നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 37

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 37

സൂര്യകാന്തി

ആദിത്യൻ പൂമുഖത്തു നിന്നും അകത്തേക്ക് കയറിയപ്പോഴാണ് വരാന്തയിൽ ഇരിക്കുന്ന ഭദ്രയെ കണ്ടത്.. നടുമുറ്റത്തിനരികെയുള്ള വരാന്തയിലെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു അവൾ.. മൊബൈൽ കൈയിൽ പിടിച്ചു എന്തോ ആലോചനയിലാണ് ആള്..മുഖത്ത് തീരെ തെളിച്ചമില്ല… കുളി കഴിഞ്ഞു മുടി വിടത്തിയിട്ടുണ്ട്.. ലോങ്ങ്‌ സ്‌കെർട്ടും കുർത്തിയുമാണ് വേഷം.. ചമയങ്ങൾ ഒന്നുമില്ലെങ്കിലും സീമന്ത രേഖയിൽ സിന്ദൂരം കണ്ടു.. ചെറു ചിരിയോടെ ആദിത്യൻ അവൾക്കരികിലേക്കെത്തി.. മുണ്ടൊന്ന് ഒതുക്കി വെച്ചു കൊണ്ടു അവൾക്കരികിലേക്കിരുന്നു… “എന്താണ് എന്റെ കെട്ട്യോൾക്ക് ഇത്രേം വല്യ സങ്കടം.. ഉം..?” ആദിത്യൻ പുരികമൊന്ന് പൊക്കി കൊണ്ടു ചോദിച്ചു.. ഭദ്ര അവനെയൊന്ന് കൂർപ്പിച്ച് നോക്കി.. ആദിത്യൻ ചിരിച്ചെങ്കിലും അവളുടെ ഭാവം മാറിയില്ല.. “എന്ത് പറ്റിയെടോ…?” മെല്ലെ ഒന്ന് കൂടെ ചേർന്നിരുന്നു ചുമല് കൊണ്ടു അവളെയൊന്ന് തട്ടി.. ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് ഭദ്ര പറഞ്ഞത്… “രുദ്ര… അവളോടൊന്ന് സംസാരിച്ചിട്ട് ദിവസം രണ്ടു കഴിഞ്ഞു.. ആദ്യമായിട്ടാണ് ഇങ്ങനെ.. അകന്നിരുന്നാലും ഫോണിലൂടെ ആണെങ്കിലും ഒരു നേരമെങ്കിലും സംസാരിക്കാതെ ഇരുന്നിട്ടില്ല ഇതേവരെ..” “താൻ വിളിച്ചു നോക്കിയില്ലേ…?” “വിളിച്ചിട്ടു കിട്ടിയില്ല.. അവളുടെ മൊബൈൽ കുറച്ചു ദിവസമായി കംപ്ലയിന്റ് ആണ്.. പക്ഷെ അതിനു ശേഷവും ഞാൻ അമ്മയുടെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.. അന്നേ അവൾ എന്തൊക്കെയോ ഒളിക്കുന്നത് പോലെ തോന്നിയിരുന്നു..

എനിക്കെന്തോ പേടി തോന്നുന്നു..” “പേടിയ്ക്കേണ്ട കാര്യം എന്താടോ…അച്ഛന്റെയും അമ്മയുടെയും ഒപ്പമല്ലേ ?” “അതല്ല ആദിയേട്ടാ.. അവൾക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.. സൂര്യനാരായണൻ.. ആ എഴുത്തുകാരൻ..” “അതിനിപ്പോൾ എന്താ.. എത്രപേരാണ് സിനിമക്കാരെയും എഴുത്തുകാരെയുമൊക്കെ ഇഷ്ടപ്പെടുന്നത്..” “തോക്കിൽ കേറി വെടി വെക്കാതെ മനുഷ്യാ.. ഞാനൊന്ന് പറഞ്ഞോട്ടെ..” ആദിത്യൻ മുഖം ചുളിച്ചു.. പിന്നെ കൈകൾ കൊണ്ടു ആംഗ്യം കാണിച്ചു പറഞ്ഞു.. “ഓ.. ഭവതി പറഞ്ഞോളൂ..” “സൂര്യനാരായണൻ നാഗകാളി മഠത്തിലുണ്ട്..” “ങേ..” “ഉം.. ശ്രീ മാമ്മന്റെ ഫ്രണ്ട് ആണ്.. മഠത്തിന്റെ താഴത്തെ പറമ്പിൽ അമ്മയുടെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിലാണ് താമസം.. എന്തോ നാഗാരാധനയെ പറ്റിയുള്ള പുസ്തകം എഴുതാൻ എന്നൊക്കെയാ പറഞ്ഞത്..” “അപ്പോൾ രുദ്ര..” “അതാണെന്റെ പേടി.. അവൾക്ക് അയാളെന്ന് പറഞ്ഞാൽ ഭ്രാന്താ.. വർഷങ്ങൾക്ക് മുൻപേ തുടങ്ങിയ ആരാധനയാണ്.. അയാൾ ഫേമസ് ആവുന്നതിനും മുൻപേ.. പിന്നെ പിന്നെ എഴുത്തിനോടുള്ള ഭ്രമം എഴുത്തുകാരനോടുമായി..” ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് ആദി പറഞ്ഞത്.. “സൂര്യനാരായണൻറെ എഴുത്തൊക്കെ എനിക്കും വല്യ ഇഷ്ടമാണ്.. ഹി ഈസ്‌ എ ജീനിയസ്.. പക്ഷെ..” ആദി ഭദ്രയെ ഒന്ന് നോക്കി.. ഭദ്ര ഒന്നും പറഞ്ഞില്ല.. “പുള്ളിക്കാരന്റെ മോറൽ സൈഡ് അത്ര ശരിയല്ല എന്നാണ് കേട്ടിട്ടുള്ളത്..

ഒരുപാട് ഗോസിപ്പ്സ് ഒക്കെ വന്നിട്ടുണ്ട്.. ” “ഉം… ഇതൊക്കെ ആലോചിച്ചാണ് എന്റെ പേടിയും ആദിയേട്ടാ.. ഇതൊക്കെ അവൾക്കറിയാം.. അയാളെ പറ്റിയുള്ള എല്ലാ വിവരങ്ങളും അവൾ ചിക്കിചികഞ്ഞെടുക്കും.. പക്ഷെ എന്തൊക്കെ കേട്ടാലും അവൾക്ക് അയാളോടുള്ള ഇഷ്ടം നാൾക്ക് നാൾ കൂടുവല്ലാണ്ട് കുറയുന്നില്ല..” “കുടുംബത്തോടെ ഇങ്ങനെ ആണല്ലേ..?” ആദിത്യൻ കുസൃതിച്ചിരിയോടെ അവളെ ഒന്ന് നോക്കി.. “എന്ത്…?” “അല്ല.. അസ്ഥിക്ക് പിടിച്ച പ്രണയം..” ഭദ്രയുടെ ഭാവം മാറുന്നത് കണ്ടു ആദിത്യൻ അവളെ ഒന്നു കൂടെ ചേർത്ത് പിടിച്ചു മിഴികൾ ചിമ്മി കാണിച്ചു… “രുദ്രയ്ക്ക് ഇത്രേം ഇഷ്ടമാണെങ്കിൽ അത് അയാളോട് തുറന്നു പറഞ്ഞൂടെ.. അടുത്ത് തന്നെയില്ലേ..?” “അവളുടെ സ്വഭാവം ആദിയേട്ടന് അറിയാലോ.. കിട്ടുന്ന സമയം മുഴുവനും പുസ്തകങ്ങൾക്കുള്ളിലാണ്.. പിന്നെ അവിടം വിട്ടൊരു ജീവിതം അവൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. റിയൽ ലൈഫിൽ അയാൾക്ക് അവളെ പോലൊരു ആളെയും അവൾക്ക് തിരിച്ചും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. രുദ്ര ഭയങ്കര സെൻസിറ്റിവ് ആണ്..അയാളെ പറ്റി ഇങ്ങനെയൊക്കെ കേൾക്കുന്ന സ്ഥിതിക്ക് എങ്ങനെയാ ആദിയേട്ടാ ഞാൻ..” “അതിന് താൻ ഇവിടെയിരുന്നു ടെൻഷൻ അടിച്ചിട്ട് കാര്യമുണ്ടോടോ.. രുദ്രയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം..” “ആര് പറഞ്ഞാലും സൂര്യനാരായണനോടുള്ള അവളുടെ ഒബ്സെഷൻ ഇല്ലാതാവാൻ പോണില്ല..

പക്ഷെ ആരെയും വേദനിപ്പിച്ചു അവളൊന്നും ചെയ്യില്ല.. സ്വയം ഉരുകിത്തീരും.. അതാണ് എന്റെ പേടിയും..” ആദിത്യൻ ഒന്നും പറഞ്ഞില്ല.. “ഇന്നലെ എനിക്കെന്തോ അവളെ വല്ലാതെ മിസ്സ്‌ ചെയ്തു ആദിയേട്ടാ..ഒത്തിരി സങ്കടം വന്നു.. രാത്രി അവൾക്കെന്തോ ആപത്ത് സംഭവിച്ചതായി സ്വപ്നവും കണ്ടു.. ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല.. വിളിക്കുമ്പോൾ ഒക്കെ അമ്മ ഓരോ ഒഴിവ് കഴിവ് പറയുന്നത് പോലെ.. എല്ലാരും എന്നോട് എന്തൊക്കെയോ ഒളിക്കുന്നത് പോലെ.. അച്ഛൻ പോലും.. എന്റെ രുദ്ര.. എനിക്ക് അവളെ കാണണം.. ഒന്ന് കെട്ടിപിടിക്കണം…” ഭദ്രയുടെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞു.. ആദിത്യൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു നിറുകയിൽ ചുംബിച്ചു.. “ഇങ്ങനെ വിഷമിക്കല്ലെടോ..” നിമിഷങ്ങൾ കടന്നു പോയി… “എടോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?” ഭദ്ര മുഖമുയർത്തി അവനെ നോക്കി… “തനിക്കെന്താ എന്നെ കെട്ടിപ്പിടിക്കാൻ തോന്നാത്തെ..?” ഭദ്രയുടെ മുഖം കനത്തു വരുന്നത് കണ്ടതും ആദിത്യൻ ചിരിയോടെ കണ്ണിറുക്കി.. “ഹും…” ഭദ്ര അവനെ തള്ളിമാറ്റി എഴുന്നേൽക്കാൻ ശ്രെമിച്ചതും ആദി അവളുടെ കൈയിൽ പിടിച്ചിരുന്നു.. ഭദ്ര കൈ വലിച്ചെങ്കിലും അവൻ ആക്കിചിരിച്ചതേയുള്ളൂ.. പിടിവലിയ്ക്കൊടുവിൽ ഭദ്ര തോൽവി സമ്മതിച്ചു.. അവളുടെ മുഖം ആർദ്രമായി.. ആദിത്യന്റെ മിഴികളിലും പ്രണയം നിറഞ്ഞു.. ഭദ്ര ഒരു പുഞ്ചിരിയോടെ തന്റെ കൈയിൽ പിടിച്ച ആദിത്യന്റെ കൈയിൽ ചുണ്ടമർത്തി.. അവളുടെ പ്രണയാർദ്രമായ നോട്ടം കണ്ടു ആദ്യം അവനൊന്നു ഞെട്ടി..

പിന്നെ.. “ആ..” ആദിത്യന്റെ കൈയിൽ അമർത്തി കടിച്ചതും അവന്റെ കൈ അയഞ്ഞു.. അവൻ കൈ കുടയുന്നതിനിടെ ഭദ്ര ചാടിയെഴുന്നേറ്റിരുന്നു.. “നീ വല്ല പട്ടിക്കുട്ടിയും ആണോടി…” പറഞ്ഞു കൊണ്ടാണ് ആദിത്യനും ചാടിയെഴുന്നേറ്റ് അവളുടെ നേരെ ഓടിയത്.. ഭദ്ര അപ്പോഴേക്കും അവളുടെ മുറിയിൽ കയറിയിരുന്നു..വാതിൽ അടക്കുന്നതിന് മുൻപേ ആദിത്യൻ വാതിൽ പാളിയിൽ കൈ വെച്ചിരുന്നു.. എത്ര ശ്രെമിച്ചിട്ടും അവൾക്ക് വാതിൽപാളികൾ ചേർത്തടയ്ക്കാൻ കഴിഞ്ഞില്ല.. ആദിത്യൻ വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറിയതും ഭദ്ര പിറകോട്ടു വേച്ചു പോയിരുന്നു.. തിരിയാതെ അവളെ തന്നെ നോക്കി കൊണ്ടു അവൻ കൈകൾ പിറകിലേക്കാക്കി വാതിൽപ്പാളികൾ ചേർത്തടച്ചു.. പിന്നെ വേഗം തിരിഞ്ഞു വാതിൽ ലോക്ക് ചെയ്തു.. പെട്ടുവെന്ന് മനസ്സിലായതും ഭദ്ര ഇടംവലം തിരിഞ്ഞു നോക്കിയെങ്കിലും രക്ഷപ്പെടാൻ ഒരു വഴിയും കണ്ടില്ല.. ആദിത്യൻ അവളെയൊന്ന് അടിമുടി നോക്കി ഒന്ന് ചിരിച്ചു.. പിന്നെ ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് മീശയൊന്ന് പിരിച്ചു കൊണ്ടു ഭദ്രയ്ക്ക് നേരെ നടന്നു… “അലവലാതി.. ഹീറോ കളിക്കുവാ.. പക്ഷെ ഈ പീഡകന്റെ കൈയിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്റെ ദേവ്യേ..” പിറുപിറുത്തു കൊണ്ടു ഭദ്ര ചുറ്റും നോക്കിയെങ്കിലും ഒരു രക്ഷയും കണ്ടില്ല.. പിന്നെ ഒന്നും നോക്കിയില്ല.. ആദിയെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു..

ഇത്തിരി പണിപ്പെട്ടിട്ടാണേലും മുഖത്തു തെല്ല് നാണം വരുത്തി.. മിഴികൾ താഴ്ത്തി അങ്ങ് നിന്നു.. അടുത്ത നിമിഷം ആദിത്യന്റെ പൊട്ടിച്ചിരി കേട്ടതും അവൾ മുഖമുയർത്തി.. “അവളുടെ ഒരു ഭാവാഭിനയം.. ആരെ കാണിക്കാനാടി..” ഭദ്ര തെല്ല് ചമ്മലോടെ അവനെ ഒന്ന് നോക്കി.. അടുത്ത നിമിഷം ആദിത്യൻ അവളെ കരവലയത്തിൽ ഒതുക്കിയിരുന്നു.. നിമിഷങ്ങൾ കടന്നു പോകവേ ഭദ്രയുടെ കവിളുകൾ ചുവന്നിരുന്നു.. മിഴികൾ പാതിയടഞ്ഞിരുന്നു.. വീണ്ടും ആദിത്യന്റെ പതിഞ്ഞ ചിരി കേട്ടതും ഒരു പിടച്ചിലോടെ ഭദ്ര അവനെ നോക്കി.. “ഇപ്പോഴാണ് ഭദ്രകാളി എന്റെ അമ്മൂട്ടിയായത്…” ഭദ്രയുടെ മുഖത്ത് അപ്പോഴായിരുന്നു നാണത്തിന്റെ അലകൾ എത്തിയത്.. അടുത്ത നിമിഷം അവരെ ഞെട്ടിച്ചു കൊണ്ടാണ് വാതിലിൽ തട്ടുന്ന ശബ്ദം കേട്ടത്… “ഭദ്രേ.. മോളെ…” ശ്രീദേവിയുടെ ശബ്ദമായിരുന്നു.. രണ്ടുപേരും പരസ്പരം നോക്കി.. അത് വരെ പുലി പോലിരുന്ന ആളുടെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ ചിരി വന്നുവെങ്കിലും ഭദ്ര ആദിത്യനെ നോക്കി വാഷ്റൂമിന്റെ വാതിലിനു നേരെ കണ്ണ് കാണിച്ചു.. ആദിത്യൻ ബാത്‌റൂമിലേക്ക് കയറിയതിനു ശേഷമാണ് ഭദ്ര വാതിൽ തുറന്നത്.. “ഞാൻ വന്നപ്പോൾ ആരെയും കണ്ടില്ല്യാ.. പൂമുഖ വാതിൽ തുറന്നു കിടക്കുവായിരുന്നു.. ഒന്ന് പേടിച്ചു.. അതാണ് ഞാൻ..” ശ്രീദേവി അവളെ നോക്കി പറഞ്ഞു.. “അത് അമ്മേ.. ഞാൻ ഡ്രസ്സ്‌…” “ആദിയെയും കണ്ടില്ല്യ…” “നേരത്തെ പൂമുഖത്തുണ്ടായിരുന്നല്ലോ.. മുകളിലേക്ക് പോയിക്കാണും..” “ഈ ചെക്കന് വാതിലൊന്ന് അടച്ചിട്ടു പൊയ്ക്കൂടേ…” സ്വയം പറഞ്ഞു കൊണ്ടു ശ്രീദേവി തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും വീണ്ടും നിന്നു..

ഭദ്രയെ നോക്കി.. “മോളിങ്ങു വന്നേ.. ഇവിടെ ഒന്ന് രണ്ടു പേര് വന്നിട്ടുണ്ട്..” ആരാവും എന്നാലോചിച്ചു കൊണ്ടു അടഞ്ഞു കിടന്നബാത്റൂം ഡോറിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കികൊണ്ട്‌ ഭദ്ര ശ്രീദേവിയ്ക്ക് പിറകെ നടന്നു.. രാവിലെ അമ്പലത്തിൽ പോയതായിരുന്നു ശ്രീദേവിയമ്മ.. ഹാളിലേക്ക് ഇറങ്ങിയപ്പോഴേക്കും കണ്ടു.. പാർവതി.. അവൾക്കരികെ അന്നൊരിക്കൽ ഇവിടെ വന്ന സ്ത്രീ… അംബിക.. അവളുടെ അപ്പച്ചി.. പിന്നെ മറ്റൊരു സ്ത്രീയും.. “അംബിക അന്ന് പാറൂട്ടിയോടൊപ്പം വന്നപ്പോൾ മോള് കണ്ടതല്ലേ.. ഇതാണ് പാറൂട്ടിയുടെ അമ്മ.. മ്മടെ വാര്യർടെ ഭാര്യ.. അമ്പലത്തിൽ വെച്ച് കണ്ടതാ.. പിടിച്ച പിടിയാലേ കൂടെ കൂട്ടി..” മറ്റേ സ്ത്രീയെ നോക്കി ശ്രീദേവി പറഞ്ഞു.. ഭദ്ര ചിരിച്ചപ്പോൾ രണ്ടുപേരും അവളെ നോക്കി പുഞ്ചിരിച്ചു.. പാർവതിയുടെ മുഖത്ത് പ്രത്യേകിച്ചു ഭാവവ്യത്യാസം ഒന്നുമില്ലായിരുന്നു.. ദേഷ്യവും.. ഇടയ്ക്കിടെ അപ്പുറത്തെ ഇടനാഴിയിലേക്ക് പാളി നോക്കിയ ഭദ്ര കണ്ടിരുന്നു തന്റെ മുറിയിൽ നിന്നും മെല്ലെ ഇറങ്ങിപ്പോവുന്ന ആദിത്യനെ.. അവളുടെ പരിഭ്രമം കലർന്ന നോട്ടത്തെ പിന്തുടർന്നാണ് പാർവതിയും ആ കാഴ്ച്ച കണ്ടത്.. അവളുടെ മുഖം മങ്ങിയിരുന്നു.. “ഇതാണല്ലേ ആദിമോന്റെ പെണ്ണ്..” പാറൂട്ടിയുടെ അമ്മ ഭദ്രയുടെ കൈ കവർന്നു കൊണ്ടു ചോദിച്ചു.. “ഒരു ചടങ്ങ് നടത്തി വെച്ചെന്നേയുള്ളൂ ശാരദേ.. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്നൊതുങ്ങീട്ട് വേണം എല്ലാരേയും അറിയിച്ചു കൊണ്ടു വേളി നടത്താൻ..

ആകെയൊന്നിനെയല്ലേ അവൾ ബാക്കി വെച്ചുള്ളൂ..” ശ്രീദേവിയുടെ ശബ്ദമിടറി.. വിഷയം മാറ്റാൻ എന്നത് പോലെ ശാരദ ചോദിച്ചു.. “ആദിയെ കണ്ടില്ല്യാലോ..” “മുകളിലെ മുറിയിലാവും.. മോളൊന്ന് അവനെ വിളിച്ചേ…” ഭദ്രയെ നോക്കി പറഞ്ഞിട്ട് ശ്രീദേവി അവരെ നോക്കി പറഞ്ഞു.. “ന്തായാലും കഴിച്ചിട്ട് പോയാ മതി.. ഉഷ അടുക്കളേൽ കാണും.. ഞാനൊന്ന് നോക്കട്ടെ..” ഭദ്ര ഗോവണിപ്പടികൾക്ക് താഴെ നിന്നും വിളിച്ചു.. “ആദിയേട്ടാ..” ഒരു പ്രതികരണവും ഇല്ലാതിരുന്നപ്പോൾ ഒന്നുമാലോചിക്കാതെ അവൾ പടികൾ കയറാൻ തുടങ്ങി.. മുകളിലേക്കുള്ള അവസാനപടിയിൽ കാൽ വെച്ചതും ഒരു മുരൾച്ച കേട്ടത് പോലെ തോന്നി.. ഒരു സീൽക്കാരവും.. പെട്ടെന്ന് ഓർമ്മ വന്നത് പോലെ ഭദ്ര താഴേക്ക് ഓടിയിറങ്ങി.. മുകളിലേക്കുള്ള ഗോവണില്പടികളിൽ പോലും കാൽ വെക്കരുതെന്നായിരുന്നു ആദിയുടെ കല്പന.. അച്ഛന്റെയും… അടുത്ത വിളിയ്ക്ക് ആദിത്യൻ പടികൾക്ക് മുകളിൽ എത്തിയിരുന്നു.. അവനെ നോക്കി ആക്കിചിരിച്ച ഭദ്രയ്ക്ക് നേരെ കണ്ണുരുട്ടി അവൻ പടികളിറങ്ങി.. ഭദ്രയ്ക്ക് പിറകെ ആദിത്യനും ഹാളിൽ എത്തിയിരുന്നു.. പാർവതിയെ അവിടെ കണ്ടില്ല… “അല്ല.. പാറുവമ്മ എവിടെ..?” അവരെ കണ്ടതും ആദിത്യൻ ചോദിച്ചു.. “അവള് പുറത്തേക്കിറങ്ങി..” ആദിത്യനെ ഒന്ന് നോക്കി ഭദ്ര പൂമുഖത്തേക്ക് നടന്നു.. ചാരുപാടിയിൽ ഇരുന്നു പുറത്തേക്ക് നോക്കുകയായിരുന്നു പാർവതി..

മിഴികൾ നാഗത്താൻകാവിൽ അലഞ്ഞു നടക്കുകയായിരുന്നു.. “പാറൂട്ടി…” ഭദ്രയുടെ ശബ്ദം കേട്ടതും അവളൊന്ന് തിരിഞ്ഞു നോക്കി.. ഭദ്ര അവൾക്കരികെ ഇരുന്നു… “എന്നോട് ദേഷ്യമുണ്ടോ…?” “ന്തിന്..?” ഗൗരവത്തിലായിരുന്നു മറുചോദ്യം.. “ആദിത്യനെ ഞാൻ ഇവിടെ വെച്ച് പരിചയപ്പെട്ടതല്ല.. വർഷങ്ങളുടെ പഴക്കമുണ്ട് ഞങ്ങളുടെ ബന്ധത്തിന്.. ആദിത്യനെ തേടിയാണ് ഞാൻ ഇവിടെ വന്നതും.. ആദിനാരായണൻ ഇല്ലെങ്കിൽ ഭദ്രയില്ല.. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.. പക്ഷെ ഞങ്ങൾക്കിടയിൽ ചില പ്രെശ്നങ്ങൾ വന്നു…” ഭദ്ര ഒന്ന് നിർത്തിയതും പാർവതി വീണ്ടും തിരിഞ്ഞു ഭദ്രയെ ഒന്ന് നോക്കി.. അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. “ദാരിക.. അവളല്ലേ നിങ്ങൾക്കിടയിലെ പ്രെശ്നം…?” പൊടുന്നനെയുള്ള പാർവതിയുടെ ചോദ്യം കേട്ടതും ഭദ്ര ഒന്ന് ഞെട്ടി… “അത് പാറൂട്ടിയ്ക്കെങ്ങിനെ…?” “ജാനിയെയും ചന്ദ്രൂട്ടനെയും ആദിയേട്ടന്റെ അച്ഛനെയും അവൾ കൊന്നത് ന്തിനാണെന്ന് അറിയ്യോ…” വല്ലാത്തൊരു ഭാവമായിരുന്നു പാർവതിയ്ക്ക്.. “ആദിയേട്ടനെ ആരും ഒത്തിരി സ്നേഹിക്കുന്നത് അവൾക്കിഷ്ടമല്ല.. ആദിയേട്ടൻ ആരെയും സ്നേഹിക്കുന്നതും…” പാർവതിയുടെ മിഴികൾ വീണ്ടും നാഗത്താൻ കാവിലേക്ക് തിരിഞ്ഞു..

“ആഹാ പാറുക്കുട്ടിയമ്മ ഇവിടെ ആയിരുന്നോ..?” കൈയിൽ രണ്ടുമൂന്ന് പാക്കറ്റ് ഡയറി മിൽക്ക് സിൽക്കുമായി ആദിത്യൻ അവർക്കരികിലേക്ക് വന്നപ്പോൾ ഭദ്രയ്ക്ക് പാർവതിയോട് തുടർന്നൊന്നും ചോദിക്കാൻ കഴിഞ്ഞില്ല ************ ഏറെ നേരമായിട്ടും മതിൽക്കെട്ടിനുള്ളിലേക്ക് പോയ ആളെ കാണാതിരുന്നപ്പോൾ രുദ്രയുടെ മനസ്സിലെ ആശങ്കകൾ വാനോളം എത്തിയിരുന്നു.. അപ്പോഴും താലിയിൽ അവൾ മുറുകെ പിടിച്ചിരുന്നു.. കണ്ണിലും മനസ്സിലും സൂര്യനാരായണന്റെ ചിരിക്കുന്ന മുഖമായിരുന്നു……(തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 36

Share this story