സഹയാത്രികയ്ക്കു സ് ‌നേഹ പൂർവം: ഭാഗം 42

സഹയാത്രികയ്ക്കു സ് ‌നേഹ പൂർവം: ഭാഗം 42

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അതിൽ അവളോടുള്ള അടങ്ങാത്ത പ്രണയമുണ്ടായിരുന്നു.. സ്നേഹമുണ്ടായിരുന്നു.. ആദരവുണ്ടായിരുന്നു.. അപ്പോഴും ആ മനസ്സിൽ എന്താണെന്ന് മാത്രം അവ്യക്തമായി അവന്റെ മുൻപിൽ ഒരു ചോദ്യമായി അവശേഷിച്ചു.. കണ്ണടച്ചു കിടക്കുന്നതിനിടയിലെപ്പോഴോ കിച്ചുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.. ഇടയിലെപ്പോഴോ കണ്ണു തുറന്നു നോക്കിയപ്പോഴും കണ്ടു അസ്വസ്ഥയായി മുറിയുടെ നടക്കുന്ന ഭദ്രയെ.. എന്താടോ.. കിടക്കുന്നില്ലേ.. കിച്ചു ചോദിച്ചു.. അവളവനെ ഒന്ന് നോക്കി.. ഇവിടെ കിടന്നോട്ടോ.. ഞാൻ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല…

അവനൊരു കുസൃതി ചിരിയോടെ ബൈസ്റ്റാന്റർക്ക് ഉള്ള കട്ടിൽ ചൂണ്ടി പറഞ്ഞു.. കിടക്കാൻ തോന്നുമ്പോൾ ഞാൻ കിടന്നോളാം.. താൻ കിടന്നുറങ്ങാൻ നോക്ക് . മരുന്ന് കഴിച്ചതല്ലേ.. അവൾ പറഞ്ഞു.. എന്തിനാ ഇത്ര പാട് പെട്ട് ഇവിടെ നിൽക്കാംന്ന് സമ്മതിച്ചത്.. കിച്ചു ചോദിച്ചതും ഭദ്ര അവനെ നോക്കി. എനിക്ക് അറിയാം.. ഇപ്പോഴും തന്റെ മനസ്സിൽ ആധിയാണെന്ന്.. വിച്ചുവും അച്ഛനും തനിയെയാണ്.. അതിന്റെ ടെന്ഷൻ.. അവൻ പറഞ്ഞു.. അവർ തനിയെ അല്ല.. നിങ്ങളുടെ അമ്മയും ദേവുവും ഉണ്ട് അവിടെ.. ഭദ്ര തിരുത്തി.. കിച്ചു ഒന്നു പുഞ്ചിരിച്ചു.. തനിക്ക് അവിടുന്ന് മാറിയാൽ സമാധാനം കിട്ടില്ലെന്ന് എനിക്കറിയാം..

കിച്ചു പറഞ്ഞു.. തനിക്ക് ജ്യോൽസ്യം വശമുണ്ടായിരുന്നെങ്കിൽ വേറെ ബിസിനെസ്സ് നോക്കേണ്ടയിരുന്നല്ലോ.. ഭദ്ര പുച്ഛത്തോടെ ചോദിച്ചു.. അവൻ ചിരിച്ചു.. എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്. ഞാൻ തന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞോ.. ഇവിടെ ഒറ്റയ്ക്ക് നിന്നോളാം എന്ന് ഞാൻ പറഞ്ഞതാ.. കിച്ചു പറഞ്ഞു.. ഭദ്ര ഒന്നും മിണ്ടിയില്ല.. തന്റെ അമ്മയെയാണോ പേടി.. കിച്ചു അല്പനേരം മൗനമായിരുന്ന ശേഷം.ചോദിച്ചു.. ഭദ്ര അവനെ നോക്കി.. ‘അമ്മ.. ആ വാക്കിന് അവർ അര്ഹയല്ല… ഭദ്ര പുച്ഛത്തോടെ പറഞ്ഞു..

അവർക്ക് വേണ്ടത് സ്വത്താണ്. പണമാണ്.. പിന്നെ… അവളെന്തൊ പറയാൻ വന്നത് അറപ്പോടെ കടിച്ചു പിടിക്കുന്നതും അതിനോടൊപ്പം ദേഷ്യത്തിൽ അവളുടെ മൂക്കിന് തുമ്പ് ചുവക്കുന്നതും കിച്ചു കാണുന്നുണ്ടായിരുന്നു.. തെരുവിൽ ശരീരം വിൽക്കുന്ന സ്ത്രീകൾക്കും പറയുവാനുണ്ടാകും ആരുടെയൊക്കെയോ ചതിയുടെ.. കടന്നു വന്ന വഴികളിൽ അനുഭവിച്ച നിസ്സഹായതയുടെ കുറെ അനുഭവങ്ങൾ. സാഹചര്യങ്ങൾ. പക്ഷെ ആ സ്ത്രീയ്ക്ക് അവരോടൊന്ന് താരതമ്യം ചെയ്യപ്പെടുവാനുള്ള യോഗ്യത പോലുമില്ല.. സ്വന്തം സുഖത്തിനു വേണ്ടി സ്വന്തം മകളെപോലും..

നിങ്ങൾക്കറിയോ. ഞാൻ ഒരുപാട് വട്ടം പ്രാർത്ഥിച്ചു പോയിട്ടുണ്ട് ആ സ്ത്രീയുടെ മക്കളല്ല ഞങ്ങളെന്ന് ആരെങ്കിലും പറഞ്ഞു കേൾക്കാൻ.. ആ വയറ്റിലല്ല ഞങ്ങൾ ജനിച്ചതെന്ന് കേൾക്കാൻ.. ഭദ്രയുടെ മുഖത്തു ദേഷ്യം മാറി ഇരു താരം മരവിപ്പ് കലർന്നു.. ഒന്നിനും വേണ്ടിയല്ല.. ഒരു സമാധാനത്തിനാ.. സ്വന്തം മക്കളോടല്ലല്ലോ അവരത് കാണിച്ചതെന്ന്.. ആല്ലെങ്കിൽ ആ സ്ത്രീയുടെ രക്തമല്ലല്ലോ ഞങ്ങളെന്ന് ഒന്നാശ്വസിക്കാൻ. ഭദ്രയുടെ വാക്കുകൾ ഇടറി.. പോട്ടേടോ.. കിച്ചു അനുതാപതോടെ പറഞ്ഞു..

നിങ്ങൾക്കൊന്നും അറിയില്ല ആ വേദന.. ഒരടി കിട്ടിയാൽ പോലും അത് അമ്മേടെ കയ്യിൽ നിന്നാണെങ്കിൽ പോലും അമ്മേന്ന് വിളിച്ചു കരയുന്നതല്ലേ നമ്മുടെ ശീലം.. അവൾ ചോദിച്ചു.. കിച്ചു അവളെ നോക്കി ഇരുന്നു.. വെറുതെ.. അവളെയൊന്ന് കേൾക്കാൻ.. പക്ഷെ ആ അമ്മയിൽ നിന്ന് ഇങ്ങനൊരു വേദന.. സഹിക്കാൻ കഴിയോ.. അവൾ ചോദിച്ചു.. ഇല്ലെന്നവൻ യാന്ത്രികമായി തലയാട്ടി.. വെറുപ്പാണോ അവരോട്.. അല്ല.. അറപ്പാണ്.. അവൾ പറഞ്ഞു.. അവളാ ഓർമകളിലേക്ക് മടങ്ങി പോയി എന്ന് തോന്നി.. ഭദ്രേ.. അവൻ പെട്ടെന്ന് അവളെ പിൻവിളിച്ചു.. അവൾ അവനെ നോക്കി..

വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ വൈകീട്ട് അവൾ തൊട്ട സിന്ദൂരം വിയർപ്പിൽ കലർന്ന് താഴേയ്ക്ക് പടർന്നിരുന്നു.. എനിക്ക് തന്നോട് ആദ്യം ദേഷ്യമായിരുന്നു.. കിച്ചു പറഞ്ഞതും അവളവനെ നോക്കി.. തന്നോട് മാത്രമല്ലെടോ.. എല്ലാവരോടും ദേഷ്യമായിരുന്നു.. അവളും അവനെ നോക്കി അവനടുത്തായി കസേരയിട്ട് ഇരുന്നു.. അച്ഛൻ.. അതൊരു വല്ലാത്ത തണലായിരുന്ന കാലം.. സത്യം പറഞ്ഞാൽ ഒന്നും അറിഞ്ഞിട്ടില്ല.. അറിയിച്ചിട്ടില്ല അച്ഛൻ.. ബിസിനെസ്സ് സത്യം പറഞ്ഞാൽ എന്നോടൊപ്പം വളർത്തിയ അച്ഛന്റെ കുഞ്ഞാണെന്നു പറയാം.. സ്വന്തം വീട്ടുകാരെ ധിക്കരിച്ചു എന്റെ അച്ഛനോടൊപ്പം ഇറങ്ങി തിരിച്ചതായിരുന്നു ‘അമ്മ..

അത് പറഞ്ഞപ്പോൾ ഭദ്രയുടെ കണ്ണിൽ ഒരദ്ഭുതം അവൻ കണ്ടിരുന്നു.. അവനൊന്ന് ചിരിച്ചു.. ‘അമ്മ ഈ കാണും പോലെ പഞ്ച പാവമൊന്നും ആയിരുന്നില്ലാട്ടോ.. അച്ഛനേം വീര ശൂര പരാക്രമിയായ ആങ്ങളെയും വിട്ടിട്ട് അച്ഛന്റെ കടയിലെ വെറും ഒരു തൊഴിലാളിയുടെ മോനായ എന്റെ അച്ഛനോടൊപ്പം ഇറങ്ങി വന്നതാ എന്റെ അമ്മ.. ജീവനായിരുന്നു അച്ഛന് അമ്മയെ.. ഒരു കുറവും അമ്മയെ അറിയിക്കാതിരിക്കാനാ അച്ഛൻ കുടുംബമടക്കം പണയപ്പെടുത്തി ബിസിനെസ്സ് തുടങ്ങിയത്.. അതിനിടയിലാ ഞാൻ ജനിക്കുന്നത്.. അപ്പൊ അച്ഛന്റെ ബിസിനസും എന്നെപോലെ കണ്ണു തുറന്നു വരുന്നെയുണ്ടായിരുന്നുള്ളൂ..

ശെരിക്കും എന്നോടൊപ്പം വളർന്നു അച്ഛന്റെ ബിസിനെസ്സ്..അതിനിടയിൽ ദേവു കൂടി വന്നതോടെ ആ സന്തോഷം സ്വർഗ്ഗമായി..അപ്പോഴും ഞങ്ങളുടെ വീട്ടിൽ അച്ഛന്റെ കുറവ് അച്ഛൻ അറിയിച്ചിട്ടില്ല.. ഞങ്ങളുടെ പേരെന്റ്‌സ് മീറ്റിങ്ങിന് പോലും എല്ലാ തവണയും അച്ഛനും അമ്മയും ഒന്നിച്ചാണ് വരുന്നത്.. അങ്ങനെ വളർന്നതാ ഞങ്ങൾ.. സുഖലോലുപത എന്നൊന്നും ഞാൻ പറയില്ല.. ചോദിക്കുന്നതെന്തും ഞൊടിയിടയിൽ കൺ മുൻപിൽ വെച്ചു തന്നിട്ടൊന്നുമില്ല അച്ഛൻ..

എല്ലാം ഉണ്ടായിരുന്ന സമയത്തും.. ഞാൻ ബി ബി എ പാസ്സായി നിൽക്കുന്ന സമയത്താണ് അച്ഛന്റെ ബിസിനെസ്സ് പാർട്ണേഴ്‌സ് ചേർന്ന് അച്ഛനെ ചതിക്കുന്നതും ബിസിനെസ്സ് കടത്തിലായതും.. പ്രശ്നങ്ങൾ ഒന്നൊന്നായി രൂക്ഷമായി.. ആ സമയത്താണ് അമ്മയുടെ പൊട്ട ബുദ്ധിക്ക് ഒരു ജ്യോൽസ്യനെ കാണാൻ തോന്നിച്ചത്.. അയാൾ ഉപദേശിച്ച പ്രകാരം 18 വയസ്സിൽ ദേവുവിന്റെ കല്യാണം നടത്തണം എന്നു പറഞ്ഞു.. അങ്ങനെയാണ് അച്ഛന്റെ ഒരു സുഹൃത്തിന്റെ മോനുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നത്. സ്ത്രീധന പ്രശ്‌നത്തിൽ ആ വിവാഹം വിവാഹ പന്തലിൽ വെച്ചു മുടങ്ങി..

ആ ഷോക്കിൽ നിന്നൊന്നു മുക്തരായി വരുന്നതിനു മുൻപാണ് ഒരീസം അച്ഛൻ സ്വന്തം ജീവനുപേക്ഷിച്ചത്.. അവനൊന്ന് നിർത്തി. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.. തൂങ്ങി നിൽക്കുന്ന അച്ഛനെ കണ്ടത് ദേവുവാണ്.. ആ കാഴ്ച്ച അവളുടെ സമനില തെറ്റിച്ചു…’അമ്മ ആകെ തകർന്നു.. സത്യത്തിൽ എനിക്കും ബലമില്ലാതെയായിപോയി.. ആകെ കയ്യിൽ ഉള്ളത് ഒരു ഡിഗ്രി.. എം ബി എയ്ക്ക് അഡ്മിഷൻ ശെരിയായ വന്ന നേരത്താണ് വീടിന്റെ ജപ്തിയും നടന്നത്. ഞങ്ങൾ ഇറങ്ങി കൊടുത്തു.

അന്നും വിനയൻ അങ്കിളും ശ്യാമാന്റിയും വിളിച്ചതാണ് അവരുടെ വീട്ടിലേയ്ക്ക്.. അമ്മയ്ക്ക് കൂടി അവകാശപ്പെട്ട അമ്മയുടെ വീട്.. അങ്ങനെയാണ് ഞങ്ങൾ അവിടേയ്ക്ക് പോകുന്നത്.. കിച്ചു പറഞ്ഞതും ഭദ്ര ആകാംഷയോടെ തന്നെ കേൾക്കുന്നത് അവൻ കണ്ടു.. അവനൊന്ന് പുഞ്ചിരിച്ചു.. അവിടെ ഞങ്ങളെ കാത്തിരുന്നത് അതിനേക്കാൾ വലിയ വിധിയാണ്.. പഠിപ്പിച്ചു അങ്കിൾ.. അതിനു ശേഷം ജോലി.. അങ്കിളിനു കീഴിൽ അമ്മയ്ക്ക് കൂടി അവകാശപ്പെട്ട കമ്പനിയിൽ വെറും 5000 രൂപയ്ക്ക് മാസം ശമ്പളം മേടിച്ചു പട്ടിയെ പോലെ രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടു.. അന്നും വേലക്കാർക്ക് കൊടുക്കുന്ന സ്ഥാനം പോലുമില്ലായിരുന്നു ഞങ്ങൾക്ക് ആ വീട്ടിൽ..

തനിക്കറിയോ ഞങ്ങൾ മൂന്നു പേർക്കും ഡൈനിങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും അന്നില്ലായിരുന്നു.. അടുക്കള പടിയിൽ ഞങ്ങളെപ്പോഴും ഞങ്ങളുടെ സ്വർഗം തേടി… രാപകലില്ലാതെ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിന്റെ 100 ഇരട്ടി ഓരോ മാസവും അങ്കിളിന്റെ മകന് ജീവിതം ആഘോഷമാക്കുവാൻ കൊടുക്കുമ്പോഴും കൂടിപ്പിറപ്പിന് ഒരു നേരത്തെ മരുന്നോ ഇഷ്ടമുള്ള ഭക്ഷണമോ പോലും വാങ്ങി നൽകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..

ഒടുവിൽ ഒരു ദിവസം എന്റെ ദേവുവിന് നേർക്ക് അപമര്യാദയായി വിഷ്ണുവിന്റെ നോട്ടം വീണത് അറിഞ്ഞതും കൊടുത്തു ഞാൻ.. അത്രനാളും ഉണ്ടായിരുന്ന കലി മൊത്തം അന്ന് ഞാൻ തീർത്തു.. അന്നിറങ്ങിയതാ അവിടുന്നു.. അന്ന് അമ്മയുടെ പൊന്നാങ്ങള നൽകിയത് ഒറ്റപ്പാലത്ത് 5 സെന്റ് സ്ഥലമാണ്.. അതും നടുക്കൊരു വലിയ കുളമുള്ള സ്ഥലം. അമ്മയുടെ ഷെയർ.. എല്ലാം നഷ്ടപ്പെട്ടുള്ള ആ യാത്രയിൽ വീണ്ടും ദൈവദൂതനെപോലെ വിനയൻ അങ്കിൾ വന്നു.. അച്ഛൻ അവസാനമായി വാങ്ങിയിട്ട ഈ വസ്തുവും വീടും കൈമാറി..

അന്ന് മനസ്സിൽ നിറഞ്ഞ വാശിയാണ് ജീവിതത്തോട്.. അന്ന് വന്ന ഞാൻ കണ്ടത് നാട്ടുകാരോട് ഗുസ്തിയുണ്ടാക്കുന്ന ഒരു റൗഡിയേയും.. ഭദ്ര സംശയത്തോടെ അവനെ നോക്കി.. നോക്കേണ്ട.. ഓർക്കുന്നില്ലേ.. അന്ന് ഞാൻ ആദ്യമായി വന്നപ്പോൾ വഴിയിൽ നിന്ന് വഴക്കുണ്ടാക്കിയത്.. അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൾ ആ പുഞ്ചിരിയോടെ മുഖം താഴ്ത്തിയതും അവനിലേയ്ക്കും അത്രതന്നെ ആഴത്തിൽ ആ പുഞ്ചിരി വിരിയിച്ചു.. കിച്ചു അത്ഭുതത്തോടെ പ്രണയത്തോടെ സ്നേഹത്തോടെ അവളുടെയാ മാറ്റം നോക്കികാണുകയായിരുന്നു..

ഇത്രനാളത്തെ പരിചയതിനിടയിൽ ആദ്യമായാണ് അവളുടെ മുഖത്താ പുഞ്ചിരി അവൻ കണ്ടത്.. അവൻ അവളെ നോക്കിയിരുന്നു പോയി.. അന്നാദ്യമായി ഭദ്ര അവനു നേർക്ക് ഒരു നറു പുഞ്ചിരി നൽകി… സൗഹാർദത്തോടെ.. സ്നേഹത്തോടെ..അവനിൽ ആ പുഞ്ചിരി അഗാധമായ പ്രണയം വിരിയിച്ചു.. ആ രാവിൽ ദൂരെയെവിടെയോ അവനായി പ്രണയം ഉള്ളിൽ നിറച്ച് പെണ്ണൊരുത്തി കാത്തിരിക്കുന്നുണ്ടെന്നറിയാതെ.. **** ആതിരേ.. പ്രമീളയുടെ ദേഷ്യത്തിലുള്ള കതകിൽ തട്ടിവിളി കേട്ടാണ് ആതിര കണ്ണു തുറന്നത്.. എഴുന്നേറ്റ പാടെ അവൾ ചുറ്റും നോക്കി..

കട്ടിലിൽ തനിക്കരികിലായി നിരത്തിയിട്ട കിച്ചുവിന്റെ പല ഭാവത്തിലുള്ള ഫോട്ടോസ് നോക്കി അവളൊന്നു പുഞ്ചിരിച്ചു.. എവിടെയാണെന്റെ സൂര്യാ നീ.. ഈ താമരയുടെ പ്രണയം ഈ പെണ്ണിന്റെയുള്ളിൽ വിരഹത്തിന്റെ അതിവേദന സമ്മാനിക്കുന്നത് നീയറിയുന്നില്ലേ.. ആതിരേ.. നീ എണീക്കുന്നോ അതോ കതക് ഞാൻ ചവിട്ടി പൊളിക്കണോ.. പ്രമീളയുടെ ഉയർന്നു വന്ന ശബ്ദം കേട്ടതും അവൾ ചെറു നീരസത്തോടെ അവന്റെ ചിത്രങ്ങൾ സൂക്ഷിച്ചു ബെഡിനടിയിലേയ്ക്ക് കയറ്റി വെച്ചു.. ശേഷം അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടി എഴുന്നേറ്റ് ചെന്നു വാതിൽ തുറന്നു..

എന്തിന്റെ കേടാ അമ്മയ്ക്ക്.. അവൾ നീരസത്തോടെ ചോദിച്ചു.. മനുഷ്യൻ മണിക്കൂറ് കുറെ യാത്ര ചെയ്തു വന്നു ക്ഷീണിച്ചാ ഒരിത്തിരി നേരം കിടക്കുന്നത്.. അതും സമ്മതിക്കില്ലാന്ന് വെച്ചാൽ കുറച്ചു കഷ്ടമാ.. ആതിര പറഞ്ഞു.. അതേടി.. നട്ടുച്ചയ്ക്ക് വെയിലടിക്കുന്നത് വരെ കിടന്നുറങ്ങിക്കോ.. നാളെ ഒരു വീട്ടിലേയ്ക്ക് കെട്ടിച്ചു വിടേണ്ട പെണ്ണാ.. ആ ബോധം വേണം.. പ്രമീള പറഞ്ഞു.. അമ്മയൊന്ന് പോയേ.. അവൾ പറഞ്ഞു.. നിനക്കെന്താ ഈ വീട്ടിൽ വന്നാൽ ഇപ്പൊ ഒരു താല്പര്യവും ഇല്ലാത്തപോലെ.. പണ്ടൊന്നും നേർ ഇങ്ങനെ അല്ലായിരുന്നല്ലോ.. അവർ സംശയത്തോടെ ചോദിച്ചു..

അതേ.. ഇപ്പൊ ഇങ്ങോട്ട് വരാൻ പോലും എനിക്ക് താൽപര്യമില്ല.. അതിനു കാരണവും അമ്മയ്ക്കറിയാമല്ലോ.. അവൾ പറഞ്ഞു.. ദേ ആതിരേ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. അവനെ കണ്ടിട്ടാണ് എന്റെ മോള് വെള്ളമിറക്കുന്നതെങ്കിൽ വേണ്ട..എന്റെ കുഞ്ഞിനെ പട്ടിയെ പോലെ തല്ലി ചതച്ചിട്ട് ഇറങ്ങി പോയവനാണ് അവൻ.. നിന്റെ അച്ഛനെതിരെ കേസ് കൊടുത്തേയ്ക്കുവാ അവനിപ്പോൾ.. കാ കാശിനു ഗതിയില്ലാത്ത അവനെയും മനസ്സിൽ കണ്ട് നീ ജീവിക്കേണ്ട.. പ്രമീള പറഞ്ഞു.. പട്ടിയെ പോലെ മോന് തല്ലു കൊണ്ടെങ്കിൽ അത് അവന്റെ കയ്യിലിരിപ്പ് കൊണ്ട്..

പിന്നെ അപ്പച്ചിക്ക് അർഹമായത് കിട്ടാനാ കേസിനു പോയത്.. കേസും വഴക്കുമൊന്നുമാക്കില്ലായിരുന്നല്ലോ അവർക്ക് അർഹതയുള്ളത് കൊടുത്തിരുന്നേൽ.. പിന്നെ അമ്മയുടെ ഊഹം ശെരിയാണ്.. സൂര്യൻ തന്നെയാണ് എന്റെ മനസ്സിൽ.. അതോർത്ത് ‘അമ്മ പനിക്കേണ്ട.. വേറെ ഒരുത്തനു മുന്നിലും ഈ ആതിര തല കുനിക്കില്ല..അത്രയും ഓർത്തുവെച്ചോ.. അതും പറഞ്ഞവർ അകത്തേയ്ക്ക് കയറി വാതിൽ വലിച്ചടച്ചു.. കാണിക്കേടി.. നിന്റച്ഛൻ അറിയേണ്ട.. അറിഞ്ഞാൽ..

അതും പറഞ്ഞവർ തിരിഞ്ഞതും പിന്നിൽ എല്ലാം കേട്ട് നിൽക്കുന്ന രാജേന്ദ്രനാഥിനെ കണ്ടവർ ഞെട്ടി നിന്നു.. അയാളുടെ കണ്ണുകളിൽ എരിയുന്ന ദേഷ്യത്തിനു മുൻപിൽ മറുപടിയില്ലാതെ അവർ അകത്തേയ്ക്ക് നടന്നതും കൂട്ടിയും കിഴിച്ചും പകയുടെ നേരിപ്പോടുകൾ മനസ്സിൽ ഊതി പെരുപ്പിക്കുകയായിരുന്നു അയാളപ്പോഴും.. അതൊന്നും കാര്യമാക്കാതെ തന്നെ ആതിര അവളുടെ മാത്രം ലോകത്തായിരുന്നു..

അവളുടെ സൂര്യനും അവളും മാത്രമുള്ള ലോകം.. കാതങ്ങൾ അകലെ തന്റെ പ്രണയത്തിന്റെ അവകാശി മറ്റൊരുവളെ അഗാധമായി പ്രണയിക്കുന്നതറിയാതെ ആ പെണ്ണ് തന്റെ സ്വപ്നങ്ങൾ നെയ്തുകൂട്ടുകയായിരുന്നു.. കാലത്തിന്റെ പകിടകളിയിൽ അപ്പോഴും കരുക്കൾ നീങ്ങുകയായിരുന്നു… ആർക്കും വേണ്ടി ആരുടെയും സ്വപ്നങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ…..തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 41

Share this story