വിവാഹ മോചനം : ഭാഗം 16

വിവാഹ മോചനം :  ഭാഗം 16

എഴുത്തുകാരി: ശിവ എസ് നായർ

പതിയെ അവനെ ഉണർത്താതെ അത്രമേൽ സ്നേഹത്തോടെ അവന്റെ നെറ്റിയിൽ അപർണ്ണ ചുണ്ടുകൾ ചേർത്തു. അവിടെ നടതൊന്നുമറിയാതെ രാഹുൽ അപ്പോഴും മയക്കത്തിലായിരുന്നു. അവന്റെ മുഖത്തോട് മുഖം ചേർത്തു വച്ചവൾ സാവധാനം ഉറങ്ങി. അപർണ്ണയുടെ കണ്ണിൽ നിന്നുതിർന്നു വീഴുന്ന നീർതുള്ളികൾ അവന്റെ കവിളിനെ നനച്ചു കൊണ്ടിരുന്നു. ഉറക്കത്തിനിടയിലെപ്പോഴോ രാഹുലിന്റെ കരങ്ങൾ അവളെ ചുറ്റിപ്പിടിച്ചു. അവന്റെ നെഞ്ചിലെ ചൂട് പറ്റി അവൾ സുഖമായി ഉറങ്ങി. രാവിലെ ഉണർന്നു നോക്കുമ്പോൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അപർണ്ണയെ കണ്ട് രാഹുൽ അന്തംവിട്ടു.

തന്റെ കരങ്ങൾ അവളെ ചുറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അവൻ അന്ധാളിച്ചു പോയി. “ഹോ ഇവളാദ്യം ഉണരാതിരുന്നത് എന്റെ ഭാഗ്യം. ഉറക്കത്തിൽ ഞാൻ അറിയാതെ ചേർത്ത് പിടിച്ചു കിടത്തിയതാകാം. എന്തായാലും അപർണ്ണ ഒന്നും അറിയാത്തതു നന്നായി. അല്ലെങ്കിൽ എന്നെപ്പറ്റി എന്ത് വിചാരിച്ചേനെ.” സ്വയം പിറുപിറുത്തു കൊണ്ടവൻ അവളെ പതിയെ നെഞ്ചിൽ നിന്നടർത്തി മാറ്റി. അൽപ്പനേരം അവളുടെ ശിരസ്സിൽ തലോടിയിരുന്ന ശേഷം രാഹുൽ കുളിക്കാനായി എഴുന്നേറ്റു പോയി. അപർണ്ണ എല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞതായി അവൾ ഭാവിച്ചില്ല.

അമ്പലകുളത്തിലെ കുളിയും ക്ഷേത്ര ദർശനവും കഴിഞ്ഞു രാഹുൽ തിരികെയെത്തുമ്പോൾ അപർണ്ണ കുളിച്ചൊരുങ്ങി അവന്റെ വരവും കാത്തിരിക്കുകയായിരുന്നു. “പതിവില്ലാതെ ഇതെന്താ രാവിലെ തന്നെ ഒരുങ്ങിയിരിക്കുന്നത്. എവിടെ പോവാനാ..?” നേർത്ത പുഞ്ചിരിയോടെ അവൻ ചോദിച്ചു. “രാഹുലേട്ടൻ ഓഫീസിൽ പോകുന്ന വഴിക്ക് എന്നെയൊന്ന് വീട്ടിലിറക്കി തരുമോ?” “തനിക്ക് കാറുണ്ടല്ലോ… അതിൽ പോയാൽപോരെ.??” അവൻ ചോദ്യഭാവത്തിൽ അവളെയൊന്ന് നോക്കി. “അതിന്റെ ബാക്കിലെ ടയർ പഞ്ചറായോണ്ടാ ഞാൻ ഏട്ടനോട് സഹായം ചോദിച്ചത്. പറ്റില്ലെങ്കിൽ പറഞ്ഞോ ഞാൻ ടാക്സി പിടിച്ചു പൊയ്ക്കോളാം.” അപർണ്ണയുടെ പരിഭവത്തോടെയുള്ള സംസാരം കേട്ടപ്പോൾ അവന് ഉള്ളിൽ ചിരിപൊട്ടി.

“വേണോന്നില്ല…. ഞാൻ കൊണ്ടാക്കാം.. ഞാനൊന്ന് ഡ്രസ്സ്‌ മാറ്റിയിട്ടു വരാം.” “എങ്കിൽ ഞാൻ താഴെ ഹാളിൽ വെയിറ്റ് ചെയ്യാം…” അവനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പുറത്തേക്ക് പോയി. “ചില സമയത്ത് അവളെ മനസിലാക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ ഈശ്വരാ… ഏതായാലും ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ വച്ചു ചോദിച്ചതൊന്നും അവൾ മനസ്സിൽ വച്ചിട്ടില്ലാത്തത് ആശ്വാസം.” രാഹുൽ തന്നോട് തന്നെ സ്വയം പറഞ്ഞു. അവൾക്ക് അവനോടു ദേഷ്യമൊന്നുമില്ലെന്ന് അപർണ്ണയുടെ സംസാരത്തിൽ നിന്നും രാഹുലിന് മനസിലായി. അവനതൊരുപാട് ആശ്വാസം നൽകി. ഡ്രസ്സ് മാറി രാഹുൽ താഴേക്ക് ചെല്ലുമ്പോൾ അപർണ്ണ അവനായി പ്രാതൽ എടുത്തു മേശപ്പുറത്തു വച്ചിരുന്നു.

കൈ കഴുകിയിട്ടവൻ കസേരയിൽ വന്നിരുന്നു. രണ്ട് ഇഡ്ഡലി എടുത്തു പ്ളേറ്റിൽ വച്ച ശേഷം സാമ്പാറും കൂട്ടി അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. “അപ്പൂ അച്ഛനും അമ്മയും ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ. ഇന്നെന്തേ ഭക്ഷണം കഴിക്കാൻ രണ്ടാളെയും കണ്ടില്ല.” കിച്ചണിലേക്ക് എത്തിനോക്കി കൊണ്ടാണവൻ അത് ചോദിച്ചത്. “അച്ഛനും അമ്മയും പറമ്പിലേക്ക് ഇറങ്ങി. പറമ്പില് പണിക്കാരൊക്കെ വന്നിട്ടുണ്ട്. അവര് പിന്നീട് ഒരുമിച്ചിരുന്നോളും. രാഹുലേട്ടൻ കഴിക്ക്.” “അല്ല താൻ കഴിച്ചോ??” “ഇല്ല… ഞാൻ വീട്ടിൽ പോയി കഴിക്കാം. അവിടെ പോയാല് അമ്മ കഴിക്കാതെ വിടില്ല.” “ഇങ്ങോട്ടിരിക്ക് താനും കഴിച്ചോ.

വീട്ടിൽ പോയി കഴിക്കാൻ നിന്നാ ലേറ്റ് ആകും.” രാഹുലിന്റെ നിർബന്ധത്തിനു വഴങ്ങി അവന്റെ അരികിലായി അവളും ഇരുന്നു. രാഹുൽ തന്നെ അവൾക്കായി പ്ളേറ്റിലേക്ക് ഇഡലിയും സാമ്പാറും വിളമ്പി കൊടുത്തു. അവനോടൊപ്പമിരുന്നു അവളും കഴിക്കാൻ തുടങ്ങി. അപ്പോഴാണ് രാഹുലിന്റെ ഫോണിലേക്ക് മഹിയുടെ കാൾ വന്നത്. “ഹലോ മഹി…” “എടാ ഞാൻ കോടതിയിൽ സമർപ്പിക്കാനുള്ള ജോയിന്റ് പെറ്റീഷൻ തയ്യാറാക്കിയിട്ടുണ്ട്. നിനക്കിപ്പോ അപർണ്ണയെയും കൂട്ടി വന്നു സൈൻ ചെയ്യാൻ പറ്റുമോ. ഞാൻ വീട്ടിലുണ്ട്. ഇത് പറയാനാ ഞാൻ ഇത്ര രാവിലെ തന്നെ വിളിച്ചത്.”

രാഹുലിന്റെ മുഖത്തെ നടുക്കത്തിൽ നിന്നും അപർണ്ണ കാര്യം ഊഹിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞു വിഷാദം പരക്കുന്നത് രാഹുൽ ശ്രദ്ധിച്ചു. “ഞാൻ അപർണ്ണയോടൊന്ന് ചോദിക്കട്ടെ..” “വേഗം ചോദിക്ക്…” മഹി തിടുക്കം കൂട്ടി. രാഹുൽ കാൾ മ്യൂട്ടിൽ ആക്കിയ ശേഷം അപർണ്ണയുടെ മുഖത്തേക്ക് നോക്കി. “അപ്പു മഹിയാ വിളിച്ചത്. ഇപ്പൊ പോയി സൈൻ ചെയ്യാൻ പറ്റുമോന്ന് ചോദിച്ചു. ഞാൻ എന്ത് പറയണം.” അവൻ മടിച്ചു മടിച്ചു അവളോട്‌ കാര്യം പറഞ്ഞു. “ഇതിലെന്താ രാഹുലേട്ടാ ഇത്ര ആലോചിക്കാൻ… നമ്മൾ എല്ലാം നേരത്തെ തീരുമാനിച്ചതല്ലേ. ഇന്ന് തന്നെ നമുക്ക് പോയി സൈൻ ചെയ്തേക്കാം. അതുവഴി എന്നെ വീട്ടിലാക്കിയ ശേഷം ഏട്ടൻ ഓഫീസിലേക്ക് പൊയ്ക്കോ.”

സമ്മതമെന്നോണം രാഹുൽ തലയനക്കി. അവനെ ഒന്ന് നോക്കിയ ശേഷം കഴിക്കുന്നത് മതിയാക്കി അവൾ എഴുന്നേറ്റു കൈകഴുകാനായി പോയി. രാഹുൽ മ്യൂട്ട് മാറ്റിയ ശേഷം ഫോൺ ചെവിയോട് ചേർത്തു. “എടാ ഞങ്ങൾ വരുവാ… ” “അവൾക്കെന്തെങ്കിലും മനംമാറ്റം ഉണ്ടോ??” ആകാംക്ഷയോടെ മഹി ആരാഞ്ഞു. “ഇല്ലെടാ…” രാഹുലിന്റെ സ്വരം നേർത്തു. “നിനക്ക് നല്ല വിഷമമുണ്ടെന്ന് നിന്റെ ശബ്ദം കേൾക്കുമ്പോൾ അറിയാം..” “പിന്നെ വിഷമം ഇല്ലാതിരിക്കോ??” “ഏതായാലും അവളെയും കൂട്ടി വന്നു നീ സൈൻ ചെയ്തിട്ട് പൊയ്ക്കോ. ബാക്കി ഞാൻ നോക്കിക്കോളാം.” മഹി കാൾ കട്ട് ചെയ്തു. രാഹുലും ഫുഡ് കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റ് കൈകഴുകി. ***

“ഇവിടെയൊക്കെയാണ് സൈൻ ചെയ്യേണ്ടത്…” മഹി പെറ്റീഷനിൽ സൈൻ ചെയ്യേണ്ട ഭാഗങ്ങൾ അവർക്ക് കാണിച്ചു കൊടുത്തു. “ആദ്യം ആരാ സൈൻ ചെയ്യുന്നത്??” രാഹുലിനെയും അപർണ്ണയെയും മാറി മാറി നോക്കികൊണ്ട് മഹി ചോദിച്ചു. രാഹുൽ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അപർണ്ണ പറഞ്ഞു. “ഞാൻ തന്നെ ആദ്യം സൈൻ ചെയ്തോളാം. പേന തരൂ…” അപർണ്ണ പേനയ്ക്കായി കൈനീട്ടി. മഹി പേന എടുത്തു കൊടുത്തു. ഉള്ളിൽ തേങ്ങികൊണ്ടാണെങ്കിലും മഹി കാണിച്ചു കൊടുത്തു പേപ്പഴ്സിൽ എല്ലാം വിറകൈകളോടെ അപർണ്ണ സൈൻ ചെയ്തു.

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടവനെ പോലെ രാഹുൽ അവളെ തന്നെ നോക്കിയിരുന്നു. അടുത്ത ഊഴം രാഹുലിന്റെതായിരുന്നു. അപർണ്ണയുടെ കയ്യിൽ നിന്നും പേന വാങ്ങി അവൻ ഒപ്പിടാനായി കുനിഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു ഒരു തുള്ളി കണ്ണുനീർ താഴേക്കിറ്റു വീണു. അതുകണ്ടതും അവളുടെ ഉള്ളം തേങ്ങി. എല്ലാം കഴിഞ്ഞ് മഹിയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുവരുടെയും മനസ്സ് ശൂന്യമായിരുന്നു. ***

വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു രാഹുലും അപർണ്ണയും. ഡ്രൈവിംഗിനിടയിലും അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഇനി ആ വീടിന്റെ പടി ചവിട്ടില്ല എന്ന് പറഞ്ഞു അന്ന് എന്റൊപ്പം പോന്നതല്ലേ താൻ. ഇപ്പൊ പെട്ടന്ന് എന്താ വീട്ടിൽ പോകാൻ തോന്നിയെ??” രാഹുലിന്റെ ചോദ്യം കേട്ടതും അവളുടെ മുഖം വിളറി. “ഏട്ടനെ കണ്ടു മാപ്പ് പറയാൻ പോകുന്നതാ… ഉള്ളിൽ തെറ്റ് ചെയ്തൂന്ന് ഒരു തോന്നൽ… മനസ്സിനൊരു സമാധാനം കിട്ടുന്നില്ല….” “അതേതായാലും നന്നായി… അനൂപേട്ടൻ ആണ് ശ്രീജിത്തിനെ കൊല്ലാൻ ശ്രമിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അനൂപേട്ടനെ കൊണ്ട് അതിനൊക്കെ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.” “ശ്രീയേട്ടന്റെ പേരും പറഞ്ഞു ഞാൻ അനൂപേട്ടനെ ഒരുപാട് വേദനിപ്പിച്ചു. അന്ന് പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞു. എല്ലാത്തിനും ആ കാലിൽ വീണ് മാപ്പ് പറയണം.” “വീട്ടിൽ പോയിട്ട് അപർണ്ണ എന്നാ വരുക??” “നിൽക്കാനായി പോണതല്ല ഞാൻ… വൈകുന്നേരം ഏട്ടൻ ഓഫീസിൽ നിന്ന് മടങ്ങി വരുമ്പോൾ എന്നെ കൂട്ടാൻ വരില്ലേ??.” “ആണോ എങ്കിൽ കൂട്ടാൻ ഞാൻ വരാം. ഞാൻ കരുതി താനവിടെ കുറച്ചു ദിവസം നിന്നിട്ടാകും വരുകാന്ന്…” “നമ്മൾ പിരിയായിനി കുറച്ചു നാളുകൾ കൂടിയല്ലേ ഉള്ളു. അതുവരെ ഞാൻ രാഹുലേട്ടന്റെ വീട്ടിൽ ഉണ്ടാകും.” അവളുടെ സ്വരം ദുർബ്ബലമായി.

“ഹ്മ്മ്മ്…” അവൻ ദീർഘമായൊന്ന് മൂളി. “അന്ന് ഒരാളെ കണ്ടു പിടിച്ചു മുന്നിൽ കൊണ്ട് നിർത്താമെന്ന് എനിക്ക് വാക്ക് തന്നതല്ലേ… അന്വേഷണം എവിടം വരെയായി. അതോ അക്കാര്യം മറന്നു പോയോ??” തെല്ലൊരു കുസൃതിയോടെ അവൾ ചോദിച്ചു. “അങ്ങനെ മറക്കാൻ പറ്റുന്ന കാര്യമല്ലല്ലോ… ആളെ ഞാൻ കണ്ടെത്തി മുന്നിൽ കൊണ്ട് നിർത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതുപോലെ ചെയ്തിരിക്കും…” രാഹുലിന്റെ കണ്ണുകൾ കുറുകി. അപ്പോഴേക്കും അവർ അപർണ്ണയുടെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. പൂമുഖത്തെ ചാരുകസേരയിൽ കിടന്നു പത്രം വായിക്കുകയായിരുന്ന അരവിന്ദൻ മാഷ് അപ്രതീക്ഷിതമായിട്ടുള്ള അപർണ്ണയുടെയും രാഹുലിന്റെയും വരവ് കണ്ട് അമ്പരന്നു.

“ഇതെന്താ മക്കളെ നിങ്ങൾ ഒരു മുന്നറിയിപ്പുമില്ലാണ്ട് വന്നേ. ഒന്ന് വിളിച്ചു പറയായിരുന്നില്ലേ..” പരിഭവത്തോടെ മാഷ് അവരെ നോക്കി പറഞ്ഞു. “ഞാൻ തന്നെ രാവിലെയാണ് അച്ഛാ വിവരം അറിയുന്നത്. അപ്പു രാവിലെ എണീറ്റ് കുളിച്ചു റെഡി ആയിട്ട് വീട്ടിൽ പോണോന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി. ഇനിയീ വീടിന്റെ പടി ചവിട്ടില്ല എന്നുപറഞ്ഞു ഇറങ്ങിയതല്ലായിരുന്നോ.” ചിരിയോടെ അവനത് പറഞ്ഞപ്പോൾ മാഷിന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു. “അച്ഛന് സുഖല്ലേ… ” അപർണ്ണ ഓടിവന്ന് അച്ഛനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു. “എനിക്കിവിടെ സുഖമാ…

നീ ഇങ്ങോട്ടൊന്നു വരാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു. ഇപ്പൊ അതങ്ങ് മാറി. രണ്ടാളെയും ഒരുമിച്ചു കണ്ടതിൽ അച്ഛനൊരുപാട് സന്തോഷായി മോളെ…” “അച്ഛനെ വിഷമിപ്പിച്ചതിനു മാപ്പ്… എന്നോട് ക്ഷമിക്കില്ലേ അച്ഛൻ…” നിറകണ്ണുകളോടെ അവൾ അച്ഛനെ നോക്കി. “സാരല്ല്യ എന്റെ മോൾ ഇനി അതൊന്നും ഓർത്തു വിഷമിക്കണ്ട… അച്ഛന്റെ സങ്കടം ഒക്കെ മാറി.” “അമ്മയും ഏട്ടനും ഏട്ടത്തിയുമൊക്കെ എവിടെ… ഞങ്ങൾ വന്നത് അറിഞ്ഞില്ലേ…” അപർണ്ണ അകത്തേക്ക് എത്തി നോക്കി കൊണ്ട് ചോദിച്ചു. “അനൂപ് കുളിക്ക്യാ… ലേഖയും ലക്ഷ്മിയും അടുക്കളയിലാ… നിങ്ങളിങ്ങനെ വന്ന കാലിൽ നിൽക്കാതെ അകത്തോട്ടിരിക്ക്…” മാഷ് രാഹുലിനെ നോക്കി പറഞ്ഞു. “അച്ഛാ എനിക്ക് ഓഫീസിൽ പോണം…

വൈകുന്നേരം ഇറങ്ങാം ഞാൻ… . അപ്പൂന്റെ കാറിനെന്തോ തകരാറായത് കൊണ്ട് ഇവളെ ഇവിടെ ആക്കിയിട്ടു പോകാൻ വന്നതാ.” “ഇവിടെ വരെ വന്നിട്ട് അങ്ങനെ പോകുന്നത് ശരിയാണോ മോനെ.. അകത്തോട്ടു കേറിയിരിക്ക്…” മാഷ് നിർബന്ധിച്ചു. “ഇന്നൊരു ദിവസത്തേക്ക് ലീവ് ആക്ക് രാഹുലേട്ടാ… അച്ഛനിത്രയും പറഞ്ഞതല്ലേ..” പ്രതീക്ഷയോടെ അപർണ്ണ അവനെ നോക്കി. “അങ്ങനെയെങ്കിൽ അങ്ങനെ ആവട്ടെ…” അതുകേട്ടപ്പോൾ അരവിന്ദൻ മാഷിനും അപർണ്ണയ്ക്കും ഒരുപാട് സന്തോഷമായി. “അല്ലാ ഇതാരൊക്കെയാ വന്നിരിക്കുന്നത്…” അത് ചോദിച്ചത് ലേഖേട്ടത്തിയായിരുന്നു.

കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും വന്നതായിരുന്നു ലക്ഷ്മിയമ്മയും ലേഖയും. “എന്നാലും മോളെ വരുന്ന കാര്യം ഇങ്ങോട്ടൊന്നു വിളിച്ചു പറയായിരുന്നില്ലേ..” ലക്ഷ്മിയമ്മ പരിഭവിച്ചു. “അത് തന്നെയാ ലക്ഷ്മി ഞാനും പറഞ്ഞത്… നീ ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്.. വിശേഷം ചോദിക്കലൊക്കെ പിന്നെ ആവാം.” മാഷ് തിടുക്കപ്പെട്ടു. എല്ലാവരും ഹാളിലേക്ക് പോയി. ലക്ഷ്മിയമ്മ അവർക്ക് കുടിക്കാനായി ജ്യൂസ്‌ കൊണ്ട് കൊടുത്തു. അരവിന്ദൻ മാഷ് രാഹുലിനോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അമ്മയും ഏട്ടത്തിയും അപ്പുവിനോട് ഓരോന്നു ചോദിക്കുന്നുണ്ടെങ്കിലും അവളുടെ നോട്ടം അനൂപിന്റെ മുറിയുടെ നേർക്കായിരുന്നു. അവൾ എഴുന്നേറ്റ് അവന്റെ മുറിയിലേക്ക് ചെന്നു.

ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കാമായിരുന്നു. അവന്റെ കുളി കഴിഞ്ഞിട്ടില്ലെന്ന് അവൾക്ക് മനസിലായി. അപർണ്ണ ചെന്ന് കട്ടിലിൽ ഇരുന്നു. ബെഡിൽ കിടന്ന മാസിക എടുത്തു മറിച്ചു നോക്കികൊണ്ടിരിക്കുമ്പോഴാണ് ബാത്‌റൂമിന്റെ ഡോർ തുറന്നു അനൂപ് പുറത്തിറങ്ങിയത്. ഒട്ടും പ്രതീക്ഷിക്കാതെ അപ്പുവിനെ മുറിയിൽ കണ്ടതും അനൂപിന്റെ മിഴികൾ വിടർന്നു. “മോളെ…” അലിവോടെ അവൻ വിളിച്ചു. അപർണ്ണ മിഴികളുയർത്തി ഏട്ടനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീർ വന്നു മൂടി കാഴ്ച മറഞ്ഞു. തേങ്ങലോടെ ഓടിച്ചെന്നവൾ അവനെ ചുട്ടിപ്പിടിച്ചു. “എന്നോട് ക്ഷമിക്കില്ലേ ഏട്ടാ… ഞാൻ… ഞാൻ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്…

വേദനിപ്പിച്ചിട്ടുണ്ട്…. എല്ലാത്തിനും മാപ്പ് ഏട്ടാ…” അവന്റെ നെഞ്ചിലൂടെ ഊർന്നു മുട്ടുകുത്തി അവന്റെ കാൽക്കലേക്ക് വീണ് അപർണ്ണ ഏങ്ങി കരഞ്ഞു. ” കുറ്റബോധത്താൽ അവളുടെ ഉള്ളം നീറിപുകഞ്ഞു. അനൂപിന്റെ നെഞ്ചോന്ന് പിടഞ്ഞു. അവളുടെ തോളിൽ പിടിച്ചവൻ എഴുന്നേൽപ്പിച്ചു. “നിന്നോട് എനിക്കൊരു ദേഷ്യവുമില്ല… നീ.. നീ… എന്റെ കുഞ്ഞു പെങ്ങളല്ലേ…. ഏട്ടനെ മനസിലാക്കി നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു…” അനൂപിന്റെ ഒച്ച ഇടറി. “എടുത്തു ചാട്ടം കൊണ്ട് എനിക്കൊരുപാട് തെറ്റുപറ്റി ഏട്ടാ… ഞാൻ മനസിലാക്കി വച്ചതൊക്കെ തെറ്റായിരുന്നു. എല്ലാരേം വിഷമിപ്പിക്കാനേ എനിക്കറിയൂ….”

ഉള്ളിലെ സങ്കടം അവൾക്ക് അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. ഏട്ടന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് അപർണ്ണ മതിവരുവോളം കരഞ്ഞു. “അന്ന് ശരിക്കും സംഭവിച്ചതെന്താണെന്ന് ഞാൻ പറയാം… നീ ലേഖയോടും അമ്മയോടും ശ്രീജിത്ത്‌ മണ്ഡപത്തിലേക്ക് വരുമെന്നും അവൻ നിന്നെ താലികെട്ടുമെന്നുമൊക്കെ പറഞ്ഞപ്പോൾ ലേഖ വന്ന് അതെന്നോടു പറഞ്ഞു. അച്ഛന്റെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ. നിങ്ങളുടെ പ്ലാനിങ് പോലെ സംഭവിക്കാതിരിക്കാനായി ഞാൻ മണ്ഡപത്തിന് ചുറ്റും ആളെ നിർത്തിയിരുന്നു. അവൻ വന്നാൽ തടഞ്ഞു വയ്ക്കാൻ വേണ്ടി. അല്ലാതെ ശ്രീജിത്തിനെ കൊല്ലാനൊന്നും ഞാൻ മനസ്സിൽ പോലും ചിന്തിരുന്നില്ല… അന്ന് നിന്നോട് ഇതൊക്കെ പറഞ്ഞാലും നീ വിശ്വസിക്കില്ലായിരുന്നു.

അതുകൊണ്ടാ പറയാതിരുന്നത്…” “ആ ആക്‌സിഡന്റ് ഒരുപക്ഷേ യാദൃചികമായി സംഭവിച്ചതാകാം. ശ്രീയേട്ടൻ ഏട്ടനായിരിക്കും അത് ചെയ്തതെന്ന് തെറ്റിദ്ധരിച്ചകാനാണ് സാധ്യത. അതൊക്കെ ഒന്ന് മനസിലാക്കാൻ ഇത്രയും നാൾ വേണ്ടി വന്നു.” “ഇനിയതൊന്നും ഓർക്കണ്ട കേട്ടോ…” വാത്സല്യത്തോടെ അനൂപ് അവളുടെ മുടിയിഴകളിലൂടെ തലോടി. അവിടുത്തെ കാഴ്ച കണ്ട് മുറിക്ക് പുറത്ത് മനസ്സ് നിറഞ്ഞു നിൽക്കുകയായിരുന്നു അരവിന്ദൻ മാഷും ലക്ഷ്മിയമ്മയും ഏട്ടത്തിയും രാഹുലും. ***

വൈകുന്നേരം എല്ലാവരോടും യാത്ര പറഞ്ഞ് രാഹുലും അപർണ്ണയും ഇറങ്ങി. അരവിന്ദൻ മാഷും അമ്മയും ഏട്ടനും ഏട്ടത്തിയുമൊക്കെ അന്നവിടെ തങ്ങാൻ അവരെ ഒരുപാട് നിർബന്ധിച്ചുവെങ്കിലും പിന്നെയൊരിക്കൽ വരാമെന്നു പറഞ്ഞ് അപർണ്ണ അവരെ സമാധാനിപ്പിച്ചു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ തന്നെ ബീച്ചിലേക്കൊന്ന് കൊണ്ട് പോകാൻ അവൾ അവനോട് ആവശ്യപ്പെട്ടു. രാഹുൽ കാർ നേരെ ബീച്ച്ലേക്ക് വിട്ടു. തിരമാലകളെ നോക്കി കടൽക്കാറ്റേറ്റ് ഇരുവരും പൂഴി മണലിൽ ഇരുന്നു. കടലിലേക്ക് കണ്ണു നട്ടിരിക്കുന്ന അവനെ അവൾ പ്രണയപൂർവ്വം നോക്കി. “രാഹുലേട്ടാ…” പ്രണയത്തോടെ അവൾ വിളിച്ചു. രാഹുൽ തല ചരിച്ചു അവളെ നോക്കി. “എന്താടോ??”

“ഞാനീ തോളിലൊന്ന് കിടന്നോട്ടെ…” മടിച്ചു മടിച്ചവൾ ചോദിച്ചു. ഒന്നും മിണ്ടാതെ അവൻ അവളെ ഇടം കയ്യാൽ തന്റെ തോളിലേക്ക് ചായ്ച്ചു. “എടോ ഈ ഡിവോഴ്സ് വേണോ?? താനത് ആഗ്രഹിക്കുന്നില്ല എന്നെന്റെ മനസ്സ് പറയുന്നു. തന്നോട് ഞാൻ ഡിവോഴ്സ് ആവശ്യപ്പെട്ടിട്ടില്ലല്ലോ.. പിന്നെ എന്തിനാ അപ്പു നീ ഡിവോഴ്സിനായി വാശി പിടിക്കുന്നത്. യഥാർത്ഥ കാരണം എനിക്കറിയണം…” അപ്പു മുഖമുയർത്തി അവനെ നോക്കി. അപർണ്ണ എന്തോ പറയാനായി തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്നും പരിചിതമായൊരു സ്വരം കേട്ടത്. “അപ്പൂ…” അപർണ്ണയും രാഹുലും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവരുടെ അടുത്തേക്ക് വരുന്ന ശ്രീജിത്തിനെയാണ്. അവനെ കണ്ടതും രാഹുൽ ദേഷ്യത്താൽ മുഷ്ടി ചുരുട്ടി.

ഉള്ളിൽ ചെറിയ ഭയത്തോടെയാണ് ശ്രീജിത്ത്‌ അവരുടെ അടുത്തേക്ക് വന്നത്. അപർണ്ണ കൂടെ ഉള്ളത് കൊണ്ട് രാഹുൽ ഒന്നും ചെയ്യില്ല എന്നവന് ഉറപ്പായിരുന്നു. “നിനക്കെന്താ ഇവിടെ കാര്യം…” രാഹുൽ അൽപ്പം കടുപ്പത്തിൽ ചോദിച്ചു. “എനിക്ക് അപർണ്ണയോടൊന്ന് സംസാരിക്കണം..” ശ്രീജിത്ത്‌ വിനീതനായി. “എനിക്ക് ശ്രീയേട്ടനോട് സംസാരിക്കാൻ താല്പര്യമില്ല എന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ.. പിന്നെ എന്തിനാ എന്നെയിങ്ങനെ ശല്യപ്പെടുത്തുന്നത്…” ശ്രീജിത്തിന്റെ സാമിപ്യത്തിൽ അപർണ്ണയ്‌ക്ക് അസഹിഷ്ണുത തോന്നി. “കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് തന്നെയാ ഞാൻ വന്നിരിക്കുന്നത്. നീയും രാഹുലും പിരിയാനിരിക്കുന്നവരല്ലേ. ഇന്ന് നിങ്ങൾ മ്യൂച്ചൽ ഡിവോഴ്സ് പെട്ടീഷനിൽ ഒപ്പിട്ട് നൽകിയത് ഞാനറിഞ്ഞു.

നീ എടുത്തത് ഉചിതമായ തീരുമാനമാണ്. നിന്നെ ഇപ്പോഴും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. നിനക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമായോണ്ടല്ലേ രാഹുലിനെ ഡിവോഴ്സ് ചെയ്യാൻ നീ തീരുമാനിച്ചത്…” അപർണ്ണ മറുപടി ഒന്നും പറയാതെ മിണ്ടാതെ നിന്നു. എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. “അപ്പു ഇങ്ങനെ മിണ്ടാതെ നിൽക്കാതെ എന്തെങ്കിലും പറയ്യ്…” ശ്രീജിത്ത്‌ അവളെ നിർബന്ധിപ്പിച്ചു. “എന്നെ ശല്യം ചെയ്യാതെ ഒന്ന് പോയി തരോ..” “കേട്ടല്ലോ അവള് പറഞ്ഞത്… ഇനിയൊരു നിമിഷം പോലും നിന്നെയിവിടെ കണ്ടു പോകരുത്.” രാഹുൽ പറഞ്ഞു. “കേട്ടില്ലേ അപ്പു ഇവൻ പറഞ്ഞത്. നീ കാരണം എല്ലായിടത്തും ഞാൻ അപമാനിക്കപ്പെടുകയാണ്.

ഇന്നലെ രാഹുലിനെ കാണാൻ ഓഫീസിൽ ചെന്ന എന്നെ ഇവൻ അടിച്ചിറക്കി വിട്ടു. നിന്നെ വിവാഹം ചെയ്യാൻ വന്ന എന്നെ ആക്‌സിഡന്റിൽ പെടുത്തി കൊല്ലാൻ ശ്രമിച്ചു നിന്റെ ഏട്ടൻ. നിങ്ങൾ തമ്മിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഇടയിൽ വരുമായിരുന്നില്ല. ഇവിടെ അങ്ങനെ അല്ലല്ലോ കാര്യങ്ങൾ… അപ്പു നിന്നെ എനിക്ക് വേണം… പ്ലീസ്…” സങ്കടം ഭാവിച്ചു കൊണ്ട് ശ്രീജിത്ത്‌ അവൾക്ക് മുന്നിൽ മുട്ടുകുത്തി യാചിച്ചു. ഞെട്ടലോടെ അപർണ്ണ പിന്നിലേക്ക് ഒരു ചുവടു വച്ചു. “അപ്പു ഇനിയും നീയിവന്റെ ചതിയിൽ വീഴരുത്. ഇവനൊരു ചതിയാനാണ് അപ്പു. അന്ന് കോളേജിൽ വച്ച് നിന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചത് ഇവനാണ്. ” അവളിൽ നിന്നും മറച്ചു വച്ച ആ സത്യം രാഹുൽ പറഞ്ഞു.

അതാണ് പറ്റിയ സമയമെന്നവന് തോന്നി. തലയ്ക്കടിയേറ്റത് പോലെ അപർണ്ണ തരിച്ചു നിന്നു. നടുക്കത്തോടെ അവൾ ശ്രീജിത്തിനെ നോക്കി. ശ്രീജിത്തും ഷോക്കേറ്റത് പോലെ നിൽക്കുകയാണ്. “അപ്പു ഇവൻ പറയുന്നത് നീ വിശ്വസിക്കരുത്. മനഃപൂർവം എന്നെ കുടുക്കാൻ ഇവൻ കെട്ടിച്ചമച്ചതാണ് ഇത്. ഞാൻ അല്ല…” ശ്രീജിത്ത്‌ നിഷേധിച്ചു. “വ്യക്തമായ തെളിവുകളോടെ തന്നെയാ നീയാണ് അതെന്ന് ഞാൻ കണ്ടെത്തിയത്. നിന്റെ കഴുത്തിനു പിന്നിലെ മറുക് നോക്കിയാൽ സത്യം അറിയാലോ..” രാഹുൽ പറഞ്ഞത് കേട്ട് ശ്രീജിത്ത്‌ പുച്ഛത്തോടെ ചിരിച്ചു. “നോക്ക് അപ്പു…. എന്റെ കഴുത്തിൽ അങ്ങനെയൊരു മറുകുണ്ടോ എന്ന് നോക്ക് നീ.. അപ്പോൾ മനസിലാകും നിനക്ക് ആരാണ് യഥാർത്ഥ ചതിയനെന്ന്.” അപർണ്ണ ശില പോലെ നിൽക്കുകയായിരുന്നു. ശ്രീജിത്ത്‌ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു. അവൾക്ക് മുന്നിൽ അവൻ പുറം തിരിഞ്ഞു നിന്നു. ആദ്യം രാഹുലാണ് അവന്റെ പിൻകഴുത്തിലേക്ക് നോക്കിയത്.

തുടരും… (നെഗറ്റീവ് ആയെങ്കിലും കടുത്ത തലവേദനയും നല്ല ക്ഷീണവും ഉണ്ടായിരുന്നു. അതുകൊണ്ട് ഫോണിൽ നോക്കിയുള്ള എഴുത്ത് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. നാലു ദിവസം എടുത്താണ് ഈ ഭാഗം എഴുതിയത്. ഒത്തിരി ബുദ്ധിമുട്ടി. നിങ്ങളെ കാത്തിരിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു.)

വിവാഹ മോചനം : ഭാഗം 15

Share this story