ഗന്ധർവ്വയാമം: ഭാഗം 1

ഗന്ധർവ്വയാമം: ഭാഗം 1

എഴുത്തുകാരി: അഞ്ജലി അഞ്ജു

“തപസ്യാ…..” സിസ്റ്റർ അമലയുടെ വിളി കേട്ടതും ബോട്ടിന്റെ സൈഡിൽ നിന്നും അവൾ അൽപം ഉള്ളിലേക്ക് കയറി നിന്നു. സിസ്റ്റർ കണ്ണ് കൊണ്ട് അവളെ ശാസിച്ചു. അവൾ ചുറ്റും നോക്കി കോൺവെന്റിൽ നിന്നും തന്റെ ഒപ്പം എത്തിയ മറ്റു കുട്ടികളെല്ലാം ഒരുമാതിരി മരണ വീട്ടിൽ എത്തിയത് പോലെ അവരവരുടെ ഇരിപ്പടങ്ങളിൽ ഇരിക്കുകയാണ്. എന്ത് കൊണ്ടോ അവൾക്ക് അതിന് കഴിഞ്ഞില്ല. ആകെ കൂടി വർഷത്തിൽ ഒരിക്കലാണ് ഔട്ടിങ്ങിന് പുറത്ത് പോവുന്നത് അപ്പോളും എല്ലാവരെയും ഭയപ്പെട്ട് ഇരിക്കേണ്ട കാര്യം ഉണ്ടോ? കൂട്ടത്തിൽ കുരുത്തക്കേട് കാട്ടുന്നത് അവളായത് കൊണ്ട് സിസ്റ്ററിന്റെ ഒരു കണ്ണ് എപ്പോളും അവൾക്ക് മേൽ ഉണ്ടായിരുന്നു.

സിസ്റ്ററിന്റെ കണ്ണ് മാറിയതും വീണ്ടും അവൾ ബോട്ടിന്റെ അരികിലേക്ക് നീങ്ങി. അവൾ ചുറ്റും കണ്ണോടിച്ചു. നിശ്ചലമായ തടാകത്തിൽ അങ്ങിങ്ങായി ബോട്ടുകൾ കാണാം. യാത്രക്കാർ എല്ലാവരും വിനോദയാത്രയ്ക്കായി എത്തപ്പെട്ടവരാണ്. അതിൽ പലതിലും സ്കൂൾ കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്നാണ് ഓളങ്ങൾക്ക് ഇടയിൽ ഒരു ജെല്ലി ഫിഷിനെ അവൾ കണ്ടത്. എത്തി കുത്തി അതിനെ നോക്കുന്നതിന് ഇടയിലാണ് തടാകത്തിന്റെ ആഴങ്ങളിലേക്ക് അവൾ കൂപ്പുകുത്തിയത്. പ്രാണരക്ഷാർത്ഥം കൈകൾ മുകളിലേക്ക് ഉയർത്തി കാണിച്ചിരുന്നെങ്കിലും അവിടെ താണ് പൊയ്ക്കൊണ്ടിരുന്നു.

ആരുടെയോ വിരലുകൾ തന്റെ കൈകളിൽ അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. ദുഃസ്വപ്നത്തിൽ നിന്നും ഉണർന്ന അവൾ ഭയത്തോടെ ചുറ്റും നോക്കി. ഇതിപ്പോ ഒരു പതിവായിരിക്കുകയാണ്. നിരന്തരം ഈ സ്വപ്നം തന്നെ കാണും. അന്ന് അങ്ങനെ വീണതിൽ പിന്നെ ജലത്തോട് ഭയമാണ്. ഒന്നിനോടും ഭയമില്ലെന്ന് അഹങ്കരിക്കുമ്പോളും ഉള്ളിൽ ഒളിച്ചു വെച്ചിരിക്കുന്ന ഭയം. ഒരു പക്ഷെ ആ പത്തു വയസുകാരിയുടെ മനസിനെ അത്രത്തോളം ആ സംഭവം സ്വാധീനിച്ചിരിക്കാം. അന്ന് മരിച്ചു പോകുമെന്നാണ് കരുതിയത്. എങ്ങനെ രക്ഷപ്പെട്ടെന്നോ ആര് രക്ഷപ്പെടുത്തിയെന്നോ അറിയില്ല.

ഓരോന്നും ആലോചിച്ചു ചിന്തകൾ കാട് കയറിയപ്പോളാണ് ഫോൺ ബെൽ ചെയ്തത്. “അഭി… ” സ്ക്രീനിലെ പേരിലേക്ക് ശ്രദ്ധിക്കാതെ ഫോൺ ചെവിയോട് ചേർത്ത് അവൾ വിളിച്ചു. “പൊട്ടിക്കാളി നീ ഇന്നും വരില്ലേ? ഇതിപ്പോ രണ്ടു ദിവസായി. ഇന്നും വന്നില്ലെങ്കിൽ ആ കടുവ നിന്നെ കൊല്ലും.” “ഒന്ന് പോയെ നീ. ഏത് കടുവയെയും ഒടിച്ചു മടക്കാൻ എനിക്ക് അറിയാം. നീ അത് പറഞ്ഞ് പേടിപ്പിക്കണ്ട കേട്ടോ.” “ഓ അറിയാം. ഇന്നും നീ ഇല്ലെങ്കിൽ ഞാൻ ബോറടിച്ചു ചാവും പൊട്ടി..” “ആഹ് അതെനിക്ക് മനസിലായി. എന്റെ അഭിമോൾക്ക് എന്നെ കാണാൻ കൊതിയായി എന്ന്. അല്ല പുതിയ ആരോ വരുമെന്നൊക്കെ പറഞ്ഞിട്ട് വന്നോ?” “ഇല്ല. സാറും ലീവിലാ.” “അത് നന്നായി.

അല്ലെങ്കിൽ പിന്നെ അങ്ങേരെയും ഞാൻ സോപ്പിടേണ്ടി വന്നേനെ.” “നീ പോയ കാര്യം എന്തായി?” “ഓ പഴയത് പോലെ തന്നെ. നീ ഫോൺ വെക്ക് ഒന്നാമതെ താമസിച്ചു. പോയ കഥ നേരിൽ കാണുമ്പോൾ പറയാം.” ഫോണിൽ സമയം നോക്കി അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി. നിമിഷ നേരം കൊണ്ട് ഫ്രഷ് ആയി ഇറങ്ങി. ഒരു ജീൻസും കുർത്തയും ആണ് വേഷം. മുഖത്തു അത്യാവശ്യം മിനുക്കു പണികൾ നടത്തി. കണ്ണെഴുതില്ലാട്ടോ. അത് ശീലമില്ല. മുടിയിപ്പോ അഴിച്ചിടണോ? വേണ്ട. മുടിയെടുത്തു വാരി കെട്ടി. അടുക്കളയിലേക്ക് പോയി. ബ്രെഡും ബട്ടറും എങ്ങനൊക്കെയോ കുത്തിയിറക്കി. ബാഗും എടുത്ത് ഡോറും ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി. “എത്ര കഷ്ടപ്പെട്ടാലും ഇന്നും ലേറ്റ് ആവും.”

ആത്മഗതം പറഞ്ഞു കൊണ്ട് ലിഫ്റ്റിലേക്ക് കയറി. അൽപം ഉച്ചത്തിൽ ആയെന്ന് തോന്നുന്നു ലിഫ്റ്റിൽ ഉള്ളോര് നോക്കുന്നുണ്ട്. ഇത്ര നോക്കാൻ എന്തിരിക്കുന്നു. എനിക്ക് മിണ്ടാനും പറയാനും ആരെങ്കിലും വേണ്ടേ? ആരും ഇല്ലാത്തോണ്ട് ഞാൻ ഒറ്റക്ക് അങ്ങനെ സംസാരിക്കും. ഇനി ഇപ്പോ വട്ടാണെന്ന് വിചാരിച്ചാലും എനിക്ക് ഒന്നും ഇല്ല. ഒരു പുച്ഛ ഭാവത്തോടെ അവൾ മനസ്സിൽ വിചാരിച്ചു. താഴേക്ക് ചെല്ലുമ്പോൾ ഒരു ഓട്ടോ കണ്ടു. ഒരു ചേച്ചി അതിലേക്ക് കയറാൻ വന്നതും പുള്ളിക്കാരിയെ ഓവർടേക്ക് ചെയ്ത് പാഞ്ഞു ചെന്ന് ഒരു ഓട്ടോയിൽ കയറി. ചേച്ചിയെ നോക്കി വെളുക്കെ ചിരിച്ചു കാണിച്ചു.

എന്റെ ധൃതി കൊണ്ടാവും തീരെ സ്ലോയിൽ പോകുന്നത് പോലെയാണ് തോന്നിയത്. ചുറ്റും നോക്കിയപ്പോളാണ് തോന്നലല്ല സൈക്കിൾ വരെ ഞങ്ങളെ ഓവർ ടേക്ക് ചെയ്യുന്നുണ്ടെന്നു മനസിലായത്. ഡ്രൈവർ ചേട്ടൻ ആണെങ്കിൽ പാവം നല്ല ഗൗരവത്തിൽ വിമാനം പറത്തും പോലെയൊക്കെ ഓടിക്കുവാണ്. പ്രായമായ ആ മനുഷ്യനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു നിസ്സഹായതയോടെ നോക്കുക മാത്രേ ചെയ്തുള്ളു. “ഓ അൽപം താമസിച്ചാലും കൊല്ലാൻ ഒന്നും പോണില്ലല്ലോ.” അവൾ മനസിനെ ആശ്വസിപ്പിച്ചു. ഏതായാലും നിറയെ സമയം ഓട്ടോ ചേട്ടനായിട്ട് തന്നതല്ലേ ഞാൻ എന്നെ തന്നെ പരിചയപ്പെടുത്താം.

ഞാൻ തപസ്യ. പേരിന്റെ കൂടെ വാലൊന്നും ഇല്ല. കാരണം ഞാനൊരു അനാഥയാണ്. മലപ്പുറത്തെ ഒരു കോൺവെന്റിലാണ് ഓർമ വെച്ചപ്പോൾ മുതൽ ഞാൻ ഉള്ളത്. അത്യാവശ്യം കുറുമ്പൊക്കെ ഉള്ളത് കൊണ്ട് എല്ലാവരുടെയും കണ്ണിലെ കരടാണ്. പിന്നെ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ദൈവം തന്ന മാലാഖയാണ് എന്റെ അമല സിസ്റ്റർ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ സിസ്റ്ററും എന്നെ ഒറ്റക്കാക്കി പോയി. അപ്പോളാവും ആദ്യമായി ഞാൻ മനസറിഞ്ഞു കരഞ്ഞത്. കുട്ടിക്കാലത്തു അമ്മയെയും അച്ഛനെയും കാണാൻ വാശി പിടിച്ചു കരയുമായിരുന്നെന്ന് അമല സിസ്റ്റർ പറഞ്ഞ അറിവ് മാത്രേ ഉള്ളൂ.

താങ്ങാനും കൊഞ്ചിക്കാനും ആരും ഇല്ലാത്തത് കൊണ്ടാവാം പിന്നീട് ഇത് വരെ ഒരു പ്രശ്നങ്ങൾക്കും എന്നെ തകർക്കാൻ ആയിട്ടില്ല. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ആണെങ്കിൽ വിട്ടു കളയണം മിസ്റ്റർ ! അതാണ് എന്റെ പോളിസി. അപ്പോ പിന്നെ ഓർക്കും നേരത്തേ വിളിച്ചത് ആരാണെന്ന്. അവളെന്റെ ചങ്കാണ് അഭിരാമി ജയരാജൻ. പ്ലസ്‌ വൺ മുതൽ ഞങ്ങൾ ഒന്നിച്ചാണ്. ബാംഗ്ലൂരിൽ ആർകിടെക്ചറിന്‌ പഠിക്കുമ്പോളും ഒന്നിച്ചായിരുന്നു. തപസ്യ എന്ന ഞാൻ അവൾക്ക് മാത്രം ആമിയാണ്. ഇത് വരെ സ്വന്തം ചോരയെ തിരിച്ചറിയാനാവാത്ത എനിക്ക് ദൈവം തന്ന കൂടെപ്പിറപ്പ്.

കുറെയേറെ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എന്റേത് എന്ന് പറയാൻ അവളെ മാത്രേ കൂടെ കൂട്ടിയിട്ടുള്ളു. കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഒരു ബൈക്ക് കടന്നു പോയപ്പോളാണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്. ചീറി പാഞ്ഞു പോയ ബൈക്ക് കാണാൻ ഒരു ശ്രമം നടത്തിയെങ്കിലും നോട്ടം എത്തും മുൻപ് അത് കടന്ന് പോയിരുന്നു. പണ്ട് തൊട്ടേ ബൈക്കുകളോട് ആരാധനയാണ്. പ്രത്യേകിച്ച് വണ്ട് മുരളും പോലെ ഇരച്ചു വരുന്ന yamaha rx 100 നോട്‌. അത് കൊണ്ട്, കാണാതെ തന്നെ പോയ ബൈക്ക് ഏതാണെന്നു അവൾക്ക് മനസ്സിലായിരുന്നു.

കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ വഴിയരികിൽ ഇരിക്കുന്ന ആകാശ നീല നിറത്തിലെ ബൈക്ക് തന്നെ കടന്നു പോയതാണെന്ന് അവൾ ഊഹിച്ചിരുന്നു. സൈഡ് മിററിൽ മുഖം നോക്കുന്ന ആ വെള്ളാരം കണ്ണുകളിലും അവളുടെ കണ്ണുകൾ ഉടക്കി നിന്നു. “ഈ ചെറുക്കനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ??” തലച്ചോറിലെ ഓരോ അറകളിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും അവൻ ഒളിഞ്ഞിരുന്ന ഇടം കണ്ടെത്താനായില്ല. “മോളേ ഇതല്ലേ സ്ഥലം?” ഓട്ടോ ചേട്ടന്റെ ശബ്ദം ആണ് തിരച്ചിൽ മതിയാക്കാൻ നിർബന്ധിതയാക്കിയത്. ഓഫീസിലേക്ക് കയറുമ്പോളേ കണ്ടു റിസപ്ഷനിൽ പതിവ് ചിരിയോടെ ഗായു ഇരിപ്പുണ്ട് കൂടെ അരുണും.

ചിരിയൊന്നും നോക്കണ്ട പരദൂഷണ കമ്മറ്റി പ്രസിഡന്റ്‌ അവളാണ് സെക്രട്ടറി അരുണും. തരം കിട്ടിയാൽ രണ്ടും കൂടെ എല്ലാവരുടെയും കുറ്റം പറയും. “ഹായ് തപസ്യ.. രണ്ട് ദിവസായല്ലോ കണ്ടിട്ട്.” “ഞാൻ ഇവിടില്ലായിരുന്നെടാ നാട്ടിൽ പോയിരുന്നു.” “ആണോ ഇടക്ക് ഇടക്ക് ഇപ്പോ പോണുണ്ടല്ലോ? അർജുൻ സാർ ആണെങ്കിൽ ഇപ്പോ ലീവ് ഒക്കെ എടുത്താൽ പ്രശ്നമാക്കുന്നുണ്ട്.” മുഖത്ത് ഭയമൊക്കെ വരുത്തി ഗായു പറഞ്ഞു. “അതേടാ നമ്മുടെ സൂര്യ ഇല്ലേ? എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ.. അവന് ലീവ് കൊടുത്തില്ല. പാവം അവന്റെ ഫ്രണ്ടിന്റെ മാര്യേജ് ആയിരുന്നു.” അരുണും ഗായുവിന്റെ വാക്കുകൾക്ക് ബലം കൊടുക്കാൻ ശ്രമിക്കുന്ന തരത്തിൽ പറഞ്ഞു. “അയ്യോ ആണോ?

പക്ഷെ ഞാൻ ചോദിച്ചപ്പോൾ ലീവ് തന്നല്ലോ.. വേണേൽ ഇന്നും ലീവ് എടുക്കാൻ പറഞ്ഞതാ പിന്നെ ഞാൻ വന്നെന്നെ ഉള്ളൂ.” നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു കൊണ്ട് ആമി അവരെ പാളി നോക്കി. രണ്ടാളുടെ മുഖത്തും ഒരു നിരാശ നിഴലിച്ചിരുന്നു അത് കണ്ടതും അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. അപ്പോളാണ് ആമിയുടെ ഡിപ്പാർട്മെന്റിലെ നവനീത് പോവുന്നത് അവൾ കണ്ടത്. “ഞാൻ പോകുവാണേ.. ഡാ നവീ.. നിന്നേ… ഞാനും വരണൂ…” അവരോട് യാത്രയും പറഞ്ഞ് ആമി നവിയുടെ പിന്നാലെ വെച്ച് പിടിച്ചു. “ഇങ്ങനേയും ഉണ്ടോ പെണ്ണുങ്ങൾ ! എല്ലാവരെയും കറക്കി വെച്ചേക്കുവാ..”

ആമി പോയിടത്തേക്ക് നോക്കി ഗായു പറഞ്ഞു. നവിയോട് അടുപ്പം കാട്ടുന്നതിന്റെ അമർഷമായിരുന്നു ആ വാക്കുകളിൽ. “അത് ശെരിയാ. അല്ലാതെ ഈ അർജുൻ സാർ ഇവൾക്ക് മാത്രം എന്തിനാ ഇത്ര സപ്പോർട്ട് കൊടുക്കുന്നത്.” “ആഹ് നമ്മൾ പറഞ്ഞിട്ട് എന്താ കാര്യം. ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ അതിന്റെയാ.” “ഞാൻ പോട്ടെ സാർ വരുമ്പോ ഇവിടെ നിക്കുന്നത് കണ്ടാൽ അതിനും ചീത്ത കേൾക്കേണ്ടി വരും.” അതും പറഞ്ഞ് അരുണും അകത്തേക്ക് പോയി. “നവീ.. നീ ഇതെങ്ങോട്ടാ പാഞ്ഞു പോണത്?” “എന്റെ പൊന്ന് തപു എനിക്ക് കുറേ വർക്ക് തീർക്കാൻ ഉണ്ട്.” “എനിക്ക് മറുപടി തന്നിട്ട് നീ പോയാൽ മതി.

എത്ര നാളായിട്ട് ഞാൻ പുറകേ നടക്കുവാ.. എനിക്ക് വണ്ടി ഒപ്പിച്ചു തരാമെന്ന് പറഞ്ഞ് നീ അഡ്വാൻസ് വാങ്ങിയതാണോ? എന്നിട്ട് ഏതേങ്കിലും വണ്ടി കാണിച്ചെങ്കിലും തന്നോ?” “അതിന് നിന്റെ റേറ്റിന് വണ്ടി കിട്ടണ്ടേ? അതും ഏതെങ്കിലും പോരല്ലോ rx തന്നെ വേണ്ടേ? പൊന്നിന്റെ വില കൊടുത്താലും അതൊന്നും ആരും തരില്ല. നിന്റെ പൈസ ഞാൻ തിരികെ തന്നേക്കാം.” “ഡാ നീ അങ്ങനെ പറയല്ലേ. ആഗ്രഹം കൊണ്ടല്ലേ. ദേ ഇന്നും ഒരെണ്ണം കണ്ടു വരുന്ന വഴിക്ക്. നീ നോക്ക് ഏതായാലും.” അതും പറഞ്ഞ് അവൾ തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങി.

അവിടെ തന്റെ വരവും നോക്കി അക്ഷമയായി ഇരിക്കുന്ന അഭിയെ കണ്ടെങ്കിലും വലിയ മൈൻഡ് കൊടുക്കാതെ എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് അങ്ങോട്ടേക്ക് ചെന്നത്. “ഹലോ…” തന്നെ നോക്കാതെ മുഖവും വീർപ്പിച്ചിരിക്കുന്ന അഭിയുടെ തോളിൽ തട്ടി കൊണ്ടാണ് അവൾ വിളിച്ചത്. “എന്താണ് മോളേ രാവിലെ തന്നെ കുട്ടി കലം കേറ്റി വെച്ചിട്ടുണ്ടല്ലോ?” “നീ ഒന്നും പറയണ്ട. എത്ര നേരായിട്ട് നോക്കി ഇരിക്കുവാ. എന്നിട്ട് നമ്മളെയൊന്നും ഒരു മൈൻഡും ഇല്ല.” “അത് പിന്നെ നിന്റെ ഈ മുഖം വീർപ്പിക്കൽ കാണാനല്ലേ ഞാൻ അങ്ങനൊക്കെ ചെയ്യണത്.” “ആഹ് അതൊക്കെ പോട്ടെ.

പോയ കാര്യം എന്തായി?” “എന്താവാൻ ആണ്. പതിവ് പോലെ തന്നെ ഫയൽ നോക്കി വെക്കാമെന്ന് പറഞ്ഞിട്ട് അവർ എന്നെ പറ്റിച്ചു. എന്നെ മലപ്പുറത്തെ കോൺവെന്റിൽ കൊണ്ട് വന്ന ഡേറ്റ് ഒക്കെ കിട്ടി. ബട്ട്‌ എവിടുന്നാണെന്ന് കൃത്യമായി അറിയില്ല.” “ആണോ സാരമില്ല. അതൊക്കെ വേഗം അറിയാൻ പറ്റും.” “ഓ എനിക്ക് ഇപ്പോ വലിയ പ്രതീക്ഷ ഒന്നുമില്ല. മൂന്നു മാസം പ്രായമുള്ള എന്നെ എങ്ങനെ അവർക്ക് കിട്ടിയെന്നൊക്കെ ഇത്രയും നാൾക്ക് ശേഷം അറിയാനുള്ള ഒരു ചാൻസും ഇല്ല. പക്ഷെ ജന്മ രഹസ്യം അറിയാനൊരു ആഗ്രഹം. തിരികെ അവകാശം പറഞ്ഞ് ചെല്ലാനോ സ്നേഹം പിടിച്ച് വാങ്ങാനോ അല്ല.

ഞാൻ ആരാണെന്ന് എന്നെ ബോധ്യപ്പെടുത്താൻ മാത്രം. അതെന്റെ ഒരു വാശി ആണ്.” “അതൊക്കെ നടക്കും. നീ വിഷമിക്കണ്ട. ദേ അമ്മ നിനക്ക് പ്രത്യേകം ഉണ്ണിയപ്പം ഉണ്ടാക്കി തന്നിട്ടുണ്ട്.” “ആണോ??? എവിടെ?” അഭി കാണിച്ച പാത്രത്തിൽ നിന്ന് ഒരെണ്ണം അവൾ വായിലേക്ക് വെച്ചു. “എന്റെ പെണ്ണേ ഇത് മൊത്തോം നിനക്കാണ്. പതിയെ കഴിക്ക്.” അപ്പോളാണ് അർജുന്റെ പി എ അവരെ ലക്ഷ്യമാക്കി വന്നത്. “തപസ്യ നിന്നെ സാർ വിളിക്കുന്നു.” അവൾ വേഗം വായിലുള്ള ഉണ്ണിയപ്പം കഴിച്ച് കൊണ്ട് അർജുന്റെ റൂമിലേക്ക് പോയി. ഗ്ലാസ്‌ പാളിക്ക് പുറത്ത് നിന്നെ കാണാം അകത്തിരിക്കുന്ന ചെറുപ്പക്കാരനെ.

മുടിയൊക്കെ വെട്ടി ഒതുക്കി കുറ്റി താടിയൊക്കെ ആയി ഗൗരവത്തിൽ ഫയലിലേക്ക് നോക്കി ഇരിക്കുകയാണ്. “May i come in, sir?” ഡോർ തുറന്ന് അവൾ ചോദിച്ചു. “യെസ്.” നോക്കി കൊണ്ടിരുന്ന ഫയൽ മടക്കി വെച്ച് ആമിയോട് ഇരിക്കാൻ അവൻ കണ്ണ് കൊണ്ട് കാണിച്ചു. “എന്തായി തപസ്യ?” “എപ്പോളത്തെയും പോലെ..” അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു. “സാരമില്ല. അതൊക്കെ ശെരിയാവും. തനിക്ക് അറിയാല്ലോ വർക്ക്‌ ഒക്കെ പെന്റിങ് ആണ്. എത്രയും വേഗം എല്ലാം കംപ്ലീറ്റ് ആക്കണം.” “ഉറപ്പായും.” അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. “അറിയാം. അത് കൊണ്ടാണ് തന്റെ കാര്യത്തിൽ ഞാൻ അൽപം ഫ്രീഡം ഒക്കെ തരുന്നത്. പിന്നെ പുതിയ ഒരു ഹൈ ബഡ്ജറ്റ് പ്രൊജക്റ്റ്‌ വരുന്നുണ്ട്.

അത് കോർഡിനേറ്റ് ചെയ്യാൻ പുതിയ ഒരു ടീം ലീഡറും.” “അറിഞ്ഞു സാർ. അഭി.. അല്ല അഭിരാമി പറഞ്ഞിരുന്നു.” “ആഹ് അപ്പോ അതിന് നല്ല രീതിയിൽ പ്രിപ്പയർ ചെയ്യണം.” “മ്മ്.” “അപ്പോ പൊയ്ക്കൊള്ളൂ.” അവൾ പോവുന്നതും നോക്കി അവൻ ഇരുന്നു. ആദ്യമായി അവളെ കണ്ടത് മുതലുള്ള കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടിയെത്തി. എല്ലാ വർക്കുകളിലും തന്റേതായ മികവ് അവൾ കാണിച്ചിരുന്നു. ഒരിടത്തും ഒതുങ്ങി കൂടാത്ത ആൺപെൺ വത്യാസം കാട്ടാത്ത അവളുടെ പെരുമാറ്റം കണ്ടപ്പോൾ ആദ്യം ഓവർ സ്മാർട്ട്‌ ആയാണ് തോന്നിയത്. പിന്നീട് ചെയ്യുന്ന ജോലികളിലെ ആത്മാർത്ഥതയും മികവും കണ്ടപ്പോൾ ഓവർ അല്ല അൾട്ടിമേറ്റ് സ്മാർട്ട്‌ ആയാണ് തോന്നിയത്.

പിന്നീട് എല്ലാ പ്രതിസന്ധികളിൽ നിന്നും ഒറ്റക്കാണ് ഇവിടെ വരെ എത്തിയതെന്ന് ആരോ പറഞ്ഞറിഞ്ഞപ്പോൾ ബഹുമാനം തോന്നി. അത് കൊണ്ടാണ് എല്ലാവരും പറയും പോലെ അവളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുന്നത്. എന്താണ് തനിക്ക് അവളോടുള്ള വികാരമെന്ന് ചോദിച്ചാൽ അത് പ്രണയമോ സൗഹൃദമോ ഒന്നും തന്നെയല്ല. അവന് തന്നെ പലപ്പോഴും അവളോടുള്ള തന്റെ സമീപനത്തെ പറ്റി ചിന്തിക്കുമ്പോൾ അതിശയം തോന്നിയിരുന്നു. രണ്ടു ദിവസം ലീവ് ആയത് കൊണ്ട് ജോലികൾ തീർക്കുന്ന തിരക്കിലായിരുന്നു ആമി. ഉച്ചക്ക് കഴിക്കാൻ വരെ അഭി നിർബന്ധിച്ചത് കൊണ്ടാണ് പോയത്. എല്ലാവരും ഓഫീസ് സമയം കഴിഞ്ഞു പോയപ്പോളും അഭി കൂടെ നിന്ന് അവളെ സഹായിച്ചു.

അവസാനം രണ്ടാളും കുറച്ച് വൈകിയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്. അഭിയെ ബസ് കയറ്റി വിട്ടിട്ട് അവൾ ഫ്ലാറ്റിലേക്ക് തിരിച്ചു. ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോളെ കണ്ടു തന്റെ അടുത്ത ഫ്ലാറ്റിലേക്ക് സാധനങ്ങൾ ഷിഫ്റ്റ്‌ ചെയ്യുന്നത്. “പുതിയ താമസക്കാർ വരണുണ്ട് മോളേ.” തന്റെ നോട്ടം കണ്ടിട്ടാവും വാച്ച്മാൻ ഇങ്ങോട്ടേക്കു വന്നു പറഞ്ഞു. “ആണോ? നന്നായി. ഒന്നാമതെ ഞാൻ ഒറ്റക്കല്ലേ. മിണ്ടാനും പറയാനും ആളായല്ലോ? അടുത്ത് ഒരു ഫാമിലി ആവുമ്പോ രസം ആവും.” അവൾ അയാളോടായി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി. കുറച്ചു സമയം ബെഡിൽ കിടന്നു. ആകെ അലങ്കോലമായി കിടക്കുവാണ്.

എല്ലാം വൃത്തിയാക്കാം. എങ്ങാനും അടുത്ത താമസക്കാർ വന്നാൽ വല്ല കാടാണെന്ന് കരുതിയാലോ? അവൾ ചൂലെടുത്ത് എല്ലായിടവും അടിച്ച് വാരി തുടച്ച് ഇട്ടു. രാത്രിയിലേക്ക് ഫുഡ്‌ ഓഡർ ചെയ്തു. അഭിയുടെ അമ്മ കൊടുത്തയച്ച ഉണ്ണിയപ്പം സ്വാദറിഞ്ഞു കഴിച്ചു. രാത്രി ഏറെ വൈകി കഴിഞ്ഞാണ് അന്നവൾ ഉറങ്ങിയത്. രാവിലെ പതിവ് കലാപരിപാടികൾ കഴിഞ്ഞ് ലിഫിറ്റിൽ നിന്ന് ഓടി ഇറങ്ങുമ്പോളാണ് പാർക്കിങ്ങിൽ ഇരിക്കുന്ന ഒരാളിൽ അവളുടെ കണ്ണുകൾ പതിഞ്ഞത്. അവളുടെ കാലുകളുടെ വേഗത കുറഞ്ഞിരുന്നു. മെല്ലെ അവൾ അതിന് അരികിലേക്ക് നീങ്ങി… തുടരും… അതേ ദേവാസുരത്തിന് ശേഷം ഒരു പുതിയ കഥയുമായി ഞാൻ വന്നൂട്ടോ.. ചിലപ്പോൾ ലോജിക് ഒന്നും ഉണ്ടാവില്ല എങ്കിലും ആഗ്രഹം കൊണ്ട് എഴുതുവാണെ.. എല്ലാരും അഭിപ്രായം പറയണേ… 😃

Share this story