സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 26

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 26

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് കാവിലെ കൽ വിഗ്രഹത്തെ നോക്കി മനസർപ്പിച്ചു തൊഴുതു.. ആ ചൈതന്യത്തിന്റെ അനുഗ്രഹമെന്നോണം ആ കാവിലെ തളിരിലകളെ തഴുകി ഒരു ഇളം കാറ്റ് കടന്നുപോയി.. നമ്മൾ എങ്ങോട്ടാ കിച്ചുവേട്ടാ പോണേ.. ദേവു നിഷ്കളങ്കമായി ചോദിച്ചു.. നമ്മൾ ഒരാളെ കാണാൻ പോകുവാ ദേവൂട്ടി.. ദേവൂട്ടിയുടെ അസുഖമൊക്കെ മാറ്റാൻ.. ജിഷ്ണു പറഞ്ഞു.. എനിക്ക് അതിനസുഖമുണ്ടോ.. അവൾ വിമലിന്റെ കൈപിടിച്ചു തന്റെ നെറ്റിയിൽ വെച്ചുകൊണ്ട് ചോദിച്ചു.. അവൾ വാത്സല്യത്തോടെ അവളെ നോക്കി ഉണ്ട് എന്നു തലയാട്ടി കാണിച്ചു.. അയ്യോ.. വേഗം മാറുവോ.. അവൾ ചോദിച്ചു.. മ്മ്.. കുറച്ചു നാൾ എടുക്കും.. വിമൽ പറഞ്ഞു.. വാ ദേവൂട്ടാ.. രാധിക വിളിച്ചതും അവൾ വിമലിന്റെ കൈകളിൽ പിടിച്ചു.. ഇനിയങ്ങോട്ട് കാടാ അമ്മേ.. വാ ഞാൻ പിടിക്കാം.. കിച്ചു പറഞ്ഞു.. നടന്നുകൊള്ളാൻ കിച്ചു വിമലിന് കണ്ണുകൊണ്ട് നിർദേശം നൽകി.. ജിഷ്ണുവും വിമലും ദേവുവും മുൻപേ നടന്നു. കിച്ചു രാധികയെ ചേർത്തുപിടിച്ചു പിന്നാലെയും.. നല്ല അറ്റ്മോസ്ഫിയർ അല്ലെ.. വിമൽ ആശ്രമത്തിലെ ഒരൊന്നും നോക്കി ചോദിച്ചു.. മ്മ്.. നല്ല ശാന്തമായ അറ്റ്മോസ്ഫിയർ.. ആശ്രമത്തിന് മുൻപിലെ മരച്ചുവട്ടിലുള്ള വനദുർഗയോടായി ദേവുവിന് വേണ്ടി പ്രാർത്ഥിച്ച ശേഷം കിച്ചു പറഞ്ഞു..

വാ.. കിച്ചു അകത്തേയ്ക്ക് വിളിച്ചു.. എത്തിയോ.. ഞാനിപ്പോ കാളിന്ദിയോട് പറഞ്ഞതെ ഉള്ളു നിങ്ങളെ കണ്ടില്ലല്ലോ എന്ന്.. മൂപ്പൻ കിച്ചുവിനെ കണ്ടതും പറഞ്ഞു.. അവൻ ഹൃദ്യമായ പുഞ്ചിരിയോടെ നിന്നു.. മൂപ്പൻ ദേവുവിനെ നോക്കി.. ഇതാണോ തന്റെ പെങ്ങൾ. മൂപ്പൻ ചോദിച്ചു. അതേ.. ദേവു ദേവാംഗന.. അവൻ പറഞ്ഞു.. അപ്പോഴേയ്ക്കും കാൽചിലമ്പിന്റെ താളംമുഴങ്ങി.. രാധികയടക്കം എല്ലാവരും അകത്തേയ്ക്ക് നോക്കി.. മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ കാളിന്ദി ഇറങ്ങി വന്നു.. അമ്മേ.. ഇത് കാളിന്ദി.. ഇത് മൂപ്പൻ.. രാധികയോടായി കിച്ചു പറഞ്ഞു.. രാധിക രണ്ടാൾക്കുമായി ഒരു പുഞ്ചിരി നൽകി.. ദേവു കാളിന്ദിയെ നോക്കി… കാളിന്ദി ദേവുവിനെയും.. ദേവാംഗാനയ്ക്ക് ഇഷ്ടപ്പെട്ടോ കാളിന്ദിയെ.. മൂപ്പൻ ചോദിച്ചു.. മ്മ്.. ദേവു തലയാട്ടി.. മൂപ്പൻ പുഞ്ചിരിച്ചു.. എന്നാൽ മോള് കളിന്ദിയ്ക്കൊപ്പം അകത്തേയ്ക്ക് ചെല്ലു.. അവിടെ മോൾക്ക് കാളിന്ദി കുറെ കാര്യങ്ങൾ കാട്ടി തരും.. മൂപ്പൻ പറഞ്ഞു.. ദേവു സംശയത്തോടെ രാധികയെ നോക്കി.. മോള് ചെല്ലു.. കിച്ചു പറഞ്ഞു.. അവൾ കളിന്ദിയ്ക്കൊപ്പം അകത്തേയ്ക്ക് നടന്നു.. ഇരിക്ക്.. മൂപ്പൻ പറഞ്ഞു.. അവർ ഇരുന്നു.. അപ്പൊ ചികിത്സ തുടങ്ങാം അല്ലെ.. മൂപ്പൻ ചോദിച്ചു.. തുടങ്ങാം.. കിച്ചു പറഞ്ഞു..

ചികിത്സാ വിധികൾ ഒക്കെ കാളിന്ദി പറയും.. ആദ്യ ആഴ്ച്ച ഇവിടെ ഉണ്ടാകണം.. ദേവാംഗനയോടൊപ്പം ആരെങ്കിലും ഒരാൾ നിന്നാൽ മതി ഈ സമയം..ശേഷമുള്ള ചികിത്സയെപ്പറ്റി വഴിയേ പറയാം.. മൂപ്പൻ പറഞ്ഞു.. ചികിത്സ തുടങ്ങി കഴിഞ്ഞാൽ ഉടനെ ആ കുട്ടി പഴയതുപോലെ ആകും എന്നു കരുതരുത്.. സമയമെടുക്കും… ഓരോ ചെറിയ മാറ്റങ്ങളിലൂടെ മാത്രമേ പൂർണമായ നിലയിൽ നഷ്ടപെട്ട മാനസിക നില തിരികെ പിടിക്കാൻ കഴിയൂ.. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക.. ആ കുട്ടിയെ നന്നായി ശ്രദ്ധിക്കുക.. മൂപ്പൻ പറഞ്ഞു.. കിച്ചുവിന്റെയും വിമലിനെയും മുഖത്തു പ്രതീക്ഷ നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.. ജിഷ്ണു ആത്മവിശ്വാസത്തോടെ മൂപ്പനെ നോക്കിയിരുന്നു.. മൂപ്പനോടും രാധികയോടും ദേവുവിനോടും യാത്ര പറഞ്ഞു കിച്ചുവും വിമലും ജിഷ്ണുവും മടങ്ങി.. ******** ദേവൂട്ടി.. മോളെ.. എഴുന്നേറ്റെ.. രാധിക ദേവുവിനെ തട്ടിയുണർത്തി.. ദേവു കണ്ണു തിരുമ്മി എഴുന്നേറ്റിരുന്നു.. നേരം വെളുത്തില്ലമ്മേ. അവൾ പറഞ്ഞു.. ദേ കാളിന്ദി പറഞ്ഞത് ഓർമയില്ലേ.. രാവിലെ എഴുന്നേറ്റ് കുളിച്ചു പുറത്തേയ്ക്ക് ചെല്ലണമെന്ന്.. എഴുന്നേൽക്ക്.. രാധിക പറഞ്ഞു.. ഉറക്കം വരുന്നു.. ദേവു ചിണുങ്ങി..

ഇന്നലെ വീട്ടിൽ പോകണമെന്ന് വാശി പിടിച്ചു ഉറങ്ങാതെ ഇരുന്നപ്പോ ഞാൻ പറഞ്ഞതല്ലേ.. ദേ 4 മണിക്ക് അവിടെ ചെല്ലണം.. അമ്മേടെ കുട്ടി എഴുന്നേറ്റെ.. രാധിക അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.. ദേവു ചിണുങ്ങിക്കൊണ്ട് എഴുന്നേറ്റു.. മുഖം കഴുകിയപ്പോഴേ തണുപ്പായതിനാൽ അവൾ ദയനീയമായി രാധികയെ നോക്കി.. സാരോല്യ.. കുളിച്ചിട്ട് വാടാ.. രാധിക പറഞ്ഞു… നിവർത്തിയില്ലാത്തതുകൊണ്ട് ദേവു കുളിക്കാൻ കയറി.. പഴയ രീതിയിൽ ചുടുകട്ടകൾ കൊണ്ടു നിര്മിച്ച ഒരു കൂടാരം പോലെയുള്ള വീടായിരുന്നു.. പുറമെ നിന്നുള്ളവർക്ക് താമസിക്കാൻ ആയതിനാൽ അറ്റാച്ഡ് ബാത്റൂം ഉണ്ടായിരുന്നു.. അവിടെ നിന്നിറങ്ങിയാൽ നീണ്ട വരാന്ത.. വരാന്തയ്ക്ക് ഒരു വശത്തു ചെറിയ ഒരു മീൻ വളർത്തൽ കുളമാണ്.. മറു ഭാഗം മുളം കാടാണ്.. മുളം കാടിനു പിന്നിൽ കാടാണ്.. മുൻവശത്തുള്ള അശോക മരത്തിന്റെ ചുവട്ടിലുള്ള വനദുർഗയെ തൊഴുത ശേഷം രാധിക ദേവുവുമായി കാളിന്ദി പറഞ്ഞ സ്ഥലത്തേയ്ക്ക് നടന്നു.. 4 മണി ആയതേ ഉള്ളു എങ്കിലും അവിടെ നേരം വെളുത്തതുപോലെ ആയിരുന്നു… എല്ലായിടത്തും വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്.. വൈദ്യുതിയൊന്നും അധികം വീടുകളിലുമില്ല.. എല്ലായിടവും പഴയ റാന്തൽ വിളക്കുകളാണ് കൂടുതലും.. വെളിച്ചമുള്ള വീടുകളിൽ വേലിക്കൽ വരെ ബൾബുകൾ ഇട്ടിട്ടുണ്ട്..

സ്വന്തം കാര്യം മാത്രം നോക്കുന്നവരിൽ നിന്നും തീർത്തും വ്യത്യസ്തമായി തന്റെ അയൽക്കാരന്റെ ഇരുട്ടിനെയും വെളിച്ചമാക്കാൻ ശ്രമിക്കുന്നവർ.. എത്തിയോ ദേവു.. കാളിന്ദി ഒരു പുഞ്ചിരിയോടെ ചോദിച്ചു.. രാധിക അവളെ നോക്കി.. ഒരു സെറ്റും മുണ്ടുമാണ് വേഷം.. ഇടതൂർന്ന മുടി ഈറനോടെ വെറുതെ കെട്ടി ഇട്ടിരിക്കുന്നു.. തുമ്പ് കെട്ടിയിട്ട് തുളസികതിരും ചൂടിയിട്ടുണ്ട്.. നിറഞ്ഞ പുഞ്ചിരി.. അതിനുമപ്പുറം അവളുടെ സൗന്ദര്യം അവളുടെ നീണ്ട കണ്ണുകളിലാണെന്ന് തോന്നി.. രാത്രിയുടെ ഭംഗിപോലെ അതി സുന്ദരിയാണ് അവൾ.. റാന്തൽ വെളിച്ചം മുഖത്തടിക്കുമ്പോൾ സ്വർണ്ണ ശോഭ അവളുടെ മുഖത്തുനിന്നും പ്രതിഫലിച്ചിരുന്നു.. വാ.. വന്നിരിക്ക്.. കാളിന്ദി വിളിച്ചു.. മുന്പിലിരുന്ന കൽ വിഗ്രഹത്തിന് ചുറ്റും തെളിയിച്ചു വെച്ചിരിക്കുന്ന ദീപങ്ങൾക്കിടയിൽ ഇരിക്കുന്ന കാളിന്ദിയെ ഒരു ദേവിയെ പോലെ തോന്നിപ്പിച്ചു… ചന്ദനത്തിരിക്ക് പകരം ഒരു മൺചട്ടിയിൽ എന്തോ പൊടി കൂട്ടി വെച്ചു പുകയ്ക്കുന്നുണ്ട്.. അതിന്റെ വശ്യമായ ഗന്ധം ആ മുറിയിൽ മാത്രമല്ല തന്റെ മനസ്സിലും ശാന്തി നിറയ്ക്കുന്നത് രാധിക അറിഞ്ഞു.. രാധികയും ദേവുവും കാളിന്ദിയുടെ അരികിൽ ചെന്നിരുന്നു.. പൂജ ചെയ്ത ശേഷം വിളക്ക് ദേവുവിനെ കാണിച്ചതും രാധിക അവളെ കൈ കാണിച്ചതും ദേവു തൊഴുതു.. രാധികയും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.. ദേവു.. കാളിന്ദിയുടെ നേർത്ത ശബ്ദം അവിടെ മുഴങ്ങി.. ദേവു അവളെ നോക്കി.. ദേവു കണ്ണടച്ചിരിക്ക്.. കാളിന്ദി പറഞ്ഞു..

ദേവു കണ്ണുകൾ അടച്ചു.. അമ്മയും.. അവൾ പറഞ്ഞതും രാധികയും കണ്ണുകൾ അടച്ചു.. കാളിന്ദി ഉച്ഛരിച്ച മന്ത്രങ്ങൾ അവിടെ മുഴങ്ങി.. ദേവു ഇടയ്ക്കിടെ കണ്ണുകൾ തുറന്നു നോക്കി.. എങ്കിലും കാളിന്ദിയും രാധികയും കണ്ണുകൾ അടച്ചിരിക്കുന്നതിനാൽ അവളും വേഗം കണ്ണുകൾ അടച്ചു.. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.. കണ്ണു തുറക്കുമ്പോൾ നേരം പുലർന്നിരുന്നു.. എഴുന്നേറ്റോളൂ.. കാളിന്ദി പറഞ്ഞു.. രാധികയും ദേവുവും എഴുന്നേറ്റു.. നിലവിളക്കിൽ നിന്നെടുത്ത കരി മൂവരും തിരുനെറ്റിയിൽ തൊട്ടു.. പുറത്തേയ്ക്കിറങ്ങിയതും ഒരു പയ്യൻ രണ്ടു ഓട്ടു ഗ്ലാസ്സിൽ ചായയുമായി വന്നു.. അതിൽ ഒന്നു രാധികയ്ക്കും ഒന്നു ദേവുവിനുമായി നൽകി.. ഈ ചായ ചില പച്ചിലയുടെ നീര് കൂട്ടിപിഴിഞ്ഞെടുത്തു ചേർത്തുണ്ടാക്കിയതാണ്.. കുടിച്ചു നോക്ക്.. കാളിന്ദി പറഞ്ഞു.. രാധികയ്ക്ക് സാധാരണ ചായ ആയിരുന്നെങ്കിൽ ദേവുവിന്റെ മുഖം പ്രസന്നമായിരുന്നു. ചായയിൽ പഞ്ചസാരയ്ക്ക് പകരം ചക്കര ആണ് ചേർത്തിരിക്കുന്നത്.. കാളിന്ദി പറഞ്ഞു.. രാധിക പുഞ്ചിരിച്ചു.. കാലത്തെ ഇവിടെ ഒക്കെ ഒന്നു നടന്നിട്ട് വരൂ.. കഴിക്കാനുള്ളത് ഞാനെടുക്കാം.. കാളിന്ദി പറഞ്ഞു.. കഴിക്കാൻ ഉടനെയൊന്നും വേണോന്നില്ല.. രാധിക പറഞ്ഞു.. 8 മണിക്ക് രാവിലത്തേടം കഴിക്കണം.. 11 മണിക്ക് ഫ്രൂട്ട്സ് തരും.. ഉച്ചയ്ക്ക് 1 മണിക്ക് ഊണ്.. 4 മണിക്ക് ചായ രാത്രി 8 മണിക്ക് അത്താഴം.. കിടക്കാൻ നേരം ഒരു ഗ്ലാസ് പാല്.. 8 മണിക്കൂർ ഉറക്കം നിർബന്ധം..

പകലുറക്കം പാടില്ല.. രണ്ടു നേരം കുളിക്കണം.. ഉച്ചയ്ക്ക് ധാര ഉണ്ടാകും.. അതിനു ശേഷം ഔഷധങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കണം.. വൈകീട്ട് 6 മണിക്ക് രാവിലത്തെ പോലെ പ്രാർത്ഥന കാണും..അപ്പോഴേയ്ക്കും കുളിയൊക്കെ കഴിഞ്ഞു വരണം.. ഒരു തരം ധ്യാനം.. മെഡിറ്റേഷൻ എന്നൊക്കെ പറയില്ലേ.. അതുപോലെ.. കാളിന്ദി പറഞ്ഞു.. തണുത്ത വെള്ളം കുടിക്കാൻ പാടില്ല.. അതിവിടെ മാത്രമല്ല ചികിത്സാ കാലയളവ് മുഴുവനും.. കുടിക്കാൻ പറ്റുന്ന ചൂടുള്ള വെള്ളം കുടിക്കുക.. വെള്ളം തിളപ്പിക്കാൻ ഒരു കൂട്ട് തരാം.. ഇവിടെ എല്ലാവരും അതാണ് കുടിക്കുന്നത്. കാളിന്ദി പറഞ്ഞു.. രാധിക സമ്മതഭാവത്തിൽ തലയാട്ടി.. ശംഭൂ.. കാളിന്ദി വിളിച്ചതും ഒരു പയ്യൻ ഓടി വന്നു.. ദേവു ഈ കുട്ടിയോടൊപ്പം നടന്നോളൂ.. പുറകിൽ ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്.. പോയി ആടിക്കോളൂ.. കാളിന്ദി പറഞ്ഞതും ദേവു അവനോടൊപ്പം സന്തോഷത്തോടെ നടന്നു.. രാധിക കാളിന്ദിയെ നോക്കി.. മനസ്സ്.. ഒരു മനുഷ്യായുസ് മുഴുവൻ ശ്രമിച്ചാലും ഒരാളുടെ മനസ്സിന്റെ സഞ്ചാരം ആർക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കില്ല.. അത്ര സങ്കീർണമാണ് മനോനില.. കാളിന്ദി പറഞ്ഞു തുടങ്ങി..രാധിക ശ്രദ്ധയോടെ കേട്ടു.. ഒരാൾ മാനസിക രോഗിയാകുന്നത് എപ്പോഴാണെന്ന് അറിയാമോ.. കാളിന്ദി ചോദിച്ചു.. രാധിക അവളെ നോക്കി.. സാധാരണ ആളുകളെപോലെ പെരുമറാതെ വരുമ്പോൾ. രാധിക ആലോചിച്ചു മറുപടി പറഞ്ഞു.

അപ്പോഴേയ്ക്കും കാളിന്ദിയും രാധികയും പതുക്കെ നടന്നു ഊഞ്ഞാൽ കെട്ടിയിരിക്കുന്നതിനാടുത്തു വരെ എത്തിയിരുന്നു.. ഊഞ്ഞാലും ദേവുവിനെയും കാണുന്ന തരത്തിൽ അൽപ്പം മാറിയുള്ള ഒരു മരച്ചുവട്ടിൽ അവരിരുന്നു.. അല്ല.. കാളിന്ദി പറഞ്ഞു.. ഒരാൾ ചിന്തിക്കുന്നതുപോലെയോ പ്രവർത്തിക്കുന്നതുപോലെയോ ആകില്ല ഒരിക്കലും മറ്റൊരാൾ.. അങ്ങനെ നോക്കുകയാണെങ്കിൽ ഈ ലോകത്തെല്ലാവരും മനോനില തെറ്റിയവർ ആണ്.. കാളിന്ദി ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.. രാധിക അവളെ അത്ഭുതത്തോടെ നോക്കി.. മനസ്സ് എന്നൊരു അവയവം നമ്മളിൽ ഇല്ല.. നമ്മുടെ തലച്ചോറാണ് അതിന്റെ ഒരു ഭാഗമാണ് ചിന്താമണ്ഡലം.. ആ ചിന്താമണ്ഡലത്തിൽ ഓരോരുത്തരും ജനിച്ചതുമുതൽ കണ്ടും കേട്ടും തൊട്ടും ശ്വസിച്ചും അങ്ങനെ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിഞ്ഞ അറിവുകൾ മുഴുവൻ ശേഖരിച്ചു വെച്ചിരിക്കും.. നമ്മൾ പറയില്ലേ ചിലരെക്കുറിച്ചു അവർ തലച്ചോറ് കൊണ്ടാണ് ചിന്തിക്കുന്നത് അവർ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്നൊക്കെ.. വെറുതെയാണ്.. ഹൃദയം എന്ന അവയവത്തിന്റെ ജോലി രക്തചംക്രമണം കൃത്യമായിചെയ്യുക എന്നതാണ്.. അല്ലാതെ ഒരാൾക്കും ഹൃദയം കൊണ്ട് ചിന്തിക്കാൻ കഴിയില്ല.. കാളിന്ദി പറഞ്ഞു..

കാളിന്ദീ.. മൂപ്പന്റെ വിളി കേട്ടാണ് അവരിരുവരും തിരിഞ്ഞു നോക്കിയത്.. മൂപ്പനും കിച്ചുവും വിമലുമുണ്ട്.. കാളിന്ദിയും രാധികയും എഴുന്നേറ്റു.. നിങ്ങളെ തിരക്കി വന്നതാണ്.. മൂപ്പൻ പറഞ്ഞു.. കിച്ചു രാധികയ്ക്കരികിൽ ചെന്നു.. അവരവനെ ചേർത്തു പിടിച്ചു.. ദേവു. അവൻ ചോദിച്ചു.. ഊഞ്ഞാൽ ആടുന്നു.. കാളിന്ദിയാണ് മറുപടി നൽകിയത്.. കിച്ചുവും വിമലും അവളെ നോക്കി.. ശംഭുവും ആ ഊരിലെ മറ്റു ചില കുട്ടികളും ഉണ്ട്.. അവരോടൊപ്പം വലിയ സന്തോഷത്തിലാണ് ദേവു.. എന്തായി കാളിന്ദീ.. മൂപ്പൻ ചോദിച്ചു.. നന്നായി പോകുന്നു മൂപ്പാ.. അവൾ പറഞ്ഞു.. മ്മ്.. നടക്കട്ടെ.. അതും പറഞ്ഞു മൂപ്പൻ നടന്നു.. ഇരിക്ക്.. കാളിന്ദി പറഞ്ഞതും കിച്ചുവും വിമലും രാധികയും അവളോടൊപ്പം അവിടെയിരുന്നു.. ദേവുവിന് ഈ അവസ്ഥയിൽ വേണ്ടത് സമ്മർദം ഒഴിഞ്ഞ ഒരവസ്ഥയാണ്.. ഒപ്പം നല്ല ചികിത്സ.. മരുന്ന് ഭക്ഷണം.. ക്ഷമയോടെയുള്ള പരിചരണം.. അവളൊരു രോഗിയാണ് എന്ന മട്ടിലുള്ള പെരുമാറ്റം ഉണ്ടാകരുത്.. കാളിന്ദി പറഞ്ഞു.. കാളിന്ദി ഓരോ കാര്യങ്ങളും ക്ഷമയോടെ കൃത്യമായി അവർക്ക് പറഞ്ഞു കൊടുത്തു.. കിച്ചുവും വിമലും അത്ഭുതത്തോടെ ഓരോന്നും കേട്ടിരിക്കുകയായിരുന്നു.. അപ്പോഴും ദേവു തന്റെ കളിച്ചിരികൾക്കിടയിലായിരുന്നു.. **

എന്തൊരു അറിവാ അല്ലെ ആ കുട്ടിക്ക്… വിമൽ ചോദിച്ചു.. ആശ്രമത്തിൽ നിന്നും തിരിച്ചുപോകുകയായിരുന്നു കിച്ചുവും വിമലും.. മ്മ്.. ശെരിയാ..ഞാനും അതാ ഓർത്തിരുന്നത്.. കിച്ചു പറഞ്ഞു.. എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട് ഇപ്പൊ.. ദേവുവിന്റെ അസുഖമെല്ലാം വേഗം മാറും.. വിമൽ പറഞ്ഞു.. വേഗം മാറില്ലെന്നാ ആ മൂപ്പൻ പറഞ്ഞത്.. കാലതാമസം എടുക്കുമത്രെ.. എങ്കിലും പൂര്ണമായിട്ടും അസുഖം മാറ്റി തരാമെന്നാ അദ്ദേഹം പറഞ്ഞത്. കിച്ചു പറഞ്ഞു.. സന്ധ്യയാകുന്നു.. മഴയും വരുന്നുണ്ട്.. നമുക്ക് എവിടെയേലും കേറി എന്തെങ്കിലും കഴിച്ചിട്ട് പോകാം.. വിമൽ പറഞ്ഞു.. മ്മ് ഓകെ.. കിച്ചുവും സമ്മതിച്ചു.. അപ്പോഴേയ്ക്കും മഴതുടങ്ങിയിരുന്നു.. എന്തൊരു മഴയാടാ.. ഒരുമാതിരി പ്രകൃതിക്ക് ദേഷ്യം ഉള്ളപോലെ.. വിമൽ പറഞ്ഞു.. ദേഷ്യം തോന്നാതിരിക്യോ.. എന്തെല്ലാം ദ്രോഹമാ മനുഷ്യരെന്ന് പറയുന്ന ഈ നമ്മളൊക്കെ അങ്ങോട്ട്ചെയ്യുന്നത്.. കിച്ചു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.. കിച്ചൂ.. ദേ അവിടെ.. വിമൽ പറഞ്ഞു തീർന്നതും മുന്നിലേയ്ക്കൊരു രൂപം സൈഡിൽ നിന്നും റോഡിലേക്ക് വീഴുന്നത് കണ്ട് കിച്ചു ബ്രേക്കിൽ ചവിട്ടി.. മുന്നിലെ ആളെ ചെറുതായി ഇടിച്ചു വണ്ടി നിന്നു… ടാ.. വിമൽ ഭയത്തോടെ കിച്ചുവിന്റെ കയ്യിൽ പിടിച്ചു.. നീ ഇറങ്ങു.. കിച്ചു പറഞ്ഞു.. അവർ പുറത്തേക്കിറങ്ങി.. അപ്പോഴേയ്ക്കും വഴിയരികിലെ കാട്ടിലേക്ക് ആരോ ഓടി പോകുന്നത് അവർ കണ്ടു.. കിച്ചൂ.. ഒരു പെണ്കുട്ടിയാ.. അവര് ഉപദ്രവിക്കാൻ നോക്കിയതാണെന്ന് തോന്നുന്നു..

കമഴ്ന്നു കിടക്കുന്ന പെണ്കുട്ടിയെ നോക്കി വിമൽ പറഞ്ഞു.. കിച്ചുവിന്റെ മുഖത്തു ഭയം നിറഞ്ഞു.. വാ നോക്കാം.. അവൻ പറഞ്ഞു.. ആർത്തലച്ചു പെയ്യുന്ന മഴവെള്ളം ശരീരമാസകലം പൊതിഞ്ഞിട്ടും കിച്ചുവിനെ വിയർക്കുന്നുണ്ടായിരുന്നു.. അവർ പതിയെ റോഡിലേക്ക് ഇരുന്നു. കമഴ്ന്നു കിടക്കുന്ന ആ പെണ്കുട്ടിയെ നേരെ കിടത്തിയതും കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ഭദ്രേ.. കിച്ചു ഭയത്തോടെ കുലുക്കി വിളിച്ചു.. നെറ്റിയിൽ നിന്നും പൊട്ടിയൊഴുകുന്ന ചോര മഴവെള്ളത്തിൽ കലർന്ന് അപ്പോഴും അവളുടെ മുഖത്തൂടെ ഒഴുകുന്നുണ്ടായിരുന്നു.. വിമലും കിച്ചുവും നിസ്സഹായതയോടെ പരസ്പരം നോക്കി……തുടരും

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 25

Share this story