മൗനം : ഭാഗം 1

മൗനം : ഭാഗം 1

എഴുത്തുകാരി: ഷെർന സാറ

“എവിടെ ആയിരുന്നെടോ… കണ്ടിട്ട് കുറെ ആയല്ലോ… ” കുറെ ദിവസങ്ങൾക്ക് ശേഷം പതിവ് ബസിൽ കയറിയപ്പോൾ കണ്ടക്ട്രുടെ വക ആയിരുന്നു ചോദ്യം… ഉള്ളിലെ വിങ്ങലും വേദനയും തിരിച്ചറിയാൻ കഴിയാത്ത വിധം ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. അല്ലെങ്കിലും താൻ എന്ത് പറയാൻ ആണ്…. വേദനയും നീറ്റലും ഉള്ളുപുകയുന്നതും തനിക്ക് ആണ്… തനിക്ക് മാത്രം… പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാൽ… അറിയില്ല…. അല്ലെങ്കിൽ ഇത്രെയും ദിവസത്തെ നിരാഹാരവും പട്ടിണിയും ഒക്കെ ഒരുപക്ഷെ ഒരു പരിഹാരം കണ്ടെത്തിയിരുന്നേനെ… സ്ഥിരം യാത്രക്കാരി ആയതിനാൽ കണ്ടക്ടറിന് കൃത്യമായി ഇറങ്ങുന്ന സ്ഥലം അറിയാം…

ടിക്കറ്റ് തനിക്കു നേരെ വെച്ച് നീട്ടുമ്പോൾ ഒരു പുഞ്ചിരിയോടെ പൈസ കൊടുത്തു…. മിഴികളെ പുറത്തേക്ക് വിട്ടുകൊണ്ട് പിന്നെയും കഴിഞ്ഞ കുറെ ദിവസങ്ങളിലേക്ക് മനസിനെ പായിച്ചു വിടുമ്പോൾ എങ്ങനെ തനിക്കു ചന്തുവേട്ടന്റെ ഭാര്യ ആയി ജീവിക്കാൻ കഴിയുമെന്നാണ്… തന്നെ കൊണ്ട് പറ്റുമോ എന്ന് പോലും ഉറപ്പില്ലാത്ത ഒന്ന്… പിന്നെയും എന്തിനാണ് അമ്മ തന്നെ ഇതിൽ നിർബന്ധം കൊള്ളുന്നതെന്നാണ്… സഹോദരന്റെ മകൻ ആയത് കൊണ്ടോ…. അത് കൊണ്ടായിരിക്കുമോ അമ്മ അയാൾ ഒരു കൊലപാതകി ആണെന്ന കാര്യം പോലും മറന്നുപോയത്….

ചിന്തകൾ പരിധി കടന്നു പോകുമ്പോൾ ഇടയിൽ എപ്പോഴോ കണ്ണുകൾ ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളിലേക്ക് എത്തി നിന്നത്…. ഉള്ളിലൊരു കൊള്ളിയാൻ മിന്നിയത് പോലെ… ചന്തുവേട്ടൻ…. കണ്ണുകളെ തിടുക്കപ്പെട്ട പുറത്തേക്ക് പായിക്കുമ്പോൾ ആ കണ്ണുകളും തന്നെ കണ്ടിരിക്കും എന്ന് ഉറപ്പാണ്… ഉള്ളിലെ പതർച്ച പുറത്തേക്ക് വരാതിരിക്കാൻ വേണ്ടി മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു…. മറ്റൊന്നും കൊണ്ടല്ല…ഭയമാണ് ചന്തുവേട്ടനെ… കയ്യിൽ വിലങ്ങണിഞ്ഞു കൊണ്ട് പോകുന്ന ആ രൂപം ഇപ്പോഴും മനസിൽ മായാതെ കിടക്കുവാണ്… പല രാത്രിയും സ്വപ്നത്തിൽ ഉറക്കം ഞെട്ടി എണീക്കുമായിരുന്നു… എല്ലാം അറിയുന്നത് തന്നെയാണ് അമ്മയ്ക്കും…

പക്ഷെ പിന്നെയും എന്തിനാണ്… ഒരു നെടുവീർപ്പോടെ സീറ്റിലേക്ക് തല ചാരി വെച്ചു…. കണ്ണുകൾ ഇറുക്കി അടച്ചു.. ” കണ്ണൻകുളങ്ങര…. കണ്ണൻകുളങ്ങര….” കണ്ടക്ടർ ഉറക്കെ പറയുന്നത് കേട്ടു വേഗം എഴുന്നേറ്റു… സ്റ്റോപ്പിൽ ബസ് നിർത്തിയതും ഇറങ്ങാൻ നേരം ഒരു നോട്ടം തന്നിലേക്ക് വീഴുമോ എന്ന് അല്പം ഭയന്നിരുന്നു… എങ്കിലും എങ്ങനെയോ മനസിനെ ധൈര്യപ്പെടുത്തി കാലുകൾ പെറുക്കി വെച്ച് ഇറങ്ങുമ്പോൾ വല്ലാതെ കിതച്ചു പോയിരുന്നു താൻ… ബസ് മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ കണ്ണുകൾ അടച്ചു ദീർഖമായി ഒന്ന് ശ്വാസം വലിച്ചു വിട്ടു… പിന്നീട് സ്ഥിരം വഴിയിലേക്ക് മുന്നോട്ടു നടന്നു… ഇവിടുന്ന് അല്പം നടന്നാൽ മതി…ഏകദേശം ഒരു നൂറു മീറ്റർ….കൃഷി ഭവൻ ആണ്…

താൽകാലികമായിട്ടാണ് ജോലി…ദിവസ വേതനാടിസ്ഥാനത്തിൽ ആണ് ശമ്പളം… അത് കൊണ്ട് തന്നെ ശമ്പളം വളരെ കുറവാണ്… പക്ഷെ എനിക്കും അമ്മയ്ക്കും അത് ധാരാളം ആണ്… കറന്റ് ബില്ലും പലചരക്ക് വാങ്ങലും അല്ലാതെ അതികം ചിലവൊന്നും വീട്ടിൽ ഇല്ല…. പിന്നെ ഇടയ്ക്ക് വരുന്ന പനിയ്ക്കൊന്നും അമ്മ മരുന്ന് വാങ്ങാൻ സമ്മതിക്കില്ല… അമ്മയുടെ നാട്ടു മരുന്നിൽ തന്നെ മാറാൻ ഉള്ളതെ ഉള്ളൂ… “ആഹാ… ഗായത്രി എത്തിയോ…. എവിടെ ആയിരുന്നെടോ കുറച്ച് ദിവസം… പെട്ടെന്ന് ലീവ് എടുക്കാൻ മാത്രം എന്ത് പറ്റി… ” പ്രസാദേട്ടൻ ചോദിച്ചത് കേട്ടപ്പോൾ മാത്രമാണ് ഓഫീസിൽ എത്തിയത് അറിഞ്ഞത്…

ഇവിടുത്തെ തന്നെ സ്റ്റാഫ്‌ ആണ്… “അതൊന്നും ഇല്ല ചേട്ടാ… അമ്മയ്ക്ക് ഒപ്പം ഇരിക്കാൻ വേണ്ടി…. ” വാക്കുകളിൽ സന്തോഷവും ചുണ്ടിൽ പുഞ്ചിരിയും നിറച്ചു പ്രസാദേട്ടന് മറുപടി പറയുമ്പോൾ ഉള്ളിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുകയായിരുന്നു… ഗായത്രി അഭിനയിക്കാൻ പഠിച്ചിരിക്കുന്നു എന്നോർത്ത്…. “അതെന്താടോ പെട്ടെന്ന് ഒരു കൊതി…താൻ അതിന് തന്റെ വീട്ടിൽ തന്നെയല്ലേ എന്നും…” അത്ഭുതത്തോടെ പ്രസാദേട്ടൻ ചോദിച്ചപ്പോൾ കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ട് ഓഫീസിലേക്ക് കേറി… സാറിന്റെ മുറിയിൽ ചെന്ന് രജിസ്റ്ററിൽ സൈൻ ചെയ്ത തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു…. മനസും ശരീരവും ഒന്നും ശെരിയല്ല എന്ന് തോന്നുന്നു…. എന്തൊക്കെയോ അസ്വസ്ഥത പോലെ…

ഹൃദയയും തലച്ചോറും തമ്മിൽ യുദ്ധം ചെയ്യുമ്പോൾ എങ്ങനെയാണ് ശാരീരിക സുഖം ലഭിക്കുന്നത്… കണ്ണുകൾ കയ്യിലെ മോതിരവിരലിൽ കിടന്ന പേരിലേക്ക് നീണ്ടു… ” ചന്തു…. ” രണ്ടു ദിവസം തന്റെ കയ്യിൽ മോതിരം ഇട്ടു തരുന്ന ചന്തുവേട്ടൻ ആയിരുന്നു മനസ്സിൽ… ഒപ്പം അതെ നിമിഷം തന്നെ പോലീസ് വിലങ്ങണിഞ്ഞ് കൊണ്ട് പോകുന്ന ചന്തുവേട്ടനും…. പണ്ടെങ്ങോ പറഞ്ഞു വെച്ച് പോയൊരു വാക്കിൽ ആയിരിക്കുമോ അമ്മ ഇത് ഉറപ്പിച്ചത് എന്നും ഒരു വേള തോന്നിപ്പോയി… ഇനി എന്ത് തന്നെ ആയാലും മുന്നോട്ടു പോകാൻ തീരുമാനിച്ചു… എന്തായാലും നേരിടണം… മനസിനെ വരുതിയിൽ ആക്കാൻ ശ്രെമിച്ചു ജയിക്കാൻ കഴിയുമോ ആവോ… അറിയില്ല… ഊറി വന്ന കണ്ണുനീർ തുടച്ചു മാറ്റി തിരക്കുകളിലേക്ക് ഊളിയിട്ടു… ചെറിയൊരു ആശ്വാസം കണ്ടെത്തുവാൻ കഴിഞ്ഞാലോ എന്ന പ്രതീക്ഷയോടെ….. എങ്കിലും,, ഇവിടെയൊരു മരം പൂക്കുന്നത് ഞാൻ അറിയുന്നുണ്ട് … നിറയെ ശിഖരങ്ങൾ ഉള്ള ഒരൊറ്റ മരം…. കാത്തിരിക്കുക.. ❤

Share this story