അദിതി : ഭാഗം 29

അദിതി : ഭാഗം 29

എഴുത്തുകാരി: അപർണ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നവയൊക്കെ ഓർത്തു ആറിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരരുന്നു ഞാൻ. …ആശുപത്രി വാസം കഴിഞ്ഞു വല്യമ്മച്ചിയുടെ നിർബന്ധം കാരണമാണ് തറവാട്ടിലേക്ക് എന്നെ കൊണ്ട് വന്നത്, അപ്പാക്കും അമ്മയ്ക്കും ഒന്നും അത് ഇഷ്ടമല്ലായിരുന്നു എങ്കിലും വല്യമ്മച്ചിയുടെ കണ്ണീരിനു മുന്നിൽ അവർക്കും സമ്മതിക്കേണ്ടി വന്നു. കുറെ വർഷങ്ങൾക്ക് ശേഷം വന്നത് കൊണ്ടാകും വിട്ടുപോകാൻ എന്നെ തേടിയെത്തിയ അസുഖത്തിനു വല്ലാത്ത മടിആയിരുന്നു. തോൽക്കാൻ മനസ്സില്ലാതെ ഞാനും തോൽപ്പിച്ചേ അടങ്ങു എന്ന വാശിയിൽ അതും നല്ലൊരു യുദ്ധമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്നത്. ഒടുവിൽ ഞാൻ തന്നെ ജയിച്ചു. അതേ എനിക്ക്ജയിക്കണമായിരുന്നു

എന്നെ സ്നേഹിച്ചു ചുറ്റും ഉണ്ടായിരുന്നവർക്കു വേണ്ടി…. അപ്പാ….അമ്മ….വല്യമ്മച്ചി….മറ്റെല്ലാവർക്കുമൊടുവിൽ എനിക്ക് വേണ്ടി കൂടി. തിരികെ തറവാട്ടിൽ വന്നു കയറുമ്പോൾ പഴയ കുസൃതിക്കാരിയായ കുഞ്ഞോൾ തന്നെ ആയിരിക്കണം എന്നെനിക്കു നിർബന്ധം ഉണ്ടായിരുന്നു. അർഥമില്ലാത്തതെന്തൊക്കെയോ വിളിച്ചു പറഞ്ഞു കാറിൽ ഇരുന്നു. അപ്പയെയും അമ്മയെയും ഒക്കെ ചിരിപ്പിക്കാൻ ഞാൻ ഒരുപാടു ശ്രമിച്ചു. എനിക്ക് വേണ്ടി മാത്രം ചിരിച്ച അവരുടെ കണ്ണുകൾ നിറഞ്ഞോഴോഴുകിയപ്പോൾ മനസ്സിൽ ആരോ കത്തി കൊണ്ട് വരയുന്നതു പോലെ തോന്നി. പെട്ടെന്ന് സൈലന്റ് ആയത് മനസിലാക്കിയ ബിനോ എന്തൊക്കെയോ പറഞ്ഞു എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അപ്പയും ഒപ്പം കൂടി.

ഹൃദയത്തെ ചൂഴ്ന്നു നിന്നിരുന്ന വേദനയുടെ കനലുകൾ ചാർത്തിയ പുതപ്പിനെ പറിച്ചെറിഞ്ഞു ഞാൻ സന്തോഷത്തിൽ ഇരിക്കാൻ ശ്രമിച്ചു. കണ്ണടയ്ക്കുമ്പോൾ എല്ലാം മനസ്സിൽ തെളിയുന്ന ജോച്ചായന്റെ മുഖം. അതിപ്പോഴും അവിടെ തന്നെ നിറഞ്ഞു നിൽക്കുകയാണ്. ചുറ്റും കൂടിയവരെല്ലാം ശാപവാക്കുകൾ ചൊരിഞ്ഞിട്ടും ഈ നിമിഷം വരെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. വല്ലാത്തൊരു വിങ്ങലായി മനസ്സിൽ പറ്റി പിടിച്ചിരിക്കുവാണ് ഓർമ്മകൾ. മറക്കാനുള്ള കഴിവുണ്ടായിരുന്നില്ലെങ്കിൽ …………….സഹിക്കാൻ കഴിയുന്നില്ലല്ലോ കർത്താവെ! ഞാൻ ഇനി എന്താണ്ചെയ്യേണ്ടത്…………….. തറവാട്ടിൽ എത്തിയപ്പോൾ കുടുംബത്തുള്ളവരെല്ലാം അവിടെ ഉണ്ട്. കൂടാതെ ഒട്ടും പ്രതീക്ഷിക്കാതെ ജോച്ചായന്റെ കുടുംബവും………

തുള്ളിച്ചാടി എനിക്കൊന്നുമില്ല എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ പതിവ് കുരുത്തക്കേടുകളുമായി തറവാട്ടിനുള്ളിലേക്കു പാഞ്ഞു കയറിയ എന്റെ കാലുകളിൽ ചങ്ങല ഇട്ടതു പോലെ ഞാൻ തറഞ്ഞു നിന്ന് പോയി. കുറച്ചു നാളുകൾ കൊണ്ട് ജോച്ചായൻ വല്ലാതെ മാറിയിരുന്നു. പുറകിൽ വന്ന അമ്മയും അപ്പയും ഷൗട്ട് ചെയ്യുന്നതിന് മുന്നേ വല്യങ്കിൾ അവരെ ശാന്തരാക്കി. വന്നു കയറിയവരോട് മര്യാദ ഇല്ലാതെ പെരുമാറുന്നത് ശെരി അല്ലല്ലോ. എല്ലാവര്ക്കും ഭയം ഞാൻ എങ്ങനെ പെരുമാറും എന്നായിരുന്നു. ആദ്യം ഒരു നിമിഷത്തിന്റെ അന്ധാളിപ്പിൽ…. വേദനയിൽ ചുവന്നു പോയ മുഖത്തെ പണിപ്പെട്ടു പുഞ്ചിരിയിലേക്കു വഴി തെളിച്ചു കൊണ്ട് ഞാൻ അവരോടു കുശലം ചോദിച്ചു. മമ്മ, പപ്പ, ജോച്ചായൻ അവരുടെ ഒക്കെ മുഖത്ത് അവിശ്വസനീയത ആയിരുന്നു.

എന്തോ എന്നെ അധികം നിർത്തി വിഷമിപ്പിക്കാൻ മടിച്ചു വല്യമ്മച്ചി റൂമിൽ പോകാൻ പറഞ്ഞു. പറഞ്ഞത് അത് പോലെ അനുസരിച്ചു റൂമിൽ പോയ എന്റെ അനുസരണ അന്നാദ്യമായി വല്യമ്മച്ചിയുടെ കണ്ണുകൾ ഈറനണിയിച്ചു. എങ്ങനെ ആണ് ഞാൻ പറയേണ്ടത് എന്റെ മനസ്സിൽ നടന്നിരുന്ന യുദ്ധത്തെ കുറിച്ചു. … തള്ളാനും കൊള്ളാനും കഴിയാതെ മനസൊരു പടനിലം ആയിരിക്കുകയിരുന്നു. ഇനി ഒരിക്കലും ഒരുപക്ഷെ കാണില്ല എന്ന് കരുതിയ മനുഷ്യന് കണ്മുന്നിൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഉണ്ട്. കർത്താവേ നീ എന്നിൽ കൃപ ഉള്ളവനായിരിക്കണേ. … ഇനിയും പരീക്ഷണങ്ങളിലേക്ക് വലിച്ചെറിയരുതേ. ….. എന്നാൽ ശരിക്കും ഉള്ള പരീക്ഷണം തുടങ്ങിയതേ ഉള്ളു എന്ന് എനിക്ക് അന്നേരം അറിയില്ലായിരുന്നു. മനസ്സിൽ മുഴുവൻ ഒരു ചോദ്യം മാത്രം എന്തിനാണ് ജോച്ചായൻ വീണ്ടും ഇവിടെ.

ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഇങ്ങനെ ഒരു കുടിക്കാഴ്ച എങ്ങനെ ഉണ്ടായി. … മനസ് മുഴുവൻ ചോദ്യങ്ങൾ ആയിരുന്നു. ഉത്തരങ്ങൾ ഒരുപാടു കണ്ടുപിടിക്കേണ്ടതായി ഉണ്ട്, എവിടന്നു തുടങ്ങും. എന്തെന്നറിയാത്ത ഒരു വിഷമം എന്നെ അടിമുടി ദഹിപ്പിച്ചു കൊണ്ടിരുന്നു. ജോച്ചായനെ ഒന്ന് അടുത്ത് കാണാൻ നെഞ്ച് പിടയ്ക്കുകയാണ്, ഇത്രയ്‌ക്കും ആ മനുഷ്യനെ ഞാൻ സ്നേഹിച്ചിരുന്നു എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിലാക്കുകയായിരുന്നു. എല്ലാവരും വെറുക്കുമ്പോഴും ഒന്ന് തള്ളിപറയാൻ പോലും ആകാതെ, കാണാൻ ഉള്ള മോഹം അടക്കി പിടയുകയായിരുന്നു….. ഒന്നും മോഹിക്കാത്ത എന്റെ ഉള്ളിൽ ഇത്രയേറെ പ്രണയം നിറച്ചിട്ടു, സ്വപ്നങ്ങളുടെ ലോകത്തേക്ക് കൊണ്ട് പോയി ഇങ്ങനെ തള്ളിക്കളഞ്ഞത് എന്തിനു വേണ്ടി ആകും. എന്നെ വേണ്ട എന്ന് ആവർത്തിച്ച് പറയുബോഴും കണ്ണിൽ നിറഞ്ഞ വേദന…

ആ മുഖത്ത് തുളുമ്പിയ നൊമ്പരം കണ്ടറിഞ്ഞവൾ ആണ് ഞാൻ, വിവാഹത്തിന്റെ തലേദിവസം രാത്രി ആരും അറിയാതെ എന്നെ കാണാൻ വന്ന, നേർത്ത സ്വർണകൊലുസുകൾ കാലിൽ അണിയിച്ചു അതിന് മേൽ ചുംബനമർപ്പിച്ച എന്റെ ജോച്ചായൻ ആയിരുന്നില്ല പള്ളിയിൽ ഉണ്ടായിരുന്നത്, എന്തോ ഒരു ടെൻഷൻ ആ മുഖത്ത് നിന്ന് വായിച്ചെടുത്തതായിരുന്നു, വിവാഹത്തിന്റേതാകും എന്ന് തോന്നി. … എന്നാൽ…… ഞാൻ അറിയാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്, അല്ലെങ്കിൽ…… എങ്ങനെ അറിയാൻ കഴിയും. …. കിടന്നിട്ടു ഉറക്കം വരാത്ത കൊണ്ട് ഞാൻ പതിയെ ഹാളിലേക്ക് നടന്നു… അവിടെ എല്ലാവരും ഉണ്ട്, സംസാരം കേൾക്കാം…… അവർ വിവാഹത്തിന്റെ കാര്യമാണ് പറയുന്നത്.

പതിയെ നിന്ന് കാതോർത്തു, സേറയുടെയും ജോച്ചായന്റെയും! കർത്താവേ നിന്ന നിൽപ്പിൽ ഭൂമിക്കടിയിലേക്ക് പോയിരുന്നു എങ്കിൽ എന്ന് തോന്നി, കാറ്റുപിടിച്ചത് പോലെ ആണ് അവിടെ എത്തിയത്, പ്രതീക്ഷിക്കതെ എന്നെ കണ്ട എല്ലാവരുടെയും മുഖത്തൊരു ഞെട്ടൽ പ്രകടമായിരുന്നു. എത്ര വേണ്ട എന്ന് പറഞ്ഞിട്ടും മിഴികൾ ചാലിട്ടൊഴുകി, അത് കണ്ടു ജോച്ചായൻ ഒന്ന് പിടഞ്ഞോ? വേണ്ടന്നു പറയ് ജോച്ചായാ. … ആരും കേൾക്കാത്തഒരു നിലവിളി നെഞ്ചിൽ ചൂളം കുത്തുന്നുണ്ടായിരുന്നു, യാചനയുടെ ഭാവമായിരുന്നു എന്റേത്!ജീവിതത്തിലാദ്യമായി ഞാൻ യാജിക്കുകയായിരുന്നു അയാളുടെ മുഖത്ത് നോക്കി. എന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ജോച്ചായന്റെ അരികിലേക്ക് സേറ അധികാരത്തോടെ നീങ്ങിഇരുന്നു, എന്നെ നോക്കിയ അവളിൽ സ്‌ഫുരിക്കുന്ന പുച്ഛം.

തളർന്നു വീഴാതിരിക്കാൻ പിടിച്ചത് ബിനോയുടെ കയ്യിൽ ആയിരുന്നു, അവൻ എന്നെ തോളോട് ചേർത്ത് മുറുകെ പിടിച്ചു. ഏതു ജന്മം ഞാൻ ചെയ്ത പാപത്തിന്റെ ഫലമാണ് ഞാൻ മേടിക്കുന്നത്. ഒന്നും മിണ്ടാതെ കാഴ്ചക്കാരെ പോലെ ഇരിക്കുന്ന സ്വന്തങ്ങളുടെ നേരെ നോക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല. ഒന്നും ചെയ്യാനാകാതെ, പറയാൻ കഴിയാതെ തറഞ്ഞു നിൽക്കുമ്പോൾ ചുറ്റുമുള്ളവർ എന്തൊക്കെയോ പറഞ്ഞു ഉറപ്പിക്കുണ്ടായിരുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ അവിടെ നിന്ന് പിന്തിരിഞ്ഞു നടന്നു. എന്താണ് ഞാൻ പറയേണ്ടത്. ….കേൾക്കാൻ ഉള്ളവർ എല്ലാം ചെവി കൊട്ടിയടച്ചിരിക്കുവാണ്. വയ്യ ഇനിയും ഒരു പരിഹാസപാത്രമാകുവാൻ……….

ദിവസങ്ങൾ കൊഴിഞ്ഞു പോകവേ ഞാൻ അറിഞ്ഞു ഒരു ആത്മഹത്യാ ശ്രമത്തിലൂടെ ജോച്ചായനെ നേടാൻ വീട്ടുകാരുടെ പിന്തുണ നേടിയെടുത്ത സേറയുടെ തന്ത്രം! തിരശീല വീണു എന്ന് കരുതിയ ഒരു കുടുംബസൗഹൃദത്തിനു വീണ്ടും ശക്തിപ്രാപിക്കേണ്ടി വന്നു. ഒന്നിന് വേണ്ടി മറ്റൊന്നിനെ പൂർണമായി ഒഴിവാക്കാൻ കഴിയാത്ത കൊണ്ട്, സേറയുടെ ജീവന് വേണ്ടി അലീനയുടെ നൊമ്പരങ്ങൾ അവിടെ കുഴിച്ചു മൂടപ്പെട്ടു. ആയിക്കോട്ടെ എല്ലാവരും ഇഷ്ടമുള്ളത് ചെയ്തു കൊള്ളട്ടെ, എങ്കിലും ജോച്ചായന്‌ അതിന് സമ്മതിക്കാൻ എങ്ങനെ സാധിച്ചു. ഉമിത്തീ പോലെ, അഗ്നിപർവതം പോലെ പുകയുകയായിരുന്നു മനസ്. എല്ലാം ഉള്ളിലടക്കാൻ കൂടുതൽ കുരുത്തക്കേടുകളുമായി നടക്കാൻ തുടങ്ങി, സഹതാപം നിറഞ്ഞ ഓരോ നോട്ടവും എന്നെ കൊല്ലുകയായിരുന്നു.

എടുപിടി എന്ന് നിശ്ചയിച്ച സേറയുടെ വിവാഹത്തിന് ഒരു ആഴ്ച മുന്നേ ആണ് എന്നെ കൂടുതൽ നിൽക്കക്കള്ളിയില്ലാതാക്കി ഒരു വിവാഹാലോചന വരുന്നത്, കുടുംബമായി പരിചയം ഉള്ളവർ ആണ്, ചെക്കൻ പോലീസിൽ…..എന്റെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞു കൊണ്ട് സ്വീകരിക്കാൻ തയ്യാറാണ് എന്നും പറഞ്ഞു വന്ന ആ ആലോചന കുടുംബത്തിൽ ഉള്ളവർക്ക് സമ്മതമായിരുന്നു, പ്രതീക്ഷയോടെ അവർ എന്റെ അഭിപ്രായത്തിനായി കാതോർത്തു. എന്റെ മുന്നിൽ വഷളൻ ചിരിയോടെ നിന്ന ലിജിനെ ഞാൻ പേടിയോടെ ആണ് നോക്കിയത്, സേറയുടെ സുഹൃത്തുക്കളിൽ ഒരാളായിരുന്ന അവനുമായി പലതവണ ഉരസിയിട്ടുണ്ട്, എനിക്ക് ഈ വിവാഹം താല്പര്യമില്ല എന്ന് അപ്പോൾ തന്നെ പറയാൻ തുടങ്ങിയതാണ്,

എന്നാൽ എല്ലാം ഉറപ്പിച്ചത് പോലെ ഉള്ള സംസാരം ആയിരുന്നു അവരുടേത്. ബിനോ പൂർണമായും എന്റെ അഭിപ്രായം മാനിക്കുന്ന ഒരാൾ ആയിരുന്നു, അവൻ എന്നെ സാന്ത്വനിപ്പിച്ചപ്പോൾ ഭയം നിറഞ്ഞ മിഴികളോടെ എന്നെനോക്കിയ ജോച്ചായന്‌ എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു. ഇനിയും വൈകിയാൽ അറിയാന് ഉള്ളവ ഒരിക്കലും അറിയാൻ കഴിയാതെ പോകും എന്ന ഭയം ഉള്ളിൽ നിറഞ്ഞപ്പോൾ ആണ്, ബിനോയുടെ അടുക്കൽ സഹായം ചോദിച്ചത്, ആദ്യം അവൻ ഒന്ന് എതിർത്തു എങ്കിലും പിന്നെ സമ്മതിച്ചു, എന്റെ ആവശ്യപ്രകാരം ജോച്ചായൻ ആറിൻറ്റെ തീരത്തു വന്നിരുന്നു. ആ മുഖത്ത് ഉണ്ടായിരുന്നു മനസ്സിൽ കിടന്നു പിടയുന്ന നൊമ്പരങ്ങളുടെ വേലിയേറ്റം, അതെന്നെയും നോവിച്ചപ്പോൾ എനിക്ക് മനസിലായി ആ മനുഷ്യനെ ഇപ്പോഴും….

മറ്റൊരാളുടേതായി മാറാൻ പോകുന്നതായിട്ടും…. എനിക്കു ജോച്ചായനെ മറക്കാനോ വെറുക്കാനോ കഴിഞ്ഞില്ല, പകരം എന്നെ തന്നെ ലജ്ജിപ്പിച്ചു കൊണ്ട് ഞാൻ കൂടുതൽ കൂടുതൽആഴത്തിൽ അയാളെ പ്രണയിക്കുകയായിരുന്നു. എപ്പോഴും ക്ലീൻ ഷേവ് ആയിരുന്ന ആ മുഖം അലസമായ കുറ്റിരോമങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു, വല്ലാണ്ട് മെലിഞ്ഞു കണ്ണുകൾക്ക് താഴെ പടർന്ന കറുപ്പിന്റെ ആധിക്യം. ഉറങ്ങിയിട്ട് നാൾ കുറെ ആയത് പോലുണ്ട്. ജോച്ചായനെ ഇത്രക്കും പ്രാകൃതമായി ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ഞാൻ ഇരുന്നിരുന്ന പാറയുടെ എതിരെ മറ്റൊന്നിൽ ഇരുന്ന ജോച്ചായനും എനിക്കും ഇടയിൽ മൗനം തളം കെട്ടികിടന്നിരുന്നു.

“അനുവേ” ആർദ്രമായ ആ വിളി ഏതു ആഴത്തിലാണ് പോയി തറച്ചത് എന്ന് എനിക്കറിയില്ല. മുഖമുയർത്തി നോക്കിയപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം……. “അനു നീ ആ കല്യാണത്തിന് സമ്മതിക്കരുത്” സ്വയം പുച്ഛിച്ചു കൊണ്ട് എന്റെ മുഖത്തു തെളിഞ്ഞ ചിരി ജോച്ചായനെ കുത്തി നോവിച്ചു…… പിന്നെ ഒരു പെരുമഴ പോലെ മനസിനുള്ളിൽ വിങ്ങിയതെല്ലാം എന്നിലേക്ക്‌ ചൊരിയുകയായിരുന്നു. സേറയുടെ പ്രണയം നിരസിച്ചതിനുള്ള അവളുടെ പ്രതികാരത്തിൽ മുങ്ങി പൊളിഞ്ഞു പോയത് ജോയലിന്റെയും അലീനയുടെയും ഒരു ആയുഷ്കാലത്തിന്റെ മോഹങ്ങൾ ആയിരുന്നു. തനിക്കു ലഭിക്കും എന്ന് കരുതിയ പ്രണയം സ്വയം മനസ്സിൽ ശത്രുവായി അവരോധിച്ച അനിയത്തിയെ തേടിയെത്തിയപ്പോൾ അവളുടെ ചിന്തകളിൽ ചെകുത്താൻ കടന്നു കൂടി,

കരച്ചിലോ ഭീഷണിയോ ജോച്ചായന്‌ മുന്നിൽ വിലപോകാതിരുന്നപ്പോൾ, ജോച്ചായന്റെ പപ്പയുടെ കാറിൽ നിന്ന് ലിജിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് പിടി കൂടിയ ഒരു കിലോ ഹാഷിഷ്, സേറയും ലിജിനും തുറന്നു പറഞ്ഞു അതൊരു കെണി ആയിരുന്നു എന്ന്, സേറയ്ക്ക് ജോയലും തകർന്നു പോകുന്ന അലീനയ്ക്കു തണൽ പോലെ എത്തുന്ന ലിജിനും…… ജാമ്യം പോലും കിട്ടാത്ത കേസിൽ പപ്പയെ കുടുക്കി അവർ, തകർന്നു പോയ ആ മനുഷ്യനെ വിലയാക്കി സേറ നടത്തിയ യുദ്ധത്തിന്റ ബാക്കിയാണ് ഞാൻ അനുഭവിച്ചത്. ജനിപ്പിച്ചവരോടുള്ള സ്നേഹം കാരണം പ്രണയം തള്ളി പറയേണ്ടി വന്നു ജോച്ചായന്‌. …… എങ്ങനെ വെറുക്കാനാണ് ഞാൻ ആ മനുഷ്യനെ, ഒരുപക്ഷെ ഞാൻ ആയിരുന്നു ആ സ്ഥാനത്തു എങ്കിലും അങ്ങനെ തന്നെ അല്ലേ ചെയ്യൂ. അതേ….. നിറഞ്ഞൊഴുകിയ ആ മിഴികൾ പറയാതെ പറയുന്നുണ്ടായിരുന്നു ജോച്ചായന്‌ അനു ആരായിരുന്നു എന്ന്.

എന്നെ വേദനിപ്പിക്കാൻ വേണ്ടി കഠിനമായ വാക്കുകൾ പറയുമ്പോൾ എന്നിലേറെ നൊമ്പരപെട്ട ആ മനുഷ്യനെ ഞാൻ ഒരിക്കൽ എങ്കിലും വെറുത്തുപോയിരുന്നു എങ്കിൽ എന്റെ മേൽ വീഴുമായിരുന്ന പാപം എത്ര വലുതായിരുന്നു. എന്റെ സ്വന്തമാകാൻ മണിക്കൂറുകൾ ശേഷിക്കെ, വിധിയും മനുഷ്യനും ചേർന്നൊരുക്കിയ ചതിയുടെ ചൂതാട്ടത്തിൽ എനിക്ക് നഷ്ടമായ എന്റെ പ്രണയം…. ആ നെഞ്ചിൽ വീണു കരയാൻ എനിക്ക് തോന്നിപോയി, പക്ഷെ ഞാൻ എന്നെ നിയന്ത്രിച്ചു. അങ്ങനെ ചെയ്താൽ ഒരിക്കലും ജോച്ചായനെ സേറയ്ക്കു വിട്ടു കൊടുക്കാൻ എനിക്ക് കഴിയാതെ വരും. “നീ എന്റെ പ്രണയം എന്നതിൽ ഉപരിയായി ജീവിതവും ജീവനും നെഞ്ചിൽ തുടിക്കുന്ന ശ്വാസവും…. പിന്നെ ഈ ഞാൻ പോലും നീ ആയിരുന്നു അനു. നീ എങ്ങനെ എന്റെ നെഞ്ചിൽ കേറി എന്ന് ചോദിച്ചാൽ എനിക്കറിയില്ല, ഒരു നിയോഗം പോലെ….

കർത്താവിന്റെ അനുഗ്രഹം പോലെ പ്രണയമറിയാത്തവന്റ ജീവിതത്തിൽ പ്രണയത്തിന്റെ പേമാരിയായി നീ എത്തുകയായിരുന്നു. നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എങ്ങനെയാണു പറയുക……അറിയില്ല, എനിക്കതു പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഒരുരാത്രി പുലർന്നു കഴിഞ്ഞാൽ നീ എന്റേതാകും എന്ന ഓർമ എന്നെ സ്വർഗത്തിൽ എത്തിച്ചിരുന്നു…. വിചാരിക്കാതെ എത്തിയ ആ ഫോൺ കാൾ പറുദീസയുടെ ഉച്ചത്തിൽ നിന്നും നരകത്തിന്റെ അഗാധമായ കൊല്ലിയിലേക്കാണ് എന്നെ വലിച്ചെറിഞ്ഞത്…… എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ കഴിയാതെ വരിഞ്ഞു മുറുകുന്ന ഞരമ്പുകളും പൊട്ടിച്ചിതറിയഹൃദയവും. ..ആ രാത്രി പുലർന്നു. …. ഞാൻ ആഗ്രഹിച്ച പോലെ, പ്രാർത്ഥിച്ച പോലെ നീ എന്റെ മണവാട്ടിയായി നിന്ന നിമിഷങ്ങളിൽ ആണ് ഞാൻ അവസാനമായി ജീവിച്ചത്….

നിന്നെ തള്ളി പറഞ്ഞ നിമിഷങ്ങളിൽ തന്നെ, ഒരു ചില്ല് പാത്രം പോലെ ഞാനുംഉടഞ്ഞു ചിതറിയിരുന്നു. ജോയൽ അന്ന് മുതൽ ആത്മാവ് നഷ്‌ടമായ ശരീരം മാത്രമായി….. വെറും ജഡം! മരിച്ചു പോയ ജോയലിനെ ആണ് സേറ സ്വന്തമാക്കി എന്നോർത്തു അഹങ്കരിക്കുന്നത്, എനിക്ക് നിന്നേയും നിനക്ക് എന്നെയും നഷ്ടമായി എന്നവൾ ചിന്തിക്കുന്നു, എനിക്കറിയുന്ന എന്റെ അനു, എന്റെ പ്രണയം…. ഇപ്പൊ ഞാൻ ഇല്ല നീ മാത്രമേ ഉള്ളു……. അത് മനസിലാക്കുന്ന നിമിഷം അവളും എന്നെ വിട്ടു പോകും, നീ എന്റെ ജീവനായിരുന്നു കൊച്ചേ…. എങ്ങനാ പറയാ…. നീ എന്റെ എല്ലാമെല്ലാമായിരുന്നു … എപ്പോഴും സന്തോഷമായിരിക്ക്…..ജോച്ചായന്റെ പ്രാർത്ഥനകൾ എല്ലാം അനുവിന് വേണ്ടി ഉള്ളതായിരിക്കും..” ഇടറിയ വാക്കുകൾ എനിക്കായി സമ്മാനിച്ചു, എന്റെ കാലിൽ അണിഞ്ഞു തന്ന കൊലുസ് ഊരി ഒഴുകുന്ന വെള്ളത്തിന്റെ ആഴങ്ങളിൽ എവിടെയോ വലിച്ചെറിഞ്ഞു.

“അതിനു നിന്റെ കാലിൽ കിടക്കാൻ യോഗ്യത ഇല്ല അനുവേ! അതവിടെ കിടന്നാൽ എന്റെ നെഞ്ചിൽ പൊള്ളലാകും. …..” ഇതും പറഞ്ഞു നടന്നകന്ന ജോച്ചായന്റെ മുഖത്ത് നിർവികാരത തളം കെട്ടിയിരുന്നു. എന്റെ ആത്മാവിന് ചിതയൊരുക്കിയ നിമിഷങ്ങൾ! ഒരു അണകെട്ടിനപ്പുറം ഒതുക്കി നിർത്തിയതെല്ലാം പൊട്ടിത്തകർന്നു, ഉപ്പുകലർന്ന നീർകണങ്ങൾ ഏറ്റുവാങ്ങി പിന്നെയും ഒഴുകുന്ന ആറിന്റെ ആഴങ്ങളെവിടെയോ ഞാൻ എന്റെ ദുഃഖങ്ങൾ ഒളിപ്പിച്ചു…….. മുതിർന്നവർ എല്ലാം മറന്നു വിവാഹത്തിന്റെ തിരക്കുകളിൽ മുഴുകി, സത്യമറിയാതെ എന്റെ കസിൻസ് ഓരോ നിമിഷവും വേദനിപ്പിക്കുമ്പോഴും ജോച്ചായൻ നിസ്സംഗതയോടെ, ചിലപ്പോൾ ഒരു ചിരിയോടെ അതെല്ലാംഏറ്റുവാൻ, സ്വയം വിധിച്ച ശിക്ഷ! സത്യങ്ങൾ തുറന്നു പറയാൻ എന്നെ അനുവദിച്ചതും ഇല്ല.

ലിജിനുമായുള്ള വിവാഹത്തിന് വേണ്ടി എല്ലാവരും എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. ബിനോ ഒഴികെ എല്ലാവരും! വാശി ചിന്താശേഷിയെ നശിപ്പിച്ചതിനാൽ എല്ലാവര്ക്കും തിടുക്കമായിരുന്നു. അപ്പ പോലും പുലർത്തിയ മൗനം എന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിയുന്നതിന്റെ പരമാവധി ഞാൻ എതിർത്തു, എന്നാൽ കല്യാണം ഉറപ്പിക്കാൻ എന്ന പോലെ വീട്ടുകാരെയും ബന്ധുക്കളെയും കൂട്ടിവന്ന ലിജിന്റെ കണ്ണിൽ ഒരു കുറുക്കനെ കണ്ടു , അല്ല അതൊരു കഴുതപ്പുലി ആയിരുന്നു, തളർന്നു വീഴുന്നവയെ ചതിച്ചു കൊല്ലാൻ മടിക്കാത്ത ഒരു ദുഷ്ടജന്മം! സകലനിയന്ത്രണവും വിട്ടു പൊട്ടിത്തെറിക്കുമ്പോൾ അന്നുവരെ എല്ലാമായിരുന്നവരുടെ കണ്ണിൽ ക്രോധത്തിന്റെ തിരമാലകൾ ഉയർന്നു, തളർന്നു പോകാതിരിക്കാൻ ഒരുപാടു പണിപ്പെട്ടു.

കുറച്ചു നാളുകളായി പുകയുന്ന അഗ്നിപർവതം അതിന്റെ എല്ലാ ഭീകരതയോടും കൂടി പൊട്ടിച്ചിതറി, കണ്ണീരിനെ കല്ലാക്കി അവിടെ നിന്നും ഇറങ്ങുന്ന നേരം ബലം പ്രയോഗിക്കാൻ എത്തിയ ലിജിനെ തള്ളിമാറ്റി നടന്നു നീങ്ങുമ്പോൾ ഒപ്പം ചേർത്ത് [പിടിച്ചു കൊണ്ട് ബിനോ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ! ഒന്ന് സമാധാനിപ്പിക്കാൻ, കൂടെനിൽക്കാൻ, മനസിലാക്കാൻ അപ്പയ്ക്ക് പോലും കഴിഞ്ഞില്ലല്ലോ എന്ന ഓർമയിൽ അലമുറയിട്ട എന്നെ സാന്ത്വനിപ്പിക്കാനാകാതെ ബിനോ ഉഴറി. നേരെ പോയത് എറണാകുളത്തുള്ള അവന്റെ വീട്ടിലേക്കായിരുന്നു. കഠിനമായ മെന്റൽ സ്ട്രെസ്സ് ശരീരത്തിനെയും ബാധിച്ചു. ഒരു കുഞ്ഞിനെ എന്നപോലെ ബിനോ എന്നെ കെയർചെയ്തു.

തറവാട്ടിൽ നിന്നും ആരും വിളിക്കുക പോലും ചെയ്തില്ല, ഒരുപക്ഷെ കല്യാണതിരക്കിൽ ആകും. എനിക്കിഷ്ടമല്ലാത്തതു വേണ്ട എന്ന് പറഞ്ഞത് ഇത്രയും വല്യ തെറ്റായി പോയോ? വാശിയുടെ പുറത്തു കൂട്ടികെട്ടാവുന്നതാണോ വിവാഹം…… രണ്ടുദിവസങ്ങൾക്കപ്പുറം ജോച്ചായൻ പൂർണമായും അനുവിന്റേതല്ലാതായി മാറും! അങ്ങനെ ആണോ? ഈ ജീവിതകാലം മുഴുവൻ അയാൾ എന്റെ മനസ്സിൽ ആർക്കുമറിയാത്തൊരു കോണിൽ ഉണ്ടാകും. ജോയൽ സേറയുടേതാകാം, ജോച്ചായൻ അനുവിന്റെ മാത്രമായിരിക്കും. ഉണ്ടെന്നോ ഇല്ലെന്നോ ബോധ്യമില്ലാത്ത കുറെ മണിക്കൂറുകൾ, സേറയുടെ കല്യാണത്തിന് പോകണ്ട എന്നായിരുന്നു എന്റെ തീരുമാനം, അല്ലെങ്കിലും ആരെ ബോധിപ്പിക്കാൻ.

അലീനയുടെ ദുഃഖം അലീനയുടേത് മാത്രമായിരിക്കട്ടെ! ബിനോയും പോകുന്നില്ല എന്ന് പറഞ്ഞു എങ്കിലും ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കുകയായിരുന്നു. ഞാൻ കാരണം അവൻ പഴി കേൾക്കാൻ പാടില്ല. കിടക്കയിൽ തലയിണയും കണ്ണീർതുള്ളികളും കഥ പറയുന്ന നേരം ആരുമില്ലാതെ ഒറ്റയ്ക്കിരിക്കാൻ കഴിഞ്ഞതിൽ ഒരു കണക്കിന് സന്തോഷം തോന്നി, എല്ലാം കരഞ്ഞു തീർക്കാൻ കിട്ടിയ അവസരം… കാളിങ് ബെൽ ചിലയ്ക്കുന്നത് കേട്ടപ്പോൾ ആ അവസ്ഥയിലും ചിരി വന്നു. ബിനോ തിരികെ വന്നിരിക്കുവാണ്, മുഖം തുടച്ചു അൽപ്പം പ്രസന്നത വരുത്തി താഴേക്കു പോയി, ബിനുകുട്ടാ എന്ന വിളിയോടെ വാതിൽ തുറന്നു. ..

കൺമുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ വല്ലാതെ പതറി പോയി, തൊട്ടടുത്ത നിമിഷം വാതിൽ വലിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും ബലിഷ്ഠമായ കൈകൾ കൊണ്ട് വാതിൽ തള്ളി തുറന്ന് അയാൾ അകത്തു കയറി, തള്ളലിന്റെ ആഘാതത്തിൽ ഞാൻ തറയിലേക്ക് വീണു പോയിരുന്നു. ലിജിൻ! !!!!! ക്രൂരത മുറ്റിയ മുഖത്ത് ചുവന്ന് കിടന്ന ഇടുങ്ങിയ കണ്ണുകൾ വല്ലാത്തൊരു ആപൽശങ്ക എന്നിൽ നിറച്ചു. ആ ചെന്നായയുടെ നോട്ടത്തിന്റെ കഠിനതയിൽ നിന്നുണർന്നതും പിടഞ്ഞെഴുന്നേറ്റ് ഓടാൻ തുടങ്ങിയതും നിമിഷനേരം കൊണ്ട് കഴിഞ്ഞു. ഓടി മുറിയിൽ കയറി കഥകടയ്ക്കുന്നതിനു മുന്നേ ആ ചെകുത്താൻ എന്റെ തൊട്ടു പുറകിൽ എത്തിയിരുന്നു, തള്ളി മുറിക്കുള്ളിൽ ഇട്ടു കതകടച്ചു എന്റെ നേരെ തിരിഞ്ഞ അവന്റെ കണ്ണുകളിൽ സമർഥമായി ഇരയെ കുരുക്കിയ വേട്ടക്കാരന്റെ സംതൃപ്തി ആയിരുന്നു.

“രക്ഷപെട്ടു എന്ന് കരുതിയോടി, ഇല്ല നിനക്ക് ഈ ജന്മം എന്റെ കയ്യിൽ നിന്ന് രക്ഷയില്ല, ഇന്ന് അവിടെ നിന്റെ മറ്റവൻ സേറയുടേത് ആകുമ്പോൾ ഇവിടെ നീ എന്റേതാകും, പിന്നെ നീ ഞാൻ പറയുന്നത് കേൾക്കും” അറിയാതെ തൊണ്ടക്കുഴിയിൽ നിന്നുയർന്ന ശബ്ദം അവനെ ചിരിപ്പിച്ചു, ആ കൊലച്ചിരിക്കോടുവിൽ പറഞ്ഞു. “നീ അലറിയാലും കരഞ്ഞാലും കേൾക്കാൻ ആരുമില്ല” അവൻ അടുത്ത് വരും തോറും ദേഹം വല്ലാതെ വിറയ്ക്കാനും മൂക്കിൽ പായലിന്റെ ദുർഗന്ധം നിറയാനും തുടങ്ങി. വീണ്ടും എന്നിൽ ഒളിചിരുന്ന അസുഖത്തിന്റെ വേരുകൾ പടർന്ന് പന്തലിക്കാൻ തുടങ്ങുന്നത് ഞാൻ അറിഞ്ഞു. ഇല്ല… ഇവിടെ ഈ നികൃഷ്ടജന്തുവിന് കടിച്ചു കീറാൻ ഞാൻ തളർന്ന് കൊടുക്കില്ല, അതൊരു ഉറച്ച തീരുമാനം ആയിരുന്നു.

വേഗത്തിൽ ശ്വാസമെടുത്തു നിൽക്കവേ തളർന്നു തുടങ്ങിയ ശരീരത്തിൽ പുതിയ ജീവൻ നിറഞ്ഞു. എനിക്ക് നേരേ നീണ്ട ആ കൈകൾ തട്ടിയെറിഞ്ഞു ഓടാൻ നോക്കവേ കട്ടിലിലേക്ക് വലിച്ചെറിയപ്പെട്ടു. തലയിടിച്ചപ്പോൾ ഞാൻ തളർന്നു എന്ന് കരുത്തിയ അവനു അവിടെ തെറ്റി, എന്റെ മേലിൽ അമരാൻ ഒരുങ്ങിയ അവനെ വർദ്ധിച്ച കരുത്തോടെ തള്ളി മാറ്റി. അടിമുടി ഭ്രാന്തായിരുന്നു എനിക്ക്, പിച്ചിച്ചീന്താനൊരുങ്ങിയ ആ കൈകൾ തച്ചുടയ്ക്കാൻ ഹൃദയം വെമ്പി. മുഖത്ത് ആഞ്ഞടിച്ച അവനെ തള്ളി മാറ്റിയതും, കൈയിൽ കിട്ടിയ ഫ്ലവർവേസ് എടുത്ത് എടുത്തു തലയിൽ അടിച്ചതും ഒപ്പം കഴിഞ്ഞു. ഒരു അലർച്ചയോടെ തലയും പൊത്തിയിരുന്ന അവന്റെ കൈകൾക്കിടയിൽ കൂടി രക്തമൊഴുകി.

ഓടി ചെന്ന് കതകു തുറന്നതും ഹാളിൽ ഉണ്ടായിരുന്ന കീ എടുത്തു സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു ഓടിക്കാൻ തുടങ്ങിയതും എന്ത് ആവേശത്തിന്റെ പുറത്തായിരുന്നു എന്നെനിക്ക് അറിയുമായിരുന്നില്ല. ലക്ഷ്യമില്ലാതെ എറണാകുളം നഗരത്തിന്റെ തിരക്കിൽ കൂടി ഞാൻ വണ്ടി പായിക്കവേ മനസ്സിൽ ലക്‌ഷ്യം ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞു പോയ നിമിഷങ്ങൾ അതിന്റെ എല്ലാ ഭീകരതയോടും കൂടി എന്നെ കാർന്നു തിന്നുകയായിരുന്നു. ചിന്തിയ വസ്ത്രങ്ങളും അഴിഞ്ഞുലഞ്ഞ മുടിയും കാഴ്ചക്കാരിൽ എന്താണ് ജനിപ്പിക്കുക എന്ന് ചിന്തിച്ചില്ല. ജീവിക്കണോ അതോ മരിക്കണോ എന്നുള്ള വടംവലിയായിരുന്നു മനസ്സിൽ! നിറഞ്ഞൊഴുകിയ കണ്ണുകൾ പലപ്പോഴും കാഴ്ചയെ മറച്ചു.

ഒരു ബലാൽക്കാരശ്രമം പോലും സ്ത്രിയെ വല്ലാതെ തകർത്തു കളയില്ലേ…! ദേഹം മൊത്തം വല്ലാതെ ഒരു പിടയലിന്റെ പിടിയിൽ ആയിരുന്നു. പെട്ടെന്നാണ് ഒരു മിന്നൽ പിണർ പോലെ ആ ചിന്ത എന്റെ മനസിലേക്കു കടന്നു വന്നത്. …. അയാൾ…. ലിജിൻ മരിച്ചിട്ടുണ്ടാകുമോ??? അതിശക്തമായി മുഴങ്ങിയ ഹോൺ ചെവിക്കുള്ളിലേക്കു തറച്ചു കയറുകയായിരുന്നു. ശ്രദ്ധപതറി തിരിഞ്ഞു നോക്കി. കറുത്ത സ്കോർപ്പിയോയ്ക്കുള്ളിൽ മുഖം മുഴുവൻ ചോരയൊലിപ്പിച്ചു പകമുറ്റിയ ഒരു മുഖം! തലയ്ക്കുള്ളിൽ ഒരു മിന്നൽ ചലനം സൃഷ്‌ടിച്ച നിമിഷത്തിന്റെ പാളിച്ച. ……….ആ സ്കോർപിയോ സകലശക്തിയോടും കൂടി ഞാൻ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ചിരുന്നു.

അപ്പ. ….അമ്മ. …..ബിനോ. ….ജോച്ചായൻ. ….വല്യമ്മച്ചി. … മനസിനുള്ളിൽ ഏതൊക്കെയോ രൂപങ്ങൾ മിന്നിമറഞ്ഞു. ….അവസാനമോർത്തതു കർത്താവിന്റെ കരുണ നിറഞ്ഞ മുഖം ആയിരുന്നു. വായുവിൽ ഉയർന്നു പൊങ്ങി റോഡരികിൽ കൂട്ടിയിരുന്ന മെറ്റൽ കൂനയിൽ മുഖമടിച്ചു വീഴുമ്പോൾ കൂർത്തമുനകൾ ആഴത്തിൽ തറച്ചു കയറുന്നതിന്റെ മരവിപ്പറിഞ്ഞു. കാഴ്ചകളെ ചുവപ്പിന്റെ പശിമ മറച്ചു. ബോധം മറയുന്നതിനു മുന്നേ കുറച്ചകലെ ടയർ റോഡിൽ ശക്തമായി ഉരയുന്ന ശബ്‍ദം ഉയർന്നു. ചുറ്റും ആരൊക്കെയോ ഓടി കൂടവേ വേദനയുടെ ആധിക്യത്തിൽ ബോധം മറഞ്ഞു…………… പതിയെ… തുടരും…

Share this story