നാഗചൈതന്യം: ഭാഗം 12

നാഗചൈതന്യം:  ഭാഗം 12

എഴുത്തുകാരി: ശിവ എസ് നായർ

ജയന്തൻ കണ്ണുകൾ തുറന്നു മഷി വെറ്റിലയിൽ നോട്ടമുറപ്പിച്ചു. അതിൽ തെളിഞ്ഞു വന്ന കാഴ്ച കണ്ട് അവൻ ശക്തിയായി ഞെട്ടി. ഭയം അവന്റെ സിരകളിലൂടെ അരിച്ചിറങ്ങി. പതിയെ അവന്റെ ഭയം ക്രോധത്തിനു വഴി മാറി. ജയന്തന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. അവന്റെ ചുണ്ടിൽ പരിഹാസം കലർന്നൊരു പുഞ്ചിരി വിരിഞ്ഞു. ആദ്യം തോന്നിയ ഭയം അവനിൽ നിന്നും വിട്ടുമാറി. മഷി വെറ്റിലയിൽ ജയന്തൻ ആദ്യം കണ്ടത് ഗൗരിക്കും നാരായണനും മുന്നിൽ പ്രത്യക്ഷപ്പെട്ട നാഗരാജാവിനെയും നാഗയക്ഷിയെയും ആയിരുന്നു. അത് കണ്ടിട്ടാണ് അവൻ ആദ്യമൊന്ന് നടുങ്ങിയത്. പക്ഷെ പിന്നീട് മഷി വെറ്റിലയിൽ തെളിഞ്ഞു വന്ന രംഗങ്ങൾ അവന്റെ മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞു.

തന്റേതെന്ന് കരുതി ലാളിച്ചു ഓമനിച്ച കുഞ്ഞ് സ്വന്തം കുഞ്ഞായിരുന്നില്ല എന്ന സത്യം ജയന്തനേറ്റ കനത്ത പ്രഹരമായിരുന്നു. കോപം നിയന്ത്രിക്കാനാകാതെ ജയന്തൻ പൂജാ സാധനങ്ങൾ തട്ടിയെറിഞ്ഞു. കയ്യിലിരുന്ന മഷി വെറ്റില അവൻ വലിച്ചെറിഞ്ഞു. മുന്നിൽ ആളിക്കത്തിക്കൊണ്ടിരുന്ന ഹോമാഗ്നിയിലേക്ക് അവൻ വെള്ളം കോരിയൊഴിച്ചു. ഭ്രാന്ത് പിടിച്ചവനെ പോലെ ജയന്തൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “മോനെ നിനക്കെന്താ പറ്റിയെ… ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു. എന്ത് പ്രശ്നമാണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാമായിരുന്നു.. നീ കാണിച്ചത് അവിവേകമായിപ്പോയി മോനെ…” സഹദേവൻ അവനെ ശാസിച്ചു.

“അച്ഛാ… അവൾ… ഗൗരി… ഗൗരി നമ്മളെ ചതിക്കുകയായിരുന്നു. രോഹിണി എന്റെ മോളല്ല. നാരായണന്റെ കുഞ്ഞാണത്…” വാക്കുകൾ കിട്ടാതെ ജയന്തൻ ഒരു നിമിഷം വീർപ്പുമുട്ടി. മകന്റെ വാക്കുകൾ കേട്ട് സഹദേവൻ ഞെട്ടിപ്പോയി. “നീയെന്തായീ പറയണേ… കാര്യമെന്താന്ന് വച്ചാൽ ഒന്ന് തെളിച്ചു പറയ്യ്…” സഹദേവൻ വെപ്രാളപ്പെട്ടു. ജയന്തൻ താൻ മഷിവെറ്റിലയിൽ കണ്ടറിഞ്ഞ കാര്യങ്ങൾ അച്ഛനോട് പറഞ്ഞു. സഹദേവൻ എല്ലാം മൂളി കേട്ടുകൊണ്ടിരുന്നു. “അപ്പോൾ നമ്മൾ വിചാരിച്ചതിലും അപ്പുറമാണ് കാര്യങ്ങൾ നടന്നിരിക്കുന്നത്. സാരമില്ല വഴിയുണ്ടാക്കാം…” “ഞാൻ എന്താ ചെയ്യേണ്ടത് അച്ഛൻ പറയ്യ്.” “ആദ്യം ഗൗരിയുടെ കുഞ്ഞിനെ അങ്ങ് കൊന്നു കളയണം. അക്കാര്യം നീ എനിക്ക് വിട്ടേക്ക്.

ഇപ്പോ തന്നെ ഞാൻ പോയി അവളുടെ സന്തതിയെ കുളത്തിലേക്കെടുത്തെറിഞ്ഞേക്കാം. ഇനിയൊരു നിമിഷം പോലും ആ കുഞ്ഞ് ജീവിച്ചിരിക്കാൻ പാടില്ല. നിനക്ക് വേണ്ടെങ്കിൽ അവളെയും അവളുടെ കുഞ്ഞിന്റെ ഒപ്പം പറഞ്ഞു വിട്ടേക്കാം.” “അത് വേണ്ടച്ഛാ.. ഗൗരിയെ എനിക്കെന്റെ കൈ കൊണ്ട് തന്നെ കൊല്ലണം. എന്നെ ചതിച്ച അവളെ ഞാൻ വെറുതെ വിടില്ല…” സഹദേവന്റെയും ജയന്തന്റെയും സംസാരം മറഞ്ഞു നിന്നു കേൾക്കുകയായിരുന്ന ഗൗരിയും അച്ഛൻ ബ്രഹ്മദത്തനും ഒരുപോലെ ഞെട്ടി.അയാൾ വേഗം ഗൗരിയെയും കൊണ്ട് അവരുടെ കൺവെട്ടത്തു നിന്ന് മാറി.

“എന്റെ മോളെ നിന്റെ ഭാവി അച്ഛനായിട്ട് തന്നെ തുലച്ചു കളഞ്ഞല്ലോ. അന്നേ തന്നെ നിനക്ക് നാരായണനോടൊപ്പം എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാമായിരുന്നില്ലേ… ” “പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ല അച്ഛാ… ഇത് അനുഭവിക്കേണ്ടത് എന്റെ വിധിയാണ്… എനിക്കെല്ലാം നേരത്തെ തന്നെ അറിയാമായിരുന്നു. ഈ ജീവിതം വിധി എനിക്കായ് കരുതി വച്ചതാണ്. അതിലാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അച്ഛാ… എന്നെയോർത്തു അച്ഛൻ വിഷമിക്കരുത്…” അവൾ തനിക്കറിയാവുന്ന സത്യങ്ങളെല്ലാം ബ്രഹ്മദത്തനോട്‌ പറഞ്ഞു. എല്ലാം നിശ്ശബ്ദം കേട്ട് നിൽക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. “ഇനിയും നീ ഇവിടെ തുടർന്നാൽ അവർ നിന്നെയും കുഞ്ഞിനേയും വകവരുത്തും.

നമുക്ക് മുന്നിൽ സമയം തീരെയില്ല. എത്രയും വേഗം നീ കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെട്ടോളൂ…” “ഞാൻ… ഞാൻ എങ്ങോട്ട് പോവാനാ അച്ഛാ…” നിറമിഴികളോടെ ഗൗരി ചോദിച്ചു. “തല്ക്കാലം നീ നാരായണന്റെ അടുത്തേക്ക് ചെല്ല്. അവൻ നിന്നെ ഉപേക്ഷിക്കില്ല…” “ഞാൻ എന്ത് പറഞ്ഞു ചെല്ലും അങ്ങോട്ട്. നാരായണേട്ടന്റെ വിവാഹം കഴിഞ്ഞതല്ലേ…” “കഥകളൊന്നും തത്ക്കാലം ഭാനുപ്രിയ അറിയണ്ട. ഈ രാത്രി അച്ഛന് മോളെ വിശ്വസിച്ചയക്കാൻ വേറെ ഒരു സ്ഥലവുമില്ല..” “അമ്മയോടെന്ത് പറയും… ഞാൻ ഇവിടെ നിന്നും രക്ഷപ്പെട്ടെന്നറിഞ്ഞാൽ ജയന്തൻ അച്ഛനെയും അമ്മയെയും എന്തെങ്കിലും ചെയ്താലോ…”

“ഞങ്ങളെ കാര്യമോർത്ത് നീ വിഷമിക്കണ്ട. ജയന്തൻ ഞങ്ങളെ ഒന്നും ചെയ്യില്ല. നീ വേഗം പോ മോളെ…” ഗൗരി കുഞ്ഞിനെ എടുക്കാനായി മുറിയിലേക്ക് പോയി. ബ്രഹ്‌മദത്തൻ ഭാര്യയെ വിളിച്ചുണർത്താനായി തന്റെ മുറിയിലേക്കും പോയി. ഭാര്യയെ വിളിച്ചുണർത്തി അദ്ദേഹം കാര്യങ്ങൾ എല്ലാം പറഞ്ഞു. സത്യങ്ങൾ എല്ലാം മനസിലാക്കിയ ആ മാതൃഹൃദയം വല്ലാതെ പിടഞ്ഞു. “നമ്മുടെ മോൾ ഇത്രയും നാൾ ഇതൊക്കെ എങ്ങനെ സഹിച്ചു. എല്ലാം ഒറ്റയ്ക്ക് ഉള്ളിൽ കൊണ്ട് നടന്നു… അവളെ ആ നീചന്റെ കൈകളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെ മതിയാകു…” “ഗൗരിയോട് ഞാൻ ഈ രാത്രി തന്നെ കോവിലകം വിട്ട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടുണ്ട്..”

“ഈ രാത്രി അവളെങ്ങോട്ടാ പോവാ…” സുഭദ്ര ചോദിച്ചു. “നാരായണന്റെ അടുത്തേക്കാ അവൾ പോകുന്നത്… സഹദേവനും ജയന്തനും ഇങ്ങോട്ട് വരുന്നതിനു മുൻപ് നമുക്കവളെ ഇവിടുന്ന് പുറത്തെത്തിക്കണം.” അത്രയും പറഞ്ഞു കൊണ്ട് ബ്രഹ്മദത്തൻ ധൃതിയിൽ പുറത്തേക്ക് നടന്നു. പിന്നാലെ സുഭദ്രയും. ************** സമയം അർദ്ധരാത്രി പന്ത്രണ്ട് മണി. പാലത്തിടത്ത്‌ തറവാട്ടിൽ ഉറക്കം വരാതെ അസ്വസ്ഥമായ മനസ്സോടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം തള്ളി നീക്കുകയായിരുന്നു നാരായണൻ. മയങ്ങി വന്നപ്പോൾ ഗൗരിയെപ്പറ്റി അരുതാത്ത സ്വപ്നം കണ്ട് ഞെട്ടിയുണർന്നതിൽ പിന്നെയാണ് നാരായണനു ഉറക്കം നഷ്ടപ്പെട്ടത്. അയാളുടെ അരികിൽ ഭാനുപ്രിയ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.

നാരായണന്റെ മനസ്സിൽ പലവിധ ചിന്തകൾ ഉടലെടുത്തു. ഗൗരിക്കും കുഞ്ഞിനും എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് അയാളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു. ഉറക്കം നഷ്ടപ്പെട്ട അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് മുറിവിട്ട് പുറത്തേക്കിറങ്ങി. ശേഷം രണ്ടും കല്പിച്ച് മേലാറ്റൂർ കോവിലകത്തേക്ക് പോകാൻ തീരുമാനിച്ചു. നാരായണൻ വേഗം മേൽമുണ്ടെടുത്തു ധരിച്ചു കൊണ്ട് തറവാട്ടിൽ നിന്നും പുറത്തു കടന്നു. അതേസമയം രോഹിണി മോളെയും എടുത്തു രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു ഗൗരി. ബ്രഹ്മദത്തനും സുഭദ്രയും അവളെ അനുഗമിച്ചു കൊണ്ട് മേലാറ്റൂർ കോവിലകത്തിന്റെ പടിക്കൽ വരെ ചെന്നു.

സാരിത്തലപ്പ്‌ കൊണ്ട് ഗൗരി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. “സൂക്ഷിച്ചു പോണേ മോളെ…” അവൾ പടിപ്പുര കടന്നു പുറത്തേക്കിറങ്ങിയപ്പോൾ സുഭദ്ര ഓർമ്മിപ്പിച്ചു. അച്ഛനെയും അമ്മയെയും നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അവൾ മുന്നോട്ടു നടന്നു. ഗൗരി കണ്ണിൽ നിന്നും നടന്നു മറഞ്ഞപ്പോൾ ബ്രഹ്മദത്തനും സുഭദ്രയും പിന്തിരിഞ്ഞു. അപ്പോഴാണ് അവർക്ക് പിന്നിൽ നിൽക്കുന്ന ജയന്തനെയും സഹദേവനെയും കണ്ട് ഇരുവരും ഞെട്ടിയത്. “മോളെ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി പറഞ്ഞയച്ചതാണല്ലേ… എവിടെ പോയാലും അവൾക്കിനി രക്ഷയില്ല… കൊന്നിരിക്കും ഞാനവളെ…”

പകയോടെ ജയന്തൻ മുരണ്ടു. “ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മകളുടെ രോമത്തിൽ തൊടാൻ നിനക്ക് കഴിയില്ല ജയന്താ..” ബ്രഹ്മദത്തൻ ജയന്തനെ വെല്ലുവിളിച്ചു. “നിങ്ങൾ ജീവിച്ചിരിക്കണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല. ഇതുവരെ നിങ്ങളെ എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നില്ല… പക്ഷെ ഇനി നിങ്ങളെ രണ്ടിനെയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…” ജയന്തൻ പറഞ്ഞു തീർന്നതും അരയിൽ നിന്നും വലിച്ചൂരിയ കഠാരയെടുത്തു ദത്തന്റെ വയറ്റിനു നേരെ ആഞ്ഞു കുത്തി. തൊട്ടുമുന്നിൽ അപകടം പ്രതീക്ഷിച്ചിരുന്നത് പോലെ ദത്തൻ അതിവേഗത്തിൽ സഹദേവനെ കഠാരയുടെ മുനയ്ക്ക് മുന്നിലേക്ക് തള്ളിയിട്ട് ഒഴിഞ്ഞു മാറി. ജയന്തന്റെ കയ്യിലിരുന്ന കഠാര സഹദേവന്റെ വയറ്റിൽ തറഞ്ഞു കയറി. ഒരാർത്തനാദത്തോടെ സഹദേവൻ നിലത്ത് വീണു കിടന്നു പിടഞ്ഞു.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവൻ പകച്ചു നിന്നു. ” അച്ഛാ… ” നിലവിളിയോടെ ജയന്തൻ കാൽമുട്ടുകളൂന്നി നിലത്ത് അയാൾക്കരികിലായി ഇരുന്നു. ആ സമയം കൊണ്ട് ഭാര്യയെയും കൊണ്ട് അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ബ്രഹ്മദത്തൻ. “എന്റെ ജീവൻ പോയാലും സാരമില്ല. നീ ഇവരെ ആരെയും വെറുതെ വിടരുത്. എല്ലാത്തിനെയും കൊന്നു തള്ളിയേക്ക്…” വേദനയ്ക്കിടയിലും സഹദേവൻ ഞരങ്ങി. “അച്ഛന്റെ കണ്മുന്നിൽ വച്ചു തന്നെ രണ്ടെണ്ണത്തിനെയും ഞാൻ തീർക്കും…” ജയന്തൻ ഇരുവശത്തേക്കും തല വെട്ടിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു. നാലു മദയാനകളുടെ ശക്തിയായിരുന്നു അവനപ്പോൾ. ബ്രഹ്മദത്തനു നേർക്ക് പാഞ്ഞു ചെന്ന ജയന്തൻ അയാളെ പൊക്കിയെടുത്തു ശിരസ്സ് പാറമേൽ ആഞ്ഞടിച്ചു.

ഒന്ന് കുതറി മാറാൻ പോലുമുള്ള സാവകാശം അയാൾക്ക് ലഭിച്ചില്ല. ശിരസ്സ് പൊട്ടിപ്പിളർന്ന ബ്രഹ്മദത്തൻ നിലത്ത് വീണു കിടന്നു പിടഞ്ഞു. തന്റെ ഭർത്താവ് കണ്മുന്നിൽ പിടഞ്ഞു മരിക്കുന്നത് കണ്ട സുഭദ്ര ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാതെ തളർന്നു വീണു. ജയന്തൻ അവരുടെ കഴുത്തു പിടിച്ചു തിരിച്ചു ശ്വാസം മുട്ടിച്ചു സുഭദ്രയേയും കൊലപ്പെടുത്തി. എന്നിട്ടും അവന്റെ കലിയടങ്ങിയില്ല. അവൻ അച്ഛന്റെ നേർക്ക് ചെന്നു. അപ്പോഴേക്കും സഹദേവൻ വയറിൽ താഴ്ന്നിറങ്ങിയിരുന്ന കഠാര പണിപ്പെട്ട് വലിച്ചൂരിയിരുന്നു. “ഞാനിനി രക്ഷപ്പെടില്ല ജയന്താ… ഗൗരിയെ രക്ഷപ്പെടാൻ അനുവദിക്കരുത് നീ. പൊയ്ക്കോ… പോയി വേഗം അവളെവിടെ പോയെന്ന് കണ്ടു പിടിച്ചു കൊന്നേക്ക്… ആ കുഞ്ഞിനെയും…” പറഞ്ഞു വന്നത് മുഴുമിക്കാൻ കഴിയാതെ സഹദേവന്റെ ശരീരം നിശ്ചലമായി.

“അച്ഛാ…” അയാളുടെ ശരീരം മടിയിലെടുത്തു വെച്ച് ജയന്തൻ തൊണ്ടുപൊട്ടുമാറ് ഉച്ചത്തിൽ അലറി. കുറച്ചു സമയം അവൻ അങ്ങനെ തന്നെ ഇരുന്നു. അതേസമയം നടന്നു നടന്നു ക്ഷീണിച്ചവശയായ ഗൗരി നാഗത്തറയിൽ എത്തിയിരുന്നു. കോവിലകത്തിന്റെ ഭരണം ജയന്തൻ ഏറ്റെടുത്തതിൽ പിന്നെ സർപ്പക്കാവിലെ പൂജകൾ മുടങ്ങിയിരുന്നു. നാരായണനെ അവൻ കാവിലേക്ക് വരണ്ടായെന്നു പറഞ്ഞു വിലക്കുകയും ചെയ്തു. സർപ്പക്കാവിൽ പൂജകൾ മുടക്കുക എന്നതായിരുന്നു ജയന്തന്റെ ലക്ഷ്യം. അതവൻ സാധിച്ചെടുക്കുക തന്നെ ചെയ്തു. കാവും പരിസരവും കരിയിലകൾ കൊണ്ട് നിറഞ്ഞിരുന്നു. വിളക്ക് വച്ചു നാഗദൈവങ്ങളെ പ്രാർത്ഥിച്ച ശേഷം നാരായണന്റെ അടുത്തേക്ക് പോകാമെന്നു കരുതി അവൾ കുഞ്ഞിനെ ആൽമരച്ചുവട്ടിലേക്ക് കിടത്തി.

ശേഷം അവൾ നാഗത്തറയിൽ വിളക്ക് വച്ചു. കണ്ണുകൾ അടച്ചു മനസ്സ് എകാഗ്രമാക്കി പ്രാർത്ഥിക്കാൻ ശ്രമിച്ചുവെങ്കിലും എന്തോ ഒരു അസ്വസ്ഥത അവളുടെ മനസ്സിനെ ഗ്രസിച്ചു. മൂക്കിലേക്ക് തുളച്ചു കയറുന്ന രൂക്ഷ ഗന്ധം അവളിൽ സംശയം ജനിപ്പിച്ചു. അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. നാഗത്തറയ്ക്ക് സമീപം നിലത്ത് ഉണങ്ങി പടർന്നു കിടക്കുന്ന ചോരക്കറ കണ്ടതും ഗൗരി നടുങ്ങിപ്പോയി. അതേസമയം സർപ്പക്കാവിൽ ആഞ്ഞു വീശിയ കാറ്റിനു ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ഗന്ധമായിരുന്നു. സംശയത്തോടെ ഗൗരി ചുറ്റും വീക്ഷിക്കാൻ തുടങ്ങി. കുറച്ചു മാറി കരിയിലകൾ കൊണ്ട് മൂടപ്പെട്ടു കിടന്ന ചീഞ്ഞളിഞ്ഞ ശിരസ്സില്ലാത്ത മൃതദേഹം കണ്ടതും അവളുടെ ശ്വാസം നിലച്ചുപോയി. “എന്റെ നാഗത്താന്മാരെ ഞാൻ എന്തായീ കാണുന്നത്.

ശ്രീലേഖയുടെ മൃതദേഹമാണോ ഇത്” ഗൗരി നെഞ്ചത്ത് കൈവച്ചു നിലത്തിരുന്നു പോയി. ഒരു മാസം മുൻപ് കോവിലകത്തു നിന്നും കാണാതായ ശ്രീലേഖയുടെ മൃതദേഹമായിരുന്നു അത്. കാണാതായപ്പോൾ കുറെ അന്വേഷണം നടത്തിയെങ്കിലും ഫലവത്തായില്ല. പ്രസവം അടുത്തപ്പോൾ ഗൗരിയെ നോക്കാൻ കോവിലകത്തു വന്ന ജോലിക്കാരിയായിരുന്നു ശ്രീലേഖ. അവളെയാണ് ജയന്തൻ സർപ്പക്കാവിൽ കൊണ്ട് പോയി ആരുമറിയാതെ രഹസ്യമായി നരബലി നടത്തിയത്. അതോടെ നാഗദൈവങ്ങളുടെ ചൈതന്യം കോവിലകത്തിനു നഷ്ടമായി. ഓരോന്നാലോചിച്ചു ഗൗരി വിറങ്ങലിച്ചിരുന്നുപോയി. താൻ വിചാരിച്ചതിലും പതിന്മടങ് ദുഷ്ടനാണ് അവനെന്ന് അവൾക്കുറപ്പായി. പെട്ടെന്നുള്ള രോഹിണി മോളുടെ കരച്ചിലാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്… തുടരും

നാഗചൈതന്യം: ഭാഗം 11

Share this story