നിനക്കായ് : ഭാഗം 31

നിനക്കായ് : ഭാഗം 31

എഴുത്തുകാരി: ഫാത്തിമ അലി

“ഏട്ടായീ….” ശ്രീയെ കുറച്ച് അപ്പുറത്തേക്കായി മാറ്റി നിർത്തിക്കൊണ്ട് പോവാനൊരുങ്ങിയ അലക്സിന്റെ കൈയിൽ ചുറ്റി പിടിച്ച് കൊണ്ട് അവൾ വിളിച്ചതും ഒരു നിമിഷത്തേക്ക് അവന്റെ കാലുകൾ തറഞ്ഞ് നിന്നു… “എ…എന്താ…എന്താ വിളിച്ചേ…?” ശ്രീക്ക് നേരെ തിരിഞ്ഞ് നിന്ന് വിശ്വാസം വരാതെ അവനൊന്ന് കൂടി ചോദിച്ചു… “അത്…ഞാൻ പെട്ടെന്ന്…എന്തോ ഒരു തോന്നലിൽ… അറിയാതെ….” അവന്റെ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാവാത്ത ശ്രീ ഇഷ്ടമായില്ലേ എന്നോർത്ത് വിഷമത്തോടെ ഷാളിൽ തൊരുപ്പിടിച്ചു കൊണ്ട് അലക്സിനെ നോക്കി….

അച്ഛന്റയും പണ്ട് അവളുടെ കണ്ണേട്ടന്റെയും അടുത്ത് നിന്ന് മാത്രം കിട്ടിയിരുന്ന ഒരു സുരക്ഷിതത്വം അലക്സിന്റെ കൂടെ നിന്നപ്പോൾ അവൾക്ക് അനുഭവപ്പെട്ടിരുന്നു… ഒരു നിമിഷം അത് തന്റെ ഏട്ടനായിരുന്നെങ്കിൽ എന്ന ചിന്തയിൽ അവൾ അറിയാതെ വിളിച്ച് പോയതായിരുന്നു…. “ഇഷ്ടായില്ലേൽ….” “ഒന്നു കൂടി അങ്ങനെ വിളിക്കാവോ….?” അലക്സ് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട ശ്രീ അവനോട് എന്തോ പറയാൻ ആഞ്ഞപ്പോഴാണ് അവന്റെ ചോദ്യം… അവന്റെ മുഖത്ത് പറഞ്ഞറിയാക്കാൻ പറ്റാത്ത പല ഭാവങ്ങളും മിന്നി മറയുന്നുണ്ടായിരുന്നു… “ഏ..ട്ടായീ….” അലക്സിന്റെ മുഖത്തേക്ക് ഉറ്റ് നോക്കിക്കൊണ്ട് ഒരിക്കൽ കൂടി വിളിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു…

“അയ്യോ..ഏട്ടായീ…എന്താ കണ്ണ് നിറഞ്ഞിരിക്കുന്നേ…?എന്ത് പറ്റി…?” “ഏയ്…അത്…അതൊന്നുല്ല മോളേ…” അവന് എന്ത് പറ്റിയതാണെന്ന് മനസ്സിലാവാതെ ആകുലതയോടുള്ള അവളുടെ ചോദ്യം കേട്ട് അലക്സ് പെട്ടെന്ന് കണ്ണുകൾ തുടച്ചു… “അല്ല…മോളെന്തിനാ എന്നെ വിളിച്ചത്…?” ശ്രീയുടെ സംശയത്തോടെയുള്ള നോട്ടം കണ്ട് അവളുടെ ശ്രദ്ധ തിരിക്കാനായി ചോദിച്ചു… “അതോ…അന്ന വരുന്നത് വരെ എന്റെ കൂടെ ഇരിക്കാവോ… ഒറ്റക്ക് നിന്നിട്ട് എന്തോ പോലെ….” അവളുടെ നിശ്കളങ്കതയോടെയുള്ള ചോദ്യം കേട്ട് അലക്സ് വാത്സല്യത്തോടെ അവളെ നോക്കി പുഞ്ചിരിച്ച് അവളുടെ കൂടെ തന്നെ നിന്നു… കുറച്ച് സമയം കഴിഞ്ഞതും ശ്രീ കാല് കടഞ്ഞ് ആകെ അസ്വസ്ഥതയോടെ ചുറ്റിലും നോക്കി….

അവർ നിൽക്കുന്നതിന്റെ കുറച്ച് മാറി രണ്ട് ചെയറുകൾ കിടക്കുന്നത് കണ്ടതും ശ്രീ ഇടം കണ്ണിട്ട് അലക്സിനെ നോക്കി.. മാറിൽ കൈ പിണച്ച് കെട്ടി നിന്ന് കൊണ്ട് അവൻ മറ്റെന്തോ ആലോചനയിൽ ആയിരുന്നു… “ശൂ…ഏട്ടായീ..” “മ്മ്…എന്താ ടാ….?” അവന്റെ തോളിൽ കൈ എത്തിച്ച് തോണ്ടി വിളിച്ചതും അലക്സ് ഞെട്ടി തിരിഞ്ഞ് നോക്കി… “കുറേ നേരായില്ലേ നിൽക്കുന്നു….കാല് കഴക്കുവാ…നമുക്ക് അങ്ങോട്ട് ചെന്ന് ഇരുന്നാലോ….” ശ്രീ അവിടെയുള്ള ചെയറിന് ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ പോയി ഒരു ചെയർ എടുത്ത് കൊണ്ടു വന്ന് ഇട്ടു.. “ഇരിക്ക്….”

മിഴിച്ച് നോക്കുന്ന ശ്രീയ്ക്ക് നേരെ കണ്ണ് കാണിച്ച് ചെയറിൽ ഇരിക്കാനായി പറഞ്ഞതും അവൾ അലക്സിനെ കൂർപ്പിച്ചൊന്ന് നോക്കി വേഗം ചെന്ന് വേറൊരു ചെയറും എടുത്ത് വന്നു… “ഇനി ഇരിക്കാം….” അലക്സിന് അടുത്തേക്ക് വെച്ച് കൊടുത്ത് കൊണ്ട് ചെയറിൽ ഇരുന്നതും അവനൊന്ന് പുഞ്ചിരിച്ച് അവൾക്ക് അടുത്തായി ഇരുന്നു… അവന് ശ്രീയോട് എന്തൊക്കെയോ സംസാരിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും എന്തോ ഒരു തടസ്സം പോലെ തോന്നിയിരുന്നു…. “അതേ…” “മ്മ്….?” “ഏട്ടായി മൗന വൃതത്തിൽ വല്ലതും ആണോ….?” “അല്ല…എന്തേ അങ്ങനെ ചോദിച്ചത്….?” “ഏയ്…ഒന്നും സംസാരിക്കാത്തത് കൊണ്ട് ചോദിച്ചതാണ്….

നമ്മൾ ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല അല്ലേ…?” “മ്മ്…” “പക്ഷേ എനിക്കറിയാട്ടോ ഏട്ടായിയെ….ചെകുത്താനെ പറ്റി അന്നക്കുട്ടി കുറേ പറഞ്ഞ് തന്നിട്ടുണ്ട്….ശ്ശ്…” പറഞ്ഞ് തീർന്നപ്പോഴാണ് ശ്രീക്ക് താനെന്താണ് ചെയ്തതെന്ന് ഓർമ്മ വന്നത്…. ആ ഒരു ഫ്ലോയിൽ പറഞ്ഞപ്പോ അറിയാതെ ചെകുത്താൻ എന്ന് കയറി വന്നതാണ്… അബദ്ധം പിണഞ്ഞത് പോലെ നാവ് കടിച്ച് ഒരു കണ്ണിട്ട് ശ്രീ അലക്സിന് നേരെ നോക്കി… അന്നമ്മ പറഞ്ഞതനുസരിച്ച് ദേഷ്യം വരേണ്ടതാണെങ്കിലും അവന്റെ മുഖത്ത് തെളിഞ്ഞ് വന്ന പുഞ്ചിരി കണ്ട് ശ്രീക്ക് ആശ്വാസം തോന്നി… “ഇപ്പോ വരാം ട്ടോ…” അവളൊന്ന് ഇളിച്ച് കാണിച്ചതും അലക്സ് അവളെ നോക്കി ഇരു കണ്ണുകളും ചിമ്മി ചെയറിൽ നിന്നും എഴുന്നേറ്റ് പോയി…

അവൻ പോവുന്നത് കണ്ട് സംശയത്തോടെ നോക്കി നിന്ന ശ്രീയുടെ അടുത്തേക്ക് ഒരു ബൗളിൽ ഐസ്ക്രീമും ആയിട്ടാണ് അലക്സ് വന്നത്… “നോക്കണ്ട…നിനക്ക് തന്നെയാ…” കണ്ണുകൾ വിടൽത്തി നിൽക്കുന്ന ശ്രീക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞതും അവൾ വാങ്ങിച്ചു… “ഏട്ടായിക്ക് വേണ്ടെ…?” “വേണ്ട…നീ കഴിച്ചോ….?” അവന് നേരെ നീട്ടിയെങ്കിലും അലക്സ് സ്നേഹത്തോടെ നിരസിച്ചു… ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പോകെ പോകെ അലക്സ് ശ്രീയോടും സംസാരിക്കാനായി തുടങ്ങി… ഇവരുടെ കളി ചിരികൾ കുറച്ച് മാറി നിന്ന് വീക്ഷിക്കുന്ന രണ്ട് ജോഡി കണ്ണുകളെ അലക്സോ ശ്രീയോ ശ്രദ്ധിച്ചിരുന്നില്ല…. *****

“ആന്റീ…ഒരു സെക്കന്റ്….ഞാനിപ്പോ വന്നേക്കാം…” ശ്രീയുടെ അടുത്ത് നിന്നും അന്നമ്മയെ അവളുടെ ആന്റി പിടിച്ച് കൊണ്ട് പോവുന്നതിനിടക്ക് അവരെ നോക്കി പറഞ്ഞു… “ആ…വേഗം വന്നേക്കണം…ഞാനിവിടെ ഉണ്ടാവും…നിന്നെ കൈയോടെ കൂട്ടിക്കൊണ്ട് ചെല്ലാനാ അമ്മച്ചി പറഞ്ഞേക്കുന്നേ…” ആന്റി പറഞ്ഞത് കേട്ട് അവളൊന്ന് ഇളിച്ച് കാട്ടി വേഗം എതിർ ഭാഗത്തേക്ക് നടന്നു.. അവിടെ ഒരു സൈഡിലായി ഫോണിൽ സംസാരിച്ച് കൊണ്ട് പുറം തിരിഞ്ഞ് നിൽക്കുന്ന സാമിന്റെ തോളിലായി ഒരു തട്ട് വെച്ച് കൊടുത്തു… സാം തല മാത്രം ചെരിച്ച് കൊണ്ട് നോക്കിയതും അവൾ അവനോട് മുഖം താഴ്ത്താനായി പറഞ്ഞു… “ടീ…നീ എന്നാ ടീ ഇവിടെ…ദുർഗ ഒറ്റക്കാണോ…?:

“ആ…അത് പറയാനാ വന്നേ…ആ മറിയാന്റി പിടിച്ച പിടിയാലെ ആരെയോ പരിചയപ്പെടുത്താൻ കൊണ്ട് പോകുവാ…ദച്ചു വിളിച്ചിട്ട് വന്നില്ല…ഇച്ച ഒന്ന് ശ്രദ്ധിച്ചേക്കണേ…അവളവിടെ ഒറ്റക്കാണ്….” ഫോൺ ചെവിയിൽ നിന്ന് മാറ്റി പിടിച്ച് തല താഴ്ത്തിയ സാമിനോട് പതിയെ പറഞ്ഞതും അവൻ ശരിയെന്ന് തലയാട്ടി… ശ്രീയുടെ അടുത്തേക്ക് പോവാനായി സാം ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും അവന്റെ തോളിലൊരു പിടി വീണതും ഒന്നിച്ചായിരുന്നു… “ടാ മോനേ…നീ ഒന്ന് എന്റെ കൂടെ വന്നേ…” “എന്നതാ വല്യപപ്പേ…” “ഹാ…ഒരു കാര്യം ഉണ്ടെടാ ഉവ്വേ…നീയിങ്ങ് വന്നേ…” “വല്യപപ്പേ…ഒരു മിനിട്ട് ഞാനൊന്ന്….”

“ആ…നിക്ക് സാമേ..ആദ്യം നീ എന്റെ കൂടെ വാ….” സാമിനെ വിളിച്ച് കൊണ്ട് പോവുന്ന സേവ്യറിനോട് മറുത്ത് പറയാൻ തോന്നാതെ അയാൾക്കൊപ്പം പോവുന്നതിനിടക്കാണ് സ്റ്റേജിന് സൈഡിലായി നിൽക്കുന്ന അലക്സിനെ സാം കണ്ടത്… “ടാ….” പോവുന്ന പോക്കിന് അലക്സിനെ പിടിച്ച് വലിച്ച് ശ്രീയെ ചെന്ന് നോക്കാൻ ഏൽപ്പിച്ച് സാം സേവ്യറിന് പിന്നാലെ നടന്നു… **** കുറച്ച് സമയം കഴിഞ്ഞതും സാം അവരുടെ അടുത്ത് നിന്നും സ്കൂട്ടായി ശ്രീയെ നോക്കി വന്നപ്പോഴാണ് അന്നമ്മയും അവന്റെ അടുത്തേക്ക് എത്തിയത്… “ഇച്ചേ….ദച്ചു എവിടെ…?ഞങ്ങൾ നിന്ന അവിടെ നോക്കിയിട്ട് കണ്ടില്ല…

ഇച്ചേടെ കൂടെ ഇല്ലേ അവൾ…?” അന്നമ്മ ടെൻഷനോടെ സാമിനെ നോക്കി ചോദിച്ചതും അവൻ അവളുടെ മുഖം ചെറുതായിട്ടൊന്ന് ദിശ തിരിച്ച് അങ്ങോട്ട് നോക്കാനായി പറഞ്ഞു… സാം കണ്ണ് കാണിച്ച ഇടത്തേക്ക് നോക്കിയ അന്നമ്മ അറിയാതെ വാ പൊളിച്ച് പോയി… കൈയിലെ ബൗളിൽ ഉണ്ടായിരുന്ന ഐസ്ക്രീം കഴിക്കുന്നതിനിടക്ക് ശ്രീ എന്തോ പറഞ്ഞത് കേട്ട് ചിരിക്കുന്ന അലക്സിനെ കണ്ട് മിഴിച്ച കണ്ണുകളോടെ അവൾ സാമിനെ നോക്കി… എന്നാൽ ആശ്ചര്യത്തിന് പകരം അവന്റെ മുഖത്ത് തെളിഞ്ഞ് നിന്ന പുഞ്ചിരി കണ്ട് ഒന്നും മനസ്സിലാവാതെ അന്നമ്മ കണ്ണുകൾ തിരുമ്മി ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി… “ഇച്ചേ…..” “എന്നാടീ….?” “കർത്താവേ…ഞാൻ എന്നതാ ഈ കാണുന്നേ…

എന്നെ ഒന്ന് നുള്ളിക്കേ…ഇത് സ്വപ്നം ഒന്നും അല്ലല്ലോ….?” അന്നമ്മ പറഞ്ഞത് കേൾക്കാൻ കാത്തെന്ന പോലെ അവളുടെ തലയിൽ ഒന്ന് കൊട്ടിയതും വേദനിച്ച് മുഖം ചുളുക്കിക്കൊണ്ട് സാമിനെ നോക്കി…. “നോക്കിക്കേ…ഇച്ചായൻ…എന്നതാ ഇച്ചേ ഇതെല്ലാം…?എനിക്കൊന്നും മനസ്സിലാവുന്നില്ല…” “അതെന്നാന്ന് അറിയോ വാവേ…അവന് അവന്റെ മാളൂ നെ തിരികെ കിട്ടിയതിന്റെ സന്തോഷം ആണ്….” “മാളു….?” “മ്മ്….” “പക്ഷേ….ദച്ചു…എങ്ങനെ….ഒന്ന് തെളിച്ച് പറ ഇച്ചേ….?” അന്നമ്മയുടെ കഴുത്തിലൂടെ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ച് ലോക്ക് ചെയ്ത സാം അലക്സ് അവനോട് പറഞ്ഞ് കൊടുത്തതെല്ലാം അവളോടായി പറഞ്ഞു…

“എന്നതാ ടാ….എന്നാത്തിനാ ഇച്ചേടെ വാവ കരയുന്നേ…?കണ്ണ് തുടച്ചേ…ആരെങ്കിലും കാണും മോളേ….കണ്ണ് നിറയാനും മാത്രം എന്നാ പറ്റിയേ…?” അന്നയുടെ കണ്ണുകളിൽ നനവൂറുന്നത് കണ്ട് സാം വല്ലായ്മയോടെ ചോദിച്ചു… “സന്തോഷം കൊണ്ടാ ഇച്ചേ…എത്ര കാലം കൂടിയാ ഇച്ചായൻ ഇങ്ങനെ ഒന്ന് ചിരിച്ച് കണ്ടത്…” “അതിന്…കണ്ണ് നിറക്കാണോ വേണ്ടത്…എന്റെ അന്നമ്മ സന്തോഷം വന്നാൽ ഇങ്ങനെ അല്ലായിരുന്നല്ലോ പ്രകടിപ്പിക്കാറ്…?” സാം കുസൃതിയോടെ ചോദിച്ചതും അന്നമ്മ ഒന്ന് ഉയർന്ന് വന്ന് തല ചെരിച്ച് കുനിഞ്ഞ് നിന്ന അവന്റെ കവിളിൽ അമർത്തി കടിച്ചു…

“ഊഹ്….എന്നാ കടിയാ ടീ….വേദനിച്ചു…” “സന്തോഷം കൂടുതലായിട്ടാ…കടി അൽപം സ്ട്രോങ് ആയത്….” “ഓഹ്….നിങ്ങളിവിടെ ഇച്ചയും പെങ്ങളും സ്നേഹിച്ച് നിൽക്കുവാണോ…ഇങ്ങ് വന്നേ സാമേ…കേക്ക് സെറ്റ് ചെയ്യണ്ടേ…അലക്സ് എവിടെ…?” “ആഹ്…അവനിപ്പോ വരും…അന്നമ്മോ…നീ അങ്ങോട്ട് ചെല്ല്…പിന്നേ…ഇന്നാ നിന്റെ കാഡ്ബറീസ്…” ക്രിസ്റ്റിയുടെ കൂടെ പോവാൻ നിന്ന സാം പോക്കറ്റിൽ നിന്നും രണ്ട് കാഡ്ബറി എടുത്ത് കൊടുത്തതും അന്നമ്മ രണ്ടാമത്തേതിലേക്ക് നോക്കി സംശയത്തോടെ സാമിന് നേരെ പുരികം ഉയർത്തി… അവനൊരു കള്ളച്ചിരായോടെ കണ്ണുകൾ ഇറുക്കിയതും അന്നമ്മ കാര്യം മനസ്സിലായ പോലെ തലയാട്ടി ശ്രീയടെ അടുത്തേക്ക് നടന്നു…

അടുത്താരോ വന്നത് പോലെ തോന്നി തലയുയർത്തി നോക്കി അലക്സും ശ്രീയും മാറിൽ കൈ പിണച്ച് കുസൃതി ചിരിയോടെ നിൽക്കുന്ന അന്നമ്മയെ കണ്ടു… അത്രയും നേരം ചിരി നിറഞ്ഞ് അലക്സിന്റെ മുഖം പതിയെ മാറി വരുന്നത് കണ്ട ശ്രീ അവനെ നോക്കി സൈറ്റ് അടിച്ച് കളിക്കുന്ന അന്നമ്മയെ കണ്ട് പൊട്ടി വന്ന ചിരി കടിച്ച് പിടിച്ച് താഴേക്ക് നോക്കി ഇരുന്നു… അലക്സ് ദേഷ്യം വന്ന് എഴുന്നേറ്റ് പോയത് അറിഞ്ഞ ശ്രീ കണ്ണുകൾ കൂർപ്പിച്ച് അവളെ നോക്കിയതും അന്നമ്മ ഇതൊന്നും തന്നെ ബാധിക്കുന്നില്ല രീതിയിൽ അവനിരുന്ന ചെയറിൽ ചെന്നിരുന്ന് കൈയിലെ കാഡ്ബറിയിൽ ഒന്നെടുത്ത് പൊട്ടിക്കാൻ നോക്കി…

“ഈ പെണ്ണ്….” “എന്തേ നിനക്ക് വേണോ…?തരൂല മോളേ….” അന്നമ്മ ചുണ്ട് ചുളുക്കി പറഞ്ഞതും ശ്രീ കുറുമ്പോടെ അവളുടെ കൈയിൽ നിന്ന് മറ്റൊരെണ്ണം ഉള്ളത് തട്ടി പറിച്ചെടുത്തു… “ബ്വാ…” ശ്രീക്ക് നേരെ നാക്ക് നീട്ട് കാണിച്ച അന്നമ്മയെ അവളൊരു ചിരിയോടെ നോക്കി… **** ശ്രീയുടെ അടുത്ത് നിന്നും പോന്ന അലക്സ് സാമിനെയും കൂട്ടി നേരത്തെ ശ്രിയെ ശല്യം ചെയ്ത രണ്ട് ചെക്കൻമാരെയും കൈയോടെ കൂട്ടിക്കൊണ്ട് വീടിന്റെ പിന്നിലേക്കായി പോയി…. ആരും വരുന്നില്ലെന്ന് കണ്ടതും അലക്സും സാമും രണ്ട് പേരുടെയും കഴുത്തിലായി പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി…

അവർക്കൊന്ന് ചിന്തിക്കാൻ സമയം കൊടുക്കുന്നതിന് മുൻപേ തന്നെ ഇരുവരുടെ കണ്ണിന് താഴേയായി അലക്സിന്റയും സാമിന്റയും മുഷ്ടി പതിഞ്ഞിരുന്നു… “ഇച്ചായൻമാർ ഇത് എന്തിന് തന്നതാണെന്ന് മനസ്സിലായോ രണ്ടാൾക്കും…?” സാം കൈ കുടഞ്ഞ് കൊണ്ട് ചോദിച്ചതും ഇടി കിട്ടിയ സ്ഥലത്ത് കൈ അമർത്തി പിടിച്ച് അവർ ഒരുമിച്ച് മനസ്സിലായെന്ന രീതിയിൽ തലയാട്ടി… “ഇനി ഏതെങ്കിലും പെൺകുട്ടികൾ ഒറ്റക്ക് നിൽക്കുന്നത് കണ്ട് അവരെ ശല്യം ചെയ്യാനെങ്ങാൻ നിന്നാ….” “ഇനി ഞങ്ങൾ പെൺകുട്ടികളുള്ള ഏരിയയിലേക്ക് പോവില്ല ഇച്ചായാ….” രണ്ടാളും ഒരേ സ്വരത്തോടെ ദയനീയമായി പറഞ്ഞതും രണ്ട് പേരും ഒന്ന് അമർത്തി മൂളി അവരോട് പോവാനായി പറഞ്ഞു…

കുറച്ച് സമയം കഴിഞ്ഞതും കേക്ക് കട്ട് ചെയ്യാനായി അമ്മച്ചി വന്നു… സ്റ്റേജിൽ മൊത്തം അവരുടെ ഫാമിലി ആണെന്നത് കൊണ്ട് ഒഴിഞ്ഞ് മാറാൻ നിന്ന ശ്രീയെ അന്നമ്മ പിടിച്ച് അവളുടെ കൂടെ നിർത്തിച്ചു… കേക്ക് കട്ടിങ് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വന്നവരെല്ലാവരും തിരികെ അവരവരുടെ വീടുകളിലേക്ക് പോയി തുടങ്ങി…. അലക്സിനെ വീട്ടിൽ നിന്ന് ചേടത്തി വിളിച്ചതും അവരോട് സംസാരിച്ച് സ്റ്റേജിന് പിറകിലായുള്ള മരത്തിൽ ചാരി നിൽക്കുകയായിരുന്നു….. ഫോൺ വെച്ച് കഴിഞ്ഞ് തിരിഞ്ഞതും ഇടുപ്പിൽ കൈ കൊടുത്ത് തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന അന്നമ്മയെ കണ്ട് അവനൊന്ന് പരുങ്ങി…

“ഹാ…പോവല്ലേ ചെകുത്താനേ….” അവളെ രൂക്ഷത്തോടെ നോക്കി കടന്ന് പോവാൻ ഒരുങ്ങിയതും അന്ന കൈ വിടർത്തി അവനെ തടഞ്ഞു…. “അന്ന…മാറിനിൽക്ക്….” “ഹാ…എന്നതാന്നേ….ചെകുത്താന് എന്തോ കള്ളക്കളി ഉള്ളത് പോലെ….” “എന്ത് കള്ളത്തരം….” “മ്ഹും…പിന്നെ…ചെകുത്താനേ…ഞാനിന്നൊരു സൊപനം കണ്ടിരുന്നു….ഞാനിങ്ങനെ ദേ ഈ നെഞ്ചിൽ ചേർന്ന് കിടന്ന് ഉറങ്ങുന്നതും ഇച്ചായൻ എന്നെ ചേർത്ത് പിടിച്ച്….” “ആരാ ടീ നിന്നെ ചേർത്ത് പിടിച്ചത്…നീ അല്ലേ ഉറങ്ങി കിടന്ന എന്റെ നെഞ്ചത്തോട്ട് വന്ന് പറ്റിയത്….അറിയാതെ ചിലപ്പോ എന്റെ കൈയോ കാലോ തട്ടി കാണും…” “ഹാ…അതിന് ഞാനെപ്പഴാ ഇച്ചായൻ എന്നെ കെട്ടി പിടിച്ചെന്ന് പറഞ്ഞത്…

സ്വപ്നം കണ്ടെന്നല്ലേ പറഞ്ഞുള്ളു….” അന്നമ്മയുടെ സ്വരത്തിൽ കളിയാക്കൽ നിറഞ്ഞതും അലക്സ് ദേഷ്യം കൊണ്ട് വിറച്ചു… അവളുടെ ചുമലിൽ അമർത്തി പിടിച്ച് മരത്തിലേക്ക് ചേർത്ത് നിർത്തി അന്നമ്മയുടെ കവിളിൽ കുത്തി പിടിച്ചു…. “എന്താ ടീ പുല്ലേ….നീ ഒരുപാടങ്ങ് ആളാവാൻ നിക്കരുത്…. സാമിനെ ഓർത്ത് മാത്രമാണ് നിന്റെ സകല തോന്ന്യാസത്തിനും ഞാൻ ക്ഷമിച്ച് നിൽക്കുന്നത്…അല്ലാതെ നിന്നോടുള്ള പ്രേമം കൊണ്ടാണെന്ന് തോന്നൽ മോൾക്ക് ഉണ്ടെങ്കിൽ അതങ്ങ് കുഴി കുത്തി മൂടിയേക്ക്….കേട്ടോ ടീ കോപ്പേ….നിന്നെ ഒരിക്കലും….ഒരിക്കലും ഞാൻ സ്നേഹിക്കില്ല….i just hate you….”

അലക്സിന്റെ വിരലുകൾ ബലപ്രയോഗത്താൽ കവിളിനെ നന്നായി വേദനിപ്പിച്ചെങ്കിലും അന്നമ്മ അവനെ തടയാനോ തട്ടി മാറ്റാനോ ശ്രമിച്ചില്ല… അവന്റെ വാക്കുകൾ ഹൃദയത്തെ കീറി മുറിക്കുന്നത് അറിഞ്ഞെങ്കിലും അവന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞ് അവളങ്ങനെ നിന്നു…. ശരീരത്തിന്റെയും മനസ്സിന്റയും വേദനയിൽ എപ്പോഴോ അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുണ്ണി കണ്ണുനീർ ഉതിർന്ന് വീണപ്പോഴാണ് അലക്സിന് താൻ ചെയ്ത പ്രവർത്തിയെ കുറിച്ച് ഓർമ വന്നത്…. പെട്ടെന്ന് തന്നെ അവൻ കൈ പിൻവലിച്ച് കൊണ്ട് അന്നയെ നോക്കാതെ ധൃതിയിൽ പുറത്തേക്ക് പോയി…. അവൻ പോയി കഴിഞ്ഞതും അന്നമ്മ കണ്ണുകൾ ഇറുക്കെ അടച്ച് മരത്തിന് ചാരി നിന്നു….

അൽപ നേരം അങ്ങനെ നിന്ന അവൾ മുഖം അമർത്തി തുടച്ച് പതിവ് പുഞ്ചിരിയോടെ പുറത്തേക്കിറങ്ങിയതും തന്നെ കൂർപ്പിച്ച് നോക്കുന്ന ശ്രീയെ കണ്ട് ഒന്ന് പരുങ്ങി… “നീ ഇത് എവിടെ പോയതായിരുന്നു പെണ്ണേ….ഇപ്പോ വരാമെന്ന് പറഞ്ഞ് എന്നെ അവിടെ പോസ്റ്റാക്കി ഏട്ടായീടെ കൂടെ സല്ലപിക്കുവായിരുന്നോ….?” ശ്രീ അന്നമ്മയുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ പതിയെ ഒന്ന് അടിച്ച് കൊണ്ട് ചോദിച്ചപ്പോഴാണ് അവൾ അന്നമ്മയുടെ മുഖത്തെ പാട് ശ്രദ്ധിക്കുന്നത്… അവളുടെ വെളുത്ത കവിളുകളിൽ അലക്സിന്റെ വിരലിന്റെ പാട് ചുവന്ന് കിടന്നിരുന്നു…. “അയ്യോ…മോളേ…എന്ത് പറ്റിയതാ ടാ….?” “ഹാ…ഒന്നൂല്ല ദച്ചൂസേ…നീ ഒച്ച വെച്ച് ആളെ കൂട്ടാതെ…”

“കളിക്കാതെ പറയുന്നുണ്ടോ നീ…ഏട്ടായി….?” ശ്രീ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയതും അന്നമ്മ ഒന്ന് ഇളിച്ച്കാണിച്ചു… “ടീ..” “എന്റെ കൊച്ചേ നിനക്ക് ചോദ്യം ചോദിക്കാനുള്ള സമയം ഞാൻ തരുന്നുണ്ട്….ഇപ്പോ മോൾ എന്റെകൂടെ റൂമിലേക്ക് വന്നേ….ആരെങ്കിലും കാണാതെ ഇതൊന്ന് ഒഴിവാക്കണം….” അന്നമ്മ ശ്രീയെയും കൂട്ടി കിച്ചൺ വഴി അവളുടെ റൂമിലേക്ക് പോയി…ഭാഗ്യത്തിന് അവിടെ എങ്ങും ആരും ഇല്ലായിരുന്നു…. റൂമിൽ എത്തിയതും പാട് മായ്ക്കാനുള്ള പെടാപ്പാടിലായിരുന്നു അന്നമ്മ… ഒരുവിധം പാട് മായ്ചതും ഷേർളി പോവാനായി ഇറങ്ങിയിരുന്നു….

ശ്രീയെ അന്നമ്മ നിർബന്ധിച്ച് അവളുടെ കൂടെ താമസിക്കാനായി പറഞ്ഞു… ഒടുവിൽ അവളുടെ വാശിക്ക് ശ്രീക്ക് സമ്മതിച്ച് കൊടുക്കേണ്ടി വന്നു… “നീ ചെന്ന് ഫ്രഷ് ആയി വാ….” ശ്രീക്ക് ഡ്രസ് എടുത്ത് കൊടുതത് ബെഡിലേക്ക് മലർന്ന് വീണ അന്നയെ കണ്ട് തലയിൽ അടിച്ച് അവൾ വാഷ് റൂമിലേക്ക് കയറി… ശ്രീ കയറി കഴിഞ്ഞതും ആന്റി പോവാനിറങ്ങിയത് കൊണ്ട് അന്നമ്മ അങ്ങോട്ട് വിളിച്ചതും അവൾ താഴേക്ക് പോയി… അതേ സമയം തന്നെ മുകളാലേക്ക് വന്ന സാമും അവന്റെ രണ്ട് കസിൻസും സാമിന്റെ മുറിയേക്ക് ചെന്ന് നോക്കിയതും അവിടെ ലോക്ക് ആണെന്ന് അറിഞ്ഞ് ഡോർ പകുതി ചാരിയിട്ട അന്നമ്മയുടെ റൂമിലേക്ക് ചെന്നു….

കസിൻസ് രണ്ട് പേരും ബെഡിൽ ചാടി വീണ് കിടന്നത് കണ്ട് ചിരിയോടെ സാം ഷർട്ട് അഴിച്ച് ബെഡിലിട്ട് വാഷ് റൂമിലേക്ക് കയറിയിരുന്നു…. ടവൽ എടുക്കാൻ മറന്ന് പോയത് കൊണ്ട് ശ്രീ വാഷ് റൂമിന്റെ ഡോർ ലോക്ക് ചെയതിരുന്നില്ല… ഡ്രസ് ഹാങ്ങിന് മുകളിൽ കൊളുത്തിയിട്ട് റൂമിലേക്ക് പോവാനായി ഇറങ്ങാൻ തിരിഞ്ഞപ്പോഴാണ് സാം വാഷ് റൂമിലേക്ക് കയറി വന്നത്… പെട്ടന്ന് അവനെ കണ്ടുള്ള ഷോക്കിൽ പിന്നോട്ട് മാറാനൊരുങ്ങിയ ശ്രീ കാൽ വഴുതിയതും പിടുത്തം കിട്ടിയത് ഷവറിന്റെ പൈപ്പിലാണ്… മഴ പോലെ ശ്രീയുടെ ദേഹത്തേക്ക് പതിക്കുന്ന വെള്ളത്തിനടിയിൽ എന്ത് ചെയ്യണമെന്നറിയാതെ അവളങ്ങനെ നിന്നു…….തുടരും

നിനക്കായ് : ഭാഗം 30

Share this story