അറിയാതെൻ ജീവനിൽ: ഭാഗം 24

അറിയാതെൻ ജീവനിൽ: ഭാഗം 24

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

രാത്രി ആരവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിക്കൊണ്ട് അവന്റെ താടിയിൽ മുഖമമർന്നു കിടക്കുമ്പോഴും കണ്ണു നിറയുന്നത് അവളുടെ ജീവേട്ടൻ അറിയാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു.. “ജീവേട്ടാ.. ജീവേട്ടന്റെ ദേഹം വല്ലാതെ ചൂടുപിടിച്ചിരിക്കുന്നു..!” “പക്ഷെ നിന്റെ തണുപ്പ് എന്നേ സ്പർശിക്കും തോറും എന്നിലെ ചൂടലിഞ്ഞു പോകുന്നു..” പെണ്ണിന്റെ ജീവേട്ടൻ അവളെ കൂടുതൽ തനിക്കരികിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു. “ജീവേട്ടൻ ഉടനെയെങ്ങും പോവരുത്.. നിക്ക് ജീവേട്ടനിലെ സ്നേഹത്തിന്റെ അവസാന കണികയും എന്നിലേക്ക് ആവാഹിച്ചെടുക്കണം..

ജീവേട്ടൻ പോകുമ്പോ ജീവേട്ടനിലെ സ്നേഹം മുഴുവൻ ഞാൻ സ്വന്തമാക്കിയിട്ടുണ്ടാകും…” പെണ്ണ് അവന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചുകൊണ്ട് വാചാലയായി.. “അപ്പൊ നിനക്കിനി ഒരു ജീവിതം വേണ്ടേ പെണ്ണേ?” “വേണ്ടാ.. ജീവേട്ടന്റെ ഓർമ്മകളിൽ ജീവിക്കാൻ ന്നെ അനുവദിക്കണം..” കണ്ണുകൾ നിറഞ്ഞുകൊണ്ട് അവന്റെ കഴുത്തിലേക്കിറ്റി വീണപ്പോൾ ആരവിന് സങ്കടം തോന്നി. “അത് പാടില്ല.. അത് നീ എന്നോട് ചെയ്യുന്ന ക്രൂരതയായിരിക്കും പെണ്ണേ.. നീ ജീവിക്കണം.. ഞാൻ പോയാൽ എല്ലാം മറന്ന് നിന്നെ സ്നേഹിക്കുന്നൊരാൾക്കൊപ്പം നീ ജീവിക്കണം..”

“ജീവേട്ടനോളം എന്നേ സ്നേഹിക്കുവാൻ മറ്റാർക്കെങ്കിലും കഴിയുമോ?” കണ്ണുനീര് തുടച്ചുമാറ്റിക്കൊണ്ട് ആരവിന്റെ നെഞ്ചിൽ കൂടുതൽ ആഴത്തിൽ മുഖം പൂഴ്ത്തി വച്ചു. “നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെടീ.. പക്ഷെ നീ അതൊന്നും കാണാഞ്ഞിട്ടാ..” അത് പറയുമ്പോൾ പഴയ ഓർമ്മകളിലേക്ക് ചിറകു വിടർത്തി പറന്നിരുന്നു. ജോർജേട്ടന്റെ ഫെമിനിസ്റ്റായ മകളുടെ വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. തന്റേടി, താന്തോന്നി, കെട്ടിയിടാതെ വളർത്തിയ പെണ്ണെന്നൊക്കെ നാട്ടുകാർ പറയുമ്പോഴും ആ പെണ്ണിനോട് കൂടുതൽ ആരാധനയാണ് തോന്നിയത്.

പക്ഷെ എല്ലായ്പ്പോഴും നേരിൽ കാണുന്ന വേളകളിൽ ഉള്ളിൽ ഒളിപ്പിച്ചു വച്ച പ്രണയം അറിയാതെ ചെപ്പു തുറന്നു വീഴുമോയെന്ന് ഭയന്നാണ് അവൾക്കുമുന്നിൽ ഗൗരവക്കാരനെന്ന കുപ്പായമണിഞ്ഞത്. പക്ഷെ അവിചാരിതമായി സംഭവിച്ച കാര്യങ്ങൾ കൊണ്ട് തന്റെ ഗൗരവക്കാരനെന്ന കുപ്പായം പാതി വഴിയിൽ ഉപേക്ഷിച്ചു വന്നു.. അവൾക്കുവേണ്ടിയാണ്.. ഇപ്പോൾ ജീവൻ എന്ന കുപ്പായമണിഞ്ഞതും അവൾക്ക് വേണ്ടി തന്നെയാണ്.. “പക്ഷെ ജീവേട്ടനോളം…” അവളെ തുടരുവാൻ അനുവദിക്കാതെയവൻ വായ പൊത്തി വച്ചു. “എന്നെക്കാൾ എത്രയോ മടങ്ങു നിന്നെ സ്നേഹിക്കുന്നോരുണ്ടെടീ.. കണ്ണ് തുറന്നു നോക്ക് നീ.. ഒരു ജനക്കൂട്ടത്തെ മുഴുവൻ നിനക്ക് കാണാം..

അതിൽ നിന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, നിന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്കിടയിൽ അതിനേക്കാളേറെ സ്നേഹം ഒളിപ്പിച്ചു വച്ച അവനുമുണ്ടാകും.. നീ കാണാഞ്ഞിട്ടാ…” അത് പറയുമ്പോൾ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. “പക്ഷെ നിക്കിനി അതിന് പറ്റുമോ?” “നിനക്ക് പറ്റും.. ഇതൊക്കെ ഇപ്പൊ തോന്നുന്നതാ പെണ്ണേ.. നീ ഈ ഹോസ്പിറ്റൽ വിട്ടു പോകുമ്പോൾ നിനക്ക് ഞാൻ ഒരു സ്വപ്നം മാത്രമാകും.. ഒരിക്കൽ കണ്ടുമറന്നൊരു സ്വപ്നം.. നീയെന്നെ മറക്കും.. പിന്നീട് മറ്റൊരാൾ നിന്റെ ജീവിതത്തിലേക്ക് കടന്നു വരും.. അപ്പൊ ഒരുപക്ഷെ ഒരു പുഞ്ചിരിയോടെയാവും നീയെന്നെ ഓർക്കുക.. എല്ലാം നല്ലതിനായിരുന്നെന്ന് അപ്പൊ മനസ്സിലാകും നിനക്ക്..”

അവളുടെ തലയിൽ വിരലുകളോടിച്ചുകൊണ്ട് പറയുമ്പോൾ ചിരി വിടർന്നിരുന്നു.. “പക്ഷെ.. ആ നിമിഷങ്ങളൊന്നും ഇപ്പോ എനിക്ക് ഊഹിക്കാൻ പോലുമാകുന്നില്ല ജീവേട്ടാ…” അവന്റെ കരവലയത്തിനുള്ളിൽ ചുരുണ്ടു കിടന്നുകൊണ്ടവൾ അവന്റെ നെറ്റിയിലൂടെ വിരലുകളോടിച്ചു. “ഓർക്കണ്ടാ.. ഇപ്പോ ഒന്നും ഓർക്കണ്ടാ.. ഈ നിമിഷം നീ എന്റേതാണ്.. ഈ നിമിഷം നീയെനിക്ക് വേണ്ടി മാത്രം സമർപ്പിക്കുക…” “നിക്കുറങ്ങണം ജീവേട്ടാ.. ജീവേട്ടൻ പറയാറുള്ള പോലെ.. ജീവേട്ടന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചിട്ട്..” പെണ്ണ് അവന്റെയടുത്തേക്ക് കൂടുതൽ അടുത്തുകൊണ്ട് കിടന്നപ്പോൾ ആരവിന്റെ ഉള്ള് പതറിപ്പോയിരുന്നു..

പക്ഷെ മനസ്സ് ഉലഞ്ഞുപോയത് ആ പെണ്ണപ്പോഴും ജീവേട്ടാ ജീവേട്ടാ എന്ന് വിളിച്ചുകൊണ്ടിരുന്നപ്പോഴാണ്.. “ഈയൊരു രാത്രി മാത്രമേ ഞാൻ കാണൂ.. നാളെ എനിക്ക് പോകാനുള്ളതാ..” അത് കേട്ടപ്പോൾ അവന്റെ കൈകളിലുള്ള പെണ്ണിന്റെ ശരീരം പെട്ടന്നൊന്നു നടുങ്ങിപ്പോയത് അവരറിഞ്ഞു.. അവന്റെ മുഖത്ത് കൈവച്ചു താഴ്ത്തി പിടിച്ച് കണ്ണുകളിലേക്ക് നോക്കിയപ്പോൾ പെണ്ണിന്റെ കണ്ണ് നിറഞ്ഞത് കണ്ടു. “നാളെ പോകുമോ ജീവേട്ടൻ…?” വാക്കുകൾ വിതുമ്പുന്നുണ്ടായിരുന്നു.. “പോണം.. പോകാതെ പറ്റില്ലല്ലോ..” “നാളെ തന്നെ പോണോ?” “നാളെ പോയില്ലെങ്കിൽ പിന്നെയൊരിക്കലും പോകാൻ പറ്റിയെന്നു വരില്ല..”

ആരവ് അവളിൽ നിന്നും കണ്ണെടുത്തുകൊണ്ട് നിരാശയോടെ പറഞ്ഞു. “പോവാതിരുന്നൂടെ?” “നിന്റെ ഈയൊരു ചോദ്യത്തിന് മുന്നിൽ മാത്രം ഞാൻ തോറ്റുപോകുന്നു പെണ്ണേ.. കേൾക്കുംതോറും വല്ലാത്ത വേദന തോന്നുന്നു..” “അപ്പൊ ഈയൊരു രാത്രി മാത്രമേ എനിക്കെന്റെ ജീവേട്ടന്റെ കൂടെ ഇങ്ങനെ ചേർന്ന് കിടക്കാൻ പറ്റുള്ളൂല്ലേ..” സങ്കടത്തെക്കാളധികവും ആ വാക്കുകളിൽ നിരാശയായിരുന്നു. “എനിക്ക് തന്ന വാക്ക് താൻ മറക്കണ്ട..” “മറന്നിട്ടില്ല…” പെണ്ണ് പരിഭവത്തോടെ മന്ത്രിച്ചു.. “നിക്കുറങ്ങണം ജീവേട്ടാ..” പെണ്ണ് ഒരു കൈ അവന്റെ കഴുത്തിൽ വച്ചുകൊണ്ട് പറഞ്ഞു..

“ആം.. ഉറങ്ങിക്കോ…” നെഞ്ചിൽ കിടന്ന അവളുടെ കൈകളിൽ ഒരു കൈ ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു.. “പക്ഷെ.. എനിക്ക് പാട്ടു പാടിതരാമോ.. അവസാനമായിട്ട്..” പെണ്ണവനെ ഒളികണ്ണോടെ നോക്കിയിട്ട് ചോദിച്ചു.. “ഏത് പാട്ടാണ് വേണ്ടത്..?” ആരവ് ചോദിച്ചു. “നമുക്കിടയിൽ ഒരിക്കലും ഈ ചോദ്യമുണ്ടായിരുന്നില്ല ജീവേട്ടാ…” പെണ്ണ് പറഞ്ഞപ്പോഴാണ് ജീവൻ എല്ലായ്പ്പോഴും പാടിക്കൊടുക്കുന്ന അവൾക്കത്രമേൽ പ്രിയമുള്ള ആ പാട്ടിനെക്കുറിച്ച് ആരവ് ഓർത്തത്. അവളെ തന്നിലേക്ക്‌ ചേർത്തുകൊണ്ട് കവിൾ തലോടലോടെ അവൻ പാടിത്തുടങ്ങി.. “കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ?

മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ? അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ? നിനവുകളെഴുതിയതാരേ? അവളെ തരളിതയാക്കിയതാരേ?…” “മുമ്പത്തേക്കാൾ മനോഹരമായി ജീവേട്ടനിപ്പോൾ പാടുന്നു..” ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് തൊട്ട് മുൻപ് ആ പെണ്ണ് മന്ത്രിച്ചത് അതാണ്.. “മുമ്പത്തേക്കാൾ മനോഹരമായി ഞാൻ നിന്നെയിപ്പോൾ പ്രണയിക്കുന്നുണ്ട് പെണ്ണേ.. അത് നീയറിയുന്നില്ലേ..?” അവന്റെ ചോദ്യം.. മറുപടിയുണ്ടായില്ല.. ഉറങ്ങിയെന്നു മനസ്സിലാക്കിയപ്പോൾ ആരവ് അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് മൃദുവായി ചുംബിച്ചു. രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ ജുവൽ തന്റെ നെഞ്ചിലപ്പോഴുമൊരു പൂച്ചക്കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്നത് കണ്ടു..

ഉണർത്തേണ്ടെന്ന് കരുതി കുറേ നേരം അവിടെ തന്നെ കിടന്നു. പക്ഷെ അവളെഴുന്നേറ്റില്ല. ഇന്നലെ കുടിച്ച മരുന്നുകളുടെ കാഠിന്യം കൊണ്ടാകും.. അവളെ ഉണർത്താതെ മെല്ലെയെഴുന്നേറ്റപ്പോൾ അവളുടെ കൈവിരലുകൾ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ അള്ളിപ്പിടിച്ചിരിക്കുന്നത് കണ്ടു. വാത്സല്യത്തോടെ അത് എടുത്ത് അവൾക്കരികിൽ ചേർത്ത് വച്ചുകൊണ്ടവൻ കുറേ നേരം അവളെ തന്നെ നോക്കി നിന്നു.. തലേന്ന് രാത്രി കാറിൽ കിടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.. പെണ്ണിനെ കുറിച്ച് ഓർത്ത് ഉറക്കം വന്നതേയില്ല.. അതുകൊണ്ടാണ് ഹോസ്പിറ്റലിലേക്ക് തന്നെ വീണ്ടും ചെന്നു കയറുന്നത്. അവിടെയപ്പോൾ നടന്ന ഡോക്ടർമാർ ചർച്ചയ്ക്ക് ഒടുവിലാണ് തന്നേ ജീവനായി അവൾക്ക് മുന്നിൽ ചിത്രീകരിക്കാമെന്ന് തീരുമാനമാക്കിയത്..

കണ്ണുകൾ തുടച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ എൻട്രൻസിനടുത്തെത്തിയപ്പോൾ അവിടുത്തെ മുഖ്യ ഡോക്ടർ ചിരിച്ചു കാണിച്ചു. “ഗുഡ് മോർണിംഗ് ആരവ്..” “മോർണിംഗ്.. ഡോക്ടർ..” ഒരു ചിരി തിരിച്ചും സമ്മാനിച്ചു. “സംഗതി സക്സസ് ആയില്ലേ?” ഡോക്ടർ ചോദിച്ചപ്പോൾ അതെയെന്ന് തലയാട്ടി.. “ജീവനാണെന്ന് കരുതിയാണ് ആ കുട്ടിയിപ്പോൾ തന്നേ സ്നേഹിച്ചുകൊണ്ടിരിക്കുന്നത്..” ഡോക്ടർ പറഞ്ഞപ്പോൾ നിരാശ തോന്നിയിരുന്നു. അറിയാവുന്ന കാര്യമാണ് അതെങ്കിലും മനസ്സിലേക്ക് മനപ്പൂർവ്വം ഓർക്കാതിരുന്നതാണ്.. അതിപ്പോൾ കേട്ടപ്പോൾ വല്ലാത്തൊരു നോവ് പോലെ.. “ഒരിക്കൽ അവളുടെ ജീവേട്ടൻ ഞാനായിരുന്നെന്ന് അവളറിഞ്ഞാലോ?” ഭയമായിരുന്നു അതോർത്തപ്പോൾ.

അവൾക്ക് തന്നോട് വെറുപ്പ് തോന്നില്ലേ… “നെവർ.. മറ്റൊരാൾ പറഞ്ഞുകൊടുത്തിട്ടല്ലാതെ അവളതറിയില്ല..” ഡോക്ടർ പറഞ്ഞപ്പോഴാണ് ആശ്വാസമായത്. “പക്ഷെ താങ്കളൊരിക്കലും ഈയൊരു നാടകം ജീവിതമായെടുക്കരുത്.. ഞാനിത് പറയാൻ കാരണം ഇന്നലത്തെ താങ്കളുടെ അഭിനയം ഞാൻ കണ്ടിരുന്നു.. പക്ഷെ അതൊരു അഭിനയമാണെന്ന് എനിക്ക് തോന്നിയില്ല..” ഡോക്ടർ പറഞ്ഞപ്പോൾ തല താണുപോയി.. “തുടർന്നും ഞാനവളുടെ ജീവേട്ടനായിക്കോട്ടെ ഡോക്ടർ?” മറ്റൊന്നുമാലോചിക്കാതെയായിരുന്നു അത് ചോദിച്ചത്. കേട്ടതും മറ്റു ഡോക്ടർമാരും ചെയ്യുന്ന ജോലികൾ നിർത്തിവച്ചു തലയുയർത്തി നോക്കുന്നത് കണ്ടു…….തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 23

Share this story