അറിയാതെൻ ജീവനിൽ: ഭാഗം 22

അറിയാതെൻ ജീവനിൽ: ഭാഗം 22

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

“ജുവലേ.. എണീക്ക്..” കവിളിൽ തട്ടിക്കൊണ്ടുള്ള ആരവ് ഡോക്ടറുടെ സ്വരം കേട്ടാണ് കണ്ണു തുറന്നു നോക്കിയത്.. ചുറ്റിനും നോക്കിയപ്പോൾ മറ്റേതോ ഒരു ഹോസ്പിറ്റലിലാണെന്ന് മനസ്സിലായി.. അവിടുത്തെ അന്തരീക്ഷത്തിന്റെ രൂക്ഷമായ ഗന്ധം പെണ്ണിനെ അസ്വസ്ഥയാക്കി. താനൊരു കസേരയിലിരിക്കുകയായിരുന്നു. ഒന്നുകൂടെ ശ്രദ്ധിച്ചപ്പോൾ അതൊരു വീൽ ചെയർ ആണെന്ന് മനസ്സിലായി… “ജീവേട്ടനെ സ്നേഹിച്ചതിനു ഈ പെണ്ണിന് പകരം കിട്ടിയത് ഈ വീൽ ചെയറാല്ലേ…” ആരവ് ഡോക്ടറെ നോക്കി പറയുന്നതിനിടെ കണ്ണു നനഞ്ഞിരുന്നു.. “അങ്ങനെയൊന്നും ചിന്തിക്കാതെടീ പെണ്ണേ.. ഇങ്ങോട്ട് നോക്കിക്കേ…” ആരവ് പെണ്ണിന്റെ മുഖം കൈക്കുമ്പിളിലെടുത്ത് കണ്ണുകളിൽ നിന്നും ഉതിർന്നു വീണ കണ്ണുനീര് തുടച്ചുമാറ്റി.. “കുറച്ചു ദിവസം.. വളരെ കുറച്ചു ദിവസങ്ങൾ നീയിവിടെ താമസിക്കും.. അസുഖമെല്ലാം മാറി ഇവിടെനിന്നും നീ പുറത്തിറങ്ങുന്ന അന്ന് നീ പഴേ നീയായിട്ടുണ്ടാകും…” “ഭ്രാന്താശുപത്രിയാല്ലേ?…” പെണ്ണിന്റെ ചോദ്യം കേട്ടപ്പോൾ ആരവ് ദൂരേക്ക് കണ്ണുകൾ പറിച്ചു നട്ടു… “നിക്ക് ഭ്രാന്താണോ ഡോക്ടറെ…?” പെണ്ണിന്റെ വേദന നിറഞ്ഞ സ്വരം കേട്ട് അവളെ നോക്കി അല്ലെന്ന് തലയാട്ടുമ്പോൾ മനസ്സ് വിറച്ചുപോയിരുന്നു.. “നിനക്ക് ഒന്നുമില്ല പെണ്ണേ..” അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് അതുതന്നെ പിന്നെയും ആവർത്തിച്ചു.. “ഡോക്ടർ ആരവ്..”പിന്നിൽ നിന്നും ഒരു ഡോക്ടർ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.. ഒന്ന് വരാമോയെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ എഴുന്നേറ്റ് അദ്ദേഹത്തിനരികിലേക്ക് ചെന്നു.. ആരവ് ഡോക്ടറുമായി സംസാരിച്ചു നിൽക്കുന്നത് പെണ്ണ് നോക്കി നിന്നു.. ചെയറിന്റെ വീലുകൾ കറക്കി മുന്നോട്ട് നീങ്ങി.. ആ ഹോസ്പിറ്റലിന് ചുറ്റും കണ്ണോടിക്കുമ്പോൾ കണ്ണുകളിൽ നനവ് പടർന്നിരുന്നു.. എത്ര സന്തോഷത്തോടെയാണ് ജീവേട്ടൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. എന്നിട്ട് പോകുവാണെന്ന് ഒരു വാക്ക് പോലും പറയാതെ പോയിരിക്കുന്നു.. എന്തൊക്കെയോ ഓർത്തുകൊണ്ട് കണ്ണുകൾ നിറഞ്ഞിരിക്കുമ്പോഴാണ് ആരവ് ഡോക്ടറുടെ കൈകൾ തോളിൽ പതിയുന്നതറിയുന്നത്..

വീൽ ചെയറിൽ ആയതുകൊണ്ട് തിരിഞ്ഞു നോക്കുവാൻ ഒരല്പം പ്രയാസം തോന്നിയിരുന്നു.. “ഡോക്ടർ പോയില്ലേ..?” “പോണോ ഞാൻ..?” ആരവ് ഡോക്ടറുടെ ആ ചോദ്യം ജീവേട്ടനെ ഓർമ്മിപ്പിച്ചു.. “എല്ലാരും പോയില്ലേ.. ഡോക്ടറും പൊക്കോ..” “ഞാൻ പോകുന്നില്ല കുഞ്ഞോ…” ആരവ് അവൾക്ക് മുന്നിൽ വന്ന് നിന്ന് മുട്ടുകുത്തി.. “ഡോക്ടർക്ക് വീട്ടിൽ പോകണ്ടേ..?” സ്വന്തം പെണ്ണിനെ ഇവിടെ ഒറ്റക്കാക്കി തനിക്കെങ്ങനെ പോകാൻ കഴിയുമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ആരവിന്.. “അതൊന്നും സാരമില്ല.. ഞാൻ കുറച്ചുകൂടെ കഴിഞ്ഞിട്ട് പൊക്കോളാം.. താനുറങ്ങിയിട്ട്…” “ഡോക്ടറെ….” “ആം…?” “ന്നെ ഒന്ന് എടുക്കാവോ ഡോക്ടറെ.. ഇങ്ങനെ ഇതില് ഇരിക്കാൻ പറ്റണില്ല എന്നെക്കൊണ്ട്…” അത് പറയുമ്പോൾ കണ്ണ് കലങ്ങിയിരുന്നു.. പുഞ്ചിരിയോടെ ആരവ് ഡോക്ടർ കൈകളിൽ വാരിയെടുത്തു.. “ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരുവോ ഡോക്ടറെ?” ആരവിന്റെ കഴുത്തിനു പിന്നിലായി കൈകളൊതുക്കി വച്ചുകൊണ്ടവന്റെ നെഞ്ചിൽ മുഖം മറച്ചുകൊണ്ട് പെണ്ണ് ചോദിച്ചു. “വരാതെ പിന്നേ.. വരും.. പക്ഷെ കുറച്ചു സമയം പിടിക്കുമെന്ന് മാത്രം.. അത് കഴിഞ്ഞാൽ പിന്നേ നീ പറക്കും.. പറന്നുയരും.. പ്രണയത്തിന് ശേഷം ജീവിതമില്ലാന്ന് പറഞ്ഞ് ഒരാളിൽ മാത്രം ലോകമൊതുങ്ങിപ്പോയവർ കഥകളിലും സിനിമകളിലും മാത്രേ ഉള്ളു.. എന്നെങ്കിലും അവരുടെയും ജീവിതം മാറും.. അന്ന് ഇതൊക്കെ ഓർക്കുമ്പോ മനസ്സിലൊരു പുഞ്ചിരി വിടരും…” ആരവ് പറഞ്ഞു..ഹോസ്പിറ്റലിനു പുറത്തെ ഗാർഡനിൽ പെണ്ണിന്റെ കൈകളിലെടുത്തു നടക്കുമ്പോൾ അവന്റെ കണ്ണുകൾ ആ പെണ്ണിലായിരുന്നു.. ഓരോ പാതയ്ക്ക് പിന്നാലെയും അവനുണ്ടായിരുന്നു. പെണ്ണറിഞ്ഞിട്ടില്ല.. ഇപ്പോഴും ഒരു നിഴലായ് ഒപ്പമുണ്ട്.. എന്നിട്ടും ആരവ് ഡോക്ടറെ അവളറിയുന്നില്ലേ..? ഇടക്ക് കുറേ നേരമായിട്ടും അനക്കമൊന്നുമില്ലാത്തത് കണ്ടപ്പോഴാണ് ഉറങ്ങിയെന്നു മനസ്സിലായത്.. അവളുമായി ഹോസ്പിറ്റലിനുള്ളിലെത്തി അനുവദിച്ച മുറിയിലേക്ക് ചെന്ന് കട്ടിലിൽ പെണ്ണിനെ കിടത്തിയപ്പോഴും അവന്റെ കഴുത്തിൽ ചുറ്റിയ കൈകൾ അഴഞ്ഞിരുന്നില്ല.. മെല്ലെ കൈകളെ എടുത്തു മാറ്റാൻ ശ്രമിച്ചപ്പോൾ അത് കൂടുതൽ ശക്തിയിൽ അമർന്നു.. അറിയാതെയവിടെ തന്നെ അവനിരുന്നു പോയി..

“ജീവേട്ടൻ… ജീവേട്ടൻ….” ആ നിമിഷത്തിൽ പെണ്ണിന്റെ ചുണ്ടുകൾ ഒരു മന്ത്രണം പോലെ ആ പേര് ഉരുവിടുന്നത് കേട്ടപ്പോൾ അതിയായ വേദന തോന്നി. ഉറങ്ങിക്കൊണ്ടിരുന്നവളുടെ കൈ ബലമായി എടുത്തു മാറ്റി എഴുന്നേറ്റപ്പോൾ ഒരു കൊച്ചു പൂ പോലെ ആ കൈകൾ ബെഡിൽ തളർന്നു വീഴുന്നത് കണ്ടു.. വല്ലാത്ത സങ്കടം തോന്നിപ്പോയി.. “നീയെന്നാണ് എല്ലാം മറന്ന് നിന്റെ ചുണ്ടുകൾ കൊണ്ടെന്റെ പേര് മന്ത്രിക്കാൻ പോകുന്നത് പെണ്ണേ?? ആ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…” അവൾക്ക് കേൾക്കാവുന്ന ശബ്ദത്തിൽ മൊഴിഞ്ഞു.. പെണ്ണത് കേട്ടിട്ടില്ല.. ചുണ്ടുകളിൽ അപ്പോഴും ജീവേട്ടൻ എന്ന പേര് മാത്രമായിരുന്നു.. മുഖത്തേക്ക് ഇറ്റിവീണ കണ്ണുനീര് തുടച്ചുമാറ്റി ആരവ് അവിടെ നിന്നും ഇറങ്ങിപ്പോയി..ഹോസ്പിറ്റലിന് പുറത്തേക്കിറങ്ങി കാറെടുത്തു പോകാൻ തുടങ്ങിയതായിരുന്നു.. പക്ഷെ എന്തുകൊണ്ടോ അതിനായില്ല.. കാറിൽ കയറിയിരുന്ന് സീറ്റിലേക്ക് ചാരിയിരുന്നു പതിയെ കണ്ണുകളടച്ചു.. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് അമ്മയുടെ കോൾ വന്നത്.. “അമ്മേ..” “നീ വീട്ടിലേക്ക് വരുന്നില്ലേ.. സമയമൊരുപാട് വൈകിയല്ലോ..” അമ്മയുടെ ശബ്ദത്തിന്റെ മാധുര്യം മനസ്സിന്റെ മുറിവുകളെ ഊതി തണുപ്പിച്ചു.. “ഇല്ലമ്മേ..” “അവിടെ അവൾക്ക് കാവലിരിക്കുകയായിരിക്കും അല്ലേ?” ചോദ്യം കേട്ടിട്ടും മറുപടി പറഞ്ഞില്ല.. “നീ വല്ലതും കഴിച്ചിരുന്നോ?” അതെയെന്ന് കള്ളം പറഞ്ഞു.

“അവസാനം അവള് നിന്നെ മനസ്സിലാക്കുമോടാ?” അമ്മ ചോദിച്ചത് കേട്ടപ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു.. “കുഞ്ഞാ.. കേൾക്കുന്നില്ലേ നിനക്ക്.?” അതെയെന്ന് മൂളി… “നിന്നെയോർത്ത് എനിക്ക് അഭിമാനമുണ്ട് കുഞ്ഞാ.. അവളെ പഴയ അവസ്ഥയിലേക്ക് കൈ പിടിച്ചു തിരിച്ചു കൊണ്ടുവരാൻ നിനക്ക് പറ്റും.. പക്ഷെ തിരിച്ചു ജീവിതത്തിലേക്കുതിരിച്ചെത്തിയിട്ടും അവള് നിന്റെ സ്നേഹം കണ്ടില്ലെങ്കിലോ?” അമ്മയുടെ ചോദ്യം മനസ്സിന്റെ വിളർത്ത മുറിവിനെ കൂടുതൽ കുത്തി നോവിച്ചു.. “ഒരിക്കലും സ്നേഹത്തിന് വേണ്ടി കെഞ്ചരുത് കുഞ്ഞാ… വിധിച്ചിട്ടില്ല എന്ന് തീർച്ച തോന്നിയാൽ വിട്ടകന്നേക്കണം.. നിനക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ എത്ര കടമ്പകൾ പിന്നിട്ടിട്ടായാലും അത് നിന്നെ തേടിയെത്തുക തന്നെ ചെയ്യും..” അമ്മ പറയുമ്പോൾ കണ്ണുകൾ മിററിനു പിന്നിൽ തൂങ്ങിക്കിടന്ന ജുവലിനെ വാച്ചിൽ ചെന്നു പതിച്ചു..

പതിയെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു.. കോൾ കട്ട് ചെയ്തുകൊണ്ട് സീറ്റിലേക്ക് ചാരിക്കിടന്നു കണ്ണുകളടച്ചു. ഇരുണ്ട ഒരു മുറിക്കുള്ളിൽ ഒറ്റക്കായപ്പോൾ ഓർമ്മകൾ കുന്നുകൂടി വന്നിരുന്നു.. ആരവ് ഡോക്ടർ എപ്പോഴാണ് തന്നെ ഇവിടെ കിടത്തിയതെന്ന് ഓർമ്മയില്ല.. ചെറുതായൊന്ന് മയങ്ങിയതാണെന്ന് തോന്നുന്നു.. എഴുന്നേറ്റിരുന്നപ്പോൾ ആദ്യം കണ്ണുകളിൽ കുരുക്കിയത് വീൽ ചെയർ ആയിരുന്നു. കണ്ണുകൾ നിറഞ്ഞുപോയി.. ശ്വാസം മുട്ടുന്നതായി തോന്നി.. എങ്ങോട്ടെങ്കിലും ഇറങ്ങി ഓടണമെന്ന് ഒരു നിമിഷം തോന്നിപ്പോയി.. പക്ഷെ കാലുകൾ അനക്കാനാവുന്നില്ല.. അള്ളിപ്പിടിച്ചു വീൽ ചെയറിൽ ശ്രദ്ധയോടെ ഇരുന്നു ആ വലിയ മുറിക്കുചുറ്റും കറങ്ങി.. ജീവേട്ടന്റെ ഓർമ്മകൾ ചുറ്റുമായി വന്ന് നിൽക്കുന്നതായി തോന്നി.ഈച്ചകൂട്ടത്തെ പോലെ പോലെ അവ വന്ന് പൊതിഞ്ഞപ്പോൾ ശരീരം മുഴുവനായും വിറച്ചുപോയി. തട്ടിമാറ്റാൻ കഴിയാനാവാത്ത വിധം ശരീരത്തിൽ അവ വേരുമുളപ്പിക്കുവാൻ തുടങ്ങിയപ്പോൾ തോറ്റവളെ പോലെ തളർന്നിരുന്നു.. മാംസത്തിലേക്കവ ആഴ്ന്നിറങ്ങാൻ ആരംഭിച്ചപ്പോൾ കണ്ണുകളിറുക്കിയടച്ചു.. വേദനകൊണ്ട് പിടഞ്ഞു.. ഒരുപാട് സമയം കഴിഞ്ഞപ്പോൾ ശരീരത്തിൽ നിന്നും അവ ഓരോന്നായി ഇഴഞ്ഞു മാറിപ്പോയപ്പോൾ ജീവൻ മാത്രമാവശേഷിച്ചൊരു ശവമാണ് താനെന്നു തോന്നിയിരുന്നു.. ഓർമ്മകൾ അങ്ങനെയാണ്.. ഇടക്കിടക്ക് കുത്തിനോവിക്കാനായ് കടന്നു വരും.. മതിയാവോളം ആസ്വദിച്ച് അവ തിരിച്ചു പോകുമ്പോഴേക്കും നാം തളർന്നിട്ടുണ്ടാകും…

കണ്ണുകൾ നിറഞ്ഞുതുളുമ്പി.. സഹിക്കുവാനാകാതെ കണ്ണു പൊത്തി കരയുമ്പോൾ മനസ്സിലേക്കോടിയെത്തിയത് ആ നാലുവരി പാട്ടാണ്.. ഒരു വിങ്ങലോടെ ചെയറിലേക്ക് ചാരിയിരുന്ന് അത് പാടാൻ തുടങ്ങി… “കിളി വന്ന് കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരെ? മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരെ? അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരെ? നിനവുകളെഴുതിയതാരേ? അവളെ തലരിതയാക്കിയതാരെ?…” തുടർന്നു പാടുവാനായില്ല.. തൊണ്ടക്കുഴിയിൽ സങ്കടം വന്ന് നിന്നു തടഞ്ഞു… കണ്ണുകൾ പിന്നെയും നിറയുവാൻ തുടങ്ങിയപ്പോഴാണ് ആ പാട്ടിന്റെ തുടർച്ച കേൾക്കാനിടയായത്.. “വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി.. നിമിനേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി.. പുലരിതൻ ചുംബന കുങ്കുമല്ലേ.. ഋതുനന്ദിനിയാക്കി.. അവളെ പനിനീർമലരാക്കി..” അത്ര പെട്ടന്ന് മറക്കാനാവാത്ത ശബ്ദമായിരുന്നു അത്.. പാട്ടു കേട്ടയിടത്തേക്ക് ഒരു ഞെട്ടലോടെ നോക്കി.. മുറിയുടെ തുറന്നിട്ട ജാലകവാതിലിന്റെ വീതികൂടിയ വരമ്പിൽ ചാരിയിരുന്നു തന്നെ പ്രേമപൂർവ്വം നോക്കിയിരുന്നു പാടുന്നവനെ കണ്ട് പെണ്ണ് അന്താളിച്ചു. ഈറനണിഞ്ഞ നിലാവിന്റെ പ്രതിഫലനം അവന്റെ കണ്ണുകളിലുണ്ടായിരുന്നു..കണ്ടത് വിശ്വസിക്കുവാനാകാതെ മരവിച്ചു നിന്നവൾ അവന്റെ കണ്ണിലെ തിളക്കം കണ്ടപ്പോ തനിക്ക് നടക്കാനാവില്ലെന്ന് മറന്ന് എഴുന്നേറ്റു ചെല്ലുവാൻ ഒരു ശ്രമം നടത്തി. കാലുകൾ നിലത്തുറക്കാതെ വീഴാൻ തുടങ്ങിയപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു.. പക്ഷെ അവന്റെ കരുത്തുള്ള കൈകൾ താങ്ങിപ്പിടിച്ചു ചേർത്ത് പിടിച്ചപ്പോൾ വെപ്രാളത്തോടെ നിലാവിന്റെ വെളിച്ചത്തിൽ ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.. “ജീ… ജീവേട്ടാ…” വാക്കുകൾ വിറച്ചു.. മനസ് നിറഞ്ഞു…….തുടരും..

Share this story