അറിയാതെൻ ജീവനിൽ: ഭാഗം 12

അറിയാതെൻ ജീവനിൽ: ഭാഗം 12

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

ദേവൂട്ടിയെ കുറിച്ച് ജുവലിനോട് എങ്ങനെ പറയുമെന്നായിരുന്നു മനസ്സ് മുഴുവൻ. പെണ്ണിന്റെ മെസേജുകൾ കണ്ടപ്പോ സങ്കടം തോന്നി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ‘ഞാൻ വന്നു..’ അത്രയേ അയച്ചിരുന്നുള്ളു. അപ്പോൾ തന്നേ മെസേജ് സീനായി പെണ്ണ് മറുപടി തന്നു. ‘എവിടെ പോയതായിരുന്നു? ഞാനെത്ര നേരമായി കാത്തിരിക്കുന്നു.’ ‘അച്ഛന്റെ കൂടെ പുറത്തേക്ക് പോയതായിരുന്നു..’ ‘എന്നാത്തിന്?’ ‘വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാൻ..’ അങ്ങനെ പറയാനാണ് തോന്നിയത്.. തന്നേ സ്വപ്നം കാണുന്ന പെണ്ണാണ്. സ്വപ്നങ്ങൾക്ക് മീതെ തൂവല് തുന്നി പിടിപ്പിക്കാൻ താൻ അരികിലെത്തുന്നതും കാത്തിരിക്കുന്ന പെണ്ണാണ്.

ആ പെണ്ണിനോട് എങ്ങനെയാണ് ദേവൂട്ടിയെ കുറിച്ച് പറയാനാവുക? ‘അതെയോ.. എന്താ പരിപാടി?’ ‘ഒന്നുമില്ല..’ ‘എന്തേലും കുഴപ്പമുണ്ടോ അവിടെ?’ ‘എന്താടോ തനിക്ക് അങ്ങനെ തോന്നാൻ..’ ‘ആവോ.. അങ്ങനെ ഫീൽ ചെയ്തു.. ജീവേട്ടന്റെ സംസാരത്തിൽ..’ പെണ്ണ് പറഞ്ഞു. മറുപടിയയച്ചില്ല. അവൾ കാത്തിരിക്കുന്നുണ്ടാകുമെന്നറിയാം.. അവളുടെ പ്രൊഫൈൽ പിക്ച്ചറിലേക്ക് കുറേ നേരം നോക്കിയിരുന്നു.. അഴകേറിയ പെണ്ണിന്റെ ചിരിക്കുന്ന മുഖം.. എത്രനേരം അതിലേക്ക് മിഴികൾ നട്ടിരുന്നെന്ന് അറിയില്ല. തിരിച്ചു വാട്സ്ആപ്പ് നോക്കിയപ്പോൾ അവളുടെ ഒരുപാട് മെസേജുകൾ ഉണ്ടായിരുന്നു. ‘ജീവേട്ടാ.. എന്തുപറ്റി? എന്താ റിപ്ലൈ ഇല്ലാത്തത്? ജീവേട്ടന് വയ്യേ? അതോ വേറെന്തെങ്കിലും പ്രശ്നമുണ്ടോ? എന്നോട് പറ..

ആർ യൂ ഓക്കേ? ഞാനില്ലേ ജീവേട്ടാ കൂടെ?’ തുടർന്നും ഒരുപാട് മെസേജസ് ഉണ്ടായിരുന്നു. ‘നല്ല തലവേദന.. ഞാൻ പിന്നേ വരാം..’ ‘അതെയോ.. എന്നാൽ റസ്റ്റ്‌ എടുക്ക്.. പോയി വാ..’ ‘ഓക്കേ..’ ‘ഒരു ഉമ്മ തന്നിട്ട് പോ..’ പെണ്ണ് പറഞ്ഞു. മറുപടി കൊടുത്തില്ല. മൊബൈൽ ഓഫ് ചെയ്ത് തലയിണയിൽ തലപൂഴ്ത്തി. തലയാകെ വെട്ടിപ്പുളയുന്നത് പോലെ തോന്നി. എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല.. തന്നെ കാത്ത് സ്വപ്‌നങ്ങൾ കണ്ടുകൂട്ടുന്ന രണ്ട് പെണ്ണുങ്ങൾ.. ദേവൂട്ടിയോട് എന്തു പറയണം എന്നറിയില്ല.. ജുവലിനെ ഉപേക്ഷിക്കാനുമാവില്ല.. അച്ഛനെ എതിർക്കാനുമാവില്ല.. അസഹ്യമായ നീറ്റലോടെ നെറ്റിയിൽ കൈ അമർത്തി വച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് അച്ഛൻ മുറിയിലേക്ക് കയറിവരുന്നത്.

അച്ഛനെ കണ്ടപ്പോ വേഗം കിടക്കയിൽ നിന്നും എണീറ്റിരുന്നു. അച്ഛൻ അടുത്ത് വന്നിരുന്നപ്പോൾ തല താഴ്ത്തിയിരുന്നു. “എന്താടാ.. ആകെയൊരു വിഷമം പോലെ?” അച്ഛൻ തോളിൽ കയ്യമർത്തിക്കൊണ്ട് ചോദിച്ചു. എല്ലാം അച്ഛനോട് പറയാനുള്ള ധൈര്യം അപ്പോൾ തോന്നി. “അച്ഛാ.. എനിക്കച്ഛനോട് ഒരു കാര്യം പറയാനുണ്ട്..” അച്ഛന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ നിലത്ത് എന്തോ പരതി നടക്കുകയായിരുന്നു. “ആ ക്രിസ്ത്യാനി പെണ്ണിന്റെ കാര്യമല്ലേ.. അച്ഛനറിയാം..” അച്ഛനത് പറയുമ്പോൾ വല്ലാതെ അമ്പരന്നു പോയിരുന്നു.. അപ്പോ.. അച്ഛനറിയാമായിരുന്നോ എല്ലാം.. കണ്ണുകൾ അച്ഛന്റെ മുഖത്തെത്തി.. അച്ഛൻ ചേർത്തുപിടിച്ചു. “അത് ശരിയാവില്ല ജീവാ..

ഒന്നാമത് അവളുടെ മതം വേറെ.. കെട്ടിക്കൊണ്ടു വന്നാലേ ഇവിടെ ചുറ്റുമുള്ളോരോട് സമാധാനം പറയേണ്ടത് ഞാനാ.. നമ്മടെ കുടുംബത്തിന് കാശേ ഇല്ലാത്തതുള്ളൂ.. അഭിമാനമുണ്ട്.. ഈയൊരു കെട്ട് കാരണം അതില്ലാണ്ടാകും.” അച്ഛൻ പറഞ്ഞപ്പോൾ അച്ഛനോട് എന്തോ ഒരു ഇഷ്ടക്കേട് തോന്നി. ഇതുവരെ അച്ഛന്റെ ഇഷ്ടങ്ങളായിരുന്നു എല്ലാം.. പക്ഷെ ഈയൊരു കാര്യത്തിൽ അച്ഛനെ എതിർത്തിട്ടായാലും തന്റെ പെണ്ണിനെ സ്വന്തമാക്കിയേ പറ്റൂ. “അച്ഛാ അവളില്ലാണ്ടെ..” “ഇത് നീ ദേവൂട്ടി പോയപ്പോഴും പറഞ്ഞതാണ്..” പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അച്ഛൻ ഇടക്ക് കയറി പറഞ്ഞു. ഒന്നും മിണ്ടിയില്ല.. ശരിയാണ്, ദേവൂട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. കെട്ടാൻ തീരുമാനിച്ചിരുന്നു.

അവളു പോയപ്പോ ചാവാനിരുന്നതുമാണ്. പക്ഷെ ആ ചിന്തകളെ പോലും മനസ്സിൽ നിന്നും പറിച്ചെടുത്തു മാറ്റിയത് ജുവലാണ്. പ്രണയമെന്താണെന്ന് പഠിപ്പിച്ചു തന്നത് ദേവൂട്ടിയാണെങ്കിലും ആ വാക്ക് പൂർണ്ണമായും മനസ്സിലാക്കിയത് ജുവലിലൂടെയാണ്. ആ പെണ്ണില്ലെങ്കിൽ ഒരിക്കൽ കൂടി താനാ പഴയ അവസ്ഥയിലേക്കെത്തും.. ആ മുറിവ് മാറ്റിയെടുക്കാൻ പക്ഷെ ദേവൂട്ടിക്ക് കാലങ്ങൾ വേണ്ടി വരും. “അച്ഛനെന്തു പറഞ്ഞാലും ഇത് നടക്കില്ല.. ജുവലിനെ മനസ്സിൽ വച്ചോണ്ട്.. അത് ശരിയാവില്ലച്ഛാ..” ആദ്യമായാണ് ഒരു കാര്യത്തിന് അച്ഛനോട് എതിര് പറയുന്നത്. പക്ഷെ ഒരിക്കലും കുറ്റബോധം തോന്നിയില്ല.. അച്ഛനും ആ ഞെട്ടലിൽ ആയിരുന്നു. പെട്ടന്ന് ചാടിയെണീറ്റു. “നമുക്ക് കാണാം..

എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ ആ ക്രിസ്ത്യാനി പെങ്കൊച്ചിനെ ഈ വീടിന്റെ പടി ഞാൻ കയറ്റത്തില്ല..” അച്ഛൻ പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ എഴുന്നേറ്റു പോകാനൊരുങ്ങി. അച്ഛന്റെ കയ്യിൽ അമർത്തി പിടിച്ചു തടഞ്ഞു നിർത്തി. “ഞാൻ കെട്ടുന്നുണ്ടെങ്കിൽ അത് ജുവലിനെ മാത്രമായിരിക്കും അച്ഛാ.. അച്ഛനിനി എന്തൊക്കെ പറഞ്ഞാലും അതിനൊരു മാറ്റവുമില്ല..” കണ്ണുകൾ അച്ഛന്റെ കണ്ണുകളിൽ തന്നെയായിരുന്നു. പറഞ്ഞു നിർത്തി പിടി അയച്ചപ്പോൾ അച്ഛൻ കോപത്തോടെ വാതിൽ ഉച്ചത്തിൽ തുറന്നുകൊണ്ട് നടുവകത്തേക്ക് പോയി. 💜💜💜💜💜💜💜💜💜💜💜💜

“ചേട്ടാ.. നോക്കിക്കേ.. ഈ വാച്ചൊന്നു ശരിയാക്കി തരണം.. താഴെ വീണു പൊട്ടിയതാ..” ടൗണിലെ വാച്ചുകളുടെ ഷോപ്പിൽ ചെന്നു നിന്നുകൊണ്ട് ആരവ് വാച്ച് റിപയററുടെ കയ്യിൽ ആ പൊട്ടിയ വാച്ചു കൊടുത്തിട്ട് പറഞ്ഞു. “ഇത് റിപ്പയർ ചെയ്യാൻ പറ്റുകേല. മുറിഞ്ഞതാ. ഇതേ സാധനം പുതിയൊരെണ്ണം ഇവിടെ വേറെയുണ്ട്. അത് നോക്കുന്നോ?” അയാൾ പറഞ്ഞപ്പോൾ അതെയെന്ന് തലയാട്ടി കാണിച്ചു. അയാൾ അകത്തേക്ക് ചെന്നു കുറച്ചു നേരം കഴിഞ്ഞ് ഒരു കുഞ്ഞു പെട്ടിയുമായി വന്നു. പെട്ടി കയ്യിൽ നീട്ടി. തുറന്നുനോക്കിയപ്പോൾ ജുവലിന്റെ അതേ വാച്ച് തന്നെ.. “ഇതിനെത്രയാ?” “എണ്ണൂറ്റി അമ്പത് രൂപ..

സാറായതു കൊണ്ട് എണ്ണൂറു തന്നാൽ മതി.” അയാൾക്ക് പൈസ കൊടുത്തു വാച്ചിന്റെ ബോക്‌സും പോക്കറ്റിലിട്ടു തിരിച്ചു പോകുമ്പോൾ ആ പൊട്ടിയ വാച്ചും കയ്യിലെടുത്തിരുന്നു. കാറിലെത്തി വാച് ബോക്സിന്റെ കവർ സീറ്റിൽ വച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. മുകളിലെ കണ്ണാടിക്ക് പിന്നിലായി ജുവലിന്റെ പൊട്ടിയ വാച്ചും തൂക്കി വച്ചു. “പെണ്ണേ.. നിന്നെ ഇനി എനിക്കെന്നും കണ്ടോണ്ടിരിക്കാല്ലോ..” ആരോടെന്നില്ലാതെ പറയുമ്പോൾ അധരത്തിൽ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.. 💜💜💜

ഈ ജീവേട്ടനിതെന്താണ് പറ്റിയത്? ഇന്നലെ കിടക്കാൻ നേരത്തും രാവിലെ എണീറ്റപ്പോഴും ഒന്നും ഒരു പ്രശ്നവുമില്ലായിരുന്നു.. ഉച്ച നേരമായിട്ടും ജീവേട്ടന്റെ ഒരു മെസേജ് പോലും വന്നില്ല.. ലാസ്റ്റ് സീനും രാവിലെ തന്നോട് സംസാരിച്ച അതേ സമയമായിരുന്നു. ജീവേട്ടന് തലവേദനയാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ ടെൻഷൻ തനിക്കാണ്.. ഇടക്കിടയ്ക്ക് ജീവേട്ടന്റെ മെസേജ് വന്നോ എന്ന് നോക്കിക്കൊണ്ടിരുന്നു സമയം കളഞ്ഞു. അതിനിടെയാണ് അലീനേച്ചി താഴെ നിന്നും വിളിക്കുന്നത് കേട്ടത്. “ജുവലേ..” “എന്നതാ ചേച്ചി?” താഴേക്ക്‌ നോക്കി വിളിച്ചു ചോദിച്ചു. “ദേ നിനക്കുള്ള ചോക്ലേറ്റ് വന്നിട്ടുണ്ട്..

വേം വന്ന് ഒപ്പിട്ടു കൈപറ്റിക്കേ..” രണ്ടാഴ്ച കൂടുമ്പോൾ അപരി’ജി’തനയക്കുന്ന ചോക്ലേറ്റിന്റെ കൊറിയറിപ്പോൾ തനിക്ക് കോമഡിയാണ്. ആദ്യമൊക്കെ അത് ജീവേട്ടന്റെ പണിയാണെന്ന് കരുതിയെങ്കിലും ജീവേട്ടനല്ല എന്ന് പിന്നീട് മനസ്സിലായി. താഴേക്കിറങ്ങി ചെല്ലാൻ തുടങ്ങുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. ജീവേട്ടനാകുമെന്ന് കരുതി ഓടിച്ചെല്ലാൻ ഒരു വെപ്രാളമായിരുന്നു. പക്ഷെ റൂമിലെത്തി ഫോൺ നോക്കിയപ്പോൾ മറ്റേതോ ഒരു പ്രൈവറ്റ് നമ്പറായിരുന്നു.. “ഹലോ..” കോൾ അറ്റൻഡ് ചെയ്തുകൊണ്ട് ചെവിയിൽ വച്ചു.. “ഹലോ..” ആ ശബ്‌ദം പെട്ടന്ന് തിരിച്ചറിഞ്ഞു. അത് ജീവേട്ടന്റെ അമ്മയായിരുന്നു…..തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 11

Share this story