പാദസരം : ഭാഗം 11

പാദസരം : ഭാഗം 11

എഴുത്തുകാരി: അനില സനൽ അനുരാധ

അവൻ വാതിൽക്കൽ എത്തി ഒന്നു കൂടി തിരിഞ്ഞു നോക്കി… ഒരു കണ്ണടിച്ചു കാട്ടി പുഞ്ചിരിച്ചു… അവളും പുഞ്ചിരിച്ചു… അവൻ വീണ്ടും അടുത്തേക്കു വരുന്നതു കണ്ടപ്പോൾ അവൾക്ക് വീണ്ടും ഹൃദയമിടിപ്പ് കൂടി. അവൻ അടുത്തു വന്നു കുനിഞ്ഞതും അവൾ ഞെട്ടി പുറകിലേക്ക് നിന്നു. അപ്പോഴാണ് നേരത്തെ വലിച്ചെറിഞ്ഞ ഷർട്ട്‌ എടുക്കാൻ ആണെന്ന് മനസിലായത്. “ഒരു ഷർട്ട്‌ എടുക്കുന്നതിനാണോ ദേവൂ ഇങ്ങനെ ഞെട്ടുന്നത്?” അവൻ തിരക്കി. അവൾ ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരിയോടെ നിന്നു. “എന്റെ പുതിയ ഷർട്ടിനെയാണ്‌ ഇമ്മാതിരി ചുരുട്ടി കൂട്ടിയത്.. ” അവൻ ഷർട്ട്‌ ഇടുന്നതിനിടയിൽ പറഞ്ഞു.

“അയേണ്‍ ചെയ്തു തരട്ടെ? ” “വേണ്ട. നീ വേഗം മാറിയിട്ട് വാ… ” എന്നു പറഞ്ഞ് അവൻ പുറത്തേക്കു നടന്നു. ദേവു കുളിച്ചു വന്നതിനു ശേഷം ഹരി വാങ്ങിയ റോസ് കളറിലുള്ള ഷിഫോൺ സാരി ഉടുത്തു. കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നു. നിറുകെയിൽ സിന്ദൂരം ചാർത്തുമ്പോൾ രാവിലെ ഹരി സിന്ദൂരം ഇട്ടു തന്നത് ഓർമ വന്നപ്പോൾ അധരത്തിൽ പുഞ്ചിരി വിടർന്നു. എവിടേക്ക് പോകാനാവും ഹരിയേട്ടൻ ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞത് എന്നു ചിന്തിച്ചു കൊണ്ട് കോണിപ്പടി ഇറങ്ങി. പകുതി ഇറങ്ങിയതും പെട്ടെന്ന് കറന്റ്‌ പോയി. പിന്നിൽ നിന്ന്‌ ആരോ വന്നു കണ്ണു പൊത്തിപ്പിടിച്ചു. പെട്ടെന്ന് ഞെട്ടി അറിയാതെ അയ്യോ എന്നവൾ നിലവിളിച്ചു. “ഇതു ഞാനാടീ ഉണ്ടക്കണ്ണി… ”

കാതിൽ ഹരിയുടെ നേർത്ത ശബ്ദം കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസമായത്. അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. പിന്നെ അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി. “കൈ ഞാൻ ഇപ്പോൾ എടുക്കുന്നില്ല… ” പിൻ കഴുത്തിൽ ചുണ്ട് ചേർത്ത് അവൻ പറഞ്ഞതും ശരീരം ആകെ കോരിത്തരിക്കുന്നതു പോലെ അവൾക്ക് തോന്നി. മെല്ലെ അവനോടൊപ്പം പടികൾ ഇറങ്ങി. ഹരി കൈ എടുത്തു മാറ്റി. ലൈറ്റ് എല്ലാം തെളിഞ്ഞു. ടേബിളിൽ ഇരിക്കുന്ന വലിയ കേക്ക് ആണ് ആദ്യം അവളുടെ മിഴികൾ പതിഞ്ഞത്… “ഹാപ്പി ബർത്ത് ഡേ ദേവൂ… ” എല്ലാവരും ഒരുമിച്ചു പറഞ്ഞു. അവൾ എല്ലാവരെയും നോക്കി. അപ്പോഴാണ് ഗിരിയേട്ടനും ദിവ്യയും വന്നിട്ടുള്ളത് അവൾ കണ്ടത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്….

അച്ഛനും കൂടി വേണ്ടാതായിരുന്നു എന്നു അവൾക്കു തോന്നി. കേക്ക് മുറിച്ച് ആദ്യത്തെ കഷ്ണം എടുത്തു ഹരിയ്ക്ക് നേരെ നീട്ടിയപ്പോൾ അവൻ അവളുടെ കയ്യ് പിടിച്ച് അവൾക്ക് തന്നെ നൽകി. അവൾ ഒരു പുഞ്ചിരിയോടെ അതിൽ നിന്നും ഒരു ചെറിയ കഷ്ണം കഴിച്ചപ്പോൾ ബാക്കി ഹരി കഴിച്ചു.. അതു കാണെ എല്ലാവരും ഉള്ളു തുറന്നു സന്തോഷത്തോടെ പുഞ്ചിരിച്ചു. അമ്മുക്കുട്ടിയ്ക്കും കേക്ക് മുറിക്കണം എന്നു പറഞ്ഞ് കരഞ്ഞപ്പോൾ ഹരി അവളെ എടുത്തു… രണ്ടാളും കൂടി കേക്ക് മുറിച്ചു എല്ലാവർക്കും നൽകി. ദിവ്യ വന്നു ദേവുവിനെ കെട്ടിപ്പിടിച്ചു. “ഹാപ്പി ബർത്ത് ഡേ… ” ചേച്ചി എന്നു പറഞ്ഞ് കവിളിൽ ചുംബിച്ചു. കൈയിൽ ഇരുന്ന ഗിഫ്റ്റ് പാക്കറ്റ് ദേവുവിന്റെ കയ്യിൽ വെച്ചു കൊടുക്കുമ്പോൾ ഗിരിയും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു…

അതിനു ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. ദേവുവിന്റെ മുഖത്തെ സന്തോഷം. അച്ഛനും ഏട്ടത്തിയും അവളുടെ കയ്യിൽ ഗിഫ്റ്റ് കൊടുത്തു. അമ്മ അവളെ ചേർത്തു പിടിച്ച് നിറുകെയിൽ ചുംബിച്ചു. “എന്റെ ദേവൂട്ടി എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം…” എന്നു പറഞ്ഞ് അവളെ കെട്ടിപ്പിടിച്ചപ്പോൾ അവളും അമ്മയെ ചുറ്റിപ്പിടിച്ചു. അമ്മ അവളുടെ കവിളിൽ തലോടി അവളിൽ നിന്നും വേർപ്പെട്ടു നിന്നു. എന്നിട്ട് ഹരിയെ നോക്കി. “മോൻ ഒന്നും കൊടുക്കുന്നില്ലേ പിറന്നാൾ ആയിട്ട്… ” അമ്മ അവനെ നോക്കി തിരക്കി. “ഞാൻ ആണല്ലോ കേക്ക് വാങ്ങിയത്… അതു മതി. ” ഹരി പറഞ്ഞു. “നുണ പറയാതെടാ… ഇതു ഞാനും കൂടി വാങ്ങിയതല്ലേ. അതു നിന്റെ മാത്രമായി കൂട്ടില്ല. വേറെ ഗിഫ്റ്റ് കൊടുക്കെടാ… ” മനു പറഞ്ഞു.

“എന്നാൽ പിന്നെ അമ്മ കൊടുത്ത ഗിഫ്റ്റെ കയ്യിലുള്ളു. അതു കൊടുത്താൽ മതിയോ.” ദേവുവിനെ ഒന്നു നോക്കിയ ശേഷം മനുവിനോട് തിരക്കി. ഹരി പറയുന്നത് കേട്ട് ദേവു വേഗം തല താഴ്ത്തി. “അതു ഇവിടെ വെച്ചു കൊടുക്കണ്ട… ” മനു പറഞ്ഞു. ഹരി പോക്കറ്റിൽ നിന്നും ഒരു ബോക്സ്‌ എടുത്ത് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ ഗിരിയും ദിവ്യയും പോയി. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും രാത്രി എല്ലാവരും കൂടി സംസാരിക്കാൻ ഇരിക്കുമ്പോഴും എല്ലാം ഹരിയുടെ കണ്ണുകൾ ദേവുവിൽ ആയിരുന്നു. മനു അതു നിഷയ്ക്ക് കാണിച്ചു കൊടുത്തു… പരസ്പരം പുഞ്ചിരിച്ചു.

ഹരി ദേവുവിനെ നോക്കി കണ്ണു കൊണ്ടു എഴുന്നേൽക്കാൻ പറഞ്ഞപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി. അവൻ തുറിച്ചു നോക്കിയതും അവൾ അമ്മയോട് ഒന്നു കൂടി ചേർന്നിരുന്നു. “അതിനെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെടാ… ” മനു ഹരിയുടെ ചെവിയിൽ പറഞ്ഞു. ഹരി ഒന്നു ചിരിച്ചു കാണിച്ചു. ഫോൺ റിംഗ് ചെയ്തപ്പോൾ ഹരി അതെടുത്ത് ഉമ്മറത്തേക്ക് നടന്നു. തിരിച്ചു വന്നപ്പോൾ ഹാളിൽ ആരും ഉണ്ടായിരുന്നില്ല. മുറിയിലേക്ക് ചെല്ലുമ്പോൾ വാതിൽ തുറന്നു കിടന്നിരുന്നു. അവൾ ടേബിളിനു അരികിൽ നിന്ന് ഗിഫ്റ്റ് തുറന്നു നോക്കുന്നതും നോക്കി അവൻ ചുവരിൽ ചാരി നിന്നു.

ഹരി കൊടുത്ത ബോക്സ്‌ കയ്യിൽ പിടിച്ചു കൊണ്ടു വാതിൽക്കലേക്ക് നോക്കിയപ്പോഴാണ് അവൻ അവിടെ നിന്നു നോക്കുന്നത് കണ്ടത്. അവൾ വേഗം ബോക്സ്‌ ടേബിളിൽ വെച്ചു. അവൻ വാതിൽ ലോക്ക് ചെയ്തു അടുത്തേക്ക് വരുമ്പോൾ ഹൃദയമിടിപ്പ് കൂടി വന്നു. “ഗിഫ്റ്റ് എല്ലാം നോക്കിയോ? ” അവൻ തിരക്കി. “ഇതു നോക്കിയിട്ടില്ല. ” അവൻ തന്ന ബോക്സിലേക്ക് നോക്കി അവൾ പറഞ്ഞു. അവൻ അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് മെല്ലെ ഉയർത്തി ടേബിളിൽ ഇരുത്തി. “തുറന്നു നോക്ക്… ” അവൾ ബോക്സ്‌ കയ്യിൽ എടുത്തു. അവൻ അവളോട് ചേർന്നു നിൽക്കുന്ന കാരണം കൊണ്ടു ബോക്സ്‌ അവളുടെ കയ്യിൽ ഇരുന്നു വിറകൊള്ളുന്നുണ്ടായിരുന്നു. അവൻ അതു വാങ്ങി തുറന്നു. അവൾക്ക് നേരെ നീട്ടി. അവൾ അതു പതിയെ എടുത്തു…

അവൻ അതു അവളിൽ നിന്നും വാങ്ങി കാൽമുട്ടു കുത്തി കൊണ്ടു നിലത്തിരുന്നു. അവളുടെ സാരി മെല്ലെ കയറ്റി വെച്ച് അവളുടെ കാലിൽ പാദസരം ഇട്ടു കൊടുത്തു. അവൻ അതിന്റെ കൊളുത്ത് കടിച്ചു കൊണ്ടു മുറുക്കി കൊടുക്കുമ്പോൾ അവൾ മെല്ലെ കാൽ പിന്നോട്ട് വലിച്ചു. “ശരിക്ക് ഇരിക്കെടീ ഉണ്ടക്കണ്ണി… ” എന്നു പറഞ്ഞപ്പോൾ അവൾ അനുസരണയോടെ ഇരുന്നു. “ഇഷ്ടായോ? ” അവൻ അതിൽ ചുംബിച്ചു കൊണ്ടു മുഖം ഉയർത്തി നോക്കി തിരക്കി. അവൾ തലയാട്ടി. പെണ്ണിന്റെ ചുവന്ന മുഖം കണ്ടപ്പോൾ അവൻ മീശ പിരിച്ചു വെച്ചു കൊണ്ടു അവളെ നോക്കി. അവൾ പതിയെ ടേബിളിനു മുകളിൽ നിന്നും ഇറങ്ങി. അവൻ അവളെ വലിച്ചു നെഞ്ചോടു ചേർത്തു.

മുഖം കൈകുമ്പിളിൽ എടുത്തു ചുംബനങ്ങൾ കൊണ്ടു മൂടി… “ഞാൻ സ്വന്തമായി എടുത്തോട്ടെ എന്റെ പെണ്ണിനെ? ” അവളുടെ കാതിൽ പതിയെ തിരക്കി. സമ്മതമെന്നോണം അവളുടെ കൈകൾ അവനെ വലയം ചെയ്തു. *** രാവിലെ ഹരി ഉണരുമ്പോൾ അരികിൽ ഇരിക്കുന്ന ദേവുവിനെയാണ് കണ്ടത്. കുളിയെല്ലാം കഴിഞ്ഞിട്ടുണ്ട്. മുടി തോർത്തു കൊണ്ടു ചുറ്റി കെട്ടി വെച്ചിട്ടുണ്ടായിരുന്നു. തലേ ദിവസത്തേ രാത്രി മനസിലൂടെ കടന്നു പോയതും അവൻ കൈ നീട്ടി അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു. അവൾ പിടഞ്ഞു മാറാൻ നോക്കിയതും അവളെ ചുറ്റി പിടിച്ചു ഒന്നു തിരിഞ്ഞു അവളുടെ ദേഹത്തായി കിടന്നു.

“എന്താണ് രാവിലെ തന്നെ വലിയ ആലോചനയിൽ ആയിരുന്നല്ലോ? എന്നെ പറ്റിയാണോ? ” അവൻ കുസൃതിയോടെ തിരക്കി. “അല്ല… ” “അല്ലേ? ” “അല്ല… ” എന്നു പറഞ്ഞു അവൾ എഴുന്നേൽക്കാൻ നോക്കി. “കുറച്ചു കഴിഞ്ഞു പോകാം ദേവൂ… ” എന്നു പറഞ്ഞു അവളുടെ കഴുത്തിൽ മുഖം ചേർത്തു വെച്ചു കിടന്നു. “ഞാൻ പോകുന്നില്ല… ” അവൾ പതിയെ പറഞ്ഞു. “അതാണ്‌ എന്റെ ദേവൂ… ” എന്നു പറഞ്ഞ് കഴുത്തിൽ ഒരു ചെറിയ കടി കൊടുത്തു കൊണ്ടു കുറച്ചു നേരം അങ്ങനെ കിടന്നു. “എനിക്ക് ഇന്നു ഓഫീസിൽ നേരത്തെ പോണം. അല്ലേൽ എത്ര നേരം വേണേലും കിടക്കായിരുന്നു എന്നു പറഞ്ഞ് അവൻ എഴുന്നേറ്റിട്ടും അവൾ അവിടെ തന്നെ ഇരുന്നു. “നീ പോകുന്നില്ലേ. അമ്മ തിരക്കും.

ചെല്ലാൻ നോക്ക്… ” “എന്നാൽ ഹരിയേട്ടനും കൂടി വാ. എനിക്കു തനിച്ചു പോകാൻ വയ്യ.” “കളിക്കാതെ ചെല്ലാൻ നോക്ക് പെണ്ണെ. ഏഴു മണി കഴിഞ്ഞു. ” അവൾ അവിടെ തന്നെ ഇരിക്കുന്നതു കണ്ടു അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. കൈകുമ്പിളിൽ അവളുടെ മുഖം എടുത്തു… അവളെ പുഞ്ചിരിയോടെ നോക്കി. ചോദിക്കാൻ വന്ന ചോദ്യം വിഴുങ്ങി അവൻ അവളെ നോക്കി. പിന്നെ മെല്ലെ കൈ എടുത്തു. “ഇതെന്താടീ ഈ ചുണ്ടിലും കഴുത്തിലും കയ്യിലും എല്ലാം ചുവന്നു കിടക്കുന്നത്? ” മറുപടിയായി അവൾ അവനെ കൂർപ്പിച്ച് ഒന്നു നോക്കി. “നീ കുറച്ചു പൗഡറോ എന്തേലും എടുത്ത് അതിന്റെ മേൽ ഇട്..” “ഞാൻ ഇട്ടു നോക്കിയതാ… ” അവൾ പറഞ്ഞു. “ദൈവമേ ! എന്നാലും വല്ലാത്ത ചതിയായി പോയി… ”

അവൻ ബെഡിൽ ഇരുന്ന് മെല്ലെ പറഞ്ഞു. “ഓരോന്നു ചെയ്തിട്ട് ദൈവത്തിനെ എന്തിനാ പറയുന്നത്… ” “നീ ഈ ചുരിദാർ മാറ്റി വേറെ വല്ല കോളറും ഫുൾ സ്ലീവും ഉള്ള ചുരിദാർ എടുത്തിട്… ” “എനിക്കു അങ്ങനത്തെ ചുരിദാർ ഇല്ല.. ” “എന്നാലേ നീ താഴേക്കു ചെല്ലാൻ നോക്ക്. അല്ലേൽ അമ്മയോ ഏട്ടത്തിയോ ഇങ്ങോട്ട് കയറി വരും.” “അവരു എന്തെങ്കിലും ചോദിക്കോ? ” “ഇല്ലെടീ… ” “നീ ചെല്ല്. ഞാൻ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആകുമ്പോൾ വരാം… ” അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ച് പുഞ്ചിരിയോടെ അവൻ പറഞ്ഞു. “ചിരിക്കണ്ട…” അവൾ മുഖം വീർപ്പിച്ചു കൊണ്ടു പറഞ്ഞു. “എന്നാൽ ദേഷ്യപ്പെടട്ടെ? ” “വേണ്ട. ഞാൻ പൊയ്ക്കോളാം. ” എന്നു പറഞ്ഞ് അവൾ എഴുന്നേറ്റു.

വാതിൽക്കൽ എത്തി ദയനീയമായി അവനെ നോക്കി. പിന്നെ അടുക്കളയിലേക്ക് നടന്നു. അമ്മയും ഏട്ടത്തിയും അടുക്കളയിൽ ഉണ്ടായിരുന്നു. അവരൊന്നും ചോദിക്കല്ലെ ഈശ്വരാ… മുൻപത്തെ അനുഭവം ഓർത്തു കൊണ്ടു പ്രാർത്ഥിച്ചു. പത്തിരി പരത്തുന്നതിനിടയിൽ അമ്മ തിരിഞ്ഞു നോക്കിയപ്പോൾ ദേവു വാതിൽ നിൽക്കുന്നതു കണ്ടു. അമ്മയെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി. “ഇന്നു എന്തു പറ്റി ദേവൂട്ടി. എഴുന്നേൽക്കാൻ വൈകിയോ? ” അമ്മ സ്നേഹത്തോടെ തിരക്കി. അവൾ തലയാട്ടി. ഏട്ടത്തിയെ നോക്കുമ്പോൾ ഏട്ടത്തി അവളെ തന്നെ ചൂഴ്ന്നു നോക്കി നിൽക്കുകയാണ്. ഏട്ടത്തിയുടെ ചുണ്ടിൽ ചിരി വിടരുന്നതു കണ്ടപ്പോൾ അവൾക്ക് ആകെ വല്ലയ്ക തോന്നി.

“ഞാൻ പത്തിരി ഉണ്ടാക്കാം അമ്മേ…” എന്നു പറഞ്ഞ് അവൾ വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ ഒന്നു നീങ്ങി നിന്നു കൊടുത്തു. അവൾ അമ്മയെ ഒന്നു പാളി നോക്കി. അമ്മയും ചേച്ചിയും പരസ്പരം നോക്കി ചിരിക്കുന്നു. അവൾ വേഗം പത്തിരി പരത്താൻ തുടങ്ങി. അമ്മ അടുക്കളയിൽ നിന്നും പോയപ്പോൾ ഏട്ടത്തി അടുത്തേക് വന്നു. “എന്താ ദേവു ആകെ ചുവന്നു ഇരിക്കുന്നുണ്ടല്ലോ? ” മറുപടി പറയാൻ ഒന്നും ഇല്ലാത്തോണ്ട് അവൾ ഒന്നും മിണ്ടാതെ നിന്നു. “മനുവേട്ടൻ ഇന്നു ഹരിയെ കളിയാക്കി കൊല്ലും. ” ഏട്ടത്തി ചിരിയോടെ പറഞ്ഞു. “ഏട്ടത്തി… അമ്മ എന്തേലും വിചാരിച്ചു കാണോ? ” ഏട്ടത്തി ചിരി അമർത്തി കൊണ്ടു ഇല്ലെന്നു പറഞ്ഞു. “ഏട്ടത്തിയുടെ കോളറുള്ള ഫുൾ സ്ലീവ് ചുരിദാർ എനിക്കു ഇടാൻ തരുമോ?”

“തരുമല്ലോ… നീ ഇനി ആ മോഡൽ ചുരിദാർ എടുത്തോ ആവശ്യം വരും… ” എന്നു പറഞ്ഞ് ഒരു ചിരിയോടെ ഏട്ടത്തി പോയി. ചുരിദാർ മാറ്റാൻ മുറിയിൽ ചെല്ലുമ്പോൾ ഹരി ഓഫീസിലേക്ക് പോകാനുള്ള ഡ്രസ്സ്‌ മാറി ലാപ്ടോപ്പിൽ നോക്കി ഇരിപ്പുണ്ട്. അവൾ വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. “ആരേലും കണ്ടോ? ” “ഉം.. അമ്മയും ചേച്ചിയും…” “എന്തേലും പറഞ്ഞോ? ” “ഏട്ടത്തി എന്നെ നോക്കി ചിരിച്ചു. എനിക്കിടാൻ വേറെ ചുരിദാർ തന്നു. ” അവൾ ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ മാറി വന്നു. കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു നോക്കി. കഴുത്തിലെ പാട് മുഴുവനും ഇപ്പോൾ കാണുന്നില്ല.

“ഹരിയേട്ടാ… വാ ചായ കുടിക്കാം.. ” അവൾ വിളിച്ചു. അവൻ പക്ഷേ മെയിൽ ചെക്ക് ചെയ്യുന്ന തിരക്കിൽ ആണ്. അവൾ അടുത്തു ചെന്നു നിന്നതും അവൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി ചുമലിൽ മുഖം ചേർത്തു വെച്ചു. “എടീ മറ്റന്നാൾ എനിക്ക് ബാംഗ്ലൂർ വരെ പോകണം. രണ്ടു ദിവസം അവിടെ സ്റ്റേ ചെയ്യേണ്ടി വരും. വല്യച്ഛൻ ഡീറ്റെയിൽസ് മെയിൽ ചെയ്തിട്ടുണ്ട്. ” അവൻ സങ്കടത്തോടെ പറഞ്ഞു. അവൾ പതിയെ മൂളി. “എനിക്ക് പോകാൻ തോന്നുന്നില്ല… ” “എന്നാൽ പോകണ്ട… ” “എന്തു റീസൺ പറയും… എന്തേലും കള്ളത്തരം പറഞ്ഞാൽ വല്യച്ഛൻ കയ്യോടെ പിടിക്കും. ബിസിനസ്‌ കാര്യത്തിൽ സ്ട്രിക്ട് ആണ്… ” “എന്നാലേ എഴുന്നേറ്റു വാ… അവരെല്ലാം കാത്തിരിക്കുന്നുണ്ടാകും…” എന്നു പറഞ്ഞ് അവൾ അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി. “കുറച്ചു കഴിഞ്ഞു പോയാൽ മതിയോ?

” അവളുടെ വയറിൽ പതിയെ വിരൽ ഓടിച്ചു കൊണ്ടു തിരക്കി.” “എന്നാൽ പിന്നെ പോകേണ്ടി വരില്ല. ഏട്ടത്തിയും മനുവേട്ടനും കൂടി കളിയാക്കി കൊല്ലും… ” “എന്നാൽ പോകാം. അതാ നമ്മുടെ ആരോഗ്യത്തിനു നല്ലത്… ” എന്നു പറഞ്ഞ് അവൻ അവളെ എഴുന്നേൽപ്പിച്ചു. “ബാംഗ്ലൂർ പോയി വന്നാൽ നമുക്ക് ഇവിടെ നിന്നും മുങ്ങിയാലോ? ” “വേണ്ട ഹരിയേട്ടാ… എനിക്ക് ഇവിടെ നിൽക്കാനാ ഇഷ്ടം. അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയും മോളും… അവിടെ നമ്മൾ തനിച്ചായി പോകും…” കഴിക്കാൻ ഇരിക്കുമ്പോൾ മനുവേട്ടൻ ഹരിയേട്ടനെ നോക്കി ആക്കി ചിരിക്കുന്നത് കണ്ടു. ഹരിയേട്ടനും തിരിച്ചു ഒരു ചിരി കൊടുത്തു. ഏട്ടത്തി മനുവേട്ടനോട്‌ എന്തോ പോയി പറഞ്ഞു കൊടുത്തിട്ടുണ്ട്.

അച്ഛനും അമ്മയും ഇരിക്കുന്ന കാരണം മനുവേട്ടന്റെ ഭാഗത്തു നിന്നും കൂടുതൽ കളിയാക്കൽ ഒന്നും ഉണ്ടായില്ല. “അച്ഛാ… മറ്റന്നാൾ എനിക്ക് ബാംഗ്ലൂർ പോകണം. വല്യച്ഛൻ ഡീറ്റെയിൽസ് അയച്ചിരുന്നു.” ഹരി കഴിക്കുന്നത്തിനു ഇടയിൽ പറഞ്ഞു . അതു കേട്ടപ്പോൾ മനുവേട്ടൻ ഒന്നു ചുമച്ചു. “ജയേട്ടൻ വരുന്നുണ്ടോ? ” “അറിയില്ല അച്ഛാ. ഇന്നു രാവിലെയാ മെയിൽ കണ്ടത്. വല്യച്ഛൻ ഓഫീസിൽ വരും ഇന്ന്. അപ്പോഴേ ആരാ കൂടെ വരുന്നത് എന്നറിയൂ… ” “ഞായറാഴ്ച നമുക്ക് എല്ലാവർക്കും കൂടി ശോഭയുടെ വീട്ടിൽ പോകണം. ചാരു വരുന്നതല്ലേ. ” അച്ഛൻ പറഞ്ഞു. “അവിടെ രണ്ടു ദിവസം നിൽക്കണം എന്നു ശോഭ പറഞ്ഞിരുന്നു… ” അമ്മ പറഞ്ഞു. “രണ്ടു ദിവസം അവിടെ നില്ക്കാം. അല്ലേ മക്കളെ? ” അച്ഛൻ തിരക്കി. മനുവും ഹരിയും മുഖത്തോടു മുഖം നോക്കി. “നില്ക്കാം.. ” രണ്ടാളും ഒരുമിച്ചു പറഞ്ഞു. “ദേവൂ… ഇനി ഞാൻ കൂടുതലായി ഒന്നും പറഞ്ഞു തരേണ്ടത് ഇല്ലല്ലോ.

കെട്ടിയോൻ കയ്യിൽ നിന്നും പോകാതെ സൂക്ഷിച്ചോ… കെയർഫുൾ… ” മനു പറഞ്ഞു. ദേവു പുഞ്ചിരിയോടെ മനുവിനെ നോക്കി. “ഏട്ടത്തി… ഏതു കെട്ടിയോനാ കയ്യിൽ നിന്നു പോകുന്നതെന്ന് നമുക്ക് കണ്ടറിയാം. ” എന്നു പറഞ്ഞ് പുഞ്ചിരിയോടെ ഹരി കഴിച്ച് എഴുന്നേറ്റു. “ഒന്നുമില്ലെടീ…” എന്നു പറഞ്ഞ് മനു കണ്ണടച്ച് കാണിച്ചെങ്കിലും ഏട്ടത്തിയുടെ മുഖത്തെ പുഞ്ചിരിയ്ക്ക് തെളിച്ചം ഇല്ലായിരുന്നു. ഏട്ടന്റെ കാര്യം വരുമ്പോൾ ഏട്ടത്തി കുറച്ചു പൊസ്സസീവാണ്. “ഇതിനാണ് വടി കൊടുത്തു അടി വാങ്ങുക എന്നു പറയുന്നത്… ” എന്നു പറഞ്ഞ് അമ്മ കഴിച്ചിട്ട് എഴുന്നേറ്റു പോയി .

രാവിലെ ഹരി ബാംഗ്ലൂർ പോകാൻ തയ്യാറാകുകയായിരുന്നു. വല്യച്ഛനും കൂടെ പോകുന്നുണ്ട്. ഷിർട്ടിന്റെ ബട്ടണ്‍ ഇടുന്നതിനിടയിൽ അവൻ ഒന്നു തിരിഞ്ഞു നോക്കി. അവൾ ടേബിളിനു അടുത്തായി ചുമരിൽ ചാരി നിൽക്കുന്നുണ്ട്. രണ്ടു ദിവസത്തെ കാര്യം ആണെങ്കിലും ഹരിയ്ക്കും പോകാൻ തോന്നുന്നില്ലായിരുന്നു. ബാഗ് എടുത്തു ബെഡിൽ വെച്ചു. ലാപ്ടോപ്പിന്റെ ബാഗ് നോക്കി. അതു ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൻ നോക്കുന്നതു കണ്ടപ്പോൾ അവൾ ലാപ്ടോപ്പിന്റെ ബാഗ് എടുത്തു കയ്യിൽ പിടിച്ചു. അവൻ അടുത്തേക്ക് വന്ന് അതു വാങ്ങി ടേബിളിൽ വെച്ചു. പിന്നെ അവളെ എടുത്ത് ടേബിളിൽ ഇരുത്തി. അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. “ഞാൻ ഇവിടെ ഇല്ലെന്ന് വെച്ചു ഭക്ഷണം കഴിക്കാതെ ഇരിക്കരുത്. ഞാൻ അമ്മയെ വിളിച്ചു ചോദിക്കും…” അവൾ പതിയെ മൂളി.

“രാത്രി ഞാൻ ഇല്ലെന്ന് കരുതി അമ്മയെ ബുദ്ധിമുട്ടിക്കരുത്. അച്ഛനെ അവിടെ ഒറ്റയ്ക്ക് ആക്കി അമ്മയെ ഉറങ്ങാൻ ഇങ്ങോട്ടു വിളിച്ചു കൊണ്ടു വരരുതെന്ന്… മനസിലായോ? ” അവൾ തലയാട്ടി. അവൻ അവളുടെ നിറുകെയിൽ ചുംബിച്ചു. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു ചുംബിച്ചു. “എന്നാൽ ഞാൻ ഇറങ്ങട്ടെ? ” അവൾ തലയാട്ടി. “ഒന്നു ചിരിക്കെടി ഉണ്ടക്കണ്ണി. ” അവൾ പുഞ്ചിരിയോടെ ഒന്നു കൂടി തലയാട്ടി. *** വിശപ്പില്ലെങ്കിലും രാത്രി ദേവു ഭക്ഷണം കഴിക്കാൻ പോയി ഇരുന്നു. രാത്രി എല്ലാവരും ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ദേവു അതെല്ലാം കേട്ട് ഇരുന്നു. മനസ്സിന് ഒരു സുഖവും തോന്നുന്നില്ലായിരുന്നു. ഫോൺ റിംഗ് ചെയ്തപ്പോൾ അവൾ എടുത്തു നോക്കി. ഹരിയേട്ടൻ ആയിരുന്നു… “ഹരിയാണോ മോളെ? ” അവൾ പുഞ്ചിരിക്കുന്നത് കണ്ട് അമ്മ തിരക്കി. അവൾ തലയാട്ടി .

“എന്നാൽ മോള് മുറിയിലേക്ക് പൊയ്ക്കോ.. ” അമ്മ പറഞ്ഞു. അവൾ എല്ലാവരെയും നോക്കി ഫോൺ എടുത്തു ചെവിയോട് ചേർത്ത് മുറിയിലേക്ക് നടന്നു. കുറേ നേരം സംസാരിച്ച് ഇരുന്നിട്ടും ഹരിയ്ക്ക് ഫോൺ വെക്കാനുള്ള ഉദ്ദേശം ഇല്ലായിരുന്നു. “എടീ ഉണ്ടക്കണ്ണി നിനക്ക് ഉറക്കം വരുന്നുണ്ടോ? ” “ഇല്ല… ” “കുറച്ചു നേരം കൂടി സംസാരിക്കട്ടെ. എനിക്ക് തീരെ ഉറക്കം വരുന്നില്ല. ” “ഉം.. ” അവൾ പുഞ്ചിരിയോടെ മൂളി. “ഒരു പാട്ട് പാടി തരുമോ? ” “ഏതു പാട്ട്… ” “ഏതായാലും കുഴപ്പമില്ല…” “പാടട്ടെ? ” “ഉം… ” “അരികിൽ ഇല്ലെങ്കിലും അകതാരിൽ വിടരും പ്രണയത്തിൻ മധുവൂറും മലരല്ലേ നീയെൻ ഉയിരല്ലേ എൻ പ്രിയനല്ലേ…

ഓരോ നിമിഷവും ഓർമ്മയിൽ വിടരും സ്നേഹത്തിൻ പ്രിയതോഴൻ നീ അല്ലേ എൻ ജീവനല്ലേ സ്വപ്നമല്ലേ… നീയെൻ നിറുകെയിൽ തന്നൊരാ ചുംബനത്തിൻ നിമിഷമിന്നും എന്നിൽ നിറഞ്ഞിടുന്നു… നീയെൻ നിറുകെയിൽ സിന്ദൂരം അണിയിച്ച വിരലാൽ എൻ ഹൃദയം നിറഞ്ഞിടുന്നു മെല്ലെ ഒഴുകിടുന്നു… മനസ്സിൻ തന്ത്രികൾ മീട്ടുമീ പ്രണയത്തിൻ പുഞ്ചിരി ഇന്നെൻ ലഹരിയല്ലോ… ഹൃദയസ്പന്ദനമല്ലോ… “”…. തുടരും

പാദസരം : ഭാഗം 10

Share this story