അദിതി : ഭാഗം 1

അദിതി : ഭാഗം 1

എഴുത്തുകാരി: അപർണ കൃഷ്ണ

അമ്മയ്ക്കും അപ്പാക്കും ടാറ്റാ പറഞ്ഞു ചെക്ക് ഇൻ ചെയ്തു. ഫ്ലൈറ്റിൽ കേറിയപ്പോൾ ഒരു ആയുഷ്കാലം കണ്ട സ്വപനം സ്വായത്തമാക്കിയ സന്തോഷമായിരുന്നു. മനസ്സിൽ നടക്കുന്ന സംഭാഷണങ്ങളുടെ ആധിക്യം കാരണമോ എന്തോ ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ലായിരുന്നു. റൺവേയിൽ നിന്ന് വിമാനം ഒരു കുലുക്കത്തോടെ പറന്നുയർന്നു. ചെറിയൊരു കുലുക്കം വിമാനം ഒന്ന് തിരിഞ്ഞ പോലെ…………….. ദൈവമേ വിമാനം ഒരു യൂ ടേൺ എടുത്തപ്പോളെക്കും കാർ ആയി മാറിയോ?????

ഞാൻ പെട്ടെന്ന് ചാടി എണീറ്റ്. ഓഹ് സ്വപ്നമായിരുന്നല്ലേ! ശെടാ സ്വപ്നമാണെങ്കിൽ പോലും ഇത്തരം ഊളത്തരം കാണിച്ചു തരേണ്ട വല്ല കാര്യോം ഉണ്ടോ, ഇതിനി ആരോടേലും പറഞ്ഞാൽ പിന്നെ അതുമതി മനുഷ്യനെ കളിയാക്കി കൊല്ലാൻ. ശ്ശെ എന്നാലും എന്റെ വിമാനം കാർ ആയി പോയതെങ്ങനെയാ. … അല്ലേലും ഞാൻ രാത്രി കാണുന്ന സ്വപ്‌നങ്ങൾ ഏകദേശം ഇങ്ങനെ കിളി പോയ ടൈപ്പ് ആണ്, ഫോർ എക്സാംബിൽ ഒരു നിലകെട്ടിടത്തിന്റെ അത്രയും ഉയരം ഉള്ള ഒരു ആനയെ സ്വപ്നം കണ്ടു കുറച്ചു കഴിമ്പോ അത് പശു ആയി മാറും. പാവം ഞാൻ! ബെഡിൽ കുത്തിയിരുന്ന് കണ്ട സ്വപ്നത്തിന്റെ പറ്റി ആലോചിച്ചോണ്ടിരുന്നപ്പോൾ ആണ് തലയിൽ ബൾബ് കത്തുന്നത്.

കർത്താവെ ഇന്നല്ലേ കോളേജിൽ ഫസ്റ്റ് ഡേ. ആദ്യദിനം തന്നെ താമസിക്കോ. പിന്നെ ഓർക്കാൻ ഒന്നും സമയം ഉണ്ടായിരുന്നില്ല, ഞാൻ ചാടി എഴുന്നേറ്റു കുളിമുറിയിലേക്ക് ഓടി. ഒരു കാക്ക കുളീം പാസ് ആക്കി നേരെ ഡൈനിങ്ങ് റൂമിലേക്ക് വച്ച് പിടിച്ചു. “അമ്മാ മൈ ചായ തായോ” ഒരു വല്ലാത്ത നോട്ടത്തോടെ നമ്മട അമ്മമഹാറാണി ചായേം കൊണ്ട് മുന്നിൽ വച്ചു. “ശെടാ എന്നാലും എന്നെ വിളിക്കാഞ്ഞേ എന്താ അമ്മെ ഞാൻ ഓർത്തില്ല ഇന്ന് കോളേജിൽ പോകുന്ന കാര്യം” “ആഹാ നീ എന്നോട് തന്നെ പറ രാവിലെ ആറുമണിക്ക് നിന്നെ വിളിച്ചു ഉണർത്തിയതല്ലേ ഞാൻ, തിരികെ ഞാൻ പോന്ന തക്കം നോക്കി നീ വീണ്ടും കിടന്നു അല്ലേ,

കർത്താവെ ഇങ്ങനെ ഒരു സാധനം ആണല്ലോ നീ എനിക്കായി കരുതി വച്ചിരുന്നത്. ….” ആഹ് സംഭവം ശെരിയാ ഒരു സ്വപ്നം കണ്ടു കിടന്നപ്പോളാ ‘അമ്മ വന്നു വിളിച്ചത്, അതിന്റെ ക്ലൈമാക്സ് കാണാൻ വേണ്ടി വെറുതെ ഒന്ന് കണ്ണടച്ച് കിടന്നു നോക്കിയതാ പിന്നെ ഉണർന്നത് ഏഴരക്ക്. ഇനിയും സംസാരിച്ചാൽ അമ്മ ഭരണിപ്പാട്ട് തുടങ്ങും, അതുകൊണ്ടു പുള്ളിക്കാരിയെ ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണു ഞാൻ ഒരു ഉമ്മ കൊടുക്കാന്നു വച്ചതു. ദോശ ചുടുന്ന അമ്മയെ പുറകെ പോയി കെട്ടി പിടിച്ചതും ‘അമ്മ എന്റെ നേരെ മുഖം തിരിച്ചതും ഒന്നിച്ചായിരുന്നു, ചൂട് ചട്ടുകം വച്ച് ചന്തിക്കിട്ടു ഒരൊറ്റ വീക്ക്,

തുണി ഉണ്ടായ കൊണ്ട് കൊള്ളാം. രാവിലെ അമ്മക്കിതു എന്ത് ബാധ എന്നും വിചാരിച്ചു ഞെട്ടി നിന്ന എന്നോട് ‘അമ്മ ഒരൊറ്റ അലർച്ചയായിരുന്നു… “പോയി പല്ലു തേക്കെടി”…… ഹ ഹ ഹഹ അപ്പയുടെ പൊട്ടിച്ചിരിയാണ് പുറകിൽ നിന്ന്, ഞാൻ ആകപ്പാടെ പ്ലിങ്ങി പോയി. സംഭവം കുളിക്കാനുള്ള തിരക്കിൽ പല്ലുതേപ്പിനെ പറ്റി ഞാൻ മറന്നു പോയിരുന്നു. ഇനിയും അവിടെ നിന്നാൽ കെട്ടിയോനും കെട്ടിയോളും കൂടെ എന്നെ പഞ്ഞിക്കിട്ട് നാറ്റിക്കും എന്നറിയാവുന്ന കൊണ്ട് ഞാൻ നേരെ പല്ലുതേക്കാൻ വേണ്ടി വച്ച് പിടിച്ചു. “ദൈവമേ ഈ പെണ്ണു എന്നെ കേൾപ്പിക്കുമല്ലോ, അതെങ്ങനാ തന്തേടെ അല്ലെ മോൾ” പുറകിൽ അമ്മയുടെ ആത്മഗതം നല്ല ഉച്ചത്തിൽ തന്നെ കേൾക്കുന്നുണ്ടായിരുന്നു.

“അതിനു എന്റെ മോൾ എന്നെ പോലെ അല്ലാണ്ട് നിന്റെ അപ്പനെ പോലെ ഇരിക്കോടി കാഞ്ഞിരപ്പളളിക്കാരി അന്നാമ്മേ” അപ്പ ചിരിയോടെ പറഞ്ഞു….. ആഹ് അതൊക്കെ കെട്ടിയോന്റേം കെട്ടിയോളേം ഡിപ്പാർട്ടുമെന്റ്, നമ്മളെന്തിനാ അതൊക്കെ കേൾക്കുന്നത്. വെറുതെ പണി വാങ്ങി കൂട്ടാൻ…….. നമ്മക്കു നമ്മടെ കാര്യം നോക്കിയാ പോരെ, ഞാൻ അലീന ആൻ അലോഷ്യസ്, പാലാക്കാരൻ അലോഷ്യസിന്റെയും കാഞ്ഞിരപ്പള്ളിക്കാരി അന്ന കുരുവിളയുടേയും ഒരൊറ്റ സന്താനം. എന്റെ കൈയിലിരിപ്പിനനുസരിച് അമ്മ ഓരോ നേരോം ഓരോ പേരിട്ടു വിളിക്കുമെങ്കിലും അപ്പക്കു ഞാൻ എപ്പോളും അല്ലി മോൾ ആണ്.

അമ്മേം അപ്പേം നല്ല ഉശിരൻ പ്രേമത്തിനൊടുവിൽ വീട്ടുകാരേം നാട്ടുകാരേം ഒക്കെ വെല്ലുവിളിച്ചു ഒന്നിച്ചവരായിരുന്നു, രണ്ടു അവർ തമ്മിൽ ജാതി മതം സാമ്പത്തികം ഇത്യാദി പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിലും സ്വയം ജീവിത പങ്കാളിയെ തിരഞ്ഞെടുത്തത് ആർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. എന്നിട്ടെന്തായി ഞാൻ ജനിച്ചതോടെ എല്ലാവരും പിണക്കം ഒക്കെ മറന്നു ഒന്നായി, ഇപ്പൊ എല്ലാരും ഹാപ്പിയാ. കുടുംബ പുരാണം പറഞ്ഞു അധികം ബോറടിപ്പിക്കുന്നില്ല, സംഭവം ഇന്ന് എന്റെ ആദ്യത്തെ കോളേജ് ഡേ ആണ്, പിജി ഒന്നാം വര്ഷം ക്ലാസ് ഇന്ന് തുടങ്ങുന്നു.

അതിനു എന്താ പ്രതേകത എന്ന് ചോദിച്ചാൽ ഞാൻ നാലാം ക്ലാസ് കഴിഞ്ഞിട്ട് ഇപ്പൊ വീണ്ടും മിക്സഡ് ആയി പഠിക്കാൻ പോകുവാണ്. എന്റെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ട് അമ്മയുടെ നിർബന്ധം ആയിരുന്നു പെൺപിള്ളാരുടെ ഇടയിൽ ഇത്രയും നാൾ തളച്ചിട്ടത്. കയ്യിലിരിപ്പ് എന്ന് പറയുമ്പോൾ വേറെ ഒന്നും കരുതണ്ട കേട്ടോ, എനിക്ക് ആണേൽ അടി വയ്ക്കാൻ ഭയങ്കര ഇഷ്ടമാ…. ഒന്ന് പറഞ്ഞു അടുത്തെന് അടി കൊടുത്തും വാങ്ങിയും ഒക്കെ ഞാൻ എൽ പി സ്കൂളിൽ അര്മാദിച്ചു നടക്കുന്നെന്റെ ഇടയിൽ അമ്മക്ക് കുറച്ചൊന്നുമല്ല പരാതികൾ കേൾക്കേണ്ടി വന്നത്………

കൂടുതലും ആൺപിള്ളേരുമായി അടിപിടി ഉണ്ടാക്കിയതിന്. അതുകൊണ്ട് അടുത്ത വര്ഷം എന്നെ കൊണ്ട് ഗേൾസ് സ്കൂളിൽ ചേർത്തുകളഞ്ഞു. എന്നിട്ടെന്തായി, നിങ്ങള് പേടിക്കണ്ട ഞാൻ നന്നായില്ല, അവിടേം അടിച്ചു പൊളിച്ചു തന്നെ നടന്നു. സ്കൂളിനകത്തു ചെക്കന്മാരില്ലാത്ത വിഷമം പുറത്തു വരുമ്പോൾ കാണുന്ന പൂവാലൻ തെണ്ടികൾക്കു നേരെ പറഞ്ഞു തീർത്തു. കോളേജ് ആയപ്പൊളേക്കും ‘അമ്മ നഗരത്തിലെ പ്രശസ്തമായ വിമൻസ് കോളേജ് ആണ് എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്. എനിക്ക് വല്യ വിഷമം ഒന്നും ഉണ്ടായില്ല, സിസ്റ്റർസ് നടത്തുന്ന ആ കോളേജിലും എനിക്ക് എന്റർടൈൻമെന്റിനു യാതൊരു കുറവും ഇല്ലാതെ കഴിഞ്ഞു പോയി.

എന്നാൽ പെൺപിള്ളാരുടെ കൂടെ മാത്രം പഠിച്ചു ഞാൻ കൂടുതൽ അലമ്പും അഹങ്കാരിയും ആയെന്നു ‘അമ്മ കണ്ടുപിടിച്ചതിന്റെ ഫലമായി എന്നെ കുറച്ചു മര്യാദ പഠിപ്പിക്കാം എന്ന ഉദ്ദേശത്തോടെ ആണ് ഇപ്പോൾ ഈ കോളേജിലേക്ക് അയച്ചത്. അങ്ങനെ പല വര്ഷങ്ങള്ക്കു ശേഷം ഞാനിതാ വീണ്ടും എംകോം വിദ്യാർത്ഥിനി ആയി മിക്സഡ് കോളേജിലേക്ക് …….. ഓഹോ എന്തൊരു സന്തോഷം എന്തൊരു ഉത്സാഹം…….. ഇതൊക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല, ദേ ഞാൻ എത്തി കേട്ടോ. അപ്പ കൂടെ അകത്തേക്ക് വരാം എന്ന് പറഞ്ഞെങ്കിലും അത് സ്നേഹപൂർവ്വം നിരസിച്ചു ടാറ്റ പറഞ്ഞു യാത്ര ആക്കുമ്പോൾ അപ്പ കള്ള ചിരിയോടെ എന്നെ നോക്കി……..

“അല്ലു, നിന്റെ അമ്മ അന്നാമ്മ എന്നെ എടുത്തിട്ട് പെരുമാറുന്ന രീതിയിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കിയേക്കല്ല് കേട്ടോ, നീ നന്നാകും എന്ന് പറഞ്ഞാ ഞാൻ ഈ കോളേജിൽ പഠിപ്പിക്കാൻ അവളെ കൊണ്ട് സമ്മതിപ്പിച്ചത്” “ഇല്ലപ്പാ എന്റെ പഞ്ചാരയപ്പയല്ലേ ഞാൻ ഒരു കുഴപ്പോം ഉണ്ടാക്കില്ല, അപ്പ ധൈര്യമായി പൊക്കോ, ഞാൻ ഏറ്റു” ഞാൻ പറഞ്ഞു….. “അതെ അങ്കിളേ, അങ്കിളിന്റെ മോൾടെ കാര്യം ഞങ്ങൾ ഏറ്റു” ന്റെ അതെ ടോണിൽ ഏതൊക്കെയോ ചെക്കമ്മാർ പറഞ്ഞതായിരുന്നു അത്. ഞാൻ ഏറെക്കുറെ അത്ഭുതത്തോടെയും തിരിഞ്ഞു നോക്കി, ശ്ശെടാ എല്ലാം ഞാനൂലുകൾ നശിപ്പിച്…

ഞാൻ അപ്പയെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ മനസു വായിച്ചതു പോലെ ആ മുഖത്തു ചിരിയായിരുന്നു….. takecare മോളു അപ്പ കാർ ഒരു ചെറു ചിരിയോടെ മുന്നോട്ടെടുത്തു പോകുന്നെനു മുൻപ് എന്റെ കാര്യം ഏറ്റെടുത്ത പീക്കിരികളെ നോക്കി കൈ കാണിക്കാനും മറന്നില്ല……. വലതു കാലും വച്ച് കോളേജിനുള്ളിലേക്കു കേറുമ്പോൾ എന്റെ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു, ഇതിന്റെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം ആണെന്ന്, എന്നെ കാത്തു കുറെ അത്ഭുതങ്ങൾ അവിടെ ഉണ്ടെന്നു.. തുടരും

Share this story