ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 26

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 26

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

പിറ്റേദിവസമായിരുന്നു ശവസംസ്കാരം… രാവിലെ പത്ത് മണിയോട് അടുപ്പിച്ചു വാര്യത്തെ ആചാരപ്രകാരം ശ്രീദേവിയമ്മയുടെ അകന്ന ബന്ധത്തിലെ ഒരു കുട്ടിയാണ് ചിതക്ക് തീ കൊളുത്തിയത്.. ചലനമറ്റ് ഇരിക്കുകയായിരുന്നു ഗൗരി… ആർക്ക് വേണ്ടി… എന്തിനു വേണ്ടി ഇനിയൊരു ജീവിതം എന്ന ചോദ്യം ചോദ്യചിഹ്നവുമായി അവളുടെ മുന്നിൽ വന്നു നിന്നു കൊഞ്ഞനം കുത്തി കാണിച്ചു… കണ്ണീരും പ്രതീക്ഷയും വറ്റിയ അവളുടെ കണ്ണുകളിലേക്ക് രാധികേച്ചി വേദനയോടെ നോക്കി…

ദേവന്റെ കാര്യങ്ങൾ ഗൗരി തന്നോട് പറയുന്നത് കേട്ട് ഹൃദയം പിടഞ്ഞാണ് ശ്രീദേവിയമ്മ പോയതെന്ന് അവർക്കും ഗൗരിക്കും ഒരുപോലെ മനസിലായിരുന്നു… ശവം കിടത്തിയിരുന്ന ഇളം തിണ്ണയിൽ തന്നെ മുട്ടിന്മേൽ തല വെച്ചു കുത്തിയിരിക്കുന്ന ഗൗരിയുടെ ഇരുവശത്തുമായി ഉണ്ടായിരുന്നു രാധികേച്ചിയും ഭദ്രകുട്ടിയും… “ഗൗരി.. നീയി കടുംചായ എങ്കിലും കുടിക്ക്.. ഇന്നലെ സന്ധ്യ മുതൽ പട്ടിണിയല്ലേ…”രാധികേച്ചി അവളെ നിർബന്ധിച്ചു അല്പം കടും ചായ കുടിപ്പിച്ചു… അവളെ പിടിച്ചെഴുന്നേൽപ്പിച്ചു അവളുടെ മുറിയിലെ കട്ടിലിൽ കൊണ്ടിരുത്തി… മുത്തശ്ശി മറ്റൊരു മുറിയിൽ തളർന്നു കിടപ്പുണ്ടായിരുന്നു…

മുത്തശ്ശിയുടെ തരക്കാരിൽ രണ്ടുപേർ ആ ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു… ഗൗരിയോടൊപ്പം ഭദ്രകുട്ടിയെ ഇരുത്തിയിട്ട് രാധിക അടുക്കളയിലേക്ക് പോയി… ജനാലയിലൂടെ പുറത്തേക്കു നോക്കിയ ഗൗരിയുടെ കണ്ണ് തട്ടിയത് എഴുത്തുപുരയുടെ വാതിൽക്കൽ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്ന രവിയേട്ടന്റെ മുഖത്താണ്…. നവിയുടെ മുഖം എന്തിനോ ഒരു വേദനയുടെ നിഴൽചിത്രം പോലെ അവളുടെ മനസിലൂടെ കടന്ന് പോയി… പെട്ടെന്നാണ് ഒരോർമ്മ നെഞ്ചിനെ കീറി മുറിച്ചു കടന്ന് പോയത്… “…….രവിയേട്ടൻ എങ്ങാനും നവിയേട്ടനെ വിളിച്ചു കാര്യം പറയുമോ…???

അമ്മ മരിച്ചൂന്നറിഞ്ഞാൽ നവിയേട്ടൻ ചിലപ്പോൾ ഏത് തിരക്കിലും ഓടി വന്നേക്കും.. അത് തടയണം… നവിയേട്ടൻ ഇനിയൊരിക്കലും തന്നെ തേടി വരാൻ പാടില്ല….. “അതൊരു ദൃഢനിശ്ചയമായിരുന്നു… “””ഇനി നവിയേട്ടനുമായി ഒരു ബന്ധവും ഗൗരിക്കില്ല””” !!!! അവൾ തലചരിച്ചു ഭദ്രകുട്ടിയെ നോക്കി..ഭദ്ര ഗൗരിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു… “മോൾ ചെന്നു അച്ഛന്റെ ഫോൺ ഒന്ന് വാങ്ങി വരുവോ… “?? ഗൗരിയേച്ചിക്ക് ഒരാളെ വിളിക്കാനാണ്… “മ്മ്മ്.. “ഭദ്ര വേഗം പുറത്തേക്കിറങ്ങി പോയി..

കുറച്ച് കഴിഞ്ഞപ്പോൾ ഭദ്ര രവിയേട്ടന്റെ ഫോൺ കൊണ്ട് വന്നു ഗൗരിയുടെ കൈയിൽ കൊടുത്തു…ഭദ്രയുടെ കണ്ണ് വെട്ടിച്ചു ഗൗരി നവിയുടെ നമ്പർ അതിൽ നിന്നും ഡിലീറ്റ്‌ ചെയ്തു കളഞ്ഞു…. നമ്പർ കാണാതറിയാനൊന്നും വഴിയില്ല രവിയേട്ടന്… അവളോർത്തു… നിറഞ്ഞു വന്ന മിഴികൾ അമർത്തി തുടച്ചു കൊണ്ട് ഗൗരി മിഴികളടച്ചു കിടന്നു…. ആഴ്ച ഒന്ന് കഴിഞ്ഞ് പോയി.. അച്ഛന്റെയും ദേവേട്ടന്റെയും അമ്മയുടെയും അസ്ഥി തറയിൽ വിളക്ക് വെച്ചു മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി ഒരു സന്ധ്യക്ക്‌… നാളെ മുതൽ ജോലിക്ക് പോയി തുടങ്ങണം എന്നവൾ ഓർത്തു…

എന്തിനോ ഒരു വിരസത അവളിൽ വന്നു നിറഞ്ഞു.. ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങൾ തന്നെ പിന്തുടരുകയാണല്ലോ എന്ന് അവൾ വ്യസനത്തോടെ ഓർത്തു… ഒരു മാറ്റം… ഒരു സന്തോഷം…ഒരു ദിവസത്തേക്കെങ്കിലും തന്നെ തേടിയെത്തിയിരുന്നെങ്കിൽ എന്നവൾ വൃഥാ ആശിച്ചു.. മൂടിക്കെട്ടി നിൽക്കുന്ന മനസിന്‌ കുളിരേകാൻ ഒരു പുതുമഴയെങ്കിലും പെയ്തിരുന്നെങ്കിൽ… ധനു മകര മാസത്തിലെ കൊടും മഞ്ഞിൻ തണുപ്പിലും കാലം തെറ്റി പെയ്തൊരു മഴ എത്തിയിരുന്നെങ്കിൽ അല്പമൊരു ആശ്വാസമായേനായിരുന്നു അവൾക്ക്… മറവിയുടെ മൂടുപടത്തിലേക്ക് എടുത്തെറിയപ്പെട്ടുവെങ്കിലും ഇടക്കിടക്ക് ആ പഴയ ഓർമ്മകൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു…

അറിയാതെ തെളിഞ്ഞു വരുന്ന ആ മുഖവും ചിരിയും ഇരു മിഴികളും നിറച്ചു ചെന്നിയെ പൊള്ളിച്ചു ഒഴുകിയിറങ്ങുന്നു പല രാത്രികളിലും… കാലം തനിക്കായി മാറ്റി വെച്ച വേദനകളുടെ കൂമ്പാരത്തിലേക്ക് ഉറ്റുനോക്കി ആശ്രയമറ്റ് ആലംബമില്ലാതെ നിസ്സഹായയായി നിന്നു ഗൗരി… …നവിയും വേദനയുടെ പടുകുഴിയിൽ ആയിരുന്നു… ഒരു വശത്ത് അപ്പൂപ്പന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതും ആശുപത്രി വാസത്തിന്റെ മടുപ്പും അലട്ടിയപ്പോൾ മറുവശത്ത് അവളുടെ സ്വരം പോലും കേൾക്കാൻ പറ്റാത്തത്തിന്റെ സങ്കടവും ദേഷ്യവും കുമിഞ്ഞു കൂടുകയായിരുന്നു….

ഒരായിരം തവണയെങ്കിലും അവളുടെ ഫോണിലേക്ക് അവൻ വിളിക്കുമായിരുന്നു.. രാധികേച്ചിയോട് പറഞ്ഞിട്ടും ഫലമൊന്നും ഇല്ലാതെ വന്നപ്പോൾ പിന്നീട് ഒന്നുകൂടി അവരെ വിളിക്കാൻ നവിക്കെന്തോ ബുദ്ധിമുട്ട് തോന്നി… എന്തിനും നാട്ടിലെത്താതെ ഒരു നിവർത്തിയും ഇല്ലാ എന്ന് നവി തിരിച്ചറിയുകയായിരുന്നു… പകരം ഒരാളെ ഇവിടെ നിർത്തി നാട്ടിലേക്ക് പോയാലോ എന്ന് പോലും ഒരു വേള അവൻ ചിന്തിച്ചു പോയി… പക്ഷെ കടമകളുടെ കൂട്ടിനുള്ളിൽ നിന്നുകൊണ്ട് തനിക്ക് മാത്രമായി തന്റെ മാത്രമായൊരു കാര്യത്തിലേക്ക് അവന് ഒതുങ്ങാൻ പറ്റില്ലായിരുന്നു….

ആ ആഴ്ച ജോലിക്ക് പോയി തുടങ്ങാമെന്നു വിചാരിച്ചിരുന്നെങ്കിലും ഗൗരിക്ക് പോകാൻ സാധിച്ചില്ലായിരുന്നു… പ്രായത്തിന്റെ അവശതയും മരണത്തിന്റെ വേദനയും മുത്തശ്ശിയെ തളർത്തി കളഞ്ഞിരുന്നു… പഴയ ചുറുചുറുക്കും വായാടിത്തവും പുരാണവുമൊക്കെ പാടെ നിന്നു പോയിരുന്നു മുത്തശ്ശിയുടെ… എവിടെയെങ്കിലും കൂനിക്കൂടി ഇരുന്നു ഗൗരിയെ തന്നെ നോക്കി കണ്ണും നിറച്ചു വെച്ചിരിക്കും.. ഒരീസം രാധികേച്ചി വന്നപ്പോൾ അതും പറഞ്ഞു മുത്തശ്ശി വിഷമിച്ചു… “ന്റെ വാസു ഉണ്ടാരുന്നേൽ രാജകുമാരിയെ പോലെ കഴിയേണ്ടവളാ ന്റെ ഗൗരൂട്ടി.. ന്റെ കുട്ടീടെ വിധി ഇതായി പോയല്ലോ രാധികേ…

അതിന്റെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടായിട്ടില്ലല്ലോ ഇതുവരെ… ന്റെ കാലം കഴിഞ്ഞാൽ അതിനിനി ആരാ ഉള്ളെ… ” “ങ്ങനെയൊന്നും പറയാതെ മുത്തശ്ശിയെ.. ഒക്കെ മാറും… കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ… മുത്തശ്ശി… “രാധിക പറഞ്ഞു.. അകമുറിയിൽ നിന്നും ഇത് കേട്ട് മിഴി വാർക്കാൻ മാത്രേ ഗൗരിക്കായുള്ളൂ… പിന്നേം ഒരാഴ്ച കൂടി കഴിഞ്ഞാണ് ഗൗരി ജോലിക്ക് പോയത്… അവൾക്ക് ഒരുത്സാഹവും തോന്നിയില്ല… കുറെയേറെ കണക്കുകൾ ചെയ്തു തീർക്കാൻ കെട്ടി കിടപ്പുണ്ടായിരുന്നു… ഒന്നിലും ശ്രെദ്ധ കേന്ദ്രീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല…

മേശമേലേക്ക് തല ചായ്ച്ചു വെച്ചു കിടന്ന അവളെ കണ്ടു കൊണ്ടാണ് മുരളിയേട്ടൻ കയറി വന്നത്… “ഗൗരിയെ… എന്താപ്പോ ചെയ്യാ… ഇങ്ങനെയായാൽ… കണക്ക് കുറെ കെട്ടി കിടക്കുവാണല്ലോ… ” ഗൗരി ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു… “ഒന്നിനും ഒരു മനസ് വരുന്നില്ല മുരളിയേട്ടാ.. ഞാൻ ചെയ്തോളാം… “അവൾ മുഖം സാരി തുമ്പാൽ അമർത്തി തുടച്ചു മൗസ് കൈകളിലൊതുക്കി കമ്പ്യൂട്ടർ സ്‌ക്രീനിലേക്ക് മിഴികൾ നീട്ടി… “അറിയാം.. ഗൗരി.. നിനക്ക് കുറച്ച് റെസ്റ്റാ ആവശ്യം… മനസൊക്കെ ഒന്ന് നേരെയാവട്ടെ.. എന്നിട്ട് വന്നാൽ മതി… ഇന്ന് കൂടി ഇരുന്നിട്ട് പൊയ്ക്കോ… അതുവരെ വേറെയൊരു പെൺകുട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട്…

പോകുമ്പോൾ ദാ ഇത് കൂടി കൊണ്ട് പൊയ്ക്കോ… ഒക്കെ മാറട്ടെ.. എന്നിട്ട് വന്നാൽ മതി.. “മുരളിയേട്ടൻ ഒരു ചെറിയ പൊതി അവളുടെ മേശപ്പുറത്തേക്ക് വെച്ചു.. എന്നിട്ട് തിരിഞ്ഞു നടന്നു… ഗൗരി ആ പൊതി തുറന്നു നോക്കി.. കുറച്ച് നൂറിന്റെ നോട്ടുകൾ… മുരളിയേട്ടൻ തന്നെ ഒഴിവാക്കിയതാണെന്ന് ഗൗരിക്ക് മനസിലായി… ഇനിയെന്ത് എന്ന ചോദ്യം അവളുടെ തലച്ചോറിനെ വേവിച്ചു… ആ പൊതി എടുക്കാതെ തന്നെ അവൾ തിരികെ പോന്നു.. വന്നിട്ടും അവൾക്ക് ഒരൂഹവും കിട്ടിയില്ല.. ജീവിതം മുന്നോട്ടെങ്ങനെ കൊണ്ടുപോകും.. ഒന്നുമറിയാത്ത ഒരു മുത്തശ്ശി മാത്രം കൂട്ടിനുള്ള തനിക്ക് ആരാണ് ഒരു തുണയാവുക… ഒറ്റപ്പെടലിന്റെ വേദന അതിന്റെ എല്ലാ തീവ്രതയിലും അവളെ കാർന്നു തിന്നാൻ തുടങ്ങി…

സഹകരണ ബാങ്കിലെ കടങ്ങളും മറ്റു ചില ബാധ്യതകളും ഒക്കെ അവളെ വിറങ്ങലിപ്പിച്ചു കൊണ്ട് മനോമുകുരത്തിലൂടെ കടന്ന് പോയി… ഏറ്റവും അവസാനം കഠിനമായ ചില തീരുമാനങ്ങൾ എടുക്കാൻ ആ വിചാരങ്ങൾ അവളെ നിർബന്ധിതയാക്കി… എല്ലാ തരത്തിലും ഒരു മാറ്റം അവൾക്ക് ആവശ്യമായിരുന്നു… കണ്മുന്നിൽ കാണുന്ന കാഴ്ചകൾ പലതും വേദനിപ്പിക്കുന്ന വാര്യം വിട്ട്… അച്ഛനെയും അമ്മയെയും ദേവേട്ടനെയും വിട്ട്.. അതിനുമപ്പുറം എന്നെങ്കിലും നവിയേട്ടൻ തേടി വന്നാൽ കണ്ടെത്താൻ പറ്റാത്ത ഒരിടം തേടി പോകാൻ ഗൗരി തീരുമാനിച്ചു…. വാര്യവും എഴുത്തുപുരയും വിറ്റിട്ട് ബാധ്യതകളൊക്കെ തീർത്ത് മറ്റെവിടെക്കെങ്കിലും പോകാൻ അവൾ തയ്യാറെടുത്തു…

പക്ഷെ അതിനായി ഒരാൾ സഹായിക്കാനും വേണമല്ലോ എന്നവൾ ചിന്തിച്ചു.. രവിയേട്ടനെ ഏർപ്പെടുത്തണ്ടാ എന്നവൾ കരുതി.. അവരും അറിയാൻ പാടില്ല താൻ എവിടെക്കാ പോകുന്നതെന്ന്… അറിഞ്ഞാൽ എന്നെങ്കിലും നവിയേട്ടൻ തേടി വരുമ്പോൾ തന്നെ കണ്ടെത്താൻ അത് കാരണമാകും… ഒരുപാടു നേരത്തെ ആലോചനക്ക് ശേഷം മറ്റൊരു മുഖം ഗൗരിയുടെ മനസ്സിൽ തെളിഞ്ഞു….🥀 Luv U all…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 25

Share this story