അമ്മുക്കുട്ടി: ഭാഗം 1

അമ്മുക്കുട്ടി: ഭാഗം 1

എഴുത്തുകാരി: റിയ ഡാനിയേൽ പാലക്കുന്നിൽ

“അമ്മുസേ….നേരം വൈകി…. ഇന്ന് കോളേജിൽ പോക്കൊന്നും ഇല്ലേ ” താഴെ നിന്ന് മുത്തശ്ശി നീട്ടി വിളിച്ചു. മുറിയിൽ നിന്ന് അനക്കമൊന്നും ഇല്ലന്ന് കണ്ടു അവളെ വിളിക്കാനായി മുത്തശ്ശി പടി കയറി മുകളിലേക്ക് വന്നതും കാണുന്നത് തല വഴി പുതപ്പ് മൂടി കിടക്കുന്ന അമ്മൂസിനെയാണ്. ” പെണ്ണെ… സമയം എന്തായെന്ന് അറിയോ…. പെട്ടന്ന് എണീറ്റെ ” തല വഴി മൂടിയിരുന്ന പുതപ്പ് മാറ്റിയതും അവൾ ചിണുങ്ങികൊണ്ട് ഒന്ന് കൂടി തിരിഞ്ഞു കിടന്നു. ” എണീക്ക് പെണ്ണെ… “മുത്തശ്ശി കൈ കൊണ്ട് അമ്മൂസിന്റെ പുറത്ത് ചെറുതായൊരു അടി കൊടുത്തതും അവൾ പുതപ്പ് വലിച്ചു മാറ്റി കണ്ണ് തുറന്നു. ”

എന്താ മുത്തു…. ഉറങ്ങാൻ സമ്മതിക്കില്ലേ…. ” കൊഞ്ചിക്കൊണ്ട് അവൾ ചോദിച്ചതും മുഖത്തൊരു ദേഷ്യം വരുത്തികൊണ്ട് മുത്തശ്ശി അവളെ തറപ്പിച്ചു നോക്കി. അത് കണ്ടതും അവൾ വേഗം പുതപ്പ് മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി.ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8 മണി കഴിഞ്ഞു. ” എന്റെ കൃഷ്ണാ…. ഇന്നും വൈകിയല്ലോ ” തലയ്ക്കു കയ്യും കൊടുത്തുകൊണ്ട് അവൾ പറഞ്ഞതും മുത്തശ്ശി അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു. ” എത്ര തവണ വിളിച്ചുന്നു അറിയോടി നിനക്ക്…. പോത്ത് പോലെ കിടന്നു ഉറങ്ങിക്കോണം..

പെൺകുട്ടി ആണെന്ന് ഒരു വിചാരവും ഇല്ല.. ” ” ഇന്നലെ കുറച്ചു പ്രൊജക്റ്റ്‌ വർക്ക്‌ ഒക്കെ തീർത്തു വന്നപ്പോ late ആയി… ക്ഷീണം കൊണ്ട് ഒന്ന് ഉറങ്ങി പോയി… അതിനാണോ മുത്തു ഇങ്ങനെ ഒക്കെ പറയുന്നേ.. ” മുത്തശ്ശി ഉപദേശം തുടങ്ങിയതും അവൾ നൈസ് ആയി പുറത്തേക്കിറങ്ങികൊണ്ട് പറഞ്ഞു. ” അതെ അതെ…. നിന്റെ പ്രൊജക്റ്റ്‌ വർക്ക്‌ എന്താണെന്ന് ഒക്കെ എനിക്കറിയാം… ലോകത്തുള്ള സകല സിനിമകളും ഉറക്കം ഇളച്ചു ഇരുന്നു കാണൽ അല്ലെ നിന്റെ പണി… എന്നിട്ട് നേരം വൈകി ഉറക്കവും.. ”

മുത്തശ്ശി വീണ്ടും വഴക്ക് പറഞ്ഞു തുടങ്ങിയതും അവൾ ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് കുളിക്കാനായി ബാത്‌റൂമിലേക്ക് കയറി. ഇതാണ് അമ്മൂസ് എന്ന അമേയ. ചിറയ്ക്കൽ വീട്ടിൽ കൃഷ്ണന്റെ ഏക മകൾ. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനി ആണ്. കോളേജിലേക്ക് പോകുന്നതിനു മുൻപുള്ള ബഹളമാണ് ഇപ്പോൾ കണ്ടത്. ചിറയ്ക്കൽ വീട്ടിൽ 3 പേരാണ് ഉള്ളത്. അമേയ, അവളുടെ അച്ഛൻ കൃഷ്ണൻ, മുത്തശ്ശി ദുർഗ. അമ്മൂസിനു 3 വയസ് ഉള്ളപ്പോ അമ്മ മരിച്ചു. അതിനു ശേഷം മുത്തശ്ശിയും അച്ഛനും കൂടിയാണ് അവളെ വളർത്തികൊണ്ട് വന്നത്.

കൊഞ്ചിച്ചു വളർത്തിയത് കൊണ്ട് തന്നെ അല്പം കുറുമ്പും വാശിയും കൂടുതലാണ് അമ്മൂസിനു. പക്ഷെ ആളൊരു പാവം ആണ് കേട്ടോ. അച്ഛനും അമ്മൂമ്മയും ആണ് അവളുടെ ലോകം..ഇത്തിരി കുറുമ്പും വാശിയും കാണിച്ചാലും അവരെ വിഷമിപ്പിക്കുന്നത് ഒന്നും അവൾ ചെയ്യില്ല. അച്ഛൻ വില്ലജ് ഓഫീസർ ആണ്. ചെറുപ്പത്തിൽ അച്ഛൻ ജോലിക്ക് പോകുന്ന സമയം മുഴുവൻ മുത്തശ്ശി ആണ് അവളെ നോക്കിയതും വളർത്തിയതും. മറ്റൊരു കല്യാണം കഴിക്കാൻ കൃഷ്ണനോട് എല്ലാവരും പറഞ്ഞെങ്കിലും അയാൾ ഒന്നും ചെവികൊണ്ടില്ല.

മറ്റൊരു സ്ത്രീ വന്നാൽ അവർ അമ്മൂസിനെ വേണ്ട പോലെ ശ്രദ്ധിക്കില്ല എന്ന് കരുതി അയാൾ അതിന് മുതിർന്നില്ല. അന്ന് മുതൽ ഇന്ന് വരെയും അച്ഛനും മുത്തശ്ശിയും അവളെ പൊന്നു പോലെയാണ് നോക്കി വളർത്തി കൊണ്ട് വന്നത്. ചിറയ്ക്കൽ വീട്ടിലെ രാജകുമാരി ആയി തന്നെ അമ്മൂസ് വളർന്നു. വീട്ടിലും നാട്ടിലും ഒക്കെ എല്ലാവർക്കും ഒരേപോലെ അവളെ പ്രിയം ആണ്. അച്ഛനും മുത്തശ്ശിയും കഴിഞ്ഞാൽ അമ്മൂസിനു ഏറ്റവും പ്രിയപ്പെട്ടതാണ് അവളുടെ കൂട്ടുകാർ. രേവതിയും മാളവികയും ആണ് അവളുടെ ഏറ്റവും അടുത്ത കൂട്ടുകാർ.

ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നു ഒരേ ക്ലാസ്സിൽ പഠിച്ചു വന്നവർ ആണ്. ഇപ്പോൾ കോളേജിലും മൂവരും ഒരുമിച്ചു തന്നെ. അവർ കൂടാതെ അമ്മുവിന്റെ വീടിന്റെ പരിസരത്തുള്ള കുറച്ചു കുട്ടിപ്പട്ടാളങ്ങളും ഉണ്ട് അവൾക്ക് കൂട്ടായി. അവരോടൊപ്പം കുസൃതി കാട്ടി കളിച്ചു നടക്കൽ ആണ് അമ്മുവിന്റെ പ്രധാന ഹോബി. മുത്തശ്ശി ഇടയ്ക്കിടയ്ക്ക് പറയും. “പ്രായം 18 ആയെങ്കിലും ഇപ്പോഴും കുഞ്ഞാണെന്നാ വിചാരം എന്ന് ” അപ്പോഴെല്ലാം കൃഷ്ണൻ പറയും ” 18 അല്ല ഇനി എത്ര ആയാലും അവളെന്റെ കുഞ്ഞു തന്നെ ആണെന്ന് ” ***

അമ്മു കുളിച്ചു ഡ്രസ്സ്‌ മാറി താഴേക്ക് വന്നപ്പോഴേക്കും മുത്തശ്ശി പ്രാതൽ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. നല്ല പൂ പോലുള്ള ദോശയും ചൂടുള്ള ചമ്മന്തികറിയും. ഒരു പ്ലേറ്റിൽ ചൂട് ദോശയും സൈഡിൽ ചമ്മന്തിയും എടുത്തു അവൾ കൊതിയോടെ വായിലേക്ക് വെച്ചു. ” ആഹാ… എന്താ ടേസ്റ്റ്…. ” അവൾ കണ്ണടച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ഒരു പാത്രത്തിൽ ഓംലെറ്റും ആയി മുത്തശ്ശി എത്തിയിരുന്നു. ” ഇതൂടെ കഴിക്ക് മോളെ ” അവളുടെ മുന്നിലേക്ക് ഓംലെറ്റ് വെച്ച് കൊണ്ട് മുത്തശ്ശി പറഞ്ഞു. ”

എന്താടി കാന്താരി… അച്ഛനെ അന്വേഷിക്കുന്നില്ലേ നീ ” അവൾ കഴിച്ചു കൊണ്ട് ഇരിക്കവേ അച്ഛനും അങ്ങോട്ടേക്ക് എത്തി. ” മറന്നതല്ല അച്ഛാ…. വിശന്നു കുടൽ കരിയുന്നു… അതാ ഞാൻ പെട്ടന്ന് കഴിച്ചത്.. ” അവൾ ദോശ കഴിച്ചുകൊണ്ട് പറഞ്ഞു. അച്ഛനും വന്നു അവൾക്ക് അരികിലായ് ഇരുന്നു. മുത്തശ്ശി അയാൾക്കും ദോശയും കറിയും ഒരു പ്ലേറ്റിലേക്ക് വിളമ്പി നൽകി. ഒപ്പം അവരും ഇരുന്നു. ഓരോരോ വിശേഷങ്ങളും പറഞ്ഞു കളിചിരികളുമായി മൂന്നു പേരും പ്രാതൽ കഴിച്ചു. ശേഷം അച്ഛനോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു അമ്മു കോളേജിലേക്ക് പോകാനായി റോഡിലേക്ക് ഇറങ്ങി.

റോഡിലൂടെ അല്പം നടന്നാൽ ആണ് ബസ് സ്റ്റോപ്പ്‌ എത്തുക. അവൾ ചെന്നപ്പോഴേക്കും അവളുടെ കൂട്ടുകാരികൾ ആയ രേഷ്മയും മാളവികയും എത്തിയിട്ടുണ്ടായിരുന്നു. ” നീ എന്നത്തേയും പോലെ late ആണല്ലോടി… നിന്നെ കാത്തു നിന്ന് രണ്ടു ബസ് ആണ് പോയത്…. കുറച്ചൂടെ വൈകിയിരുന്നെങ്കിൽ അമ്പാടി ബസും പോയേനെ ” സ്വല്പം ദേഷ്യത്തിൽ രേഷ്മ പറഞ്ഞു. അമ്മു അത് കാര്യമാക്കാതെ അവൾക്കിട്ട് ഒരു തട്ട് കൊടുത്തുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു. ” അമ്മു…. ഇങ്ങനെ വൈകിയാൽ ഞങ്ങൾ നാളെ മുതൽ നേരത്തെ അങ്ങ് പോകും കേട്ടോ ” മാളവികയും പറഞ്ഞു. ‌”

എന്റെ പൊന്നു മാളു… നീ ഈ രേഷു പറയുന്നത് കേട്ട് വെറുതെ തുള്ളല്ലേ… അവൾക്ക് അമ്പാടി ബസിലെ ചേട്ടനെ കാണാൻ പറ്റില്ല എന്ന് കരുതിയല്ലേ ഈ പറയുന്നേ…. അല്ലാതെ ഞാൻ അധികം late ആയിട്ടൊന്നും ഇല്ല. ” അമ്മു ചിരിയോടെ പറഞ്ഞു. ‌ ‌ ” അയ്യടി…. എനിക്ക് ആരേം കാണാൻ ഒന്നുമല്ല… ” രേഷ്മ വേഗം മുഖം വീർപ്പിച്ചു.. ‌ ‌” ആ… അത് ഞങ്ങൾക്ക് അറിയാമല്ലോ ” അമ്മുവും മാളുവും കണ്ണിറുക്കി ചിരിച്ചു. ചെറിയൊരു നാണത്തോടെ രേഷ്മയും അവരോടൊപ്പം കൂടി. ‌ ‌ അല്പം നേരം കാത്തു നിന്നതും അമ്പാടി ബസ് വന്നു അവർക്ക് അരികിലായി നിർത്തി. ‌ ‌മൂന്നു പേരും ബസിനു ഉള്ളിലേക്ക് കയറി.

രേഷ്മ പതിവ് പോലെ അവളുടെ ആളെ ഇടം കണ്ണിട്ട് നോക്കികൊണ്ട് നിന്നു. ‌ ‌മാളവികയ്ക്ക് പ്രത്യേകിച്ച് നോക്കാൻ ആൾ ഇല്ലാത്തത് കൊണ്ട് ബസിൽ ഉള്ള കാണാൻ കൊള്ളാവുന്ന എല്ലാ പയ്യന്മാരെയും വെറുതെയൊന്ന് വായിനോക്കി വിട്ടു. ‌ ‌ ‌ അമ്മു ആകട്ടെ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ ബുക്കിൽ മുഖം പൂഴ്ത്തി ഇരുന്നു.. പ്രേമവും മണ്ണാംകട്ടയും ഒന്നും തനിക്ക് ശെരി ആവില്ലന്നാണ് അവളുടെ കാഴ്ചപ്പാട്. ‌ ‌തനിക്ക് ചേരുന്ന ആളെ അച്ഛനും മുത്തശ്ശിയും ചേർന്ന് കണ്ടുപിടിച്ചു തരും. അയാളെ മാത്രേ താൻ സ്നേഹിക്കു. അവൾ മിക്കപ്പോഴും കൂട്ടുകാരികളോട് പറയുന്നതാനിത്. ‌ ‌

അത് കൊണ്ട് തന്നെ കോളേജിൽ അവൾക്ക് നേരെ വന്ന പല പ്രൊപോസലുകളും മൈൻഡ് പോലും ചെയ്യാതെ നടക്കുകയാണ് കക്ഷി. ‌ ‌കൂട്ടുകാരികൾ രണ്ടും വായിനോട്ടം തുടരുന്നത് കണ്ടപ്പോൾ അമ്മുവിന് ചിരി വന്നു. ബസിൽ ആകെ പത്തുനാപ്പതു ആണുങ്ങൾ ഉണ്ട് . ഒരാളെ പോലും വിടാതെ രണ്ടു പേരും ഒപ്പിയെടുക്കുകയാണ്. ‌ ‌വായിനോട്ടം തകൃതിയായി നടക്കുമ്പോഴേക്കും കോളേജ് ജംഗ്ഷൻ എത്തി. പ്രേമം തനിക്ക് പറ്റിയ പണിയേ അല്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് അമ്മു സീറ്റിൽ നിന്നും എണീക്കവേ ആണ് അത് സംഭവിച്ചത്. തിരക്കിനിടയിൽ പുറത്തേക്ക് ഇറങ്ങവേ തൊട്ടു പിന്നിൽ നിന്ന ആളെ തള്ളി മറിച്ചു ഇട്ടുകൊണ്ടാണ് മുന്നിലേക്ക് നടന്നത്. മനഃപൂർവം ചെയ്തത് അല്ല.

തിരക്കിനിടയിൽ അറിയാതെ പറ്റിപോയതാണ്. പെട്ടന്ന് തന്നെ തിരിഞ്ഞ് നോക്കിയതും അവൾ കണ്ടത് ബസിലെ തിരക്കിനിടയിൽ വീണു കിടക്കുന്ന അയാളെയാണ്. ” അയ്യോ സോറി ചേട്ടാ… അറിയാതെ പറ്റിയതാ… ഞാൻ കണ്ടില്ല ” വീണു കിടക്കുന്ന അയാളെ നോക്കി അമ്മു ക്ഷമാപണത്തോടെ പറഞ്ഞതും അയാൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു. അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്. അയാൾ ഇട്ടിരിക്കുന്ന വെള്ള ഷർട്ടിൽ നിറയെ അഴുക്ക് പുരണ്ടിരിക്കുന്നു. അമ്മു തള്ളിയിട്ടപ്പോൾ വീണ വഴി പറ്റിയതാണ്. ” സോറി…. ” അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അയാളുടെ കൈ അമ്മുവിന്റെ കവിളത്ത് പതിച്ചിരുന്നു. പകപ്പോടെ അവൾ കവിൾ പൊത്തികൊണ്ട് അയാളെ നോക്കി. തുടരും…

Share this story