കൃഷ്ണവേണി: ഭാഗം 2

കൃഷ്ണവേണി: ഭാഗം 2

എഴുത്തുകാരി: അനില സനൽ അനുരാധ

തന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് ദേഹത്തു വന്നിടിച്ചു വീണിട്ടും ഒന്നെഴുന്നേൽപ്പിക്കുക പോലും ചെയ്യാതെ പോയ ആളാണ്. ഇനിയും ഇടിക്കും… മനസ്സിൽ പറഞ്ഞു കൊണ്ടു അവൾ അവന്റെ മുഖത്തേക്ക് നോക്കി. “ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ അവരുമായിട്ടുള്ള മീറ്റിംഗ് അറേഞ്ച് ചെയ്യാൻ ജിതിനോട്‌ പറയണം. ” “ഓക്കെ സർ…” *** തിരിച്ചു വീട്ടിൽ എത്തുമ്പോൾ കല്യാണിയമ്മ ഉമ്മറത്തു എന്തോ ആലോചിച്ച് ഇരിക്കുന്നുണ്ടായിരുന്നു. സ്കൂട്ടിയിൽ നിന്നും ഇറങ്ങി അവൾ അവരെ നോക്കി നിന്നു. പ്രായം അൻപതു കഴിഞ്ഞെങ്കിലും കല്യാണിയമ്മയുടെ മുടിയൊന്നും നരച്ചിരുന്നില്ല.

അവരുടെ മുഖത്തു എപ്പോഴും ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു. പണവും പ്രതാപവും തറവാട്ടു മഹിമയും ഒക്കെ ഉണ്ടായിട്ടും കല്യാണിയമ്മയ്ക്ക് എന്താകും ഇങ്ങനെ ഒരു വിധിയുണ്ടായത് എന്നു ചിന്തിച്ച് അവരുടെ അടുത്തേക്ക് നടന്നു. “കല്യാണിക്കുട്ടി എന്താ ഒരു ആലോചന? ” “മോള് എപ്പോൾ എത്തി? ” അവർ അത്ഭുതത്തോടെ തിരക്കി. “ഞാൻ എപ്പോഴേ എത്തി. എന്നെ കുറിച്ച് ഒരു ചിന്തയും ഇല്ലാലെ?” “ഒന്നു പോടി കുറുമ്പി. ഞാൻ ചായയിട്ടു വെച്ചിട്ടുണ്ട്. പോയി കുടിയ്ക്ക്. ” “അമ്മയോട് പറഞ്ഞിട്ടില്ലേ ഞാൻ വന്നിട്ട് ഉണ്ടാക്കി കുടിച്ചോളാം എന്ന്. അമ്മയാണേല്‍ ഈ സമയത്ത് ചായ കുടിക്കാറുമില്ല. പിന്നേ… രാവിലെ വീണതിന്‍െറ വേദന ഒക്കെ മാറിയോ? ” അവൾ അവരുടെ കവിളിൽ തലോടി കൊണ്ടു തിരക്കി.

“അതൊക്ക മാറി. ” “ഞാനും ഇന്നു വീണമ്മേ…” “എന്നിട്ട്? ” “ഒന്നും പറ്റിയില്ല. ” രാത്രി അത്താഴം കഴിച്ചതിനു ശേഷം അവൾ കല്യാണിയമ്മയുടെ കാലിൽ തൈലം തേച്ച് ഉഴിഞ്ഞു കൊടുത്തു. “നീ ഇവിടെ നിന്നു പോയാൽ ആരാ ഇതൊക്കെ ചെയ്യാ? ” “അതൊന്നും ഓർത്തു അമ്മ വിഷമിക്കണ്ട. അമ്മയുടെ ഏട്ടന്മാരും അനിയത്തിയുമൊക്കെ ഇല്ലേ… പിന്നെന്താ ? ” “എന്നിട്ട് അവരൊക്കെ വരുന്നുണ്ടോ. വല്ലപ്പോഴും ഒന്നു വന്നാലായി.” “ഇപ്പോൾ അവരിവിടെ വരാത്തത് ഓർത്താണോ സങ്കടം. ഞാൻ ഇവിടെ നിന്നും പോകേണ്ടി വരും എന്നോർത്താണോ? ” “കല്യാണമൊക്കെ കഴിയുമ്പോൾ നിനക്ക് ഇവിടെ നിന്നു പോകേണ്ടി വരില്ലേ മോളെ? ” അതിനാരാണ് ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചു ഓർക്കുന്നത്.

അമ്മയ്ക്കും അനിയത്തിമാർക്കും താൻ വീട്ടിലേക്ക് ചെല്ലണമെന്നേയില്ല. മാസാ മാസം ശമ്പളം അയച്ചാൽ മതി. അമ്മയ്ക്ക് അനിയത്തിമാരോടുള്ള അത്ര സ്നേഹം തന്നോടില്ലെന്നു ചെറുപ്പത്തിൽ എപ്പോഴോ തോന്നി തുടങ്ങിയിരുന്നു. അതു വെറും തോന്നൽ ആണെന്ന് പറഞ്ഞ് അച്ഛൻ എപ്പോഴും സമാധാനിപ്പിക്കും. അവൾ മനസ്സിലോർത്തു. “എന്താ മോളെ ആലോചിക്കുന്നത്? ” “ഞാൻ തന്നെ ഒരു ചെക്കനെ കണ്ടു പിടിച്ച് ഇങ്ങോട്ടു കെട്ടി കൊണ്ടു വന്നാലോ എന്നു ആലോചിക്കുകയായിരുന്നു. ” അതു കേട്ടു കല്യാണിയമ്മ ചിരിച്ചു. “എന്താ നോക്കി തുടങ്ങട്ടെ? ” “കളി പറയാതെ പോയി കിടന്നു ഉറങ്ങാൻ നോക്ക്. നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം.” “എന്നാൽ അമ്മ പോയി കിടന്നോ. ഞാനും കിടക്കാ. നാളെ നേരത്തെ എഴുന്നേൽക്കണം.

ഇന്നു ഓഫീസിൽ എത്താൻ നേരം വൈകി. ” രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറി. രാവിലത്തേക്കും ഉച്ചയ്ക്കമുള്ള ഭക്ഷണം ഉണ്ടാക്കലും അടിച്ചു വാരലും തുടയ്ക്കലും എല്ലാ കഴിഞ്ഞപ്പോഴേക്കും സമയം എട്ടുമണി യായിരുന്നു. കല്യാണിയമ്മയുടെ കൂടെ ചായ കുടിച്ച് അവർക്കുള്ള മരുന്നൊക്കെ എടുത്തു കൊടുത്തപ്പോഴേക്കും എട്ടര ആകാറായിരുന്നു. രവീന്ദ്രൻ സാർ ആയിരുന്ന സമയത്ത് രാവിലെ കുറച്ചു വൈകി എത്തിയാലും കുഴപ്പം ഉണ്ടായിരുന്നില്ല. സാരി ഉടുക്കാൻ നിന്നു നേരം വൈകണ്ട എന്നു കരുതി വേഗം ഒരു ചുരിദാർ എടുത്തിട്ട് മുടിയിൽ ഒരു ക്ലിപ്പും ഇട്ടു പോകാൻ ഇറങ്ങി. ഹെൽമെറ്റ്‌ വെക്കാൻ നേരം കണ്ണാടിയിൽ നോക്കിയപ്പോഴാണ് പൊട്ടു കുത്താനും കണ്ണെഴുതാനുമെല്ലാം മറന്നു എന്നോർമ്മ വന്നത്. ഇനി തിരിച്ചിറങ്ങണ്ട എന്നു കരുതി വേഗം പോയി.

വണ്ടി പാർക്ക്‌ ചെയ്ത് സമയം നോക്കുമ്പോൾ ഒൻപതു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ബാഗും എടുത്തു വേഗം ഓഫീസിനു അകത്തേക്ക് കയറി. സീറ്റിൽ വന്നിരുന്നതും എം ഡി ക്യാബിനിലേക്ക് വിളിപ്പിച്ചു. അവൾ വേഗം ചെന്നു. അകത്തേക്ക് കയറിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. അവിടെ ആകെ ഏ സിയുടെ തണുപ്പ് നിറഞ്ഞു നിന്നിരുന്നു. “ഗുഡ് മോർണിംഗ് സർ… ” “ഇതെന്തു കോലമാടോ തന്റെ? ” അവളെ ഒന്നു നോക്കിയിട്ട് അയാൾ തിരക്കി. ഈ കോലത്തിന് എന്താ കുഴപ്പം… അവൾ മനസ്സിൽ പറഞ്ഞു. “മര്യാദയ്ക്ക് ഡ്രസ്സ്‌ ചെയ്യാൻ പോലും അറിയില്ലേ? ” അടുത്ത ചോദ്യം വന്നു. ഇയാൾ ഇവിടെ ചാർജ്ജ് എടുത്തത് എന്നെ വഴക്കു പറയാൻ മാത്രമാണോ?

അപ്പോഴാണ് അവൾ ടേബിളിൽ ഇരിക്കുന്ന നെയിം ബോർഡ്‌ ശ്രദ്ധിച്ചത്. അനന്തകൃഷ്ണൻ. പേരൊക്കെ കൊള്ളാം പക്ഷേ… “തന്റെ വായിൽ നാവില്ലേ?” ചോദ്യം കേട്ടപ്പോൾ അവൾ വേഗം ചിന്തകളിൽ നിന്നും ഉണർന്നു. “യെസ്, സർ. ” “തനിക്കു മറ്റു സ്റ്റാഫിനെ പോലെ ഡ്രസ്സ്‌ കോഡ് ഒന്നുമില്ലേ? ” “ഇല്ല… ” “അതെന്താ? ” “രവീന്ദ്രൻ സാർ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ” “എന്നാലേ ഞാൻ രവീന്ദ്രൻ സാർ അല്ല. സാരി മതി.” “എന്താ? ” “താൻ സാരി ഉടുത്തു വന്നാൽ മതിയെന്ന് .” “ഞാൻ ഡ്രസ്സ്‌ കോഡ് യൂസ് ചെയ്തോളാം. രവീന്ദ്രൻ സാർ പറഞ്ഞത് എന്നെ അക്കൗണ്ട്സ് സെക്ഷനിലേക്ക് മാറ്റും എന്നാണ്. അതു മതിയോ?” “രവീന്ദ്രൻ സാർ അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാകും. താൻ ഇപ്പോൾ എന്റെ അസിസ്റ്റന്റ്‌ അല്ലേ.

അപ്പോൾ നമുക്ക് ഒരു സെക്ഷൻ ആകാം. നാളെ തൊട്ട് എന്നെ പോലെ പാന്റ്സും ഷർട്ടും ഇട്ടു വന്നാൽ മതി.” അവൾ ഒന്നും പറഞ്ഞില്ല. അവൻ ഒരു ഫയൽ എടുത്തു അവളുടെ മുൻപിലേക്കായി നീട്ടി വെച്ചു. “ഈ ഡീറ്റെയിൽസ് ഒക്കെ വെച്ചൊരു പ്രസന്റേഷൻ തയ്യാറാക്കണം. എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് വന്നു ചോദിക്കണം. നാളെ ഈവെനിംഗ് ഇതു കംപ്ലീറ്റ് ചെയ്ത് എന്നെ കാണിക്കണം.” അവൾ ഫയൽ എടുത്തു തിരിഞ്ഞു നടന്നു. “ഏയ്… എങ്ങോട്ടാ പോകുന്നത്? ” “എന്റെ സീറ്റിലേക്ക്… ” അവൾ അവനെ നോക്കി കൊണ്ടു പറഞ്ഞു. “വീട്ടിൽ നിന്നു കൊണ്ടു വന്ന സീറ്റ്‌ ആണോ? ” അവന്റെ ചോദ്യങ്ങൾ കേള്‍ക്കുമ്പോൾ അവൾക്കു ദേഷ്യം വരുന്നുണ്ടായിരുന്നു.

അവൾ ഒന്നും പറയാതെ വീണ്ടും ടേബിളിന് അരികിൽ വന്നു നിന്നു. ഇതു വരെ ഒന്നു ഇരിക്കാൻ പോലും പറഞ്ഞിട്ടില്ല. അവൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. ഇയാൾ എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അവൾ മനസ്സിൽ പറഞ്ഞു. “എന്തൊരു ഇടിയാണെടോ താനിന്നലെ ഇടിച്ചത്. നെഞ്ചിലെ വേദന ഇപ്പോഴും മാറിയിട്ടില്ല. ” അവൻ ഒരു കുസൃതി ചിരിയോടെ തിരക്കി. അവന്റെ നെഞ്ചിലേക്കൊരു ചവിട്ട് കൂടി വെച്ചു കൊടുക്കാനാണ് ആ നിമിഷം അവൾക്കു തോന്നിയത്. “ഇന്നാരെയാ ഇടിച്ചത്?” “പേര് അറിയില്ല. നാളെ ചോദിച്ചിട്ടു പറയാം. ” മനസ്സിലാണ് പറഞ്ഞതെങ്കിലും അറിയാതെ ശബ്ദവും പുറത്തേക്കു വന്നു. “എന്നാൽ താൻ ചെല്ല്. പേര് നാളെ പറഞ്ഞാൽ മതി.”

അവനെ ഒന്നു കൂടി നോക്കിയ ശേഷം അവൾ തിരിഞ്ഞു നടന്നു. *** കാവിൽ വിളക്കു വെച്ചു തൊഴമ്പോൾ അറിയാതെ അനന്തകൃഷ്ണന്റെ മുഖവും മനസിലേക്ക് കടന്നു വന്നു. “എന്റെ നാഗദേവതമാരെ അയാൾ എന്താ എന്നെ വഴക്കു പറയാനും കളിയാക്കാനുമായിട്ടണോ അവിടേക്കു വന്ന് ചാർജ്ജ് എടുത്തത്. ” അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴാണ് കല്യാണിയമ്മ സന്തോഷത്തോടെ ഒരു കാര്യം പറഞ്ഞത്. “മോളെ നാളെ വൈകുന്നേരം ഒരു അതിഥി വരുന്നുണ്ട്. ” “ആരാ അമ്മേ? ” “എന്റെ വല്യേട്ടന്റെ മോൻ… കണ്ണൻ…. ” കണ്ണേട്ടനെ കുറിച്ചു കല്യാണിയമ്മ പറയുന്നത് കേൾക്കുന്നതല്ലാതെ അവൾ കണ്ടിരുന്നില്ല. പലപ്പോഴും ഇവിടെ വന്നിരുന്നു എന്നു പറയാറുണ്ടായിരുന്നു. അപ്പോഴൊന്നും അവൾ വീട്ടിൽ ഉണ്ടായിരിക്കില്ല. “കണ്ണേട്ടൻ വന്നിട്ട് നാളെ തന്നെ പോകുമോ? ” “ഇല്ല.

കുറച്ചു ദിവസം ഇവിടെ ഉണ്ടാകും എന്നു പറഞ്ഞു. മുകളിലെ രണ്ടാമത്തെ മുറിയാ അവനിഷ്ടം. മോള് അവിടെയൊന്നു വൃത്തിയാക്കി ഇടണം.” “ബന്ധുക്കളൊക്കെ താമസത്തിനു വന്ന് തുടങ്ങിയാൽ ഞാൻ പോകേണ്ടി വരുമോ അമ്മേ?” “ആരു വന്നാലും എന്റെ മോളെ ഞാൻ എവിടേക്കും പറഞ്ഞു വിടില്ല. ” അവൾ രാത്രി കിടക്കുന്നതിനു മുൻപ് തന്നെ സാരിയിൽ പിൻ കുത്തി ശരിയാക്കിയിട്ടു. രാവിലെ ഇനി വേഗം സാരി ഉടുക്കാം. രവീന്ദ്രൻ സാർ ആയിരുന്നപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. സാറിന്റെ ആരാണാവോ ഈ അവതാരം. രാവിലെ ഭംഗിയായി സാരിയുടുത്തു. പൗഡറിട്ടു, പൊട്ടു കുത്തി, കണ്ണെഴുതി പിന്നെ ഒരു കുറിയും വരച്ചു. കണ്ണാടിയിലേക്ക് നോക്കി അത്ര വൃത്തികേടൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി.

എട്ടരയ്ക്ക് മുൻപ് തന്നെ കല്യാണിയമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു വീട്ടിൽ നിന്നും ഇറങ്ങി. ഇന്നെങ്കിലും അയാളുടെ കളിയാക്കലും വഴക്കും കേൾക്കാൻ ഇട വരരുതേ എന്നു പ്രാർത്ഥിച്ചു. രണ്ടു ദിവസമായി സമയം തീരെ ശരിയല്ല. പക്ഷേ അന്നും വിചാരിച്ച പോലെ സമയം നല്ലതായിരുന്നില്ല. കഷ്ടകാലത്തിനു വണ്ടി സ്റ്റാന്റിൽ ഇട്ടപ്പോൾ അതിനടിയിൽ സാരി പെട്ടത് അറിഞ്ഞിരുന്നില്ല. സീറ്റ്‌ ഓപ്പൺ ചെയ്ത് ബാഗ് എടുത്ത് തിരിഞ്ഞു നടന്നപ്പോഴാണ് സാരി ഞൊറിഞ്ഞു കുത്തിയത് താഴേക്കു ഊർന്നു പോകുന്നത് അറിഞ്ഞത്. ഒരു കൈ കൊണ്ടു വേഗം സാരി പിടിച്ചു. സാരി വലിച്ചെടുക്കാനും പറ്റുന്നില്ല. ഒരു കൈ കൊണ്ടു വണ്ടി ഉയർത്താനും പറ്റുന്നുണ്ടായിരുന്നില്ല. അവൾ ആകെ വിയർത്തു.

വണ്ടി പിടിച്ചു ഒരു തള്ള് കൊടുത്തു. വണ്ടി അപ്പുറത്തേക്ക് മറിഞ്ഞു വീണെങ്കിലും സാരി കിട്ടിയല്ലോ എന്നു ആശ്വാസിച്ചു. ബൈക്ക് പാർക്ക്‌ ചെയ്യുന്നിടത്ത് ആരും ഉണ്ടായിരുന്നില്ല. ചുറ്റിലും ഒന്നു നോക്കിയപ്പോഴാണ് കാർ പാർക്ക്‌ ചെയ്യുന്ന ഭാഗത്തു നിന്ന് ചിരിക്കുന്ന ഒരാളെ കണ്ടത്. “ന്റെ കൃഷ്ണാ… എന്നാലും അയാളുടെ മുൻപിൽ വെച്ച് എന്തിനാ അങ്ങനെ ചെയ്തത്. ” അവൾ വേഗം തിരിഞ്ഞു നിന്ന് കയ്യിൽ പിടിച്ചിരുന്ന സാരിയുടെ ഞൊറിയെടുത്ത് ചേർത്ത് വെച്ചു. അവിടെ വെച്ച് അതു ശരിയാക്കി ഉടുക്കാൻ മനസ്സ് സമ്മതിച്ചില്ല. വണ്ടി ആണെങ്കിൽ താഴെ കിടക്കുകയാണ്. അവൾ ബാഗെടുത്തു സാരിയുടെ മുൻപിലായി പിടിച്ചു അഡ്ജസ്റ്റ് ചെയ്ത് നടക്കാൻ ഒരുങ്ങിയതും അനന്തു അവിടേക്കു വന്ന് വണ്ടി പിടിച്ചുയർത്തി നേരെ വെച്ചു. “തന്നെയും വേണേൽ അകത്തേക്കു എടുത്ത് കൊണ്ടു പോകാം. ”

അവൻ കുസൃതി ചിരിയോടെ പറഞ്ഞു. “വേണ്ട… ” “ആ ചുമരിനോട് ചേർന്നു നിന്നു തല്ക്കാലത്തേക്ക് ശരിയാക്കിക്കോ… ആരും കാണില്ല.” അവൾ മുഖം കുനിച്ചു നിന്നു. അവളുടെ മുഖം ചുവന്നു വരുന്നത് അവൻ കണ്ടു. “ഇവിടെ നിന്നു ശരിയാക്കുന്നില്ലേൽ വേണ്ട. താൻ ഓഫീസിൽ കയറാൻ നോക്ക്. ” അവൾ ഒന്നും പറയാതെ വേഗം നടന്നു. വാഷ്റൂമിൽ പോയി സാരി ശരിയാക്കി ഉടുത്തപ്പോഴാണ് ആശ്വാസമായത്. പ്രസന്റേഷൻ തയ്യാറാക്കുമ്പോൾ മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. ഇയാൾ ചാർജ്ജ് എടുത്തതിനു ശേഷം എന്നും എന്തെങ്കിലും ഉണ്ടാകും. തന്റെ കണ്ടകശ്ശനിയുടെ തുടക്കം കുറിച്ചു കൊണ്ടാണ് അയാൾ വന്നിരിക്കുന്നത് എന്നവൾക്കു തോന്നി.

അവൻ പെൻഡ്രൈവ് ലാപ്ടോപ്പിലേക്ക് കണക്ട് ചെയ്തു. അവൻ ടേബിളിനു അരികിലായി നിന്നു. “ഇരിക്കൂ… ” ആദ്യമായാണ് ഇരിക്കാൻ പറയുന്നത്. അവൾ ഇരുന്നു. അയാളുടെ ശ്രദ്ധ മുഴുവൻ പ്രസന്റേഷനിൽ ആണെന്ന് അവൾക്കു തോന്നി. “ഞാൻ കണ്ടു കേട്ടോ… ” കുറച്ചു കഴിഞ്ഞു ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു. ഇയാൾ കാണുകയായിരുന്നു എന്നു എനിക്കും അറിയാം. എനിക്കുമുണ്ട് രണ്ടു കണ്ണ്… അവൾ മനസ്സിൽ പറഞ്ഞു. “താൻ ഞാൻ വിചാരിച്ച പോലെ അല്ല. ഗുഡ് വർക്ക്‌. നാളെ ആദിത്യ ഗ്രൂപ്സ് ആയിട്ടുള്ള മീറ്റിംഗ് അവരുടെ ഓഫീസിൽ വെച്ചായിരിക്കും. അതു സക്സസ് ആയാൽ അവരുമായിട്ടുള്ള പുതിയ കോൺട്രാക്ട് സൈൻ ചെയ്യും. താനും ഉണ്ടാകണം എന്റെ കൂടെ.”

“ഞാനോ… ഞാൻ ഇതു വരെ അങ്ങനെ ഒന്നും പോയിട്ടില്ല. അതിനു രവീന്ദ്രൻ സാറിന്റെ കൂടെ…” “അതേ… കഥാപ്രസംഗം ഒന്നും വേണ്ട. ഞാൻ രവീന്ദ്രൻ സാർ അല്ല. അനന്തകൃഷ്ണൻ ആണെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്.” അവൾ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപേ അവൻ പറഞ്ഞു. “നാളെ പതിനൊന്നരയ്ക്കാണ് മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുന്നത്.” “ഉം… ” “നാളെ പറ്റുമെങ്കിൽ നേരത്തെ വരാൻ പറ്റുമോ എന്നു നോക്ക്. നമുക്ക് ഇതിന്റെ ഡെമോ ഒന്നു നോക്കാം. ഞാൻ വന്നതിനു ശേഷമുള്ള ആദ്യത്തെ മീറ്റിംഗാണ്. അതു സക്സസ് ആകണം.” “നേരത്തെ വരാൻ പറ്റില്ല. ” “എന്നാൽ ഇന്നു തന്നെ നോക്കാം. ” “അഞ്ചുമണിക്ക് മുൻപ് വേണം.” “അങ്ങനെയൊന്നും പറ്റില്ല. തന്റെ സമയത്തിന് അനുസരിച്ചു ഞാൻ എല്ലാം അനുസരിച്ചു തരണം എന്നോ? ”

“ഒൻപതു മണി തൊട്ട് അഞ്ചു മണി വരെയാണ് എന്റെ വർക്കിംഗ്‌ ടൈം എന്നു ഞാനിവിടെ ജോയിൻ ചെയ്യുമ്പോൾ രവീന്ദ്രൻ സാർ പറഞ്ഞിരുന്നു.” “എന്നിട്ട് ഈ രവീന്ദ്രൻ സാർ പോകുമ്പോൾ നിനക്കും പോകാമായിരുന്നില്ലേ? ” പോകാൻ തന്നെയാണ് ആ നിമിഷം തോന്നിയത്. പക്ഷേ എല്ലാ മാസവും വീട്ടിൽ ശമ്പളം കിട്ടിയില്ലെങ്കിൽ പ്രശ്നമാകും. “ഇനി എപ്പോഴാ ടൈം കിട്ടുക? ” അവൻ തിരക്കി. “ഓഫീസ് ടൈം കഴിയാൻ ഇനിയും ടൈം ഉണ്ട്. ” അഞ്ചുമണി ആയപ്പോൾ അവൾ പോകാൻ തയ്യാറായി. “നാളെ ഞാൻ വരാൻ ചിലപ്പോൾ കുറച്ചു താമസിക്കും. താൻ ഒൻപതു മണിക്ക് തന്നെ എത്തണം. എന്റെ ടേബിളിൽ ഒരു എഗ്രിമെന്റ് മോഡൽ ഉണ്ടാകും. അതനുസരിച്ചു പുതിയ എഗ്രിമെന്റ് പ്രിന്റ് ചെയ്തു വെക്കണം. നാളെ പത്തുമണി ആകുമ്പോൾ ഇവിടെ നിന്നു ഇറങ്ങാം. ”

“ഓക്കേ സർ… ” വീട്ടിൽ എത്തുമ്പോൾ കല്യാണിയമ്മ സന്തോഷത്തിൽ ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. “കണ്ണൻ വിളിച്ചിരുന്നു. ഇന്നു രാത്രി എത്തും. ” “സന്തോഷമായില്ലേ എന്റെ കല്യാണിക്കുട്ടിയ്ക്ക്. ഇനി എന്നെ വേണ്ടാതാകുമോ എന്നാ എന്റെ പേടി.” “ഒന്നു പോ കുട്ടീ. പിന്നെ കാവിൽ വിളക്കു വെച്ചു കഴിഞ്ഞു വന്നാലേ കുറച്ചു ചപ്പാത്തി കൂടി ഉണ്ടാക്കിക്കോളു. കണ്ണനു ചിലപ്പോൾ കഞ്ഞിയൊന്നും ഇഷ്ടാവില്ല. ” എല്ലാം ഒരുക്കി വെച്ചിട്ടും രാത്രി ഏറെ നേരം കഴിഞ്ഞിട്ടും കണ്ണൻ എത്തിയില്ല. വേണി നിർബന്ധിച്ചു കല്യാണിയമ്മയെ കൊണ്ടു കഞ്ഞി കുടിപ്പിച്ചു. മരുന്നും കൊടുത്തു. ചപ്പാത്തിയും കറിയും പ്ലേറ്റും എല്ലാം മേശമേൽ കൊടുന്നു വെച്ചു. പത്തുമണി വരെ കാത്തിരുന്നു. “മോളു പോയി കിടന്നോ. ഞാൻ ഇവിടെ സോഫയിൽ കിടന്നോളാം അവൻ വരുമ്പോൾ വാതിൽ തുറന്നു കൊടുക്കാലോ. ” “അമ്മ തനിച്ചിരിക്കണ്ട. ഞാനും ഇരിക്കാം. ” “വേണ്ട മോളെ.

രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ. ” കല്യാണിയമ്മ നിർബന്ധിച്ചപ്പോൾ അവൾ പോയി കിടന്നു. രാവിലെ എഴുന്നേറ്റു അടുക്കളയിൽ പോയപ്പോൾ കഴുകാനുള്ള പ്ലേറ്റ് സിങ്കില്‍ കിടന്നിരുന്നു. കണ്ണേട്ടൻ വന്നിട്ടുണ്ടാകും എന്ന് അവൾക്കു മനസിലായി. പണികൾ എല്ലാം ധൃതിയിൽ തീർക്കുമ്പോഴാണ് കല്യാണിയമ്മ അടുക്കളയിലേക്ക് വന്നത് . “കണ്ണൻ വന്നൂട്ടോ മോളെ. പതിനൊന്നരയൊക്കെ കഴിഞ്ഞു എത്തുമ്പോൾ. ” “അമ്മ അതു വരെ ഉറങ്ങിയില്ലേ? ” “മരുന്നു കഴിച്ചതല്ലേ അതിന്റെ മയക്കത്തിൽ അങ്ങനെ കിടന്നു. മോൻ വന്നപ്പോൾ അറിഞ്ഞു. പിന്നെ മോളെ അവൻ കുളത്തിലേക്ക് കുളിക്കാൻ പോയി. മുറിയിൽ അവന്റെ ഡ്രസ്സ്‌ ഇരിക്കുന്നുണ്ട്. അതൊന്നു തേച്ചു വെക്കണം.

അവനു ഓഫീസിൽ പോകുമ്പോൾ ഇടാനുള്ളതാണ്. ” അവൾ വേഗം ഗോവണിപ്പടികൾ ഓടി കയറി. മുറിയിൽ ബാഗുകളിലെ സാധനങ്ങൾ വാരി വലിച്ചിട്ടിരുന്നു. കട്ടിലിൽ ഒരു ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റ്സും ഇരുന്നിരുന്നു. അതെടുത്തു വേഗം മുറിയിലേക്ക് വന്നു. അയൺ ചെയ്ത ശേഷം തിരിച്ചു കൊണ്ടു വെച്ചു. അടുക്കള വൃത്തിയാക്കിയതിനു ശേഷം കഴിക്കാനുള്ളതെല്ലാം മേശമേൽ കൊടുന്നു വെച്ചു. സാരി മാറാൻ തുടങ്ങിയപ്പോഴാണ് കല്യാണിയമ്മ വാതിലിൽ വന്നു മുട്ടിയത്. “എന്താ അമ്മേ? ” അവൾ മുറിയിൽ നിന്നു തന്നെ തിരക്കി. “മോളെ… അവനു ദോശ ഇഷ്ടമല്ലെന്ന്. എന്താ ചെയ്യാ.. മോൾക്ക് പോകാൻ സമയമായോ? ” “ഉം… നേരത്തെ എത്തണം. ” “കഴിക്കാൻ ഇരുന്നപ്പോഴാണ് ദോശയാണെന്ന് കണ്ടത്. എനിക്കു വേണ്ട അപ്പച്ചി എന്നു പറഞ്ഞിട്ട് എഴുന്നേറ്റു പോയി. ”

കണ്ണേട്ടൻ ഒന്നും കഴിക്കാതിരുന്നാതിൽ കല്യാണിയമ്മയ്ക്ക് സങ്കടമുണ്ടെന്നു അവൾക്കു തോന്നി. ഉടുത്തിരുന്ന സാരി അഴിച്ചു കട്ടിലിലേക്കിട്ട് വേറെ ചുരിദാർ ടോപ് എടുത്തിട്ട് അടുക്കളയിലേക്ക് നടന്നു. വേഗം പുട്ട് ഉണ്ടാക്കി. ഉച്ചത്തേക്ക് ഉണ്ടാക്കിയ കടല കറിയും പപ്പടവും പഴവുമെല്ലാം മേശമേൽ കൊടുന്നു വെച്ചു. “മോൾക്ക്‌ ബുദ്ധിമുട്ട് ആയോ? ” കല്യാണിയമ്മ സങ്കടത്തോടെ തിരക്കി. “ഇല്ല അമ്മേ… ” എന്നു പറഞ്ഞു വേഗം ഡ്രസ്സ്‌ മാറി. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ നിൽക്കാതെ പോകാൻ തയ്യാറായി. “മോൾ ഒന്നും കഴിച്ചില്ലല്ലോ. ” “അതു സാരല്ല്യ . ” “മോള് കണ്ണനെ കണ്ടില്ലല്ലോ. അവൻ ഇപ്പോൾ പോയെയുള്ളു.” “വൈകീട്ട് കാണാലോ. ” എന്നു പറഞ്ഞു വേഗം ഇറങ്ങി. റോഡിൽ ആണെങ്കിൽ എന്നുമില്ലാത്ത ഒരു ബ്ലോക്കും.

സർ എത്താൻ നേരം വൈകും എന്നു പറഞ്ഞത് മാത്രമായിരുന്നു ഏക ആശ്വാസം. വണ്ടി പാർക്ക്‌ ചെയ്ത് എം ഡിയുടെ ക്യാബിനിലേക്ക് ടൈപ് ചെയ്യാനുള്ള എഗ്രിമെന്റ് എടുക്കാനായി ഓടി പോയി. സർ വൈകിയേ എത്തു എന്ന തോന്നൽ മനസ്സിൽ കിടക്കുന്ന കാരണം അനുവാദം ചോദിക്കാതെ അകത്തേക്ക് കയറി. കയറിയപ്പോൾ ആദ്യം കണ്ടത് ടേബിളിൽ ചാരി നിൽക്കുന്ന അനന്തുവിനെയാണ്. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ മുൻപിലേക്ക് നടന്നു വന്നു. “ടൈം എത്രയായി? ” “ഒൻപതര…” “ഇന്നു നേരത്തെ എത്തണമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ? ” “സോറി സർ… ” പറഞ്ഞു തീരും മുൻപേ അവന്റെ വലതു കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.. (തുടരും… )

കൃഷ്ണവേണി: ഭാഗം 1

Share this story