ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 16

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 16

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

കമ്പനിയിൽ ചെന്നിരുന്നതും ഗൗരിയുടെ അടുത്തേക്ക് അവിടുത്തെ പെണ്ണുങ്ങൾ എല്ലാം കൂടി ഓടിയെത്തി… “ഇതെന്താ ഗൗരിയെ… ആദ്യായിട്ടാണല്ലോ ഇങ്ങനെ… കല്യാണമുറപ്പിച്ചോ… പിറന്നാളാണോ.. “നൂറ് കൂട്ടം സംശയങ്ങളാരുന്നു എല്ലാവർക്കും… ഒരു വിധത്തിൽ എല്ലാവരെയും പറഞ്ഞയച്ചു ഗൗരി… കസേരയിലേക്ക് ചാഞ്ഞിരുന്നു മിഴികൾ അടച്ചു… മനസിന്റെ ഒത്ത നടുവിലേക്ക് നവിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു.. അവൻ തന്നോട് ചെമ്പകപ്പൂവ് തരുമോ എന്ന് ചോദിച്ചത് വീണ്ടും വീണ്ടും ഗൗരി ഓർത്തു…

ആ ചോദ്യത്തിൽ താൻ ആദ്യമൊന്നു പകച്ചുപോയിരുന്നു… പിന്നീട് അപേക്ഷയോടെയുള്ള ആ കണ്ണുകൾ കണ്ടപ്പോൾ നിരസിക്കാനായില്ല… എങ്കിലും ചോദിച്ചു… “ചൂടിയ പൂവ് എന്തിനാ… വീട്ടിൽ നിന്നു വേറെ എടുക്കാല്ലോ… ” “ഇത് മതി.. “ആ കണ്ണുകളിൽ നിറയെ പ്രണയമല്ലാതെ മറ്റൊന്നുമായിരുന്നില്ല… ഗൗരിയുടെ ചൊടികളിലേക്ക് ഒരിളം പുഞ്ചിരി വിരുന്നിനെത്തി… പെട്ടെന്നാണ് നിരഞ്ജനയെ ഒന്ന് വിളിച്ചാലോ എന്നവൾ ഓർത്തത് … അപ്പോൾ തന്നെ വിളിച്ചു… പെട്ടെന്ന് തന്നെ നിരഞ്ജന ഫോൺ എടുക്കുകയും ചെയ്തു.. അവൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു…

ഗൗരിയുടെ സംഭാഷണത്തിൽ നിന്നു അവൾ നല്ല സന്തോഷവതിയാണ് എന്ന് നിരഞ്ജന മനസിലാക്കി… “എന്താപ്പോ.. ഇത്ര സന്തോഷം..?? അവൾ തിരക്കി… “ഏയ്.. ഒന്നൂല്ല പിറന്നാളാണ്.. അതിന്റെയാവും.. അങ്ങനെ തോന്നണേ..” ഗൗരി പറഞ്ഞു.. പിന്നെയും എന്തൊക്കെ കൂടി പറഞ്ഞിട്ട് നിരഞ്ജന ഫോൺ വെയ്ക്കാൻ നേരം ഗൗരി ചോദിച്ചു.. “നിരഞ്ജന… ആളെത്തിയോ… “?? “ഏതാൾ… “മനസിലായെങ്കിലും നിരഞ്ജന കളിയോടെ ചോദിച്ചു… “ഒന്ന് കാട്ടി തരുവോ.. അന്നത്തെ പോലെ..? വീണ്ടും ഗൗരി ചോദിച്ചു.. “അല്ല പെണ്ണേ.. നവി നിന്റെ കണ്ണിനു മുന്നിൽ നിന്നു തന്നെയല്ലേ ഇങ്ങോട്ട് വരുന്നത്..

നിനക്ക് അവിടെ നിന്ന് തന്നെ നോക്കി തീർത്തൂടാരുന്നോ…. “?? “അത്രയും നേരം മുഖത്തേക്ക് നോക്കി നിൽക്കാൻ കഴിയില്ലല്ലോ… ഇതാകുമ്പോൾ ആൾ അറിയില്ലല്ലോ… തന്നെയുമല്ല ഇന്നത്തെ മുഖഭാവം എനിക്കൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്… ” “ഓഹോ.. അതെന്താ ഇന്നിത്ര പ്രത്യേകത.. ” ഗൗരി നടന്ന കാര്യങ്ങളത്രയും നിരഞ്ജനയോടു പറഞ്ഞു.. “ആഹാ… കാര്യങ്ങൾ കൂളായല്ലോ..അപ്പൊ ഇനി ചെലവ് ” നിരഞ്ജനക്ക് സന്തോഷം തോന്നി.. അപ്പോഴേക്കും നവിയുടെ കാർ ഗേറ്റ് കടന്ന് വരുന്നത് നിരഞ്ജന കണ്ടു.. “ദേ ആളെത്തി… കാണണമെങ്കിൽ ഓൺലൈൻ വാ .. ” നവി കാറിൽ നിന്നിറങ്ങി ലോക്ക് ചെയ്യുന്ന സമയത്ത് നിരഞ്ജന ഫോണുമായി നവിയുടെ അടുത്തെത്തി..

അവന് മനസിലാവാതെ ബാക്ക് ക്യാമറയിലൂടെ അവനെ പകർത്തി കൊണ്ടിരുന്നു.. ഇതൊന്നുമറിയാതെ നവി സന്തോഷത്തോടെ എന്തൊക്കെയോ അവളോട്‌ ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു… ഇടക്കിടക്ക് നിരഞ്ജനയുടെ ശ്രെദ്ധ ഫോണിലേക്ക് പോകുന്നത് കണ്ട് നവി പറഞ്ഞു.. “താനിപ്പോൾ ഫുൾ ടൈം ഇതിലാണല്ലോടോ..” അവൻ നിരഞ്ജനയെ കളിയാക്കി… അപ്പോഴാണ് നവിയുടെ കയ്യിലിരിക്കുന്ന ചെമ്പകപ്പൂവ് നിരഞ്ജന കണ്ടത്… “ഇതെന്താ പൂവൊക്കെ ആയിട്ട്.. ആർക്കെങ്കിലും കൊടുക്കാൻ കൊണ്ട് വന്നതാണോ… ഡോക്ടറുടെ ഒരു നോട്ടത്തിനായി ഇവിടെ ചില നേഴ്സുമ്മാരും പേഷ്യന്റ്സും ഒക്കെ ക്യു നിൽക്കുന്നുണ്ട്… ” “ഒന്ന് പോടോ…

എന്റെ ഇഷ്ടങ്ങൾ ഞാനന്ന് തന്നോട് പറഞ്ഞതല്ലേ.. അതിനും അപ്പുറത്തൊരിഷ്ടം നവിക്കില്ല… കിട്ടുമെങ്കിൽ അത് മതി.. …..ചിലർക്ക് പകരം വെയ്ക്കാൻ ആ ചിലർ മാത്രേ പറ്റൂ… വേറെ ആര് വന്നാലും ആ സ്ഥാനം ശൂന്യമായിരിക്കും….. “പക്ഷെ അതിനു പുരോഗമനം വല്ലതുമുണ്ടോ… മനസ്സിൽ വെച്ചോണ്ടിരിക്കാതെ പോയി ഇഷ്ടം തുറന്നു പറയൂ മിസ്റ്റർ ഡോക്ടർ… ” “മ്മ്… ഏതാണ്ടൊക്കെ ശെരിയാകുന്നുണ്ട്… ഇന്നെനിക്ക് ഒരു പച്ചക്കോടി കിട്ടി ആൾടെ കയ്യിൽ നിന്നും… ” അപ്പുറത് നവിയുടെ സംസാരം കേട്ടു കൊണ്ടിരുന്ന ഗൗരിയുടെ മുഖത്ത് ആകെയൊരു അങ്കലാപ്പ് നിറഞ്ഞു… “പറഞ്ഞോ ഗൗരി…

ഇഷ്ടമാണെന്ന്?? “നിരഞ്ജന നവിയോട് ചോദിച്ചു.. “പറഞ്ഞില്ല.. പക്ഷെ പറഞ്ഞ പോലെ.. “ഒരു പ്രത്യേക ടോണിൽ നീട്ടി പറഞ്ഞു കൊണ്ട് നവി അകത്തേക്ക് നടന്നു… “കേട്ടല്ലോ നിന്റെ ആൾ പറഞ്ഞത്… ഇനിയെല്ലാം നിന്റെ കയ്യിലാണ്… “നിരഞ്ജന ഗൗരിയോട് പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു… ………………………………..🌷 വൈകിട്ട് നവി എത്തി ചേരുന്നതിനു മുൻപ് തന്നെ ഗൗരി എത്തിയിരുന്നു… കുളിച്ചു വേഷം മാറിയെങ്കിലും പൊട്ട് തൊടാനും കണ്ണെഴുതാനും ഒന്നുമവൾ മറന്നില്ല… നാമം ജപിച്ചെഴുന്നേറ്റപ്പോൾ ആണ് നവി എത്തിയത്.. അവന് അത്യാവശ്യമായി മെഡിക്കൽ ഓഫിസറെ കാണേണ്ട കാര്യമുണ്ടായിരുന്നു…

അത് കൊണ്ടാണ് താമസിച്ചത്… “വൈദ്യര് കുട്ടി വന്നല്ലോ മോളെ.. ഇപ്പൊ ചായ കൊടുക്കണോ അതോ പായസവോ.. “മുത്തശ്ശി ചോദിച്ചു.. “പായസം കൊടുക്കാം… ഒന്ന് ചൂടാക്കട്ടെ..മുത്തശ്ശി അവിടിരുന്നോ ഞാൻ കൊടുക്കാം.. ” ഗൗരി അടുക്കളയിലേക്ക് പോയി.. പായസവുമായി ഗൗരി അപ്പുറത്തേക്ക് ചെന്നു.. നവി അപ്പോഴേക്കും മേൽ കഴുകി വേഷം മാറി വരാന്തയിലേക്ക് ഇറങ്ങിയിരുന്നു.. ഗൗരി പായസപാത്രം അവന്റെ നേർക്ക് നീട്ടി.. അവൻ കൈനീട്ടി അത് വാങ്ങിയതും ഗൗരി തിരികെ നടന്നു… “ഡോ.. പോകുവാണോ… “??? “എന്തേ… ” “ഇങ്ങ് വന്നേ… ചോദിക്കട്ടെ… “നവി ഒരു കുസൃതി ചിരി ചിരിച്ചു…

“അവിടെ മുത്തശ്ശി ഇരിക്കുന്നു.. “ഗൗരി അവിടേക്ക് വിരൽ ചൂണ്ടി.. “മുത്തശീടെ മുന്നിൽ വെച്ചല്ലേ ഇത്രയും നാള് എന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞത്.. അപ്പോഴൊന്നും മുത്തശ്ശി ഇരിപ്പുണ്ടെന്നു ഓർത്തില്ലല്ലോ.. പിന്നെ ഇപ്പോഴെന്താ… “നവി ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ചോദിച്ചു.. ഗൗരിയുടെ മുഖം പെട്ടെന്ന് വാടി.. അത് കണ്ടു നവി പറഞ്ഞു.. “ഡോ ഇനി അതോർത്തു വിഷമിക്കണ്ടാ… വെറുതെ പറഞ്ഞതാ… എനിക്ക് തന്നോട് സംസാരിക്കാനുണ്ട്… എപ്പോൾ പറ്റും…?? ” “പറഞ്ഞോ.. കേൾക്കാം… “ഗൗരി അവിടെ കണ്ട തൂണിലേക്ക് ചാരി… “കുറെയുണ്ട്… ഇപ്പൊ തീരില്ല.. നാളെ രണ്ടാം ശനി അല്ലേ.. തനിക്ക് നേരത്തെ ഇറങ്ങാല്ലോ…

“?? “മ്മ്.. ” “ഞാനും നേരത്തെ വരാം… നമുക്ക് ഈ വഴിയിലൂടെയൊക്കെ ഒന്ന് വെറുതെ നടക്കാം.. അപ്പൊ പറയാം.. എന്ത് പറയുന്നു… “?? “മ്മ്.. ആയിക്കോട്ടെ… എന്നാൽ ഞാൻ പോട്ടേ.. “ഗൗരി അനുവാദത്തിനെന്നവണ്ണം നവിയെ നോക്കി… “ഉം.. “നവി അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് മൂളി… ഗൗരി തിരിഞ്ഞു നടന്നതും നവിയുടെ ചിലമ്പിച്ച ശബ്ദത്തിലെ പിൻവിളി പുറകിൽ കേട്ടു.. “ഗൗരി…. ” അവൾ തിരിഞ്ഞു നോക്കി.. “ഇഷ്ടായോ നിനക്ക്…”?? ഗൗരി അവനെ മിഴികളുയർത്തി നോക്കി.. “ഞാൻ തന്ന പിറന്നാൾ സമ്മാനങ്ങളൊക്കെ…??? “അവൻ ആർദ്രമായ ശബ്ദത്തോടെ ചോദിച്ചു…. “ഉവ്വല്ലോ… “അവൾ മൃദുവായി ചിരിച്ചു…

“ഇനി എന്നും ഇങ്ങനെയല്ലേ നടക്കൂ.. അല്ലേ.”നവി ഗൗരിയുടെ അടുത്തേക്ക് നടന്നു ചെന്നു… “എങ്ങനെ…?? ” അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട്നവി നിമിഷങ്ങളോളം നിന്നു… ശേഷം അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മുറ്റത്തെ ആ വലിയ ചെമ്പകമരത്തിന്റെ ഇരുട്ടിന്റെ മറവിലേക്കു മാറി നിന്നു.. എഴുത്തു പുരയുടെ മുൻവശത്തെ വരാന്തയിലെ ബൾബിന്റെ നേർത്ത മഞ്ഞവെട്ടം ഇത്തിരി പോന്ന ചാൽ പോലെ അങ്ങോട്ടേക്ക് ഒഴുകി എത്തുന്നുണ്ടായിരുന്നു… ഗൗരിയുടെ തോളത്ത് പിടിച്ചു കൊണ്ട് നവി അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു… ചൂണ്ടു വിരൽ കൊണ്ട് മെല്ലെയൊന്നു കണ്ണിൽ തൊട്ടു… “ഈ കണ്മഷിയും പൊട്ടും കമ്മലുമെല്ലാം ഇനിയെന്നും ഇവിടെ തന്നെ കാണില്ലേ.. ന്നു

” “മ്മ്മ്… ” “എനിക്കറിയണം ഗൗരി… എല്ലാം… നീ പറഞ്ഞു തരണം… ദേവൻ… നിന്റെ ആദ്യത്തെ ഇഷ്ടം… അയാളുടെ മരണം… നീ ഇങ്ങനെ മനസ് വിഷമിച്ചു നടന്നത്… എല്ലാം… എല്ലാമെനിക്കറിയണം…. ” തികട്ടി വന്ന ചില വേദനിപ്പിക്കുന്ന ഓർമകളിൽ നനഞ്ഞ കണ്ണുകളോടെ ഗൗരി മിഴികളടച്ചു നിന്നു… ചെമ്പകചോട്ടിലേക്ക് വീശിയടിച്ച ഒരു ചെറു തണുത്ത കാറ്റിൽ പടർന്നിറങ്ങിയ പൂക്കളുടെ സൗരഭ്യം അവരെ തൊട്ടു തലോടി അങ്ങ് കൽക്കണ്ടക്കുന്നു കയറാൻ തുടങ്ങിയിരുന്നു അപ്പോൾ….. ആരെയോ എന്തോ അറിയിക്കാൻ തിടുക്കപ്പെടുന്നത് പോലെ….❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 15

Share this story