നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 26

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 26

സൂര്യകാന്തി

ഇടനാഴിയിലെ നേർത്ത വെളിച്ചത്തിൽ രുദ്രയുടെ കാലുകൾക്ക് വേഗത കുറവായിരുന്നു.. ചലിക്കാൻ കൂട്ടാക്കാതെ കാലുകളും അരുതെന്ന് വിലക്കുന്ന മനസ്സും ഒരുപോലെ അവളെ പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു.. ശബ്ദമുണ്ടാക്കാതെ ഗോവണിപ്പടികൾ കയറാൻ തുടങ്ങുന്നതിനു മുൻപേ ഒന്ന് രണ്ടു തവണ തിരിഞ്ഞു നടക്കാൻ തുനിഞ്ഞെങ്കിലും പിന്നെ രുദ്ര പതിയെ മുകളിലേക്കുള്ള പടികൾ കയറി.. ചെന്നില്ലെങ്കിൽ സൂര്യൻ ഈ രാത്രിയിൽ തന്റെ അടുത്തെത്തുമെന്ന് രുദ്രയ്ക്ക് ഉറപ്പായിരുന്നു.. വിശാലമായ ഹാളിലേക്ക് എത്തിയപ്പോഴേ രുദ്ര കണ്ടിരുന്നു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത്..

മടിച്ചു മടിച്ചു വാതിൽക്കൽ എത്തിയപ്പോഴേ ബാൽക്കണിയിലെ ചാരുപടിയിൽ തൂണിൽ ചാരിയിരിക്കുന്നയാളെ കണ്ടു.. രുദ്രയെ കണ്ടിട്ടും സൂര്യൻ അതേ ഇരിപ്പ് ഇരുന്നതേയുള്ളൂ..രുദ്ര പതിയെ ബാൽക്കണിയിലേക്കിറങ്ങി.. “എന്തിനാ.. എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്..?” തെല്ല് ഇടർച്ചയോടെയെങ്കിലും രുദ്ര ചോദിച്ചു.. തനിക്കരികെ ഇരിക്കാൻ സൂര്യൻ കൈ കൊണ്ടു കാണിച്ചെങ്കിലും രുദ്ര അനങ്ങിയില്ല..സൂര്യൻ എഴുന്നേറ്റു അവൾക്കരികിലേക്ക് എത്തിയപ്പോൾ രുദ്ര അറിയാതെ ഒരു ചുവട് പിറകിലേക്ക് വെച്ചിരുന്നു.. “ഇന്നലെ കാവിൽ നിന്നും വരുമ്പോൾ ഇയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നല്ലോ.. അതൊന്ന് മാറ്റാനാണ് ഇവിടെ വരാൻ പറഞ്ഞത്..”

മറുപടിയിൽ അപ്പോഴും ഗൗരവം നിറഞ്ഞിരുന്നു.. “അത്.. വെറുതെ ഒരു.. ഒരു തമാശയ്ക്ക്..” രുദ്ര വിക്കലോടെ പറഞ്ഞു.. “ഓ തമാശയായിരുന്നോ.. എനിക്ക് മനസ്സിലായതേയില്ല..” ആ വാക്കുകളിലെ പരിഹാസം അറിഞ്ഞതും അവളൊന്ന് ചൂളി.. “സാർ.. പ്ലീസ്.. എന്തിനാ എന്നോട് ഇങ്ങനെയൊക്കെ…?” സൂര്യൻ ഒന്നും പറഞ്ഞില്ല.. നിലാവെളിച്ചത്തിൽ രുദ്രയുടെ കണ്ണുകളിൽ തെളിഞ്ഞു വന്ന നീർത്തിളക്കത്തിൽ സൂര്യന്റെ മനസ്സൊന്നു പതറി.. പൊടുന്നനെ ആ കൈ കവിളിലെ കണ്ണീർ തുടച്ചതും രുദ്ര ഞെട്ടലോടെ പുറകോട്ട് മാറി.. “ഇത്.. ഇതിന് മാത്രമാണ് സൂര്യനാരായണനെ ജീവനോടെ ദഹിപ്പിക്കാനുള്ള ശക്തിയുള്ളത് രുദ്രാ..” ആ സ്വരം ആർദ്രമായിരുന്നു.. “എന്തിനാ എന്നിൽ നിന്നും ഒളിക്കാൻ ശ്രെമിക്കുന്നത്‌..

അതല്ലേ ഞാനിങ്ങനെ തേടി വരുന്നത്.. പറഞ്ഞതല്ലേ ഞാൻ സൂര്യനാരായണനിൽ നിന്നും ഈ നിശാഗന്ധിയ്ക്ക് ഇനി മോചനമില്ലെന്ന്..” “പ്ലീസ്.. എന്നോട്…” രുദ്രയെ പൂർത്തിയാക്കാൻ സൂര്യൻ അനുവദിച്ചില്ല.. “വിശ്വസിച്ചാലും ഇല്ലെങ്കിലും തന്നോട് മാത്രമേ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളൂ..ഈ നിശാഗന്ധിയെ മാത്രമേ ഞാൻ പ്രണയിക്കുന്നുള്ളൂ.. തന്നെ തലോടി പോവുന്ന കാറ്റിനോട്.. തന്റെ ദേഹത്തേക്ക് പാറി വീഴുന്ന മഴത്തുള്ളികളോട്….ആ മുടിയിൽ കുരുങ്ങിക്കിടക്കുന്ന തുളസിക്കതിരിനോട്…” സൂര്യൻ രുദ്രയുടെ നെറ്റിയിൽ മൃദുവായോന്ന് തൊട്ടു.. “ദേ ഈ നെറ്റിയിലെ പാതി മാഞ്ഞ മഞ്ഞൾക്കുറിയോട് പോലും അസൂയയാണെനിക്ക്…” രുദ്ര ചലനമറ്റത് പോലെ നിന്നു.. പിന്നെ പതിയെ തലയാട്ടി..

പിറകിലേക്ക് നീങ്ങി.. അവളുടെ മിഴികൾ വീണ്ടും നിറഞ്ഞിരുന്നു.. “എന്റെ ഒരു ചോദ്യത്തിനുള്ള മറുപടി അത് താൻ തന്നേ മതിയാവൂ…” രുദ്ര ഒന്നും പറഞ്ഞില്ല.. “ഈ നിശാഗന്ധി പൂവിന് എന്നോടുള്ളത് വെറുമൊരു ആരാധന മാത്രമാണോ..?” വാക്കുകൾ പുറത്ത് വരാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു രുദ്രയിൽ.. “ഉം…” അടുത്ത നിമിഷം സൂര്യന്റെ പതിഞ്ഞ ചിരി രുദ്രയുടെ ചെവിയിലെത്തിയിരുന്നു.. “തനിക്ക് കള്ളം പറയാൻ അറിയില്ലെടോ..” “ഉത്തരം ഞാൻ പറയട്ടെ…?” രുദ്ര മറുപടി പറഞ്ഞില്ല.. “ഈ ശ്രീരുദ്രയെന്ന നിശാഗന്ധി പെണ്ണിന് സൂര്യനാരായണനോടുള്ളത് പ്രണയമാണ്.. അതി തീവ്രമായ പ്രണയം..” “അങ്ങനെ.. അങ്ങനെയല്ല..” രുദ്രയുടെ ശബ്ദം ഇടറിയിരുന്നു.. “പിന്നെ ഞാൻ നന്ദനയോട് സംസാരിക്കുമ്പോൾ ഈ കണ്ണുകളിൽ കുശുമ്പ് നിറയുന്നതെന്തിനാണ്..

എന്തിനെന്നറിയാതെ തനിക്ക് ദേഷ്യം വരുന്നതെന്തിനാണ് രുദ്രാ ” കുസൃതി നിറഞ്ഞ വാക്കുകളിൽ ശബ്ദം നഷ്ടമായി അവൾ നിന്നു.. “ഇന്നലെത്തെ ആ ചോദ്യം പോലും അതിൽ നിന്നുണ്ടായതാണെന്ന് എനിക്കറിയാം.. അതല്ലേ സത്യം രുദ്രാ..?” നിഷേധിക്കാനാവാതെ നിൽക്കുമ്പോൾ സൂര്യൻ പറഞ്ഞ ഓരോ വാക്കുകളിലും തെളിയുന്നത് തന്റെ മനസ്സ് കൂടിയാണെന്ന് രുദ്ര ഓർത്തു.. “എനിക്കറിയാം താൻ എന്നെ പറ്റി അറിഞ്ഞതും കേട്ടതുമൊന്നും നല്ലതാവില്ല…” സൂര്യൻ സ്വയമെന്നോണം ഒന്ന് ചിരിച്ചു.. “ഒരിക്കലും ആളുകൾക്കിടയിൽ നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുക്കണമെന്ന് തോന്നിയിട്ടില്ല.. അതിനായി ശ്രെമിച്ചിട്ടുമില്ല..” വീണ്ടും അവൾക്കരികെ എത്തിയപ്പോൾ രുദ്ര പിറകോട്ടു മാറിയില്ല..

ആ ശബ്ദത്തിൽ ഇത് വരെ കേൾക്കാതിരുന്ന എന്തോ ഒന്ന് അവളുടെ മനസ്സിനെ സ്പർശിച്ചിരുന്നു.. “ആർക്കും അറിയാത്ത.. ആരെയും അറിയിക്കാത്ത മറ്റൊരു സൂര്യനാരായണൻ എന്നിലുണ്ട് രുദ്രാ.. അനാഥത്വവും അവഗണനയും നിറഞ്ഞ ബാല്യവും സ്നേഹം എന്തന്നറിയാതെ കടന്നു പോയൊരു ഭൂതകാലവും…” സൂര്യൻ വീണ്ടും ചിരിച്ചു.. അതിൽ ഒളിപ്പിച്ച വേദന രുദ്രയുടെ മനസ്സിനെ കുത്തി നോവിച്ചു.. “നിഷേധിയായ, ആരെയും കൂസാത്ത പ്രശസ്ത എഴുത്തുകാരൻ സൂര്യനാരായണനെ മാത്രമേ എല്ലാവർക്കും അറിയാവൂ.. ” പൊടുന്നനെ സൂര്യൻ അവളുടെ മുഖം ഇരുകൈകളിലും ചേർത്തുയർത്തി.. നിലാവെളിച്ചത്തിൽ ആ ചെമ്പൻ മിഴികളിലെ തിളക്കം രുദ്രയ്ക്ക് കാണാമായിരുന്നു.. ”

ചതിയും വഞ്ചനയും സ്വാർത്ഥതയും മാത്രം അറിഞ്ഞ ജീവിതത്തിൽ തിരിച്ചൊന്നും ആഗ്രഹിക്കാതെ മറ്റൊരാളെ സ്നേഹിക്കാനാവുമെന്ന് മനസ്സിലാക്കി തന്നത് താനാണ്.. തന്നോളം മറ്റൊന്നും ഞാനിതു വരെ മോഹിച്ചിട്ടില്ല.. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല..” രുദ്രയുടെ നെറുകയിൽ ആ അധരങ്ങൾ ചേർന്നപ്പോഴും കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുമ്പോഴും തന്നെ പൊതിയുന്ന നിശാഗന്ധിയുടെ സുഗന്ധം രുദ്ര അറിയുന്നുണ്ടായിരുന്നു.. സൂര്യന്റെ മണം.. മൗനം നിറഞ്ഞ നിമിഷങ്ങളൊന്നിൽ അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ രുദ്ര അയാളിൽ നിന്നും പിടഞ്ഞകന്നു മാറി.. “ഇയാൾ മറുപടിയൊന്നും പറഞ്ഞില്ല…?” ചോദ്യത്തിൽ വീണ്ടും കുസൃതി നിറഞ്ഞിരുന്നു..

“പറയാതെ തന്നെ അറിയാലോ… മനസ്സ് വായിക്കണ ആളല്ലേ..” രുദ്രയുടെ പതിഞ്ഞ ശബ്ദം കേട്ടതും സൂര്യൻ ചിരിച്ചു.. “എന്നാലും പറയില്ല അല്ലെ..?” രുദ്ര ഒന്നും മിണ്ടിയില്ല.. “ഞാൻ.. ഞാൻ.. പൊയ്ക്കോട്ടേ..” “പോണോ..?” “ഉം..” “ഇയാൾടെ സംശയമൊക്കെ തീർന്നോ….?” മറുപടിയില്ല.. “തീർന്നില്ലേ..?” സൂര്യൻ വീണ്ടും അടുത്തേക്ക് വരുന്നത് കണ്ടു രുദ്ര വെപ്രാളത്തോടെ പറഞ്ഞു.. “തീർന്നു.. തീർന്നു..” സൂര്യൻ ചിരിച്ചു.. “എന്നാൽ പൊയ്ക്കോ..” നടക്കാൻ തുടങ്ങിയ അവൾ വീണ്ടും സംശയിച്ചു നിൽക്കുന്നത് കണ്ടാണ് സൂര്യൻ ചോദിച്ചത്.. “എന്തേ പോണില്ലേ..?” “അത്.. ഇനി ഇങ്ങനെ എന്നെ വിളിക്കരുത്..” “അതൊന്നും പറയാൻ പറ്റില്ല.. എനിക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ ഇയാൾ എന്റെ മുൻപിൽ വേണം..”

രുദ്ര മിണ്ടിയില്ല.. “ഉം..?” “എനിക്ക്.. എനിക്ക് പേടിയാണ്..?” “ആരെ..? എന്നെയോ..?” “ഉം..” “ഇപ്പോഴും..?” മറുപടിയില്ല.. “വൈകാതെ ഈ കഴുത്തിൽ ഞാനൊരു താലി ചാർത്തും.. ഇനിയും ഇവിടെ തിരിഞ്ഞു കളിച്ചാൽ എന്റെ നിശാഗന്ധി പെണ്ണ് വീണ്ടും ആ കണ്ണുകൾ നിറക്കേണ്ടി വരും..” രുദ്ര ധൃതിയിൽ തിരിഞ്ഞു നടക്കുമ്പോഴും ആ ചിരി അവൾ കേട്ടു.. മായാജാലക്കാരൻ… അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.. നഷ്ടപ്പെടുത്താൻ വയ്യ പെണ്ണേ… എന്ത് വില കൊടുക്കേണ്ടി വന്നാലും എനിക്ക് വേണമീ പൂവിനെ.. സൂര്യന്റെ മുഖത്ത് അപ്പോഴും ആ ചിരിയുണ്ടായിരുന്നു.. മനം മയക്കുന്ന പുഞ്ചിരി.. രുദ്ര പോയിട്ടും സൂര്യൻ അവിടെ തന്നെ നിന്നു.. മുറ്റത്തെ തേന്മാവിൻ പടർന്നു കയറിയ മുല്ലവള്ളികളിൽ പൂത്തുലഞ്ഞ പാതിരാമുല്ലയുടെ സുഗന്ധം അയാൾക്കരികിലോളം എത്തുന്നുണ്ടായിരുന്നു..

ഇടയ്ക്കിടെ എത്തി നോക്കിയ നേർത്ത കാറ്റിൽ പാറുന്ന നീളൻ മുടിയിഴകൾ ഒതുക്കി വെച്ചു തൂണിലേക്ക് ചാരി കണ്ണുകളടച്ചു വെച്ചിരിക്കുമ്പോഴും സൂര്യനാരായണന്റെ മനസ്സിൽ ആ മുഖമേ ഉണ്ടായിരുന്നുള്ളൂ.. മനസ്സുകൾ ഇണ ചേർന്ന നിമിഷങ്ങളിൽ സൂര്യനും രുദ്രയും കാണാതെ ഹാളിലെ ജാലകത്തിലൂടെ അവരെ നോക്കി നിന്നിരുന്ന ആ നിഴൽ രൂപം എപ്പോഴേ പിന്തിരിഞ്ഞു പോയിരുന്നു.. ######## ########### ############## “അനന്തേട്ടാ.. ഭദ്ര..? എനിക്കെന്തോ പേടി തോന്നുന്നു..” ഡ്രൈവിംഗിനിടെ അനന്തൻ തലയൊന്നു ചെരിച്ചു പത്മയെ നോക്കി… “ആഹാ കാവിൽ വെച്ചു ആ നാഗത്തിനെ വിറപ്പിച്ചയാളാണോ ഈ പറയണത്..?” അനന്തൻ ചിരിയോടെ പറഞ്ഞതും പത്മ കൂർത്തൊരു നോട്ടം തിരികെ നൽകി.. “അതൊന്നും അറിഞ്ഞു കൊണ്ടു ചെയ്യുന്നതല്ലല്ലോ അനന്തേട്ടാ..

ആ സമയത്ത് അങ്ങനെയൊക്കെ സംഭവിച്ചു പോവുന്നതല്ലേ..” “താനിങ്ങനെ പേടിക്കാതെടോ..നമ്മൾ തിരികെ വരുന്നത് വരെ ഭദ്ര അവിടെ സുരക്ഷിതയായിരിക്കും..ആദിത്യനെ ദാരിക ഉപദ്രവിക്കാതിരിക്കാനുള്ള കാരണം നമുക്കറിയാം.. പക്ഷെ ഭർത്താവും രണ്ടു മക്കളും ദുർമരണമടഞ്ഞിട്ടും ദേവമ്മ ഇപ്പോഴും സുരക്ഷിതയായി കാളിയാർമഠത്തിലുണ്ട്.. കാരണമെന്താന്നറിയോ..?” പത്മ ചോദ്യഭാവത്തിൽ അനന്തനെ നോക്കി.. “കാളിയാർമഠത്തിൽ വന്നു ചേരുന്ന പെൺകുട്ടികളുടെ സുരക്ഷ അവിടുത്തെ നാഗത്താന്മാരിലാണ്.. അതൊരു വാഗ്ദാനമാണ്‌.. നാഗവിധി പ്രകാരം ഭദ്ര ഇപ്പോൾ അവിടുത്തെ ആത്തോലമ്മയാണ്..”

പത്മ മനസ്സിലായെന്ന മട്ടിൽ തലയാട്ടി… “പക്ഷെ ഒരു പ്രെശ്നമുണ്ട്..” അനന്തന്റെ കണ്ണിൽ ഒരു കള്ളച്ചിരി മിന്നി മാഞ്ഞു.. പുഞ്ചിരിയിൽ നുണകുഴികൾ തെളിഞ്ഞു.. “ഈ ആറ്റംബോംബിനെ നിർവീര്യമാക്കുന്ന ടെക്‌നിക്ക് ആ പാവം പയ്യന് അറിയാമോ എന്തോ…?” പത്മയുടെ മുഖം വീർത്തു.. “ദേ അനന്തേട്ടാ എന്റെ കുഞ്ഞിനെ പറഞ്ഞാലുണ്ടല്ലോ..” “ഓ അപ്പോഴേക്കും ഞാൻ ഔട്ട്‌..” അനന്തൻ ചിരിച്ചു.. പത്മയും.. “ആ പെണ്ണ് അവര് പറയുന്നത് പോലൊക്കെ കേട്ടാൽ മതിയായിരുന്നു..” പത്മ പിറുപിറുത്തു.. അനന്തൻ പൊട്ടിച്ചിരിച്ചു.. “ഇത് തന്നെയല്ലേ ഞാനും പറഞ്ഞത്..” “ഓ..” “ചെറിയൊരു പേടി എനിക്കില്ലാതെയില്ല പത്മാ.. ഭദ്ര.. അപകടമാണെന്ന് അറിഞ്ഞാലും എടുത്തു ചാടാൻ അവൾക്കൊരു മടിയുമില്ല…” അനന്തന്റെ സ്വരത്തിൽ തെല്ല് ഗൗരവം കലർന്നു.. “എന്നെപോലെ… അല്ലെ..?”

പത്മയുടെ സ്വരം നേർത്തിരുന്നു.. വർഷങ്ങൾക്ക് മുൻപേയുള്ള ആ നാഗപഞ്ചമി നാളായിരുന്നു ഇരുവരുടെയും മനസ്സിൽ… “ആദിത്യൻ… അവനറിയാം ഭദ്രയെ.. അത്രയും അവനവളെ സ്നേഹിക്കുന്നുണ്ട്..ആ സ്നേഹം അവൾക്കുള്ള സുരക്ഷാവലയം തീർക്കും ” “അനന്തേട്ടനെ പോലെ…” പത്മയുടെ മിഴികൾ അനന്തനെ തേടിയെത്തി.. “ഉഫ് ഈ നോട്ടം..ഞാൻ ഈ കാറൊന്നു സൈഡ് ആക്കട്ടെ മാഡം.. ” അനന്തൻ കണ്ണിറുക്കിയതും പത്മയുടെ മുഖം ചുവന്നിരുന്നു.. അവൾ ചിരിയോടെ പുറത്തേക്ക് നോക്കി..അവരുടേത് മാത്രമായ ചില നിമിഷങ്ങൾക്കൊടുവിലാണ് പത്മ ചോദിച്ചത്.. “അനന്തേട്ടാ നമ്മൾ ഇങ്ങനെ ധൃതി പിടിച്ചു തിരിച്ചു വരേണ്ട അത്യാവശ്യം എന്തെന്ന് ഇത് വരെ പറഞ്ഞില്ല..” അനന്തന്റെ മുഖത്തെ ഭാവം മാറി..

“രണ്ടു കാരണങ്ങളാണ് പത്മാ.. രണ്ടും തന്റെ മനസ്സിനെ അസ്വസ്ഥമാക്കും…” പത്മയുടെ ഉള്ളിലൊരു ആന്തലുയർന്നു.. “രുദ്ര.. അവൾക്ക്..” “ഉം… ചെറിയൊരു പ്രെശ്നമുണ്ട്..” “സൂര്യൻ.. സൂര്യനാരായണൻ..?” “നമ്മൾ കരുതിയത് പോലെ സൂര്യനാരായണൻ വെറുമൊരു എഴുത്തുകാരൻ മാത്രമല്ല പത്മാ.. നാഗകാളിമഠത്തിലേക്ക് ആകസ്മികമായി എത്തിച്ചേർന്നവനുമല്ല..വർഷങ്ങളുടെ കാത്തിരിപ്പുണ്ട് ആ വരവിനു പിറകിൽ..” “അനന്തേട്ടാ.. രുദ്ര.. അവൾ?” വേവലാതിയോടെ പത്മ ചോദിച്ചു.. “ഉം.. പറിച്ചെറിയാൻ ആവാത്ത വിധത്തിൽ രുദ്രയുടെ മനസ്സിൽ സൂര്യനാരായണൻ വേരുറപ്പിച്ചു കഴിഞ്ഞു..” “ന്റെ ദേവി.. എന്റെ കുഞ്ഞി..” അനന്തൻ ഒന്നും പറഞ്ഞില്ല.. “അനന്തേട്ടാ.. ആരാണയാൾ.. എന്തായിരിക്കും അവന്റെ ഉദ്ദേശം…?”

“ആ പറമ്പിലേക്ക് ആളുകൾ നോക്കാൻ പോലും മടിക്കുന്ന, നാമാവശേഷമായ വാഴൂരില്ലത്തിന്റെ പുതിയ അവകാശി.. വാഴൂരില്ലം വാങ്ങിയത് സൂര്യനാരായണനാണ്..” പത്മയുടെ ഞെട്ടൽ അനന്തന് കാണാമായിരുന്നു.. “അപ്പോൾ സൂര്യൻ.. സൂര്യൻ വാഴൂരില്ലത്തെയാണോ…” “വാഴൂരില്ലം വെറുമൊരു കൗതുകത്തിന്റെ പേരിൽ ആരും വാങ്ങാൻ ശ്രെമിക്കില്ലെന്ന് തനിക്കറിയില്ലേ പത്മാ..” “അപ്പോൾ അവൻ നമ്മുടെ ഇല്ലത്ത് വന്നത്..?ശ്രീ.. ശ്രീ അവനൊന്നും പറഞ്ഞില്ലേ അനന്തേട്ടാ..” തികട്ടി വന്ന വെപ്രാളത്തോടെ പത്മ ചോദിച്ചു.. “ആത്മാർത്ഥയുള്ളൊരു സുഹൃത്ത് എന്നതിനപ്പുറം ശ്രീയ്ക്ക് ഒന്നുമറിയില്ല.. ഇൻഫാക്ട് ആർക്കുമറിയില്ല പത്മാ.. സൂര്യനാരായണന്റെ ഭൂതകാലം അതൊരു കടംകഥയാണ്.. അയാൾക്ക് മാത്രം അറിയാവുന്ന ഒന്ന്..”

“നമ്മുടെ മോള്.. ന്റെ കുഞ്ഞി…” പത്മയുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. “”നമ്മൾ ഇത്തിരി വൈകി പോയി പത്മാ.. രുദ്രയുടെ മനസ്സ് തനിക്കറിയാലോ… പെട്ടെന്നൊന്നും അവളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയില്ല.. പക്ഷെ അവളുടെ മനസ്സിൽ ഒരു സ്ഥാനം കൊടുത്തു കഴിഞ്ഞാൽ പെട്ടെന്നൊന്നും അത് മാറുകയുമില്ല.. രുദ്ര നമ്മൾ പറയുന്നതെന്തും അനുസരിക്കും..പക്ഷെ അവളുടെ മനസ്സ് ഇനി മാറ്റി ചിന്തിക്കില്ല..അത്രത്തോളം സൂര്യനാരായണൻ അവളുടെ മനസ്സിനെ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു..” പത്മ മിഴികൾ ഇറുകെ അടച്ചു..

അവളുടെ മനസ്സിൽ കട്ടിയേറിയ കൂട്ടു പുരികങ്ങൾക്ക് താഴെ ചോരച്ച കണ്ണുകളും തടിച്ചു മലർന്ന ചുണ്ടുകളുമുള്ള ഒരു മുഖം തെളിഞ്ഞു.. ഭൈരവൻ…വാഴൂരില്ലത്തെ ഭൈരവൻ.. പത്മ ധൃതിയിൽ മിഴികൾ തുറന്നു.. അവളുടെ മനസ്സ് വായിച്ചത് പോലെ അനന്തൻ പറഞ്ഞു.. “ആദിത്യനും വാഴൂരില്ലത്തെയായിരുന്നു.. ഭൈരവന്റെ കൊച്ചു മകൻ…” പത്മ ഒന്നും പറഞ്ഞില്ല.. അവളുടെ മനസ്സ് നാഗക്കാവിലെ നാഗശിലകൾക്ക് മുൻപിലായിരുന്നു.. തന്റെ കുഞ്ഞിന്റെ ജീവനും ജീവിതത്തിനുമായി… ചിന്തകൾക്കിടയിൽ,തിരികെ നാഗകാളി മഠത്തിലേക്ക് പോകാനുള്ള രണ്ടാമത്തെ കാരണം പത്മയോട് എങ്ങനെ അവതരിപ്പിക്കുമെന്ന് ആലോചിക്കുകയായിരുന്നു അനന്തൻ.. അവൾ അത് എങ്ങനെ ഉൾക്കൊള്ളുമെന്നും.. അമാലിക… ########### ######### #############

രാത്രി ഉറങ്ങാൻ പോവുന്ന ആദിത്യനോട് തർക്കുത്തരം പറഞ്ഞു അവന് പിടി കൊടുക്കാതെ തന്റെ റൂമിലേക്ക് ഓടിക്കയറിയതായിരുന്നു ഭദ്ര.. വാതിൽ ലോക്ക് ചെയ്തു കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ മാറിൽ പറ്റിച്ചേർന്നു കിടന്നിരുന്ന നാഗത്താലിയിലും നെറ്റിയിലെ സിന്ദൂരത്തിലുമായിരുന്നു.. ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു.. ഒരുപാട് ആഗ്രഹിച്ചതാണ്.. ആദിത്യന്റെ മുഖമായിരുന്നു മനസ്സിൽ.. ആദ്യമായി കണ്ടതും മിണ്ടിയതും വഴക്കിട്ടതും ആദിത്യൻ പ്രണയം പറഞ്ഞതും ഏറെ നാളത്തെ മൗനത്തിനൊടുവിൽ ആ പ്രണയം സ്വീകരിച്ചതുമെല്ലാം ഭദ്രയുടെ മനസ്സിൽ മിന്നി മാഞ്ഞു..

ചെറുതായി മഴയുണ്ടായിരുന്നു.. പൊടുന്നനെ വീശിയടിച്ച കാറ്റിൽ ജനൽ പാളികൾ ഇളകിയപ്പോഴാണ് ഒന്നിന്റെ കൊളുത്ത് അഴിഞ്ഞു കിടക്കുന്നത് ഭദ്ര കണ്ടത്.. ധൃതിയിൽ അതടക്കാൻ ശ്രെമിക്കുന്നതിനിടെയാണ് ഇടിമിന്നലിന്റെ പ്രകാശത്തിൽ പാതിയടഞ്ഞ ജാലക വാതിലിനിടയിലൂടെ നാഗത്താൻ കാവിന്റെ പടികളിറങ്ങി കാവിന്റെ ഉള്ളിലേക്ക് കയറി പോവുന്ന ആ രൂപം ഭദ്ര കണ്ടത്.. അതൊരു സ്ത്രീയായിരുന്നു……തുടരും 💕

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 24

Share this story