ഹരി ചന്ദനം: ഭാഗം 29

ഹരി ചന്ദനം: ഭാഗം 29

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രാവിലെ എണീറ്റപ്പോൾ പതിവുപോലെ H.P റൂമിൽ ഉണ്ടായിരുന്നില്ല.പതിയെ എണീറ്റ് ബാൽക്കണിയിലേക്ക് ചെന്നു.രാത്രി മുഴുവൻ പെയ്ത മഴയ്ക്ക് രാവിലെ അല്പം ശമനം ഉണ്ട്.ഈ തണുപ്പത്തും ഓടാൻ പോവുന്ന ആളെ സമ്മതിക്കണം.ഹാങ്ങിങ് ചെയറിൽ ഇരുന്ന് പുറത്തേക്ക് കണ്ണും നട്ടു ഇരിക്കുമ്പോളും മനസ്സ് കഴിഞ്ഞു പോയ രാത്രിയിൽ തങ്ങി നിൽക്കുവായിരുന്നു.ആലോചിക്കും തോറും വല്ലാത്തൊരു നാണം വന്നു മൂടുന്ന പോലെ.H.P യെ കാണാൻ വല്ലാതെ ഹൃദയം തുടിക്കുന്നു.

എന്നാൽ അതേ സമയം ആളെ ഫേസ് ചെയ്യാൻ മടിയും തോന്നുന്നു.അതുകൊണ്ട് ആള് തിരിച്ചു വരുന്നതിനു മുൻപ് വേഗം കുളിച്ചൊരുങ്ങി അടുക്കളയിൽ സ്ഥാനം ഉറപ്പിച്ചു. ആള് വന്നതും കണ്ണുകൊണ്ടു എന്നെ തിരയുന്നതും കണ്ടിരുന്നു.പക്ഷെ മുൻപിലേക്ക് ചെല്ലാൻ തോന്നിയില്ല.അവസാനം സഹികെട്ടു ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ആള് അമ്മയോട് എന്നെ അന്വേഷിക്കുന്നത് കേട്ടു.ആള് തന്നെയാണ് എന്നെയും കൂട്ടി വന്ന് കൂടെ ഇരുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ അമ്മയോട് പറഞ്ഞത്. അമ്മ വന്ന് വിളിച്ചപ്പോൾ പിന്നേ ഇരുന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും അമ്മ വിട്ടില്ല.

പിടിച്ച പിടിയാലെ കൊണ്ടു പോയി H.P യുടെ അടുത്ത് ഇരുത്തി.എന്നെ കണ്ടതോടെ തന്റെ ഇണയെ കണ്ട സന്തോഷത്തിൽ H.P യുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു.കണ്ണുകൾ ഇടയ്ക്കൊന്നു കോരുത്തെങ്കിലും ഞാൻ വേഗം നോട്ടം പിൻവലിച്ചു.ഓഫീസിലേക്ക് പോവുമ്പോഴും ആ കണ്ണുകൾ ഒരു ദർശനത്തിനായി തേടിയെത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം.ഞാൻ ഉമ്മറത്തെ വാതിലിനുള്ളിലേക്ക് പതുങ്ങികളഞ്ഞു. H.P പോയതോടെ ഇത്തിരി ആശ്വാസം വന്നതു പോലെ തോന്നി.പിന്നേ പകലു മുഴുവൻ പഠിക്കാൻ ശ്രമിചെങ്കിലും ബുക്ക്‌ മുഴുവൻ H.P നിറഞ്ഞു നിൽക്കുവായിരുന്നു.

അവസാനം പഠിത്തം നിർത്തി ഇത്തിരി അമ്മേടെ പുറകെ നടന്നു.എന്നാൽ ഇത്തിരി കഴിഞ്ഞപ്പോൾ പഠിക്കാൻ പറഞ്ഞു അമ്മ തിരികെ ഓടിച്ചു വിട്ടു.ഉച്ചയായപ്പോൾ H.P വിളിച്ചു. നേരിട്ടു കാണാനുള്ള മടി ശബ്ദം കേൾക്കുമ്പോൾ തോന്നുന്നുണ്ടായിരുന്നില്ല. “താൻ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ? ” “ആഹ് ” “എന്താ രാവിലെ മുതൽ ഒരു ഒളിച്ചു കളി? ” “എന്ത്??? ഒന്നുല്ല H.P യ്ക്ക് വെറുതെ തോന്നുന്നതാ ” “ദേ…. പിന്നേം H.P. ഇനി ഈ വിളി അവസാനിപ്പിക്കണമെങ്കിൽ ഇന്നലത്തെ പോലെ ഞാൻ നിന്നെ ദിവസവും സ്നേഹിക്കേണ്ടി വരുമല്ലോ… ” ആളുടെ വാക്കുകൾ എന്റെ ഹൃദയതാളം കൂട്ടിയതോടെ എനിക്ക് മറുപടി ഇല്ലാതായി “ചന്തൂ….. ” “മ്മ്മ്….. ”

“ഇതെന്തൊരു നാണമാ….നിനക്ക് നാണത്തെക്കാൾ ചേരുന്നത് വായാടിത്തരം ആണ്.അത് കൊണ്ടു ഞാൻ വൈകുന്നേരം വരുമ്പോളേക്കും നിർത്തിക്കോളണം ഈ ഒളിച്ചു കളി.കേട്ടല്ലോ??? ” “മ്മ്മ് ” “നിന്റെ നാക്ക് കള്ളൻ കൊണ്ടുപോയോ… വാ തുറന്ന് പറ. ” “കേട്ടു… ” “നീ പഠിക്കുന്നില്ലേ??? എക്സാമിങ്ങടുത്തു.അതോ എന്നേം ഓർത്ത് ഇരിപ്പാണോ.” ആള് കുസൃതിയോടെ ചോദിക്കുന്നത് കേട്ടപ്പോൾ ഞാൻ ആകെ വല്ലാതായി.പഠിക്കുന്നുണ്ട്.. എന്ന് മാത്രം പറഞ്ഞു ഫോൺ വച്ചു.പിന്നേ ചിന്തകൾക്കെല്ലാം കടിഞ്ഞാണിട്ട് പഠിത്തത്തിലേക്കു കോൺസെൻട്രേറ്റ് ചെയ്തു.ആള് വൈകിട്ട് വന്നപ്പോളും ചെറിയൊരു ഒളിച്ചു കളി നടത്തിയെങ്കിലും എന്നെ കയ്യോടെ പൊക്കി.

H.P യുടെ സ്നേഹം നേടിയെടുക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷത്തിലായിരുന്നു ഞാൻ.അത് എന്റെ വാക്കിലും ഓരോ പ്രവർത്തിയിലും മറ്റുള്ളവർക്കും മനസ്സിലാകുന്നുണ്ടായിരുന്നു.H.P യും ഒത്തിരി മാറി.ഇടയ്ക്കിടെ എന്നെ തേടിയെത്തുന്ന ചേർത്തു പിടിക്കലുകളും ചുംബനങ്ങളും എന്നെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. H.P യുടെ മാറ്റം അമ്മയ്ക്കും കിച്ചുവിനും ഒരു അദ്ഭുതമായിരുന്നു.പക്ഷെ ആ മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയാണെന്ന് തോന്നി.ഇടയ്ക്കൊരു ദിവസം ആള് ഓഫീസിൽ പോവാൻ നേരം ചേർത്ത് പിടിച്ച് ഉമ്മ വയ്ച്ചതു അമ്മ കണ്ടിരുന്നു.അന്ന് എന്നെ കെട്ടിപ്പിടിച്ചു H.P യെ മാറ്റിയെടുത്തതിന് നന്ദിയൊക്കെ പറഞ്ഞു.

എന്തായാലും ഞങ്ങളുടെ കെമിസ്ട്രി വർക് ഔട്ട്‌ ആയതോടെ അമ്മ ഉഷാറായി.ഞങ്ങൾ ഒന്നിക്കാൻ വേണ്ടി തറവാട് അമ്പലത്തിൽ എന്തോ പൂജയും വഴിപാടുകളും ഒക്കെ നേർന്നിട്ടുണ്ടായിരുന്നു അതൊക്കെ എത്രയും പെട്ടന്ന് നടത്തുവാൻ ഏർപ്പാടാക്കി.എന്റെ എക്സാം കഴിയുന്ന അന്ന് വൈകിട്ട് അമ്മയുടെ തറവാട്ടിലേക്ക് പോകാം എന്നാണ് പ്ലാൻ ചെയ്തത്.കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും അവിടേയ്ക്കു പോവാൻ കഴിഞ്ഞിട്ടില്ല. പോകുമ്പോൾ എന്തായാലും അവിടെ രണ്ടു ദിവസം തങ്ങേണ്ടി വരും കാരണം അമ്പലത്തോടടുപ്പിച്ചു അമ്മയുടെ ബന്ധുക്കളുടെ വീടുകളും അടുത്തടുത്തായി ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്.

പൂജയ്ക്കുള്ള ഏർപ്പാടുകളൊക്കെ അവരാണ് ചെയ്യുന്നത് അപ്പോൾ പിന്നേ പെട്ടന്നിങ്ങു പോന്നാൽ അവരൊക്കെ പിണങ്ങില്ലേ. ഈ തവണത്തെ സ്റ്റഡി ലീവിന് ദൈർഘ്യം കൂടുതൽ ഉള്ള പോലെ തോന്നി.എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്നായിരുന്നു ചിന്ത.ഇടയ്ക്ക് ചോദ്യപേപ്പർ ചോർന്നു എന്നും പറഞ്ഞു എക്സാം പിന്നെയും നീട്ടിയിരുന്നു.എക്സാം പ്രമാണിച്ചു H.P യും അമ്മയും എന്നോടുള്ള സംസാരമൊക്കെ വെട്ടിക്കുറച്ചു.പപ്പയും ഫോൺ വിളിച്ചു കഴിഞ്ഞാൽ പഠിച്ചോ എന്ന് പറഞ്ഞു പെട്ടന്ന് ഫോൺ വയ്ക്കും.പിന്നേ ആകെ ഒരു ആശ്വാസം കിട്ടുന്നത് സച്ചുവും ചാരുവും വിളിക്കുമ്പോലാണ്.

സച്ചുവിന് പ്രിലിമിനറി എക്സാം അടുത്തത് കൊണ്ട് അവനെ ഞങ്ങൾ അത്ര ശല്യം ചെയ്യാറില്ല.അവൻ കാൾ കട്ട്‌ ചെയ്തു കഴിഞ്ഞാൽ പിന്നേ ഞാനും ചാരുവും കൂടി ആകെ ബഹളം ആണ്.മുൻപൊക്കെ H.P യെ എങ്ങനെ നന്നാക്കാം എന്നായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ച.അങ്ങേര് നന്നായതോടെ ഞങ്ങൾക്ക് ചർച്ചയ്ക്കുള്ള വിഷയം കിട്ടാനില്ലാത്തത് കൊണ്ട് ഇപ്പോൾ കുറച്ച് ആഭ്യന്തര കാര്യങ്ങളിൽ ഒക്കെ കൈകടത്താൻ തുടങ്ങി. അങ്ങനെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം നാളെ എക്സാം തുടങ്ങുകയാണ്.സാദാരണ എക്സാം തുടങ്ങുന്നതിന്റെ പിറ്റേന്നാണ്‌ ഏറ്റവും ടെൻഷൻ.

പക്ഷെ ഈ പ്രാവശ്യം ഞാൻ നല്ല കൂൾ ആയിരുന്നു.കുറച്ചധികം സ്റ്റഡി ലീവ് കിട്ടിയത് കൊണ്ട് അത്യാവശ്യം പോർഷൻസ് എല്ലാം കവർ ചെയ്യാൻ കഴിഞ്ഞു.ഞാൻ വളരെ കൂൾ ആയിരിക്കുന്നത് കൊണ്ട് അമ്മയും H.P യും അത്യാവശ്യം ആശ്വാസത്തിലായിരുന്നു.സാദാരണ ഒരു ക്ലാസ്സ്‌ ടെസ്റ്റ്‌ ഉണ്ടെങ്കിൽ പോലും പേടിയാവുന്നെന്ന് പറഞ്ഞ് അമ്മയുടെ പുറകെ വെപ്രാളപ്പെട്ട് നടക്കുമായിരുന്നു.ആ ഞാനാണ് നാളെ ഉച്ചയ്ക്ക് ശേഷം നടക്കാനുള്ള എക്സാമിന് ഇന്ന് ഉച്ചയ്ക്കേ എക്സാമിനു കൊണ്ട് പോവാനുള്ള സാധനങ്ങൾ എന്റെ കോളേജ് ബാഗിൽ സെറ്റ് ആക്കി വയ്ക്കുന്നത്.ഇടയ്ക്ക് അമ്മ വന്ന് ഇതെന്ത് കഥ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു.ടെൻഷൻ മൂത്ത് എനിക്ക് വട്ടായോ എന്ന് ചിലപ്പോൾ അമ്മ വിചാരിച്ചു കാണും.

ബാഗൊക്കെ സെറ്റ് ആക്കി വയ്ച്ചപ്പോളേക്കും പതിവില്ലാതെ ചാരു നേരത്തെ വിളിച്ചു. “ഹലോ ചാരു….. ” “എന്താ മോളെ ചന്തു പതിവില്ലാതെ സംസാരത്തിൽ ഒരു സന്തോഷം.എന്തെങ്കിലും പുതിയ വിശേഷം ഉണ്ടോ. ” “ആഹ് ഉണ്ട്” “ഹേ….. അതെന്താ? ” “നാളെ എക്സാം തുടങ്ങുമെടി.ഹോ എത്ര കാലമായി എന്നറിയുന്നോ ഇതൊന്നു തീർന്ന് കിട്ടാൻ കാത്തിരുന്നു” “നീ എക്സാം എന്ന് തന്നെയല്ലേ ഉദ്ദേശിച്ചത്? സാദാരണ എക്സാമിന്റെ തലേന്ന് വിളിച്ച് ശല്യം ചെയ്ത് എനിക്കും സച്ചൂനും ഇരിക്കപ്പൊറുതി തരാത്ത ഞങ്ങളുടെ ചന്തു തന്നെയാണോ ഈ പറയുന്നേ? ” “അതേ…..ഞാൻ ശെരിക്കും പഠിച്ചു പഠിച്ചു മടുത്തിരിക്കയായിരുന്നു.പക്ഷെ ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്.

ഞാനെ നാളെ എക്സാമിനു കൊണ്ടു പോവാനുള്ള സാമഗ്രികളൊക്കെ ബാഗിൽ എടുത്തു വയ്ക്കുവായിരുന്നു. അപ്പഴാ നീ വിളിച്ചത്. ” “എന്റെ ചന്തൂ…. നിന്നെ ഞാൻ നമിച്ചു.നീ നാളെ യുദ്ധത്തിനൊന്നും അല്ലല്ലോ പോണത് ഇപ്പഴേ ഒരുങ്ങാൻ. ” “ആഹ് ഇതും ഒരു യുദ്ധം തന്നെയല്ലെടി.അതൊക്കെ പോട്ടെ നീയെന്താ പതിവില്ലാതെ ഇപ്പോൾ ഒരു വിളി. എന്തോ കാര്യം ഉണ്ടല്ലോ. ” “അതെന്താ എനിക്ക് നിന്നെ ടൈം ടേബിൾ പ്രകാരം മാത്രമേ വിളിക്കാൻ പാടുള്ളോ? ” “എന്റെ പൊന്നെ… ഞാൻ വെറുതെ പറഞ്ഞതാ.ഇന്ന് നിനക്ക് ക്ലാസ്സ്‌ ഇല്ലെടി? വർക്കിംഗ്‌ ഡേ ആണല്ലോ.. ” “ക്ലാസ്സ്‌ ഉണ്ട് എന്നും ഇല്ല എന്നും വേണമെങ്കിൽ പറയാം. ”

“എങ്ങനെ….. എങ്ങനെ??? ” “അതായത് രമണി……ഇന്ന് പതിവുപോലെ കോളേജിൽ നിന്നുള്ള ക്ലാസിനു പകരം ഇവിടെ അടുത്ത് ഒരു കൗൺസിലിംഗ് സെന്ററിൽ വച്ച് സെമിനാർ അറേഞ്ച് ചെയ്തിരുന്നു.ഞങ്ങൾ എല്ലാവരും അതിൽ പങ്കെടുക്കാൻ വന്നതാ… ” “ആഹാ… എന്നിട്ട് ക്ലാസ്സ്‌ കഴിഞ്ഞോ? ” “എവിടെ?…. വലിയ ഫേമസ് ഡോക്ടർ ഒക്കെ ആണ് സംഭവം കണ്ടക്ട് ചെയ്യുന്നത്.മനുഷ്യമനസിനെ എടുത്ത് അമ്മാനമാടുന്ന ആളാണെന്നൊക്കെയാണ് പറഞ്ഞ് കേട്ടത്. ബട്ട്‌ അയാളെന്താ പറയുന്നതെന്ന് ഞങ്ങൾക്കൊ എന്തിന് അയാൾക്ക്‌ പോലും മനസ്സിലാവാത്ത അവസ്ഥയാണ്.

അവസാനം ഞങ്ങളിലെ ഉറങ്ങിക്കിടക്കുന്ന മനോരോഗിയെ അങ്ങേര് കുത്തി പൊക്കി പുറത്തിടും എന്ന ഘട്ടം വന്നപ്പോൾ ഞങ്ങള് നൈസ് ആയിട്ട് മുങ്ങി. ” “അപ്പോൾ നിങ്ങളുടെ ട്യൂട്ടർ പൊക്കില്ലേ? ” “എവിടെ??? ഇവിടെ ഞങ്ങളെ കൂടാതെ പത്തു നൂറെണ്ണം വേറെയും ഉണ്ട്.കൂടെ വന്ന സർ ആണെങ്കിൽ ഒരു കണക്കാ.ഇനി അങ്ങേരെ വൈകിട്ട് ക്ലാസ്സ്‌ കഴിയുമ്പോൾ നോക്കിയാൽ മതി.ഞങ്ങളിങ്ങനെ കൂട്ടം തെറ്റിയ ആടുകളെ പോലെ ആർമാദിച്ചു നടക്കുവാണ്.ഇപ്പോൾ ഒരു ഹോട്ടലിൽ കയറി ഫുഡിന് ഓർഡർ കൊടുത്ത് വെയിറ്റ് ചെയ്തിരിക്കാണ്.അപ്പോൾ പെട്ടന്ന് നിന്നെ ഓർമ വന്നു. ” “എന്നെയോ അതെന്താ?? ”

“ഞാൻ ഇപ്പോൾ നമ്മുടെ ദിയയെ കണ്ടു. ” “ദിയയെ കണ്ടെന്നോ എവിടെ? ” “ഞങ്ങൾ ഇരിക്കുന്ന ഹോട്ടലിന്റെ തൊട്ട് ഓപ്പോസിറ്റ് ആയി ഒരു പാർട്ടി ക്ലബ്‌ ഉണ്ട്.അവിടുന്ന് ഒരു പയ്യനോടൊപ്പം ഇറങ്ങി വരുന്നു. ” “പയ്യനോ? കിച്ചുവാണോ? ” “ഏയ് അല്ല അങ്ങേരെ കണ്ടാൽ എനിക്കറിയില്ലേ?? ഇത് വേറൊരാൾ. നല്ല ഹൈറ്റും വെയിറ്റും ഒക്കെയുള്ള ചെമ്പൻ മുടിയൊക്കെയുള്ള ഒരാൾ. ” ചാരു പറഞ്ഞ അടയാളങ്ങൾ ഒക്കെ വച്ച് അന്ന് ഇവിടെ വന്ന അർജുനെയാണ് എനിക്ക് ഓർമ വന്നത്.അയാളെ കണ്ടപ്പോൾ ഞാൻ വീക്ഷിച്ച അടയാളങ്ങൾ ചാരുവിനു അങ്ങോട്ട് പറഞ്ഞു കൊടുത്തപ്പോൾ എല്ലാം കൃത്യം.

രണ്ടും ഒരാളാണെന്ന് ഏകദേശം ഉറപ്പായി. “അപ്പോൾ ഇയാളാവും അല്ലേ അന്ന് നിങ്ങളുടെ വീട്ടിൽ വന്നത്. ” “അടയാളങ്ങൾ ഒക്കെ വച്ച് അത് പോലെ തോന്നുന്നു.പക്ഷെ അയാള് നാട്ടിൽ തന്നെയാണെന്നാണ് പറഞ്ഞത്. ” “ആ പെണ്ണ് ആകെ മൊത്തം ദുരൂഹതയുടെ കൂടാരമാണല്ലോ ചന്തൂ…എനിക്കെന്തോ അവരുടെ പെരുമാറ്റം അത്ര പന്തിയായി തോന്നിയില്ല.ഒരു സുഹൃത്തിന്റേതിൽ കവിഞ്ഞു എന്തോ അടുപ്പം അവർക്കുള്ളതുപോലെ.ഇവരൊക്കെ പറയുന്നത് ആ ക്ലബ്ബിൽ അധികവും ലവേർസ് തന്നെയാണ് വരുന്നത് എന്നാണ്.ചിലപ്പോൾ ഈ നഗരത്തിന്റെ പ്രത്യേകത കൊണ്ടാവും നാട്ടിൽ ജനിച്ചു വളർന്ന എനിക്ക് അത് ശരിയല്ലെന്ന് തോന്നിയത്.

ഇത്തരം അതിരു കടന്ന സുഹൃത്ത് ബന്ധങ്ങളും ഇവിടുത്തെ പതിവ് കാഴ്ചയാണ്.പക്ഷെ ഒന്നാലോചിക്കുമ്പോൾ ദിയയും എന്നെ പോലെ നാട്ടിൽ വളർന്ന് ഇങ്ങോട്ട് പഠിക്കാൻ വന്നതല്ലേ. ” “അവൾ നിന്നെ കണ്ടോ? ” “ഏയ് ഇല്ല.നീ ഇത് ആരോടെങ്കിലും സൂചിപ്പിക്കുന്നുണ്ടോ? ” “അമ്മയോട് പറയാൻ പറ്റില്ല.അല്ലെങ്കിൽ തന്നെ അമ്മ ഒരു കാര്യം കിട്ടാൻ നിൽക്കുവാ ടെൻഷൻ അടിക്കാൻ.H.P യോട് സൂചിപ്പിക്കാം.പക്ഷെ ഇപ്പോഴല്ല.അവസരം വരട്ടെ.അതിനുള്ളിൽ ചിലപ്പോൾ വേറെ എന്തെങ്കിലും ക്ലൂ കിട്ടിയാലോ. ” “ശെരിയാ… അതാ നല്ലത്. ആള് ഇപ്പോൾ ഒന്ന് മെരുങ്ങി വന്നല്ലേ ഉള്ളൂ.

എങ്കിൽ ശെരി രാത്രി വിളിക്കാം. ദേ ഞങ്ങടെ ഫുഡ് എത്തി. കഴിക്കുമ്പോൾ നിന്നെ സ്മരിക്കാം കേട്ടോ.. ” “ആയിക്കോട്ടെ…. ഓകെ…. ബൈ. ” ഫോൺ വച്ചു കഴിഞ്ഞിട്ടും ചിന്ത ദിയയുടെ പിറകെയായിരുന്നു.ആകെ മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ആണ്.അവളെന്തിനാണ് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ആ പയ്യന്റെ പുറകെ നടക്കുന്നത്.ഒരുപക്ഷെ കിച്ചുവിന് അവനെ പരിചയം ഉണ്ടാവുമോ? എല്ലാ ആലോചനകളിൽ നിന്നും ഉണർന്നത് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോളാണ്.തത്കാലം എന്റെ സംശയങ്ങൾ എല്ലാം മനസ്സിൽ തന്നെയിട്ടു പൂട്ടി. പിറ്റേന്ന് മുതൽ എക്സാം തുടങ്ങി.

പതിവ് പോലെ ഇടയ്ക്കൊരു ദിവസം ഗ്യാപ് ഉണ്ട്.അവധി കിട്ടുന്ന ദിവസങ്ങളിൽ രണ്ടു ദിവസത്തെ നാട്ടിലേക്കുള്ള യാത്രയുടെ പാക്കിങ് ഒക്കെ കുറേശ്ശേ ചെയ്തു.എന്നാൽ മൂന്നാമത്തെ എക്സാം കഴിഞ്ഞ ദിവസമാണ് എക്സാം അവസാനിക്കുന്ന ദിവസത്തിന്റെ പിറ്റേന്ന് തന്നെ അടുത്ത സെമസ്റ്ററിന്റെ ക്ലാസ്സ്‌ തുടങ്ങും എന്ന് അറിയിപ്പ് വന്നത്.ലീവ് എടുത്താലും നാട്ടിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു.അത്രയ്ക്ക് ഞാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ അധികം വൈകാതെ H.P യ്ക്കും രണ്ടു ദിവസം അടുപ്പിച്ചു ലീവ് എടുക്കാൻ നിർവാഹം ഇല്ലാതായി.അതേ ദിവസം ആൾക്കെന്തോ അത്യാവശ്യ മീറ്റിംഗ് ഉണ്ടത്രേ.H.P പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ അമ്മയോട് പറഞ്ഞെങ്കിലും അത് ദോഷമാണെന്നു പറഞ്ഞ് അമ്മ വിലക്കി.

എന്റെ സങ്കടം കണ്ടു എന്നെ കൂടെ കൂട്ടാം എന്ന് അമ്മ പറഞ്ഞെങ്കിലും H.P യെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സ് വന്നില്ല.ആളുടെ കൈ പിടിച്ച് അവിടെ പോകാനാണ് ഞാൻ ആഗ്രഹിച്ചത്.അത് കൊണ്ടു മനസ്സില്ലാമനസ്സോടെ ആണെങ്കിലും എന്റെ ആഗ്രഹത്തിന് ഞാൻ വിലങ്ങിട്ടു.ഞങ്ങൾ ഒരുമിച്ചു പിന്നീടൊരിക്കൽ പോയാൽ മതിയെന്ന് അമ്മയും ആശ്വസിപ്പിച്ചു. എന്റെ ലാസ്റ്റ് എക്സാമിന്റെ അന്ന് രാവിലെ അമ്മയുടെ സഹോദരൻ വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോയി.എക്സാം കഴിഞ്ഞ് വീട്ടിൽ വന്നപ്പോളേക്കും ആകെ ഒറ്റപ്പെട്ടതു പോലെ തോന്നി.അമ്മയെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.

H.P ആണെങ്കിൽ മീറ്റിംഗുമായി ബന്ധപ്പെട്ടു ആകെ തിരക്കിലായിരുന്നു.പിറ്റേന്ന് തന്നെ കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയത് ആശ്വാസമായി എന്ന് തോന്നി.ഇടയ്ക്ക് അമ്മ വിളിച്ച് പൂജയുടെ വിശേഷങ്ങളും ചിത്രങ്ങളും അയച്ചു തന്നു.അമ്മയുടെ ചില ബന്ധുക്കളെയും ഫോണിലൂടെ പരിചയപ്പെട്ടു. അങ്ങനെ അമ്മ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു.നാളെ പുലർച്ചയോടെ അമ്മ എത്തുമെന്ന് പറഞ്ഞിരുന്നു.പക്ഷെ ഇന്നത്തെ ദിവസം എങ്ങനെ തള്ളി നീക്കുമെന്നായിരുന്നു എന്റെ ടെൻഷൻ.ശനിയാഴ്ചയായതു കൊണ്ട് കോളേജ് ഇല്ല.H.P യുടെ ഒരുവിധം തിരക്കൊക്കെ ഒഴിഞ്ഞെങ്കിലും ഇന്നും ഓഫീസിൽ പോയിട്ടുണ്ട്.വൈകുന്നേരം ചിലപ്പോൾ കിച്ചു വരുമായിരിക്കും എന്ന് പറഞ്ഞിരുന്നു.

ഇന്ന് പക്ഷെ പതിവ് തെറ്റിച് ഉച്ചയ്ക്ക് ശേഷം H.P നേരത്തെ വന്ന്.ഫുഡ് കഴിച്ച് എന്നോട് ചുമ്മാ പുറത്തൊക്കെ കറങ്ങിയിട്ടു വരാം എന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.ഞാൻ റെഡി ആയി വന്നപ്പോളേക്കും ആളും ഇറങ്ങിയിരുന്നു.കുറച്ച് ദിവസത്തെ സ്ട്രെസ്സിനും ടെൻഷനുമൊക്കെ ഇത്തിരി ആശ്വാസം കിട്ടിയ പോലെ തോന്നി. ആദ്യം പോയത് ഒരു ഫിലിം തിയേറ്ററിലേക്കാണ്. ഒരു ഇംഗ്ലീഷ് മൂവി കണ്ട് തിരിച്ചിറങ്ങി അടുത്തതായി ബീച്ചിലേക്ക് പോവാനായിരുന്നു പ്ലാൻ.ബീച്ചിലേക്കുള്ള വഴിയിൽ ആണ് ആൾക്ക് ഒരു കാൾ വന്നത്.കാറൊതുക്കി കാൾ എടുത്ത ഉടനെ ആളുടെ മുഖം മങ്ങുന്നത് കണ്ടു.

കാൾ കട്ടായപ്പോളേക്കും നിർവചിക്കാൻ പറ്റാത്തൊരു ഭാവം ആളുടെ മുഖത്ത് വന്നു നിറയുന്നുണ്ടായിരുന്നു.കാറിലെ എസിയുടെ തണുപ്പിലും ആള് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.എന്താണെന്നു ഞാൻ അന്വേഷിച്ചെങ്കിലും മറുപടിയെനിക്ക് കിട്ടിയില്ല.കാർ തിരിച്ചു മറ്റൊരു വഴിയിലൂടെ പാഞ്ഞു കൊണ്ടിരുന്നു.പതിയെ എന്നെയും വല്ലാത്തൊരു അസ്സ്വസ്ഥത വന്ന് മൂടുന്നത് പോലെ തോന്നി.കാർ ചെന്ന് നിന്നത് സിറ്റി ഹോസ്പിറ്റലിന്റെ മുന്പിലായിരുന്നു.ചെന്നയുടനെ ചാടിയിറങ്ങി H.P മുൻപേ പായുമ്പോൾ പിറകെ വർധിക്കുന്ന ഹൃദയമിടിപ്പോടെ ഞാനും അദ്ദേഹത്തെ അനുഗമിച്ചു.

…തുടരും…..

ഹരി ചന്ദനം: ഭാഗം 28

Share this story