അത്രമേൽ: ഭാഗം 1

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ലെറ്റസ്‌….ബ്രേക്ക്അപ്പ്…ഇച്ചായാ….” പറഞ്ഞു കഴിഞ്ഞ് തന്റെ പൊട്ടിക്കരച്ചിൽ മറുപുറത്ത് വ്യക്തമായി കേൾക്കാനായി അവൾ ഫോണിന്റെ ഹെഡ്സെറ്റ് ഒന്ന് കൂടി ചുണ്ടോട് ചേർത്ത് പിടിച്ചു. “ഇച്ചായാ ഞാൻ പറഞ്ഞില്ലേ…ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ചത്തുകളയുമെന്നാ അമ്മ പറയണേ…ഞാൻ ഇനി എന്ത് ചെയ്യും… ഒരു അന്യമതക്കാരന് ഒരിക്കലും എന്നെ കൈപിടിച്ച് കൊടുക്കില്ലത്രേ…” മറുപുറത്ത് നിന്ന് മറുപടി കേൾക്കുന്നതോടൊപ്പം അവൾ കരച്ചിലിന്റെ ആക്കം കൂട്ടിക്കൊണ്ടിരുന്നു. “ഇച്ചായൻ ഇങ്ങനെ വിഷമിക്കാതെ…നമുക്ക് ഈ ജന്മം ഒരുമിച്ചൊരു ജീവിതം വിധിച്ചിട്ടില്ല.

പക്ഷെ വരുന്ന ജന്മങ്ങളിൽ ഇച്ചായൻ ഈ വർഷയുടെ മാത്രം ആയിരിക്കും. അല്ലെങ്കിൽ തന്നെ ഈ ജന്മം എല്ലാ അർത്ഥത്തിലും ഒന്നിച്ചവരല്ലേ നമ്മൾ…ഇനി എന്റെ ജീവിതത്തിലേക്ക് ആരെങ്കിലും കടന്നു വന്നാൽ തന്നെ എന്റെ മനസ്സ് എന്നും ഇച്ചായന്റെ അടുത്തായിരിക്കും…ഐ ലവ് യു സോ മച്ച് ഇച്ചായാ… ഐ വിൽ മിസ്സ്‌ യു…. ഗുഡ് ബൈ….” കാൾ കട്ട്‌ ചെയ്ത് നമ്പർ ബ്ലോക്ക്‌ ചെയ്ത് കഴിഞ്ഞാണ് അവളൊന്നു ശ്വാസം നേരെ വിട്ടത്…മുഖം അമർത്തി തുടച്ച് ഫോണുമായി കിടക്കയിലേക്ക് വീണു… ഗാലറി തുറന്ന് ദർശന്റെ ചിരിക്കുന്ന മുഖത്തേക്ക് കണ്ണും നട്ടിരുന്നു… “ഇനി വർഷയുടെ ജീവിതത്തിൽ നിങ്ങൾ മതി ദർശേട്ടാ…

അല്ലെങ്കിലും ഒരു തുക്കടാ ഗസ്റ്റ്‌ ലക്ചററേക്കാളും എന്ത് കൊണ്ടും എനിക്ക് ചേരുന്നത് ഒരു ഡോക്ടർ തന്നെയാ… കല്യാണം കഴിഞ്ഞ് കൽക്കട്ടയിൽ പാറിപ്പറന്ന് ജീവിക്കണം എനിക്ക്… പകരമായി മറ്റാർക്കും നൽകാത്തൊരു പദവി ഞാൻ നിങ്ങൾക്ക് തരും.. എന്റെ ഭർത്താവുദ്യോഗം.” പുച്ഛത്തോടെ സ്വൊയം പറഞ്ഞവൾ സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോ ഒന്നുകൂടി സൂം ചെയ്തു…. പിന്നീടെപ്പോഴോ താഴെ നിന്നുള്ള ബഹളം കേട്ട് ജനാലരികിൽ വന്ന് അഴികളിൽ കൈ വച്ച് പതിയെ താഴേക്ക് നോക്കി… ❤️❤️❤️❤️❤️

“അയ്യോ തല്ലല്ലേ ചെറിയമ്മേ…. സത്യായിട്ടും ഗോപുന് വിശന്നിട്ടാണെ….ഇനി താഴെ വീണ ചാമ്പങ്ങ മാത്രമേ ഗോപു കഴിക്കുള്ളൂ…” വലിയവായിൽ കരയുന്നതിനൊപ്പം വായിൽ നിന്നും പാതി ചവച്ചരച്ച ചാമ്പ കഷണങ്ങൾ തെറിച്ചു പോയി…അടിയുടെ ആഘാതത്തിൽ കയ്യിൽ മുറുക്കെ പിടിച്ച ചാമ്പങ്ങകൾ പേടിച്ചരണ്ട പോലെ ചിന്നിചിതറി വെറും മണ്ണിലൂടെ ഉരുണ്ടു പോവുന്നതവൾ വിഷമത്തോടെ നോക്കി.. “അസത്തെ…. എന്റെ കുഞ്ഞിന് കൊടുക്കാൻ പക്ഷികളും പ്രാണികളും വരാതെ പൊതിഞ്ഞു വയ്ച്ചതാ ഞാൻ… അതും വന്ന് പറിച്ചു തിന്നല്ലോ…ആർത്തിപണ്ടാരം..”

ചെമ്പരുത്തി വടികൊണ്ടവളെ ഓങ്ങിയടിച്ചവർ ചീറി… “രാവിലെ ഗോപുന് മാത്രം ദോശ തന്നില്ലല്ലോ…. മാവ് കഴിഞ്ഞെന്ന് ചെറിയമ്മയല്ലേ പറഞ്ഞെ… അതോണ്ടല്ലേ ഗോപുന് വെശന്നെ…” “എന്ന് കരുതി കട്ട് തിന്നുവോടീ നീ…. പറ… തിന്നുവോന്ന്… എന്റെ അനുവാദമില്ലാതെ ഒന്നും തൊടരുതെന്ന് പറഞ്ഞിട്ടില്ലേ… അലക്കു കല്ലിനടുത്തു കുതിർത്തിട്ട തുണികളൊക്കെ നനച്ചിടാതെ ഇന്നിനി പച്ച വെള്ളം കിട്ടുമെന്ന് കരുതണ്ട നീ…” തല്ല് നിർത്തി, വടി ഊക്കോടെ നിലത്തേക്കെറിഞ്ഞവർ കലി തുള്ളി അകത്തേക്ക് നടന്നു… അടികൊണ്ട് തിണർത്ത പാടിൽ മെല്ലെ വിരലോടിച്ചവൾ ഏങ്ങി ഏങ്ങി കരഞ്ഞു…

പതിയെ ഉമ്മറത്തിണ്ണയിൽ വന്നിരുന്നവൾ തെക്കേ തൊടിയിലെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിലേക്ക് കണ്ണും നട്ട്‌ വെറുതെ പതം പറഞ്ഞിരുന്നു…ഇടയ്ക്കെപ്പോഴോ സങ്കടങ്ങളെല്ലാം ബാക്കിയാക്കാതെ പറഞ്ഞു തീർത്തപ്പോൾ…കണ്ണീർചാലുകൾ വറ്റി മുഖത്ത് പാടുകൾ അവശേഷിച്ചപ്പോൾ… ചുവന്നു തിണർത്ത പാടിൽ നീറ്റൽ മാത്രം ബാക്കിയായപ്പോൾ…മുഖം അമർത്തി തുടച്ചവൾ പതിയെ എണീറ്റു.. മുറ്റത്തേക്കിറങ്ങി നിലത്ത് വീണ ചാമ്പങ്ങകൾ പെറുക്കിയെടുക്കുമ്പോൾ ഇടയ്ക്കിടെ ഉമ്മറവാതിലിലേക്ക് പരിഭ്രമത്തോടെയുള്ള നോട്ടം പാളി വീണു.

അവയിൽ പറ്റിപ്പിടിച്ച മണ്ണ് തന്റെ നരച്ച പാവാടയിലേക്ക് അമർത്തി തുടച്ചവൾ വീടിനകത്തേക്ക് കയറി കോണിപ്പടികൾ ലക്ഷ്യമാക്കി നടന്നു.അപ്പോളാ പൊട്ടിപ്പെണ്ണിന്റെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു… തന്റെ സഹോദരിയോടുള്ള സ്നേഹത്തിന്റെ ചിരി.. “വർഷേച്ചി…..” സ്നേഹത്തോടെ കൊഞ്ചിവിളിച്ചവൾ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി… “നിന്നോട് പല തവണ പറഞ്ഞിട്ടില്ലേ ഗോപു.. അനുവാദം ചോദിച്ചിട്ടേ അകത്തേക്ക് കടക്കാവുള്ളൂ എന്ന്… ഇതെത്ര തവണ പറയണം..”

കുത്തിക്കൊണ്ടിരുന്ന ഫോൺ അരിശത്തോടെ കട്ടിലിലേക്കിട്ട് തന്നോട് ദേഷ്യത്തോടെ സംസാരിക്കുന്ന വർഷയെ കാൺകെ പെണ്ണിന്റെ മുഖം വാടി.. “നിക്ക്… അറിയാത്തോണ്ടല്ലേ… ദേ നോക്കിക്കേ ഗോപു വർഷേച്ചിക്ക് എന്താ കൊണ്ട് വന്നെന്ന്…” പുറകിലേക്ക് മറച്ചു പിടിച്ച കൈ മുന്നിലേക്ക്‌ നീട്ടിനിവർത്തിയവൾ സന്തോഷത്തോടെ കാട്ടിക്കൊടുത്തു.. “ഇതെന്താ…. ഓഹ് ചാമ്പങ്ങ… എനിക്കെങ്ങും വേണ്ടാ… നീ തന്നെ തിന്നോ.. ഇതിനായിരുന്നോ അമ്മയുമായി ഇന്നത്തെ പുകില്…” വർഷയുടെ ചോദ്യം കേൾക്കെ അവളുടെ മുഖത്ത് പിന്നെയും സങ്കടം ഉരുണ്ടുകൂടി.. “മ്മ്മ്…ന്നെ തല്ലി… ഗോപുന് ഒത്തിരി നൊന്തു… ചെറിയമ്മ വർഷേച്ചിക്ക് കരുതി വച്ചതാ…. ഇന്നാ തിന്നോ…”

നീട്ടിപ്പിടിച്ച കയ്യിലേക്ക് നോക്കിയവൾ പറഞ്ഞപ്പോൾ വർഷയ്ക്ക് വല്ലാതെ ദേഷ്യം വന്നു… “എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ… അല്ലേലും നിന്റെ ബാക്കി തിന്നാൻ നിൽക്കുവാണോ ഞാൻ…” നിറം മങ്ങിയ വളകൾ സ്ഥാനം പിടിച്ച അവളുടെ കൈകൾ വെറുപ്പോടെ തട്ടിമാറ്റിയവൾ അരിശത്തോടെ പറഞ്ഞു… പതിവായിരുന്നിട്ടും വർഷയുടെ പെരുമാറ്റത്തിൽ ആ പെണ്ണിന്റെ നെഞ്ചു നീറി… കണ്ണ് കലങ്ങി… പിണക്കത്തോടെ ചെന്നവൾ കട്ടിലിൽ ഇരുന്നു…. “നല്ലതാ വർഷേച്ചി…. ഗോപു തരണതല്ലേ….” “പിന്നേ ഒരു ഗോപു…

നിന്റെ കോലം കണ്ടാലറിയാം കൊണ്ട് വന്നതിന്റെ ഗുണം… അപ്പാടെ പൊടിയും വിയർപ്പും… നാറീട്ട് വയ്യാ… എന്റെ മുറി വൃത്തികേടാക്കാതെ എണീറ്റ് പോണുണ്ടോ നീയ്യ്…” അവളുടെ നിറഞ്ഞകണ്ണുകൾ അപ്പാടെ അവഗണിച്ചു അറപ്പോടെ വർഷ പറഞ്ഞപ്പോൾ കേട്ടത് സത്യമാണോയെന്നറിയാൻ സ്വൊയം മണപ്പിച്ചു നോക്കിയവൾ.. “ഇല്ല്യല്ലോ….ഗോപുന് നാറ്റം അറിയണില്ല… ഗോപു രാവിലെ കുളിച്ചതാ വർഷേച്ചി…” ചിരിയോടെ കട്ടിലിലേക്ക് ഒന്നു കൂടി നീങ്ങിയിരുന്നവൾ പറഞ്ഞു…

ഇടയ്ക്കെപ്പോഴോ കട്ടിലിൽ കിടന്ന ഫോണിൽ തെളിഞ്ഞ മുഖം കാൺകെ ആ പെണ്ണിന്റെ കണ്ണുകൾ വല്ലാതൊന്നു തിളങ്ങി.ആവേശത്തോടെയവൾ മൊബൈൽ കയ്യിലെടുത്തു… “ദേ… നോക്കിക്കേ വർഷേച്ചീ… ദച്ചേട്ടൻ… എന്ത് രസാ കാണാൻ… നോക്കിക്കേ….” വർഷയ്ക്ക് നേരെ ഫോൺ നീട്ടിപിടിച്ചവൾ നാണത്തോടെ പറഞ്ഞു… “ഹാ… അത് ഞാൻ നിന്നെ കാണിക്കാൻ വയ്ച്ചതാ… രണ്ട് ദിവസം കഴിഞ്ഞാൽ ആളിങ്ങെത്തും… പിന്നേ നിങ്ങടെ കല്യാണമാ…” വല്ലാത്തൊരു ചിരിയോടെ വർഷപറഞ്ഞു നിർത്തിയപ്പോൾ നാണത്താൽ വിവശയായവൾ മിഴികൾ താഴ്ത്തി..

നഖം കടിച്ച് പെരുവിരലാൽ നിലത്ത് കളം വരയ്ക്കുന്ന അവളെ കാൺകെ വർഷയ്ക്ക് പുച്ഛം തോന്നി… “സത്യാണോ വർഷേച്ചി…ശെരിക്കും ദചേട്ടന്റേം ഗോപുന്റേം കല്യാണം ആണോ…” മിഴികൾ വിടർത്തിയവൾ ആകാംഷയോടെ ചോദിച്ചു… “അതെന്നേ….പക്ഷെ അതിന് നിനക്ക് കല്യാണം എന്താന്നൊക്കെ അറിയുവോ?” അറിയാമെന്ന് നാണത്തോടെ തലയാട്ടി.. പിന്നേ ചുറ്റും നോക്കിയവൾ വർഷയ്‌ക്കരികിലേക്ക് ചേർന്ന് നിന്നു പതിയെ പറഞ്ഞു.

“ഇന്നാള്… വർഷേച്ചിം ചെറിയമ്മേം കല്യാണത്തിന് പോയപ്പോൾ ഗോപു ടീവീൽ കണ്ടല്ലോ കല്യാണം…ഗോപുന് അറിയാം…” “എന്തറിയാന്ന്…” “ഒന്നു പോ… വർഷേച്ചി..ഗോപുനറിയാം….” നാണത്തോടെ വിളിച്ച് പറഞ്ഞു പുറത്തേക്കോടി പോകുന്നവളെ കാൺകെ വർഷയുടെ കണ്ണുകളിൽ പകയെരിഞ്ഞു… തന്നെക്കാൾ സുന്ദരിയായ ഒരുവളോടുള്ള പക…. താൻ അനുഭവിക്കുന്ന സർവ്വ സ്വൊത്തുക്കൾക്കും അവകാശിയായ ഒറ്റൊരുത്തിയോടുള്ള പക… ❤️❤️❤️❤️❤️

“എന്താ സരസ്വതി നീയീ പറയണേ….ദർശനെക്കൊണ്ട് ഗോപുനെ കല്യാണം കഴിപ്പിക്കാമെന്നാ ഞാൻ അനന്തന് വാക്ക് കൊടുത്തത്… അല്ലാതെ വർഷയെ അല്ല….” ഭാര്യയോട് മകന്റെ കല്യാണക്കാര്യം പറഞ്ഞു തട്ടിക്കയറുമ്പോൾ ദേഷ്യത്താൽ അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു… “നിങ്ങൾ എന്തൊക്കെ പറഞ്ഞാലും തലയ്ക്കു വെളിവില്ലാത്ത ഒരു പെണ്ണിനെ എന്റെ മകന്റെ തലയിൽ കെട്ടി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല…” ഈ കാര്യത്തിൽ ഭർത്താവിന് മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ലാത്തപോലെ അവരും ഒച്ചയെടുത്തു…

“തലയ്ക്കു വെളിവില്ലാത്ത പെണ്ണോ…? എന്ന് മുതലാ നീയിങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാൻ തുടങ്ങിയത്… പഴയതൊക്കെ നീയ് മറന്നുവോ? കുറച്ച് ദിവസങ്ങളായി അങ്ങോട്ടുള്ള നിന്റെ പോക്ക് വരവ് കൂടിയപ്പഴേ എനിക്ക് തോന്നീതാ അത് നല്ലതിനല്ലെന്ന്… പക്ഷെ നീയിത്ര നന്ദികെട്ടവളാണെന്ന് ഞാൻ കരുതീല്ല്യാ…” “അതേ ഞാൻ നന്ദി കെട്ടവളാ… ഈ പറഞ്ഞത് നിങ്ങള്ക്ക് വേണ്ടുവോളം ഉണ്ടല്ലോ എനിക്കതുമതി…” “ഉവ്‌…ആപത്തിൽ സഹായിച്ചവരെയൊന്നും ഈ മനയ്ക്കലെ സുധാകരൻ പെട്ടന്ന് മറക്കില്ല…

എനിക്ക് വാക്ക് ഒന്നേ ഉളളൂ… നീ ദർശനോട് പലതും ഓതികൊടുത്തു കാണും അത് പറഞ്ഞു തിരുത്താൻ നിക്ക് നല്ല നിശ്ചയം ഇണ്ട്…” “പറഞ്ഞോ…അമ്മയുടെ നന്ദികേടിന്റെ കഥ കൂടി മോനോട് പറഞ്ഞു കൊടുക്ക്‌…. നന്ദിയുടെ കാര്യത്തിൽ നിങ്ങളെ മുറിച്ച മുറി ആയോണ്ട് അവൻ അനുസരിക്കും… പക്ഷെ ആ പൊട്ടിപ്പെണ്ണിനെ വിളക്കെടുത്തു ആനയിക്കാൻ ഞാൻ ജീവനോടെ കാണില്ല…” അയാൾക്ക്‌ നേരെ ഉറക്കെപറഞ്ഞവർ നിന്ന് കിതയ്ക്കുമ്പോൾ…. അവർ പറഞ്ഞ വാക്കുകളുടെ നടുക്കത്തിലായിരുന്നു ആയാളും..

“നീയെന്തൊക്കെയാ സരസ്വതി ഈ പറയണേ?… ഒരു ജീവിതം ഓക്കെ തുടങ്ങുമ്പോൾ പതിയെ അവൾ യാഥാർഥ്യത്തിലേക്ക് തിരിച്ചു വരുമെന്ന് ഡോക്ടർ നമ്മുടെ മുൻപിൽ വയ്ച്ചല്ലേ പറഞ്ഞത്…? അല്ലെങ്കിലും സ്വൊന്തം അമ്മയെ കണ്മുന്നിൽ ഒരു വണ്ടി തട്ടിത്തെറുപ്പിക്കുന്നത് കണ്ടാൽ ഏതൊരു മകളുടെയും മനസ്സ് കൈവിട്ടു പോകും. അത് ആ കുഞ്ഞ് അതിന്റമ്മയെ അത്ര കണ്ട് സ്നേഹിച്ചത് കൊണ്ടാ…അന്ന് ഗോപുന്റെ പ്രായവും അത്രേയെ ഉണ്ടായിരുന്നുള്ളൂ…അമ്മയോടുള്ള സ്നേഹം അതിന്റെയുള്ളിൽ ഒരു കോട്ടവും തട്ടാതെ ഇപ്പഴും ഉണ്ടാകും…

ഒരു അമ്മയുടെ സ്ഥാനത്ത് നീയാവളെ സ്നേഹിച്ചാൽ പിന്നൊരിക്കലും അവൾ കാരണം നിനക്ക് കണ്ണ് നിറയ്ക്കേണ്ടി വരില്ല…നമ്മളെയൊക്കെ കാണുമ്പോളുള്ള അതിന്റെ സ്നേഹവും വെപ്രാളവും നീ കാണുന്നതല്ലേ? ” ഇടറിയ ശബ്ദത്തോടെ… കണ്ണുനിറച്ചയാൾ ഭാര്യയെ നോക്കി പറഞ്ഞു. “എന്ന് കരുതി അവളുടെ ഭ്രാന്ത് മാറാൻ ന്റെ കുട്ടീടെ ജീവിതം വച്ചാണോ പരീക്ഷിക്കണത്… സമ്മതിക്കില്ല്യാ ഞാൻ… അവളുടെ സ്നേഹമൊന്നും ന്റടുത്ത് വില പോവില്ല…” “ചീ… നന്ദിയില്ലാത്തവളെ…. ആരും സഹായിക്കാനില്ലാതെ…. ജോലിയില്ലാതെ…

പട്ടിണികിടന്ന് വീർപ്പുമുട്ടി മൂന്ന് ജന്മങ്ങൾ വാടകവീട്ടിൽ കഴിച്ചു കൂട്ടിയപ്പോൾ സഹായിക്കാൻ സുഹൃത്തായ അനന്തൻ മാത്രേ ഉണ്ടായിരുന്നുള്ളൂ… പഴയ സുഹൃത്തിനെ ഇങ്ങോട്ട് തേടിപ്പിടിച്ചു വന്നവൻ സഹായിച്ചു…ഒരു സഹോദരനെ പോലെ കണ്ട് സ്നേഹിച്ചില്ലേ അവൻ… ആ കുടുംബവുമായി എത്ര അടുപ്പത്തിലാ നമ്മൾ കഴിഞ്ഞത്? ഗോപുന്റെ അമ്മയുടെ മരണശേഷം നമ്മൾ നിർബന്ധിച്ചിട്ടല്ലേ അനന്തൻ സ്വൊന്തം മോൾക്ക്‌ വേണ്ടി ആ ഇന്ദിരയെ വിവാഹം കഴിച്ചത്….

ആദ്യഭർത്താവുപേക്ഷിച്ച അവരുടെ മോളേ പോലും സ്വൊന്തമായി കണ്ടാണ് ന്റെ അനന്തൻ സ്നേഹിച്ചത്…എന്നിട്ടോ അനന്തന്റെ കണ്ണ് തെറ്റണ നേരത്ത് ഗോപുനെ ഉപദ്രവിച് അവരും അവരുടെ മോളും സന്തോഷം കണ്ടെത്തി…ആ പാവം പെണ്ണ് എല്ലാം സഹിച്ചു അവരെ സ്നേഹിച്ചു പരാതിയൊന്നും കൂടാതെ ജീവിച്ചു…അവസാനം ഇതൊക്കെയറിഞ്ഞു നെഞ്ചു പൊട്ടിയാ ന്റെ അനന്തൻ മരിച്ചത്… ആശുപത്രി കിടക്കയിൽ വയ്ച്ചു അവന്റെ അവസാനശ്വാസം നിലയ്ക്കണ നേരത്ത് ഞാൻ കൊടുത്ത വാക്കാ ഗോപുന്റെയും ദർശന്റെയും വിവാഹം…

എന്റെ വാക്കിന്റെ പുറത്ത് മരണവേദനയിലും അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.. നിക്കത് മറക്കാൻ പറ്റില്ല…” പഴയതൊക്കെ ഓർത്തോർത്ത് പറയുമ്പോൾ അയാളുടെ നെഞ്ചകം വിങ്ങി…ഒരു ആശ്രയത്തിനെന്നോണം അടുത്തുകണ്ട തടികസാരയിലേക്ക് അയാൾ തളർന്നിരുന്നു… “നിങ്ങളിങ്ങനെ പഴംപുരാണം വിളിചോതിയത് കൊണ്ടൊന്നും ന്റെ തീരുമാനം മാറില്ല്യാ…” “നീയെന്റെ ഭാര്യയല്ലേ…ഞാൻ കൊടുത്ത വാക്ക് വെറും പാഴ്‌വാക്കാവണത് കണ്ട് നിൽക്കാൻ കഴിയോ നിനക്ക്?” “ഇപ്പോൾ എന്റെ മനസ്സിൽ എന്റെ മോൻ മാത്രേ ഉളളൂ… വേറൊന്നും നിക്ക് ഇപ്പോൾ മനസ്സിൽ നിൽക്കില്ല്യാ…

വർഷയുമായുള്ള വിവാഹക്കാര്യം ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്… അച്ഛൻ വാക്ക് കൊടുത്ത കാര്യം പറഞ്ഞപ്പോൾ തന്നെ അവൻ സമ്മതം പറഞ്ഞു… ഇതിപ്പോ ഗോപുന് പകരം വർഷ എന്നല്ലേ ഉളളൂ … അനന്തേട്ടൻ ജീവിച്ചിരുന്നാലും വർഷയുടെ കാര്യത്തിൽ ഒരു അച്ഛന്റെ ഉത്തരവാദിത്തം തന്നെ ഉണ്ടായിരുന്നു… പിന്നെ വർഷേടെ സ്വൊഭാവം… അവളൊത്തിരി മാറി സുധാകരേട്ടാ… ഇപ്പോൾ എന്ത് സ്നേഹാ എല്ലാരോടും… ഗോപുനോട് പോലും അവൾക്കിപ്പോ വല്യ കാര്യാ…” “ഉവ്‌… ഇടയ്ക്ക് അവിടെ പോവുമ്പോൾ ഞാൻ കാണണതാ തള്ളേടേം മോളേം സ്നേഹം…. അതിനെ അവിടിട്ട് നരകിപ്പിക്ക്യാ…

ദർശന്റെ പെണ്ണായി അതിനെ ഇങ്ങോട്ട് കൊണ്ടുവരാല്ലോ എന്ന് വിചാരിച്ചാ ഇത്രേം കാലം മിണ്ടാതെ നിന്നത്… അത്രേം കാലം അതിന്റെ അച്ഛനും അമ്മേം ഉറങ്ങുന്ന മണ്ണിൽ അത് ജീവിച്ചോട്ടെന്ന് കരുതി…” “അതൊക്കെ നിങ്ങളുടെ തോന്നലാ… വർഷമോള് പാവാ…ഒരു കാര്യം ചെയ്യാം ദർശന്റേം വർഷമോളുടേം കല്യാണം കഴിഞ്ഞ് ഗോപു ഇവിടെ വന്ന് നിന്നോട്ടെ. അവര് സഹോദരങ്ങൾ അല്ലേ… നിക്ക് ഒരു പരാതീം ഇല്ലാ… ഞാൻ സംസാരിക്കാം അവരോട്. അതല്ല വർഷേടെ കാര്യത്തിൽ നിങ്ങൾക്ക് താല്പര്യം ഇല്ലാച്ചാൽ ഗോപിക അല്ലാതെ വേറേ ഏതേലും ഒരു കുട്ടിയെ ഞാൻ ന്റെ മോന് വേണ്ടി കണ്ടുപിടിക്കും.

അവനെക്കൊണ്ട് സമ്മതിപ്പിക്കാനും നിക്കറിയാം… അപ്പോൾ പിന്നേ ഗോപുനെ ഇങ്ങോട്ട് കൊണ്ട് വരുന്ന കാര്യമേ ചിന്തിക്കേണ്ട… ന്റെ മോന്റെ ജീവിതത്തിൽ ഒരു കല്ലുകടിയാവാൻ അവളെ ഞാൻ സമ്മതിക്കില്ല്യ…എന്താച്ചാൽ നിങ്ങൾ ആലോചിക്കൂ…” അത്രയും പറഞ്ഞവർ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ച വിയർപ്പ് തുള്ളികളെ തന്റെ നേര്യേത് കൊണ്ട് ഒപ്പിയെടുത്ത് അകത്തേക്ക് നടന്നു…ഒപ്പം തന്റെ ആത്മാർത്ത സുഹൃത്തിനു നൽകിയ പാഴ് വാക്കോർത്തു നെഞ്ചു നീറി കണ്ണുകലങ്ങി അയാളവിടെ തറഞ്ഞിരുന്നു…… ❤️❤️❤️❤️❤️

അപ്പോഴും വർഷ പലപ്പോഴായി നൽകിയ മോഹനസ്വോപ്നങ്ങളെ മനസ്സിലിട്ടു താലോലിച്ചു ഒരു പെണ്ണവിടെ ഇതൊന്നുമറിയാതെ സ്വൊപ്നങ്ങൾ നെയ്തു കൂട്ടുന്നുണ്ടായിരുന്നു… കത്തുന്നവെയിലത്ത് അലക്കുകല്ലിൽ തുണിയിട്ടടിക്കുമ്പോൾ ആ ശബ്ദത്തിനു ഏതോ പ്രണയഗാനത്തിന്റെ ഈണമുണ്ടായിരുന്നു…മനസ്സിൽ കോറിയിട്ട അവന്റെ രൂപം അവളുടെ കവിളുകളെ ചുവപ്പിച്ചു… ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു…ചെന്നിയിലൂടെ ഊറിയിറങ്ങിയ വിയർപ്പുതുള്ളികൾക്ക് പോലും ചൂടുണ്ടായിരുന്നു… പ്രണയത്തിന്റെ ചൂട്….❤️ തുടരും….

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!