മഴയേ : ഭാഗം 14

മഴയേ : ഭാഗം 14

എഴുത്തുകാരി: ശക്തി കല ജി

ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു നിവേദയുടെ മുഖം വീർത്തുകെട്ടി ഇരിക്കുന്നു എന്തായാലും അവൾക്കുള്ള ഡോസ് കിട്ടി… ഇനി അവൾ എന്നെ ചൊറിയാൻ വരില്ല എന്തൊക്കെയോ ദുരൂഹതകൾ ഇനിയും അറിയാൻ കിടക്കുന്നു … .. കാത്തിരിക്കാം.. ഗൗതം കുസൃതി ചിരിയോടെ അവളെ തന്നെ നോക്കി നിന്നു… ” നിവേദ ഉത്തരയോട് ക്ഷമ ചോദിക്കണം”…നിനക്ക് ഇത് ആരുമല്ലായിരിക്കാം… ഇവൾ ഈ തറവാടിൻ്റെ അവകാശിയാണ്… കുഞ്ഞു ദേവിയുടെ അനുഗ്രഹം കിട്ടിയവൾ….” ഈ കുടുംബത്തിൻ്റെ ഐശ്വര്യം”…. ഉത്തരയുടെ മനസ്സ് വേദനിപ്പിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല…

അവളുടെ മനസ്സ് വേദനിപ്പിച്ചവരായാലും അവർക്ക് തക്ക ശിക്ഷ കിട്ടും…. അങ്ങനെ ശിക്ഷ കിട്ടാതിരിക്കണേൽ ഉത്തരയോട് നിവേദ ക്ഷമ ചോദിച്ചേ പറ്റു…. മുത്തശ്ശി അൽപം ദേഷ്യത്തോടെ തന്നെ പറഞ്ഞു… നിവേദ മുഖമുയർത്തി നോക്കി.. തനിക്ക് ഈ തറവാട്ടിൽ പിടിച്ച് നിൽക്കണമെങ്കിൽ തൽക്കാലം ക്ഷമ ചോദിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് നിവേദയ്ക്ക് അറിയാം…. അതുമല്ല ഗൗതമിന് മുന്നിൽ നല്ല കുട്ടിയായിരിക്കുകയും വേണം… അവൾ ഒരു കള്ള കരച്ചിലോടെ ഉത്തരയ്ക്കരുകിൽ വന്നു… “ഉത്തര ക്ഷമിക്കണം ഞാൻ ആളറിയാതെ സംസാരിച്ചതാണ്…. എന്നോട് ക്ഷമിക്കണം” എന്ന് മാത്രം പറഞ്ഞിട്ട് മുറിയിലേക്ക് പോയി… അവളുടെ മനസ്സിൽ ഉത്തരയോടുള്ള പക ആളിപടരുന്ന അഗ്നിപോലെ പടർന്നു….

ആ മാല അവളുടെ കഴുത്തിൽ കിടക്കുന്നത് കൊണ്ടാണ് ഗൗതമിന് ഉത്തരയോട് താൽപര്യം തോന്നാൻ കാരണം…. ആ മാല എങ്ങനെയും കൈക്കലാക്കണം….. നിവേദ മനസ്സിൽ ഉറപ്പിച്ചു… ഉത്തര മുറിയിലേക്ക് തിരിച്ച് പോകാനൊരുങ്ങിയതുo ഗൗതം അവളെ തടഞ്ഞു നിർത്തി.. “വാ ഇപ്പോഴേ പോയി സ്വർണ്ണം തിരികെ വാങ്ങാം” ഗൗതമിൻ്റെ മിഴികളിൽ കുസൃതി നിറഞ്ഞു.. “മഴക്കോളുണ്ട്… മഴ പെയ്യും മുന്നേ വാങ്ങിയിട്ട് വരണം “മുത്തശ്ശി പറഞ്ഞു… “എന്നാൽ ശരി മുത്തശ്ശി… ഒരു മിനിറ്റ് ഗൗതമേട്ടാ… ഞാൻ റെഡിയായി വരാം” എന്ന് പറഞ്ഞ് വേഗം മുറിയിൽ പോയി ഒരുങ്ങി… പേഴ്സ് തുറന്നപ്പോഴാണ് അതിൽ ഞാൻ വാങ്ങിയ മോതിരം കണ്ടത്… മോതിര വിരലിൽ അണിഞ്ഞു നോക്കി…

പാകമല്ലല്ലോ വലുതാണ്… വാങ്ങുമ്പോൾ ഇട്ട് നോക്കാൻ മറന്നു…. ആ സമയം എങ്ങനെയും വളയും മോതിരവും കൊടുത്തിട്ട് പണം വാങ്ങണമെന്നേ ചിന്തയുള്ളായിരുന്നു… മോതിരം തിരിച്ച് വയ്ക്കാനൊരുങ്ങിയിപ്പോൾ ഗൗതം മുറിയിലേക്ക് വന്നു… “എന്താ അത്… എന്തോ ഒളിപ്പിക്കാൻ നോക്കുന്നുണ്ടല്ലോ ” ഗൗതം ചോദിച്ചു… “ഹേയ് രഹസ്യമൊന്നുമില്ല….ഒരു മോതിരം വാങ്ങിയിരുന്നു അതും കൂടി തിരിച്ച് കൊടുക്കാo… എനിക്ക് പാകമല്ല.. വലുതാണ്… അപ്പോഴത്തെ വെപ്രാളത്തിന് ഇട്ട് നോക്കിയതും ഇല്ല…” .. ഈ മോതിരമാണ് “ഞാൻ മോതിരം ഗൗതമേട്ടന് നേരെ നീട്ടി.. “ഈ വിരലിലൊന്നിട്ടെ നോക്കട്ടെ എനിക്ക് പാകമാണോന്ന് ” എന്ന് പറഞ്ഞ് ഗൗതo മോതിരവിരൽ നീട്ടി..

ഉത്തര മോതിരo വിരലിൽ അണിയിച്ചു കൊടുത്തു…. ഉത്തര കൈ പിൻവലിക്കും മുന്നേ ഗൗതം കൈയ്യിൽ പിടിത്തമിട്ടു… ” എന്തേയ്… നോട്ടം ശരിയല്ലല്ലോ പോലീസേ..വേഗം മുറിയിൽ നിന്നു പോയേ.. ” ഞാൻ പറഞ്ഞതും കൈയ്യിൽ പിടിച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു… നെറുകയിൽ അവൻ്റെ അധരങ്ങൾ പതിപ്പിച്ചതും ഉത്തര ഇരുമിഴികളും അടച്ചു നിന്നു.. “ഉത്തര എന്നെഴുതി എനിക്ക് വേണ്ടിയല്ലേ വാങ്ങിയത് “ഗൗതം ചോദിച്ചതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അതെ എന്നുറക്കെ പറയണമെന്ന് മനം ആഗ്രഹിക്കുണ്ടായിരുന്നു എങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല….

ഇത് പോലെ ഒരു സുരക്ഷിത വലയം വേറെ എങ്ങും കിട്ടില്ല…. എന്നും ഇതുപോലെ ഈ സുരക്ഷിത വലയത്തിനുള്ളിൽ കഴിയാനുള്ള ഭാഗ്യം കിട്ടിയാൽ മതി…. അവളുടെ മിഴികൾ നിറഞ്ഞു…. നിറഞ്ഞു തൂവിയ മിഴിനീർ മുത്തുകളെ അവൻ വിരലുകൾ കൊണ്ട് തട്ടി തെറിപ്പിച്ചു… ” മറുപടി എനിക്ക് കേൾക്കണ്ട… എനിക്കറിയാം എന്താ ഇപ്പോൾ നിൻ്റെ മനസ്സിൽ എന്ന്…. നീ ചിന്തിക്കുന്നത് എല്ലാം എൻ്റെ മനസ്സിൽ തെളിഞ്ഞു കാണാം… ജീവിതകാലം മുഴുവൻ ഈ സുരക്ഷാവലയത്തിനുള്ളിലാവും എൻ്റെ പെണ്ണ് ” സ്വന്തമാക്കാൻ തന്നെയാണ് അന്വഷിച്ച് വന്നതും “….. രണ്ട് വർഷം മുന്നേ ഞാൻ നിന്നെ കണ്ടിട്ടുണ്ട് … ആശുപത്രിയിൽ വച്ച്… ഞാനന്ന് ബ്ലഡ് ഡോണേറ്റ് ചെയ്യാൻ വന്നതായിരുന്നു…

സ്വന്തം അച്ഛൻ മരണക്കിടയിൽ കിടക്കുമ്പോൾ സ്ത്രീധനം കൂടുതൽ വേണമെന്ന് പറഞ്ഞ് വന്ന ചെക്കൻകൂട്ടരെ നിർത്തി പൊരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആദ്യമായ് നിന്നെ കാണുന്നത്…. ഉശിരുള്ള പെണ്ണ്…. … അന്ന് തൊട്ടിന്ന് വരെ ഞാൻ ഒരു നിഴലായ് കൂടെയുണ്ട്…. ” ഗൗതമേട്ടൻ്റെ വാക്കുകൾ എൻ്റെ മനസ്സിൽ അത്ഭുതം സൃഷ്ടിച്ചു… ഗൗതം അവളെ കട്ടിലിൽ പിടിച്ചിരുത്തി… അവളുടെ കവിളിലെ ചുവപ്പ് കണ്ട് അവൻ്റെ ചുണ്ടിൽ ചിരി പടർന്നു… “എന്നിട്ടെന്തേ ഒരിക്കൽ പോലും മുൻപിൽ വരാഞ്ഞത് ” ഞാൻ ചോദിച്ചു.. ” .. ഒരു ജോലി കിട്ടിയിട്ട് നിൻ്റെ കാര്യം വീട്ടിൽ പറയണമെന്ന് കരുതി… പക്ഷേ അച്ഛൻ എന്നെ പുതിയ ഒരു ദൗത്യം ഏൽപ്പിച്ചു…. അച്ഛൻ പറഞ്ഞതനുസരിച്ച് അന്വഷിച്ചപ്പോൾ നിന്നെയാണ് കണ്ടെത്തിയത്…..

പിന്നെയുള്ള കാര്യങ്ങൾ ഉത്തരയ്ക്ക് അറിയാല്ലോ”….ഗൗതം പറഞ്ഞു നിർത്തിയപ്പോൾ മുത്തശ്ശി പതുങ്ങി വന്ന് അവൻ്റെ ചെവിക്ക് പിടിച്ചു… ” ആഹാ കള്ള ചെറുക്കാ ഇങ്ങനെയൊരു ചുറ്റിക്കളിയുണ്ടാരുന്നോ നിനക്ക്…ന്നിട്ട് എന്നോടിത് വരെ പറഞ്ഞില്ലല്ലോ “മുത്തശ്ശി കുറച്ച് പരിഭവത്തോടെ പറഞ്ഞു… ” ൻ്റെ പൊന്നു മുത്തശ്ശി ചെവിയിൽ നിന്ന് വിടോ…. ” ഗൗതം മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ചു… “എല്ലാം ഭംഗിയായി നടക്കട്ടെ… ഞാൻ നടത്തി തരാം… അത് വരെ രണ്ടാളും വികൃതിത്തരമൊന്നും കാണിക്കരുത് “… നാളെ രാവിലെ വ്രതം തുടങ്ങും…. മനസ്സും ശരീരവും ദേവിയിൽ ലയിച്ചിരിക്കണം” മുത്തശ്ശി ചിരിയോടെ പറഞ്ഞു…. “ശരി മുത്തശ്ശി… ഞങ്ങൾ വേഗം കടയിൽ പോയിട്ട് വരാം…. “…

നിവേദയെ ഒന്ന് ശ്രദ്ധിക്കണേ മുത്തശ്ശി… ഒന്ന് നോവിച്ചത് കൊണ്ട് പ്രതികാരം വീട്ടാൻ സാധ്യതയുണ്ട്”… വാ ഉത്തരാ.. നമ്മുക്ക് പോവാം.. മുത്തശ്ശി പോയിട്ട് വരാം” ഗൗതം മുറിയിൽ നിന്നിറങ്ങി.. ഞാൻ മുത്തശ്ശിയോട് യാത്ര പറഞ്ഞിട്ട് മുറ്റത്തേക്ക് വന്നപ്പോൾ ഗൗതമേട്ടൻ ബൈക്കിൽ ഇരിക്കുന്നതാണ് കണ്ടത്… ഒരൽപം മടിയോടെ അരികിൽ ചെന്നു… ” നാളെ ഉണ്ണിയും ഇവിടെ വരും… ഞാൻ ജോലിക്ക് പോയാലും ഇവിടെ ആള് വേണമല്ലോ… ” എന്ന് ഗൗതം വണ്ട് സ്റ്റാർട്ട് ചെയ്തു…. “ശരിയാ” എന്ന് പറഞ്ഞ് ഗൗതമിൻ്റെ പുറകിൽ കയറി…. നിവേദ മുറ്റത്തേക്കിറങ്ങി വന്നു… “എങ്ങോട്ട് പോവാ…. കാറിലാരുന്നേൽ ഞാനും വന്നേനെ” ഒരൽപം ദേഷ്യത്തോടെ നിവേദ പറഞ്ഞു… “സോറി ഞങ്ങൾ കുറച്ച് പഞ്ചാരയടിക്കാൻ പോവാ…

അതിനിടയിൽ കട്ടുറുമ്പായി നിന്നേയും കൂട്ടണ്ട എന്ന് കരുതി.. അല്ലേ ഗൗതമേട്ടാ” എന്ന് പാട്ടിൻ്റെ ഈണത്തിൽ പറഞ്ഞു കൊണ്ട് ഞാൻ ഗൗതമേട്ടൻ്റെ വയറിൽ ചുറ്റിപിടിച്ച് ഇരുന്നു.. നിവേദയുടെ മുഖം ദേഷ്യവും നിരാശയും കൊണ്ട് നിറഞ്ഞു… തിരിഞ്ഞ് നടക്കുമ്പോൾ തൻ്റെ ജീവിതത്തെ കുറിച്ചോർത്ത് വിഷമം തോന്നി…. ആ മാല കിട്ടിയാലെ രുദ്രൻ തന്നെ ജീവിക്കാനനുവദിക്കു എന്ന സത്യം അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു…. നാളെ തുടങ്ങി ഇരുപത്തിയൊന്ന് ദിവസം തികയും മുന്നേ ഉത്തരയുടെ കഴുത്തിലെ മാല കൈക്കലാക്കണം…. എന്ന് നിവേദമനസ്സിൽ ഉറപ്പിച്ചു….

അവൾ ആരുമറിയാതെ നിലവറയിലേക്കുള്ള വാതിൽ തുറക്കാനായി കൊളുത്തിൽ തൊട്ടു…. നിവേദയുടെ വിരലിൽ തീ പൊള്ളലേറ്റത് പോലെ തോന്നി… ഭയത്താൽ അവൾ പുറകോട്ട് മറിഞ്ഞു വീണു…. രണ്ടു വിരലുകളിൽ കറുത്ത പാടു വീണു…. പെട്ടെന്ന് തന്നെ അത് മറഞ്ഞു പോയി എങ്കിലും വല്ലാത്ത വേദന പടർന്നു… അവൾ അലറി വിളിച്ചു പോയി…. മയങ്ങി വീണു.. അവളുടെ കരച്ചില് കേട്ട് മുത്തശ്ശിയും ഹരിനാരായണദ്ദേഹവും ഓടി വന്നു… അവർ അവളെ മുറിയിൽ കൊണ്ടുപോയി കിടത്തി… നിവേദ കണ്ണു തുറക്കുമ്പോൾ മുത്തശ്ശി അരികിൽ ഇരിക്കുന്നുണ്ടായിരുന്നു… ” മനസ്സിൽ നല്ല ഉദ്ദേശമുള്ളവർക്കേ നിലവറയിലേക്ക് പ്രവേശിക്കാനാവു…. “… അതുമല്ല ഈ കുടുംബത്തിലെയല്ലാത്ത ഒരാൾക്കും അവിടെ കയറാൻ പറ്റില്ല… . ” മുത്തശ്ശി പറയുന്നത് കേട്ട് നിവേദ മറുപടിയൊന്നും പറഞ്ഞില്ല…. അവളുടെ മിഴികളിൽ നിരാശ പടർന്നു… xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഉത്തരയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു നിന്നു.. ഇത്രയും കാലം അച്ഛൻ്റെ തറവാടിനെ പറ്റി കേട്ടുകേൾവി മാത്രമേ ഉണ്ടാരുന്നുള്ളു… . കുഞ്ഞു ദേവി തനിക്ക് എല്ലാം തിരികെ നൽകിയിരിക്കുന്നു.. അമ്മയ്ക്കും മുത്തശ്ശനുo മുറിവുകൾ ഭേദമായാൽ ഇവിടെ കൊണ്ടുവരണം..അമ്മയ്ക്കും മുത്തശ്ശനും സന്തോഷമാകും…. ഇവിടെയാകുമ്പോൾ ആരെയും ഭയക്കണ്ട.. അവളുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നി മറഞ്ഞു… ഗൗതം മിററിലൂടെ നോക്കുമ്പോൾ ഉത്തരയുടെ മനസ്സ് എങ്ങോ സഞ്ചരിക്കുകയാണ് എന്ന് മനസ്സിലായി.. കടയെത്തിയപ്പോൾ ഗൗതം വണ്ടി ഒതുക്കി നിർത്തി… അവൻ അവളുടെ വിരലിൽ ചെറുകെ നുള്ളി… ഞാൻ ഞെട്ടലോടെ കൈ പിൻവലിച്ചു.. “എന്താ ഇത്ര ചിന്തിച്ച് കൂട്ടുന്നത്…അമ്മയേയും മുത്തശ്ശനേയും കുറിച്ചാണെങ്കിൽ ടെൻഷനടിക്കണ്ട..

അവരെ ഞാൻ നോക്കിക്കോളാം”… ഞാൻ ആശുപത്രിയിൽ വിളിച്ചിരുന്നു.. അമ്മയുടെയും മുത്തശ്ശൻ്റേയും ആരോഗ്യം തൃപ്തികരമാണ്” ഗൗതം പറഞ്ഞു. ” ഗൗതമേട്ടൻ നോക്കിക്കോളും എന്നെനിക്കറിയാം..പക്ഷേ കിരണിനെതിരെയുള്ള കേസ്സിൻ്റെ കാര്യം.. അവരുടെ ആളുകൾ വീണ്ടും ആക്രമിച്ചാലോ ” എന്ന് പറഞ്ഞ് കൊണ്ട് ഞാൻ ബൈക്കിൽ നിന്നിറങ്ങി.. “ഹേയ് അതൊന്നും ഓർത്ത് ഭയപ്പെടേണ്ട.. കിരൺ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.. അവന് ചെയ്ത തെറ്റുകളിൽ പശ്ചാത്താപമുണ്ടെന്നാണ് കേട്ടത് “…. തന്നെ കാണണമെന്നും ക്ഷമ ചോദിക്കണമെന്നും പറഞ്ഞത്രേ….

നമ്മുക്ക് ഒരു ദിവസം പോവാം… നേരിട്ട് കാണുമ്പോൾ തൻ്റെ മനസ്സിലെ ആശങ്കയെല്ലാം മാറും “…എന്ന് പറഞ്ഞ് ഗൗതം കടയിലേക്ക് കയറി.. ഉത്തരയും ഗൗതമും സ്വർണ്ണമുള്ള ഫ്ളോറിൽ പോയി…. നേരത്തെ കൊടുത്ത വളയും മോതിരവും തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു… ഉത്തരയൊന്നും മിണ്ടിയില്ല.. അവൾ ഗൗതമിൻ്റെ പുറകിൽ തന്നെ നിന്നു… അവർ നേരത്തത്തെ ബിൽ ആവശ്യപ്പെട്ടു.. ബില്ലും പൈസയും കൊടുത്തപ്പോൾ കുറച്ച് നേരം കാത്തിരിക്കാൻ പറഞ്ഞു… കുറച്ച് സമയം കഴിഞ്ഞ് വിളിപ്പിച്ചു. അവർ ഉത്തരയുടെ വളയും മോതിരവും തിരികെ നൽകി… അപ്പോൾ തന്നെ ഗൗതം വളയും മോതിരവും ഉത്തരയുടെ കൈയിൽ അണിയിച്ചു കൊടുത്തു… തിരികെ വീട്ടിലേക്കുള്ള യാത്രയിൽ രണ്ട് പേരുടെയും മനസ്സ് പാറി പറക്കുകയായിരുന്നു….

ബൈക്കിൻ്റെ മിററിൽ കൂടി മിഴികൾ കഥ പറഞ്ഞു… അത് കണ്ട് കുഞ്ഞു ദേവി ചാറ്റൽ മഴ പെയ്യിച്ചു… മഴ മുത്തുകൾ ദേഹത്തേക്ക് പതിച്ചു തുടങ്ങിയപ്പോൾ അവൾ അവനോട് ചേർന്നിരുന്നു… ഉത്തര തറവാട് എത്തിയത് പോലുമറിയാതെ അങ്ങനെ ചേർന്നിരുന്നു ഗൗതo കുസൃതിയോടെ അവളുടെ കൈവിരലുകളിൽ കോർത്തു പിടിച്ചു… അപ്പോഴാണ് അവൾ കണ്ണു തുറന്നു നോക്കിയത്… പടിപ്പുര എത്തിയിരിക്കുന്നു അവൾ പതിയെ ബൈക്കിൽ നിന്ന് ഇറങ്ങി .. ഗൗതമിൻ്റെ മുഖത്തേക്ക് അവൾ നോക്കി…. അവൻ്റെ മിഴികളിലെ പ്രണയത്തിൽ മയങ്ങി നിന്നു പോയി…. അവളുടെ മിഴികൾ ചുറ്റും പരതി…. ആരുമില്ല എന്ന് മനസ്സിലാക്കി അവൻ്റെ അടുത്തേക്ക് നടന്നു…. .

കവിളിൽ ഒരു ചുംബനം നൽകി കൊണ്ട് തിരിഞ്ഞു നോക്കാതെ പടിപ്പുര കടന്നു പതുക്കെ നടന്നു… അവളുടെ ഹൃദയസ്പന്ദനം ഉയർന്നു…. . ഗൗതമേട്ടൻ്റെ മുൻപിൽ ചെല്ലുമ്പോൾ വാക്കുകൾ നഷ്ട്ടപ്പെട്ട അവസ്ഥയിലാവും…. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നാവ് മടിക്കും.ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇത് മാത്രം മതി എന്നെനിക്കറിയാം…. പക്ഷേ ഇനി എങ്ങനെ ആ മുഖത്തേക്ക് നോക്കും….. .. അവളുടെ അവസ്ഥ മനസ്സിലാക്കി അടുത്തേക്ക് എത്താൻ ശ്രമിക്കാതെ തൊട്ടു പുറകിലായ് ചിരിയോടെ കവിളിൽ തലോടികൊണ്ട് അനുഗമിച്ചു. ചാറ്റൽമഴയോടൊപ്പം പൂക്കളും അവരുടെ മേലെ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു….

മഴത്തുള്ളികൾ വേഗത്തിൽ പതിക്കാൻ തുടങ്ങിയതും ഉത്തര അൽപം സാരി ഉയർത്തിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.. “വേഗം വന്നേ മഴ നനഞ്ഞാൽ പനി പിടിക്കും പനി പിടിച്ചാൽ എനിക്ക് വിഷമമാകും കേട്ടോ ” മാത്രം പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ മുമ്പോട്ട് നടന്നു.. “പനി മാറ്റാൻ ഇതുപോലെ ഇടയ്ക്കിടയ്ക്ക് കവിളിൽ തന്നാൽ മതി… പനി വന്നത് പോലെ തിരികെ പോയ്ക്കോളും “എന്ന് ഗൗതം അവൾ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞുകൊണ്ട് പുറകെ നടന്നു . അവളുടെ മനസ്സിൽ പ്രണയം നിറഞ്ഞു… അവരുടെ പ്രണയത്തിൽ പ്രകൃതിയും പൂത്തുലഞ്ഞു.. മുത്തശ്ശി വഴിക്കണ്ണുമായ് ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു…

മുത്തശ്ശിയെ കണ്ടതും അവളുടെ മനസ്സിൽ നൊമ്പരം തോന്നി. . “ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിക്കൽ പോലും എനിക്ക് അന്വഷിച്ച് വരാൻ തോന്നിയില്ലല്ലോ മുത്തശ്ശി.. അച്ഛൻ പറഞ്ഞ കഥകളിൽ തറവാട്ടിലുള്ളവർ അപമാനിച്ചു ഇറക്കിവിട്ടു എന്നായിരുന്നു…. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഒരിക്കലും തിരികെ ചെല്ലില്ല എന്ന് അച്ഛന് വാശിയായിരുന്നു…. അത് കൊണ്ടാണ് ഒരിക്കൽ പോലും വരാൻ ശ്രമിക്കാത്തതും…. പക്ഷേ ഇന്നതിൽ നഷ്ട്ട ബോധo തോന്നുന്നു.. ” ഞാൻ മുത്തശ്ശിയോട് പറയുമ്പോൾ ആ മിഴികളും നിറയുന്നത് കണ്ടു.. ” അന്നത്തെ സാഹചര്യം അങ്ങനെയായി പോയി.. അവൻ്റെ അച്ഛനും ദേഷ്യവും വാശിയുമായിരുന്നു…. ഇപ്പോൾ പക്ഷേ കുറ്റബോധം ഉണ്ട്…

മകൻ മരിച്ചു എന്നറിഞ്ഞപ്പോൾ തറവാട്ടിലെ ഒരു മുറിയിൽ ഒതുങ്ങി കൂടിയതാണ്… പിന്നിട് പുറത്തിറങ്ങിയിട്ടില്ല…. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ മകനെ മരണത്തിന് വിട്ട് കൊടുക്കേണ്ടി വന്നല്ലോ എന്നോർത്ത് ഓരോ ദിവസവും നീറി കഴിയുകയാണ്”…. ഈ തറവാട് അവൻ നോക്കി നിന്ന് പണികഴിപ്പിച്ചതാണ്….. അവസാനം ഇഷ്ട്ടപ്പെട്ട പെണ്ണിനെ വിളിച്ചു കയറ്റിയപ്പോൾ അദ്ദേഹം മനസാക്ഷിയില്ലാതെ ഇറക്കിവിട്ടു… പക്ഷേ നിൻ്റെ അച്ഛൻ ഒരു തെറ്റ് ചെയ്തു… കുടുംബക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹത്തിലെ അനുവാദമില്ലാതെ എടുത്തു കൊണ്ടുപോയി…. പിന്നിട് ഒരിക്കൽ പറഞ്ഞു എന്നോട് അവർ തന്നെയാണ് ചേരേണ്ടിയിരുന്നതെന്നുo…” അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇറക്കിവിട്ടതെന്നും…

അവർക്കു ജനിക്കുന്ന മക്കളെ രുദ്രൻ്റെ കൈകളിൽ എത്താതിരിക്കാൻ വേണ്ടിയാണ്.. രുദ്രൻ്റെ കൈയ്യിൽ മക്കളെ കിട്ടിയാൽ അവരെ ദുർ ദേവതയ്ക്ക് ബലി കൊടുക്കും എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു…. …..കാര്യസ്ഥൻ ദിവാകരനെ കൂടെ അയച്ചിട്ടുണ്ട് എന്നും പറഞ്ഞു…. ഇപ്പോഴും കാത്തിരിക്കുകയാണ് കുട്ടിയുടെ മുത്തശ്ശൻ…. ക്ഷമിക്കണം എന്നൊരു വാക്ക് പറയാനായി ” എന്ന് പറയുമ്പോൾ മുത്തശ്ശിയുടെ ശബ്ദമിടറി…. “എവിടെ മുത്തശ്ശൻ ഇവിടെയുണ്ടോ ” എന്ന് ഞാൻ ആകാംക്ഷയോടെ ചോദിച്ചു.. “ഇവിടെയല്ല.. കുടുംബത്താണ്.. വ്രതം തുടങ്ങും മുന്നേ മുത്തശ്ശൻ്റെ അനുഗ്രഹം വാങ്ങണം” മുത്തശ്ശി ചിരിയോടെ പറഞ്ഞു.. ”

പോകാം ഇപ്പോൾ തന്നെ.. ” എന്ന് ഞാൻ പറഞ്ഞു… ” വേണ്ട.. മുത്തശ്ശൻ നാളെ ഇവിടെ വരും… പുജാദികർമ്മങ്ങൾ അദ്ദേഹമാണ് തുടങ്ങി വയ്ക്കുന്നത്…. നാളെ വരെ കാത്തിരുന്നാൽ മതി…. ഇപ്പോൾ ആദ്യം ആഹാരം കഴിക്ക് സമയം ഒത്തിരിയായി ” എന്ന് പറഞ്ഞ് മുത്തശ്ശി അകത്തേക്ക് പോയി… ” ഞാൻ ഒന്നുമറിയാതെ ഇരുപത്തിയാറ് വർഷം ജീവിച്ചു…. ഇവിടെയെല്ലാരും ഞങ്ങളെ ഓർത്ത് ജീവിക്കുകയായിരുന്നു അല്ലേ ” എന്ന് ഞാൻ പറഞ്ഞപ്പോൾ ഗൗതമേട്ടൻ എൻ്റെ അരികിൽ വന്നു നിന്നു… ” എല്ലാത്തിനും ഓരോ സമയമുണ്ട് ഉത്തര…. ദൈവവിധി പ്രകാരം നമ്മൾ എല്ലാം അനുഭവിച്ചേ പറ്റു” ഇപ്പോൾ ഓരോന്ന് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കണ്ട..” ഗൗതമേട്ടൻ എൻ്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു… കൈ കഴുകി ഊണ് കഴിക്കാനിരുന്നു.. നിവേദയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു…

അപ്പോഴാണ് മുത്തശ്ശി വന്നത്.. ഊണ് വിളമ്പുന്നതിനിടയിൽ നിവേദ നിലവറ തുറക്കാൻ ശ്രമിച്ചിട്ട് കൈയ്യിൽ ചെറിയ ശിക്ഷ കിട്ടി എന്ന് പറഞ്ഞു…. നന്നായി… പക്ഷേ നിലവറ തുറക്കാൻ ശ്രമിക്കണമെങ്കിൽ അവളുടെ മനസ്സിൽ വേറെന്തോ ഉദ്ദേശമുണ്ട് -… എന്തായാലും അവളെ ഒന്ന് സൂക്ഷിക്കണം…. ഒന്നും മിണ്ടാതെ വേഗം കഴിച്ചു എഴുന്നേറ്റു… മുറിയിൽ ചെന്ന ഉടനെ ഉണ്ണിയെ ഫോണിൽ വിളിച്ചു ഇവിടെ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു… നാളെ വെളുപ്പിനെ തറവാട്ടിൽ ഉണ്ണിയെത്തും എന്ന് പറഞ്ഞു… നാളെ നേരിൽ കാണാം എന്ന് പറഞ്ഞ് ഫോൺ വച്ചു… മനസ്സിൽ എന്തോ വല്ലാത്തൊരു ഭയം.. ഇരുപത്തിയൊന്ന് ദിവസത്തെ വ്രതം മുടങ്ങാതെ എടുക്കാൻ പറ്റുമോ എന്ന് ഭയം…

ഇത് വരെ ജീവിതത്തിൽ ഇത്രയും വല്യ വ്രതം എടുത്തിട്ടില്ല… എല്ലാവരും ഇപ്പോൾ എന്നെയാണ് പ്രതീക്ഷയോടെ നോക്കി നിൽക്കുന്നത്.. “മനസ്സ് തളരാൻ പാടില്ല… ഞങ്ങൾ എല്ലാരും ഒപ്പമുണ്ട്” ഗൗതമേട്ടൻ വാതിലിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു…. ഗൗതമേട്ടൻ്റെ വാക്കുകൾ മനസ്സിന് ആശ്വസമേകി…. “ഗൗതമേട്ടൻ ഒപ്പമുണ്ടായാൽ മതി… ഈ വാക്ക് മതി എനിക്ക് ധൈര്യം പകരാൻ “ഞാൻ ചിരിയോടെ പറഞ്ഞു ആ നെഞ്ചിൽ ചാരി നിന്നു… . പിന്നെയും എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ടായിരുന്നു.. എല്ലാം കേൾക്കുന്നുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയത് കൊണ്ട് മറുപടി വെറുo മുളലിൽ ഒതുക്കി… .. എൻ്റെ മനസ്സും കാതുകളും ആ നെഞ്ചിലെ ഹൃദയസ്പന്ദനത്തിൻ താളത്തിൽ ലയിച്ചു നിന്നു……. തുടരും

മഴയേ : ഭാഗം 13

Share this story