അറിയാതെൻ ജീവനിൽ: ഭാഗം 1

അറിയാതെൻ ജീവനിൽ: ഭാഗം 1

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ? മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ? അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ? നിനവുകളെഴുതിയതാരേ? അവളെ തരളിതയാക്കിയതാരേ?…’ ബാത്റൂമിൽ കുളി കഴിഞ്ഞു മുടി മുന്നോട്ടിട്ട് തല തുവർത്തുന്നതിനിടെയാണ് പെണ്ണിന്റെ കാതിലേക്ക് ആ പാട്ടോടിയെത്തിയത്. കുളിക്കാൻ കേറിയ തക്കത്തിന് ദച്ചുമോള് മൊബൈലെടുത്ത് കളിക്കുന്നുണ്ടാവും.

ദച്ചുമോള് യൂറ്റ്യൂബിൽ കയറിയതാകുമെന്ന് കരുതി ആ പാട്ടങ്ങനെ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് മറ്റാരുടെയോ വോയിസ് ആണെന്നു മനസ്സിലായത്. ഇടക്ക് വച്ചു തല തുവർത്തുന്നത് നിർത്തി, ആ പാട്ടിന്റെ അനുപല്ലവിയിലങ്ങനെ അറിയാതെ മുഴുകിപ്പോയി.. ഏതോ അപരിചിതമായൊരു പുരുഷ ശബ്‌ദം. മനസ്സിന്റെ ഏതോ ഒരു ശിഖിരത്തിൽ വന്നു തലോടുന്ന ശബ്‌ദം.. തോർത്ത് മുടിയിൽ കെട്ടിവച്ചിട്ട് ബാത്‌റൂമിൽ നിന്നുമിറങ്ങി. ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടതും കിടക്കയിൽ മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന ദച്ചു മൊബൈലവിടെ വച്ചുകൊണ്ട് ഇറങ്ങിയോടി. “പെണ്ണിനോട് ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് എന്റെ മൊബൈലെടുത്ത് കളിക്കരുതെന്ന്.”

കിണിച്ചുകൊണ്ട് മുറിയിൽ നിന്നുമിറങ്ങിയോടുന്ന നാല് വയസ്സുകാരി കുറുമ്പി പെണ്ണിനെ കളിയോടെ നോക്കിയത്. “ദച്ചു.. നീയോടി വീണു പോണ്ടാ..” ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് മൊബൈലെടുത്തത്. തുറന്ന് നോക്കിയപ്പോ ദച്ചു മോള് ഫയലുകളും കളഞ്ഞിരിക്കുന്നത് കണ്ടു. ഈ കുട്ടി എവിടുന്നാ ഇതിൽ ആ പാട്ട് കേട്ടത്.. വാട്സാപ്പിൽ കയറി നോക്കി. പലരുടെയും ചാറ്റുകൾ തുറന്നു നോക്കി. എവിടെയുമില്ല.. മെസഞ്ചറിൽ കയറി നോക്കി.. അവിടെയുമില്ല.. ഇനി ദച്ചുമോളോട് തന്നെ ചോദിച്ചു നോക്കണം.. കണ്ണാടിയിൽ വച്ചിരുന്ന പൊട്ടെടുത്ത് നെറ്റിയിലമർത്തി വച്ച് മുടി കോതിയൊതുക്കിക്കൊണ്ട് മുറിയിൽ നിന്നുമിറങ്ങി.

ദച്ചുമോളിപ്പോ താഴെ ചേച്ചിയുടെ അടുത്തെത്തിക്കാണും. ചേച്ചിയുടെ മകളാണ് ദച്ചു, നാല് വയസ്സേ ആയിട്ടുള്ളെങ്കിലും കുറുമ്പിയാണ്. മൊബൈൽ ചോദിച്ചാൽ കൊടുക്കാത്തത് കൊണ്ട് കുളിക്കാൻ കയറിയാൽ റൂമിൽ വന്ന് അതെടുത്തു കളിക്കലാണ് പെണ്ണിന്റെ പണി. മുകളിലത്തെ വരാന്തയുടെ അഴികളിൽ പിടിച്ചു നടക്കുമ്പോൾ കണ്ണുകൾ വീടിനു മുന്നിലെ റോഡിനപ്പുറത്തെ വലിയ വയലിലായിരുന്നു. കൊറോണ വയറസ് ലോകം മുഴുവൻ പടരുന്ന സാഹചര്യത്തിൽ ഇന്നലെയാണ് പ്രധാനമന്ദ്രി ഇന്ത്യയിലുടനീളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ എല്ലാവരും വീട്ടിലാണ്.

വയലൊഴിഞ്ഞു കിടക്കുന്നു.. സാധാരണ എല്ലായ്പ്പോഴും അവിടെ കളിക്കുവാൻ ആളുകളുണ്ടാകുമായിരുന്നു. ഇന്നെല്ലാവരും വീട്ടിലാണ്. എന്ന് അവസാനിക്കുമെന്നറിയാത്ത ഒരു ലോക്ക് ഡൌൺ.. താഴെത്തേക്കുള്ള പടികളിറങ്ങിക്കൊണ്ട് ചേച്ചിയുടെ മുറിയിലെത്തി. “അലീന ചേച്ചി.. ദച്ചു മോളെവിടെ..?” “ജുവലേ നീ കുളിക്കാൻ കേറിയ സമയത്ത് മോളിലേക്ക് വരുന്നത് കണ്ടു. നിന്റെ ഫോണെടുത്തു കളിച്ചിട്ടുണ്ടാകുമല്ലേ? അമ്മച്ചിയുടെ മുറിയിലോട്ടോടുന്നത് കണ്ടു.” ചേച്ചി ഇച്ചായനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ചെന്നപ്പോൾ കാൾ ഹോൾഡ് ചെയ്തിട്ടാണ് പറഞ്ഞത്. ഇച്ചായൻ നേവിയിലാണ്.

കോറോണയായതിനാൽ നാട്ടിലേക്ക് വരാനാവാതെ അവിടെയും ലോക്കായി കിടക്കുകയാണ്. ചേച്ചിയോട് തലയാട്ടിക്കൊണ്ട് പോകുന്നതിനിടെ ചേച്ചി ഇച്ചായനോട് പറയുന്നത് കേട്ടു. “അത് ജുവലാ.. ദച്ചു മോളെ തിരക്കി വന്നതാ.” അമ്മച്ചിയുടെ മുറിയിൽ ചെന്നു നോക്കിയപ്പോൾ കുറുമ്പിയെ അവിടെയും കാണാനില്ലായിരുന്നു. അമ്മച്ചി ജപമാല കയ്യിൽ പിടിച്ചുകൊണ്ട് എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. “അമ്മച്ചീ.. ദച്ചുമോളെവിടെ.?” അമ്മച്ചി തലയുയർത്തി നോക്കിയിട്ട് പുഞ്ചിരിയോടെ കട്ടിലിനടിയിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു. “മോളെ ഞാൻ കണ്ടു പിടിച്ചേ..” പറഞ്ഞുകൊണ്ട് മുട്ടുകുത്തി കട്ടിലിനടിയിലേക്ക് നോക്കിയതും കുറുമ്പി അല്പം കൂടി ഉള്ളിലേക്ക് കയറിപ്പോയി.

“ഇങ്ങു വന്നേ മോളെ.. ചേച്ചി വഴക്ക് പറയത്തില്ല.” ദച്ചു മോള് പതുക്കെയിറങ്ങി വന്നപ്പോ എടുത്ത് ഒക്കത്തിരുത്തി. സാധാരണ വഴക്ക് പറയാറാണ് പതിവ്. ഇന്നെന്താ ഇങ്ങനെയെന്ന് കരുതി പെണ്ണ് അന്തം വിട്ടു നോക്കുന്നുണ്ട്. “മോള് ഞാൻ ബാത്റൂമിലായിരുന്നപ്പോ കേട്ട പാട്ട് ചേച്ചിക്ക് ഒന്നൂടെ വച്ചു തരാവോ?” മൊബൈൽ കയ്യിൽ കൊടുത്തിട്ട് സ്നേഹത്തോടെ ചോദിച്ചു. മോളത് വാങ്ങിയിട്ട് തിരിച്ചും മറിച്ചും നോക്കി. അപ്പോഴൊക്കെയും ഉള്ളിലൊരു തിടുക്കമായിരുന്നു, ആരായിരിക്കും ആ മനോഹര ശബ്ദത്തിനുടമ എന്നറിയാനുള്ള തിടുക്കം. നേരം കുറേ കഴിഞ്ഞിട്ടും ദച്ചു മോൾ ഫോണിൽ കുത്തി കളിക്കുകയാണ്, അതും കോൺടാക്ട്സ് ലിസ്റ്റിൽ. കൊച്ചു കുഞ്ഞല്ലേ, അറിയാതെ ഏതെങ്കിലും എടുത്തപ്പോ കണ്ടതാകും.

കാര്യം പറഞ്ഞപ്പോൾ അതുതന്നെയായിരുന്നു അമ്മച്ചിയും പറഞ്ഞത്. ദച്ചു മോളെ താഴെ ഇറക്കിയിട്ട് തിരിച്ചു റൂമിലേക്ക് കയറിച്ചെന്നു. മനസ്സിലപ്പോഴും ആ പാട്ടിന്റെ വരികളും ആ ശബ്‌ദവും മാത്രമായിരുന്നു. പ്രയോജനമില്ലെന്നറിഞ്ഞിട്ടും വെറുതേ വാട്സാപ്പിൽ കയറി ഓരോ ചാറ്റുകളും കയറിയിറങ്ങി നോക്കി. അപ്പോഴാണ് ദിയയുടെ മെസേജ് കണ്ണിലുടക്കിയത്. ‘അളിയാ നമ്മുടെ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ ഒരു കിടു ചെക്കനുണ്ട്. ഇന്ന് ബർത്ത്ഡേയ് ആണത്രേ.. കുറേ പേരുടെ വിശ്ശസ്‌ കണ്ടപ്പൊഴാ ആളെ കണ്ടത്. കണ്ണേട്ടനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഇവനെ ഒന്ന് വളക്കാമായിരുന്നു..’ ദിയ.. ഫ്രണ്ടാണ്.. കൂടപ്പിറപ്പിനെ പോലെയാണ്.

നാലാം ക്ലാസ് മുതൽ കിട്ടിയ കൂട്ടാണ്. ചെറുപ്പത്തിൽ തട്ടമിടാത്ത ആ മുസ്ലിം പെണ്ണിനെ കാണുമ്പോ ഒരത്ഭുതമായിരുന്നു. മതത്തിന്റെ കാൽചുവട്ടിലൊളിച്ചിരുന്നാൽ പിന്നേ ജീവിതകാലം മുഴുവൻ സ്വന്തം സ്വപ്‌നങ്ങൾക്ക് മുകളിൽ ഒരു വേലി കെട്ടി ജീവിക്കേണ്ടി വരുമെന്ന് പറഞ്ഞു തന്നത് അവളാണ്. ഒരു പെണ്ണിന് സ്വപ്നം കാണുന്നതിന് സമൂഹം വച്ചിരിക്കുന്ന പരിധിയെ കടത്തിവെട്ടിയും സ്വപ്നം കാണാമെന്ന് പഠിപ്പിച്ചു തന്നതും ആ പെണ്ണ് തന്നെയാണ്. ‘പിന്നേ.. ആ ചെറുക്കൻ ഒരു ഒന്നൊന്നര പാട്ടുകാരനാ. ഗ്രൂപ്പിൽ സിമി ചേച്ചി നേരത്തെ അവനെക്കൊണ്ട് പാട്ട് പഠിപ്പിച്ചിരുന്നു.

എജ്ജാതി വോയിസാണ് എന്റെ മോളെ.. നീ ഗ്രൂപ്പിലൊന്ന് പോയി നോക്കിയേ..’ ദിയ അയച്ച മെസേജിലേക്ക് ഒന്നുകൂടി കണ്ണുകളാഴ്ന്നു. എവിടെ നിന്നോ കിട്ടിയ ഒരു വിശ്വാസത്തിന്റെ പേരിലാണ് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലേക്ക് കയറി നോക്കുന്നത്. പലരും ബർത്ത്ഡേ വിശ്ശ് ചെയ്ത മെസേജസ് കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നു ആ ഗ്രൂപ്പ്. ആദ്യമായി ആ ഗ്രൂപ്പിൽ മെമ്പർ ആകുന്നത് ഫേസ്ബുക്‌ വഴിയാണ്. പിന്നെയാണ് ആ ഗ്രൂപ്പ് വാട്ട്സാപ്പിലേക്കും എത്തിയത്. അവിടെ ഒരാളെ പോലും താൻ നേരിട്ട് കണ്ടിരുന്നില്ല. കോഴിക്കോട് ഭാഗത്ത് നിന്ന് താനും ദിയയും മാത്രമേ ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നുള്ളു. ഒരുപാട് പേരുടെ ജന്മദിന ആശംസകൾ അറിയിക്കുന്ന മെസേജസുകൾ കടന്നു ചെല്ലുമ്പോഴാണ് സിമി ചേച്ചിയുടെ മെസേജിലേക്ക് കണ്ണുടക്കിയത്.

‘അപ്പൊ ബർത്ത്ഡേയ് പ്രമാണിച്ച് പാട്ടുകാരന്റെ വക ഒരു പാട്ടാവാം..’ അതിനടിയിൽ ആരുടെയോ ഒരു വോയിസ്‌ ക്ലിപ്പും.. വേഗമത് തുറന്നു നോക്കി.. ‘കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ? മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ? അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ? നിനവുകളെഴുതിയതാരേ? അവളെ തരളിതയാക്കിയതാരേ?..’ ഹൃദയത്തിനുള്ളിൽ അറിയാതെയൊരു മഴ പെയ്തു. ആ മഴ ആ അപരിചിതന്റെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നൊരു അരുവിയായ് മാറി, പാട്ടിനൊത്തൊരു അനുപല്ലവിയായി മാറി..

പിന്നെയുമൊരുപാട് തവണ ആ പാട്ട് തന്നെ കേട്ടുകൊണ്ടിരുന്നു. തുടരെ തുടരെ കേട്ടിട്ടും നെഞ്ചിന്റെ ഏതോ ശിഖിരത്തിൽ കയറിക്കൂടിയ ആ വരികളെ പറിച്ചുമാറ്റാനാവാതെ പെണ്ണ് കുഴങ്ങിപ്പോയി. ആ വോയിസ് ക്ലിപ്പിന്റെ തൊട്ട് മുകളിലായി ‘ഹാപ്പി ബർത്ത്ഡേ ജീവൻ എന്നും അതിനുമുകളിലായി അവന്റെ ചിത്രവും ചേർത്ത് വച്ചിരുന്നത് കണ്ടു. പെട്ടന്ന് പെണ്ണിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. ധൃതിയോടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മെംബേർസ് ലിസ്റ്റ് എടുത്ത് അവനെ തേടി കണ്ടു പിടിച്ചു. ‘ജീവൻ കൃഷ്ണ’ വാട്സാപ്പിൽ കൊടുത്തിരുന്ന നെയിം മെല്ലെ ചുണ്ടുകൾ ഓതി. ഫേസ്ബുക്‌ തുറന്ന് ആ പേരു സെർച്ച്‌ ചെയ്തു.

നൂറു ജീവൻ കൃഷ്ണകൾക്കിടയിൽ നൂണ്ടുകയറിക്കൊണ്ട് അവന്റെ പ്രൊഫൈൽ കണ്ടുപിടിച്ചു. കണ്ടുകിട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ പെണ്ണ് മുഖം പൊത്തി. കുറേ നേരം പ്രൊഫൈലിൽ കണ്ട അവന്റെ ചിരിച്ചു നിൽക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു. “ജുവൽ.. നിനക്കൊരു കൊറിയറുണ്ട്.” താഴെത്തെ സ്റ്റെപ്പുകൾ പകുതി കയറിയിട്ട് മുകളിലോട്ട് നോക്കി അലീനേച്ചി വിളിച്ചു പറഞ്ഞപ്പോഴാണ് അവനു വേഗമൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് താഴേക്കിറങ്ങിച്ചെന്നത്. എല്ലാം ആരംഭിച്ചത് ആ ഒരു ഫ്രണ്ട് റിക്വസ്റ്റിൽ നിന്നായിരുന്നു..തുടരും..

Share this story