ഹരി ചന്ദനം: ഭാഗം 6

ഹരി ചന്ദനം: ഭാഗം 6

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“മോനെ ഹരിക്കുട്ടാ നീ വന്നുവോ? ” “അമ്മ ഉറങ്ങീല്ലയിരുന്നോ? ” “ഞാൻ നിന്നെയും കാത്തു ഇരുന്നു ഇത്തിരി മയങ്ങി പോയി? ” “എങ്കിൽ പിന്നെ എന്തിനാ എണീറ്റു വന്നതു? പുറത്തൊക്കെ ലൈറ്റ് കണ്ടത് കൊണ്ട് ഞാൻ ഊഹിച്ചു എന്നെ കാത്തിരിക്കുന്നുണ്ടാവും എന്ന്. ഡോർ തുറക്കാൻ വൈകിയത് കൊണ്ട് കാറിലിരിക്കുന്ന സ്പെയർ കീ എടുക്കാൻ തുടങ്ങുവായിരുന്നു. ” “ഞാൻ ഇവിടെ സോഫയിൽ കിടന്നാ ഉറങ്ങിയേ. നീ വരാതെ കിടന്നാൽ എനിക്ക് സമാദാനം ഉണ്ടാവില്ല. ” “ഈ മുട്ടു വേദനയും വച്ചു തണുപ്പത്തിങ്ങനെ കിടക്കരുതെന്നു പറഞ്ഞിട്ടില്ലേ? അമ്മ മരുന്നൊക്കെ കഴിച്ചോ? ” “ആഹാരവും മരുന്നും ഒക്കെ കഴിച്ചു. നീ വേഗം കുളിച്ചു വായോ.. അമ്മ ഭക്ഷണം എടുത്തു വയ്ക്കാം. ” “ഞാൻ ഫ്ലൈറ്റിൽ നിന്നും കഴിച്ചു.

വയറിൽ ഇനി സ്ഥലം ഇല്ല ” “മ്മ്ഹ്” “ആഹാ അപ്പോഴേക്കും മുഖം വീർപ്പിച്ചോ. എന്റെ പാറൂട്ടിക്കു വേണ്ടി വേണമെങ്കിൽ ഇത്തിരി സ്ഥലം ഉണ്ടാക്കാം. ” “ഞാനെ വേഗം ഫ്രഷ് ആയി വരാം. അമ്മ എല്ലാം എടുത്തു വയ്ക്കു. ” കുളികഴിഞ്ഞ ഉടനെ ഹരി താഴെ എത്തി. പാർവതി അമ്മ പ്ളേറ്റിൽ ചപ്പാത്തിയും കറിയും വിളമ്പി കൊടുത്തു.ആദ്യത്തെ മുറി ചപ്പാത്തി കറിയിൽ മുക്കി ഹരി അമ്മയ്ക്ക് നേരെ നീട്ടി. “ഞാൻ കഴിച്ചതാ മോനെ ” “അത് ഇതുപോലെ അല്ലല്ലോ ഇത് എന്റെ വക സ്പെഷ്യൽ ” സന്തോഷത്തോടെ അവരത് ഏറ്റു വാങ്ങി. യാത്രയുടെ വിശേഷങ്ങൾ ഹരിയും നാട്ടിലെ വിശേഷങ്ങൾ അമ്മയും പങ്കു വച്ചു. “കിച്ചും ദിയയും വിളിച്ചിരുന്നോ. അവർ ഈ ആഴ്ച ഇങ്ങോട്ട് വരുന്നുണ്ടോ? ”

“കിച്ചു നാളെ രാവിലെ ഇങ്ങെത്തും ഇന്ന് അവനെന്തോ പ്രോഗ്രാമുണ്ട് അത് കഴിഞ്ഞു തിരിക്കും.ദിയ വരുന്നില്ലെന്ന് പറഞ്ഞു. അവൾ ഇപ്പൊ വരവൊക്കെ കുറവാ. ഒത്തിരി പഠിക്കാനുണ്ടെന്നു തോന്നുന്നു എന്റെ കുട്ടിക്ക് ” “കിച്ചുവിന് ഒഴിവില്ലെങ്കിൽ അവനു ഈ ആഴ്ച വരാതിരുന്നൂടെ?. “അത് പറ്റില്ല. ഞാൻ ആണ് അവനോടു വരാൻ പറഞ്ഞത്. അവൻ വന്നിട്ടൊരു അത്യാവശ്യം ഉണ്ട് ” “അതെന്താ? ” “അത് നീ ഇപ്പൊ അറിയണ്ട. നാളെ പറയാം ” “സീക്രെട്ട് ആണോ? ” “അതെ. നാളെ രാവിലെ വരെ സീക്രെട്ട് ആണ്.നിനക്ക് വേണ്ടി അമ്മയുടെ വകയുള്ള സർപ്രൈസ് ” ഹരി ആലോചനയുടെ അമ്മയെ നോക്കി. പാർവതി അമ്മ അവനെ കണ്ണ് ചിമ്മി കാണിച്ചു. ഭക്ഷണം കഴിച്ചു എല്ലാം ഒതുക്കി വയ്ച്ചു രണ്ടാളും ഉറങ്ങാൻ കിടന്നു. രാവിലെ താഴെ നിന്നും അമ്മയും കിച്ചുവും തമ്മിലുള്ള സംസാരമാണ് ഹരിയെ ഉണർത്തിയത്.

യാത്രയുടെ ആലസ്യത്തിൽ അല്പം ഉറങ്ങി പോയിരുന്നു.ഹരി എണീറ്റു ഫ്രഷ് ആയി താഴെ ചെന്നപ്പോഴും അമ്മയുടെയും കിച്ചുവിന്റെയും സംസാരം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.എവിടെയോ പോകുന്നതോ ആരെയോ വിളിക്കുന്നതോ ആയ കാര്യങ്ങളാണ് ചർച്ചാ വിഷയം. “ഇതെന്താണ് രാവിലെ തന്നെ രണ്ടാളും കൂടി? ആരെ വിളിക്കുന്ന കാര്യമാ പറയുന്നേ ” “അത് കിച്ചു ഏതോ ഫ്രണ്ടിന്റെ കാര്യം പറഞ്ഞതാ ” “അപ്പോ എവിടെയോ പോണ കാര്യം പറഞ്ഞല്ലോ ” “അതു ഇവനിന്നു ഒരിടം വരെ പൊന്നുണ്ടു അത് പറഞ്ഞതാ ” “പോവുന്ന സ്ഥലത്തിന് പേരില്ലേ? ” “എന്റെ ഏട്ടാ കാണാൻ പോകുന്ന സ്ഥലം പേര് പറഞ്ഞു അറിയിക്കണോ? ” “മനസ്സിലായില്ല ”

“ആദ്യം ഏട്ടൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഒരുങ്ങി സുന്ദരനായി വാ എന്നിട്ട് പറയാം കാര്യങ്ങൾ ഒക്കെ. ” “അതിനു ഞാൻ നിന്റെ കൂടെ എങ്ങും ഇല്ല. എനിക്ക് ഓഫീസിൽ കുറച്ചു അത്യാവശ്യം ഉണ്ട്. കുറച്ചു ദിവസം ഞാൻ മാറി നിന്നത് കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കാവും ” “അതിനു ഓഫീസിൽ ഈ കാര്യം കഴിഞ്ഞും പോവാല്ലോ.കൂടി പോയാൽ ഒരു അരമണിക്കൂർ അത്ര നേരത്തെ കാര്യമേ ഉള്ളൂ. “(അമ്മ ) “അതിനു കാര്യം എന്താണെന്നു ആദ്യം പറ. ” “ശെരി.. ഞാൻ പറയാം “(അമ്മ ) “നിന്റെ യാത്രയ്ക്ക് മുൻപ് നീ എനിക്കൊരു വാക്ക് തന്നിരുന്നു. എന്റെ മോൻ അത് ഓർക്കുന്നുണ്ടല്ലോ അല്ലെ? ” “എനിക്ക് മനസ്സിലാവുന്നില്ല അമ്മേ. നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്? ” “വിവാഹത്തിന് സമ്മതിച്ചു കൊണ്ട് നീ എനിക്ക് വാക്ക് തന്നതല്ലേ ഹരിക്കുട്ടാ? നീ മറന്നുവോ? ” “ഞാൻ മറന്നിട്ടില്ല.

പക്ഷെ അതിപ്പോൾ എന്തിനാ പറയുന്നതു? ” “കാര്യമുണ്ട് ഞങ്ങൾ നിനക്ക് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചു. ഞാനും കിച്ചുവും ദിയമോളും കൂടി പോയി ഞങ്ങൾക്കെല്ലാം ഇഷ്ടായി.ജാതകവും നന്നായി ചേരും. അവർക്കും ഈ ബന്ധം താല്പര്യം ഉണ്ട്. പറഞ്ഞാൽ ചിലപ്പോൾ നീ അറിയും ലക്ഷ്മി ഗ്രൂപ്പിന്റെ എംഡി ഗോവിന്ദമേനോന്റെ ഒരേ ഒരു മകളാണ് ചന്ദന. ആ കുട്ടി ഇപ്പോൾ ഡിഗ്രി സൈക്കോളജി ലാസ്റ്റ് ഇയർ പഠിക്കാണ്. നല്ല കുട്ടിയാണ് എന്റെ മോന് നന്നായി ചേരും.” “അമ്മേ ഇത്ര പെട്ടന്ന് ഇങ്ങനൊരു നീക്കം വേണ്ടിയിരുന്നില്ല. എനിക്കിത്തിരി സാവകാശം വേണമായിരുന്നു. ” “നിന്നോട് ഇന്ന് കല്യാണം കഴിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ അത്രേടം വരെ പോയി ഒന്നു പെണ്ണ് കാണാനല്ലേ പറയുന്നുള്ളു.

നീ ശനിയാഴ്ച വരുമെന്ന് പറഞ്ഞത് കൊണ്ട് അന്ന് ചെല്ലാമെന്നു ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷെ നീ വരാത്തത് കൊണ്ടാണ് ഞങ്ങൾ മൂന്നാളും പോയി കണ്ടു സംസാരിച്ചു വന്നത്. നീ വന്നാൽ ഉടനെ പറഞ്ഞു വിടാമെന്ന് ഞാൻ അവർക്കു വാക്ക് കൊടുത്തത. അത് കൊണ്ട് മോൻ അമ്മയെ നിരാശപ്പെടുത്തരുത്. മാത്രവുമല്ല നീ ഇന്ന് ചെല്ലുമെന്നു കിച്ചു വിളിച്ചു പറയേം ചെയ്തു. ” ഹരി കിച്ചുവിനെ നോക്കി കണ്ണുരുട്ടി. കിച്ചു ഞാനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ തന്റെ ഫോണിലൊട്ടും നോക്കി ഇരുന്നു. ഒന്നും പറയാതെ ഹരി മുകളിലോട്ടു കയറി പോയി. പാർവതിയമ്മയും കിച്ചുവും ഇനിയെന്ത് എന്ന ഭാവത്തിൽ പരസ്പരം നോക്കി. കുറച്ചു കഴിഞ്ഞു റെഡി ആയി വരുന്ന ഹരിയെ കണ്ടു രണ്ടാൾക്കും ആശ്വാസം തോന്നി.

ഹരി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന നേരം കൊണ്ട് കിച്ചു റെഡി ആയി വന്നു. അമ്മയോട് യാത്ര പറഞ്ഞു രണ്ടാളും വീട്ടിൽ നിന്നിറങ്ങി. “അതെ ഹരിക്കുട്ടാ…. പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം കണ്ടെത്തി ഇങ്ങു വരാമെന്ന് വിചാരിക്കണ്ട. ആ പരിപ്പ് ഇവിടെ വേവില്ലാട്ടോ ” പാർവതിയമ്മയുടെ സംസാരം കേട്ടു കിച്ചു ചിരിച്ചു. ഹരിയുടെ രൂക്ഷമായ നോട്ടം വന്നതോടെ അവൻ ചിരി നിർത്തി.കാറിൽ കയറി യാത്ര തിരിക്കുമ്പോൾ ഈ മാര്യേജ് നടക്കില്ലെന്ന ആത്മവിശ്വാസം ഹരിയുടെ മുഖത്ത് നിഴലിച്ചിരുന്നു. ******** രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് പപ്പയുടെ ഫോണിലേക്കു കൃഷ്ണ പ്രസാദിന്റെ കാൾ വരുന്നത്. അവർ ഇന്ന് രാവിലെ തന്നെ ഇങ്ങോട്ടു വരുമെന്ന്.

പിന്നെ എല്ലാവർക്കും ആകെ ഒരു വെപ്രാളമായിരുന്നു. എനിക്കാണെങ്കിൽ ഇത് കേട്ടപ്പോഴേ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. പെട്ടന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് സച്ചുനേം ചാരുനേം വിളിച്ചു വരുത്താൻ പറ്റിയില്ല. എന്നെ ഒന്നു കൂൾ ആക്കാൻ ആരും ഇല്ലല്ലോ എന്നോർത്ത് എനിക്ക് സങ്കടം വന്നു. അവസാനം അവരെ ഫോൺ ചെയ്തു. സച്ചുനെ വിളിച്ചപ്പോൾ ഔട്ട്‌ of റേഞ്ച്. ചാരുനെ വിളിച്ചു പെട്ടന്ന് ഇങ്ങോട്ടു വരുവോന്നു ചോദിച്ചപ്പോൾ അവൾക്കാണെങ്കിൽ ഒടുക്കത്തെ ഡിമാൻഡ്. അവള് കുളിച്ചു റെഡി ആയി വണ്ടി പിടിച്ചു ഇവിടെ എത്തുമ്പോഴേക്കും ചെക്കൻ അയാളുടെ പാട്ടിനു പോവുമെന്ന്. അവസാനം അവളെ രണ്ട് ചീത്തയും പറഞ്ഞു ഫോൺ വച്ചു. വേഗം കുളിച്ചു റെഡി ആയി ഒരു ചുരിദാർ എടുത്തിട്ടു.

ചെറുതായിട്ടൊരു ഒരുക്കവും പാസ്സാക്കി കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി. റൂമിൽ തന്നെ ഇരുന്നാൽ ടെൻഷൻ കൂടി വരും എന്നുള്ളത് കൊണ്ട് താഴെ കിച്ചണിലേക്കു ചെന്നു. ശങ്കുമാമ അടുക്കളയിൽ ജോലിക്കാരി ചേച്ചിയോട് കാര്യമായി എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്നുണ്ട്. ഞാൻ കുറച്ചു നേരം അതൊക്ക നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.ശങ്കുമാമയും പപ്പയും മുൻപിലേക്ക് ഇറങ്ങി ചെന്നു. ******* കിച്ചു പറഞ്ഞു കൊടുത്ത വഴി അനുസരിച്ചു ഹരിയുടെ വണ്ടി ചെന്നു നിന്നതു ഒരു ഇരു നില വീടിന്റെ മുൻപിലാണ്. കാളിങ് ബെൽ അടിക്കാതെ തന്നെ ചന്തുവിന്റെ പപ്പയും മാമയും ഇറങ്ങി വന്നു അവരെ സ്വീകരിച്ചിരുത്തി. പരസ്പരം പരിചയപ്പെട്ടു കുറച്ചു യാത്രയുടെ വിശേഷങ്ങളും ബിസ്സിനെസ്സ് കാര്യങ്ങളും സംസാരിച്ച ശേഷം പെണ്ണിനെ വിളിക്കൻ ധാരണയായി.

ഹാളിലെ സംസാരങ്ങൾ കാതോർത്തു ഇരിക്കുമ്പോഴാണ് ശങ്കുമാമ വന്നു വിളിച്ചത്. എന്റെ മുഖം കണ്ടപ്പോൾ തന്നെ എന്റെ ടെൻഷൻ ആൾക്ക് മനസ്സിലായി.ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു ചായ ട്രേ എടുത്ത് കയ്യിൽ തന്നു . ആളും എന്റെ പിറകെ പലഹാരവുമായി വന്നു.ഹാളിലേക്ക് കടന്നു ചെല്ലുമ്പോൾ തന്റെ ഫോണിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഹരിപ്രസാദിലാണ് എന്റെ കണ്ണുകൾ ചെന്നു പെട്ടത്. ഫോട്ടോയിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് നേരിൽ കാണാനും എന്ന് ഞാൻ ഓർത്തു. ഞാൻ ചായ കപ്പ് നീട്ടിയപ്പോൾ മുഖത്ത് നോക്കാതെ തന്നെ അതെടുത്തു നന്ദി പറഞ്ഞു.കിച്ചു വളരെ മനോഹരമായി എന്നെ നോക്കി ഒന്നു ചിരിച്ചു. എല്ലാവർക്കും ചായ കൊടുത്തു ഞാൻ അല്പം മാറി നിന്നു.

ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് സംസാരിക്കാനുള്ള ഊഴമായി. ആളുടെ മട്ടും ഭാവവും കണ്ടു ആൾ അത് വേണ്ടാന്ന് പറയുമെന്നാണ് ഞാൻ വിചാരിച്ചതു. പക്ഷെ അത് കേൾക്കേണ്ട താമസം ആള് ചാടി എഴുന്നേറ്റു. ഞാൻ ഹാളിന്റെ സൈഡിലായുള്ള റൂമിലേക്ക്‌ നടന്നു. ആള് പുറകെ ഉണ്ടെന്നു കാൽപ്പെരുമാറ്റത്തിലൂടെ എനിക്ക് മനസ്സിലായി. റൂമിൽ കയറി ജനലിനടുത്തായി ഞാൻ ചെന്നു നിന്നു. പുറകിൽ നിന്നു റെസ്പോൺസ് ഒന്നും ഇല്ലാത്തതു കൊണ്ട് തിരിഞ്ഞു നോക്കവേ ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കോരുത്തു.പെട്ടന്ന് ഞാൻ നോട്ടം മാറ്റി കളഞ്ഞു. ആളും വേഗം ഫോൺ എടുത്ത് പിന്നേം കുത്താൻ തുടങ്ങി.എനിക്കത് കണ്ടപ്പോൾ കലി വന്നു.

“ഫോണിൽ കുത്താനാണെങ്കിൽ ഇയാൾക്ക് വീട്ടിലിരുന്നു കുത്തിയാൽ പോരെ കെട്ടി ഒരുങ്ങി ഇങ്ങോട്ടു വരണോ ” എന്റെ ആത്മഗതം കുറച്ചു ഉച്ചത്തിലായി പോയെന്നു “എസ്ക്യൂസ്‌ മീ? ” എന്ന മറു ചോദ്യം വന്നപ്പോൾ മനസ്സിലായി. ഞാൻ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി. കുറച്ചു കൂടി അങ്ങനെ നിന്നപ്പോൾ എനിക്ക് ബോറടിക്കാൻ തുടങ്ങി. ഞാൻ ആളെ ദയനീയമായൊന്നു നോക്കി.ഫോണിൽ നിന്നു കണ്ണ് എടുക്കാതെ ആളുടെ അടുത്ത ചോദ്യം വന്നു. “ഇഫ് യു ഡോണ്ട് മൈൻഡ്……ഇയാളുടെ മൊബൈൽ നമ്പർ തരാമോ? ” ആളുടെ ചോദ്യം കേട്ടു എന്റെ കിളികൾ ഒക്കെ പല വഴിക്ക് പറന്നു. ആള് തലയുയർത്തി എന്റെ നേരെ നോക്കിയപ്പോൾ ഞാൻ വേഗം നമ്പർ പറഞ്ഞു കൊടുത്തു.

അത് ഫോണിൽ ടൈപ്പ് ചെയ്തു ആള് റൂം വിട്ടു പോയി. വൈകാതെ യാത്ര പറഞ്ഞു അവർ ഇറങ്ങി.അവർ പോയി കഴിഞ്ഞപ്പോൾ എന്റെ അഭിപ്രായം ചോദിച്ചു പപ്പയും ശങ്കു മാമയും വന്നു. എന്റെ ഒരു പുഞ്ചിരി കൊണ്ട് തന്നെ അവർക്കു തൃപ്തിയായി. ഉച്ച കഴിഞ്ഞപ്പോൾ വിശേഷങ്ങൾ അറിയാൻ സച്ചുവും ചാരുവും വിളിച്ചു.കാര്യങ്ങൾ ഒക്കെ വിശദമായി കേട്ടപ്പോൾ നേരിട്ടു സംസാരിക്കാൻ മടിയായതു കൊണ്ട് ഫോൺ വിളിച്ചു സംസാരിക്കാനാവും പ്ലാൻ എന്ന് അവര് പറഞ്ഞു. എനിക്ക് പക്ഷെ അങ്ങനെ തോന്നിയില്ല. പിന്നേം വേറെ എന്തൊക്കെയോ പറഞ്ഞു എന്നെ കുറേ കളിയാക്കി നാളെ കാണാമെന്നു പറഞ്ഞു അവർ ഫോൺ വച്ചു. നാളെ ഞങ്ങൾ കോളേജിൽ പോവാൻ പ്ലാൻ ചെയ്തിരുന്നു.

മെയിൻ എക്സാം അല്ലെ വരുന്നത് അതിനു മുൻപ് ലൈബ്രറിയിൽ പോയി റഫറൻസ് ബുക്ക്‌ ഒക്കെ കലക്ട്ട് ചെയ്യണം. വൈകിട്ടു പപ്പ ആളുടെ അമ്മയെ വിളിച്ചു നിശ്ചയത്തിനായി കണ്ടു വച്ച തീയ്യതികൾ പറഞ്ഞു കൊടുത്തു.സൗകര്യപൂർവ്വം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പൂർണമായി പപ്പാ അവർക്കു നൽകി.രാത്രി കിടക്കുമ്പോൾ ആളെ കുറിച്ചായിരുന്നു എന്റെ ചിന്ത. താല്പര്യമില്ലാത്ത രീതിയിലുള്ള ആളുടെ സംസാരം എന്നിലൊരു ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. എന്റെ നമ്പർ വാങ്ങിയത് എന്തിനായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഒരിക്കലും സച്ചുവും ചാരുവും പറഞ്ഞപോലൊരു സംസാരത്തിനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ചന്തുവിന്റെ വീട്ടിൽ നിന്നിറങ്ങി കിച്ചുവിനെ വീടിന്റെ ഗേറ്റിൽ ഇറക്കി ഹരി നേരെ ഓഫീസിലേക്കാണ് പോയത്. കുറച്ചു ദിവസം മാറി നിന്നതിനാൽ ഓഫീസിൽ ഒത്തിരി തിരക്കുകൾ ഉണ്ടായിരുന്നു. രാത്രി ലേറ്റ് ആയി വീട്ടിലെത്തുമ്പോളും പതിവുപോലെ അമ്മ കാത്തിരിപ്പുണ്ട്.ഫ്രഷ് ആയി വന്നു ഭക്ഷണം കഴിക്കുമ്പോൾ കിച്ചു പറഞ്ഞു കൊടുത്ത കാര്യങ്ങൾ അമ്മ പറയുന്നുണ്ടായിരുന്നു.അമ്മയുടെ സെലെക്ഷൻ ഇഷ്ടമായോ എന്ന അവസാനത്തെ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു ഹരിയുടെ മറുപടി. രാവിലെ ജോഗിങ് കഴിഞ്ഞ് ഫ്രഷ് ആവാൻ മുകളിലേക്കു പോകാൻ തുടങ്ങുമ്പോൾ ഹരിയെ വിളിച്ചു അമ്മ അടുത്തിരുത്തി.

“അമ്മയ്ക്ക് മോനോട് കുറച്ചു സംസാരിക്കാനുണ്ട്. ഇന്നലെ തന്നെ പറയണമെന്ന് വിചാരിച്ചതാ പക്ഷെ മോൻ ഓഫീസിൽ നിന്നും വരാൻ ലേറ്റ് ആയതു കൊണ്ട് വേണ്ടെന്നു വച്ചു. ഇന്നലെ ചന്ദനയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു.നിശ്ചയത്തിനു രണ്ടു തീയ്യതികൾ കണ്ടിട്ടുണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുത്തോളാൻ നമ്മളോട് പറഞ്ഞിരിക്കയാണ്. മോനും കൂടി നോക്കിയിട്ട് സൗകര്യമുള്ള ഒരു ഡേറ്റ് ഫിക്സ് ചെയ്യു. ” “നിശ്ചയം എന്ന് പറയുമ്പോൾ… എന്തിനാ ഇത്ര തിരക്ക്? ” “അത് ഞാൻ മോനോട് പറയാൻ വിട്ടു. ആ കുട്ടീടെ അച്ഛൻ ഒരു ഹാർട്ട്‌ പേഷ്യന്റ് ആണ്. അദ്ദേഹത്തിന് ഉടനെ ഒരു മേജർ സർജറി ഉണ്ട്. അതും അങ്ങ് യു എസ്സിൽ വച്ചു. ഉടനെ തന്നെ അവർക്കു അങ്ങോട്ടേക്ക് പോകേണ്ടി വരും.

അപ്പോൾ അതിനു മുൻപേ ഈ മാര്യേജ് തടത്തണം എന്നാണ് അവർക്ക്. ” “എന്തിനാ അങ്ങനെ ഒരു ഡിസിഷൻ. ഓപ്പറേഷൻ കഴിഞ്ഞും മാര്യേജ് ആവാല്ലോ. ” “ആൾക്ക് കുറച്ച് സീരിയസ് ആണെന്നാ തോമസ് പറഞ്ഞത്. എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് മകളുടെ വിവാഹം കാണാൻ ഉള്ള ആഗ്രഹത്തിന്റെ പുറത്തു തുടങ്ങിയ ആലോചന ആണ്. അതുമല്ല അവർ പോയി വരുന്നത് വരെ കാത്തിരുന്നാൽ ഒത്തിരി വൈകും. അതുകൊണ്ട് മുൻപേ മാര്യേജ് നടത്തുന്നത് തന്നെയാണ് നല്ലത്. ” ഹരി എല്ലാം കേട്ട് ഒന്നമർത്തി മൂളി.മുകളിൽ ഫ്രഷ് ആയി വന്ന ഉടനെ അയാൾ ചന്തുവിന്റെ നമ്പറിൽ കാൾ ചെയ്തു. *

രാവിലെ ഒരുങ്ങി ചാരുവിന്റെ വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് മൊബൈൽ റിംഗ് ചെയ്തത്. എടുത്ത് നോക്കിയപ്പോൾ അൺനോൺ നമ്പർ. കാൾ അറ്റൻഡ് ചെയ്തപ്പോൾ അപ്പുറത്ത് നിന്നും ഘാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം കേട്ടു. “ഹലോ ഇതാരാണെന്നു പറയു ” “ഞാൻ ഹരി പ്രസാദ് ആണ് ” അപ്രതീക്ഷിതമായി അയാളെന്നെ വിളിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി. “ഹലോ ചന്ദന ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ” “യെസ് പറയു ” “ഇയാൾ ഇന്ന് ഫ്രീ ആണോ? ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊന്നു സംസാരിക്കണമായിരുന്നു. ” “ഞാൻ ഇപ്പൊ കോളേജിലേക്ക് പോവയാണ്. ഉച്ചയ്ക്ക് ശേഷം ഫ്രീ ആണ്. ” “Ok. ഞാൻ വിളിക്കാം. ” കോളേജിന്റെ പേര് പറഞ്ഞു കൊടുത്തു കാൾ കട്ട് ചെയ്ത ശേഷം ബാഗുമെടുത്തു ചാരുവിന്റെ വീട്ടിലേക്ക് പോയി.

സച്ചു പഠിപ്പിസ്റ് ആയതിനാൽ ലൈബ്രറിയിലെ ഒരു വിധം ബുക്സ് ഒക്കെ ഫൈനും ഫൈനിനു മുകളിൽ ഫൈനും ആയി അവന്റെ റൂമിൽ കിടപ്പുണ്ട്.മിക്കവാറും ഈ പ്രാവശ്യം ഫൈൻ അടയ്ക്കാൻ അവന്റെ വീടിന്റെ ആധാരം പണയം വയ്‌ക്കേണ്ടി വരും.എങ്കിലും ഇന്നലെ വിളിച്ചപ്പോൾ ഇന്ന് കൂടെ വരാമെന്ന് പറഞ്ഞെങ്കിലും ഇന്ന് രാവിലെ ചില സാങ്കേതിക കാരണങ്ങളാൽ വരുന്നില്ലെന്ന് മെസ്സേജ് അയച്ചിരുന്നു .ചാരുവിന്റെ വീട്ടിൽ പോയി ഹരി പ്രസാദ് വിളിച്ച കഥയൊക്കെ അവളോടു പറഞ്ഞപ്പോൾ ഞാൻ ഇതൊക്കെ മുൻപേ പറഞ്ഞില്ലേ എന്ന മട്ടിൽ എന്നെ നോക്കി ഒന്നാക്കി. അവിടെ നിന്നും ഇത്തിരി കത്തിയടിച്ച ശേഷം നേരെ കോളേജിലേക്ക് വിട്ടു.

ഒരു വിധം എല്ലാ കുട്ടികൾക്കും സ്റ്റഡി ലീവ് ആയതു കൊണ്ട് കോളേജ് വളരെ വിജനമായിരുന്നു. ഞങ്ങളെ പോലെ വേറെ ചില ആവശ്യങ്ങൾക്ക് വന്ന കുട്ടികൾ മാത്രം. ബുക്‌സൊക്കെ തിരഞ്ഞു സമയം പോയതറിഞ്ഞില്ല. ലൈബ്രറിയിൽ നിന്നിറങ്ങി ക്യാന്റീനിൽ പോയി ഒരു ജ്യൂസ്‌ കുടിക്കുമ്പോഴേക്കും ആളുടെ കാൾ വീണ്ടും വന്നു. “ഹലോ ചന്ദന ഇത് ഹരി പ്രസാദ് ആണ്. ഞാൻ ഇപ്പൊ താൻ പറഞ്ഞ കോളേജിന് മുൻപിൽ ഉണ്ട്. ” “നിങ്ങൾ കയറി വന്നോളൂ ” “പക്ഷെ… ” “ഇപ്പോൾ സ്റ്റഡി ലീവ് ആയതു കൊണ്ട് കുട്ടികൾ നന്നേ കുറവാണു. പിന്നെ സെക്യൂരിറ്റിയും ഇന്നില്ല. കാർ പുറത്തു വച്ചു ഇയാൾക്ക് അകത്തു വരാം. ” “Ok ” ചാരുനേ ക്യാന്റീനിൽ വെയിറ്റ് ചെയ്യിപ്പിച്ചു ഞാൻ ആളെ കാണാനിറങ്ങി.ആള് ഗേറ്റിനു മുൻപിൽ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.

ആളെ കൈ വീശി കാണിച്ചു ഞാൻ അടുത്തുള്ള ഗുല്മോഹറിന് ചുവട്ടിലേക്ക് നടന്നു.ആളെന്തിനാണ് സംസാരിക്കാനുണ്ടെന്നു പറഞ്ഞെതെന്നു ആലോചിച്ചിട്ട് എനിക്കൊരൂഹവും കിട്ടുന്നുണ്ടായിരുന്നില്ല. മുൻപേ എത്തി തിരിഞ്ഞു നോക്കുമ്പോഴേക്കും ആളെന്റെ തൊട്ടു പുറകെ എത്തിയിരുന്നു.ആള് നിന്നു പരുങ്ങുന്നതു കണ്ടതോടെ ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി. “എന്തിനാണ് കാണണം എന്ന് പറഞ്ഞത്? ” “അത്….. താൻ എനിക്ക് ഒരു ഹെല്പ് ചെയ്യണം ” “എന്താണെന്ന രീതിയിൽ ഞാനൊന്നു പുരികം ചുളിച്ചു.താൻ ഈ വിവാഹത്തിൽ നിന്നു പിന്മാറണം. ” എനിക്ക് പ്രത്യേകിച്ചു ഞെട്ടലൊന്നും വന്നില്ല.

ഞാൻ ഇരു കൈകളും മാറിൽ പിണച്ചു ആളേ ഉറ്റു നോക്കി കൊണ്ടിരുന്നു. “താൻ ഒന്നും വിചാരിക്കരുത്. എന്റെ അസാന്നിധ്യത്തിൽ ഇത്രയൊക്കെ ഇവിടെ സംഭവിക്കുമെന്ന് അറിഞ്ഞില്ല.തന്നെ ഇതിലേക്ക് വലിചിഴച്ചതിന് ആദ്യമേ സോറി. എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല. ഈ വിഹാഹത്തിനെന്നല്ല ഒരു വിവാഹത്തിനും. ഞാൻ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തു പോയി. അമ്മയെ ഇന്നേവരെ ഞാൻ എതിർത്തിട്ടില്ല. So പ്ലീസ്‌ താൻ തന്നെ മുൻകൈ എടുത്ത് പിന്മാറി തരണം. അതിനു തനിക്കു എന്ത് കാരണം വേണമെങ്കിലും കണ്ടെത്താം നോ പ്രോബ്ലം. എനിക്ക് കുറച്ച് പേർസണൽ ഇഷ്യൂസ് ഉണ്ട്. ഒരിക്കലും എനിക്ക് നല്ലൊരു ഹസ്ബൻഡ് ആവാൻ കഴിയുമെന്ന് തോന്നുന്നില്ല.so പ്ലീസ് താൻ എന്നെ സഹായിക്കില്ലേ? ”

“സാധ്യമല്ല” “Why ” “Because നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് വാക്ക് കൊടുത്ത പോലെ ഞാൻ എന്റെ പപ്പയ്ക്കും വാക്ക് കൊടുത്തു. മാത്രമല്ല ഇന്നലെ നിങ്ങളുടെ അമ്മ വിളിച്ചപ്പോൾ സമ്മതം അറിയിക്കുകയും ചെയ്തു. So അതൊന്നും മാറ്റി പറയാൻ എനിക്ക് കഴിയില്ല. I’m സോറി. ” “ബട്ട്‌ എന്റെ കൂടെ ഒരു വിവാഹ ജീവിതം ഒരിക്കലും തനിക്കു തൃപ്തികരമായിരിക്കില്ല. So പ്ലീസ് try to അണ്ടർസ്റ്റാൻഡ്. ” അത്രയും പറഞ്ഞു ആള് നിന്നു കിതച്ചു. ആൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.എന്നെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ആള് തിരിഞ്ഞു നടക്കാനൊരുങ്ങി. “ഒന്നു നിൽക്കു.” ഞാൻ വേഗം ബാഗ് തുറന്നു മെഡിക്കൽ റിപോർട്സ് അടങ്ങിയ ഫയൽ കയ്യിലെടുത്തു.

“ഇത് കൂടി കൊണ്ടു പോയിക്കൊള്ളൂ ” ആള് ഫയലിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. “ഇത് തന്റെ കയ്യിൽ എങ്ങനെ? അമ്മ തന്നെ കാണാൻ വന്നുവോ? ” “യെസ്… അമ്മ മാത്രമല്ല ഡോക്ടർ ഷേർളിയും. ” ആള് വേഗം ആ ഫയൽ എന്റെ കയ്യിൽ നിന്നു തട്ടിപ്പറിച്ചെടുത്തു തിരിഞ്ഞു നടന്നു. പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ തിരിഞ്ഞു നിന്നു എന്നോടായി പറഞ്ഞു. “മിസ് ചന്ദന എന്റെ ഭാര്യ പദവി തനിക്കത്ര എളുപ്പമാകില്ല.താൻ ഒന്നു കൂടി ശെരിക്കു ആലോചിക്കൂ “…തുടരും

ഹരി ചന്ദനം: ഭാഗം 5

Share this story