അറിയാതെൻ ജീവനിൽ: ഭാഗം 15

അറിയാതെൻ ജീവനിൽ: ഭാഗം 15

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

ആരവ് ഡോക്ടറോട് കാര്യങ്ങളൊക്കെ പറഞ്ഞാണ് ഒടുവിൽ ജീവേട്ടൻ കാണാൻ വേണ്ടി ഡോക്ടറുമായി ഫേസ്‌ബുക്കിൽ റിലേഷനിലാണെന്നു സ്റ്റാറ്റസ് ഇട്ടത്.. ജീവേട്ടൻ അത് കാണുമ്പോ പിടഞ്ഞുപോയിട്ടുണ്ടാവും.. കണ്ണീര് ഉരുണ്ടു വീണിട്ടുണ്ടാകും.. ഹൃദയത്തിൽ ചോര കല്ലിച്ചിട്ടുണ്ടാകും.. അപ്പൊ.. അപ്പൊ തന്റെ അവസ്ഥയോ? നെഞ്ചിൽ പിടിച്ചിറങ്ങിയ വേര് മനസ്സില്ലാമനസ്സോടെ വെട്ടിമാറ്റുകയല്ലേ താൻ… നെഞ്ചിൽ വല്ലാണ്ടെ വേദനിക്കുന്നില്ലേ.. ജീവേട്ടൻ തന്റേതല്ല എന്ന് മനസിനെ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും ഓരോ ശ്രമങ്ങളിലും തോറ്റ് ജീവൻ എന്ന ആ പേരുപോലും നെഞ്ചിന്റെ ഉള്ളിൽ നിന്നും പറിച്ചുമാറ്റുവാൻ ആവുന്നില്ല.. എഫ്ബിയിൽ നോക്കിയപ്പോൾ റിലേഷൻഷിപ് സ്റ്റാറ്റസിന് കീഴിൽ ആശംസകൾ അറിയിച്ചുകൊണ്ട് ഒരുപാട് കമെന്റുകൾ കണ്ടു..

കണ്ണ് കലങ്ങിയിട്ട് ഒന്നും വായിക്കാൻ പറ്റിയില്ല.. ആ സമയത്താണ് ദിയയുടെ കോൾ വരുന്നത്.. റിലേഷൻ സ്റ്റാറ്റസ് ഇട്ടതു കണ്ട് ഞെട്ടിയിട്ടാകും.. “ഹെലോ..” “ജുവലേ.. എന്തോന്നെടെ ഇത്? ആരവ് ഡോക്ടറുമായി നീ റിലേഷനിലാണോ? അപ്പൊ ജീവൻ?” ഒറ്റശ്വാസത്തിൽ അവൾ ചോദിച്ചപ്പോ പെട്ടന്നൊരു വിങ്ങലായിരുന്നു മറുപടി.. “എന്താടാ ജുവലേ.. അയ്യേ, നീ കരയുവാണോ?” ദിയയുടെ സ്വരത്തിന് തമാശയിൽ നിന്നും കാര്യത്തിലേക്കെത്താൻ നിമിഷനേരമേ വേണ്ടി വന്നുള്ളൂ..

ദിയയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ കരഞ്ഞു തീർത്ത ശേഷമാണ് അവളോട് നടന്ന കാര്യങ്ങൾ എല്ലാം പറയുമ്പോൾ ഒപ്പം കരച്ചിലും വന്നിരുന്നു.. “ഇത്രയൊക്കെ സംഭവിച്ചിട്ട് നീയെന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ലല്ലോടാ..” ദിയ ഒടുവിൽ പറഞ്ഞപ്പോൾ കുറ്റബോധം തോന്നി. എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന പെണ്ണാണ്. ആ അവളെ പോലും മറന്നായിരുന്നു ദിവസങ്ങളോളം ജീവേട്ടൻ എന്ന വേരിൽ തന്റെ ലോകം ചുരുങ്ങിയത്.. “പ്രണയത്തിന്റെ ചുഴിയിൽ ആയിരുന്നു ദിയാ.. മരിച്ചാലും കൈവിടില്ലാന്ന് വാക്ക് കൊടുത്തതാണ് ഞാൻ.. പക്ഷെ ഇപ്പൊ ഞാൻ തളർന്നിരിക്കുന്നു.. എനിക്ക് നേരെ ശ്വസിക്കാൻ പോലും പറ്റുന്നില്ല..

ജീവേട്ടന്റെ മുഖം കാണുമ്പോഴും മെസേജുകൾ വരുമ്പോഴുമെല്ലാം നെഞ്ചിലൊരു മുള്ളുകൊള്ളുന്നത് പോലെ തോന്നുന്നു.. ആരെയും വേദനിപ്പിച്ചുകൊണ്ട് എനിക്കൊന്നും വേണ്ടാ.. ജീവേട്ടൻ എന്നെ വെറുത്താൽ ജീവേട്ടന് പിന്നീട് സന്തോഷമായിട്ട് ജീവിക്കാല്ലോ..” “നിനക്കോ?” ദിയയുടെ ചോദ്യം നെഞ്ചിലൊരു തുരങ്കമുണ്ടാക്കി.. പിന്നെയുമാ ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ ഇല്ലെന്ന് തലയനങ്ങി. ഇല്ലെന്ന് മനസ്സ് അലറി. ഇല്ലെന്ന് ചുണ്ട് മൊഴിഞ്ഞു. “നീ നിന്റെ മനസ്സിനോട് ചോദിക്ക് പറ്റുമോ എന്ന്.. നിന്റെ ശരീരത്തോട് ചോദിക്ക്.. ജീവേട്ടൻ ഇല്ലാതെ പറ്റുമോ എന്ന്..” “എന്തിനാ ദിയാ ഇതുതന്നെ പറയുന്നത്… എനിക്ക് പറ്റത്തില്ല.. ഉറപ്പായിട്ടും പറ്റത്തില്ല.. പക്ഷെ ജീവേട്ടനെ എന്നിൽ നിന്നും പറിച്ചു മാറ്റിയേ പറ്റൂ.. എന്നെയോർത്ത് ഒരിക്കലും ജീവേട്ടൻ വേദനിക്കരുത്..

അതിന് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നതും..” “ഇതൊക്കെ അവൻ വിശ്വസിക്കുമോ? ഇതൊക്കെ കണ്ടപാടെ അവൻ നിന്നെ ഇട്ടേച്ച് പോകുവോ? എന്നാണോ നീ കരുതിയിരിക്കുന്നത്? അത്രേ ഉള്ളോ..” ദിയയുടെ ചോദ്യങ്ങൾ.. നെഞ്ചിലൊരു പേമാരി സൃഷ്ടിക്കുന്നതിന് തൊട്ടു മുൻപ് ജീവേട്ടന്റെ അമ്മയുടെ കോൾ വന്നു. ദിയയോട് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു കോൾ കട്ടാക്കി. “ഹെലോ?” ചോദ്യത്തിന് ഗൗരവമേറിയിരുന്നു.. “ഞാൻ ജീവന്റെ അമ്മയാണ്..” മറുവശത്തു നിന്നും ജീവേട്ടന്റെ അമ്മയുടെ സ്വരം കേട്ടപ്പോൾ മറുപടി പറഞ്ഞില്ല.. മനഃപൂർവമാണെന്ന് അറിയാവുന്നതുകൊണ്ടാകും അമ്മ തുടർന്നത്.. “ജീവൻ ഇന്ന് ഒരു വസ്തു കഴിച്ചിട്ടില്ല.. ആരോടും ഒരു വാക്ക് പോലും മിണ്ടാതെ ഇറങ്ങിപ്പോയേക്കുവാണ്..

നേരത്തെ അവനു പ്രെഷർ കുറഞ്ഞു തീരെ വയ്യാതായതാണ്. എവിടേക്ക് പോയതാണെന്ന് അറിയില്ല.. വിളിച്ചിട്ടും കിട്ടുന്നില്ല..” അമ്മ പറയുമ്പോൾ സംഭരിച്ചു വച്ച ആത്മവിശ്വാസമെല്ലാം ചോർന്നു പോയിരുന്നു.. വീണ്ടും ജീവേട്ടന് വേണ്ടി മനസ്സിലെ മഞ്ഞുമല ഉരുകിപ്പോകുന്നുവെന്നു തോന്നി.. “ഇതെന്നോട് പറഞ്ഞിട്ട് എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല..” മറുചോദ്യം ചോദിക്കുമ്പോൾ ഉള്ളിൽ എവിടുന്നോ കിട്ടിയ ഒരു ധൈര്യമായിരുന്നു. “മോളൊന്നു വിളിച്ചു നോക്കാമോ?” ആ ചോദ്യം കേട്ടപ്പോൾ പുച്ഛം നിറഞ്ഞൊരു ചിരിയാണ് വിരിഞ്ഞത്.. “എന്തിന്? നിങ്ങളുടെ മോനെ ഞാനെന്തിന് വിളിക്കണം?”

“നീ വിളിച്ചാൽ അവൻ കോൾ എടുക്കാതിരിക്കില്ലല്ലോ.. അവനോട് വീട്ടിലേക്ക് വരാൻ പറ..” “എക്സ്ക്യൂസ് മി? നിങ്ങളുടെ മകനെ ഞാനെന്തിന് വിളിച്ചു സംസാരിക്കണം.. നിങ്ങളുടെ മകന്റെ ജീവിതത്തിൽ നിന്നും മാറി തരാൻ പറഞ്ഞു നിങ്ങളല്ലേ.. എന്നിട്ടിപ്പോ ഞാനെന്തിന് വിളിക്കണം?” അത് ചോദിക്കുമ്പോൾ ദേഷ്യവും സങ്കടവും പുച്ഛവും ഒരുമിച്ചു വന്നിരുന്നു. “എന്റെ മോനെ ഈ അവസ്ഥയിലാക്കിയത് നീയാണ്.. അവനെ തിരിച്ചു തന്നിട്ട് പോയാൽ മതി.. അവൻ ദേവൂട്ടിയുടെ കോളുകൾ പോലും എടുക്കുന്നില്ല, ആ കുട്ടി എന്ത് വിചാരിക്കും..” “ജീവിതം സ്വയം നശിപ്പിച്ചുകൊണ്ടിരുന്ന നിങ്ങളുടെ മോനെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നത് ഞാനാണ്..

ജീവേട്ടനൊരു പ്രശ്നം വരണ്ടാ എന്നു കരുതിയാണ് ഞാൻ സ്വയം മാറിത്തന്നതും. അതെന്റെ ഭീരുത്വമാണെന്ന് കരുതി മുതലെടുക്കാൻ നോക്കരുത്.. നെഞ്ചിൽ സൂചി കുത്തുന്ന വേദനയോടെയാണ് ഞാൻ ഓരോ നിമിഷവും തള്ളി നീക്കുന്നത്.. ആ എന്നെ ഇനിയും ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊണ്ട് വിളിച്ചാൽ അമ്മയുടെ പ്രായമാണെന്നു ഞാനങ്ങു മറന്നെന്നിരിക്കും…” ജീവേട്ടന്റെ അമ്മയ്ക്ക് മറുപടി പറയാൻ അവസരം കൊടുക്കുന്നതിനു മുൻപേ കോൾ കട്ട് ചെയ്തിരുന്നു. ഫോൺ താഴെ വച്ചു ദീർഘമായി നിശ്വസിച്ചപ്പോൾ കണ്ണുകൾ നിർജീവമായി. മനസ്സിൽ ജീവേട്ടൻ എവിടെ പോയതായിരിക്കുമെന്ന ചിന്തയായിരുന്നു.. അത് മനസ്സിനെ വല്ലാതെ അലട്ടാൻ തുടങ്ങി.. ജീവേട്ടന് വല്ലതും സംഭവിച്ചോ..

പേടി അതായിരുന്നു.. എങ്കിൽ പിന്നേ തനിക്ക് തന്നോട് ഈ ജീവിതത്തിൽ ഒരിക്കലും പൊറുക്കാനാവില്ല.. ഒന്നുരണ്ടു വട്ടം ജീവേട്ടനെ വിളിക്കാമെന്നു കരുതിയെങ്കിലും വേണ്ടാന്ന് മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.. അപ്പോഴാണ് തെളിഞ്ഞ ഫോൺ സ്‌ക്രീനിൽ ജീവേട്ടന്റെ മെസേജ് നോട്ടിഫിക്കേഷൻ വന്നത്.. ജീവേട്ടൻ മെസേജ് അയക്കുമ്പോൾ എടുക്കുന്നതിനു മുൻപ് പത്തുവട്ടം ആലോചിക്കണമെന്നു നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അപ്പോൾ ചാടിക്കേറി മെസേജ് കണ്ടു.. പക്ഷെ ആ മെസേജ് അവളെ അമ്പരപ്പിച്ചിരുന്നു.. ‘ഞാൻ നാളെ രാവിലെ കോഴിക്കോടെത്തും..

റെയിൽവേ സ്റ്റേഷനിൽ..’ ‘എന്തിന്?’ മെസേജ് വായിച്ച ഞെട്ടലിൽ നിന്നും മുക്തി നേടി റിപ്ലൈ കൊടുത്തത് അല്പം കഴിഞ്ഞാണ്. ‘നിന്നെ കാണാൻ..’ ആ മെസേജ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു. തേച്ചതാണെന്നറിഞ്ഞിട്ടും തനിക്ക് വേണ്ടി.. ‘എന്നെ എന്തിന് കാണണം?’ ‘കാണണ്ടേ?’ മറുത്തൊരു ചോദ്യം വന്നു.. ശരിയാണ്, ഒരിക്കൽ കാണുമെന്നു പറഞ്ഞതാണ്.. കണ്ടാൽ ഉടനെ ഓടിച്ചെന്നു കെട്ടിപ്പിടിക്കുമെന്നു പറഞ്ഞതാണ്. ഒത്തിരി ഉമ്മ തരുമെന്ന് പറഞ്ഞതാണ്.. ചോദിക്കുമ്പോ ഒക്കെ ഉമ്മ തരാമെന്ന് പറഞ്ഞതാണ്.. പക്ഷെ.. പക്ഷെ.. വേണ്ടെന്ന് തലയാടി.. ‘ഞാൻ വരത്തില്ല..’ പറയുമ്പോ കണ്ണീര് ഉരുണ്ടു വീണു.. മടിയിൽ വച്ച തലയിണ നനഞ്ഞു തുടങ്ങി.. ‘മടുത്തോ എന്നെ നിനക്ക്?…’

അത്രമേൽ മനസ്സിനെ കുത്തിനോവിച്ചത് ജീവേട്ടന്റെ ആ ചോദ്യമായിരുന്നു.. മറുപടി പറയാൻ മടിച്ചു.. നെഞ്ചിലൊരു കല്ല് കയറ്റിവച്ചു നടക്കുന്ന ആ പെണ്ണിന്റെ കഥ അവനറിയുമോ? ‘ഞാൻ വരും.. കാത്തിരിക്കും..’ മറുപടി കാണാതായപ്പോ പിന്നെയും മെസേജ് വന്നു.. ‘വന്നിട്ട് അവിടെ കാത്തിരുന്നോ.. ഞാൻ ആരവേട്ടന്റെ കൂടെ പുറത്ത് ചുറ്റാൻ പോകുവായിരിക്കും..’ ക്രൂരത ആണെന്നറിഞ്ഞിട്ടും തേച്ചുവെന്ന് പറഞ്ഞ പെണ്ണിന് മുന്നിൽ മുട്ടുകുത്തി സ്നേഹം നീട്ടിയവന്റെ ചങ്കിൽ ആ വരികൾ കുത്തിയിറങ്ങിയിട്ടുണ്ടാകണം.. ‘അവസാനമായിട്ടെങ്കിൽ ഒന്ന് കണ്ടോട്ടെ?’ ‘എന്തിന്? ഞാൻ പറഞ്ഞില്ലേ.. സ്നേഹം കൊണ്ട് മാത്രം ഒരുമിച്ചു ജീവിക്കാൻ പറ്റില്ല ബ്രോ.. അതിന് കാശ് കൂടി വേണം..

ആ കാര്യത്തിൽ ആരവ് ഡോക്ടർ എന്തുകൊണ്ടും നിങ്ങളെക്കാൾ ബെസ്റ്റ് ആണ്.. ദെൻ വൈ ശുഡ് ഐ ചൂസ് യൂ?’ ‘നീ ഭക്ഷണം കഴിച്ചായിരുന്നോ?’ ഇത്രയൊക്കെ നെഞ്ച് തകർത്തിട്ടും ഒന്നും അറിയാത്തതു പോലെയുള്ള ജീവേട്ടന്റെ ആ ചോദ്യം കേട്ട് പെണ്ണ് പിടഞ്ഞു പോയി.. എത്ര വലിയ തെറ്റാണ് താൻ ജീവേട്ടനോട് ചെയ്യുന്നതെന്നോർത്ത് ഉള്ളം പൊള്ളി. ‘ഞാൻ വെയ്റ്റ് ചെയ്യും ട്ടോ.. എനിക്കൊന്ന് കണ്ടാൽ മതി..’ മറുപടി അയച്ചില്ല.. ആരോ തന്റെ നെഞ്ചിലൊരു കത്തി കുത്തിയിറക്കുന്നുണ്ടെന്നു തോന്നി.. നെഞ്ച് തുരന്നു ഹൃദയത്തെ സൂചിമുന കൊണ്ട് കുത്തിയിളക്കുന്നു…..തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 14

Share this story