സഹനായകന്റെ പ്രണയം💘 : ഭാഗം 1

സഹനായകന്റെ പ്രണയം💘 : ഭാഗം 1

എഴുത്തുകാരി: ആഷ ബിനിൽ

മെഡിക്കൽ കോളേജിലെ തന്റെ ആദ്യദിനം, റെഡിയായി ഡൈനിങ്ങ് റൂമിലേക്ക് വന്ന അംബാലിക എന്ന അമ്പുവിനെ അമ്മ ലതിക ആകെയൊന്ന് നോക്കി. ഒരു ബ്ലൂ ജീൻസും വൈറ്റ് ടി ഷർട്ടും ബ്ലൂ ഡെനിം ഓവർകോട്ടും ആണ് വേഷം. കാലിൽ വൈറ്റ് കാൻവാസ്‌ ഷൂസ്. കാതിൽ ഒരു ഡയമണ്ട് സ്റ്റഡും കടുകുമണി വലിപ്പത്തിലുള്ള ഒരു മൂക്കുത്തിയും ആണ് ആകെയുള്ള ആഭരണങ്ങൾ. കണ്ണെഴുത്തുകയോ, പൊട്ട് തൊടുകയോ, മേക്കപ്പിൻറെ ലാഞ്ചനപോലുമില്ല. അരയൊപ്പം നീളമുള്ള മുടി പോണിടെയിൽ കെട്ടി വച്ചിരിക്കുകയാണ്. ഫ്രീക് ലുക്കിലുള്ള മകളുടെ വരവ് കണ്ട അവർ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഭർത്താവ് ചന്ദ്രമോഹനെ കൈമുട്ട് കൊണ്ടു തോണ്ടി മകളുടെ വരവ് കാണിച്ചുകൊടുത്തു.

അയാൾ ഭാര്യയെയും മകളേയും ഒന്ന് നോക്കിയ ശേഷം പ്ലെറ്റിൽ ഇരുന്ന ഇഡ്ഡലിയിലേക്ക് അല്പം കൂടി സാമ്പാർ എടുത്തൊഴിച്ചു. ആ വാശിയിൽ ലതിക തന്റെ പ്ളേറ്റിലെ ഇഡ്ഡലിയെ അല്പം കൂടി ബലത്തിൽ ഞെരിച്ചുടച്ചു. “ആദ്യത്തെ ദിവസമായിട്ട് ഇന്നെങ്കിലും നിനക്കൊരു പെണ്ണിന്റെ രൂപത്തിൽ പോയിക്കൂടെ അമ്പു?” അമ്പു ബാഗ് ഹാളിലെ സോഫയിലേക്ക് വലിച്ചെറിഞ്ഞു അവർക്കരികിലെ കസേരയിലിരുന്നു. ഒരു പ്ലെറ്റെടുത്ത് അതിലേക്ക് നാലു ഇഡ്ഡലിയും സാമ്പാറും ഒഴിച്ചു കഴിക്കാൻ തുടങ്ങി: “എന്താ എന്റെ അമ്മക്കുട്ടിയുടെ പ്രശ്നം? എന്റെ ഈ വേഷമാണോ അതോ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ പോകുന്നതാണോ?” “രണ്ടും പ്രശ്നമാണ്.” “എങ്കിൽ ഇന്ന് ഞാനൊരു പട്ടുപാവാട ഇട്ട് പോകാം.

എന്നിട്ട് നാളെ മുതൽ ഈ വേഷം ആക്കാം. അപ്പോ ഓക്കെ ആകുമോ?” “തുടങ്ങിയോ രാവിലെ തന്നെ അമ്മയും മോളും വഴക്ക്?” അമ്പുവിന്റെ ചേട്ടൻ, അപ്പു എന്ന് വിളിക്കുന്ന അംബരീഷ് യൂണിഫോം ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് അവർക്കരികിൽ വന്നിരുന്നു. “ഇവരുടെ വഴക്കും ഇണക്കവും ഒക്കെ പതിവുള്ളതല്ലേ.. നീ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്” അത്രയും പറഞ്ഞു ചന്ദ്രമോഹൻ എഴുന്നേറ്റ് കൈകഴുകി. അപ്പോഴേക്കും ലതികയും കഴിച്ചു കഴിഞ്ഞിരുന്നു. ഭർത്താവിന്റെ ബാഗും കയ്യിൽ കൊടുത്ത് അവർ ഉമ്മറത്തേക്കു അയാളെ അനുഗമിച്ചു. “വേഗം കഴിച്ചാൽ ഞാൻ കോളേജിൽ ആക്കി തരാം. അല്ലെങ്കിൽ ബസിന് കയറി പോകേണ്ടി വരും പറഞ്ഞേക്കാം” അപ്പു കഴിച്ചു കഴിയാറായിട്ടും അമ്പു പകുതി അയതെയുള്ളൂ.

“അയ്യോ. ഏട്ടൻ ഷൂസ് ഇടുമ്പോഴേക്കും ഞാൻ റെഡിയായി വരാം” അമ്പു വേഗത്തിൽ കഴിച്ചുതീർത്ത് ഇറങ്ങി. ഭക്ഷണം ബാക്കി വയ്ക്കുന്നതും ഒഴിവാക്കുന്നതും അവളുടെ നിഘണ്ടുവിൽ ഇല്ലാത്ത കാര്യങ്ങളാണ്. വേഗത്തിൽ ബാഗുമെടുത്ത് ലതികയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൾ ഇറങ്ങി. ഭർത്താവും മക്കളും പോയി കഴിഞ്ഞതോടെ ലതിക അടുക്കളയിലെ പതിവ് ജോലികളിലേക്ക് ഊളിയിട്ടു. പെരുമ്പാവൂരിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ മൂത്ത സന്താനം ആയിരുന്നു ചന്ദ്രമോഹൻ. വില്ലേജ് അസിസ്റ്റന്റായി സർക്കാർ സർവീസിൽ കയറിയ അയാൾ ഇന്നൊരു തഹസിൽദാർ ആണ്. അടുത്ത വർഷം റിട്ടയർമെന്റിന് തയ്യാറെടുക്കുന്നു.

ആദർശം ചന്ദ്രമോഹൻ എന്നാണ് അയാളുടെ വിളിപ്പേര്. വെറുതെ വിളിക്കുന്നതല്ല, ചന്ദ്രമോഹൻ കടുത്ത ആദർശവാദിയാണ്. ഒരു രൂപ കൈക്കൂലി വാങ്ങില്ല, നിയമം വിട്ടൊരു കളിക്കും നിൽക്കില്ല, പാവങ്ങളെ ഒരുപാട് നടത്തി ബുദ്ധിമുട്ടിക്കില്ല അങ്ങനെ അങ്ങനെ. എന്നുവച്ചു അയാൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടെന്ന് ഒന്നും തെറ്റിദ്ധരിക്കരുത്, സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് നിറയെ ശത്രുക്കൾ ഉണ്ടെന്നൊക്കെ സിനിമാക്കാർ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാണ്. ഇവിടെ ഡയറക്ട് ട്രാൻസ്ഫർ ആണ്. ഏതെങ്കിലും മൂലക്ക് തട്ടും. എന്നിട്ട് പറഞ്ഞാൽ കേൾക്കുന്ന വേറെ ഏതെങ്കിലും ഉദ്യോഗസ്ഥർ ആ സ്ഥാനത്തേക്ക് വരും. അത്ര തന്നെ. അതിന്റെ ഫലമായി കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും സേവനം ചെയ്യാനുള്ള ഭാഗ്യവും ചന്ദ്രമോഹന് ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ റിട്ടയർമെന്റ് അടുത്തായപ്പോൾ എറണാകുളത്തു ആലുവയിൽ ആണ് അവസാനത്തെ എന്നു കരുതപ്പെടുന്ന നിയമനം. ആദർശത്തിന്റെ ആളായത് കൊണ്ടു തന്നെ, ഇക്കഴിഞ്ഞ വർഷമാണ് സ്വന്തമായൊരു വീട് വയ്ക്കാൻ ചന്ദ്രമോഹന് കഴിഞ്ഞത്. സ്വന്തമായ വീടെന്ന് പറയുമ്പോൾ, സ്വന്തം അധ്വാനവും ഭാര്യയുടെ അധ്വാനവും ചേർന്ന വീട്. ബസ് സ്റ്റോപ്പിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് വീട് പണിതത്. വലിയ ബംഗ്ലാവ് ഒന്നുമല്ല. പതിനഞ്ച് സെന്റ് സ്ഥലത്തു, നിറയെ മരങ്ങളുള്ള അന്തരീക്ഷത്തിൽ, ഒറ്റ നിലയിൽ നാല് ബെഡ്‌റൂമും ഹാളും കിച്ചണും ഒക്കെയെ ഉള്ളൂ. ബസ് സ്റ്റോപ്പിൽ നിന്ന് അധികം ദൂരെയല്ലാതെ വീട് പണിയാൻ കാരണം ഉണ്ട്. ചന്ദ്രമോഹൻ സ്വന്തമായി ബൈക്കോ സ്‌കൂട്ടറോ പോലും ഓടിക്കില്ല. സർക്കാർ വാഹനം (KSRTC) ആണ് ഉപയോഗിക്കുക.

നിവൃത്തി ഇല്ലാതെ വന്നാൽ പ്രൈവറ്റ് ബസും. ബസ് സൗകര്യം കൂടി നോക്കിയാണ് വീടിന് സ്ഥലം വാങ്ങിയത്. കുടുംബ സ്വത്തായി ഒരു രൂപയോ ഒരുതുണ്ട് ഭൂമിയോ അയാൾ വാങ്ങിയില്ല. വിദ്യാഭ്യാസം ആണ് തനിക്ക് അച്ഛനമ്മമാർ നൽകിയ സ്വത്ത് എന്നാണ് അയാളുടെ അഭിപ്രായം. ഭാര്യ ലതിക എന്ന ലത, ഒരു സാധാരണ വീട്ടമ്മ. മകൻ അംബരീഷ് ഡിഗ്രി കഴിഞ്ഞു ടെസ്റ്റ് എഴുതി SI ആയി ജോലിക്കു കയറി. മകൾ അംബാലികക്ക് ഡോക്ടർ അകാൻ ആണ് കുട്ടിക്കാലം മുതൽ ആഗ്രഹം. ആദ്യമൊക്കെ എല്ലാവരും അവളെ അതും പറഞ്ഞു പുച്ഛിച്ചു. പക്ഷെ, ഒരു കോച്ചിങ്ങിനും പോകാതെ വീട്ടിലിരുന്ന് പഠിച്ചു പ്ലസ്റ്റു വിന് മുഴുവൻ മാർക്കും എൻട്രന്സിന് മൂവായിരത്തിനുള്ളിൽ റാങ്കും വാങ്ങിയപ്പോൾ അവളുടെ ആഗ്രഹം ഒരു കുട്ടിക്കളി അല്ല എന്ന് എല്ലാവർക്കും ബോധ്യമായി.

പ്രിത്യേകിച്ച് യാതൊരു നീക്കിയിരിപ്പും ഇല്ലാത്ത ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ചിന്തിക്കാൻ ആകുന്നതിനു അപ്പുറത്തായിരുന്നു അമ്പുവിന്റെ മെഡിക്കൽ പഠനം. ഒരു വർഷം കൂടി റിപ്പീറ്റ് ചെയ്തു മെച്ചപ്പെട്ട റാങ്ക് വാങ്ങി ഗവണ്മെന്റ് സീറ്റ് വാങ്ങാം എന്ന് അമ്പു പറഞ്ഞെങ്കിലും ചന്ദ്രമോഹനും ലതികയും സമ്മതിച്ചില്ല. മകളുടെ ഒരു വർഷം കളയാൻ അവർക്ക് താൽപ്പര്യം ഇല്ലായിരുന്നു. കുടുംബത്തിൽ നിന്ന് ഒന്നും വാങ്ങാത്തത് കൊണ്ട് അമ്പുവിന്റെ വിവാഹ സമയത്ത് ഉപയോഗിക്കാൻ ഇരുപത് ലക്ഷം രൂപ അവളുടെ പേരിൽ തറവാട്ടിൽ നിന്ന് ഡെപ്പോസിറ്റ് ചെയ്തിരുന്നു. അത് അവളുടെ പഠനത്തിനായി വിനിയോഗിക്കാൻ അവർ തീരുമാനിച്ചു. “മകളെ കെട്ടിക്കേണ്ട പൈസക്ക് പഠിപ്പിക്കുന്നത് മണ്ടത്തരം ആണെ”ന്ന് എല്ലാവരും അവരെ ഉപദേശിച്ചു.

പടിപ്പിക്കുന്നതിന് പകരം കല്യാണം കഴിപ്പിച്ചു വിടുന്നതാണ് മണ്ടത്തരം എന്ന് അവർ അത് തിരുത്തി. ഒരു സാധാരണ വീട്ടമ്മയാണെങ്കിൽ കൂടി അമ്പുവിനെയും അപ്പുവിനെയും യാതൊരു തിരിച്ചുവ്യത്യാസങ്ങളും ഒരു കാര്യത്തിലും ഉണ്ടാകാതെയാണ് ലതിക വളർത്തിയത്. ഭക്ഷണത്തിന്റെ കാര്യത്തിലോ സ്വാതന്ത്രത്തിന്റെ കാര്യത്തിലോ അവർ തമ്മിൽ വേർതിരിവ് ഒന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം വിളമ്പി കഴിക്കുക, അലക്കാനുള്ള തുണികൾ മെഷീനിൽ ഇടാൻ ബാസ്കറ്റിൽ കൊണ്ടുപോയി വയ്ക്കുക, മുറി വൃത്തിയാക്കുക, ഡ്രെസ് അയൺ ചെയ്യുക തുടങ്ങിയ സ്വന്തം കാര്യങ്ങൾ രണ്ടുപേരും സ്വയം ചെയ്യണം എന്നും നിർബന്ധമാണ്. അമ്പു കുട്ടിക്കാലം മുതലേ വളരെ നിശ്ചയദാർഢ്യം ഉള്ള കുട്ടിയായിരുന്നു. മറ്റു പെണ്കുട്ടികൾ പാട്ടും ഡാൻസും പഠിക്കാൻ പോയപ്പോൾ അവൾ ഏട്ടൻ ചെയ്യുന്നത് കണ്ടു കാരാട്ടെയും കുങ്-ഫുവും പഠിച്ചു.

അവളുടെ കഴിവ് മനസിലാക്കി ഏട്ടന്റെ കൂടെ മാർഷ്യൽ ആർട്‌സ് പഠിക്കാൻ അയച്ചു വീട്ടുകാർ. ഏഴാം ക്ലാസ് മുതൽ അമ്പു ബോക്സിങ്ങും പഠിച്ചു തുടങ്ങി. അതിൽ സ്റ്റേറ്റ് ചാമ്പ്യൻ ആണ് അവൾ. സാധാരണ ഈ പ്രായത്തിലുള്ള പെണ്കുട്ടികളെ പോലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിലോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇടുന്നതിലോ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിലോ ഒന്നും അവൾക്ക് വലിയ താല്പര്യം ഇല്ല. എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കണം എന്നാണ് അമ്പുവിന്റെ നിലപാട്. എന്നുവച്ചു മുഴുവൻ സമയവും പുസ്തകപ്പുഴു ഒന്നും അല്ല അമ്പു. ഒഴിവു കിട്ടുന്ന സമയം അടുക്കളയിൽ പാചക പരീക്ഷണങ്ങൾക്കോ പ്രാക്ടീസ് ചെയ്യാനോ വായിക്കാനോ ഒക്കെയാണ് ഉപയോഗിക്കുക.

ഉറക്കവും ആവശ്യത്തിന് മാത്രം. ജീൻസും ഷർട്ടും ആണ് സാധാരണ വേഷം. ആഭരണങ്ങളും ചമയങ്ങളും തീരെ ഉപയോഗിക്കാറില്ല. അമ്പുവിനെ ഒന്നു പെൺവേഷത്തിൽ കാണണം എന്നുണ്ടെങ്കിൽ അതിരാവിലെ അവൾ അമ്പലത്തിൽ പോകുന്ന സമയം നോക്കി എഴുന്നേൽക്കേണ്ടി വരും. കുട്ടിത്തം വിട്ടു മറാത്ത മുഖവും മുഖത്ത് എപ്പോഴുമുള്ള പുഞ്ചിരിയും ചിരിക്കുമ്പോൾ രണ്ടു കവിളിലും വിടരുന്ന നുണക്കുഴിയും പിന്നെ ഒരു കുഞ്ഞു മൂക്കുത്തിയും. അത്രയും ആണ് അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. അങ്ങനെ അപ്പുവിന്റെ ബുള്ളറ്റിൽ അവൾ യാത്രതിരിച്ചു, തന്റെ പുതിയ അങ്കത്തട്ടിലേക്ക്, മഹാദേവ മെഡിക്കൽ കോളേജിലേക്ക്.

എല്ലാ കാമ്പസ് പ്രണയകഥകളെയും പോലെ കലിപ്പത്തി നായിക, കോടീശ്വരനായ കലിപ്പൻ നായകൻ, നായികയെ സ്നേഹിക്കുന്ന വില്ലൻ/ അധ്യാപകൻ, നായകനെ സ്നേഹിക്കുന്ന വില്ലത്തി, നായകന്റെ കുരുത്തംകെട്ട കൂട്ടുകാർ, അതിലും കുരുത്തംകെട്ട (പിന്നീട് നന്നാകുന്ന) അനിയത്തി, ചെളിയിൽ വീഴൽ, തട്ടി വീഴുമ്പോൾ പിടിക്കൽ, കെട്ടി മറിഞ്ഞു വീഴൽ, ക്ലാസ്‌റൂമിൽ പൂട്ടിയിടൽ, പൊളിറ്റിക്സ്, അടി, ഇടി, വെടി, പുക ഒക്കെയുള്ള യാതൊരു പുതുമകളും ഇല്ലാതെ ഒരു പുതിയ കഥ ഇവിടെ തുടങ്ങുന്നു. ശേഷം ഭാഗം സ്ക്രീനിൽ. തുടരും എന്ന് പറയുന്നില്ല. അടുത്ത പാർട്ടോടെ കഥ തുടങ്ങും.

Share this story