയ്തത്… നീയും അതിനു കൂട്ടു നിന്നല്ലോ മാലിനി… ”

നാരായണൻ തിരുമേനി നെഞ്ചത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു. “എന്ത് പാപം…. എന്റെ പെങ്ങളെ ചതിക്കുവായിരുന്നില്ലേ നിങ്ങളുടെ മോൻ… ” മുരളി കൃഷ്ണൻ മുത്തശ്ശനോട് കയർത്തു. “രോഹിണി എന്റെ മകളാണ്.ഗൗരി തമ്പുരാട്ടിയിൽ ജനിച്ച എന്റെ പൊന്നു മോൾ. ഗണേശന്റെയും മാധവന്റെയും സഹോദരിയാണവൾ …” മുത്തശ്ശന്റെ വെളിപ്പെടുത്തൽ രേവതിക്ക് ആശ്വാസം പകർന്നു. അതോടൊപ്പം നൂറായിരം ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി. മനസ്സിൽ ആളികത്തിയ തീയിലേക്ക് ജലമൊഴിച്ച പ്രതീതിയായിരുന്നു അവൾക്കപ്പോൾ. “മകനെ രക്ഷിക്കാൻ വീണ്ടും നുണക്കഥകൾ മെനയുകയാണോ നിങ്ങൾ… ”

മുരളിയുടെ സംസാരം അദ്ദേഹത്തെ രോഷാകുലനാക്കി. “ഇനി ഒരക്ഷരം നീ ശബ്‌ദിക്കരുത്. എന്റെ മകളെ നിഷ്കരുണം കൊന്നു തള്ളിയ നീചനാണ് നീ. ഇത്രയും കാലം ഈ സത്യം ലോകത്തിനു മുന്നിൽ വെളിപ്പെടുത്താതിരുന്നത് മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന ഗൗരി തമ്പുരാട്ടിക്ക് ഒരു കളങ്കവുമേൽക്കരുതെന്ന് കരുതിയായിരുന്നു. രോഹിണിയുടെ അച്ഛൻ ഞാനാണെന്ന് ആകെയറിയാവുന്നത് എന്റെ ഭാര്യ ഭാനുവിനും ഗണേശനും ദേവനും മാത്രമാണ്…. വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ നീയെന്റെ മകളെ… ” വാക്കുകൾ പൂർത്തീകരിക്കാനാവാതെ തിരുമേനി മുരളിയെ കടന്നു പിടിച്ചു. “എന്റെ രോഹിണിയെ കൊന്നു കളഞ്ഞ നീ ജീവിക്കാൻ അർഹനല്ല.

നിന്റെ മരണം എന്റെ കൈകൊണ്ടാവണം….” തിരുമേനിയുടെ കരങ്ങൾ മുരളിയുടെ കഴുത്തിലമർന്നു. നേർത്ത ഒരു കുറ്റബോധം പോലും മുരളിയുടെ മുഖത്തു തെളിഞ്ഞു കണ്ടില്ല. യാതൊരു ദയയുമില്ലാതെ അയാൾ തിരുമേനിയുടെ കൈകൾ ബലമായി തട്ടിമാറ്റി. “നിങ്ങളുടെ ചത്തു പോയ മോള് വിചാരിച്ചാലും മുരളിയുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല. എനിക്കറിയാം അവളെ നിലയ്ക്ക് നിർത്താൻ. പടയൊരുക്കത്തോടെ തന്നെയാ ഞാൻ വന്നിരിക്കുന്നത്….” അത്രയും പറഞ്ഞു കൊണ്ട് മുരളി കൃഷ്ണൻ അവിടുന്ന് പോയി. തളർച്ചയോടെ മുത്തശ്ശൻ ചാരു കസേരയിലേക്കിരുന്നു.

മഹാദേവൻ അയാളുടെ അരികിലായി നിലത്ത് ചമ്രം പടിഞ്ഞിരുന്നു,ഒപ്പം രേവതിയും. “മുത്തശ്ശാ…” രേവതിയുടെ വിളിയുടെ അർത്ഥം മനസിലാക്കിയത് പോലെ അയാൾ അവളെയൊന്ന് നോക്കി. “മോളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ കിടക്കുന്നുണ്ടെന്ന് അറിയാം. എല്ലാം മുത്തശ്ശൻ പറയാം. ഇനിയും ഈ നെഞ്ചിൽ എല്ലാം കൊണ്ട് നടക്കാനെനിക്ക് വയ്യ… രോഹിണിയെപ്പറ്റി അറിയും മുൻപ് നിങ്ങൾ മേലാറ്റൂർ കോവിലകത്തെ പറ്റിയും ഗൗരി തമ്പുരാട്ടിയെപ്പറ്റിയും അറിയണം. അന്യം നിന്നുപോയ മേലാറ്റൂർ കോവിലകം പഴയ പ്രൗഡിയോടെ തിരികെ കൊണ്ട് വരേണ്ട ചുമതല നിനക്കാണ് മോനെ… ”

“എല്ലാം വേണ്ട പോലെ നമുക്ക് ചെയ്യാം മുത്തശ്ശാ…” മഹേദേവൻ തിരുമേനിയെ സമാധാനിപ്പിച്ചു. നാരായണൻ തിരുമേനിയുടെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ചന്ദന മരങ്ങൾക്ക് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മേലാറ്റൂർ കോവിലകം. അവിടുത്തെ കാരണവരായ ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും സുഭദ്ര തമ്പുരാട്ടിയുടെയും ഏക മകളാണ് ഗൗരി. കോവിലകത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ജനിച്ച ഏക പെൺതരി. ബ്രഹ്മ ദത്തൻ നമ്പൂതിരിയുടെയും സുഭദ്ര തമ്പുരാട്ടിയുടെയും കണ്ണിലുണ്ണിയായി അവൾ വളർന്നു.ഗൗരി ഉണ്ടായതിനു ശേഷം സുഭദ്ര തമ്പുരാട്ടി പ്രസവിച്ച മക്കളെല്ലാം ചാപിള്ളകളായിരുന്നു. വർഷങ്ങൾ കടന്നു പോയി.ഗൗരി വളർന്നു യുവതിയായി.

അതിസുന്ദരിയായിരുന്നു അവൾ. നിതംബം കവിഞ്ഞൊഴുകിയ ഇട തൂർന്ന കേശഭാരം.വെളുത്തു മെലിഞ്ഞ ശരീര പ്രകൃതം. ആരെയും മയക്കുന്ന സൗന്ദര്യമായിരുന്നു അവൾക്ക്. മേലാറ്റൂർ കോവിലകത്തിനോട് ചേർന്ന സർപ്പക്കാവിലെ നാഗത്തറയിൽ കുടികൊള്ളുന്ന നാഗ ദൈവങ്ങളെ പൂജിക്കുന്ന പൂജാരിയായിരുന്നു നാരായണൻ തിരുമേനി.ഋഷിനാരധ മംഗലത്തെ ദേവി ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങളും അനുഷ്ഠിച്ചിരുന്നത് തിരുമേനി തന്നെയായിരുന്നു. ഋഷിനാരധ മംഗലത്തെ ഏറ്റവും പേരും പെരുമയും പ്രസിദ്ധിയുമാർജിച്ച കോവിലകമായിരുന്നു മേലാറ്റൂർ കോവിലകം.

ചെറുപ്പം മുതൽക്കേ ഗൗരിക്ക് നാരായണനെ ഇഷ്ടമാണ്. നാഗദൈവങ്ങൾ കഴിഞ്ഞാൽ ഗൗരിക്ക് ഏറ്റവും പ്രിയം നാരായണനോടായിരുന്നു. സർപ്പക്കാവിലെ പൂജാദി കർമങ്ങൾക്ക് നാരായണനോടൊപ്പം ഗൗരിയും കൂടുക പതിവായിരുന്നു. ഗൗരി തമ്പുരാട്ടിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞത് മുതൽ ബ്രഹ്മദത്തൻ നമ്പൂതിരി മകൾക്കായി വരനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് അവിടെ നിന്നായിരുന്നു. തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് അച്ഛനോട് പറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. പരസ്പരം തുറന്നു പറയാതൊരിഷ്ടം നാരായണന്റെയും ഗൗരിയുടെയും മനസിലുണ്ടായിരുന്നു.

ആരാദ്യം പറയുമെന്ന ശങ്കയാൽ ഇരുവരും തങ്ങളുടെ ഇഷ്ടം മനസ്സിൽ തന്നെ ഒളിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി മേലാറ്റൂർ കോവിലകത്തേക്ക് സഹദേവന്റെ കടന്നു വരവ്.ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ഉറ്റ ചങ്ങാതിയായിരുന്നു സഹദേവൻ നമ്പൂതിരി. സഹദേവന്റെ മകൻ ജയന്തൻ. ഏഴു വർഷങ്ങൾക്ക് മുൻപ് സഹദേവന്റെ ഭാര്യ കുളത്തിൽ വീണു മരിച്ചുവെന്നാണ് പറയുന്നതെങ്കിലും സത്യത്തിൽ അവർ കൊല്ലപ്പെടുകയാണുണ്ടായത്. ഭർത്താവിന്റെയും മകന്റെയും നീചപ്രവർത്തികളെ ചോദ്യ ചെയ്ത അവരെ ഇടം കാല് കൊണ്ട് തൊഴിച്ചെറിയുകയായിരുന്നു സഹദേവൻ.

ആ പ്രഹരത്തിൽ തന്നെ ആ സാധു സ്ത്രീ മരണപ്പെട്ടിരുന്നു. ചീട്ടുകളിയും പെണ്ണുപിടിയും മദ്യസേവയും തുടങ്ങിയ എല്ലാം ദുഃശീലങ്ങളും ജയന്തനുമുണ്ടായിരുന്നു. സഹദേവനെ കണ്ടു വളർന്ന ജയന്തൻ വളർന്നു വന്നപ്പോൾ അച്ഛനെക്കാൾ തെമ്മാടിയായി മാറി. എല്ലാത്തിനും ഒത്താശ ചെയ്യാൻ അച്ഛനും കൂട്ടിനുണ്ടായിരുന്നു. അമ്പലവും പൂജാദി കർമ്മങ്ങളുമായി നടന്നിരുന്ന വ്യക്തിയായിരുന്നു സഹദേവൻ. മേലാറ്റൂർ കോവിലകത്തെ പൂജാദി കർമ്മങ്ങൾക്കൊക്കെ ആദ്യമാദ്യം വന്നു കൊണ്ടിരുന്നത് സഹദേവനായിരുന്നു. ആ പരിചയമാണ് ഇരുവരെയും സുഹൃത്തുക്കളാക്കിയത്.

ഋഷിനാരധ മംഗലം വിട്ട് പോകും വരെ മേലാറ്റൂർ കോവിലകത്തെ സ്ഥിരം സന്ദർശകനായിരുന്നു സഹദേവൻ. അധർമ്മ മന്ത്രവാദത്തിന്റെ ചുവടു പിടിച്ചാണ് സഹദേവൻ പതിനഞ്ചു വർഷം മുൻപ് ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് ചേക്കേറിയത്.പൂജാദി കർമ്മങ്ങൾ അനുഷ്ഠിച്ചു കിട്ടുന്ന തുക അയാൾക്ക് മതിയാകാതെ വന്നപ്പോഴാണ് മനസ്സിൽ ദുർബുദ്ധി തോന്നി തുടങ്ങിയത്. ഋഷിനാരധ മംഗലത്തു നിന്നും വളരെ അകലെയുള്ള ഗ്രാമത്തിലേക്ക് പലായനം ചെയ്ത അയാൾ ഒരു ദുർമന്ത്രവാദിയുടെ ശിഷ്യത്വം സ്വീകരിച്ചു അധർമ്മ മന്ത്രവാദം പഠിക്കാനാരംഭിച്ചു. അതോടെ അയാൾക്ക് വച്ചടി വച്ചടി കയറ്റമായി.

ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്നാണല്ലോ ചൊല്ല്. തന്റെ മകന് ദുർമന്ത്രവാദം പകർന്നു നൽകണമെന്ന ആഗ്രഹം അയാൾക്കുണ്ടായിരുന്നു. തന്റെ മകനിലൂടെ താൻ സ്വായത്തമാക്കിയ മാന്ത്രിക വിദ്യകൾ തുടരണമെന്നദ്ധേഹം ആഗ്രഹിച്ചെങ്കിലും അത് മാത്രം നടന്നില്ല. സഹദേവന്റെ ഭാര്യയുടെ മരണ ശേഷമാണ് അയാളുടെ തകർച്ച ആരംഭിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ കിടപ്പിലായ സഹദേവന് പിന്നീട് മാന്ത്രിക കർമ്മങ്ങളൊന്നും തന്നെ ചെയ്യാനായില്ല. മകന്റെ ധൂർത്തു സ്വഭാവം കെട്ടിപ്പടുത്ത സമ്പത്തിന്റെ തകർച്ചയ്ക്ക് കാരണമായി. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് സഹദേവൻ പഴയ ചങ്ങാതിയെ ഓർമിച്ചത്.

മനസ്സിൽ ചില പദ്ധതികൾ മെനഞ്ഞു കൊണ്ട് അയാൾ മകനെയും കൂട്ടി മേലാറ്റൂർ കോവിലകത്തു പോകാൻ തീരുമാനിച്ചു. അയാൾ അവിടെ എത്തിച്ചേർന്നത് തന്നെ കോവിലകത്തിന്റെ ഉറവ വറ്റാത്ത സമ്പത്തും ബ്രഹ്മദത്തന്റെ ഒരേയൊരു മകളെയും ലക്ഷ്യം വച്ചായിരുന്നു. നാരായണൻ തിരുമേനിയുടെ കണ്മുന്നിൽ സഹദേവന്റെയും മകന്റെയും ആ വരവ് തെളിഞ്ഞുവന്നു. ************** മേലാറ്റൂർ കോവിലകത്തിന്റെ പൂമുഖത്തായിരുന്നു ഗൗരി തമ്പുരാട്ടിയുടെ അച്ഛൻ ബ്രഹ്മദത്തൻ നമ്പൂതിരി. പടിപ്പുരയിലേക്ക് നോട്ടമെറിഞ്ഞു വെറ്റിലയും മുറുക്കികൊണ്ട് ചാരുകസേരയിൽ കിടക്കുകയാണ് അദ്ദേഹം.

അപ്പോഴാണ് പടിപ്പുര കടന്നു വരുന്ന അഥിതികളെ അദ്ദേഹം കാണുന്നത്. ഏകദേശം ഒരു ഇരുപത്തിയഞ്ചു വയസ്സു തോന്നിക്കുന്ന യുവവും അമ്പതിയഞ്ചു വയസ്സ് പ്രായം വരുന്നൊരു മധ്യവയസ്ക്കനുമായിരുന്നത്. വടികുത്തി നടക്കുന്ന അയാളെ യുവാവ് താങ്ങി പിടിച്ചു നടത്തുന്നുണ്ട്. ആദ്യ കാഴ്ചയിൽ ഇരുവരെയും മനസിലായില്ലെങ്കിലും അടുത്തേക്ക് വന്നപ്പോൾ ബ്രഹ്മദത്തൻ സഹദേവനെ തിരിച്ചറിഞ്ഞു. ജയന്തനെ അയാൾക്ക് മനസിലായില്ല. “ഹല്ലാ ആരിത് സഹദേവനോ?? എത്ര നാളായടോ കണ്ടിട്ട്…. ” ആശ്ചര്യത്തോടെ അദ്ദേഹം ചാരുകസേരയിൽ നിന്നുമെഴുന്നേറ്റു കൊണ്ട് ചോദിച്ചു.

അരികിലിരുന്ന കോളാമ്പിയിലേക്ക് മുറുക്കി തുപ്പിയ ശേഷം കിണ്ടിയിലിരുന്ന ജലം അല്പമെടുത്തു വായ കഴുകി ബ്രഹ്മദത്തൻ മുറ്റത്തേക്ക് ഇറങ്ങി. അദ്ദേഹം അയാളെ കൈപിടിച്ചു പൂമുഖത്തേക്ക് കൊണ്ട് വന്നു. “ഇവിടെ വരും വരെ എന്നെ തിരിച്ചറിയുമോ എന്നൊരു ശങ്കയുണ്ടായിരുന്നു….ഇപ്പോഴാണ് സമാധാനമായത്… ” ആശ്വാസത്തോടെ സഹദേവൻ പറഞ്ഞു. “ഏയ്‌ സഹദേവനെ മറക്കാനോ… നല്ല കഥ. പതിനഞ്ചല്ല അമ്പത് കൊല്ലം കഴിഞ്ഞാലും തന്നെ ഞാൻ മറക്കോ. എന്റെ പഴയൊരു സ്നേഹിതനല്ലെടോ താൻ… തന്നെ പറ്റി പറയാത്ത ദിവസമില്ല ഇവിടെ…. എന്നെകൊണ്ട് പറ്റുന്നത് പോലെ ഞാൻ തന്നെ അനേഷിച്ചു നോക്കി…

പക്ഷേ ഒരറിവുമില്ലായിരുന്നു. എവിടെയായിരുന്നെടോ ഇത്രയും നാൾ. ഇങ്ങോട്ടുള്ള വഴിയൊക്കെ ഇപ്പോഴാണോ ഓർമ വന്നത്… ” പരിഭവ സ്വരത്തിൽ അദ്ദേഹം ചോദിച്ചു. “പലപ്പോഴും വരണമെന്ന് വിചാരിച്ചതാണ് ദത്താ… പക്ഷേ ഇവൻ സമ്മതിച്ചില്ല വരാൻ… ” അരികിലിരുന്ന മകനേ ചൂണ്ടി അയാൾ പറഞ്ഞു. “ഇത്… സഹദേവന്റെ മകൻ ജയന്തനാണോ… ” സംശയത്തോടെ ബ്രഹ്മദത്തൻ ചോദിച്ചു. “എന്റെ മകൻ തന്നെയാ… ” “പണ്ട് ഇവിടുന്ന് പോകുമ്പോഴുള്ള പത്തു വയസ്സ് ബാലനല്ല ഇവൻ. വളർന്നങ്ങു സുന്ദരനായി… ” ജയന്തൻ അദ്ദേഹത്തെ നോക്കിയൊന്നു ചിരിച്ചു.

“അച്ഛൻ എപ്പോഴും മേലാറ്റൂർ കോവിലകത്തെപ്പറ്റിയും അങ്ങയെപ്പറ്റിയുമൊക്കെ പറയാറുണ്ട്. പിന്നെ ഇങ്ങോട്ടേക്കു വരാത്തത് അച്ഛന്റെ അവസ്ഥ വളരെ മോശമായത് കൊണ്ടാണ്… ഏഴു വർഷം മുൻപ് കുളത്തിലേക്ക് വീണു മരിച്ചതാ അമ്മ. അന്ന് ഒരു വശം തളർന്നു വീണതാ അച്ഛൻ. പിന്നെ ചികിത്സയും മരുന്നുമായി നടന്നു സമ്പാദിച്ചു കൂട്ടിയ സ്വത്തു വകകൾ എല്ലാം പോയി. അച്ഛന്റെയൊപ്പം എപ്പോഴും ആരെങ്കിലും വേണം. അതുകൊണ്ട് അച്ഛനെ തനിച്ചാക്കി എനിക്ക് എവിടേക്കും പോകാനും കഴിയുമായിരുന്നില്ല. ഇപ്പോൾ തന്നെ അച്ഛന്റെ പിടിവാശി കാരണമാണ് ഇത്രടം വരെ വന്നത്… ” ഭവ്യതയോടെ ജയന്തൻ പറഞ്ഞു. “ഞാനിനി എത്ര കാലം ഉണ്ടാവുമെന്നറിയില്ലല്ലോ ദത്താ…

കണ്ണടയും മുൻപ് അവസാനമായി എല്ലാരേയും ഒരിക്കൽ കൂടി കണ്ടിട്ട് പോകാമെന്നു കരുതിയാ വന്നത്… ” പതിനഞ്ചു വർഷക്കാലം സഹദേവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെയായിരുന്നു എന്ന് ബ്രഹ്മദത്തൻ നമ്പൂതിരിക്ക് അറിവില്ലായിരുന്നു. തന്റെ പഴയ കാല സുഹൃത്തിനെയും മകനെയും നമ്പൂതിരി കണ്ണടച്ച് വിശ്വസിച്ചു “ഏതായാലും ഇവിടേക്ക് വന്ന സ്ഥിതിക്ക് നിങ്ങളെ രണ്ടാളെയും ഞാൻ എങ്ങോട്ടും വിടുന്നില്ല. ഇവിടെ നിങ്ങൾക്ക് താമസിക്കാം… ” “അയ്യോ അത് വേണ്ട, അതൊന്നും ശരിയാവില്ല തിരുമേനി. ഇന്ന് തന്നെ മടങ്ങി പോകാൻ തയ്യാറായി ആണ് ഞാൻ അച്ഛനെയും കൊണ്ട് വന്നത്.

അങ്ങേയ്ക്ക് ഒരു അധികപറ്റായി ഇവിടെ തങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല…. അങ്ങ് എന്നോട് ക്ഷമിക്കണം. വിവാഹ പ്രായമെത്തിയ ഒരു പെൺകുട്ടി ഇവിടെ ഉള്ളപ്പോൾ അന്യ പുരുഷനായ ഞാൻ ഇവിടെ തങ്ങുന്നത് പോലും മോശമാണ്… അങ്ങ് ഞങ്ങളെ പോകാനനുവദിക്കണം…” ജയന്തന്റെ പക്വതയും വിനയാപുരസരമായ സംസാര ശൈലിയും അദ്ദേഹത്തിനു നന്നേ ബോധിച്ചു. “സഹദേവൻ എന്നെ അന്യനായി കാണരുത്. എക്കാലത്തും എനിക്ക് പ്രിയപ്പെട്ടവരാണ് നിങ്ങൾ. അല്പമെങ്കിലും സ്നേഹം നിങ്ങൾക്ക് എന്നോടുണ്ടെങ്കിൽ ഇവിടെ നിന്നും പോകരുത്. സുഖമില്ലാത്ത അച്ഛനെയും കൊണ്ട് മോൻ ഇനിയും കഷ്ടപ്പെടരുത്.

ഇത്രയും നാൾ കുറെ ദുരിതങ്ങൾ അനുഭവിച്ചതല്ലേ. ഇനിയെങ്കിലും ഒന്ന് സ്വസ്ഥമായി കഴിയണ്ടേ…” “പക്ഷേ അങ്ങയുടെ മകൾ…” ജയന്തൻ വാക്കുകൾ പൂർത്തീകരിച്ചില്ല. “അവളെ ഓർത്തു നിനക്ക് വ്യാകുലത വേണ്ട. നിനക്കവളെ ഇഷ്ടമാകുമെങ്കിൽ എന്റെ മകളെ ഞാൻ നിനക്ക് തന്നെ വേളി കഴിച്ചു നൽകാം… എനിക്കതിൽ സന്തോഷമേയുള്ളൂ… നിന്നെക്കാൾ യോഗ്യനായ മറ്റൊരു വരനെ അവൾക്ക് ഞാൻ എവിടെ നിന്നും കണ്ടെത്താനാണ്…. ” ബ്രഹ്മദത്തന്റെ വാക്കുകൾ കേട്ട് ജയന്തൻ അന്ധാളിച്ചു. ഉദ്ദേശിച്ചു വന്ന കാര്യം ഇത്ര എളുപ്പത്തിൽ സാധിക്കുമെന്ന് അവൻ നിനച്ചതേയില്ല.

സഹദേവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇരുവരും അമ്പരപ്പ് മുഖത്തു പ്രകടിപ്പിച്ചില്ല. “അയ്യോ ദത്തനെന്തായീ പറയുന്നത്…. ” സഹദേവൻ ഞെട്ടൽ ഭാവിച്ചു. “അങ്ങയുടെ വല്യ മനസിന് ഒത്തിരി നന്ദിയുണ്ട്. എന്നെയും അച്ഛനെയും പോകാനനുവദിച്ചാൽ മാത്രം മതി… ” ജയന്തൻ വിനീതനായി പറഞ്ഞു. “സഹദേവാ ഞാൻ ഇത്രയും പറഞ്ഞിട്ടും നിങ്ങളെന്താണ് ഇങ്ങനെ… ജയന്താ…മോനെ, നീയും നിന്റെയച്ഛനും എനിക്കൊരു ബാധ്യതയേയല്ല നിങ്ങൾ രണ്ടാളും എവിടെയും പോകുന്നില്ല… ഇതെന്റെ തീരുമാനമാണ്… ഇനിയിതിൽ ഒരു മാറ്റവുമില്ല… ” ജയന്തൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ സഹദേവൻ തടഞ്ഞു.

“മോനെ അദ്ദേഹം ഇത്രയും പറയുന്ന സ്ഥിതിക്ക് നിനക്ക് നിന്റെ വാശിയൊന്നു ഉപേക്ഷിച്ചൂടെ. ഇനിയും തടസ്സം പറഞ്ഞു ദത്തനെ വിഷമിപ്പിക്കരുത്… ” “അച്ഛാ… ” ജയന്തൻ വിളിച്ചു. “ഞങ്ങൾ പോകുന്നില്ല… നീ പറയുന്നത് ഇനി അനുസരിച്ചില്ലെന്ന് വേണ്ട… ” സഹദേവൻ ബ്രഹ്മദത്തനെ നോക്കി പറഞ്ഞു. അദ്ദേഹത്തിന് അതൊരുപാട് സന്തോഷമായി. അപ്പോഴേക്കും കുടിക്കാനുള്ള സംഭാരവുമായി സുഭദ്ര തമ്പുരാട്ടി അങ്ങോട്ടേക്ക് വന്നു. എല്ലാവരും വിശേഷങ്ങൾ പരസ്പരം പങ്കു വച്ചു സംസാരിച്ചു ഇരുന്നു. അതേസമയം ഗൗരി സർപ്പക്കാവിൽ നാരായണനോടൊപ്പമായിരുന്നു. രാവിലത്തെ പൂജ കഴിഞ്ഞാൽ പിന്നെ ഇരുവരും സർപ്പക്കാവിലെ ആഞ്ഞിലി മരച്ചുവട്ടിൽ വിശേഷങ്ങൾ പറഞ്ഞിരിക്കുക പതിവാണ്.

ഉച്ചയൂണിന് സമയമാകാറായപ്പോൾ ഗൗരി യാത്ര പറഞ്ഞു കോവിലകത്തേക്ക് പോയി. അവളുടെ വരവും കാത്തിരിക്കുകയായിരുന്നു കോവിലകത്തുള്ളവർ. അവളെ ഒരുനോക്ക് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു ജയന്തനും. വന്നു കയറിപ്പാടെ ആഗതരെ കണ്ട് അവളൊന്ന് അതിശയിച്ചു. “ആരാ അച്ഛാ ഇവരൊക്കെ… ” “ഇത് അച്ഛന്റെ പഴയ സുഹൃത്താണ് മോളെ. ഇവിടെ പണ്ട് പൂജയും കർമ്മങ്ങളുമൊക്കെ ചെയ്തിരുന്നത് ഈ സഹദേവനായിരുന്നു. കുറേകാലത്തിനു ശേഷമാണ് ഇവൻ ഈ വഴിയൊക്കെ വരുന്നത്…ഇത് സഹദേവന്റെ മകൻ ജയന്തൻ…” അച്ഛൻ പറഞ്ഞത് കേട്ട് അവൾ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു.

അവൾ തന്റെ മുറിയിലേക്ക് പോകാനൊരുങ്ങിയതും ബ്രഹ്മ ദത്തൻ അവളെ വിളിച്ചു. “മോളെ…” “എന്താ അച്ഛാ… ” അവൾ സംശയത്തോടെ അച്ഛനെ നോക്കി. “ഞങ്ങൾ നിന്റെ വിവാഹം തീരുമാനിച്ചു ഈ നിൽക്കുന്ന ജയന്തനാണ് വരൻ.മോൾക്ക്‌ ഇഷ്ടക്കുറവൊന്നുമില്ലല്ലോ അല്ലെ… ” അച്ഛന്റെ വാക്കുകൾ കേട്ട് ഗൗരി ഞെട്ടി. “അച്ഛാ… ” ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചു. “എനിക്കിപ്പോ കല്യാണം വേണ്ട… ” പൊട്ടിക്കരച്ചിലോടെ അവൾ മുറിയിലേക്ക് ഓടി. മുഖത്തടിയേറ്റത് പോലെ ജയന്തൻ നിന്നു. … തുടരും

നാഗചൈതന്യം: ഭാഗം 7

Share this story