മൈഥിലി : ഭാഗം 12

മൈഥിലി : ഭാഗം 12

എഴുത്തുകാരി: ആഷ ബിനിൽ

ശാന്തയായി ഉറങ്ങുകയാണ് മാളു. ഒരു വൈറ്റ് പൈജാമയും പച്ച കളർ ബനിയനും ആണ് വേഷം. കാലു മടക്കി കൈ രണ്ടും തലക്കു താഴെ വച്ച് ചുരുണ്ടുകൂടിയാണ് കിടപ്പ്. ഉറക്കത്തിന്റെ ആലസ്യത്തിൽ ചുണ്ടൊക്കെ പിളർന്ന് വായ ചെറുതായി തുറന്നിരിക്കുന്നു. അതുകണ്ട ദേവന് ചിരി വന്നു. ഇതിനെയാണല്ലേ പോത്തുപോലെ ഉറങ്ങുക എന്നൊക്കെ പറയുന്നത്.. ആ കവിളിലൊന്നു തൊടാൻ ആഗ്രഹം തോന്നി. പക്ഷെ വേണ്ട. എത്ര സ്നേഹത്തിന്റെ പുറത്താണെങ്കിലും പെണ്ണിനെ അവളുടെ അനുവാദം ഇല്ലാതെ തൊടുന്നത് ശരിയല്ല.

തലമുടി മുഖത്തിന് നേരെ വന്നിരുന്നെങ്കിൽ അതൊന്ന് ഒതുക്കി കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോ മുടി മുഴുവൻ എടുത്ത് ഉച്ചിയിൽ കെട്ടി വച്ചിരിക്കുകയാണ് പെണ്ണ്. അവളെ നോക്കിയിരുന്നു ഉറങ്ങിപോയി. മടിയിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തയപ്പോഴാണ് ഉണർന്നത്. സമയം നാലെമുക്കാൽ..! അപ്പുവാണ് വിളിക്കുന്നത്. അവൻ ഫോണ് കട്ട് ചെയ്ത് കതകു തുറന്ന് പുറത്തിറങ്ങി. “ചേട്ടായി എന്നാ പരിപാടിയാ കാണിച്ചേ. എന്നെ വിളിച്ചെണീപ്പിക്കാം എന്നു പറഞ്ഞിട്ട്..?” “സോറി മോളെ.

ഞാൻ ഉറങ്ങിപ്പോയി” “അതേ. എന്റെ ഉറക്കം കളഞ്ഞിട്ട് രണ്ടും കൂടി എന്തായിരുന്നു പരിപാടി?” “ഞാൻ അവളെ നോക്കിയിരുന്ന് ഉറങ്ങി പോയതാടി” “ആ.. എന്തായാലും ചെല്ലാൻ നോക്ക്.. ചേച്ചി ഇപ്പൊ എഴുന്നേൽക്കും” “നീ മുത്താടി” “ആവശ്യത്തിന് മാത്രം മോളും മുത്തും, അല്ലാത്തപ്പോ കുരിപ്പ്. എനിക്കെല്ലാം മനസിലാകുന്നുണ്ട് കേട്ടോ” ദേവൻ അപ്പുവിന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് മുകളിലേക്ക് പോയി. അപ്പു റൂമിലേക്കും. ●●●●●●●●●●●●●●●●●●●●●●●●●●●●●●●●

രാവിലെ ഏഴുമണി ആയപ്പോഴേക്കും മാളുവും ദേവനും റെഡി ആയി വന്നു. അവർ പോകുന്നത് കൊണ്ട് അപ്പുവും നേരത്തെ എഴുന്നേറ്റ് വന്നിരുന്നു. അന്നമ്മ അവർക്കുള്ള അപ്പവും കറിയും എടുത്ത് വയ്ക്കുകയായിരുന്നു. ഭാമ ഇന്നേ എത്തു. മാധവൻ ഹാളിലെ സോഫയിൽ ഇരുന്ന് പത്രം വായിക്കുന്നു. ദേവന്റെ കണ്ണുകൾ ഉറക്കമില്ലാത്ത പോലെ തൂങ്ങുന്നത് മാളു ശ്രദ്ധിച്ചു. “ഇന്നലെ രാത്രി മുഴുവൻ ചേച്ചിക്ക് കാവലിരിക്കുകയല്ലായിരുന്നോ.. അതിന്റെയാ ക്ഷീണം” അപ്പു പറഞ്ഞത് കേട്ട് ദേവനും മാളുവും ഒരുപോലെ ഞെട്ടി അവളെ നോക്കി. അബദ്ധം പിണഞ്ഞപോലെ അവൾ നാക്കു കടിച്ചു.

മാളു ചോദ്യഭാവത്തിൽ അവളെ നോക്കി. “അതു പിന്നെ ചേച്ചി.. ഇന്നലെ രാത്രി ഞാൻ സ്വപ്നം കണ്ടു പേടിച്ചു ചേച്ചീ. അതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും കൂടെ പോയി കിടന്നു. അപ്പൊ ചേച്ചി ഒറ്റക്കായത് കൊണ്ട് ദേവവേട്ടനാ രാവിലെ വരെ കാവൽ ഇരുന്നത്. അതാ പറഞ്ഞേ. അല്ലെ ചേട്ടായി?” “ആ.. അതേ.. അതെ..” ദേവൻ പതർച്ച മറച്ചുവച്ച് പറഞ്ഞു. മാളുവിന് പിന്നെയും എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും മിണ്ടിയില്ല. “നിങ്ങള് പോകുന്ന വഴി മറ്റത്തിലെ റീത്തയുടെ വീട്ടിലൊന്നു കയറണം കേട്ടോ. കല്യാണത്തിന് ഇടാനുള്ള ഗൗണ് അവളാണ് തയ്ക്കുന്നത്.

മാളുവിന്റെ അളവെടുത്ത് വച്ചാൽ തുണി വാങ്ങി നേരെ അവിടെ കൊടുത്താൽ മതീലോ” “അയ്യോ അതൊന്നും വേണ്ടമേ.. ഞാൻ അവിടുന്ന് ഡ്രെസ്സ് കൊണ്ടുവന്നോളാം” “മോളൊന്നും പറയണ്ട. ഞങ്ങള് തീരുമാനിച്ചുകഴിഞ്ഞു. മോൾക്കും അപ്പുവിനും ഐറിനും ഒരേ ഉടുപ്പ് തയ്പ്പിക്കാൻ. ആദ്യം സാരിയാ ആലോചിച്ചത് പിന്നെ ഇതുങ്ങളുടെ സ്വഭാവത്തിന് സാരി ഉടുത്താൽ അത് ശരിയാകില്ല, അതാ ഗൗണ് ആക്കിയത് ” മാളു പിന്നൊന്നും പറഞ്ഞില്ല. ഉള്ളു കൊണ്ട് അവളും ആഗ്രഹിക്കുന്നുണ്ടായിരുന്നു, ആ വീട്ടിലെ ആളായി അംഗീകരിക്കപ്പെടാനും അറിയപ്പെടാനും.

യാത്ര പറയാൻ നേരം കരച്ചിൽ വന്നെങ്കിലും ദേവൻ ഇടപെട്ട് എല്ലാം പരിഹരിച്ചു. മാധവനോടും അന്നമ്മയോടും അപ്പുവിനോടും ജോബിന്റെ കല്യാണത്തിന്റെ തലേന്ന് കാണാം എന്നും പറഞ്ഞു അവരിറങ്ങി. അന്ന് ചൊവാഴ്ച്ചയായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മാളു അധികവും മൗനത്തിൽ ആയിരുന്നു. എല്ലാവരെയും പിരിഞ്ഞതിന്റെ ദുഃഖം അവൾക്കുണ്ടെന്ന് അറിയുന്നത് കൊണ്ട് ദേവനും ഒന്നും പറയാൻ നിന്നില്ല. പത്തുമണിയോടെ അവർ ഓഫീസിന്റെ മുന്നിലെത്തി.

കോ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങാൻ പോയ മാളു പെട്ടന്ന് എന്തോ ആലോചിച്ചപോലെ നിന്നു. ദേവന്റെ നേരെ തിരിഞ്ഞു പുഞ്ചിരിച്ചു: “താങ്ക് യൂ സർ” “എന്തിന്?” “അങ്ങനെ ചോദിച്ചാൽ, എന്നെ രക്ഷിച്ചതിന്, സഹായിച്ചതിന്, കൂട്ടത്തിൽ ഒരാളായി കണ്ടതിന്, ഇത്ര നല്ലൊരു ഫാമിലിയുടെ കൂടെ ഇതയും ദിവസം സ്പെൻഡ് ചെയ്യാൻ അവസരം തന്നതിന്.. എല്ലാത്തിനും നന്ദിയുണ്ട്. പക്ഷെ ഇപ്പൊ ഞാൻ താങ്ക്സ് പറഞ്ഞത് ഇതിനൊന്നും അല്ല. എന്റെ ലൈഫിൽ ഇത്രക്കൊക്കെ സന്തോഷിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മറക്കാൻ കഴിയില്ല, കഴിഞ്ഞ അഞ്ചു ദിവസങ്ങൾ.

അതിന് സർ മിനിമം ഒരു താങ്ക്സ് എങ്കിലും അർഹിക്കുന്നുണ്ട്” “ഓ.. വരവ് വച്ചിരിക്കുന്നു…” ദേവനും ചിരിച്ചു. മാളുവിനെ അവിടെ വിട്ട് അവളുടെ ഹോസ്റ്റലിൽ പോയി ബാഗും മറ്റും വച്ച് അവൻ തന്റെ ഫ്ലാറ്റിലേക്ക് പോയി. കഴിഞ്ഞ ദിവസങ്ങളുടെ ക്ഷീണം തീർക്കാൻ ഉച്ചവരെ കിടന്നുറങ്ങി. ബ്രെക് ടൈം ആയപ്പോൾ മേഘ (മിക്കി) വന്ന് മാളുവിനെയും കൊണ്ട് കോഫി ഷോപ്പിൽ പോയി. കാര്യങ്ങളെല്ലാം അവളോട് ചുരുക്കി പറഞ്ഞു. മിക്കിയ്ക് ആദ്യം ഒന്നും വിശ്വാസമായില്ല. പിന്നെ അവൾ എന്തെങ്കിലും പറഞ്ഞു തുടങ്ങിയപ്പോഴേക്കും റോബിനും അലക്സും കൂടി അവിടെത്തി.

അവരോട് എന്നല്ല, മിക്കി അല്ലാതെ വേറെ ആരോടെങ്കിലും ആദ്യമായി ആണ് മാളു ഇത്ര സംസാരിച്ചു കാണുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ള സ്റ്റാഫും അവളോട് മിണ്ടാനെത്തി. ആദ്യത്തെ ബുദ്ധിമുട്ടെല്ലാം മാറ്റി ആ ദിവസം കൊണ്ട് തന്നെ ഓഫീസിൽ മറ്റുള്ളവരോടും അവൾ കമ്പനിയായി. ഉച്ചകഴിഞ്ഞു വന്ന ദേവന് അത് അത്ഭുതമായി. അവൾ മറ്റുള്ളവരോട്, പ്രത്യേകിച്ചു ആണുങ്ങളോട് പേടിയെല്ലാം മാറ്റി വച്ച് മിണ്ടുന്നതും ചിരിക്കുന്നതും കണ്ട് അവന് സന്തോഷം തോന്നി. “ആ മൂക്കുത്തിയും മുഖത്തെ ചിരിയും പെണ്ണിന്റെ മൊഞ്ചു ഒന്നൂടെ കൂട്ടിയിട്ടുണ്ട്. കോഴികളൊന്നും ചികഞ്ഞു വരാതിരുന്നാൽ മതിയായിരുന്നു.”

അവൻ മനസ്സിലോർത്തു. ബാലുവും ഹരിയും പിറ്റേന്നാണ് എത്തിയത്. മാളുവിന്റെ മാറ്റം അവർക്കും സന്തോഷം നൽകി. മറ്റുള്ളവർ തെറ്റിദ്ധരിച്ചാലോ എന്നു വിചാരിച്ചു മാളുവിനോട് ദേവൻ ഓഫീസിൽ അധികം അടുപ്പം കാണിക്കാറില്ല. എങ്കിലും എന്നും രാത്രി ചാറ്റ് ചെയ്യുക പതിവായി തീർന്നു. വിഷമങ്ങളിൽ ദേവൻ കൂടിയുണ്ടെന്ന് അവൾക് തോന്നി തുടങ്ങി. അവന്റെ ഗുഡ് മോണിംഗും ഗുഡ് നൈറ്റും അവളുടെ ദിവസം തുടങ്ങാനും അവസാനിക്കാനും അനിവാര്യമായി തീർന്നു.

പക്ഷെ ഉള്ളിൽ മോട്ടിട്ട ഇഷ്ടം പ്രണയം ആണെന്ന തിരിച്ചറിവ് അപ്പോഴും അവൾക് അന്യമായി തുടർന്നു. ആ സൺഡേ അവരെല്ലാവരും കൂടിയാണ് ഔട്ടിങ്ങിനും മറ്റും പോയത്. അപ്പു ദിവസവും മാളുവിനെ വിളിക്കുമായിരുന്നു. അന്നമ്മയോടും ചിലപ്പൊളൊക്കെ മാധവനോടും അവൾ സംസാരിക്കും. വിശേഷങ്ങൾ പറയും. മമ്മ വിളിക്കാത്തത്തിന്റെ സങ്കടം കുറെയൊക്കെ മറികടക്കാൻ അതുകൊണ്ട് സാധിച്ചു. ദേവന്റെയും മിക്കിയുടെയും സപ്പോർട്ടും അവളെ അതിന് സഹായിച്ചു. വ്യഴാഴ്ച ആണ് ജോബിന്റെ കല്യാണം. ചൊവ്വാഴ്ച രാത്രി മാളുവിനെയും കൂട്ടി ദേവൻ പാലയിലേക്ക് തിരിച്ചു.

മാധവനും അന്നമ്മയും അപ്പുവും ഇന്നലെ തന്നെ അവിടെ എത്തിയിട്ടുണ്ട് എന്നറിഞ്ഞു. ഗൗണിന്റെ ഫോട്ടോ അപ്പു അവൾക്കയച്ചു കൊടുത്തിരുന്നു. മയിൽപ്പീലി കളറിൽ ബീഡ്‌സ് വർക്കെല്ലാം ചെയ്ത് മനോഹരമായിരുന്നു ഗൗണ്. അവൾക്ക് അതൊരുപാട് ഇഷ്ടമായി. അന്നമ്മയുടെ തറവാടിന്റെ അധികം ദൂരത്തല്ലാതെ കുറവിലങ്ങാട് ആണ് ജോബിന്റെ പപ്പാ വര്ഗീസ് വീട് വച്ചത്. മക്കളെല്ലാം അടുത്ത് തന്നെ വേണം എന്ന് വല്യപ്പച്ചന്റെയും അമ്മച്ചിയുടെയും ആഗ്രഹം ആയിരുന്നു.

വര്ഗീസ് ഒരു സ്‌പൈസ് എക്‌സ്സ്‌പോർട്ടിങ് ബിസിനസ്സ് നടത്തുന്നു. ഭാര്യ ആനി സ്‌കൂൾ ടീച്ചറാണ്. ജോബിനും ഒരു കോളേജിൽ ലക്ച്ചറർ ആണ്. നേരെ ഇളയ അനിയൻ റോബിൻ എം ടെക് ഫസ്റ്റ് ഇയർ പടിക്കുന്നു. ഏറ്റവും ഇളയ ജസ്റ്റിൻ ബി കോം സെക്കൻഡ് ഇയർ. ഒരു പെണ്കുട്ടി ഇല്ലാന്നുള്ള ആനിയുടെ പരാതിയാണ് മറ്റന്നാൾ തീരാൻ പോകുന്നത്. ജോബിന്റെ വധു ജിൻസിയും കോളേജിൽ അദ്ധ്യാപികയാണ്. കല്യാണ തലേന്ന് എല്ലാവർക്കും തിരക്കായിരുന്നു. ബന്ധുക്കളെല്ലാം ഉച്ചയോടെ തന്നെ എത്തി.

വീട്ടിലെ പെണ്ണുങ്ങളോടൊപ്പം മാളുവും എല്ലാത്തിലും മുന്നിൽ നിന്നു. വൈകിട്ടത്തെ മധുരം വയ്പ്പിന് ഇടാൻ മാളു ഒരു വൈറ്റ്- ഓഫ് വൈറ്റ് കോമ്പിനേഷൻ ദാവണി കരുതിയിരുന്നു. മുടി കുളിപ്പിന്നാൽ കെട്ടി ചേരുന്ന അഭരങ്ങളും അണിഞ്ഞു നാടൻ സുന്ദരിയായി അവൾ ഒരുങ്ങി. അപ്പുവും ഐറിനും ചട്ടയും മുണ്ടും സ്റ്റൈൽ ഡ്രെസ്സിൽ ആണ് എത്തിയത്. ചെക്കന്റെ പെങ്ങന്മാർ തിളങ്ങി നിൽകണമല്ലോ.. കല്യാണ ചെക്കന് മധുരം കൊടുക്കട്ടെ എന്നു മൂന്നു തവണ ചെക്കന്റെ അമ്മാവനും അമ്മായിയും കൂടി വിളിച്ചു ചോദിക്കും. ആദ്യത്തെ രണ്ടു തവണയും കാഴ്ചക്കാർ കേട്ടില്ല എന്നു പറയും.

മൂന്നാമത്തെ തവണ കൊടുക്കാൻ അനുവദിക്കും. അതിന് ശേഷം ആണ് മധുരം കൊടുക്കുക. മാധവനും അന്നമ്മയും ആണ് ചടങ്ങു നടത്തിയത്. അതിനു ശേഷം കസിൻസിന്റെയും ചാച്ചൻമാരുടെയും വകയായി ചെറിയ കലാ- കലാപ പരിപാടികളൊക്കെ നടന്നു. അപ്പു ആയിരുന്നു ആങ്കറിങ്. ദേവൻ അവളെ വിളിച്ചു മാറ്റി നിർത്തി മാളുവിനെ കൊണ്ട് ഡാൻസ് ചെയ്യിക്കാൻ ചട്ടം കെട്ടി. അപ്പു ആണെങ്കിൽ വളരെ സമർഥമായി അത് സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽ കുടുംബത്തെ അപമാനിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് താത്പര്യം ഇല്ലെങ്കിലും മാളു അതിന് തയ്യാറായി.

മസങ്ങൾക് ശേഷം ആണ് നൃത്തം ചെയ്യുന്നത്. ചെറിയ ഭയം തോന്നി. സ്റ്റേജിലേക്ക് കയറിയപ്പോൾ മുന്നിൽ തന്നെ കാമറയുമായി നിൽക്കുന്ന ദേവനെ കണ്ടപ്പോൾ മാളുവിന് ആശ്വാസമായി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. ഒന്നുമില്ല എന്ന് ആഗ്യം കാണിച്ചു. Hum Dil De Chuke Sanam എന്ന ചിത്രത്തിലെ ഐശ്വര്യ റായിയുടെ പ്രശസ്തമായ “നീംബൂടാ” സോങ് ആണ് മാളു തെരഞ്ഞെടുത്തത്. അവളുടെ മനസിൽ ദേവന്റെ മുഖം തെളിഞ്ഞു വന്നു. അവനെ മാത്രമേ പിന്നെ അവൾ കണ്ടുള്ളൂ.

പാട്ടിനൊത്ത് ചലിക്കുന്ന മാളുവിന്റെ കണ്ണുകളിലെ ഭാവങ്ങളും ആടി തിമിർക്കുന്ന കൈകാലുകളും ആരെയും അതിശയിപ്പിക്കുന്ന മെയ് വഴക്കവും ദേവനെ പോലും സ്തബ്ധനാക്കി. എല്ലാവരും മാളുവിന്റെ അനുമോദനങ്ങൾ കൊണ്ട് മൂടുമ്പോഴും അവളുടെ കണ്ണുകൾ ദേവനിൽ തങ്ങി നിന്നു. അവന്റെ മുഖത്തെ സന്തോഷം അവളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകി.

തുടരും… മൊഴിചൊല്ലിയവൾ എന്ന രണ്ട് പാർട്ടുള്ള എന്റെ ഒരു ചെറു നോവൽ ഇന്നും നാളെയും രാത്രി 10 മണിക്ക് ഈ പേജിൽ അപ്ലോഡ് ചെയ്യും. വായിച്ചിട്ട് അഭിപ്രായം പറയണേ…

മൈഥിലി : ഭാഗം 11

Share this story