മഞ്ജീരധ്വനിപോലെ… : ഭാഗം 9

മഞ്ജീരധ്വനിപോലെ… : ഭാഗം 9

എഴുത്തുകാരി: ജീന ജാനകി

കുട്ടൻ മാളിൽ വന്നപ്പോൾ മാധവ് അവിടെ അവനെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു…. “സോറീ ടാ ലേറ്റായിപ്പോയി…. ഒരുത്തിയേം കൂടി ടൗണിലേക്ക് കൊണ്ട് വരാൻ കാത്തുനിന്നതാ…. ലേറ്റ് ആയി….” “എന്നിട്ട് ഭാമ എവിടെ…?” “എല്ലാ ഞായറാഴ്ചയും വാലുകളുടെ ഒപ്പമാ കറക്കം…. ടൗൺ വരെ ഉണ്ടായിരുന്നു… പിന്നെ എല്ലാം കൂടി അജുവിന്റെ കാറിൽ കയറി പോയി… ഉച്ചയ്ക്ക് വന്നാൽ വന്നു…” “എന്നും ഇങ്ങനാണോ….” “എല്ലാ ഞായറാഴ്ചയും ഇത് തന്നെ… പിന്നെ ചിലപ്പോൾ വീട്ടിലായിരിക്കും…. അന്ന് എല്ലാവരും കൂടി പാചകമായിരിക്കും…..”

“ഞാൻ ഇതെല്ലാം ഒരുപാട് മിസ് ചെയ്യുന്നുണ്ട്…. നീ വാ നമുക്ക് റെസ്റ്റോറന്റിലേക്ക് ഇരിക്കാം…” അവർ രണ്ട് ജ്യൂസ് ഓർഡർ ചെയ്തു… “കിച്ചൂ…. നിന്റെ പ്രോബ്ലം എന്താ…. വല്ലാതെ മാറിയിരിക്കുന്നു നീ…. കണ്ണുകളിൽ പഴയ ആ തിളക്കമോ ഒന്നും കാണാനില്ല…” “എല്ലാം ഒരു കഥയാടാ…. അമ്മയും അച്ഛനും എന്നെ ഒത്തിരി ലാളിച്ചാണ് വളർത്തിയത്… മഞ്ജി ജനിക്കുന്നത് എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ആണ്…. അവളെ നോക്കിയതും കൈ പിടിച്ചു നടത്തിയതും അവളുടെ ഈ കുഞ്ഞേട്ടനായിരുന്നു…. ഒരു കുഞ്ഞോളം പോലും ഇല്ലാതെ ഒഴുകിയ ഞങ്ങളുടെ ജീവിതത്തിൽ പെട്ടെന്നാണ് ഒരു കരിനിഴൽ വീണത്….

എന്തോ ചതിയിൽ പെട്ട് അച്ഛന്റെ ബിസിനസ് തകരാൻ തുടങ്ങി… പലപ്പോഴും മദ്യപിച്ച് തളർന്ന ഒരവസ്ഥയിലാണ് അച്ഛനെക്കണ്ടത്…. അന്ന് മഞ്ജിയേയും കെട്ടിപ്പിടിച്ച് ഞാൻ ഉറങ്ങും… അച്ഛനിലേക്ക് ഒതുങ്ങാൻ മാത്രം ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടമ്മയായ അമ്മ അച്ഛനുവേണ്ടി തന്നെ ബിസിനസുകാരിയായി മാറി…. ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരെയും കൂടി അമ്മയ്ക്ക് ശ്രദ്ധിക്കുവാൻ കഴിയുമായിരുന്നില്ല… അതുകൊണ്ട് ഞങ്ങൾക്ക് ഒരു കുറവും വരുത്താതെ ഇരിക്കാൻ മാത്രം സ്വയം വേദനിച്ചുകൊണ്ട് അമ്മയുടെ തറവാട്ടിൽ ഞങ്ങളെയാക്കി….

അമ്മമ്മയും അമ്മയുടെ ജ്യേഷ്ഠനും (മാമൻ) അയാളുടെ ഭാര്യയും(മാമി) മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്… മക്കൾ ബോർഡിംഗിലും…. അമ്മമ്മയ്ക് ഞങ്ങളെ ജീവനായിരുന്നു… മഞ്ജിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു… മാമനും മാമിക്കും എന്നെ ഇഷ്ടമല്ലായിരുന്നു…. അവർ എന്നെ പലപ്പോഴും ഉപദ്രവിച്ചു… ആരോടെങ്കിലും പറഞ്ഞാൽ മഞ്ജിയെയും നോവിക്കും എന്ന് പറഞ്ഞു… അവൾക്ക് വേണ്ടി ഞാൻ എല്ലാം സഹിച്ചു… അമ്മമ്മ കിടപ്പിലായതും ഉപദ്രവം വർദ്ധിച്ചു… പലപ്പോഴും പച്ചവെള്ളം കുടിച്ച് വിശപ്പടക്കി… ഒരിക്കൽ വിശപ്പ് സഹിക്കാനാവാതെ ഞാൻ അടുക്കളയിൽ നിന്നും ഒരു ദോശ എടുത്തു….

അത് കണ്ട് വന്ന മാമി എന്നെ തല്ലി…. മാമൻ തീക്കൊള്ളി കൊണ്ട് എന്റെ വയറിൽ പൊള്ളിച്ചു…. അമ്മയും അച്ഛനും ഇടയ്ക്ക് ഞങ്ങളെ കാണാൻ വന്നിരുന്നു… ആ ദിവസങ്ങളിൽ മാത്രമായിരിക്കും ഞാൻ വയറുനിറയെ ആഹാരം കഴിക്കുന്നതും പേടിക്കാതെ ഉറങ്ങുന്നതും… ഒരു വൈകുന്നേരം ഞങ്ങളെ ഞെട്ടിക്കാൻ സർപ്രൈസായി വന്നതായിരുന്നു അമ്മയും അച്ഛനും… അവർ കണ്ടത് എന്നെ മരത്തിൽ കെട്ടിയിട്ട് തല്ലുന്ന മാമനെ ആയിരുന്നു… അച്ഛന്റെ സകലനിയന്ത്രണവും വിട്ട് അയാളെ തല്ലി…. അമ്മയും അയാളെ എന്തൊക്കെയോ പറഞ്ഞു…. പക്ഷേ അയാൾ അമ്മയോട് കയർത്തു പറഞ്ഞത് എന്റെ നെഞ്ചിൽ വന്ന് തറച്ചു…

ഒരു അനാഥച്ചെക്കന് വേണ്ടിയാണോ നീ സ്വന്തം ഏട്ടനോട് വഴക്കിട്ടതെന്ന്…. പത്ത് വയസ്സുകാരനായ എനിക്ക് അതിന്റെ അർത്ഥം അറിയുമെങ്കിലും അച്ഛനും അമ്മയും ഉള്ള എന്നെ അയാൾ എന്തിന് വിളിച്ചു എന്ന് എനിക്ക് മനസ്സിലായില്ല… ഞാൻ ചോദിച്ചപ്പോഴൊക്കെ അമ്മയും അച്ഛനും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു… അന്ന് അവിടവുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ച് അമ്മയും അച്ഛനും പടിയിറങ്ങി… എന്നെ ബോർഡിംഗിലാക്കി…. മഞ്ജിയെ പകൽ ഡേ കെയറിൽ വിട്ടു… ജീവിതത്തിൽ അന്ന് മുതൽ എന്നിൽ ഒരു അരക്ഷിതാവസ്ഥ ഉണ്ടാവുകയായിരുന്നു….

അവിടുത്തെ പഠനം കഴിഞ്ഞ് ബിബിഎ ചെയ്യുമ്പോഴാണ് നിന്നെ എനിക്ക് കിട്ടുന്നത്…. ജീവിതത്തിൽ ഒരുപക്ഷേ ഒരുപാട് ഞാൻ സന്തോഷിച്ച സമയം…. എക്സാം റിസൾട്ട് അറിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാൻ വേണ്ടി വീട്ടിലേക്ക് പോയതായിരുന്നു അന്ന് ഉച്ചയ്ക്ക്… എന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ച ദിവസം…. അച്ഛനും അമ്മയും സംസാരിക്കുകയായിരുന്നു… ഞാൻ വന്നത് അവർ അറിഞ്ഞിരുന്നില്ല… ********** “ഹരിയേട്ടാ നിങ്ങളെന്താ ഈ പറയുന്നത്… അവന് ജന്മം കൊടുത്തത് നമ്മളല്ലെന്ന് അവനോട് പറയണമെന്നാണോ…..” “വേണം…. അവന്റെ ജന്മരഹസ്യം അറിയാൻ അവന് അവകാശമുണ്ട്….

എന്നായാലും അതവൻ അറിയണം…” “പക്ഷേ ഹരിയേട്ടാ…..” അപ്പോഴാണ് വാതിൽക്കൽ തറഞ്ഞ് നിൽക്കുന്ന മാധവിനെ ലക്ഷ്മി കാണുന്നത്…. “മോനേ…. നീ എപ്പോ വന്നു…..” അവൻ പതിയെ ഹരിയുടെ അടുത്തേക്ക് വന്നു…. “അച്ഛാ…. പറയച്ഛാ…. ഞാൻ അച്ഛന്റെ ചോരയല്ലേ…. പറയ്….” “അല്ല മോനേ…. നീ എന്റെ അടുത്ത സുഹൃത്ത് രാജശേഖര വർമ്മയുടെയും രുഗ്മിണിയുടെയും മോനാണ്…. രുഗ്മിണിയുമായുള്ള ശേഖരന്റെ ബന്ധം അവന്റെ വീട്ടുകാർ അംഗീകരിച്ചില്ല… അങ്ങനെ നാടുവിട്ടാണ് എന്റെ അടുത്ത് വരുന്നത്…. അവനും ഞാനും കൂടെ കുറേ കഷ്ടപ്പെട്ടു ഈ ഒരു സാമ്രാജ്യം വളർത്തിയെടുക്കാൻ….  ഇതിന്റെ മേജർ ഷെയറും അവന്റെയായിരുന്നു…. അതിനിടയിലാണ് നീ ജനിച്ചത്… കല്യാണം കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല… ലച്ചുവായിരുന്നു നിന്നെ ഒരുപാട് ലാളിച്ചത്….

അങ്ങനെ ബിസിനസ് വളർന്നുകൊണ്ടിരുന്ന സമയത്താണ് ഒരു കാർ ആക്സിഡന്റിൽ അവർ നമ്മളെ വിട്ടു പോയത്…. ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി അവനെന്നോട് പറഞ്ഞത് നിന്നെ പൊന്നു പോലെ നോക്കണം എന്നായിരുന്നു….. നിന്നെ ഇന്ന് ഈ നിമിഷം വരെ വേർതിരിച്ചു കണ്ടിട്ടില്ല… ഇപ്പോ ഇത് പറഞ്ഞതും നാളെ ഒരിക്കൽ മറ്റാരും പറഞ്ഞ് നീ അറിയുകയാണെങ്കിൽ നിന്നെ ഞങ്ങൾ പറ്റിച്ചു എന്ന് ചിന്തിക്കാതെ ഇരിക്കാനാ…. എനിക്ക് ഇപ്പോഴും നീ എന്റെ കിച്ചൂട്ടൻ തന്നെയാടാ….. ഇതാണ് അവരുടെ ഫോട്ടോ….” മാധവിന്റെ അതേ ഛായയുള്ള ഒരു പുരുഷനും നല്ല ഐശ്വര്യം തുളുമ്പുന്ന സ്ത്രീയും… അവന്റെ നെഞ്ചിൽ ഒരു കടൽ ആർത്തിരമ്പി…. ***********

അമ്മയും അച്ഛനും എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു…. പക്ഷേ അവരുടെ കരച്ചിലൊന്നും ഞാൻ കേട്ടിരുന്നില്ല…. ഇത്രയും നാൾ സ്വന്തമെന്നു ധരിച്ചതെല്ലാം പെട്ടെന്ന് ഒരു ദിവസം അന്യമായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി…. അറിവായതിൽ പിന്നെ അന്നാദ്യമായാണ് എന്റെ അച്ഛനമ്മമാരെ ഞാൻ കണ്ടത്…. അതെന്റെ കയ്യിലിരുന്ന് വിറച്ചു… പത്താം വയസ്സിൽ മാമൻ എന്നെ അനാഥനെന്ന് വിളിച്ചത് എന്തിനായിരുന്നു എന്ന് അന്നെനിക്ക് മനസ്സിലായി… പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല… ഇഷ്ടക്കേട് ഉണ്ടായിട്ടല്ല…. ഞാൻ കാരണം അവർ വേദനിക്കരുതെന്ന് കരുതി… എനിക്ക് വേണ്ടി സ്വന്തം ഏട്ടനെപ്പോലും അമ്മ വലിച്ചെറിഞ്ഞു…

ഇനിയും ഞാൻ കാരണം അവർക്ക് നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി….. നിർബന്ധം പിടിച്ച് വിദേശത്ത് പോയി… എല്ലാവരിൽ നിന്നും ഒളിച്ചോടി… നിന്നിൽ നിന്ന് പോലും… അവിടെ ആയിരുന്നു ഈ മാധവിന്റെ ജനനം…. മദ്യപാനിയായ ആരോടും ദയയില്ലാത്ത കരുണയില്ലാത്ത തനി രാക്ഷസനായ എന്റെ ജനനം… അമ്മയുടെ കരച്ചിൽ കാരണമായിരുന്നു വീണ്ടും ഒരു തിരിച്ചുവരവ്…. പക്ഷേ അവരോടൊന്നും അടുക്കാൻ എനിക്ക് പറ്റുന്നില്ല… അർഹമല്ലാത്തത് കിട്ടും പോലൊരു അപകർഷതാബോധം… അന്ന് മുതൽ ഞാൻ തനിച്ചാടാ മനസ് കൊണ്ട്…. നിന്നെ പിന്നെയും കണ്ട ആ ദിവസം വീണ്ടും എന്തിനോ ഒരു പ്രതീക്ഷ പോലെ…. നീ ഉണ്ടാവോ എന്റെ കൂടെ… ഒറ്റയ്ക്ക് ഉരുകിത്തീരാൻ വയ്യാഞ്ഞിട്ടാ….”

മാധവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… കുട്ടന്റെയും… കുട്ടൻ അവന്റെ കൈകൾക്ക് മുകളിൽ കൈ വച്ചു… “കിച്ചാ…. ഇനി എന്തിനും കൂടെ ഞാനുണ്ടാകും…” അവിടെ നിന്നും ഇറങ്ങിയ ശേഷം ഇരുവരും ചെറിയൊരു ഷോപ്പിംഗ് നടത്തി…. “കുട്ടാ… നീ ഭാമയുടെ കാര്യം എന്തോ പ്രശ്നം എന്ന് പറഞ്ഞിരുന്നല്ലോ… എന്താടാ കാര്യം….” കുട്ടൻ അനിരുദ്ധനെക്കുറിച്ച് അവനോട് പറഞ്ഞു…. “നീ ധൈര്യമായിരിക്കെടാ…. അവൻ നിന്റെ ഭാമയെ തൊടില്ല… വരുന്നിടത്ത് വച്ച് നോക്കാം എല്ലാം… എന്തായാലും ഇപ്പോ അവൻ ഇവിടില്ലല്ലോ…. വരുന്നതിന്റെ പിറ്റേന്ന് നമുക്ക് അവനായൊരു വിരുന്ന് കൊടുക്കാം….” “ആഹാ…. രാക്ഷസരൂപം പുറത്ത് വരുന്നല്ലോ…. ചുമ്മാതല്ല അവൾ നിന്നെ കാട്ടുപോത്തെന്ന് വിളിക്കുന്നത്….”

“ആ കുരുപ്പ് ലോകത്തില്ലാത്ത പല പേരും എന്നെ വിളിക്കാറുണ്ട്… എങ്ങനെ സഹിക്കുന്നെടാ അതിനെ….” “നിനക്കവളെ കെട്ടിച്ച് തരാടാ…. നിനക്ക് നല്ലൊരു അളിയനെ കിട്ടൂലേ…. പിന്നെ ഇരുപത്തിനാല് മണിക്കൂറും ചിലയ്കുന്ന ഒരു റേഡിയോയും….” “നിനക്കെന്നോട് ഇത്ര വിരോധം ഉണ്ടോ… അവളെ കെട്ടുന്നതിലും ഭേദം വീട്ടിനുള്ളിൽ ഡൈനാമിറ്റ് വയ്ക്കുന്നതാ… അതാകുമ്പോൾ ഒരു തവണയല്ലേ പൊട്ടുള്ളൂ….” “അപ്പോ കുറച്ചു ദിവസം കൊണ്ട് തന്നെ നീ മനസ്സിലാക്കിയല്ലോടാ…. ആട്ടെ ഇനിയെന്താ നിന്റെ പ്രോഗ്രാം….”

“നത്തിംഗ് ടാ…. വീട്ടിൽ പോയി കിടന്നു ഉറങ്ങണം….” “കിടന്നു ഉറങ്ങാനാണെങ്കിൽ നീ എന്തിനാ വീട്ടിൽ പോകുന്നത്… എന്റെ വീട്ടിലോട്ടു പോകാം…..” “വേറൊരു ദിവസം വരാടാ…..” “ഒരു ദിവസവുമില്ല…. നീ ഇപ്പോൾ എന്റെ കൂടെ വന്നേ പറ്റുള്ളൂ… ഉച്ചയൂണ് വീട്ടിൽ നിന്നും…. പിന്നെ ഉറക്കമൊക്കെ കഴിഞ്ഞ് വൈകുന്നേരം പോയാൽ മതി….” “അതൊക്കെ വേണോ…..” “വേണം…. വാ….വാ…വാ…” അവരിരുവരും കുട്ടന്റെ വീട്ടിലേക്ക് തിരിച്ചു…… ************

അജു – ടാ ദേ ഒരു പെണ്ണ് കുറേ നേരായിട്ട് നിന്നെ നോക്കുന്നു… അമ്പു – ഏതാടാ….. ആഹ്…. കൊള്ളാലോ…. ആദ്യമേ അത്ര മൈന്റ് കൊടുക്കണ്ട…. ഇച്ചിരി ജാഡ ഇട്ട് നിക്കാം…. ഭാമ – അതെന്തിനാ….. അമ്പു – ഇല്ലേൽ അവൾ കോഴിയാണെന്ന് വിചാരിച്ചാലോ…. അച്ചു – അത് പോയിന്റ്… ഇവൻ ആള് കുളക്കോഴി ആണേലും ബ്രഹ്മചാരി ആണെന്ന് പെണ്ണിന് തോന്നണം…. അമ്പു – സുഗന്ധിക്ക് ഇച്ചിരി കഞ്ഞി എടുക്കട്ടെ…. ചളി പറഞ്ഞ് തളർന്നതല്ലേ…. അജു – ടാ ഒടിയൻ കളിക്കാതെ അങ്ങോട്ട് നോക്ക്… ആ പെണ്ണ് ഇങ്ങോട്ട് വരണു…. അമ്പു – അളിയാ ഡീസന്റായി നിക്കെടാ… പെൺകുട്ടി – ഭായ് സാബ്… മുഝേ യഹ് ശഹർ കേ ബാരേ മേം കുഛ് നഹിം ജാൻതാ….

അമ്പു – (ഓഹ്….3g…) കോനേ തൂ…. അജു – എടാ നിന്ന് ലീലാ കൃഷ്ണൻ കളിക്കാതെ ഇംഗ്ലീഷിൽ ചോദിക്കെടാ തെണ്ടി…. അമ്പു – അങ്ങനൊന്ന് ഉണ്ടല്ലോ… സോറി.. വാട്ട് ഡു യു സേ…. പെൺകുട്ടി – സോറി… മൈ ഫ്രണ്ട് മെറ്റ് വിത്ത് ആൻ ആക്സിഡന്റ് ആന്റ് ഹീ വാസ് അഡ്മിറ്റെഡ് ഇൻ എലൈറ്റ് ഹോസ്പിറ്റൽ… ഐ ഡോണ്ട് നോ ഹൗ ടു ഗോ ദേർ…. പ്ലീസ് ഹെൽപ് മീ ബ്രദർ….. അമ്പു ഇംഗ്ലീഷിൽ ഹോസ്പിറ്റലിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു…. അമ്പു – സകലപെണ്ണുങ്ങളുടെയും സഹോദര സ്ഥാനം ഏറ്റെടുത്ത് ഞാനിങ്ങനെ പുരയും പറമ്പും നിറഞ്ഞ് നിന്ന് പോകുകയേ ഉള്ളൂ…. അച്ചു – അവളും നിന്നെ സഹോദരനാക്കിയോ…. അമ്പു – മ്….. അച്ചു – ആക്കുമല്ലോ…. ആ പെണ്ണ് നിന്ന് ചിരിച്ചപ്പോൾ ഉള്ള നിന്റെയൊക്കെ ബഹളം കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ… പെങ്ങളാക്കിയിട്ടേ നീയൊക്കെ അടങ്ങുള്ളൂവെന്ന്…..

അജു – നീ വിഷമിക്കണ്ടെടാ…. നിന്നെ പോലെ ബുദ്ധിമാന്ദ്യം ഉള്ള പെണ്ണിനെ നിനക്കും കിട്ടും ചങ്കേ… അമ്പു – അങ്ങനെ പറഞ്ഞു കൊടുക്കെടാ…. ങേ…. ഓഹ് എന്നെ താങ്ങിയതാണല്ലേ…. ഭാമ – ടീ നീ കുറേ നേരം കൊണ്ട് എന്താ ഈ തിരിച്ചും മറിച്ചും നോക്കുന്നത്… അച്ചു – ഇതിലിത്രേം കപ്പലണ്ടി ഇടുന്നത് എന്തിനാ…. അമ്പു – അതിന്റെ പേരെന്താ…. അച്ചു – കപ്പലണ്ടി മിഠായി…. അജു – വാഴയായിരുന്നു ഭേദം…. എന്റെ പൊന്നച്ചൂ… നീയാ വായൊന്നടയ്കോ…. അച്ചു – ഹും പോടാ….. ഭാമ – ടാ നമുക്ക് എന്തേലും കഴിച്ചിട്ട് വീട്ടിൽ പോകാം…. നല്ല തലവേദന ഉണ്ട്…. ഒന്ന് കിടക്കണം…. അജു – മ്…. എനിക്കും കുറച്ചു ജോലി ഉണ്ട്….. ഇന്നത്തെ കറക്കം ഇത്ര മതി…. കഴിച്ചിട്ട് ഞാൻ നിന്നെ വീട്ടിൽ വിടാം…. ഭാമ – നീ എന്നെ സ്റ്റോപ്പിൽ വിട്ടാൽ മതി… വീണ്ടും കിടന്നു ചുറ്റണ്ട…. അവർ ഫുഡ് കഴിച്ചു ശേഷം തിരിച്ചു… ഭാമയെ സ്റ്റോപ്പിൽ നിന്നും ബസ് കയറ്റി വിട്ട ശേഷമാണ് മൂവരും വീടുകളിലേക്ക് പോയത്…… ***********

മാധവ് – മതി അമ്മേ….. ഞാൻ ഇത്രയും ഫുഡൊന്നും കഴിക്കില്ല…. ദേവകി – അതൊന്നും പറഞ്ഞാൽ പറ്റില്ല… നിറയെ കഴിക്കണം… മോനെ ഞങ്ങൾ കണ്ടിട്ടില്ലെന്നേ ഉള്ളൂ…. ഇവൻ പറഞ്ഞ് ഒരുപാട് കേട്ടിരിക്കുന്നു… ഒന്ന് ഫോട്ടോ കാണിക്കാൻ പറഞ്ഞാൽ പറയും അവനെ നേരിട്ട് മുന്നിൽ കൊണ്ട് വരുമ്പോൾ കണ്ടാൽ മതിയെന്ന്… ശ്രീനാഥ് – മോൻ പോയ ശേഷം ഇവൻ വല്ലാതെ ഒതുങ്ങിക്കൂടി… പിന്നീട് ഇങ്ങനെ മാറ്റിയെടുത്തത് ഭാമയാ…. മാധവ് – അന്നെന്റെ മാനസികാവസ്ഥ അതായിരുന്നു അങ്കിൾ…. ദേവകി – അങ്കിളോ… മോനും ഞങ്ങൾക്ക് കുട്ടനെപ്പോലെ തന്നെയാ… അച്ഛനെന്നും അമ്മയെന്നും വിളിച്ചാൽ മതി… ഞങ്ങൾക്കും അതാ സന്തോഷം…. മാധവ് – ശരി അമ്മേ….. കുട്ടൻ –

അമ്മേ എനിക്ക് കൂടി താ പൊരിച്ചമീൻ…. ആ മാക്രി വന്നാൽ ഒന്നും കിട്ടില്ല…. അവന്റെ വർത്താനം കേട്ട് എല്ലാവരും ചിരിച്ചു… മാധവ് വർഷങ്ങൾക്ക് ശേഷം മനസ് നിറഞ്ഞ് ആഹാരം കഴിച്ചു… കഴിച്ച ശേഷം മാധവ് കുട്ടന്റെ കൂടെ മുറിയിലേക്ക് പോയി…. “ടാ നീ ഈ ഡ്രസ്സ് ഇട്ട് കിടന്നോളൂ….. എന്റേതാ… പോകുമ്പോൾ മാറി ഇടാം…” “മ്…. ശരി….” മാധവ് കുട്ടന്റെ ഡ്രസ്സ് ധരിച്ച് കിടന്നു…. “കിച്ചാ…. എനിക്ക് കുറച്ചു ജോലി ഉണ്ട്… കഴിഞ്ഞിട്ട് വരാം…. നീ ഉറങ്ങിക്കോ…” “ശരിയെടാ….” കുട്ടൻ ബാൽക്കണിയിലേക്ക് പോയി… പുറത്തെ ശബ്ദം അവന് ശല്യമാകണ്ടെന്ന് കരുതി ബാൽക്കണി ഡോർ അടച്ചു…. മാധവ് കിടന്ന പാടേ ഉറങ്ങിപ്പോയി… കമിഴ്ന്നു കിടക്കുന്നതിനിടയിൽ ബെഡ്ഷീറ്റ് എങ്ങനെയോ അവന്റെ തലവഴിയേ വീണു….. ***********

ഭാമ ടിവി കാണുന്നതിനിടയ്ക് ആണ് ഭാമ വന്നത്…. “ആഹാ…. തമ്പുരാട്ടി എന്താ നേരത്തെ….” “ഭയങ്കര തലവേദന അമ്മ…. ഞാനൊന്ന് കിടക്കട്ടെ…. പിന്നീട് വിശേഷം പറയാം…” അവൾ ബാഗ് കട്ടിലിൽ ഇട്ട ശേഷം നേരേ കുട്ടന്റെ റൂമിലേക്ക് പോയി…. ബെഡ്ഷീറ്റ് തലവഴിയേ കിടന്നതിനാൽ അവൾക്ക് മാധവിന്റെ മുഖം കാണാൻ പറ്റിയില്ല…. അവൾ കുട്ടനാണെന്ന് വിചാരിച്ച് കട്ടിലിലേക്ക് കയറി അവനെയും കെട്ടിപ്പിടിച്ചു കിടന്നു… ഭാമയും തലവേദന കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി…. മാധവിന് തനിക്ക് പ്രിയപ്പെട്ട ഗന്ധം പൊതിയുന്ന പോലെ തോന്നി….. അവൻ ഉറക്കത്തിൽ മലർന്ന് കിടന്നു… ഭാമയും ഉറക്കത്തിന്റെ ആലസ്യത്തിൽ അവനെ വയറിലൂടെ കെട്ടിപ്പിടിച്ചു… മാധവ് അവളെ ഇറുകെ ചേർത്ത് പിടിച്ചു…. നിദ്രയിലും അവരുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഭദ്രമായിരുന്നു….. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 8

Share this story