ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 22

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 22

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ഇന്നല്ലേ അവർ വരുമെന്ന് പറഞ്ഞിരിക്കുന്നത്… നീ ഒരുങ്ങുന്നില്ലേ ഗൗരൂട്ടിയെ… “മുത്തശ്ശിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല… കാര്യങ്ങൾ നവിയാണ് മുത്തശ്ശിയോടും അമ്മയോടും രാധികേച്ചിയോടും പറഞ്ഞത്.. കേട്ടപ്പോൾ ആദ്യം എല്ലാവർക്കും അമ്പരപ്പായിരുന്നു… പിന്നെ അത് സന്തോഷത്തിലേക്ക് വഴി മാറി… ഇന്നിപ്പോ അവർ വരുമെന്ന് പറഞ്ഞിരിക്കയാണ്… അതിന്റെ ഒരുക്കത്തിലാണ് മുത്തശ്ശിയും അമ്മയുമൊക്കെ… പതിവിന് വിപരീതമായി ശ്രീദേവി ഇന്നു തനിയെ എഴുന്നേറ്റു കുളിപ്പുരയിൽ പോയി കുളിച്ചു വന്നു… ആ മുഖത്തെ സന്തോഷവും തേജസും ഗൗരിയുടെ കണ്ണുകളെ ഈറനണിയിച്ചു..

രാധികേച്ചിയും ഭദ്രകുട്ടിയും അവിടെ തന്നെയുണ്ട്… തിങ്കളാഴ്ച ആണ്.. രാധികേച്ചി ലീവെടുത്തു… ഭദ്രക്കുട്ടി സ്കൂളിൽ പോകില്ലെന്നുറപ്പിച്ചു പറഞ്ഞായിരുന്നു…. അവൾക്കിപ്പോഴേ ആഘോഷം തുടങ്ങി… ഗൗരിയും ലീവെടുത്തായിരുന്നു… എല്ലാവരും ചിരിയോടെ സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കുന്നുണ്ടായിരുന്നു.. അവരോടൊക്കെ പുഞ്ചിരിയോടെ പെരുമാറിയെങ്കിലും അകാരണമായ ഒരു ഭയം ഗൗരിയെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു… ഒന്നും മിണ്ടാതെ കണ്ണടച്ച് അവൾ കഴുത്തിലെ കണ്ണനെ കൈവെള്ളക്കുള്ളിൽ ചുറ്റിപ്പിടിച്ചു.. “കൃഷ്ണാ”…എന്ന വിളിയിൽ എല്ലാമുണ്ടായിരുന്നു…

വേദനയും ആശങ്കയും വീർപ്പുമുട്ടലും എല്ലാം…. ഇടക്കൊരുവേള എല്ലാവരുടെയും കണ്ണ് വെട്ടിച്ചു അവൾ അപ്പുറത്തേക്ക് ചെന്നു..തന്റെ പ്രാണന്റെ അടുത്തേക്ക്… നവിയുടെ സാന്നിധ്യം അതൊരു ധൈര്യമാണ്… അവൻ കുളി കഴിഞ്ഞു വന്നു മുടി ചീകുകയായിരുന്നു… കഴുത്തിലും രോമാവൃതമായ ആ മാറിലും പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികളിലേക്കു ഗൗരിയുടെ മിഴികൾ നീണ്ടു… ഇടനെഞ്ചിലെ മഹാദേവന്റെ നനഞ്ഞ പച്ചകുത്തിലേക്കും അവളുടെ നോട്ടം ചെന്നു… പെട്ടെന്നാണവൾ അവനോട് അത് ചോദിച്ചത്… “നവിയേട്ടൻ എന്തിനായിരുന്നു നവിയേട്ടാ കൽക്കണ്ടക്കുന്നു കയറിയത്… “??

അവളുടെ ചോദ്യം അവനിൽ അമ്പരപ്പ് നിറച്ചു… “നിനക്ക് വേണ്ടിയാരുന്നു ഗൗരി.. “അവൻ മനസിലാണ് അത് പറഞ്ഞത്… “എന്ത് നവിയേട്ടാ… എന്തായിരുന്നു നവിയേട്ടൻ ആഗ്രഹിച്ചത്.. “?? അവൾ വീണ്ടും ചോദിച്ചു… “ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അത് പുറത്ത് പറയരുതെന്നല്ലേ ഗൗരികുട്ടി.” “മ്മ്… “അവൾ എന്തോ ഓർത്തെന്ന പോലെ മൂളി… “നീയെന്താ ഗൗരി.. എന്തോ കണ്ടു പേടിച്ച പോലെയൊക്കെ നിൽക്കുന്നെ… എന്തെങ്കിലും പ്രശ്നമുണ്ടോ… “?? “പേടിയാവുന്നു നവിയേട്ടാ…. “അവൾ മെല്ലെ ചെന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവന്റെ ഇടനെഞ്ചിലെ മഹാദേവന്റെ മേൽ അവൾ കൈപ്പത്തി വെച്ചു…

“എന്താണ് പെണ്ണേ… “നവി ഒട്ടൊരു പ്രണയത്തോടെ അവളെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു…. “നിന്നെ കണ്ട് ഇഷ്ടപ്പെട്ടതല്ലേ അമ്മക്ക്… ഇനിയെന്തിനാ പേടി… “?? “അറിയില്ല… എന്തോ അരുതാത്തതൊക്കെ സംഭവിക്കാൻ പോകുന്നൂന്നു മനസ് പറയുന്നു… എനിക്ക് നഷ്ടപ്പെടുവോ എന്റെ നവിയേട്ടനെ… “അവൾ മിഴികളൂയർത്തി അവന്റെ മിഴികളിലേക്ക് നോക്കി… “കണ്ണ് നിറയ്ക്കാതെ പോയി കണ്ണൊക്കെ എഴുതി പൊട്ടൊക്കെ കുത്തി സുന്ദരിയായി നിൽക്ക്… ഒറ്റ നോട്ടത്തിൽ വീഴണം പ്രിയംവദ പാലാഴി… “അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കണ്ണ് തുടച്ചു കൊടുത്തു…

അവൾ വീണ്ടും ഇരുകൈകൾ കൊണ്ടും അവനെ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് ചാഞ്ഞു.. “ഈ പെണ്ണിന്റെ ഒരു കാര്യം… ഡി… പെണ്ണ് കാണാൻ വരുന്നവർ പെണ്ണും ചെക്കനും കൂടി ഇങ്ങനെ നിൽക്കുന്നത് കണ്ടാൽ എന്ത് വിചാരിക്കും എന്ന് വല്ല വിചാരവുമുണ്ടോ.. ഞാനാണെങ്കിൽ ഷർട്ടും കൂടി ഇട്ടിട്ടില്ല… നീ പോയെ… പോയി ഒരുങ്ങി നിൽക്ക്…അല്ലെങ്കിൽ പിന്നെ എനിക്കെന്തെങ്കിലുമൊക്കെ തോന്നും…” അവൻ അവളുടെ പിടി വിടുവിച്ചു പുറത്തേക്കിറക്കി… ….വാര്യത്ത് മുൻവശത്തെ റോഡിൽ ഒരാഡംബര കാർ വന്നു നിന്നത് ആദ്യം കണ്ടത് ഭദ്രകുട്ടി ആയിരുന്നു…

അവളോടി അകത്തേക്ക് കയറി അകത്തുള്ളവരോട് വിവരം പറഞ്ഞു… “മുത്തശ്ശിയെ… ശ്രീയമ്മേ… ഗൗരിയേച്ചിയെ.. ദേ അവർ വന്നൂന്നു തോന്നുന്നു… ” ഗൗരിക്കാകെ വെപ്രാളമായി… കയ്യും കാലുമൊക്കെ തളരുന്ന പോലെ… രാധികേച്ചിയും മുത്തശ്ശിയും കൂടി തിണ്ണയിലേക്കിറങ്ങി…. ശ്രീദേവിയമ്മ ചായ പകർന്നു ഗ്ലാസ്സിലേക്ക് ഒഴിച്ചു വെച്ചു… പലഹാരപ്പൊതികൾ തുറന്നു ഓരോന്നും ഓരോ പ്ളേറ്റിലേക്കു ആക്കി… ഗൗരി സാരിയുടെ മുന്താണിയിൽ കൈ കോർത്ത് അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് കൊണ്ട് അടുക്കളയുടെ ഒരു മൂലക്ക് തന്നെ നിന്നു…

വീട്ടിലെ കാർ വന്നത് കണ്ടു നവി വേലി കടന്ന് റോഡിലേക്ക് ചെന്നു… ചന്ദ്രശേഖർ അവനെ കണ്ടു പുഞ്ചിരിയോടെ കോ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി.. പുറകിൽ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി വാര്യത്തേക്ക് നോക്കിയ പ്രിയംവദയുടെ നെറ്റി ചുളിഞ്ഞു… ഇറങ്ങാനാഞ്ഞ അവർ വാര്യത്തേക്ക് നോക്കി കൊണ്ട് അവിടെ തന്നെയിരുന്നു… “വാ.. ഇറങ്ങ്…” ഡോർ തുറന്നു കൊണ്ട് ചന്ദ്രശേഖർ അവരെ വിളിച്ചു… അടുത്ത് തന്നെ ചിരിയോടെ നവിയും നിൽപ്പുണ്ടായിരുന്നു… “ഇതെന്തുവാടാ ഇത്… ഇത് വീടാണോ.. ഇന്നോ നാളെയോ ഇടിഞ്ഞു വീഴുമല്ലോ ഇത്… പാലാഴിയിലെ പട്ടിക്കൂട് ഇതിലും വലുതാണല്ലോ നവി…

ഇവിടെ നിന്നാണോ നീ പെണ്ണ് കെട്ടാൻ പോകുന്നത്… “പ്രിയംവദ രോഷാകൂലയായി… ചന്ദ്രശേഖർ പ്രതിമ പോലെ നിന്നുപോയി… നവിയുടെ മുഖം ചുവന്നു.. അവൻ ആശങ്കയോടെ വാര്യത്ത് മുറ്റത്ത് നിൽക്കുന്നവരെ തിരിഞ്ഞു നോക്കി… മുത്തശ്ശിയും അമ്മയും രാധികേച്ചിയും ആശങ്കയോടെ നോക്കി നിൽക്കുന്നതവൻ കണ്ടു… “അമ്മേ പ്ലീസ് ഒരു സീൻ ഉണ്ടാക്കരുത്… അമ്മ വരൂ… അവരെ അപമാനിക്കരുത്.. സമ്പത്തില്ലെങ്കിലും അവരും മനുഷ്യരാണ്… അഭിമാനം ഉള്ള മനുഷ്യർ.. ” “എനിക്കുമുണ്ടെടാ അഭിമാനം.. അത് നീ ഓർത്തില്ലല്ലോ… ഏതോ ദാരിദ്രവാസികളുടെ കൂടെ കൂടി അമ്മയെ നാണം കെടുത്താൻ തുനിഞ്ഞിറങ്ങിയവൻ…

എങ്ങനെ തോന്നി നവി.. നിനക്ക് ഇത് പോലെ ഒരു വീട്ടീന്ന്…. ഛെ !!!എന്തൊരു നാണക്കേടാണ്… ഞാനെങ്ങനെ ഈ വിവരം എന്റെ ഫ്രണ്ട്സിനോടൊക്കെ പറയും… പെണ്ണ് കാണാൻ പോയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കയാവും അന്നയും, സുല്ഫത്തും ആമിയുമൊക്കെ… ” “ബാക്കിയൊക്കെ നമുക്ക് പിന്നെ ചിന്തിക്കാം അമ്മേ… അമ്മ ദയവു ചെയ്തു ഇപ്പൊ ഒരഞ്ചു മിനിറ്റത്തേക്ക് ഒന്നിറങ്ങി വരുവോ.. ” “എനിക്ക് പറ്റില്ല നവി… ഞാൻ മോഹൻദാസ് പാലാഴിയുടെ മകളാണ്… എനിക്ക് ഇങ്ങനെയൊരു ഗതികേട് ഇല്ല…

എന്റെ മകനായ നിനക്ക് ഒട്ടുമില്ല… എന്ത് തന്നെയാണെങ്കിലും ഈ പട്ടിക്കൂടു പോലത്തെ വീട്ടിൽ നിന്നും കെട്ടാൻ…നിന്നെ ഞാൻ അനുവദിക്കില്ല… “പ്രിയംവദ ഇനിയൊന്നും പറയാനില്ലാത്തത് പോലെ കയ്യും കെട്ടി ഗൗരവത്തോടെ മുന്നിലേക്ക്‌ നോക്കിയിരുന്നു… “പ്രിയേ… നീയൊന്ന് ജസ്റ്റ് ഇറങ്ങൂ… അവരെ ഇൻസൾട്ട് ചെയ്യാതെ.. “ചന്ദ്രശേഖർ അവരോട് അപേക്ഷിച്ചു… “ചന്ദ്രേട്ടാ… നിങ്ങൾ കയറുന്നുണ്ടോ… അല്ലെങ്കിൽ ഇവിടെ നിന്നോ മോന്റെയൊപ്പം.. ഡാ… മനോജേ വണ്ടിയെടുക്കെടാ… “അവർ ഡ്രൈവറോടായി പറഞ്ഞു.. മനോജ്‌ ആശങ്കയോടെ ചന്ദ്രശേഖറെ നോക്കി… “നവി… എന്ത് പറ്റി…

എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ… “രാധികേച്ചി അവിടെ നിന്നും വിളിച്ചു ചോദിച്ചു… “ഏയ്… “നവി അവരെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു… “മനോജേ നീ വണ്ടി തിരിച്ചിടൂ.. ഞാനിപ്പോ വരാം… “അങ്ങനെ പറഞ്ഞു കൊണ്ട് ചന്ദ്രശേഖർ വാര്യത്തിന്റെ വേലി കടന്ന് അകത്തേക്ക് കയറി… “ക്ഷമിക്കണം.. വൈഫിനൊരു തലവേദന.. ഇത്രയും യാത്ര ചെയ്തതല്ലേ അതാവും.. വരുന്ന വഴി ഛർദിക്കുകയൊക്കെ ചെയ്താരുന്നു… ഇറങ്ങാൻ ബുദ്ധിമുട്ടുണ്ട്… ഞങ്ങൾ പിന്നീടൊരു ദിവസം വരാം .. ” മുത്തശ്ശിയെ നോക്കിയാണ് അയാൾ അത് പറഞ്ഞത്… “ഒരു ഗ്ലാസ്‌ ചായ പോലും കുടിക്കാതെ… “ശ്രീദേവിയമ്മ ചോദിച്ചു..

“അത് സാരമില്ല… പോകുന്ന വഴി ഏതെങ്കിലും ഹോസ്പിറ്റലിൽ ഒന്ന് കയറണം.. ഒന്നും തോന്നരുത്… “അയാൾ എല്ലാവരെയും നോക്കി കൈകൂപ്പി.. അവർ തിരിച്ചും… റോഡിൽ നിന്നും നീട്ടിയുള്ള ഹോണടി കേട്ട് ചന്ദ്രശേഖർ തിരിഞ്ഞു നടന്നു നവിയുടെ തോളിൽ കയ്യിട്ടു കൊണ്ട്… “വിഷമിക്കരുത്…. അച്ഛൻ വിളിക്കാം… ” അവൻ വെറുതെ തലയാട്ടി…. നവി തിരിച്ചു മുറ്റത്തേക്ക് കയറിയപ്പോൾ തോളിൽ ബാഗും ഇട്ട് ഗൗരി ഇറങ്ങുന്നത് കണ്ടു… പൊട്ടില്ലാതെ… കണ്ണെഴുതാതെ… മുഖം അമർത്തി തുടച്ചു നിറം മങ്ങിയ ഒരു ചാരനിറത്തിലെ സാരിയുടുത്ത്… കൂടി നിന്നവർ പരസ്പരം നോക്കി… “ഇന്ന്… ഇന്ന് നീ ലീവല്ലാരുന്നോ മോളെ..” രാധികേച്ചി ചോദിച്ചു… “പണിയൊരുപാടുണ്ട് രാധികേച്ചി…

ചെല്ലാതിരുന്നാൽ ഒരു ദിവസത്തെ പൈസ പിടിക്കും മുരളിയേട്ടൻ… ഞാൻ ചെല്ലട്ടെ..” അവൾ ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു… “ദാ ഗൗരിയേച്ചി… “ഒരു ചെമ്പകപ്പൂവ് ഇറുത്ത് ഭദ്രകുട്ടി ഗൗരിയുടെ നേർക്ക് നീട്ടി… “വേണ്ട മോളെ… ഗൗരിയേച്ചിക്ക് “…പറഞ്ഞു കൊണ്ട് ഗൗരി മുന്നോട്ടു നടന്നു… “ഗൗരി…. “നവിയായിരുന്നു വിളിച്ചത്.. പക്ഷെ തൊണ്ടക്കുഴിയിൽ നിന്നും ഒച്ച വെളിയിലേക്ക് വന്നില്ല….ആരുമത് കേട്ടില്ല… പക്ഷെ തന്റെ പ്രാണന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന ആ നനുശബ്ദം ഗൗരി കേട്ടു…

പക്ഷെ അവൾ നിന്നില്ല… തിരിഞ്ഞും നോക്കിയില്ല… കണ്ണടച്ച് പിടിച്ചു.. പെയ്യാൻ ഒരുങ്ങിയ നീർതുള്ളികളെ വിദഗ്ധമായി പൂട്ടിവെച്ചു കൺപീലികൾക്കുള്ളിൽ… ……………………🥀വീണ്ടും എന്നെ പറ്റിച്ചുവല്ലോ മഹാദേവാ…. ആർക്കും വേണ്ടല്ലോ…. എന്നെ… ഇനിയും എന്നെ എത്രനാൾ കൂടി എല്ലാവരും പറ്റിക്കും…. പറ്റിക്കപ്പെടാൻ ഇനിയും എന്റെ ജന്മം ബാക്കിയാണല്ലോ…. 😢പൊള്ളിയടർന്നുപോയ ഒരു ഹൃദയത്തിന്റെ വിലാപമായിരുന്നു അത്.. 🥀 Luv U all…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 21

Share this story