സിദ്ധാഭിഷേകം : ഭാഗം 1

സിദ്ധാഭിഷേകം : ഭാഗം 1

എഴുത്തുകാരി: രമ്യ രമ്മു

“സിദ്ധുവേട്ടാ……..” ഉയർത്തിപ്പിടിച്ച ഇരുമ്പ് ദണ്ഡ് മുന്നിൽ വീണു കിടക്കുന്നവന് നേരെ വീശാൻ ആഞ്ഞ അവൻ ശബ്ദം കേട്ട ദിക്കിലേക്ക് ഞെട്ടി തിരിഞ്ഞു നോക്കി.. ആ കിട്ടിയ ചെറിയ ഇടവേളയിൽ വീണവൻ എഴുന്നേറ്റ് ഓടി.. അത് കണ്ട് അവളെ രൂക്ഷമായി നോക്കി കൊണ്ട് അവൻ അയാളുടെ പിറകെ ഓടി..കൂടെ അവളും… അവർ ആ മാർക്കറ്റിന്റെ കൂടുതൽ അകത്തേക്ക് ഓടിയെത്തി..അവൾ കുറച്ചു പിറകിലായി എത്തുമ്പോൾ ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു മുഖം തിരിച്ചു..കയ്യിലെ ഇരുമ്പ് ദണ്ഡ് വച്ച് അവൻ മുന്നേ ഓടിയവന്റെ കാലിൽ ആഞ്ഞു ആഞ്ഞു അടിച്ചു കൊണ്ടിരിക്കുന്നു..

അവശനായ അയാളെ അവിടെ കിടത്തി അവൻ അവളുടെ നേരെ നടന്നു.. “പ്ടോ”..കരണം പുകച്ചൊരു അടി ആയിരുന്നു അവൾക്ക്.. “നിന്നോട് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പിറകെ നടക്കരുത് എന്ന്.. ഇനി മേലിൽ നിന്നെ എന്റെ മുന്നിൽ കണ്ടാൽ കൊന്ന് കളയും ഞാൻ..പറഞ്ഞേക്കാം.. നിനക്ക് അറിയാലോ അതിന് ഒട്ടും മടിക്കാത്തവൻ ആണ് ഞാൻ..” “ചിന്നാ…അവനെ എടുത്ത് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് ഇട്.. അവനെ കാണാൻ ഒരിക്കൽ കൂടി എന്നെ വരുത്തരുത് എന്ന് പ്രത്യേകം പറഞ്ഞേക്ക്..” കൂടെ ഉള്ളവന്മാരോട് അതും പറഞ്ഞു അവളുടെ കയ്യും പിടിച്ചവൻ മുന്നോട്ട് നടന്നു.. റോഡിനടുത്തായി പേടിച്ചു നിൽക്കുന്ന വേറൊരു പെണ്കുട്ടിയുടെ അടുത്ത് അവളെ ദേഷ്യത്തോടെ കൊണ്ടു വിട്ടു..

“രണ്ടിനോടും കൂടി പറയുകയ..ഇനി മേലിൽ എന്റെ പിന്നാലെ കണ്ടാൽ…”😡 അതും പറഞ്ഞ് അവൻ അവിടെ നിർത്തിയ ബ്ലാക്ക്‌ കളർ ബലേറോയിൽ കയറി..കൂടെ മറ്റുള്ളവരും..പൊടി പറത്തി കൊണ്ട് ആ വണ്ടി അവിടുന്ന് ഓടിച്ചു പോയി.. “ഇന്നും കിട്ടി അല്ലേ..”.. “😢😢…” “ഓ..മോങ്ങണ്ട…നടക്കിങ്ങോട്ട്..എന്റെ കൊച്ചേ,നിനക്കിത് എന്തിന്റെ കേടാ..അങ്ങേർക്ക് നിന്നെ കാണുന്നതെ കലിയാണ്..അതിന്റെ ഇടയിലാ അവളുടെ വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിലെ വേദം പറച്ചിലും..” “എന്റെ മിത്തൂ.. അങ്ങേര് ഇങ്ങനെ ഗുണ്ടയായി നടന്നാൽ ഞാൻ എങ്ങനെ എന്റെ ഇഷ്ട്ടം വീട്ടിൽ പറയും..ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ സ്നേഹിച്ചു പോയതാ…

അത് കൊണ്ടല്ലേ ഞാൻ വേറെ വല്ല ജോലിക്കും പറഞ്ഞയക്കാൻ ശ്രമിക്കുന്നേ.. ഇത് ആ ദിനകരന്റെ ഫിനാൻസ് കമ്പനിയിൽ ഗുണ്ടയായി വിലസുകയല്ലേ എന്റെ അച്ഛൻ പെങ്ങളുടെ പുന്നാര മോൻ….” “മോളെ അമ്മാളൂ..പറയുന്ന കൊണ്ട് ഒന്നും തോന്നരുത്..നിനക്കെ സിദ്ധുവേട്ടൻ തരുന്ന അടിക്ക് പകരം നിന്റെ അച്ഛനും ചേട്ടന്മാരും തരേണ്ട സമയത്തു ഓരോന്ന് തന്നിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ ഹോസ്റ്റലിൽ നിന്ന് വരുന്ന ദിവസങ്ങളിൽ അമ്മേടെ വായിലിരിക്കുന്നത് കൂടി കേൾക്കേണ്ടി വരില്ലായിരുന്നു..വന്നേ ബസ് ഇപ്പൊ വരും..അത് കൂടി പോയാ വീട്ടിൽ എത്തുമ്പോൾ ഇന്ന് എന്റെ കാര്യം കട്ടപൊകയാവും..” **** **** ****

അമ്മാളൂ എന്ന സാഗര… തഹസിൽദാർ ആയിരുന്ന സുദേവിന്റെയും ഹൈസ്കൂൾ ടീച്ചർ ആയ രഞ്ജിനിയുടെയും മൂന്ന് മക്കളിൽ ഇളയവൾ.. മൂത്തത് രണ്ട് ആണ്മക്കൾ ആണ് അവർക്ക്..സന്ദീപ് എന്ന ദീപു ഓട്ടോമൊബൈൽ എൻജിനീയറിങ് കഴിഞ്ഞു കുറച്ചു നാൾ വിദേശത്തു ജോലി ചെയ്ത് അത്യാവശ്യം സമ്പാദ്യം ആയപ്പോൾ ടൗണിൽ ഒരു വർക്ക്ഷോപ് തുടങ്ങി..വളരെ നല്ല നിലയിൽ കൊണ്ടു പോകുന്ന ഒരു സ്ഥാപനം..രണ്ടാമത്തെ ആൾ സായ് നന്ദ് എന്ന നന്ദു..ആൾ ഇപ്പൊ എം ബി ബി എസ് കഴിഞ്ഞ് എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു… സാഗര, എറണാകുളത്തു എംകോം ഫസ്റ്റ് ഇയർ പഠിക്കുന്നു..

അവൾ ഡിഗ്രി ചെയ്തതും അതേ കോളേജിൽ ആയിരുന്നു…കൂടാതെ അഡ്വക്കേറ്റ് കൃഷ്ണമൂർത്തിയുടെ ‘മൂർത്തി അസോസിയേറ്റിൽ’ പാർട്ട് ടൈം ആയി ജോലി ചെയ്യുന്നു..അഡ്വ.കൃഷ്ണമൂർത്തി അമ്മാളുവിന്റെ കോളേജിൽ ലോ അദ്ധ്യാപകനും അവളുടെ അച്ഛന്റെ സുഹൃത്തും ആയിരുന്നു..അദ്ദേഹത്തിന്റെ പ്രിയശിഷ്യരിൽ ഒരാൾ ആണവൾ.. അങ്ങനെ ആണ് ഡിഗ്രി കഴിഞ്ഞപ്പോ പാർട്ട് ടൈം ആയി അവൾ അദ്ദേഹത്തിന്റെ ഓഫീസിൽ ജോലി ചെയ്യുന്നത്..മിക്ക ശനിയാഴ്ചയും അവളും കൂട്ടുകാരി മിത്ര എന്ന മിത്തുവും വീട്ടിലേക്ക് വരും..മിത്തു അവളുടെ കൂടെ ചെറുപ്പം മുതൽ ഉള്ള കൂട്ടാണ്.. ഇരു മെയ്യും ഒരു മനസ്സും ആയ രഹസ്യങ്ങൾ ഇല്ലാത്ത സൗഹൃദം..

അച്ഛനും അമ്മയും മൂത്ത സഹോദരൻ രാജീവും അടങ്ങുന്ന ചെറിയ സന്തുഷ്ട്ട കുടുംബം.. തൃശൂരിൽ വീട്ടിലേക്ക് ഉള്ള വരവിൽ ചില ദിവസം ആണ് അവർ മാർക്കറ്റ് റോഡിൽ ഇറങ്ങാറ്..അത് സിദ്ധാർഥ് ശങ്കർ എന്ന അവളുടെ മുറച്ചെക്കനെ കാണുക എന്ന ഉദ്ദേശമാണ്..അവനെ മനസ്സിലായല്ലോ.. ഫിനാൻസ് കമ്പിനിയിലെ ചിട്ടി കാശും പലിശയും പിരിക്കാൻ നടക്കുന്ന ഗുണ്ട എന്ന് പറയാവുന്ന MBA ക്കാരൻ ആയ ചെറുപ്പക്കാരൻ എന്തു കൊണ്ട് ഇങ്ങനെ ആയെന്നു വഴിയേ മനസിലാക്കാം.. ** *** *** ***

“…രാമ രാമ..രാമ രാമ രാമ പാഹിമാം.. രാമ പാദം ചേരണേ ..മുകുന്ദ രാമ പാഹിമാം… രാമായ..രാമഭദ്രായ..രാമചന്ദ്രായവേധസേ രഘുനാഥായ നാഥായ സീതായപതയേ നമഃ…” അമ്മാളൂ വീട്ടിൽ കയറുമ്പോൾ അമ്മമ്മ സാവിത്രി സന്ധ്യാ ദീപം കൊളുത്തി നാമം ചൊല്ലുകയായിരുന്നു.. “എന്താ കുട്ട്യേ ഇത്ര വൈകിയെ..എത്ര നേരായി നോക്കിയിരിക്കാണ്..” “ബസ് കിട്ടിയില്ല അമ്മമ്മേ..അതോണ്ടാ..” “ഉം..നിനക്ക് ഈ ജോലിയുടെ ആവശ്യം ഉണ്ടോടി മോളെ..അല്ലെങ്കിൽ ഇന്നലെ തന്നെ വരായിരുന്നല്ലോ..ഇതിപ്പോ കണ്ണ് നിറച്ചൊന്ന് കാണുംമുന്നേ പോകാനും ആവും..ഹ് മ്മ്..”

“എന്റെ അമ്മമ്മേ വന്ന് കേറുമ്പോ തന്നെ സെന്റി അടിക്കാതെ..ഞാൻ ആകെ മൂന്ന് മാസല്ലേ ആയുള്ളൂ ജോലിക്ക് പോകാൻ തുടങ്ങീട്ട്..സ്വന്തം കാശിൽ ഒരു കുഞ്ഞു പൊട്ട് വാങ്ങുമ്പോ പോലും ഒരു മന:സുഖാ..അതൊന്നും ഈ കുഞ്ഞു തലയിൽ കേറില്ല..എന്റെ സ്വപ്നത്തിൽ എത്തി ചേരുന്നവരെയേ ഉള്ളൂ…അതൊക്കെ പോട്ടെ..കഴിക്കാൻ എന്തേലും തന്നേ.. ഒരാനയെ വേണേലും തിന്നാം..അത്ര വിശപ്പുണ്ട്..” “ഉം..ഉം..അതൊക്കെ ഇപ്പൊ പറയും ..കഴിക്കാൻ എടുത്തു തന്നാൽ അണ്ണാൻ കുഞ്ഞിന്റെ അത്രേ കഴിക്കൂ….പോയി കുളിച്ചു വാ കുട്ടി..അമ്മമ്മ കഴിക്കാൻ എടുത്തു വെക്കാം..” 😊😊😊

വിളക്കും എടുത്ത് അമ്മമ്മയും മോളും അകത്തേക്ക് കയറി.. “ആ..വന്നോ..അച്ഛൻ ഇപ്പൊ ചോദിച്ചതേ ഉള്ളൂ..” “അച്ഛൻ എവിടെ പോയമ്മേ..” “വായനശാലയിൽ പോയി വന്നിട്ട് കുളിക്കാൻ കയറി ഇപ്പൊ..നീ കുളിച്ചിട്ടു തൊഴുത് വന്നേ..ഞാൻ ഒന്ന് ഉഴിഞ്ഞിടാം..കുറെ നാളത്തെ കണ്ണേറ് ഉണ്ടാകും രാജകുമാരിക്ക്..😍😍” അവൾ അത് കേട്ട് ചിരിച്ചു കൊണ്ട് മുകളിൽ അവളുടെ റൂമിലേക്ക് പോയി.. റൂമിൽ എത്തി കുളിച്ചു ഫ്രഷായി പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു..അമ്മമ്മയുടെ സ്‌പെഷ്യൽ ഇലയടയുമായി സോഫയിലിരുന്നു..ടി വി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ വന്നത്.. അവളുടെ മുടിയിൽ തലോടി അവളുടെ അടുത്തിരുന്ന് ഇലയട പൊട്ടിച്ചു വായിലേക്ക് വച്ചു കൊടുത്തു കൊണ്ട് വിശേഷങ്ങൾ തിരക്കി…” രഞ്ജു ആ തോർത്തെടുത്ത് ഇങ്ങു വന്നേ..കുളിച്ചിട്ട് ഇവൾ മുടി ശരിക്കും ഉണക്കിയില്ല..വെള്ളം മാറി കുളിച്ചതല്ലേ..ശ്രദ്ധിച്ചൂടെ മോളെ നിനക്ക്..”

“കിടക്കാൻ ആവുമ്പോഴേക്കും ഉണങ്ങിക്കൊള്ളും അച്ഛാ..അല്ലാ..ഏട്ടൻ വരാറായില്ലേ..കാണുന്നില്ലല്ലോ..” “നീ വരുംന്ന് അറിയുന്നോണ്ട് എന്തേലും വാങ്ങാൻ കയറി കാണും..” അപ്പോഴേക്കും പുറത്ത് പുറത്ത് ഒരു ജിപ്സി വന്നു നിന്നു.. അമ്മാളൂ ഓടി പുറത്തെത്തി.. “ഹായ്…വന്നല്ലോ എന്റെ പൊന്ന്..എത്ര നേരായി നോക്കുന്നു..ഈ ഏട്ടന് വേഗം വന്നൂടെ..” “എന്താണ് ഇത്ര സ്നേഹം ഏട്ടനോട്..എന്താടാ നീ അവൾക്ക് വല്ല ഓഫറും കൊടുത്തിരുന്നോ..” ചോദിച്ചു കൊണ്ട് സുദേവനും കൂടെ രഞ്ജിനിയും പുറത്തേക്ക് വന്നു. “എന്റെ അച്ഛാ..ഈ പറഞ്ഞതൊക്കെ എന്നോട് ആണെന്നാണോ കരുതിയെ.. നോക്ക് അച്ഛന്റെ രാജകുമാരിയെ..ഹും..😏😏

അവളുടെ പുന്നാര വണ്ടിയോടാ..” നോക്കുമ്പോൾ ജിപ്സിയുടെ ബോണറ്റിൽ പറ്റിയ പൊടി തുണി വച്ച് തുടച്ചു കൊണ്ട് നിൽക്കുന്ന അമ്മാളൂനെ ആണ് കണ്ടത്.. “എടി..എടി..നിന്റെ കൂടെപിറപ്പല്ലെടി ഇവിടെ കൊന്നതെങ്ങു പോലെ നിക്കുന്നെ..എന്നെ കാണാൻ വയ്യ നിനക്കു അല്ലേ..” “ഏട്ടനെ ഞാൻ എന്നും വീഡിയോ കാൾ ചെയ്യുന്നതല്ലേ.. ഇവനെ കാണാനും ഓട്ടാനും അല്ലെ ഞാൻ കരഞ്ഞു വാശി പിടിച്ച് അച്ഛനെ കൊണ്ട് വാങ്ങിപ്പിച്ചത്..എന്നിട്ട് എനിക്ക് ഒന്ന് ഉപയോഗിക്കണമെങ്കിൽ വല്ലപ്പോഴും ഒരു ദിവസാ കിട്ടുന്നേ.. വാ ഏട്ടാ ഒന്ന് കറങ്ങീട്ട് വരാം..” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു “അയ്യടി മോളെ.. നാളെ ഉച്ചയ്ക്ക് ശേഷം പോകാം ..സൺഡേ അല്ലെ..

എല്ലാർക്കും കൂടി കറങ്ങി ഒരു മൂവിയും കണ്ട് രാത്രി പുറത്തു നിന്ന് ഫുഡ്ഡും കഴിച്ചിട്ട് വരാം..എന്താ..” “ഓക്കേ ഏട്ടാ..😘ഡൺ…”👍 ** ** *** ** “ത്രിനേത്രാം ശങ്കരീം ഗൗരീം ഭോഗമോക്ഷപ്രദാം ശിവാം മഹാമായാം ജഗദ്ബീജാം ത്വാം ജഗദീശ്വരീം ശരണാഗത ജീവാനാം സര്‍വ്വദുഃഖ വിനാശിനീം സുഖസമ്പദ്കരാം നിത്യാം വന്ദേത്വം പ്രകൃതിം പരാം. പൂജാമുറിയിൽ വിളക്ക് വച്ചു തൊഴുതു ദേവി സ്തുതി ആലപിച്ചു ഇറങ്ങിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ഏട്ടനെയും അമ്മമ്മയെയും കണ്ട് അത്ഭുതത്തോടെ അവൾ നോക്കി ചിരിച്ചു..

മാമ്പഴ മഞ്ഞ നിറത്തിൽ കടും പച്ചയും കസവും ചേർന്ന ബോർഡറും ഉള്ള പട്ടു പാവാടയും ബ്ലൗസും ആയിരുന്നു അവളുടെ വേഷം..അരക്കൊപ്പം ഉള്ള മുടി കുളിപ്പിന്ന് കെട്ടി വിടർത്തി ഇട്ടിരുന്നു..ഗോതമ്പിന്റെ നിറമാണവൾക്ക്..കറുത്ത വലിയ കണ്ണ് കരിമഷി എഴുതി കുഞ്ഞു ചുവന്ന പൊട്ടും തൊട്ട് വരുന്ന അവളെ ആരും നോക്കി നിന്നു പോകും..എല്ലാരുടെയും രാജകുമാരി തന്നെ ആയിരുന്നു അവൾ.. ആഗ്രഹിക്കുന്നത് അതിന് മുമ്പ് സാധിച്ചു കൊടുക്കുന്ന അച്ഛനും ചേട്ടന്മാരും ഉണ്ടെങ്കിലും അരുതാത്തതോ അത്യാഗ്രഹമോ അവൾക്ക് ഉണ്ടായിരുന്നില്ല..എല്ലാരും സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രമേ അവൾക്കുള്ളൂ.. “എന്താ എല്ലാരും ആദ്യമായിട്ട് കാണുന്ന പോലെ നോക്കുന്നെ..”

“ഒന്നുല്ല മോളെ..നിന്റെ ദൈവനുഗ്രഹീതമായ ആ ശബ്ദത്തിൽ ഒന്ന് മയങ്ങി പോയതാ..എത്ര കേട്ടാലും മതി വരില്ല ആ സ്വരം..ഇപ്പൊ വല്ലപ്പോഴും അല്ലേ കേൾക്കാൻ പറ്റുന്നുള്ളു.. അമ്മമ്മയുടെ കുട്ടി അമ്പലത്തിൽ പോയിട്ട് വേഗം വാ..വന്നിട്ട് ഒരുമിച്ചു ചായ കുടിക്കാം…” “ശരി അമ്മമ്മേ..വാ ഏട്ടാ..പോകാം..അമ്മേ അച്ഛാ ഞങ്ങൾ പോയിട്ട് വരാം..” ** ** *** അമ്പലത്തിൽ എത്തുമ്പോൾ വലിയ തിരക്കായിരുന്നു..മഹാദേവ ക്ഷേത്രം ആണ്..ഞായറാഴ്ചയായത് കൊണ്ടാണെന്ന് തോന്നുന്നു ഇത്ര തിരക്ക്.. ആലിൻ ചോട്ടിൽ ഇരുന്ന് വായിനോക്കുന്ന ചെക്കന്മാരെ മൈൻഡ് ചെയ്യാതെ അവർ അമ്പലത്തിലേക്ക് കേറി..

“എന്തൊരു സുന്ദരിയാണ് അളിയാ ആ പെണ്ണ്..ഒരു നോക്ക് കിട്ടാൻ കൊതിക്കാത്ത ആരേലും ഉണ്ടോ ഈ നാട്ടിൽ…ഏത് ഭാഗ്യവാന് വിധിച്ച അരിമണിയാണോ എന്തോ..” “ഏതവനാടാ നോക്ക് കിട്ടേണ്ടത്..😡” അവൻ തലയുയർത്തി തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ കറുത്ത ഷർട്ടും അതേ കരയിൽ മുണ്ടും ധരിച്ച ഒരാൾ..കട്ടി മീശയും താടിയും..വെളുത്ത മുഖം..വെട്ടി ഒതുക്കാനോ ചീകാനോ മെനകെടാത്ത കോലൻ മുടി..കറുത്ത വിടർന്ന കണ്ണുകളിൽ ദേഷ്യം ഉറ്റി നിൽക്കുന്നു..സിദ്ധാർഥ് … സിദ്ധുവിന്റെ മുഖം കണ്ടപ്പോ തന്നെ അത് പറഞ്ഞവൻ പേടിച്ചു വിറച്ചു കൊണ്ട് എഴുന്നേറ്റു.. “സിദ്ധുവേട്ട ഞാൻ ചുമ്മാ തമാശയ്ക്ക്…”

അവൻ കിടന്ന് വിക്കി.. “ഉം…😡..അവളെ നോക്കുന്നവന്റെ അല്ല നോക്കണം എന്ന് വിചാരിക്കുന്നവന്റെ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും പറഞ്ഞേക്കാം..”😡😡 അതും പറഞ്ഞു അവൻ ക്ഷേത്ര മുറ്റത്തെത്തി.. അവളുടെ സ്വരം കാതോർത്തു..നാട്ടിൽ ഉണ്ടെങ്കിൽ ഞായറാഴ്ച്ച ഈ ക്ഷേത്രദർശനം അവൾക്ക് പതിവാണ്..കൂടെ ദേവ കീർത്തനങ്ങളും സ്തുതിയും… അവളുടെ സ്വരത്തിൽ ലയിച്ച് അവൻ സ്വയം മറന്ന് ആ മുറ്റത്ത്‌ കുറച്ചു നേരം നിന്നു..അവന്റെ കണ്ണിൽ നിന്നും അടർന്ന് വീണ നീർതുള്ളികൾ പുറം കയ്യ് കൊണ്ട് തുടച്ച് ചുണ്ടിൽ ഒളിപ്പിച്ച ഒരു ചെറു പുഞ്ചിരിയുമായി അവൻ തിരിച്ചു വന്ന് വണ്ടിയുമായി പോയി…. തുടരും..

Share this story