ആദിശൈലം: ഭാഗം 1

ആദിശൈലം:  ഭാഗം 1

എഴുത്തുകാരി: നിരഞ്ജന R.N

അപ്പായെ……. അമ്മയെവിടെ???? കാറിൽ ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ടുള്ള മാധവിന്റെ ചോദ്യംകേട്ടപ്പോൾ ദേവരാജൻ തിരിഞ്ഞുനോക്കി….. ഡോ, ഇറങ്ങുന്നില്ലേ… സമയം ഒരുപാടായി…. ദാ വരുന്നു ദേവേട്ടാ ഒരു അഞ്ചുമിനിറ്റ്…….. അത് പറഞ്ഞുകഴിയുംമുൻപേ സെറ്റ്സാരിയുടുത്ത് നീണ്ടമുടിയുടെ തുമ്പ്കെട്ടി, ലക്ഷ്മിദേവിയെപോൽ ഐശ്വര്യമാർന്ന ആ വീട്ടിലെ ഗൃഹനാഥയായ സുമിത്ര പുറത്തേക്ക് വന്നു………. നെറ്റിയിൽ തൊട്ട ചന്ദനവും സീമന്തരേഖയിലെ സിന്ദൂരവും ആാാ മുഖത്തെ ശോഭയ്ക്ക് മാറ്റ് കൂട്ടി………..

ഒരുനിമിഷം ആ മുഖത്തേക്ക് തന്നെ നോക്കിനിന്നുപോയി ദേവരാജൻ……… ഇതെന്താ ദേവേട്ടാ? എന്നെ ഇങ്ങെനെ നോക്കുന്നെ ഒരുമാതിരി ആദ്യം കാണുന്നതുപോലെ……… ആ കൈയിൽ ചെറുതായി ഒന്ന് തട്ടികൊണ്ട് സുമിത്ര ചോദിച്ചപ്പോഴാണ് നഷ്ടപ്പട്ട ബോധം ആൾക്ക് വന്നത്…… എന്നാലും എന്റെ ഭാര്യേ…… തനിക്ക് പ്രായം കൂടുതോറും സൗന്ദര്യം കൂടുവാണല്ലോ…. ഇപ്പോഴും പഴയ അതേ കല്യാണപെണ്ണ്……. നാണത്താൽ കലർന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ദേവൻ പറഞ്ഞതിന് മറുപടിയെന്നോണം ഡ്രൈവിങ്സീറ്റിൽനിന്ന് ഒരു ചുമ ഉയർന്നു… ശ്ശോ ദേവേട്ടാ… നിങ്ങൾക്ക് വന്ന് വന്ന് ഒരു നാണവുമില്ല…

ദേ ചെറുക്കൻ അടുത്തുണ്ടെന്ന് പോലും ഓർമയില്ലേ……. എന്റെ പൊണ്ടാട്ടിയെപറ്റിയല്ലേ ഞാൻ പറയണേ.. ആ ചെക്കനോട് പോകാൻ പറ…………………. അതും പറഞ്ഞ് സുമിത്രയെ അടുത്തേക്ക് പിടിച്ചുവലിക്കാൻ ഒരുങ്ങിയതും അവൾ കുതറിമാറി….. ദേ രണ്ടാളും റൊമാൻസും കളിചിരിക്കാനാണോ ഭാവം? എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ……….. മാധവിന്റെ ശബ്ദം വന്നതും സുമിത്ര കാറിലേക്ക് കയറി, പിന്നാലെ ദേവനും…….. മാധവത്തിന്റെ ഗേറ്റ് കടന്ന് ആ കാർ പോയതും മറ്റൊരു തറവാട്ടിലെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി……..

ഇത് മാധവം….. മാധവം ഇൻഡസ്ട്രിയൽസിന്റെ എംഡി ദേവരാജന്റെയും അഡ്വക്കേറ്റ് സുമിത്രദേവരാജന്റെയും സ്വർഗഭവനം….. ഇതിപ്പോൾ ഇവർ എവിടെപോകുവാണെന്ന് അറിയേണ്ടേ???? ദോ ആ വണ്ടി ഓടിക്കുന്ന ഇവരുടെ ആദ്യസന്താനത്തിന്റെ പെണ്ണുകാണൽ ആണിന്ന്…ദേവരാജനും സുമിത്രയ്ക്കും രണ്ട് മക്കളാണ്, മൂത്തത് മാധവ് കൃഷ്ണ പീഡിയാട്രീഷ്യൻ, അമ്മയുടെ തനിപകർപ്പ്, സൽസ്വഭാവി……….. ഇനി രണ്ടാമത്തേത് സൾഫ്യൂരിക് ആസിഡിന് കൈയും കാലും വെച്ച സ്വഭാവം..

അമ്മയെപ്പോലെ ആള് ഒരു പേരുകേട്ട വക്കീലാണെങ്കിലും കയ്യിലിരുപ്പ് അച്ഛന്റെ പോലെയാ……ആളുടെ റേഞ്ച് മനസ്സിലാക്കണമെങ്കിൽ ഈ പ്രായത്തിനിടയ്ക്ക് പഠിച്ചസ്കൂളുകളിലും കോളേജുകളിലുമായി കിട്ടിയ ടിസി യുടെ എണ്ണം നോക്കിയാൽ മതി…. ആളുടെ പേര്…….. അല്ലെങ്കിൽ വേണ്ട അവനെ ഇപ്പോൾ പരിചയപ്പെടുത്തുന്നില്ല….. അതിനുള്ള സമയം ആയിട്ടില്ല, കാരണം സൽസ്വഭാവിയായ ഒരു നായകൻ ഒരിക്കലും എന്റെ കഥയിലുണ്ടാകാറില്ല,

അത് മാത്രമല്ല കുരുത്തംകെട്ട നായികയ്ക്ക് ഒരു പാവത്തിനെ നായകനാക്കാൻ എന്തോ എന്റെ മനസാക്ഷി സമ്മതിക്കാത്തതുകൊണ്ടും അവനാണ് നമ്മുടെ നായകൻ,, ഇപ്പോൾ നായകനുള്ള എൻട്രി സമയം ആയിട്ടില്ല കുറച്ച് പഞ്ചോട്കൂടി അവന്റെ വരവിനായി കാത്തിരിക്കാം, മാധവത്തിന്റെ ഗേറ്റ് കടന്ന കാർ നിന്നത് ഒരു തറവാട്ട് മുറ്റത്തായിരുന്നു… അവിടെ അവരെകാത്തിരുന്നവരുടെ മുൻപിൽ അവർ ഇറങ്ങി….. അവരെ സ്വീകരിക്കാൻ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു തറവാട്ടിലെ പുരുഷകേസരികൾ….

വന്നകാലിൽ നില്കാതെ അകത്തേക്ക് വരൂ…. ആരോ മുതിർന്നവർ പറഞ്ഞതിൻപ്രകാരം എല്ലാരും അകത്തേക്ക് കടന്നു.. ആ പടി ചവിട്ടിയപ്പോൾ മാധവിന്റെ കണ്ണ് പോയത് തൂണിൽ ആലേഖനം ചെയ്ത ആ നാമത്തിലേക്കായിരുന്നു……. “”ആദിശൈലം… “” ആ നാമം അവനിൽ അതിശയം ഉണർത്തി….. ഹാളിലെ സെറ്റിയിൽ അവർഇരുന്നപ്പോഴേക്കും മുൻപിൽ ഒരു ബേക്കറി തന്നെ നിരന്നു….. കഴിക്കൂ…… സുഖല്ലേ…. അങ്ങെനെ അങ്ങെനെ ആരുടെയൊക്കെയോ ചോദ്യങ്ങൾക്ക് അച്ഛനമ്മമാർ ഉത്തരം നൽകുമ്പോൾ അവന്റെ കണ്ണ് സഞ്ചരിച്ചത് ആ തറവാട്ടിലെ ചിത്രപ്പണികളിലും അലങ്കാരങ്ങളിലുമൊക്കെയായിരുന്നു…..

പതിയെ അവന്റെ ഓർമകൾ പിന്നിലേക്ക് പോയി… അ ബ്രോക്കർ ആദ്യമായി വീട്ടിലേക്ക് വന്ന ദിവസം അവന്റെ മനസ്സിൽ മിന്നിമറഞ്ഞു……………. അപ്പായെ, എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട, സമയമാകുമ്പോൾ ഞാൻ പറഞ്ഞോളാം…….. കുറച്ച് ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ചർച്ചകൾക്കും ബ്രോക്കർമാരുടെ സ്ഥിരംസന്ദർശനത്തിനുമുള്ള ഉത്തരമായിരുന്നു അത്… പണ്ടെങ്ങാണ്ട് കണ്ടഒരു പെൺകൊച്ചിനെ ഓർത്ത് കല്യാണം കഴിക്കാതെ സന്യസിക്കാൻ പോകുവാണോ മോനെ നീ …..

ആ തലമുടികളിലൂടെ കുസൃതിനിറഞ്ഞ ഒരു തലോടൽ സമ്മാനിച്ചുകൊണ്ട് ദേവൻ പറഞ്ഞതുകേട്ട് അവൻ ചുണ്ട് കൂർപ്പിച്ചു…… അപ്പായെ………. അവൻ മുഖം ചുളുക്കി…. എന്നതാടാ കൊച്ചേ……… തുടങ്ങിയോ രണ്ടിന്റെയും കുട്ടിക്കളി… അപ്പനും കൊള്ളാം മോനും കൊള്ളാം………. ഡാ ചെക്കാ… വയസ്സ് 28 കഴിഞ്ഞ്, നിനക്കിനി വല്ല പെണ്ണുങ്ങളെയും കിട്ടുവോന്നാ എന്റെ സംശയം അപ്പോഴാ അവന് ഇപ്പൊ വേണ്ടാ പോലും…. ഇത്ര നാളും നീ പറയുന്നേ ഞങ്ങൾ കേട്ട്, ഇനി നീ ഞങ്ങൾ പറയുന്നേ കേട്ടാൽമതി…

ഒരുത്തൻ പറഞ്ഞേക്കുന്നെ ചേട്ടനെ പെട്ടെന്ന് കെട്ടിച്ചില്ലേൽ അവൻ എവിടുന്നെയെങ്കിലും ആരെയെങ്കിലും പിടിച്ചോണ്ട് വരുമെന്നാ… ആ ചെക്കൻ അതും ചെയ്യും അതിനപ്പുറവും ചെയ്യും…. അതുകൊണ്ട് എന്റെ പൊന്നുമോൻ അമ്മ പറയുന്നേകേൾക്ക്……….. സ്നേഹസമ്പന്നയായഭാര്യ രുദ്രകാളിയാകുന്നത് കണ്ട് പാവം ദേവൻ അവിടുന്ന് എസ്‌കേപ്പ് അടിച്ചു… അല്ലാതെ പാവത്തിന് വേറെ എന്ത് ചെയ്യാനാ? ഈ വയസ്സാകാലത്ത് ആ താണ്ഡവം സഹിക്കാൻ ഈ നെഞ്ചിന് ആവതില്ലല്ലോ 😜

കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അമ്മയുടെയും മകന്റെയും വാക്പോരിന് ഒരു അവസാനമായത്, അകത്തേക്ക് വന്ന ആളുടെ മുഖം കണ്ടതും മാധവിന്റെ മുഖം വരിഞ്ഞുമുറുകി … ഹാ രാമേട്ടാ… ഇരിക്ക്.. എന്തായി പറഞ്ഞകാര്യം???? ആകാംക്ഷയോടെയുള്ള സുമിത്രയുടെ ചോദ്യത്തിന് അയാളൊരു പുഞ്ചിരി മറുപടി നൽകി…… ഈ രാമൻ ഒരു കാര്യം ഏറ്റാൽ അത് ഏറ്റതാ…. ഇതാ ഫോട്ടോ……. അവരുടെ നേർക്ക് ഒരു ഫോട്ടോ നീട്ടികൊണ്ട് ബ്രോക്കർ പറഞ്ഞു…… നല്ല ഐശ്വര്യമുള്ള കുട്ടി അല്ലെ ദേവേട്ടാ….. ആ ഫോട്ടോയിലേക്ക് നോക്കികൊണ്ട് സുമിത്ര പറഞ്ഞതിനെ ദേവനും അംഗീകരിച്ചു…

മാധവിന്റെ കൈയിൽ ആ ഫോട്ടോ സുമിത്ര വെച്ചുകൊടുത്തു… പക്ഷേ, ആ ഫോട്ടോയൊന്ന് നോക്കാൻ അവന് തോന്നിയില്ല… എന്താ കുട്ടീടെ പേര്? എന്ത് ചെയ്യുന്നു? ദേവന്റെ ചോദ്യത്തിന് രാമേട്ടൻ ഉത്തരം പറയാനായി ഒരുങ്ങി….. പേര് അഭിനന്ദ, ഈ മെന്റലുള്ളവരെയൊക്കെ നോക്കുന്ന ഡോക്ടറാ… നല്ല കുടുംബമാ….ഇവിടെത്തെ പോലെ നല്ല ആഢ്യത്വമുള്ള തറവാട്…..അച്ഛൻ റിട്ടയേർഡ് DYSP വിശ്വനാഥൻ, അമ്മ അധ്യാപികയായിരുന്നു പേര് നന്ദിനി…. ഇത് മൂത്തകുട്ടിയാ, ഇളയത് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്……. തിരികെ റൂമിലേക്ക് പോകാനൊരുങ്ങിയ അവൻ പെട്ടെന്ന് നിശ്ചലനായി……

ആ പേര് അവന്റെ ചിന്തയെ ആകെ മാറ്റിമറിച്ചു…….. “”നന്ദ…..”” ആ ചുണ്ടിലറിയാതെ അങ്ങെനെഒരു നാമം ഉച്ചരിച്ചു ………. ആവേശത്തോടെ കൈയിലിരുന്ന ഫോട്ടോ അവൻ തിരിച്ചു…….. വർഷങ്ങൾക്ക് മുൻപ് ഹൃദയത്തിൽ പതിഞ്ഞ മിഴികൾ………… ഉറക്കം കെടുത്തിയ പുഞ്ചിരികൾ……….. വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും കാണുകയായിരുന്നു ആ രൂപം…….. ആ മുഖത്ത് വിടർന്ന ഭാവം ആ അച്ഛനും അമ്മയും ശ്രദ്ധിക്കാതിരുന്നില്ല…… ജാതകവും പൊരുത്തവുമൊക്കെ നോക്കി ഒന്നിനും ഒരു കുഴപ്പവുമില്ല എന്നുകൂടി രാമേട്ടൻ പറഞ്ഞപ്പോൾ നിറപുഞ്ചിരിയോടെ അത് അവർ പ്രൊസീഡ് ചെയ്തു…..

രാത്രിയിൽ കിടക്കുമ്പോഴും അവന്റെ മനസ്സ് അവളെ ആദ്യമായി കണ്ട നിമിഷത്തിലേക്ക് പോയി……. കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആയി അവൾ വരുന്നത്….റാഗിങ്ങിന്റെ പേരിൽ ക്ലാസ്സിലെ പെൺകുട്ടികൾ അവളെ പിടിച്ചുനിർത്തിയപ്പോൾ അത് ജീവിതത്തിലെ ഏറ്റവുംവലിയ വഴിത്തിരിവാകുമെന്ന് കരുതിയില്ല……. അന്നുവരെ ഒരു പ്രേമമോ ഇല്ലാതിരുന്ന എനിക്ക് പൂവ് നൽകി പ്രൊപ്പോസ് ചെയ്യണമെന്നും ഞാൻ തിരികെ യെസ് പറയാതെ ക്ലാസ്സിൽ കയറരുതെന്നുമായിരുന്നു അവരുടെ നിബന്ധന… പാവം ആ മുഖം അന്ന് നന്നേ വാടി…..

അവർ കൊടുത്ത റോസാപ്പൂവുമായി ആരോടോ സംസാരിച്ചുകൊണ്ടിരുന്ന എന്റെ അരികിൽ വന്നവളെ ഞാൻ ശ്രദ്ധിച്ചത് തോളിൽ വീണ അവളുടെ സ്പർശനത്തിലൂടെയായിരുന്നു……. പെട്ടെന്ന് തിരിഞ്ഞ് നോക്കിയ എന്റെ ഹൃദയം നിലച്ചതുപോലെ തോന്നിയെനിക്ക്… ഒരു സ്കൈബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ചുരിദാറായിരുന്നു അവളുടെ വേഷം… കണ്ണിലെ കണ്മഷി ഭീതിയാൽ പടർന്നു….. നെറ്റിയിലെ വെള്ളക്കൽ പൊട്ടും കാതിലെ കുഞ്ഞ് ജിമിക്കയും കൈകളിലെ സ്റ്റോൺവളകളും അവളുടെ ഭംഗി കൂട്ടി… ഒരുനിമിഷം സ്തബ്ധമായ ഞാൻ അവളുടെ സ്വരം കേട്ടാണ് ബോധത്തിൽ വന്നത്……..

ചേട്ടാ, പ്ലീസ് എന്നെ ഒന്ന് ഹെല്പ് ചെയ്യണം… ചേട്ടനെകൊണ്ട് എങ്ങെനെയെങ്കിലും യെസ് പറയിപ്പിച്ചില്ലേൽ ക്ലാസ്സിൽ കയറരുതെന്നാ പറഞ്ഞേകുന്നേ.. പ്ലീസ് ചേട്ടാ ഒന്ന് യെസ് പറയുവോ? അവളുടെ ആ നിഷ്കളങ്ക മുഖം അന്ന് നെഞ്ചിൽ കേറിപതിഞ്ഞതാ, പിന്നെ ഇതുവരെ പോയിട്ടില്ല… അന്ന് അവളോട് യെസ് പറഞ്ഞത് ഹൃദയത്തിൽ തട്ടിയായിരുന്നു……… ചിന്തകളെ തടഞ്ഞുനിർത്തി മേശയിൽ നിന്ന് ആ ഫോട്ടോ നെഞ്ചോട് ചേർക്കുമ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… കാത്തിരുന്നത് സ്വന്തമാക്കാൻപോകുന്നവന്റെ പുഞ്ചിരി…. പതിയെ ആ പുഞ്ചിരി അവനിലേക്ക് വന്നതും ഒരു ട്രയിൽ ചായയുമായി അവൾ വന്നു………

പിങ്ക് കളർ സാരിയിൽ മുടി അഴിച്ചിട്ട് മുല്ലപ്പൂവ് ചൂടിയിരിക്കുന്നു….. ഒരു കപ്പ് ചായ അവന്റെ നേർക്ക് നീട്ടുമ്പോൾ ആ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു മാധവ്………….. മുഖമുയർത്തിനോക്കിയ നന്ദയും ഒരുനിമിഷംഞെട്ടി….. പെട്ടെന്ന്തന്നെ ആ ചുണ്ടിൽ ഒരു മന്ദഹാസം കളിയാടി ….. എല്ലാവർക്കും ചായകൊടുത്ത് ഒരു വശത്തേക്ക് മാറിനിന്ന അവളെ തന്നെ കണ്ണെടുക്കാതെ നോക്കിനിന്നു അവൻ ……………. മൂന്ന് മക്കളാണെന്ന്‌ പറഞ്ഞു, ആരെയും കണ്ടില്ലല്ലോ……

കുശലന്വേഷണത്തിന്റെ ഭാഗമായി ദേവൻ ചോദിച്ചതിന് നന്ദയുടെ അച്ഛൻ ഉത്തരം പറയുംമുന്പേ ഒരു കാന്താരി മുന്നിലേക്ക് ചാടിവീണു…… ഹലോ അങ്കിളേ…. ഞാൻ ആഷ്‌ലി….. ആഷി എന്ന് വിളിക്കും അങ്കിൾ തിരക്കിയവരിൽ ഇളയസന്താനമാണ്… ഇവിടത്തെ കോളേജിലെ ഡിഗ്രി സ്റ്റുഡന്റാ…….. സുമിത്രയുടെ അരികത്തായി നിന്നുകൊണ്ട് അവൾ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു…… അപ്പോൾ നടുക്കഷ്ണം എവിടെ????? പെട്ടെന്നുള്ള സുമിത്രയുടെ ചോദ്യം കേട്ട് എല്ലാവരും നിശബ്ദരായി……

എന്തോ പെട്ടെന്ന് ഒരു മൂകത അവിടെ പരന്നു…… എന്താ പറ്റിയതെന്നറിയാതെ നിന്ന അവരോടായി നന്ദയുടെ അമ്മാവൻ പറഞ്ഞു…. അത്… അവൾ ഒരു ജേർണലിസ്റ്റ് ആണ്…. എന്തോ ഒരു ന്യൂസ്‌ കവറിങ്ങിനായി പോയിട്ട്ഒരാഴ്ച കഴിഞ്ഞു… എന്ന് വരുമെന്ന് അറിയില്ല… …….. എന്താ ആ കുട്ടീടെ പേര്……… അത്… അ….. അല്ല അങ്കിളേ പാവം ആ ചേട്ടൻ എന്റെ ചേച്ചിയെ നോക്കിനിൽക്കുന്നത് കണ്ടില്ലേ…. അവരെ എന്തെങ്കിലും സംസാരിക്കാൻ ഒന്നൊറ്റയ്ക്ക് വിട്ടിട്ട് പോരെ നിങ്ങളുടെ കത്തിയടി????? സുമിത്ര ചോദിക്കാൻ വന്നതിനിടയ്ക്ക് ആഷി മാധവിന്റെ കാര്യം അവതരിപ്പിച്ചതും എല്ലാരും അത് ശെരിവെച്ചു………

പോയിട്ട് വാ മോനെ.. മോളെ മോനെ കൂട്ടികൊണ്ട് പോ….. അച്ഛൻ പറഞ്ഞതനുസരിച്ച് നന്ദ പുറത്തേക്ക് മുൻപേ നടന്നു, പിന്നാലെ മാധവും.. പോകുന്നതിനുമുന്പ് ആഷിയെ നന്ദിരൂപത്തിൽ നോക്കുകയും ചെയ്തു…. ഗാർഡൻ ഏരിയയിലേക്കായിരുന്നു മാധുവിനെ അവൾ കൊണ്ടുപോയത്……… ചെന്ന് നിന്നിട്ട് കുറേ നേരമായെങ്കിലും എന്ത് സംസാരിക്കണമെന്നറിയാതെ രണ്ടാളും പരസ്പരദ്രുവങ്ങളിൽ നിന്നു….. ഒടുവിൽ ഒരു ദീർഘനിശ്വാസം ഇട്ട് മാധവ് തന്നെ സംസാരിക്കാൻ തുടങ്ങി…..

തനിക്ക് എന്നെ മനസ്സിലായോ??? മ്മ് മ്മ്മ് അതിനൊരു മൂളൽ മാത്രം അവൾ മറുപടി നൽകി…… തനിക്ക് ഒട്ടും മാറ്റമില്ല……. അവളുടെ സ്വരം കേൾക്കാനായി അവൻ ഓരോന്ന് പറഞ്ഞെങ്കിലും അവൾ മൂളലിൽ മറുപടിയൊരുക്കി… ഡോ, തനിക്ക് ഇഷ്ടായോ എന്നെ……. ഒടുവിൽ സ്ഥിരം പെണ്ണുകാണൽ ഡയലോഗ് അവനും അങ്ങ് അടിച്ചു……. മ്മ് മ്മ്. അതുമൊരു മൂളലിൽ ഒതുങ്ങിയപ്പോൾ എന്തോ മാധുവിന് ഒരു ദേഷ്യം തോന്നി….. ഇയാൾക്ക് മിണ്ടാൻ വയ്യേ… തെല്ല് അരിശത്തോടെ അവൻ ചോദിച്ചതിന് അവൾ ആ മുഖത്തേക്ക് നോക്കി…. അത്, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ചേട്ടനാണ് എന്നെ കാണാൻ വരുന്നതെന്ന്…

ഫോട്ടോ പോലും ആഷി എടുത്ത് മാറ്റിവെച്ചതാ … അതുകൊണ്ട് പെട്ടെന്ന് ചേട്ടനെ മുന്നിൽ കണ്ടപ്പോൾ എന്ത് പറയണം എന്നറിയില്ല…… അവളുടെ വിക്കി വിക്കി യുള്ള സംസാരം കേട്ടപ്പോൾ അവന് ശെരിക്കും ചിരിയാ വന്നേ…. അതടക്കിവെച്ച് അവളുടെ അടുക്കലേക്ക് കുറച്ചുകൂടി അവൻ നീങ്ങിനിന്നു………. അപ്പോൾ ഞാൻ എന്റെ അമ്മയോട് പറഞ്ഞേക്കട്ടെ ആ വിളക്ക് ഒരുക്കിവെക്കാൻ, ഈ പെണ്ണ് പെട്ടെന്ന് അവിടേക്ക് വലംകാൽ വെക്കുമെന്ന്?? മീശപിരിച്ചുകൊണ്ട് അവൻ പറഞ്ഞതുകേട്ട് നാണത്താൽ നന്ദയുടെ മുഖം താഴ്ന്നു…………  ചേട്ടായിയെ, കഴിഞ്ഞില്ലേ…. കട്ടുറുമ്പായി ആഷിയുടെ വരവ് നന്ദയിൽ നിന്ന് അകലംപാലിക്കാൻ മാധുവിനെ നിർബന്ധിതനാക്കി………….

അപ്പോഴേക്കും എല്ലാരും അവിടേക്ക് വന്നു…. രണ്ടാളുടെയും മുഖം കണ്ടപ്പോഴേ അഭിപ്രായം എന്തായിരിക്കുമെന്ന് എല്ലാർക്കും മനസ്സിലായി…സന്തോഷത്തോടെ അവരെ മാധവത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കാറിൽ കയറുമ്പോൾ നന്ദയുടെ ഫോൺ നമ്പർ ആഷിയുടെ കൈയിൽ നിന്ന് വാങ്ങാൻ മാധു മറന്നില്ല ……………. പുഞ്ചിരിയോടെ അവരെ യാത്രയാക്കി ആദിശൈലം……… അപ്പോഴേക്കും ആഷിയുടെ ഫോൺ നിർത്താതെ കാൾ ചെയ്യാൻ തുടങ്ങി………………. ആരാ ഇങ്ങെനെ കിടന്ന് വിളിക്കാൻ???? അമ്മാവന്റെ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേഅവർക്കുണ്ടായിരുന്നുള്ളു…. മറ്റാര്? ഇവിടുത്തെ നടുകഷ്ണം തന്നെ…….. !!! …. തുടരും

Share this story