ഗന്ധർവ്വയാമം: ഭാഗം 15

ഗന്ധർവ്വയാമം: ഭാഗം 15

എഴുത്തുകാരി: അഞ്ജലി അഞ്ജു

എത്ര സമയം മുറിയടച്ച് ഇരുന്നെന്ന് അറിയില്ല. മനസ് നിറയെ അമ്മയുടെയും അച്ഛന്റെയും മുഖമായിരുന്നു. തന്നെ അവരുമായി കോർത്തു നിർത്തിയ ഘടകം രക്ത ബന്ധമാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. സ്വന്തമായവ കണ്ടെത്തിയിട്ടും സന്തോഷം കണ്ടെത്താൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെ തന്റെ അനാഥത്വത്തിനും കാരണമായത് ഓർക്കുംതോറും സങ്കടവും ദേഷ്യവും കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു.

ഭദ്രയുടെയും വസുവിന്റെയും ജീവിതത്തിൽ നടന്ന ഒരു കാര്യങ്ങളും തന്റെ മാതാ പിതാക്കളെക്കാൾ വലുതായി ആമിക്ക് തോന്നിയില്ല. തന്നെക്കാൾ ഏറ്റവും വേദനിച്ചത് സ്വന്തം കുഞ്ഞ് എവിടാണെന്ന് അറിയാതെ ഇത്രയും കാലം ജീവിച്ച അവരാവില്ലേ.. അച്ഛന്റെയും അമ്മയുടെയും അവസ്ഥ ഓർക്കുംതോറും വസുവിനോടുള്ള ദേഷ്യം അണപൊട്ടുകയായിരുന്നു. അന്ന് മുത്തശ്ശി പറഞ്ഞതും ആമിയുടെ മനസ്സിൽ തെളിഞ്ഞു വന്നു.. പക്ഷെ അന്ന് അച്ഛൻ പറഞ്ഞ മറുപടി “ഒന്നും നഷ്ടമായിട്ട് ഒന്നും നേടേണ്ട എന്നല്ലേ..?”

ആ വാക്കുകൾ എന്താണ് ഉദ്ദേശിക്കുന്നത്? എല്ലാം കൂടെ ആലോചിച്ചപ്പോൾ നെഞ്ചിൽ എന്തൊക്കെയോ തടഞ്ഞു നിൽക്കും പോലെയാണ് തോന്നുന്നത്. ഹേയ് അങ്ങനെയൊന്നും ആവില്ല. ഞാൻ ആരാണെന്ന് അറിഞ്ഞാൽ എന്നെ അവർ മാറോടു ചേർത്ത് നിർത്തും. സ്വന്തം മകളെ ഇപ്പോളെങ്കിലും കണ്ടു കിട്ടിയതിൽ ദൈവത്തോട് നന്ദി പറയും. ഇന്ന് വരെ അടുത്തുണ്ടായിരുന്നിട്ടും അറിയാതെ പോയതിൽ പരിഭവപ്പെടും. അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി മിന്നി മാഞ്ഞു. എത്രയും വേഗം അവരെ കാണണമെന്ന ആഗ്രഹം അടക്കാനാവാതെ വന്നപ്പോളാണ് ക്ലോക്കിലേക്ക് ദൃഷ്ടി പായിച്ചത്.

സമയം 8 കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് ഒറ്റക്ക് അങ്ങോട്ടേക്ക് പോവാൻ മടി തോന്നിയെങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഫ്രഷ് ആവാനായി മുറിയിലേക്ക് നടന്നു. ഫ്ലാറ്റ് പൂട്ടി തിരിയുമ്പോളാണ് ഡോറിനു അടുത്തായി നിൽക്കുന്ന വസുവിനെ കണ്ടത്. ആ മുഖത്തു നിഴലിച്ചിരുന്ന ഭാവം അവൾക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഗൗരവത്തിൽ തന്നെ അവനെ നോക്കാതെ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ അവന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.

നിറ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന വസുവിന്റെ മുഖം ലിഫ്റ്റിന്റെ വിടവിലൂടെ കണ്ടപ്പോൾ നെഞ്ചിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെയാണ് തോന്നിയത്. അവൻ ചെയ്ത തെറ്റിനെ പറ്റി എത്രത്തോളം പറഞ്ഞു പഠിപ്പിച്ചിട്ടും മനസ് കൈ വിട്ട് പോകുന്നത് പോലെ. എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ന്റെ അച്ഛന്റെയും അമ്മയുടെയും വേദന അവൻ എന്ത് കൊണ്ടാണ് മറന്നത്. ലിഫ്റ്റ് തുറന്നതും വീണ്ടും മുന്നിൽ വസുവിനെയാണ് കണ്ടത്. ഗൗനിക്കാതെ നടന്നു കൈയിൽ വസുവിന്റെ പിടുത്തം വീണിരുന്നു. ദേഷ്യത്തോടെ ആ മുഖത്തേക്ക് നോക്കിയതും അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.

എന്ത് കൊണ്ടാണ് അവന്റെ മുന്നിൽ മാത്രം തനിക്ക് പിടിച്ചു നിൽക്കാനാവാത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എത്രയൊക്കെ വെറുപ്പ് നിറച്ചാലും അറിയാതെ അവനരികിലേക്ക് ചാഞ്ഞു പോകുന്നു. “ആമി.. ഈ രാത്രിയിൽ നീ ഇതെങ്ങോട്ടാ പോണത്?” “അതെന്തിനാണ് ഞാൻ തന്നോട് പറയുന്നത്?” “ആമി.. ഞാൻ ചെയ്തത് തെറ്റാണ്. അതിന് എന്ത് ശിക്ഷ വേണമെങ്കിലും അനുഭവിക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ നിനക്ക് ഒരു ആപത്തും വരുന്നത് എനിക്ക് സഹിക്കാനാവില്ല ആമി. എന്നോടുള്ള ദേഷ്യം നീ സ്വയം തീർക്കരുത്. ഈ രാത്രി ഒറ്റക്ക് നിന്നെ ഞാൻ വിടില്ല.”

വസുവിന്റെ കൈ വിടുവിച്ചു മുന്നോട്ട് നടക്കുമ്പോളും മനസ് ആർത്തിരമ്പുകയായിരുന്നു. റോഡരികിൽ കിടന്ന ഓട്ടോയിലേക്ക് വേഗത്തിൽ കയറി പോകാനുള്ള സ്ഥലം പറഞ്ഞ് അൽപ സമയത്തേക്ക് തലയ്ക്കു കൈ വെച്ചു കുനിഞ്ഞിരുന്നു. മനസ് ശാന്തമായപ്പോളാണ് തല ഉയർത്തി നോക്കിയത്. മിററിലൂടെ അയാളുടെ കണ്ണുകൾ ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങിയപ്പോളാണ് വിജനമായ റോഡും ഇരുട്ടും ശ്രദ്ധയിൽ പെട്ടത്. അറിയാതെ ഭയം വന്നു മൂടി. കണ്ണുനീർ വിയർപ്പ് തുള്ളികളിലേക്ക് വഴി മാറിയിരുന്നു. വണ്ടിരമ്പുന്ന പോലുള്ള ശബ്ദം കാതുകളിൽ പതിച്ചതും ശരീരത്തെ തട്ടി കുളിർ കാറ്റ് കടന്നു പോയതായാണ് തോന്നിയത്.

സൈഡ് മിററിലൂടെ വസുവിന്റെ ബൈക്ക് കണ്ടപ്പോളാണ് ആശ്വാസം തോന്നിയത്. ഈ ഒരു അവസ്ഥയിലും തന്റെ പ്രതീക്ഷ അവനാണെന്ന് ഓർത്തപ്പോൾ അത്ഭുതമാണ് തോന്നിയത്. വിശ്വാസ വഞ്ചന കാട്ടിയിട്ട് പോലും അവനിൽ നിന്ന് താൻ ഇന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. അഭിയുടെ വീട് എത്തും വരെ വസു അവളെ പിന്തുടർന്നിരുന്നു. അകത്തേക്ക് ഗേറ്റ് കടന്ന് കയറിയപ്പോളാണ് തിരികെ പോകുന്ന ബൈക്കിന്റെ ശബ്ദം കേട്ടത്. വണ്ടി അകന്ന് പോകും തോറും അറിയാതൊരു വിങ്ങൽ.. നേരം കെട്ട സമയത്തു വന്നത് കൊണ്ട് തന്നെ മടിച്ചു മടിച്ചാണ് അകത്തേക്ക് ചെന്നത്.

അത്രയും സമയം ഉണ്ടായിരുന്ന ആവേശമൊക്കെ കെട്ടടങ്ങിയത് പോലെ. എന്താണ് പറയേണ്ടതെന്ന് പോലും നിശ്ചയം ഉണ്ടായിരുന്നില്ല. കാളിങ് ബെൽ അടിക്കുമ്പോളും കൈ വിറക്കുന്നുണ്ടായിരുന്നു. അച്ഛനാണ് വാതിൽ തുറന്നത്. അച്ഛനെ കണ്ടതും കെട്ടിപ്പിടിച്ച് എന്തൊക്കെയോ പറയാൻ തോന്നി. എന്ത് കൊണ്ടോ കഴിഞ്ഞില്ല. ശരീരം ആരോ ചങ്ങല ഇട്ട് വലിഞ്ഞു മുറുക്കിയത് പോലെ. ഒരടി അനങ്ങാൻ കഴിഞ്ഞില്ല. മനസ് കൊണ്ട് നൂറു വട്ടം ആ മാറോട് ചേർന്ന് നിന്ന് കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായി തന്നെ കണ്ടത് കൊണ്ടാവും അച്ഛന്റെ മുഖത്തും വല്ലാത്ത പരിഭ്രമമോ അത്ഭുതമോ നിഴലിച്ചിരുന്നു.

“മോള് ഒറ്റക്ക് ആണോ വന്നത്?” അതേ എന്ന് തല കുലുക്കുമ്പോളും അച്ഛന്റെ മുഖത്തെ ഭാവത്തിന് മാറ്റം ഉണ്ടായിരുന്നില്ല. “എന്താ മോളെ മുഖമൊക്കെ വല്ലതിരിക്കുന്നത്? വയ്യേ?” നെറ്റിയിൽ കൈയുടെ പുറം ഭാഗം അമർത്തി അച്ഛനത് ചോദിച്ചപ്പോൾ മനസ് കൈ വിട്ടു പോയിരുന്നു. ഒരേങ്ങലോടെയാണ് അച്ഛനെ കെട്ടിപ്പിടിച്ചത്. തലയിലൂടെ മൃദുവായി തലോടിക്കൊണ്ട് ജയരാജൻ അവളെ ചേർത്ത് നിർത്തി. അത് മാത്രം മതിയായിരുന്നു ആമിയുടെ മനസിലെ ഭാരങ്ങളെ അലിയിച്ചു കളയാൻ. അൽപ സമയത്തിന് ശേഷമാണ് അവൾ ജയരാജനിൽ നിന്ന് അടർന്നു മാറിയത്.

“അമ്മയേയും അഭിയേയും കണ്ടില്ലല്ലോ? ചുറ്റും കണ്ണോടിച്ചു കൊണ്ട് ആമി ചോദിച്ചു. അഭിക്ക് ഓഫീസിൽ നിന്ന് വന്നപ്പോൾ മുതൽ ചെറിയൊരു പനി. ബീന മോളുടെ അടുത്ത് തന്നെയാണ്. അത് പിന്നെ പണ്ട് തൊട്ടേ അങ്ങനാണല്ലോ മോൾക്ക് എന്തെങ്കിലും വന്നാൽ പിന്നെ അവൾക്ക് ഒരു സമാധാനവും ഉണ്ടാവില്ല. അവളെ ചുറ്റി പറ്റി അങ്ങനെ നടക്കും. ലോകത്ത് വേറാർക്കും അസുഖം വരാത്തത് പോലെ..” “ഓ ഈ പറയുന്ന ആൾക്ക് പിന്നെ ഇതൊന്നും ബാധകമല്ലല്ലോ? ഇന്ന് രാത്രിയെങ്ങാനും ഉറക്കമൊഴിച്ച് മോൾടെ മുറിയിലെങ്ങാനും ചെല്ല് ബാക്കി ഞാൻ അപ്പോൾ പറയാം.” പിന്നിൽ കൈ പിണച്ചു നിന്ന് പറയുന്ന ബീനയെ കണ്ടതും ജയരാജന്റെ മുഖത്തു വിളറിയ ചിരി വിടർന്നു.

“അല്ല മോളിത് എപ്പോ വന്നു. എന്താ മുഖം വല്ലതിരിക്കുന്നെ?” “ഒന്നുമില്ല അമ്മേ. അഭിയെ പെട്ടെന്ന് കാണാൻ തോന്നി. അതാ ഞാൻ..” ബീനയുടെ കയ്യിൽ പിടിച്ച് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അഭിയുടെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് തളർച്ച ബാധിച്ചിരുന്നു. അകത്തേക്ക് കടന്നപ്പോളെ കണ്ടു കട്ടിലിൽ ചാരിയിരിക്കുന്ന അഭിയെ. ആമിയെ കണ്ടതും അവളുടെ മുഖം വിടർന്നിരുന്നു. “നീ ഇത് എപ്പോ വന്നു. ഞാൻ നിന്നെ വിചാരിച്ചതേ ഉള്ളൂ. നീ വന്നത് നന്നായി. വാ ഇരിക്ക്.” തനിക്ക് അരികിലേക്ക് ആമിയെ പിടിച്ചിരുത്തി എന്തൊക്കെയോ അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. ആമിയുടെ ശ്രദ്ധ മുഴുവൻ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ചിത്രങ്ങളിലായിരുന്നു.

കുഞ്ഞു നാൾ മുതലുള്ള അഭിയുടെ ഓരോ ചിത്രങ്ങളിലും തനിക്ക് നഷ്ടമായ സന്തോഷം നിറഞ്ഞിരുന്നു. ഇതിന് മുൻപ് പലപ്പോഴും ഈ റൂമിൽ വന്നിട്ടുണ്ടെങ്കിലും ഇന്നാണ് ഈ ചിത്രങ്ങൾ മനസിലേക്ക് ആഴത്തിൽ പതിഞ്ഞത്. തന്റെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങളിൽ വിരിഞ്ഞു നിന്നിരുന്നതും സന്തോഷം മാത്രമാണ് വിരഹ വേദന അവരിൽ മനസിലാക്കാനാവുന്നില്ല. അപ്പോൾ ആമിയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് നിസ്സഹായതയോടെ തന്നെ നോക്കി നിന്ന വസുവിന്റെ മുഖമായിരുന്നു. ആ കണ്ണുകളിലെ വേദനയും ഭയവും തന്നെ നഷ്ടമാകുന്നത് ഓർത്തിട്ടായിരുന്നില്ലേ…..തുടരും..

ഗന്ധർവ്വയാമം: ഭാഗം 14

Share this story