നിനക്കായ് : ഭാഗം 35

നിനക്കായ് : ഭാഗം 35

എഴുത്തുകാരി: ഫാത്തിമ അലി

ബസ് സ്റ്റോപ്പിൽ എത്തി ബസിന് വേണ്ടി കാത്ത് നിൽക്കുന്ന സമയത്താണ് അവളുടെ മുന്നിൽ ഒരു ബൈക്ക് വന്ന് ബ്രേക്ക് ചവിട്ടിയത്… പെട്ടെന്ന് ആയത് കൊണ്ട് അവളൊന്ന് പേടിച്ച് പിന്നോട്ട് ആഞ്ഞു… ഒരു ചെറുപ്പക്കാരനും അയാളുടെ കൂടെ യുവതിയും ആയിരുന്നു ബൈക്കിൽ… “എക്സ്ക്യൂസ്മീ…ഇവിടെ ഒരു കേണൽ രാമചന്ദ്രന്റെ വീട് എവിടെ ആണെന്ന് അറിയാമോ…?” ചെറുപ്പക്കാരന്റെതാണ് ചോദ്യം… “സോറി ചേട്ടാ…എനിക്ക് അറിയില്ല…” “ഓഹ്…ഇറ്റ്സ് ഓക്കെ….നമുക്ക് വേറെ ആരോടെങ്കിലും ചോദിക്കാം ചേച്ചീ…” അവൻ പിന്നിലിരിക്കുന്ന യുവതിയോട് പറഞ്ഞതും അവർ ഒന്ന് തലയാട്ടി ശ്രീയെ നോക്കി ചെറുതായി പുഞ്ചിരിച്ചു…

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയതും ഒന്ന് നിശ്വസിച്ച് തല തിരിച്ചപ്പോഴാണ് കുറച്ച് വിട്ട് മാറി എതിർ വശത്തെ ഒരു കടയ്ക്ക് മുന്നിൽ നിൽക്കുന്ന അലക്സിനെ കണ്ടത്… അവനെ കണ്ടതും ശ്രീയുടെ കണ്ണുകൾ ഒന്ന് വിടർന്ന് വന്നു… ബസ് വരുന്നത് കാണാത്തത് കൊണ്ട് റോഡ് ക്രോസ് ചെയ്ത് മറുവശത്തേക്ക് കടന്ന് അവൾ അലക്സിന്റെ അടുത്തേക്ക് എത്തി… “ഏട്ടായീ….” കാറിന്റെ ബോണറ്റിന് മുന്നിൽ ചാരി നിന്ന് ഫോണിൽ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അലക്സ് ശ്രീയുടെ ശബ്ദം കേട്ടത്… “മാളൂട്ടീ…” തനിക്കരികിലേക്ക് ചിരിച്ച് കൊണ്ട് വരുന്ന ശ്രീയെ കണ്ടതും ഫോൺ പോക്കറ്റിലേക്ക് വെച്ച് അലക്സ് മനോഹരമായി ഒന്ന് പുഞ്ചിരിച്ചു…

അന്നമ്മയുടെ അടുത്ത് നിന്നും അലക്സിനെ കുറിച്ചുള്ള കാര്യങ്ങൾ ഒക്കെ അറിഞ്ഞതിന് ശേഷം ശ്രീക്ക് മനസ്സിൽ വല്ലാത്ത വേദന ആയിരുന്നു… പിന്നീട് അവനെ കാണുമ്പോഴൊക്കെ അവൾക്ക് നഷ്ടപ്പെട്ട ഏട്ടനെ ആയിരുന്നു ഓർമ്മ വരാറുള്ളത്… അത് കൊണ്ട് തന്നെ ഇപ്പോൾ അലക്സ് അവൾക്ക് സ്വന്തം ചേട്ടനും അവന് അവൾ മാളൂട്ടിയും ആണ്… “മോൾ ഇത് എവിടേക്കാ…?” “രണ്ട് ദിവസം ക്ലാസ് ഇല്ലല്ലോ…വീട്ടിലേക്ക് പോവാൻ നോക്കുവായിരുന്നു…അല്ല ഏട്ടായി എന്താ ഇവിടെ നിൽക്കുന്നത്…?തിരിച്ച് വരുന്ന വഴി ആണോ…? എവിടെ പോയി മറ്റേ ആൾ…?” സാമിനെ കുറിച്ചാണ് ശ്രീ ചോദിച്ചതെന്ന് മനസ്സിലായതും അവനൊന്ന് ചിരിച്ച് കണ്ണുകൾ സൈഡിലേക്കായി ചലിപ്പിച്ചു…

അവിടെയുള്ള കടക്ക് മുന്നിൽ നിൽക്കുന്ന ആളോട് എന്തോ സംസാരിച്ച് കൊണ്ടിരിക്കുന്ന സാമിനെ കണ്ട് ശ്രീ ഒന്ന് ചിരിച്ചു… ഇന്നലെ മൂന്നാറിലേക്ക് പോയിട്ട് രണ്ട് പേരും തിരിച്ച് വരുന്ന വഴി ആണ് എന്തോ ആവശ്യത്തിന് സാം കടയിലേക്ക് കയറിയത്… “മോൾ എങ്ങനെയാ പോവുന്നത്….?” “സ്റ്റാൻഡിൽ നിന്ന് നാട്ടിലേക്ക് നേരിട്ട് ബസ് ഉണ്ട് ഏട്ടായീ… അച്ച അവിടെ നിൽക്കും എന്ന് പറഞ്ഞിട്ടുണ്ട്…” അലക്സും ശ്രീയും സംസാരിച്ച് നിൽക്കുമ്പോഴാണ് സാം കടയിൽ നിന്നും ഇറങ്ങിയത്… കൈയിലിരുന്ന ഫോണിലേക്ക് നോക്കി കാറിനടുത്തേക്ക് വന്നത് കൊണ്ട് അവിടെ ശ്രീ നിൽക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല… “പോവാ ടാ…”

അലക്സിനോട് പറഞ്ഞ് കൊണ്ട് തല ഉയർത്തി നോക്കിയതും ശ്രീയിലേക്കായിരുന്നു അവന്റെ കണ്ണുകൾ ചെന്ന് പതിച്ചത്… പ്രതീക്ഷിക്കാതെ അവളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി…. ശ്രീ സാമിന് നേരെ ഒരു കുഞ്ഞ് പുഞ്ചിരി സമ്മാനിച്ചു… “രാവിലെ തന്നെ താൻ എങ്ങോട്ടാ…?” ശ്രീയുടെ അരികിലേക്ക് വന്ന് കൊണ്ട് അവൻ ചോദിച്ചു… “വീട്ടിലേക്ക് പോവാൻ നിൽക്കുവാ….” പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി കൊടുത്തതും സാമിന്റെ മുഖം ഒന്ന് വാടി… ഇനി അവളെ കാണണം എങ്കിൽ രണ്ട് ദിവസം കഴിയേണ്ടി വരുമല്ലോ എന്നോർത്തായിരുന്നു ആ വാട്ടം…. ഇന്ന് തന്നെ മൂന്നാറിൽ നിന്ന് തിരിച്ച് വരാനുള്ള കാരണവും ശ്രീയെ കാണാതിരിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു..

ഓരോന്ന് ഓർത്ത് സാം അലക്സിനോട് ചിരിച്ച്സംസാരിക്കുന്ന ശ്രീക്ക് നേരെ മിഴികൾ നട്ടു… അവളുടെ ചൊടികളിൽ വിരിയുന്ന പുഞ്ചിരിക്ക് വല്ലാത്ത വശ്യത ഉള്ളത് പോലെ അവന് തോന്നി… ഇമ ചിമ്മാതെ അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുത്ത് കൊണ്ട് ഒന്നും സംസാരിക്കാതെ അവർക്കരികിൽ അങ്ങനെ നിന്നു… “ഈശ്വരാ…ഇത് വരെ ബസ് വന്നില്ലല്ലോ….” ഏറെ നേരം കഴിഞ്ഞിട്ടും അവൾക്ക് പോവേണ്ടുന്ന ബസ് വരുന്നില്ലെന്ന് കണ്ടതും ശ്രീ നിരാശയോടെ വാച്ചിലേക്ക് നോക്കി… “ഇനിയിപ്പോ ഇവിടെ കാത്ത് നിൽക്കണ്ട മോളേ…ഞങ്ങൾ ഡ്രോപ്പ് ചെയ്യാം…” “ഏട്ടായി…അത്…” “എന്താ പേടി ആണോ…?”

“എന്തിന്…സന്തോഷം അല്ലേ ഉള്ളൂ…എന്റെ ബസ് ചാർജ് ലാഭം ആയില്ലേ….” ശ്രീ കുസൃതിയോടെ പറഞ്ഞത് കേട്ട് അലക്സ് ചിരിച്ച് കൊണ്ട് തലയാട്ടി…. “ടാ…സാമേ….” “ആഹ്..എന്താ ടാ…?” “നമുക്ക് മാളൂനെ ഒന്ന് ഡ്രോപ്പ് ചെയ്തിട്ട് പോവാം….” അലക്സ് പറഞ്ഞത് കേട്ട് സാമിന്റെ മുഖം സന്തോഷത്താൽ വിടർന്നു… “ആഹ്…അതിനെന്താ….” സാം ആവേശത്തോടെ പറഞ്ഞതും അലക്സ് ശ്രീയെ നോക്കി… “മോള് കയറിക്കോ…..” അവൾ ഒന്ന് തലയാട്ടി ബാക്ക് ഡോർ തുറന്ന് ഇരുന്നു… “ടാ…താങ്ക്സ് മച്ചാ…” “മ്മ്..മ്മ്….” അലക്സ് സാമിനെ നോക്കി മൂളിയതും അവൻ ഇളിച്ച് കാണിച്ച് വേഗം കാറിൽ കയറി…

സാമിന്റെ ഉത്സാഹം കണ്ട് ചിരിയോടെ കോ ഡ്രൈവർ സീറ്റിലേക്ക് ഇരുന്നു… പോവുന്ന വഴി അലക്സും ശ്രീയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു… സാമിന്റെ ചെവിയിൽ അതൊന്നും എത്തിയിരുന്നില്ല…. അവന്റെ ശ്രദ്ധ മുഴുവൻ ഫ്രണ്ട് മിററിലൂടെ കാണുന്ന അവളുടെ കുഞ്ഞ് മുഖത്തിൽ മാത്രമായിരുന്നു… അത്യാവശ്യം കട്ടിയുള്ള അവളുടെ വളഞ്ഞ പുരിക്കൊടിയുടെ നടുക്കായി തൊട്ട ഇത്തി പോന്ന പൊട്ടും അൽപം മാത്രം കരിയെഴുതിയ കണ്ണുകളും അവന്റെ ഹൃദയത്തെ കൊളുത്തി വലിക്കാൻ തക്കവണ്ണമായിരുന്നു…

എത്രയൊക്കെ അവളിൽ നിന്ന് കണ്ണുകൾ പിൻവലിക്കണമെന്ന് തോന്നിയാലും വീണ്ടും വീണ്ടും കാന്തം പോലെ അവളിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് ആ കണ്ണുകളിൽ ഒളിഞ്ഞ നിൽക്കുന്നത് പോലെ സാമിന് തോന്നി… ശ്രീയോട് എന്തോ പറഞ്ഞ് സാമിന്റെ മുഖത്തേക്ക് നോക്കിയ അലക്സ് അവന്റെ കണ്ണുകൾ ഇടക്കിടെ ഫ്രണ്ട് മിററിലൂടെ പിന്നിലേക്ക് നീളുന്നത് കണ്ട് പുഞ്ചിരിച്ചു… “ടാ….നേരെ നോക്കി ഓടിക്കെടാ കോപ്പേ…” സാമിന് മാത്രം കേൾക്കത്തക്ക ശബ്ദത്തിൽ അലക്സ് പറഞ്ഞതും അവനൊരു ചമ്മിയ ചിരിയോടെ മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്തു…

കാറിൽ നിശബ്ദത തളം കെട്ടി നിന്നതും സാം കൈ എത്തിച്ച് എഫ്.എം ഓൺ ചേയ്തു…. സ്റ്റീരിയോയിൽ നിന്നും ഒഴുകിയ മനോഹരമായ ഗാനത്തിന്റെ ഈരടികൾ കാറിനകത്താകെ നിറഞ്ഞു… 🎼സഖിയേ … സഖിയേ…. ഒരു നിലാമഴ പോലെ അരികിൽ അണയുകയായി നീ…. പുലരിയെക്കാൾ ഏറെ തെളിമ പകരുകയായി നീ…. മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായി മാറി… മിഴികളിൽ നീ ഒരു കിനാവായി തഴുകി മായുകയോ…. ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായി ജന്മ വീണയിൽ ഏകമാനം സ്വര മന്ത്രണം നീയേ…. സഖിയേ… സഖിയേ ..🎼

സാമിന്റെ കണ്ണുകൾ അവൻ പോലുമറിയാതെ പലപ്പോഴായി പിന്നിലേക്ക് നീങ്ങുന്നുണ്ടായിരുന്നു… ശ്രീ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേ കാഴ്ചകളിൽ കണ്ണ് നട്ട് ഇരിപ്പായിരുന്നു… ഇടക്കിടെ പാട്ട് ആസ്വദിച്ചെന്ന പോലെ കണ്ണുകൾ പ്രത്യേക രീതിയിൽ ചിമ്മി അടക്കുന്നതിനോട് കൂടെ ആ സംഗീതത്തിനൊപ്പം തല ചലിപ്പിക്കുന്നുമുണ്ട്…. അവളിലെ ഓരോ ഭാവങ്ങളും സാമിലെ കാമുകന് വല്ലാത്തൊരു ലഹരി പകരുന്നുണ്ടായിരുന്നു… പകുതി തുറന്നിട്ട വിൻഡോ ഗ്ലാസിലൂടെ പാറി കളിക്കുന്ന മുടിയിഴകൾ ഇടക്കിടെ ചെവിക്ക് പിന്നിലായി ഒതുക്കി വെക്കുന്നുണ്ടെങ്കിലും അവ വീണ്ടും മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു…

സാമിന് തന്റെ വിരലുകൾ കൊണ്ട് അവ ഒതുക്കി വെച്ച് കൊടുക്കാനും അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഇരു മിഴികളിലും ചുംബനങ്ങൾ നൽകുവാനും തോന്നി… ഒരുവേള കാറ്റിൽ പാറിയ മുടിയിഴകൾ ഒതുക്കുന്നതിനിടയിൽ ശ്രീയുടെ കണ്ണുകൾ മിററിലേക്ക് പതിഞ്ഞ സമയത്ത് തന്നെയായിരുന്നു സാം അവൾക്ക് നേരെ നോക്കിയതും…. ഇരുവരുടെയും മിഴികൾ തമ്മിൽ ഇടഞ്ഞ സമയം…. സാമിന് അവളുടെ നോട്ടം നെഞ്ചിൽ കൊളുത്തി വലിച്ചത് പോലെ ആയിരുന്നു അനുഭവപ്പെട്ടത്… അവൾ കണ്ണുകൾ പിൻവലിക്കുമെന്ന് കരുതിയ സാമിനായി ശ്രീ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു…

തിരികെ അവനും ചിരി കൈമാറിയതും ശ്രീ സാമിൽ നിന്ന് നോട്ടം മാറ്റി… “ഇവിടെ നിർത്തിയാ മതീ ട്ടോ…” സ്റ്റാൻഡിൽ എത്താറായതും ശ്രീ കാർ നിർത്താനായി പറഞ്ഞു… “വേണ്ട മാളൂ…ഞങ്ങൾ വീട്ടിൽ ഡ്രോപ്പ് ചെയ്യാം…” “അതേ…താനിനി ബസിലൊക്കെ കയറി പോവേണ്ടെ…ഞാൻ ഡ്രോപ്പ് ചെയ്യാ ടോ….” അലക്സും സാമും ഒരേ പോലെ പറഞ്ഞതും ശ്രീ വേണ്ടെന്ന രീതിയിൽ തല ചലിപ്പിച്ചു.. “ഞാൻ ബസിന് പൊയ്ക്കോളാം….നിങ്ങൾ കുറേ ദൂരം യാത്ര ചെയ്ത് ക്ഷീണിച്ച് വരുവല്ലേ…” “അതൊന്നും പ്രശ്നം ഇല്ലെടോ..” “വേണ്ടന്നേ…ഞാൻ ബസിന് പൊയ്ക്കോളാം…” “മ്മ്….” ശ്രീ വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞത് കൊണ്ട് രണ്ട് പേർക്കും അത് സമ്മതിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു…

“ഏട്ടായി…പോയി വരാമേ…” “മ്മ്…വീട്ടിലെത്തിയാ ഉടനെ വിളക്കണം…” “മ്മ്….” ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അലക്സിനെ ഒന്ന് നോക്കി തലയാട്ടി റോഡ് ക്രോസ് ചെയ്യാനായി സീബ്രാ ലൈനിന് അടുത്തേക്ക് നടന്നു…. ഇതിനിടയിൽ തന്നെ നോക്കാനോ യാത്ര പറയാനോ ശ്രീ ശ്രമിച്ചില്ല എന്നത് സാമിൽ ഒരു നോവായി നിന്നിരുന്നു… തനിക്കായി ഒരു നോട്ടം പോലും തരാതെ പോയ സങ്കടത്തിൽ അവളിൽ നിന്നും മുഖം തിരിക്കാൻ ഒരുങ്ങിയതും… നടത്തത്തിന് ഇടയിൽ ഒന്ന് നിന്ന് ശ്രീ തല ചെരിച്ച് സാമിന് നേരെ നോക്കി… മിഴികളാൽ അവനോട് യാത്ര പറഞ്ഞ ശ്രീയെ പുഞ്ചിരിയോടെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു…

ശ്രീ ബസിൽ കയറി സ്റ്റാൻഡ് വിട്ട് പോയി കഴിഞ്ഞതിന് ശേഷമാണ് സാം കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പോയത്… ***** ഏറെ നേരത്തെ യാത്രക്കൊടുവിൽ ബസ് അവൾക്ക് ഇറങ്ങേണ്ടുന്ന സ്റ്റോപ്പിൽ എത്തി…. തന്നെയും കാത്ത് കവലയിൽ നിൽക്കുന്ന മാധവനെ ബസിൽ നിന്ന് തന്നെ അവൾ കണ്ടിരുന്നു… “അച്ചേ….: ശ്രീ ഉത്സാഹത്തോടെ അയാൾക്കരികിലേക്ക് ഓടി ചെന്നു… വാത്സല്യത്തോടെ അയാൾ അവളെ ചേർത്ത് പിടിച്ച് നെറുകിൽ തലോടി… ശ്രീയുടെ കൈയിൽ നിന്ന് ബാഗ് വാങ്ങി മറു കൈയാൽ അവളുടെ കരം ഗ്രഹിച്ച് മുന്നോട്ട് നടന്നു… ഇടക്കെപ്പോഴോ ഒരു മഴ പെയ്ത് ചോർന്നത് കൊണ്ട് വഴിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു…

കൂടെ നല്ല തണുപ്പും… ഓരോന്ന് സംസാരിച്ച് രണ്ട് പേരും വീട്ടിലേക്ക് നടന്നു…പടിപ്പുര കടന്നപ്പോൾ തന്നെ തങ്ങളെ കാത്ത് ചാരുപടിയിൽ ഇരിക്കുന്ന വസുന്ധരയെ കണ്ടിരുന്നു.. “അമ്മാ…” ഉമ്മറത്ത് ഓടി കയറി വസുന്ധരയെ കെട്ടി പിടിച്ച് അവരുടെ കവിളിൽ അമർത്തി ചുംബിക്കാൻ ശ്രീ മറന്നില്ല… “അമ്മേടെ കുട്ടി ക്ഷീണിച്ചോ…?” വസു അവളുടെ മുഖം മുഴുവൻ തലോടിക്കൊണ്ട് ചോദിച്ചത് കേട്ട് ശ്രീ കുറുമ്പോടെ അവരെ നോക്കി… “ഒന്ന് പോ അമ്മാ…ഞാൻ തടി വെച്ചോ എന്നാ എന്റെ സംശയം…” “അവൾക്ക് കണ്ണിന് എന്തോ കുഴപ്പം ഉണ്ട് ശ്രീക്കുട്ടീ….അച്ഛേടെ വാവ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്….”

“കേട്ടില്ലേ അമ്മാ…വയസ്സായി വരുവല്ലേ…അച്ചേ…അത് കൊണ്ടാവും…” “ഓ…നിങ്ങൾ രണ്ടാളും ഒന്ന് അല്ലേ…ആയിക്കോട്ടേ…” “അച്ചോടാ…എന്റെ അമ്മക്കുട്ടി പിണങ്ങല്ലേ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ…” വസുന്ധരയുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് കണ്ണിറുക്കിയ ശ്രീയെ അവർ ചേർത്ത് നിർത്തി നെറുകിൽ മുകർന്നു.. “എന്റെ വസൂ…മോൾ വന്ന് കയറിയതല്ലേ ഉള്ളൂ…അവളൊന്ന് ഫ്രഷ് ആയിക്കോട്ടേ….” “ശരിയാ…അമ്മ മറന്നു…ചെന്ന് കുളിച്ച് വാ…അമ്മ ഭക്ഷണം എടുത്ത് വെക്കാം…” ശ്രീ തലയാട്ടി മൂളിപ്പാട്ടോടെ അകത്തേക്ക് പോയതും വസു മാധവന്റെ അരികിലേക്ക് ചെന്ന് അയാളുടെ തോളിലേക്ക് ചാഞ്ഞു…

“എന്താ വസൂ…കരയുവാണോ താൻ…?” “ഒന്നൂല്ല മാധവേട്ടാ…ന്റെ കുട്ടി…അവളുടെ മുഖത്ത് പഴയ ചിരിയും കളിയും കണ്ടപ്പോ…സന്തോഷം കൊണ്ടാ….” വസുന്ധരയുടെ കണ്ണുനീരിനെ തുടച്ച് മാറ്റി അയാൾ അവരെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് നിന്നു… അയാളുടെ കണ്ണിലും മകളുടെ മുഖത്ത് മാഞ്ഞ് പോയ ചിരി വീണ്ടും കാണ്ടതിന്റെ സന്തോഷം ആവോളം കാണാൻ കഴിഞ്ഞിരുന്നു… **** അലക്സിനെ അവന്റെ വീട്ടിൽ ഇറക്കിയ ശേഷമാണ് സാം പുലിക്കാട്ടിലേക്ക് ചെന്നത്… “ഇച്ചേ…” അവന്റെ റൂമിലേക്ക് കയറുന്ന സമയത്താണ് അന്നമ്മയുടെ വിളി… “എന്നാ ടാ…?” “ഞാൻ എത്ര തവണ വിളിച്ചു….നോട്ട് റീച്ചബിൾ എന്നാ പറയുന്നത്…”

“ആ…ചിലപ്പോ റേഞ്ച് ഉണ്ടാവാത്ത സമയത്താവും നീ വിളിച്ചത്…എന്താ മോളേ കാര്യം..?” “ദച്ചു അവളുടെ വീട്ടിലേക്ക് പോയി…രാവിലെ എത്തും എന്ന് പറഞ്ഞത് കൊണ്ടാ ഇന്നലെ വിളിക്കാതിരുന്നേ…” “ഓ…അതാണോ…” “അതെന്താ ഇച്ചക്ക് ഒരു താൽപര്യം ഇല്ലാത്തത് പോലെ…” അന്നമ്മ പറഞ്ഞത് കേട്ട് സാം അവൾക്കരികിലേക്ക് ചെന്ന് കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ച് വലിച്ചു.. “ഔഹ്…എന്നതാ ഇച്ചേ…” അന്നമ്മ വേദനിച്ച് മൂക്ക് തടവിക്കൊണ്ട് അവനെ കൂർപ്പിച്ച് നോക്കിയതും സാം ശ്രീയെ കണ്ടതും അവളെ ഡ്രോപ്പ് ചെയ്തതും എല്ലാം പറഞ്ഞ് കൊടുത്തു… “കർത്താവേ…ഇതിനിടയിൽ അങ്ങനെയും നടന്നോ…?” “പിന്നേ…നീ അറിയാത്ത എന്തൊക്കെ കാര്യങ്ങൾ നടന്നിരിക്കുന്നൂ….”

“ഏഹ്…എന്നാ…എന്നാ പറഞ്ഞേ….?ഞാനറിയാത്ത എന്താ പിന്നെ നടന്നത്…?” “ഹാ…അതൊന്നും അറിയാനുള്ള പ്രായം നിനക്കായിട്ടില്ല… കാരണം…നീ കുട്ടിയാണ്….” അന്നമ്മയുടെ മൂക്കിൽ ഒന്ന് തട്ടി കണ്ണിറുക്കി കൊണ്ട് സ്ലോ മോഷനിൽ തിരിഞ്ഞ് നടക്കുന്ന സാമിനെ കണ്ട് കിളി പോയ പോലെ അവൾ നിന്നു… റൂമിലേക്ക് കയറിയ സാം ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു… തലയണ എടുത്ത് അതിനെ ഇരു കൈകളാലും കെട്ടി പിടിച്ച് കണ്ണുകൾ ഇറുകെ അടച്ച് കിടന്നതും അവന്റെ ഉള്ളിൽ മിഴിവോടെ തെളിഞ്ഞ രൂപം ശ്രീയുടെതായിരുന്നു…

“എന്നിൽ ഇത്രത്തോളം ആഴത്തിൽ പടരാൻ മാത്രം എന്ത് മായാജാലമാ പെണ്ണേ നീ ചെയ്ത് വെച്ചത്…കണ്ട നാൾ മുതൽ ഈ നേരം വരെ നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷം പോലും എന്നിൽ ഉണ്ടായിട്ടില്ല…. നിന്റെ ഓർമകൾക്ക് പോലും എന്നെ കൊല്ലാതെ കൊല്ലുന്ന ഒരു തരം ലഹരിയാണ് പെണ്ണേ… ഇനി വൈകില്ല…. ഒരുങ്ങിക്കോ…ഈ സാമുവലിന്റെ പെണ്ണാവാൻ….”….തുടരും

നിനക്കായ് : ഭാഗം 34

Share this story