പ്രണയവസന്തം : ഭാഗം 1

പ്രണയവസന്തം : ഭാഗം 1

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“ഹാ… അടങ്ങി നിൽക്കടി അമ്മിണി കൊച്ചേ…. ഞാൻ ഇത് മുഴുവൻ കറന്നോണ്ട് അങ്ങ് പോകാത്തൊന്നും ഇല്ല…. നിന്റെ കൊച്ചുങ്ങൾക്ക് ഉള്ളത് വച്ചിട്ട് മാത്രേ എടുക്കു…. എന്റെ പൊടികൊച്ചിന് ഒരു ഇത്തിരി പാൽ നീ ഒന്ന് താടി…. പാൽ എടുക്കാൻ വന്നപ്പോൾ ഒന്ന് മുരടനക്കിയ ആടിനോട് ജാൻസി പറഞ്ഞു…. അത്‌ കറന്നതും അവൾ പോകാൻ എഴുനേറ്റു… പോകും മുൻപ് അമ്മിണി ആടിനെയും അവളുടെ കുഞ്ഞാടിനെയും ഒന്ന് തലോടാനും മറന്നില്ല…. കറന്ന പാലും കൊണ്ടു അകത്തേക്കു ചെന്ന് അവൾ ഉണക്ക ഓലച്ചീലുകൾ കൂട്ടി തീ കത്തിക്കാൻ തുടങ്ങി… അപ്പോഴേക്കും കറണ്ട് പോയി….

നേരം 4 മണി ആയതേ ഉള്ളു അപ്പോഴേക്കും തുടങ്ങി…. നാശം….. അത്‌ പറഞ്ഞുകൊണ്ട് അവൾ കൈയിൽ ഇരുന്ന തീപട്ടി ഉരച്ചു വെളിച്ചം തെളിച്ചു… പാതകത്തിന്റെ അരികിൽ ഇരിക്കുന്ന മണ്ണെണ്ണ വിളക്ക് കത്തിച്ചു….. ഓടിട്ട് ചെങ്കല്ലുകൊണ്ട് കെട്ടിയ ഒരു കൊച്ചു വീട്…. തേച്ചിട്ടില്ല മൂന്ന് മുറിയും നിന്ന് തിരിയാൻ ഇടം ഇല്ലാത്ത ഒരു കൊച്ചു അടുക്കളയും…. ഒരു കൊച്ചു തിണ്ണയും…. മുറികൾ ഒക്കെ സാരി തുണി കൊണ്ടു കർട്ടൻ ഇട്ടു വച്ചിരിക്കുന്നു ഒരു മുറിയിൽ മാത്രം കതക് ഉണ്ട്… മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ അവൾ തന്റെ ജോലി തുടർന്നു…. പാൽ കാച്ചി ഒരു സ്റ്റീൽ ഗ്ലാസിൽ ആക്കി ഒഴിച്ച് വച്ചു….. വെള്ളം തിളപ്പിച്ച്‌ ഗോതമ്പുപൊടി അതിലേക്ക് ഇട്ടു മാവ് കുഴച്ചു…. വെള്ളം അടുപ്പത്തു വച്ചു മൂന്നു ഉരുളകിഴങ്ങു പുഴുങ്ങാൻ ഇട്ടു….

രണ്ടു സവാളയും ഒരു പ്ളേറ്റും എടുത്തു അരിയാൻ തുടങ്ങി…. അപ്പോഴേക്കും കരണ്ട് വന്നു…. അവൾ പെട്ടെന്ന് ബാക്കി ജോലി കൂടെ തീർത്തു…. കറിയും വച്ചു കട്ടൻകാപ്പി ഉണ്ടാക്കി അതിൽ നിന്ന് ഒന്ന് രണ്ടിറക്ക് കുടിച്ചു ബാക്കി അടുപ്പിൽ തന്നെ മൂടി വച്ചു…. ശേഷം വിറക് വയ്ക്കുന്ന ചേരിന് മുകളിൽ നിന്ന് ഹെഡ് ലൈറ്റ് എടുത്തു അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഓടി….. വെളുപ്പിന് 5 മണി മുതൽ 8 മണി വരെ റബ്ബർ ടാപ്പിംഗ് ആണ് അവളുടെ ജോലി…. അതുകഴിഞ്ഞു 10 മണി മുതൽ 4 വരെ അരമനയിൽ വീട്ടിലെ അടുക്കള പണി….

ഒരു മിനിറ്റ് പോലും ചുമ്മാ ഇരിക്കില്ല ജാൻസി…. ആകെയുള്ള 5 സെന്റ് പുരയിടത്തിൽ ആകാവുന്ന കൃഷി ഒക്കെ അവൾ ചെയ്യും…. പിന്നെ ഒരു തയ്യൽ മിഷ്യൻ ഉണ്ട് അത്‌ കറക്കിയും അവൾ പണം ഉണ്ടാകുന്നുണ്ട്….. പിന്നെ കോഴിയും താറാവും ആടും അങ്ങനെ എല്ലാം ഉണ്ട്…. പീരുമേട്ടിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിയവർ ആണ് ജാൻസിയുടെ അപ്പനും അമ്മയും…. ഒരു ബസപകടത്തിൽ അവർ മരിച്ചു… അതോടെ കുടംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അവളുടെ തലയിൽ ആണ്… ജാൻസിക്ക് ഒരു ചേച്ചി ആൻസി… ബ്യുട്ടീഷ്യൻ പഠിക്കാൻ പോയി ബസിലെ ഒരു ഡ്രൈവറുമായി അടുപ്പത്തിൽ ആയി ആൻസി…

അവൾക്ക് ഒരു അബദ്ധം സംഭവിച്ചതോടെ അയാൾ കൈ ഒഴിയാൻ തീരുമാനിച്ചു എങ്കിലും അയാളുടെ പേരെഴുതി ഒരു ആത്മഹത്യ കുറിപ്പ് എഴുതി താൻ മരിക്കും എന്ന ആൻസിയുടെ ഭീഷണിക്ക് മുന്നിൽ അയാൾക്ക് അവളെ വിവാഹം കഴിക്കണ്ടി വന്നു… ആ വിവാഹം ആർക്കും താല്പര്യം ഇല്ലാരുന്നു…. അത്രയും മോശക്കാരൻ ആയിരുന്നു അയാൾ…. ജാൻസിയുടെ അച്ഛന്റെയും അമ്മയുടെയും മരണശേഷം അയാളും ആൻസിയും ഇവിടെ തന്നെ ആണ്… അവർക്ക് 6 വയസുള്ള ഒരു മോൾ… അയാൾ ഇപ്പോൾ ബസ് ഡ്രൈവർ ആണ് … ആഴ്ചയിൽ വരും… ജാൻസിക്ക് താഴെ രണ്ട് പേര് ലിൻസിയും ബിൻസിയും…

ലിൻസി രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ആണ്…. ബിൻസി പ്ലസ്ടുവിനും …. പഠിക്കാൻ മിടുക്കി ആയിരുന്നിട്ടും അപ്പച്ചനും അമ്മച്ചിയും മരിച്ചതിന്റെ പേരിൽ തനിക്ക് പഠിപ്പ് നിർത്തണ്ടി വന്നൊണ്ട് തന്റെ സഹോദരിമാരെ എത്ര വരെ പഠിപ്പിക്കാനും ജാൻസി തയ്യാർ ആണ്.. അതിനാണ് ഈ ഓട്ടപാച്ചിൽ ഒക്കെ…. ചിലർക്ക് അവൾ മാതൃക ആണ്…. മറ്റുചിലർക്ക് പരിഹാസം…. പെണ്ണല്ലേ എന്ന് കരുതി മാനത്തിന് വില ഇടാൻ വന്നവരും കുറവല്ല അവർ ഒക്കെ അവളുടെ കൈചൂട് അറിഞ്ഞിട്ടും ഉണ്ട്…. ടാപ്പിങ് കഴിഞ്ഞു അവൾ വന്നപ്പോൾ തിണ്ണയിലെ കണ്ണാടിയിൽ നോക്കി കണ്ണെഴുതുവാരുന്നു ലിൻസി… അവളുടെ തലവെട്ടം ദൂരെ കണ്ടത്തെ ലിൻസി പേടിചു അകത്തേക്ക് കയറി പോയി….

എന്ന ചേച്ചി…. ഓടി കയറിയ സ്പീഡിൽ തമ്മിൽ ഇടിച്ച ബിൻസി ചോദിച്ചു…. ചേച്ചി…. ചേച്ചി വരുന്നുണ്ട്…. അവൾ കിതച്ചു കൊണ്ടു പറഞ്ഞു… സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് എന്തും ആവാം എന്ന് കരുതി ജീവിക്കുന്ന കുറച്ചു പേര് ഉണ്ടാകും എല്ലാ നാട്ടിലും അതുകൊണ്ട് ഒരുപാട് ഒരുക്കങ്ങൾ ഒന്നും വേണ്ടന്ന് ജാൻസി അനിയത്തിമാരോട് പറഞ്ഞിട്ടുണ്ട്…. അവളുടെ മുന്നിൽ വച്ചു ഒരുങ്ങിയാൽ അപ്പോൾ തന്നെ രൂക്ഷ മയ ഒരു നോട്ടവും എന്തേലും കമന്റും കിട്ടും എന്ന് ഉറപ്പാണ്…. അത്‌ കേട്ടതും ബിൻസിയും ഒന്ന് ഞെട്ടി…. അവൾ അടുക്കളപുറത്തേക്ക് ഓടി പെട്ടന്ന് ചൂലെടുത്തു മുറ്റം തൂക്കാൻ തുടങ്ങി…. എന്നാടി തൂത്തു വരുന്നേ ഉള്ളോ…? മണി 8 ആയല്ലോ….

ജാൻസി അവളെ തുറിച്ചു നോക്കി ചോദിച്ചു… എഴുനേൽക്കാൻ താമസിച്ചു ചേച്ചി…. ഇന്ന് സെക്കന്റ്‌ സാറ്റർഡേ അല്ലേ…. ബിൻസി പേടിയോടെ പറഞ്ഞു…. കൊച്ച് എഴുന്നേറ്റോടി…. ജാൻസി ചോദിച്ചു…. അഹ്… എഴുനേറ്റു ചേച്ചി തുണി നനക്കാൻ പോയി…. ആ പിറകെ അവളും പോയി…. ബിൻസി പറഞ്ഞു…. കൊള്ളാം…. ആറിനടുത്ത് കൊച്ചിനെ കൊണ്ടുപോവല്ലേ എന്ന് പറഞ്ഞാൽ ഈ ചേച്ചി കേൾക്കില്ല…. അവൾക്ക് ആണേൽ കൊച്ചിന്റെ മേൽ ഒരു ശ്രെദ്ധ ഇല്ല… അതങ്ങാനം വെള്ളത്തിൽ കളിച്ചോണ്ട് ഒന്ന് ശ്രെദ്ധ തെറ്റിയാൽ …. എന്റെ ഈശോയെ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ…? ജാൻസി പറഞ്ഞു… അവൾ വേഗം മുറിയിൽ ചെന്ന് ഒരു തോർത്തും ചുരിദാരും എടുത്തു…. ശേഷം അടുക്കളയിൽ ചെന്ന് അല്പം എണ്ണ എടുത്തു തലയിൽ പുരട്ടി…. ലിൻസി ചപ്പാത്തി ചുടുക ആണ്…… നിനക്ക് ക്ലാസ്സ്‌ ഇല്ലെടി…

ഇല്ല ചേച്ചി… അഹ്…. ഇരുന്ന് പഠിച്ചോണം രണ്ടും…. അല്ലാതെ അയല്പക്കം നിരങ്ങാൻ നിന്നെകല്ല്…. ഇല്ല ചേച്ചി… അതും പറഞ്ഞു അവൾ ആറിനടുത്തേക്ക് നടന്നു…. കാഞ്ഞിരപ്പള്ളിക്കാരുടെ സ്വന്തം മണിമല ആറ് ആണ്…. അവൾ ചെല്ലുമ്പോൾ ഒരു കടലാസ് തോണി ഉണ്ടാക്കി അത്‌ വെള്ളത്തിനു മീതെ ഇട്ടു കൊണ്ടു നിൽക്കുക ആണ് അന്നമോൾ…. ആന്മരിയ എന്നാണ് പേരെങ്കിലും അവൾ എല്ലാർക്കും അന്നമോൾ ആണ്…. ജാൻസിക്ക് മാത്രം അവൾ മേരികൊച്ച് ആണ്…. എന്റെ മേരികൊച്ചു എന്നടുക്കുവാ…. ജാൻസി വാത്സല്ല്യത്തോടെ ചോദിച്ചു… ഞാൻ വള്ളം ഉണ്ടാക്കി വിടുവാ കുഞ്ഞാന്റി… ചിരിയോടെ അവൾ പറഞ്ഞു…. ആന്നോ…. പാൽ കുടിച്ചാരുന്നോ…. അഹ്… കുടിച്ചിട്ടാ വന്നേ….

നീ താമസിച്ചോ…. ആൻസി ചോദിച്ചു…. അഹ്…. കുറച്ചു…. ചേച്ചിയോട് പറഞ്ഞിട്ടില്ലേ ഇവളേം കൂട്ടി ഒറ്റക്ക് ഇങ്ങോട്ട് വരണ്ടാന്നു…. വല്ലോം പറ്റിയാൽ ഓടാൻ ഞാൻ മാത്രേ ഉള്ളു…. കെട്ടിയോൻ തിരിഞ്ഞു നോക്കില്ല…. ജാൻസി അത് പറഞ്ഞപ്പോൾ ആൻസിയുടെ മുഖത്ത് വേദന നിറഞ്ഞു…. അത്‌ കണ്ടപ്പോൾ ജാൻസിക്കും… കേറി പോകാൻ നോക്ക് കൊച്ചിനേം കൊണ്ടു….. അലക്ക് കഴിഞ്ഞില്ലേ…. ഇല്ലടി പിഴിയാൻ ഉണ്ട്…. അഹ് … ഞാൻ പിഴിഞ്ഞോണ്ട് വന്നോളാം ചേച്ചി ചെല്ല്…. അതും പറഞ്ഞു അവൾ കഴുകി വച്ചതിൽ നിന്ന് ഒരു ലുങ്കി എടുത്തു കച്ച കെട്ടി കുളിക്കാൻ തുടങ്ങി…..

കുളി കഴിഞ്ഞതും ജാൻസി നേരെ വീട്ടിലേക്ക് കയറി….. ഒരു കോട്ടൺ പാവാടയും ചുരിദാറിന്റെ ടോപ്പും ആയിരുന്നു അവളുടെ വേഷം… അവളുടെ സ്ഥിരം വേഷവും അതായിരുന്നു…. എടി ഈ തുണി ഒന്ന് വിരിച്ചിട്ടേക്ക്…. ബക്കറ്റ് ബിൻസിയുടെ കൈയ്യിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു…. എന്നിട്ട് ധൃതിയിൽ കോഴികൂട് തുറന്നു കോഴികളെ പുറത്തേക്ക് ഇറക്കി…. ” അതെ അവിടെ ഇവിടെയും കറങ്ങി നടക്കാതെ പെട്ടെന്ന് വൈകിട്ട് വന്നു കൂട്ടിൽ കേറിക്കോണം…. ഇനി എനിക്ക് വയ്യ പിറകെ പറമ്പിൽ കൂടെ ഓടി നടക്കാൻ…. എടി ബിൻസിയെ ഇതുങ്ങൾക്ക് കുറച്ച് ഗോതമ്പു എടുത്തു ഇട്ടു കൊടുത്തേ….

ജാൻസി വിളിച്ചു പറഞ്ഞു… കോഴികൾ എല്ലാം കൂട്ടിൽ നിന്നും ഇറങ്ങിയ ശേഷം അവൾ കൂട്ടിലേക്ക് കൈ തപ്പിയിട്ട് നാല് മുട്ടകൾ എടുത്തു….. അതുമായി അവൾ നേരെ അടുക്കളയിലേക്ക് ചെന്നു…. അടുക്കളയിൽ അപ്പോൾ ആൻസി അന്ന മോൾക്ക് ചപ്പാത്തി വായിൽ വച്ച് കൊടുക്കുകയായിരുന്നു…. എടി ബിൻസിയേ ആ ബാക്കി ഇരിക്കുന്ന മുട്ടയും കൂടി എടുത്തേ….. കൊച്ചിനു രണ്ടെണ്ണം വെച്ചിട്ട് ബാക്കി കോഴിമുട്ടയും താറാമുട്ടയും എല്ലാ ഇങ്ങ് എടുക്ക്…. ജാൻസി വിളിച്ചുപറഞ്ഞു….. എന്നാടി ബെന്നിയുടെ കടയിൽ കൊടുക്കാൻ ആണോ…. ഞാൻ പിന്നെ കടയിൽ പോകുന്നുണ്ട് അപ്പോൾ കൊടുക്കാം….

ആൻസി പറഞ്ഞു… അല്ല ചേച്ചി അരമനയിലേക്ക് ആണ്… അവിടുത്തെ ചെറുക്കൻ ഇന്ന് വരുന്നുണ്ട്…. ക്ലാര അമ്മച്ചി പറഞ്ഞായിരുന്നു ഇന്ന് ഉള്ള മുട്ട എല്ലാം അവിടെത്തന്നെ കൊടുത്തേക്കണം എന്ന്…. കുറച്ച് ആട്ടിൻപാലും കൂടെ വേണം എന്ന് പറഞ്ഞത്…. ഞാൻ വൈകുന്നേരത്തേക്ക് തരാം എന്ന് പറഞ്ഞു…. അപ്പോഴേക്കും ഒരു പേപ്പറിൽ മുഴുവൻ മുട്ടകൾ പൊതിഞ്ഞുകൊണ്ട് ബിൻസി അവിടെ എത്തിയിരുന്നു…. 20 മുട്ട ഉണ്ട് ചേച്ചി….. 12 കോഴിയും 8 താറാവും…. അഹ്… കൊച്ചിന് വച്ചോ…. വച്ചിട്ടുണ്ട്…. എന്നാൽ ഞാൻ ഉറങ്ങാൻ പോവാണ്…. സമയം വല്ലാതെ വൈകി…. അന്ന മോളുടെ നെറ്റിയിൽ ഒന്നു മുത്തി എല്ലാവരോടും യാത്ര പറഞ്ഞു അവൾ മുറിയിലേക്ക് പോയി….

പെട്ടെന്ന് തന്നെ കയ്യിൽ കിട്ടിയ ഒരു പഴയ കോട്ടൺ ചുരിദാർ എടുത്ത് അണിഞ്ഞു…. മുടി ഒന്ന് വാരി കെട്ടി….. കഴിഞ്ഞു ഒരുക്കം…. ഒരു പൗഡർ പോലുംഇടില്ല… എങ്കിലും അവൾ സുന്ദരിയായിരുന്നു…. ഞാൻ ഒന്നും കൂടി പറയുക ആണ്…. ഇവിടിരുന്നു പഠിച്ചോണം…. അല്ലാതെ അപ്പുറത്ത് നിൽക്കുന്നത് എങ്ങാനം ഞാൻ വരുമ്പോൾ കണ്ടാ…. ലിൻസിക്കും ബിൻസിക്കും ഒരു വാണിംഗ് കൊടുത്തിട്ടാണ് ജാൻസി ഇറങ്ങിയത്…. കോട്ടയം ജില്ലയിലെ കിഴക്കൻ‌ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ്‌ കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം, ഹൈറേഞ്ചിന്റെ കവാടം എന്നും ഒക്കെ കഞ്ഞിരപ്പള്ളിയെ വിശേഷിപ്പികം…

സുറിയാനി ക്രിസ്ത്യൻ സമൂഹം ആണ് കാഞ്ഞിരപ്പള്ളിയിൽ അധികവും… കാടു വെട്ടി റബ്ബർ നട്ട നല്ല ഒന്നാന്തരം അച്ചായൻമാരുടെ നാട്…. മണിമല ആറിന്റെ കാറ്റേറ്റ് ജാൻസി നടന്നു… പുഴയുടെ മീതെ മൂടൽമഞ്ഞു കാണാം…. കാഞ്ഞിരപ്പള്ളിയുടെ സൗന്ദര്യം ഈ റബ്ബറും മഞ്ഞും ഒക്കെ ആണ് എന്നതാണ് സത്യം… ജാൻസി കണ്ട പരിചിത മുഖങ്ങളിൽ ഒക്കെ ഒന്ന് പുഞ്ചിരി കാണിച്ചു…. “🎶പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാന്റടി മേളം… പെരുന്നാളിന് പള്ളിയിൽ എത്തിയത് എന്ത് കൊതിച്ചാണ്…. അന്ന് ആ വഴി വരവിനു കാരണം അവളുടെ കരിനീല കണ്ണ്… അവളൊരു ക്രിസ്ത്യാനി പെണ്ണ്..🎶

തന്റെ പ്രിയപ്പെട്ട പാട്ട് ആസ്വദിച്ചു ഹെഡ്സെറ്റും ചെവിയിൽ വച്ചു ബുള്ളറ്റിൽ വരുവായിരുന്നു ആൽവിൻ… നാലും കൂടുന്ന കവലയിൽ എത്തിയപ്പോഴാണ് പെട്ടെന്ന് ഒരു പെൺകുട്ടി ക്രോസ് ചെയ്യുന്നത് അവൻ കണ്ടത്… പാട്ടിന്റെ ഫീലിൽ പെട്ടെന്ന് ബ്രേക്ക് ഇടാൻ അവൻ മറന്നു…. പെട്ടെന്ന് ഒരു സഡൻ ബ്രെക്ക് ഇട്ടു വണ്ടി നിന്നു…. പക്ഷെ അപ്പോഴേക്കും ആ പെൺകുട്ടി വീണിരുന്നു…. അവളുടെ കൈകളിൽ ഇരുന്ന എന്തോ താഴേക്ക് പോകുന്നത് കണ്ടു ആൽവിൻ… പെട്ടെന്ന് തന്നെ അവൻ ഹെൽമെറ്റ്‌ ഊരി വണ്ടി സ്റ്റാൻഡിൽ വച്ചു ഇറങ്ങി…. രൗദ്രഭാവത്തിൽ തന്നെ നോക്കുന്ന അവളെയാണ് ആ നിമിഷം അവൻ കാണുന്നത്…. അവൻ അവളെ തന്നെ നോക്കി… ഒരു ചമയങ്ങളും ഇല്ല…

ഒരു കറുത്ത ചരട് കൊന്ത ഒരു വെള്ള മുത്ത് കമ്മൽ ഒരു ഓറഞ്ച് കോട്ടൺ ചുരിദാർ…. ഒഴിഞ്ഞ കൈകൾ… പൊട്ട് കുത്താത്ത നെറ്റിത്തടം….. കരി പടരാത്ത നയനങ്ങൾ…. താടിയുടെ വലത് വശത്തായി ഒരു കുഞ്ഞ് മറുക്… ചമയങ്ങൾ ഒന്നും ഇല്ലങ്കിലും നീണ്ട മൂക്കും തുടുത്ത കവിളുകളും ചെഞ്ചോടികളും ആരായാലും ഒന്ന് നോക്കി നിന്നു പോകും… ആ മറുക്കാണ് അവളുടെ സൗന്ദര്യം എന്ന് അവന് തോന്നി….. എവിടെ നോക്കിയടോ വണ്ടി ഓടിക്കുന്നത്…. മര്യാദയ്ക്ക് വണ്ടി ഓടിക്കാൻ അറിയില്ല…. റോഡിൽ കൂടെ നടക്കുന്നവരെ തട്ടി മറിച്ചിടാൻ നടക്കുവാ…. അപ്പനോടും അമ്മയോടും തിരിച്ചു ചെല്ലാം എന്ന് പറഞ്ഞിട്ട് ആണോ ഇറങ്ങിയേ .. ദേഷ്യത്താൽ അവളുടെ മൂക്ക് ചുവന്നു….

പെട്ടെന്ന് അവിടെ നിന്നവരൊക്കെ ചുറ്റും കൂടാൻ തുടങ്ങി….. ആൽവിന് ദേഷ്യം തോന്നി…. എവിടെ നോക്കിയാടി നീ നടക്കുന്നത്… നീയല്ലേ നോക്കാതെ റോഡ് ക്രോസ് ചെയ്തു വന്നത്… അവൻ പറഞ്ഞു… ദേ…. എടി പോടീ എന്നൊക്കെ വിളിച്ചാൽ ഉണ്ടലോ…. ഇപ്പോൾ കുറ്റം എനിക്ക് ആയോ…. താൻ കൊള്ളാല്ലോ…. റോഡിലൂടെ വണ്ടി ഓടിച്ചു പഠിക്കുന്നവർ നോക്കണം റോഡിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോന്ന് റോഡിന് അപ്പുറത്ത് പോകുന്നവരും നോക്കണം പുറകെ വണ്ടി വരുന്നുണ്ടോ എന്ന്…. ആൽവിൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല…. ഏതായാലും ഒന്നും പറ്റിയില്ലല്ലോ… ആഹാ പറ്റാത്തതിൽ ആണോ തനിക്ക് സങ്കടം…. പിന്നെ ഈ കിടക്കുന്നത് എന്താടോ….?

തറയിലേക്ക് ചിതറിക്കിടക്കുന്ന മുട്ട യിലേക്ക് ചൂണ്ടി അവൾ പറഞ്ഞു…. ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു മേടിച്ചു കൊടുക്കുന്ന ഗോതമ്പും അരിയും കഴിച്ച കോഴികൾ ഇട്ടു തരുന്ന മുട്ട ആണ്… ഇതു വിറ്റ് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്…. അത് നശിപ്പിച്ചിട്ട് ഒന്നും പറ്റിയില്ലല്ലോന്ന്… കഷ്ടപ്പെടാതെ ആർക്കും ജീവിക്കാൻ പറ്റില്ല കൊച്ചേ…. എല്ലാരും കഷ്ടപ്പെട്ട് തന്നെയാ ജീവിക്കുന്നെ… ആഹാ….എന്നിട്ട് തന്നെ കണ്ടിട്ട് കഷ്ടപ്പെട്ട് ജീവിക്കും പോലെ തോന്നുന്നില്ലല്ലോ…. ഉരുളയ്ക്ക് ഉപ്പേരി ആണ് അവളുടെ കണക്ക് എന്ന് അവന് മനസിലായി….. എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ സഹിച്ചേനെ… പക്ഷേ ഇത്…. ഞാൻ കാരണം സംഭവിച്ചത് അല്ലേ….

അതുകൊണ്ട് മുട്ടയുടെ കാശ് തന്നാൽ പോരെ…. അയ്യോടാ അത്‌ വല്ല്യ കാര്യം ആയി പോയല്ലോ…. താൻ വല്ല്യ ഓദാര്യപോലെ പറയണ്ട…. അല്ലേലും മുട്ടയുടെ കാശ് വാങ്ങിച്ചിട്ടേ ഞാൻ പോകു… അവൾ ഉശിരോടെ പറഞ്ഞു.. ഇതെന്തു സാധനം… കരക്കൂടെയും പറ്റില്ല വെള്ളത്തിൽ കൂടെയും പറ്റില്ല…. അവൻ മനസ്സിൽ ഓർത്തു……. വീട്ട് കള ജാൻസി കൊച്ചെ ആ കൊച്ചന് ഒരു അബദ്ധം പറ്റിയതല്ല…. കൂട്ടത്തിൽ പ്രായമായ ഒരാൾ പറഞ്ഞു… ദേ കറിയാച്ചേട്ടൻ ചേട്ടന്റെ കാര്യം നോക്കിക്കേ…. അവൾ പറഞ്ഞു… ഇങ്ങനെ അബദ്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല കറിയാചേട്ടാ… ആൽവിൻ അവളെ കൂർപ്പിച്ചു നോക്കി…. ചേട്ടൻ ഒന്നും പറയണ്ട ഇതിന്റെ ഒക്കെ നാക്കിനു ലൈസൻസ് ഇല്ല…

അവൻ അവളെ നോക്കി പറഞ്ഞു… ശേഷം പേഴ്സിൽ നിന്നും ഒരു 500 ന്റെ നോട്ട് എടുത്ത് അവൾക്ക് നീട്ടി…. 20 മുട്ട ഉണ്ടായിരുന്നു 12 കോഴിമുട്ടയും 8 താറാമുട്ടയും…. ഇപ്പഴത്തെ വില വച്ചു 148 രൂപ… ബാക്കി പൈസക്ക് ചില്ലറയില്ല…. ബാക്കി നീ തന്നെ കൈയ്യിൽ വച്ചോ…. കുറേ വായിട്ട് അലച്ചതലേ… എടോ മര്യാദയ്ക്ക് സംസാരിക്കണം….. ഞാൻ ആദ്യമേ പറഞ്ഞു എടി പോടി എന്നൊക്കെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ വിളിച്ചാൽ മതി…. എൻറെ പൊന്നു കർത്താവേ…. എന്താണാവോ തമ്പുരാട്ടിയുടെ പേര്…. അവന്റെ മറുപടിക്ക് മറുപടി കൊടുക്കാതെ അവൾ പറഞ്ഞു… താൻ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ തന്നെ ചില്ലറ വാങ്ങി കൊണ്ടു വരാം…. ശരി തമ്പുരാട്ടി…

അവൻ കൈ തൊഴും പോലെ പറഞ്ഞു… അവൾ ചിറികൊട്ടി അടുത്ത് കണ്ട കടയിലേക്ക് പോയി… ഡാ ബെന്നി…. 500 രൂപയ്ക്ക് ചില്ലറ ഉണ്ടേൽ താ… അവള് ചില്ലറയും വാങ്ങിക്കൊണ്ടുവന്നു…. 148 നു 140 രൂപയെ എടുത്തിട്ടുള്ളു…. ഒരെണ്ണം പൊട്ടിയിട്ടില്ല…. ബാക്കി 360 ഇന്നാ… ജാൻസിക്ക് ഒരുത്തന്റെയും ഓദാര്യം വേണ്ട…. അത്‌ പറഞ്ഞു അവൾ നടന്നു പോയി… ജാൻസി…. അവൻ പേര് മനസ്സിൽ ഉരുവിട്ടു… ജാൻസി റാണി… ചിരിയോടെ അവൻ പറഞ്ഞു…. കൊള്ളാല്ലോ സാധനം… മീശ പിരിച്ചു അവളെ നോക്കി സ്വയം ഒന്ന് പറഞ്ഞ ശേഷം അവളെ ഒന്നുടെ നോക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. (തുടരും )

Share this story