മൗനം : ഭാഗം 12

മൗനം : ഭാഗം 12

എഴുത്തുകാരി: ഷെർന സാറ

” ഈ പെണ്ണ്.. വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്… അതെങ്ങനാ.. അച്ഛനും വല്യമ്മാവനും കൂടി കൊഞ്ചിച്ച് വഷളാക്കി വെച്ചേക്കുവല്ലേ…, ” ചന്തുവിനെയും മിഥുവിനെയും അകത്തേക്ക് ക്ഷണിച്ച് തുടങ്ങിയതാണെങ്കിലും ഗായത്രിയെ വഴക്ക് പറയുന്നതിലായി പിന്നീടുള്ള ശ്രെദ്ധ… അതിനിടയിൽ ഓർക്കാതെ പറഞ്ഞ് പോയ പേര് ജാനകി ശ്രെദ്ധിച്ചില്ലെങ്കിലും ചന്തു ശ്രെദ്ധിച്ചിരുന്നു… ഒരു വേള അവനൊന്ന് ശങ്കിച്ചു പോയി .. താൻ കേട്ടത് തന്നെയാണോ… അതോ കേട്ടതിലെ പിഴയോ…

കേട്ടത് ശെരിയാണെങ്കിൽ,,, !!! അച്ഛൻ അപ്പോൾ നേരത്തെ ഇവിടെ വരുമായിരുന്നോ… എന്നിട്ട് എല്ലാവരിൽ നിന്നും എങ്ങനെ അത് മറച്ചു പിടിച്ചു… വല്യമ്മാവൻ എന്ന് ഉദ്ദേശിച്ചത് അച്ഛനെ തന്നെയാണോ … അങ്ങനെ പല ചോദ്യങ്ങൾ അവന്റെ മനസിൽ കൂടി വന്നു പോയി…. അതിനെ ഉറപ്പ് വരുത്താനെന്നോണം ഒരു കാഴ്ച്ച തന്നെ തോണ്ടി വിളിച്ചു മിഥു കാണിച്ച് തരുമ്പോൾ വിശ്വാസം വരാതെ കണ്ണ് തള്ളി വരുന്നു… രവി മാമന്റെ ഒപ്പം വരുന്ന അച്ഛൻ… അച്ഛനാണെങ്കിൽ വാതിൽ വരെ എത്തിയിട്ട് ചുറ്റും തല ചെരിച്ചു ആരെങ്കിലും കാണുന്നുണ്ടൊ എന്ന് നോക്കുകയാണ്.. ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി അകത്തു കയറിയതും മുന്നിൽ തങ്ങളെ കണ്ട് ശ്വാസം എടുക്കാൻ മറന്നപോലെ നിന്നു…

അന്ന് അച്ഛന്റെ കള്ളത്തരം കയ്യോടെ പൊക്കിയപ്പോൾ കുഞ്ഞനിയത്തിയെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് മൂലം വർഷങ്ങളായി ഈ പോക്ക് വരവ് ഉണ്ടെന്ന് മനസിലായി…മുത്തച്ഛനെ പേടിച്ചാണ് ആരോടും പറയാത്തതെന്നും… ഒരുപാട് നേരം അച്ഛനോടൊപ്പം അപ്പയുടെ വീട്ടിൽ ഇരുന്നപ്പോൾ,, ഇതിന് മുൻപ് എന്ത് കൊണ്ട് തനിക് ഇങ്ങോട്ട് വരാൻ തോന്നിയില്ല എന്ന് ഓർത്തു…എങ്കിൽ ഈ നിസ്വാർത്ഥമായ സ്നേഹം അന്നേ ആസ്വദിക്കാമായിരുന്നു… അത്രത്തോളം സ്നേഹമായിരുന്നു അപ്പയ്ക്ക് തന്നോട്… ഒരുപാട് നേരം അപ്പയോട് സംസാരിച്ചു… ഗായത്രി ആ നേരമൊക്കെയും മുറിക്ക് പുറത്തേക്ക് വന്നില്ല…

പിന്നെയും ദിവസങ്ങൾ കടന്നുപോയി… ഇടയ്ക്ക് മൂവരും കൂടിയിരുന്നു വീട്ടുകാരെ ബോധിപ്പിക്കാൻ എന്നോണം രണ്ടക്ഷരം പഠിക്കും… ഒപ്പം അച്ഛന്റെ കൂടെ ആരും അറിയാതെ അപ്പയുടെ വീട്ടിലേക് പോകുമായിരുന്നു… പോകുന്ന ദിവസങ്ങളിൽ ഒക്കെയും അപ്പ ഭക്ഷണം നിർബന്ധിച്ച് കഴിപ്പിക്കും.. ഇല്ലത്തുള്ളത് പോലെ വിഭവസമൃദ്ധമായ കറികൾ ഒന്നും തന്നെ കാണില്ല… ഒന്നോ രണ്ടോ കറിയോ,, അല്ലെങ്കിൽ ഒരു തൊട്ട് കൂട്ടാനോ അങ്ങനെ എന്തെങ്കിലും മാത്രം…എങ്കിലും വല്ലാത്ത സ്വാദാണ് അപ്പയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണത്തിന്…

ഇതിനിടയിൽ ചന്തുവിന്റെയും കിച്ചന്റെയും സൗകര്യം കൂടി നോക്കി അവരുടെ പരീക്ഷ കഴിഞ്ഞുള്ള ഒരു ദിവസം കല്യാണത്തിനായി കുറിച്ചു… പുതിയ തലമുറയിലെ ആദ്യ മംഗല്യം ആണ്… ഇലവുങ്കൽ തറവാട്ടിൽ അത് ഒരു ആഘോഷം തന്നെയായിരുന്നു… ഒരുമാസം കഴിഞ്ഞുള്ള ചടങ്ങിന് വേണ്ടി ഒരുക്കങ്ങൾ ഒക്കെയും തുടങ്ങി… എക്സാം ഡേറ്റ് അടുത്തപ്പോൾ ചന്തുവും കിച്ചനും മിഥുവും കൂടി തിരികെ പോയി… നാടോട്ടുക്ക് കല്യാണം വിളിച്ചപ്പോളും തന്റെ കുഞ്ഞി പെങ്ങളെ മാറ്റി നിർത്തിയ പാർത്ഥ സാരഥിയോട് ജയ്റാം ആദ്യമായി അതേ ചൊല്ലി കയർത്തു..

വർഷങ്ങൾ ഇത്രയും മാറ്റി നിർത്താൻ മാത്രമുള്ള തെറ്റുകൾ ഒന്നും അവർ ചെയ്തിട്ടില്ലെന്ന് അയാൾ വാദിച്ചു… അനിയൻമാർ കൂടി ആ തീരുമാനത്തോട് യോചിച്ചപ്പോൾ അയാൾക് സന്തോഷമായി… ഒടുവിൽ മക്കളുടെ നിർബന്ധപ്രകാരം ജാനകിയോടും കുടുംബത്തോടുമുള്ള ശത്രുത മറക്കാൻ ഇലവുങ്കൽ പാർത്ഥസാരഥി തയാറായി… അയാൾ തന്നെ ആണ് ജാനകിയെ വീട്ടിൽ ചെന്ന് വിളിച്ചതും തിരികെ ഇല്ലത്തേക്ക് ക്ഷണിച്ചതും… പരാതിയും പരിഭവങ്ങളും മാറി എല്ലാവരും ഒത്ത് കൂടിയ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു പിന്നീട്… ആദിയുടെ കല്യാണം നീരൂറുകാർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു…

അത്രത്തോളം കേമമായിരുന്നു.. ആ നാട് ഇതിന് മുൻപ് കാണാത്ത വിധം… മാനവ് ഇല്ലത്തിന് ചേർന്നൊരു പയ്യൻ തന്നെ ആയിരുന്നു… അവിടുത്തേ ചിട്ട വട്ടങ്ങൾ ഒക്കെയും,, പലപ്പോഴായി വന്നിട്ടുള്ളപ്പോഴും അത്പോലെ തന്നെ ആദിയുടെ വാക്കുകളിൽ കൂടിയും അറിഞ്ഞതാണ്… അത് കൊണ്ട് തന്നെ അതുമായിട്ട് പൊരുത്തപ്പെടാൻ പെട്ടെന്ന് കഴിഞ്ഞു… ഗായത്രിയെയും കുടുംബത്തേയും ഇല്ലത്തേക്ക് ക്ഷണിച്ചതിൽ സ്വരയ്ക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു… സൗഹൃദത്തിനപ്പുറം ഗായത്രി അവൾക് പ്രിയപ്പെട്ടതായിരുന്നു… ഒരുപക്ഷേ ലച്ചുവിനോളം തന്നെ…

എന്നാൽ ലക്ഷ്മിയ്ക്ക് ഗായത്രിയോട് വലിയ അടുപ്പം കാട്ടാൻ തോന്നിയിട്ടില്ല എന്നതാണ് സത്യം… മാനവും ഇല്ലത്തുള്ളവരും തമ്മിൽ നല്ലോരു ആത്മ ബന്ധം ഉടലെടുത്തിരുന്നു…ചന്തുവിന് അവൻ അളിയൻ എന്നതിൽ ഉപരി നല്ലൊരു സുഹൃത്തും സഹോദരനും ഒക്കെ ആയിരുന്നു… അത്രമാത്രം ഇഴയടുപ്പം ഉള്ളൊരു ബന്ധം… ഇപ്പോഴത്തെ വൈദ്യനാഥൻ ജയ്റാം ആണ്…അയാൾക്കൊപ്പം മരുമകൻ എന്നതിൽ പരം മകൻ എന്ന രീതിയിൽ കൂടെ നിന്ന് ചികിത്സാരീതികൾ പടിച്ചെടുക്കാൻ മാനവ് ശ്രെമിച്ചിരുന്നു… ഒരു രോഗി വന്നാൽ,,, അയാളെ വിശദമായി പഠിച്ച് അപ്പോൾ മരുന്ന് തയാറാക്കി നൽകുകയാണ് ഇല്ലത്തേ ചികിത്സ രീതി…

മുൻകൂട്ടി മരുന്ന് തയാറാക്കി സൂക്ഷിച്ചു വെക്കുന്ന രീതി അവിടെ ഇല്ല…അത് കൊണ്ട് തന്നെ ഓരോ തവണയും മരുന്ന് നിർമ്മിക്കുന്നത് ലാഭത്തിന് പകരം നഷ്ടം ആണെങ്കിൽ കൂടി,,, ചികിത്സയിൽ നിന്നും പണം കൊയ്യാൻ അവർ ആഗ്രഹിച്ചിരുന്നില്ല… അല്ലാതെ തന്നെ അവിടെയുള്ള ഔഷധസസ്യങ്ങൾ പുറമേയ്ക്ക് വിൽക്കുന്നതിൽ കൂടിയും,, തടിമില്ല് വഴിയും,, നെൽകൃഷി വഴിയും ഒക്കെ നല്ലൊരു തുക മാസാമാസം ഇല്ലത്തേക്ക് വരവ് ഉണ്ട്… എങ്കിലും ആയുർവേദ മരുന്നുകൾക്ക് ഇന്നത്തെ കാലത്തുള്ള ഡിമാൻഡ് മാനവ് അവര്ക് മനസിലാക്കി തുടങ്ങി… ലേഹ്യങ്ങളും അരിഷ്ടങ്ങളും ഒക്കെ തന്നെ ഉദാഹരണം….

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ അതുണ്ടാക്കാൻ പോകുന്ന ലാഭം അവൻ ജയ്റാമിനെയും അത് പോലെ തന്നെ പാർത്ഥസാരഥിയെയും ബോധ്യപ്പെടുത്തി… ഈ സമയത്ത് എയർ ഫോഴ്സിൽ സെലെക്ഷൻ കിട്ടി ട്രെയിനിങ് പീരിയഡ് ആയിരുന്നു ചന്തുവിന്… ഗായത്രിയും സ്വരയും ഒക്കേ പ്ലസ് വണ്ണിലേക്ക് കയറിയിരുന്നു … മാനവ് പറഞ്ഞ രീതിയിൽ മുന്നോട്ട് ചിന്തിച്ചപ്പോൾ അതിനോട്‌ യോജിച്ച പാർത്ഥസാരഥി മരുന്നുകൾ വിപണിയിൽ എത്തിക്കാൻ തീരുമാനിച്ചു …

അതിന്റെ നടപടികൾ പൂർത്തിയാക്കിയെങ്കിലും സ്വന്തമായി ഒരു manufacturing factory ഇല്ലാത്തത് ഒരു വെല്ലുവിളി തന്നെയായിരുന്നു … അതിനുള്ള പരിഹാരവും മാനവിന്റെ കയ്യിൽ ഉണ്ടായിരുന്നു… മാനവും ആദിയും ജോലി ചെയ്യുന്ന വൈദ്യർ മഠത്തിന് സ്വന്തമായി നിർമാണ യൂണിറ്റ് ഉണ്ടെന്നും,, ലോൺ ലൈസൻസ് വഴി തത്കാലത്തേക്ക് അവിടെ മരുന്ന് നിർമിക്കാമെന്നും വിപണിയിൽ എത്തിച്ചതിന് ശേഷം സ്വന്തമായി ഒരു manufacturing യൂണിറ്റ് നിർമിക്കാമെന്നും ….

ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു…. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ മുന്നോട്ടു പോകുമ്പോൾ ആണ് അപ്രതീക്ഷിതമായി ജയ്റാമും രവിയും സഞ്ചരിച്ച കാർ അപകടത്തിലാകുന്നതും ഇരുവരും മരണത്തിന് കീഴടങ്ങുന്നതും… നീരൂരിന് പുറത്ത് വെച്ച് ആയിരുന്നു സംഭവം …. ഇരുവരും സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം തെറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു ….സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരിക്കുകയും ചെയ്തു… ഇരുവരുടെയും മരണം ഇല്ലത്തുള്ളവർക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു… പ്രത്യേകിച്ച് ഗായത്രിയ്ക്ക്… അവൾക്ക് അത്രമേൽ പ്രിയപ്പെട്ടവർ ആയിരുന്നു അവർ ഇരുവരും…

അച്ഛന്റെ രാജകുമാരി ആയിരുന്നവൾ.. അതുപോലെ തന്നെ വല്യമ്മാവന്റെ ചെല്ലക്കുട്ടി ആയിരുന്നവൾ… അവരുടെ വേർപാട് അവളിൽ അത്രമേൽ മുറിവ് സൃഷ്ടിച്ചിരുന്നു… പിന്നെയും മാസങ്ങൾ കടന്നുപോയി… ജാനകിയും ഗായത്രിയും അവരുടെ വീട്ടിൽ തന്നെ ആയിരുന്നു താമസം… ഇടയ്ക്ക് ഇല്ലത്ത് വന്നു പോകും… അങ്ങനെ ഇരിക്കെ എല്ലാവരും പഴയ രീതിയിലേക്ക് വന്നു തുടങ്ങി.. തന്റെ ശമ്പളത്തിന്റെ ഒരു ഭാഗം ചന്തു അവന്റെ അപ്പയ്ക്ക് അവരുടെ ചെലവുകൾക്കും ഗായത്രിയുടെ വിദ്യാഭ്യാസത്തിനായി അയച്ചു കൊടുക്കാൻ തുടങ്ങി…

ഇല്ലത്ത് നിന്നും ഒന്നും സ്വീകരിക്കാതിരുന്ന ജാനകി പക്ഷെ ചന്തുവിന്റെ സഹായം നിരസിച്ചില്ല….ഒന്നുകിൽ ഏട്ടനോടുള്ള സ്നേഹം കൊണ്ടാകാം… അതും അല്ലെങ്കിൽ ഏട്ടന്റെ മകൻ തന്റെ മകനായി കണ്ടത് കൊണ്ടും ആവാം …. ഈ സമയത്തോക്കേ ജാനകിയുടെ മനസ്സിൽ മറ്റൊരു ആഗ്രഹം പൂവിടുന്നുണ്ടായിരുന്നു…. ജയ്റാമും രവിയും ആഗ്രഹിച്ചത് പോലെ ചന്തുവിന്റെയും ഗായത്രിയുടെയും വിവാഹം.. പക്ഷെ ഇരുവരും ചെറുപ്പമാണ്… ഗായത്രി പ്ലസ് വണ്ണിൽ ആയതേ ഉള്ളൂ.. ചന്തുവിന് വയസ് ഇരുപത്തി മൂന്ന് തികഞ്ഞതെ ഉള്ളൂ… അവർക്ക് കുറച്ചു കൂടി പ്രായം ആകുമ്പോൾ ഈ കാര്യം മറ്റുള്ളവരെ അറിയിച്ച് ഒരു തീരുമാനം എടുക്കാമെന്ന് ജാനകി കരുതി…

ഒരു മാസത്തേ ലീവിന് ചന്തു നാട്ടിൽ വന്നു… ഇല്ലത്തുള്ളവർക്ക് പണ്ടത്തെ പോലെ ഒരു പ്രസരിപ്പ് ഇല്ലെന്നത് അവൻ ശ്രെദ്ധിച്ചു… തന്റെ അച്ഛന്റെ വിയോഗം തന്നെയാണ് കാരണം ന്ന് അവനും അറിയാമായിരുന്നു.. അമ്മയും പണ്ടത്തേതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു .. ചിരിയുടെ ലാഞ്ചന പോലും ആ മുഖത്ത് ഇന്നില്ല എന്നത് അവനെ വിശ്വസിപ്പിച്ചു…. പതിവ് പോലെ അപ്പയെ കാണാൻ വേണ്ടി മിഥുവിനൊപ്പം അപ്പയുടെ വീട്ടിൽ പോയി…ഗായത്രി സ്കൂളിൽ പോയിരിക്കുകയായിരുന്നു… അപ്പ ഒരുപാട് മാറി പോയിരുന്നു.. തന്നെ കാണുമ്പോൾ വാ തോരാതെ വിശേഷം പറഞ്ഞിരുന്ന ആൾ മൂകയായി ഇരിക്കുകയായിരുന്നു….

അപ്പയുടെ ഉള്ളിൽ എന്തോ ഒരു ആധിയോ വിഷമമോ ഉറഞ്ഞു കിടക്കുന്നത് പോലെ… അന്ന് തിരികെ പോയെങ്കിലും മനസിന്‌ ഒരു സമാധാനവും ഇല്ലാത്തത് കൊണ്ട് പിറ്റേന്ന് വീണ്ടും അപ്പയുടെ വീട്ടിൽ പോയി… അപ്പയുടെ ഉള്ളിലെ വിഷമങ്ങൾ ഒക്കെയും അച്ഛനെയും രവി മാമനെയും ഓർത്ത് ആയിരുന്നു…. ദിവസങ്ങൾ പിന്നെയും കടന്നു പോയി… ഒരു ദിവസം വൈകിട്ട് എല്ലാവരും ചേർന്ന് തറവാടിന്റെ അകതളത്തിൽ ഇരിക്കുകയാണ്… ഗായത്രി മുരുകൻ കാട്ടാക്കയുടെ രേണുകയുടെ വരികൾ ചൊല്ലുകയാണ്… അവൾ മനോഹരമായി കവിത ചൊല്ലും….

എല്ലാവരും അവളിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ആദിയും മാനവും കൂടി വന്നത്… ഒരുപാട് നാളുകൾക്ക് ശേഷമുള്ള ഒരു വരവായിരുന്നു…. കുറെ നേരത്തെ സംസാരത്തിനൊടുവിൽ മാനവ് വന്ന കാര്യം പറഞ്ഞു… ലോൺ ലൈസൻസ് പ്രകാരം എഴുതിയ എഗ്രിമെന്റ് തീരാൻ ഇനി ഒന്നോ രണ്ടോ മാസങ്ങൾ കൂടിയേ ഉള്ളൂ…അതിന് മുൻപ് മരുന്നുകൾ വിപണിയിലെത്തിക്കണം… ഇനിയും അത് മുടങ്ങാൻ പാടില്ല എന്ന് മാനവ് പറഞ്ഞു… പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചന്തു ആ തീരുമാനത്തേ എതിർത്തു…

ഇല്ലത്തേ മരുന്നുകൾ മറ്റൊരു pharmaceuticals ൽ നിന്നും produce ചെയ്യാൻ താല്പര്യമില്ലെന്നും സ്വന്തമായി ഒരു pharmaceutical കമ്പനി തുടങ്ങാൻ താല്പര്യം ഉണ്ടെന്നും ചന്തു പറഞ്ഞു… പക്ഷെ ഇല്ലത്തുള്ളവർ അവന്റെ തീരുമാനത്തെ നഖശിഖാന്തം എതിർത്തു… മാനവും ഒപ്പം ആദിയും അവന്റെ തീരുമാനത്തെ പാടെ തള്ളി കളഞ്ഞ് കൊണ്ട് വീണ്ടും അതേ കാര്യം തന്നെ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ ചന്തുവിന്റെ സ്വരം ആദ്യമായി ഇല്ലത്ത് ഉയർന്നു… ആദിയും ചന്തുവും തമ്മിലുള്ള വാക്ക് തർക്കം അതിന്റെ പരിധികൾ കടന്നെങ്കിലും ചന്തു,, നേരത്തേ താൻ അപ്പയിലൂടെ അറിഞ്ഞ വാക്കുകൾ പുറത്തു വരാതിരിക്കാൻ ശ്രെമിച്ചു…

ഉള്ളം പിടയുമ്പോളും എന്നെങ്കിലും ഒരിക്കൽ സത്യം എല്ലാവരും അറിയും എന്ന് ആ നിമിഷവും തോന്നി…. അന്നത് താങ്ങാൻ ഉള്ള ത്രാണി എല്ലാവർക്കും കൊടുക്കണേ എന്ന് അവൻ ആത്മാർത്ഥമായി കേണു .. “” ഫോൺ വിളിയാണ് ഓർമ്മകൾക്ക് ഒരു വിരാമം ഇട്ടത് … കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൻ എഴുന്നേറ്റു ഫോൺ എടുത്തു.. ഗായത്രിയാണ് …പെട്ടെന്ന് ഒരു പരിഭ്രമം അവനിൽ നിറഞ്ഞു… വെപ്രാളത്തോടെ ഫോൺ ചെവിയോട് ചേർത്ത് ഹലോ പറഞ്ഞു… ” എവിടെയാ … ” അല്പം മടിച്ചു മടിച്ചു അപ്പുറത്ത് നിന്ന് ചോദ്യം വന്നപ്പോൾ അതിൽ നിറഞ്ഞിരിക്കുന്ന വെപ്രാളം അവന് മനസ്സിലായി…

നീറുന്ന വേദനകൾക്കിടയിലും അതോർത്ത് അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… പ്രതീക്ഷയുടെ പൊൻകിരണത്തിന്റെ നറു മിനുങ്ങ് വെട്ടം പോലെ… ” ഞാൻ വീട്ടിലാടോ… ” ” ഇന്ന് … ഇന്ന് വരില്ലേ… ” അല്പം മടിയോടെ അവൾ ചോദിച്ചപ്പോൾ ആണ് അലക്ഷ്യമായി പാഞ്ഞ കണ്ണുകൾ ഇരുട്ടിനെ കണ്ടൊന്ന് ഞെട്ടിയത്….ഇത്രയും നേരം താൻ ഇവിടെ ചിന്തിച്ചു ഇരിക്കുകയായിരുന്നൊ…നേരം പോയതെ അറിഞ്ഞില്ല… ” വരും … താൻ വല്ലതും കഴിച്ചായിരുന്നോ… “.

അവൻ ചോദിച്ചു… ” ഇല്ല… ” ” അതെന്താ… ഒന്നും ഇല്ലേ… പുറത്ത് നിന്ന് വാങ്ങി വരണോ… ” ” വേണ്ട…ചടങ്ങിന്റെ ബാക്കി ഇവിടുണ്ട്..”. ” എങ്കിൽ താൻ കഴിചോ… ” ” കുഴപ്പമില്ല… വന്നിട്ട് കഴിക്കാം…. ” “ഇല്ലെടോ… വിശക്കുന്നുണ്ടെങ്കിൽ താൻ കഴിച്ചോ… എന്നെ കാത്തിരിക്കണ്ട…” ” താമസിക്കുമോ… ” ” എന്ത്…” ” വരാൻ…. ” “ഇല്ല.. അവരൊക്കെ പോയൊ…. ” “മ്മ്…അപ്പോഴേ പോയിരുന്നു… ” ” മ്മ്ഹ്ഹ്… എന്നാ താൻ കഴിക്കാൻ നോക്ക്… ഞാൻ ഇപ്പൊ വരാം….കാത്തിരിക്കുക.. ❤

മൗനം : ഭാഗം 11

Share this story